ഞാന്‍ ഭാഗ്യം കെട്ട ലക്ഷ്മി.
വിളിപ്പേരോ ഭാഗ്യലക്ഷ്മി.
വെളിച്ചമില്ലാത്ത മുറിയില്‍
ചിലന്തിവലകള്‍ പോലെ അരിച്ചെത്തുന്ന
വെയില് കീറുകള്‍ എനിക്കാകാശം.
ഹാ, ഗഗനമേ…
കഴിഞ്ഞ ചിങ്ങത്തില്
എനിക്ക് പതിനെട്ട് തികഞ്ഞെന്നമ്മ പറഞ്ഞു.
അന്ന്,
എന്റെ കണ്ണില്‍ വിരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
ആകാശക്കപ്പലോളം വലിയ ചിറകായിരുന്നു.
(അതെങ്ങനെയെന്ന് ഞാന്‍ കണ്ടിട്ടുമില്ലല്ലോ)
അമ്മയെന്നെ ഒരിക്കല്‍ പോലും
കണ്ണാടി കാണിച്ചില്ല.
നരച്ച മുടിയില്‍ മുല്ലപ്പൂ ചൂടിയിട്ടില്ല.
പ്രണയക്കുരുക്കുമായിരും
വഴിയില്‍ കാത്തു നിന്നിട്ടില്ല.
ഒരു നുള്ള് കുങ്കുമം, താലിമാല ആരും പണിതതുമില്ല.
എന്നിട്ടുമെന്തിനാണ്
ഞാനിരിക്കെത്തന്നെ എന്റെ മോളെക്കൊണ്ടോണേന്ന്
അമ്മ തേവരെ ക്കരഞ്ഞ് തൊഴുന്നത്?
എന്നെ ആരെങ്കിലും പുറത്തെടുക്കുമോ?
നിറമുള്ള ആകാശം കാട്ടിത്തരുമോ?
ഒരു കീറ് ആകാശമെങ്കിലും?
COMMENTS