Homeചർച്ചാവിഷയം

ഒരു സഹയാത്രികയുടെ ഓര്‍മ്മകള്‍

2002ലെ വാലന്‍റ്റൈന്‍സ് ഡേയോടടുപ്പിച്ച് ഒരു ദിവസം ഞാനും ഡോക്ടര്‍ ജയശ്രീയും രേഷ്മ ഭരദ്വാജും ‘ലാബിയ’ യിലെ മീന ഗോപാലും അടങ്ങുന്ന ഒരു സംഘം കേരളത്തിലെ ലെസ്ബിയന്‍ ആത്മഹത്യകള്‍ എന്ന വിഷയത്തില്‍ ഞങ്ങളുടെ ആദ്യത്തെ തെളിവെടുപ്പിനായി പുറപ്പെട്ടു. നീണ്ട ഭീമാകാരമായ മലനിരകള്‍, കുഞ്ഞുകുഞ്ഞു ചാലുകള്‍, പാറക്കെട്ടുകള്‍ എന്നിവയാല്‍ സമൃദ്ധമായ ഒരു പച്ചപ്പു നിറഞ്ഞ പ്രദേശമായിരുന്നു അവിടം .അവിടത്തെ പ്രകൃതിസൗന്ദര്യം ഞങ്ങള്‍ അന്വേഷിക്കാനായിറങ്ങിയ ദുരന്തത്തിന് എത്ര വിരുദ്ധമാണെന്ന് ഞാനോര്‍ത്തു . രണ്ട് കൂട്ട ആത്മഹത്യകളെക്കുറിച്ചായിരുന്നു ഞങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കേണ്ടിയിരുന്നത്. ജനങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും കൂടുതല്‍ സംഭവവികാസങ്ങളും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അഭിപ്രായങ്ങളില്‍ ഒരു വശം കരുതലിന്‍റെയും ശ്രദ്ധയുടെയും ആയിരുന്നെങ്കില്‍ മറ്റൊന്ന് വേദനയുടെതായിരുന്നു . ആത്മഹത്യ ചെയ്തവരില്‍ ഒരാളുടെ ബന്ധു പറഞ്ഞത് മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാമായിരുന്നു എന്നാണ് . എന്നാല്‍ മറ്റൊരാളുടെ കുടുംബം ഇങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നതിലും ഭേദം മരിക്കുകയാണ് എന്ന മട്ടില്‍ തീര്‍ത്തും തള്ളിപ്പറയുകയായിരുന്നു.
‘സഹയാത്രിക’യുടെ തുടക്കം പത്തു മാസത്തേക്കുള്ള ഒരു പ്രോജക്ട് എന്ന നിലക്കായിരുന്നു . ഇതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യവും . ഇതിനുള്ള സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചത് തിരുവനന്തപുരത്തെ ‘ഫേം’ ല്‍ നിന്നും ബാംഗ്ലൂരിലെ ‘സംഗമ’ യില്‍ നിന്നും ആയിരുന്നു. എന്‍റെ ഇടപെടലിനെക്കുറിച്ച് പറയുകയാണെങ്കില്‍ – മലയാളികളായ മാതാപിതാക്കള്‍ ഉള്ള കാനഡയില്‍ വളര്‍ന്ന ഒരു ക്വിയര്‍ സ്ത്രീ എന്ന നിലയില്‍ സ്വന്തം വേരുകള്‍ അന്വേഷിച്ച് ഞാന്‍ ഇവിടെ എത്തിയതായിരുന്നു . ആ കാലത്ത് എനിക്ക് കാണാന്‍ കഴിഞ്ഞ അപൂര്‍വം ചില ക്വിയര്‍ വ്യക്തികള്‍ തന്നെ വളരെയധികം കഷ്ടപ്പെടുന്ന ജീവിത സാഹചര്യങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അതേസമയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ എല്‍ജിബിടി പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിരുന്നു . ഇവ മിക്കവയും വലിയ നഗരങ്ങളില്‍ മാത്രമായിരുന്നു . ആ കാലത്ത് ‘സംഗമ’ യിലും ‘സംഗിണി’ യിലും പ്രവര്‍ത്തിച്ചിരുന്നവര്‍ ഇവിടെ ഒരു പ്രോജക്ട് തുടങ്ങാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു.
‘സംഗമ’യില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന മനോഹര്‍ ആയിരുന്നു ലെസ്ബിയന്‍ ആത്മഹത്യകളെക്കുറിച്ചുള്ള പല ന്യൂസ്പേപ്പര്‍ റിപ്പോര്‍ട്ടുകളിലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചതും ഒരു ഫാക്റ്റ് ഫൈന്‍ഡിങ് സംഘം രൂപീകരിക്കാനും നിര്‍ദ്ദേശിച്ചത്. ആ അഭിപ്രായപ്രകാരം ഞങ്ങള്‍ ലെസ്ബിയന്‍ ബൈസെക്ഷ്വല്‍ സ്ത്രീകള്‍ക്കുവേണ്ടി ഒരു ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചു. കേരളത്തില്‍ ആ കാലത്ത് LGBTQIA+ ഇഷ്യൂസ് ഒരു സോഷ്യല്‍ മൂവ്മെന്‍റ് ആയി പരിഗണിച്ചുള്ള ചര്‍ച്ചയൊന്നും നടക്കുന്നുണ്ടായിരുന്നില്ല. പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെ ഉദ്ദേശിച്ചുള്ള എച്ച്ഐവി പ്രിവന്‍ഷന്‍ പ്രോജക്റ്റുകളും സ്വന്തം അവകാശസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്ന ലൈംഗിക തൊഴിലാളികളുടെ സമരങ്ങളും കൂട്ടായ്മകളും സജീവമായിരുന്നു. ലൈംഗികത്തൊഴിലാളികളുടെ ഫോറങ്ങളില്‍ ആണ്‍ പെണ്‍ സാന്നിധ്യങ്ങള്‍ ഉണ്ടായിരുന്നു. (ആ സമയത്ത് ട്രാന്‍സ് സെക്സ് വര്‍ക്കേഴ്സില്‍ മിക്കവരും ട്രാന്‍സ്ജെന്‍ഡര്‍ എന്ന സ്വത്വപദവിയുമായി പുറത്തേക്ക് വന്നിരുന്നില്ല) . സെക്സ് വര്‍ക്കേഴ്സ് മൂവ്മെന്‍റ്സിനെക്കുറിച്ചും ഇത്തരത്തില്‍ ഉരുത്തിരിഞ്ഞുവന്ന സെക്ഷ്വാലിറ്റി മൂവ്മെന്‍റ്സിനെക്കുറിച്ചും അക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവന്നിട്ടുണ്ട് . ഞാന്‍ കേരളത്തിലെത്തുന്നത് 1999 ഒടുവിലായിരുന്നു. എന്നെ വിശേഷിപ്പിക്കാവുന്നത് diasporic Malayali Queer Woman  ( പ്രവാസി മലയാളി ക്വിയര്‍ സ്ത്രീ) എന്നായിരിക്കും. എന്നെ ബന്ധിപ്പിച്ചിരുന്ന ഘടകം എന്ന് പറയുന്നത് അച്ഛനമ്മമാരുടെ സംസ്കാരവും ചരിത്രവും അറിയാനുള്ള ഒരു ത്വരയായിരുന്നു. കാനഡയില്‍ ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മുഖ്യധാരയ്ക്ക് പുറത്ത് ക്രിയാത്മകമായ രാഷ്ട്രീയവുമായി പല മുന്നേറ്റങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന പല ആദിമനിവാസികളായ കറുത്ത ട്രാന്‍സ് ക്വിയര്‍ വ്യക്തികളെ ഞാന്‍ പരിചയപ്പെടുന്നത് . കേരളത്തിലെ ഒരു മധ്യവര്‍ഗ്ഗ നായര്‍ കുടുംബത്തില്‍ എത്തിച്ചേര്‍ന്ന ശേഷം എന്‍റെ ചിന്തകളില്‍ ഉണ്ടായിരുന്ന ചോദ്യമായിരുന്നു ഇവിടുത്തെ ക്വിയര്‍ ട്രാന്‍സ് മനുഷ്യര്‍ എല്ലാവരും എവിടെപ്പോയെന്ന് . ഇന്‍റര്‍നെറ്റിലാണ് ക്വിയര്‍ സാന്നിധ്യം ഏറെയും കാണപ്പെട്ടത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ അക്കാലത്ത് അന്താരാഷ്ട തലത്തില്‍ പരസ്പരം ബന്ധപ്പെടുവാന്‍ തുടങ്ങിയിരുന്നു. എനിക്ക് കേരളത്തില്‍ കുറച്ചു ക്വിയര്‍ ആയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അവരിലൂടെയാണ് കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത് .അന്ന് ഇന്‍റര്‍നെറ്റില്‍ പരസ്പരം കമ്മ്യൂണിറ്റി തിരയുന്നവരില്‍ പ്രത്യേകിച്ചും പെണ്‍ സ്വത്വമുള്ളവര്‍ക്ക് അപകടസാധ്യത ഉണ്ടായിരുന്നതിന് ഒരു കാരണം ആണുങ്ങള്‍ ഫേക്ക് ഐഡിയില്‍ വന്ന് ലെസ്ബിയന്‍ സ്ത്രീകളോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നതാണ് . മാധവിക്കുട്ടിയുടെ എഴുത്തുകളുടെ വിവര്‍ത്തനം വായിച്ചതിലും ടിവിയില്‍ ക്വിയര്‍ ബന്ധങ്ങളെക്കുറിച്ചള്ള പടം എന്നവതരിപ്പിക്കപ്പെട്ട ‘ദേശാടനക്കിളികള്‍ കരയാറില്ല’ എന്ന സിനിമയിലും മാത്രമാണ് ഞാന്‍ ലെസ്ബിയന്‍ പ്രതിനിധാനം മലയാളത്തില്‍ കണ്ടിട്ടുള്ളത് . പിന്നീടൊരിക്കല്‍ ഒരു ലെസ്ബിയന്‍ മസാല കഥ പോലെ അവതരിപ്പിച്ച കഥ വായിച്ചിട്ടുള്ള അനുഭവം ഉണ്ടായത് ട്രെയിനില്‍വച്ച് ഫയര്‍ മാഗസിന്‍ വായിച്ചപ്പോഴാണ് .ക്വിയര്‍ സ്ത്രീകളുടെയും ട്രാന്‍സ് വ്യക്തികളുടേയും ജീവിതത്തില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ പൊലിപ്പിച്ചും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചും തങ്ങള്‍ ഇവരെ തുറന്നു കാണിക്കുന്നു എന്ന വ്യാജേന കള്ളവും മസാലയും ചേര്‍ത്ത് അവതരിപ്പിക്കല്‍ ആണ് ഇവര്‍ ചെയ്യുന്നത് എന്ന് പിന്നീട് മനസ്സിലായി .അതുപോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഓണ്‍ലൈനായും അല്ലാതെയും സമൂഹത്തിലേക്ക് എത്തുന്ന എല്ലാ ലെസ്ബിയന്‍ (പോണ്‍) അവതരണങ്ങളും. രണ്ടായിരത്തി ഒന്നില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ LGBTQIA+ സംഘടനകളുടെ സഹായത്തോടെ ക്വിയര്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു പ്രോജക്ടിലേക്കാവശ്യമായ സഹകരണം തേടി കേരളത്തിലെ സ്ത്രീവാദ സംഘടനകളെയാണ് ഞാന്‍ സമീപിച്ചത് . ഇതിന് ഒരു കാരണവും ഉണ്ട് . എന്‍റെ തന്നെ ക്വിയര്‍ സ്വത്വം മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് മറ്റു സ്ഥലങ്ങളിലെ സ്ത്രീവാദ ഇടങ്ങളാണ് എന്നതുകൊണ്ട് സ്ത്രീവാദ പ്രസ്ഥാനങ്ങളാണ് രാഷ്ട്രീയത്തില്‍ എന്‍റെ അഭയകേന്ദ്രമായി ഞാന്‍ കണക്കാക്കിയത്. പക്ഷേ കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍ മറ്റു സാമൂഹിക പ്രവര്‍ത്തകരെ പോലെതന്നെ ഫെമിനിസ്റ്റുകളുടെ ഇടയിലും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുപ്രവര്‍ത്തത്തിന്‍റെ ഭാഗമാക്കുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. അവര്‍ രഹസ്യമായ പിന്തുണ മാത്രം പ്രഖ്യാപിച്ചു .പിന്നീട് ഞാന്‍ ഡോക്ടര്‍ ജയശ്രിയെ കാണാനിടയായി . അവര്‍ എന്നെ അവരുടെ സംഘടനയായ ഫേം (FIRM ) ലേക്ക് ക്ഷണിച്ചു .ലൈംഗികതയുമായി ബന്ധപ്പെട്ട അവരുടെ പ്രോജക്റ്റ് കേരളത്തില്‍ വ്യക്തിപരമായതും സംഘടനാപരമായതുമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നു. അവര്‍ ലൈംഗിക തൊഴിലാളികളെ പൊതുരംഗത്തേക്ക് കൊണ്ടുവരികയും എച്ച്.ഐ.വി. രോഗബാധ തടയാനുള്ള പ്രോജക്ടുകളില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ സഹയാത്രികയുടെ ആദ്യത്തെ ഇടം എന്നു പറയാവുന്നത് ആണ്‍ പെണ്‍ ട്രാന്‍സ് ലൈംഗികത്തൊഴിലാളി പിന്തുണയോടെ ഉടലെടുത്തു. ഞങ്ങള്‍ കേരളത്തിലെ ലെസ്ബിയന്‍ ആത്മഹത്യകളെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ശേഖരിക്കുകയും അവയെക്കുറിച്ച് പലരോടും സംസാരിക്കുകയും ചെയ്തു . അന്ന് ലെസ്ബിയന്‍ ആത്മഹത്യാ ഫാക്ട് ഫൈന്‍റിംഗിന്‍റെ ഉദ്ദേശം കേരളത്തില്‍ ലെസ്ബിയന്‍ സ്ത്രീകള്‍ ഉണ്ടോ എന്ന് അന്വേഷിക്കലാണോ എന്ന് ചിലര്‍ ചോദിച്ചത് 2001 കാലത്തൊക്കയുള്ള ക്വിയര്‍ ട്രാന്‍സ് പൊതുസാന്നിധ്യത്തിന്‍റെ അഭാവം സുചിപ്പിക്കുന്നു.മറ്റൊരു അനുഭവം ഹൈദരാബാദിലേതാണ്. ഒരു കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ പല ചോദ്യങ്ങളും കേള്‍ക്കുകയും പല പ്രതിസന്ധികളും അഭിസംബോധന ചെയ്യുകയുമുണ്ടായി .അന്ന് നിലനിന്ന ഒരു ധാരണ എല്‍ജിബിടി സ്വത്വം എന്ന് പറയുന്നത് പാശ്ചാത്യസമൂഹങ്ങളില്‍ മാത്രം കണ്ടുവരുന്നതാണ് എന്നായിരുന്നു . കേരളത്തിലും ഹൈദരാബാദിലും ഒക്കെ ഇത് വരേണ്യവര്‍ഗ്ഗ / ജാതി ഇടങ്ങളില്‍ നിന്നും വരുന്നവരുടെ വിഷയമായാണ് കണ്ടത്. അതില്‍ എന്നെയും അവര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പത്രവാര്‍ത്തകളില്‍ ആത്മഹത്യ ചെയ്തവരില്‍ മിക്കവരും അരികുവല്‍ക്കൃത യുവാക്കളും പെണ്‍കുട്ടികളുമായി അടയാളപ്പെടുത്തപ്പെട്ടിരുന്നു. സ്വവര്‍ഗ്ഗ പ്രണയിതാക്കളും വ്യവസ്ഥാപിതമായി വീട്ടുകാരൊരുക്കുന്ന ഹെട്രോ സെക്ഷ്വല്‍ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചവരുമായിരുന്നു ഇവര്‍ എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ദളിത്-ആദിവാസി മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരോ മുസ്ലീങ്ങളോ ആയിരുന്നു ഇവരില്‍ കൂടുതല്‍. ആയതുകൊണ്ട് ഇവരെ ബാധിച്ച പ്രശ്നം കൂടുതലും ദാരിദ്ര്യവും ലൈംഗികപീഡനങ്ങളും ആയിരിക്കുമെന്നും ലൈംഗികത ആയിരിക്കില്ല എന്നുമായിരുന്നു വാദം.

ഹൈദരാബാദ് കോണ്‍ഫറന്‍സില്‍ വെച്ച് പരിചയപ്പെടാന്‍ ഇടയായ രേഷ്മയും മായ എസ്സും എന്നോടൊപ്പം FIRM മായി ഒത്തുചേര്‍ന്നുള്ള സഹയാത്രികയുടെ ആദ്യത്തെ പ്രൊജക്റ്റ് ല്‍ 2002 മുതല്‍ പ്രവര്‍ത്തിച്ചു. ഫാക്ട് ഫൈന്‍ഡിങ്സ് സംഘടിപ്പിച്ചതുകൊണ്ട് ആത്മഹത്യചെയ്ത കുറേ യുവാക്കളുടെ കുടുംബക്കാരോടും ഒപ്പം സുഹൃത്തുക്കളോടും വളരെയധികം സങ്കീര്‍ണമായ സംഭാഷണങ്ങള്‍ സാധ്യമായി . വെല്ലുവിളികള്‍ ഏറെയായിരുന്നു . ഒട്ടേറെ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ടവരില്‍ ഒരു രീതിയില്‍ മാത്രമുള്ള (ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള) മര്‍ദ്ദിതാവസ്ഥ കണ്ടു മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കില്‍ കൂടി മരണം വരിക്കേണ്ടി വന്നവരില്‍ ഭൂരിപക്ഷവും അവരുടെ സ്വവര്‍ഗാനുരാഗം , നിര്‍ബന്ധിച്ചുള്ള വീട്ടുകാര്‍ കണ്ടുപിടിക്കുന്ന വിവാഹത്തിലേക്കുള്ള തള്ളിവിടല്‍, അല്ലെങ്കില്‍ ലിംഗഭേദം സ്ഥിരീകരിക്കപ്പെടായ്ക തുടങ്ങിയ കാരണങ്ങളാല്‍ ഉള്ള ബുദ്ധിമുട്ടുകളാണ് ഏറെ അനുഭവിച്ചത് എന്ന് കാണാന്‍ കഴിഞ്ഞു . സഹയാത്രികയുടെ ആദ്യ പ്രൊജക്റ്റിലൂടെ അരികുവല്‍കൃത വിഭാഗത്തില്‍പ്പെടുന്ന പെണ്ണായി അടയാളപ്പെടുത്തപ്പെട്ടവരെ പരിചയപ്പെട്ടപ്പോള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ ആത്മഹത്യ ചെയ്തവരെക്കുറിച്ച് ഫാക്ട് ഫൈണ്ടിങ്ങില്‍ കണ്ടെത്തിയവരുടേതുമായി സമാനതയുള്ളതായി മനസ്സിലാക്കി. ഈ സംരംഭത്തിന് സഹയാത്രിക എന്ന് പേരിട്ടത് ഉചിതമല്ല എന്നു തോന്നിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഇടുക്കി ജില്ലയില്‍ ആത്മഹത്യയുടെ വക്കില്‍ എത്തിയ രണ്ട് ആദിവാസി യുവാക്കളെക്കുറിച്ചും തൃശൂരില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെക്കുറിച്ചും ഞങ്ങള്‍ ഫാക്ട് ഫൈന്‍ഡിങ്സിലൂടെ അടുത്തറിഞ്ഞ മിക്ക സംഭവങ്ങളിലും വ്യക്തികളുടെ ലിംഗഭേദം സ്ഥിരീകരിക്കപ്പെടാത്ത അവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാവുന്നത് പോലെ അന്ന് ട്രാന്‍സ്മെന്‍ എന്നായിരുന്നില്ല അവരുടെ വിളിപ്പേര്. ലെസ്ബിയന്‍ ആത്മഹത്യ എന്ന വിശാലമായ പദത്തില്‍ വളരെയധികം വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കേണ്ടിയിരുന്നു. അതുപോലെ ഞങ്ങള്‍ ഇടപെട്ട മിക്ക കേസുകളിലും ലെസ്ബിയന്‍സും ക്വിയര്‍ ബൈസെക്ഷ്വല്‍ സ്ത്രീകളും ലിംഗഭേദം സ്ത്രീകള്‍ സ്ഥിരീകരിക്കപെടാത്ത വിഭാഗങ്ങളില്‍ പെട്ടവരുമാണ് ഉണ്ടായിരുന്നത്. അവര്‍ സ്ത്രീയായി അടയാളപ്പെടുത്തപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല . അവരില്‍ പലരിലൂടെയും ലിംഗഭേദത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഞങ്ങളുടെ അറിവുകള്‍ വളര്‍ന്നു. പലരും സ്വയം ട്രാന്‍സ്ജെന്‍ഡര്‍ മെന്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ആഗ്രഹിച്ചു. അങ്ങനെ സഹയാത്രികയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ആദ്യകാല ക്വിയര്‍ ട്രാന്‍സ് വ്യക്തികള്‍ പലതരത്തിലുള്ള അരികുവത്കൃത അവസ്ഥകള്‍ അനുഭവിച്ചവരും വ്യത്യസ്ത ജാതി വര്‍ഗ്ഗ ലിംഗ ഭേദങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. സുനില്‍ മോഹന്‍ , സോനു നിരഞ്ജന്‍, ബീന അനീഷ് , അച്ചു ഷീല തുടങ്ങിയവര്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന വിവേചനങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത് . ഞങ്ങളുടെ ലിംഗഭേദ രാഷ്ട്രീയത്തെയും ലൈംഗികതയുടെ രാഷ്ട്രീയത്തെയും മാത്രമല്ല അതിന്‍റെ ജാതി വര്‍ഗ ഇടങ്ങളുമായി കൂടിച്ചേരുന്ന രാഷ്ട്രീയത്തേയും ഇത് ശക്തിപ്പെടുത്തി. ആദ്യത്തെ പ്രോജക്ട് മുതല്‍ത്തന്നെ ഞങ്ങള്‍ കേരളത്തില്‍ രൂപീകരിച്ച എല്‍ജിബിടി വ്യക്തികളുടെ കൂട്ടായ്മ ഇന്ത്യയിലുണ്ടായിരുന്ന മറ്റു നഗരകേന്ദ്രിതമായ എല്‍ജിബിടി കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമായിരുന്നു. പല ജാതി വര്‍ഗ്ഗ പ്രദേശങ്ങളില്‍ നിന്നും വരുന്ന ആളുകളാല്‍ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമാണ് അന്നും ഇന്നും ഞങ്ങളുടെ കമ്മ്യൂണിറ്റി. മുമ്പ് സൂചിപ്പിച്ചതുപോലെ എന്‍റെ വീട് ഒരു ഓഫീസ് ആയി മാറുകയായിരുന്നു. അവിടെ ഒരുപാട് പത്രറിപ്പോര്‍ട്ടുകളും പുസ്തകങ്ങളും ആത്മഹത്യകളെക്കുറിച്ചുള്ള ഫാക്ട് ഫൈന്‍ഡിങ് ട്രാന്‍സ്ക്രിപ്റ്റുകളും എല്ലാം ശേഖരിക്കപ്പെട്ടു. അവയെല്ലാം മറ്റു ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരുമായി പങ്കുവെച്ചു. ബീന അനീഷ്, നീതു ഷാജി പിന്നീട് ശിവാനി എന്നിങ്ങനെ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നോടൊപ്പം പല കേസുകളിലും പ്രവര്‍ത്തിക്കുകയും ഇന്ത്യയിലൊട്ടാകെ യാത്ര ചെയ്ത് എല്‍ജിബിടി മീറ്റിങ്ങുകളിലും ഐപിസി 377 നെതിരെയും (ബന്ധങ്ങളില്‍ ഉള്ള സ്വയം തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ക്കുവേണ്ടിയും) ഉള്ള കാമ്പയിനുകളിലും പ്രവര്‍ത്തിക്കുകയും ചെയ്തു . 2006 ല്‍ ബീന എനിക്ക് തുടരെത്തുടരെ കത്തുകള്‍ അയക്കാന്‍ തുടങ്ങി .ആ കത്തുകളില്‍ പ്രധാനമായും അവള്‍ ചൂണ്ടിക്കാട്ടിയ വിഷയം പെണ്ണായി അടയാളപ്പെടുത്തപ്പെട്ട ക്വിയര്‍ ട്രാന്‍സ് സുഹൃത്തുക്കളുടെ സഹായത്തിനായി കേരളത്തില്‍ നടക്കേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ അഭാവം ആയിരുന്നു. സഹയാത്രിക പുനരാരംഭിക്കേണ്ടത് പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2007 ല്‍ അവരോടൊത്ത് ഞാന്‍ ഒരു സീരീസ് ഓഫ് കമ്മ്യൂണിറ്റി കണ്‍സള്‍ട്ടേഷന്‍സ് നടത്തി. ഞങ്ങള്‍ പ്രധാനമായും ഉന്നയിച്ച ഒരു ചോദ്യം കേരളത്തിലെ LGBT ഏതുതരം സംഘടനയാണ് ആവശ്യപ്പെടുന്നത് എന്നായിരുന്നു. ബീന അന്ന് എഴുതാന്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ സഹയാത്രിക മറ്റനേകം ചരിത്രപരമായ സംരംഭങ്ങളുടെയും തുടക്കം പോലെ ഓര്‍മ്മകളില്‍ മാഞ്ഞുപോകുമായിരുന്നു . ഒരിക്കലും ഇന്നത്തെ പോലെ ഒരു സംഘടനയായി തുടരില്ലായിരുന്നു. ഞങ്ങള്‍ക്ക് 2007ല്‍ ‘സംഗമ’ യില്‍ നിന്ന് ഒരു ഹെല്‍പ്പ്ലൈന്‍ തുടങ്ങാനും ബോധവല്‍കരണ ക്യാമ്പയിനുകള്‍ നടത്താനുമായി ചെറിയ ഒരു ഗ്രാന്‍റ് ലഭിച്ചു . പക്ഷേ ശമ്പളമോ ഓഫീസോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ മീറ്റിങ്ങുകള്‍ ഹോട്ടലിലോ പാര്‍ക്കിലോ വീടുകളിലോ ഒക്കെയായി നടത്തി. 2008 ജൂണില്‍ ഒരു സംഘടനയായി രജിസ്റ്റര്‍ ചെയ്തു. 2008 മുതല്‍ ഇന്നുവരെ ഞങ്ങള്‍ വലിയ സംഘടനകളുമായി ഓണ്‍- ഓഫ് അടിസ്ഥാനത്തില്‍ പ്രോജക്ടുകളില്‍ സഹകരിച്ചു .ഇത് ഒരു ഓഫീസ് എടുത്തു മുന്നോട്ട് പോവാനും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ശമ്പളം കൊടുക്കാനും ആവശ്യമായ സാഹചര്യം ഒരുക്കി . ഹെല്‍പ് ലൈന്‍ കമ്മ്യൂണിറ്റി മീറ്റിംഗുകള്‍, സാമൂഹിക ഇടങ്ങള്‍ എന്നിവയിലൂടെ ഞങ്ങള്‍ കമ്മ്യൂണിറ്റിക്ക് പിന്തുണ നല്‍കി. നിയമപോരാട്ടങ്ങളിലും പ്രതിസന്ധികളില്‍ നടത്തുന്ന ഇടപെടലുകളിലും ഏര്‍പ്പെട്ടു . ആദ്യവര്‍ഷങ്ങളില്‍ ക്വിയര്‍ ട്രാന്‍സ് മൈഗ്രേഷന്‍റെ പ്രശ്നങ്ങളില്‍ ഇടപെട്ട് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു . ഇന്ന് കൂടുതലായും അവരെ കേരളത്തില്‍ തന്നെ താമസിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിസന്ധികള്‍ തരണം ചെയ്യാനുമുള്ള പിന്തുണ നല്‍കാനും കഴിയുന്നുണ്ട് . ഇപ്പോള്‍ വര്‍ക്ക്ഷോപ്പുകളില്‍ ലിംഗഭേദം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, പൊതു പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ മറ്റു സംഘടനകളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തുപോരുന്നു.2008 ല്‍ ഞങ്ങള്‍ ലൈംഗിക ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 2009 ല്‍ തൃശ്ശൂരിലെ ആദ്യത്തെ കേരള ക്വിയര്‍ പ്രൈഡ് മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു . തുടര്‍ന്നും അടുത്ത 10 വര്‍ഷം ആ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ കൂട്ടുത്തരവാദിത്വം ഏറ്റെടുത്തു. ദളിത് യുവജന സംഘങ്ങളുമായും മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ഞങ്ങള്‍ സഖ്യമുണ്ടാക്കുകയും ഇന്ത്യയില്‍ ഒട്ടാകെയുള്ള ക്വിയര്‍ ട്രാന്‍സ് കൂട്ടായ്മകളുമായി കണ്ണി ചേരുകയും ചെയ്തു. ഞങ്ങളുടെ സംഘടനയുടെയും കേരളത്തിലെ ക്വിയര്‍ ട്രാന്‍സ് വ്യക്തികളുടെയും മുന്നേറ്റത്തിന്‍റേയും വളര്‍ച്ചയോടൊപ്പം തന്നെ ഞങ്ങള്‍ക്ക് പല തീരാനഷ്ടങ്ങളും ഉണ്ടായി. അവയില്‍ ഏറ്റവും തീവ്രമായത് രോഗങ്ങള്‍ക്കും ആത്മഹത്യക്കും കീഴടങ്ങിയ കമ്മ്യൂണിറ്റി അംഗങ്ങളുടെ മരണവും കൊലപാതകത്തിന് ഇരയായവരുടെ ദുരന്തങ്ങളുമായിരുന്നു . സ്വന്തം ഊര്‍ജ്ജസ്വലതയിലൂടെ സാമൂഹ്യ അനീതിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊക്കെ എന്നും പ്രചോദനമായ ആ ആത്മാക്കളോടുള്ള ആദരം സൂചിപ്പിക്കാതെ സഹയാത്രികയുടെ ചരിത്രം മുഴുമിപ്പിക്കാനാവില്ല .ട്രാന്‍സ് ക്വിയര്‍ ആക്ടിവിസ്റ്റ് സ്വീറ്റ് മരിയ ക്വിയര്‍ പ്രൈഡിന്‍റെ രോമാഞ്ചവും മലയാളം മുഖ്യധാരാ മാധ്യമങ്ങളിലെ നിറസാന്നിധ്യവമായി തുടരവെയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് തുടങ്ങിയിരുന്ന സഹയാത്രിക കമ്മ്യൂണിറ്റിയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ ആയ ദീപു ആത്മഹത്യ ചെയ്തു. മുന്‍പ് സഹയാത്രികയില്‍ ജോലിചെയ്തിരുന്ന അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തീയറ്റര്‍ ആക്ടിവിസ്റ്റും ഒപ്പം പ്രതിഭാശാലിയായ ഗായകനും ആയിരുന്നു ദീപു. കാന്‍സര്‍ കൊണ്ടുപോയ മറ്റൊരു വിലപ്പെട്ട ജീവന്‍ ആണ് കരീനയുടേത്. ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ചെറുപ്പക്കാരിയും സുന്ദരിയും എപ്പോഴും സജീവമായി പ്രവര്‍ത്തിച്ചവളുമായ ഒരു വ്യക്തിത്വമായിരുന്നു കരീനയുടേത്. ശിവാനി ആണ് മറ്റൊരു വ്യക്തി. ഏറെക്കാലം സഹയാത്രികയില്‍ പ്രവര്‍ത്തിച്ചിരുന്നു ശിവാനി. എപ്പോഴും തമാശകള്‍ പറഞ്ഞു നടന്നിരുന്ന അവള്‍ ആര്‍ട്ടിസ്റ്റിക് ആയ ഒരു പെണ്‍കുട്ടി ആയിരുന്നു. ഏറെ ആത്മാര്‍ത്ഥതയും സൗന്ദര്യവും സ്വാതന്ത്ര്യവും ഒക്കെയുള്ള ഒരു കൂട്ടുകാരിയായിരുന്നു അവള്‍ . ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അഞ്ചു വര്‍ഷം മുന്നേ അവള്‍ ആത്മഹത്യ തെരഞ്ഞെടുത്ത സംഭവം. അതിനുശേഷം ഞങ്ങള്‍ അന്വേഷണങ്ങളില്‍ ഇടപെടുകയും മാധ്യമങ്ങളില്‍ വരികയും ചെയ്ത എത്രയോ ആത്മഹത്യകള്‍ . ഇതെല്ലാം കഴിഞ്ഞ 20 വര്‍ഷത്തില്‍ നടന്നതും ഞങ്ങള്‍ ആദ്യത്തെ ലെസ്ബിയന്‍ ആത്മഹത്യയുടെ ഫാക്ട് ഫൈന്‍ഡിംഗ്സുമായി ബന്ധപ്പെട്ട് ഇറങ്ങിയതിനു ശേഷം സംഭവിച്ചതുമായ കാര്യങ്ങള്‍. ജെന്‍ഡര്‍ അഫേര്‍മിംഗ് സര്‍ജറിക്കായി ചെന്നപ്പോള്‍ അച്ഛനമ്മമാരുടെ സമ്മതപ്രകാരം മാത്രമേ ചെയ്യാനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ശേഷം ആത്മഹത്യ ചെയ്ത പാച്ച 22 വയസ്സുള്ള ട്രാന്‍സ്മാന്‍ ആയിരുന്നു. കണ്‍വെര്‍ഷന്‍ തെറാപ്പിക്കെതിരെ രാജ്യവ്യാപകമായുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച ആത്മഹത്യയായിരുന്നു അഞ്ജന ഹരീഷിന്‍റേത് . നമ്മുടെയെല്ലാം സുഹൃത്തായിരുന്ന അഞ്ജന ആത്മഹത്യ ചെയ്യുന്നത് കോവിഡ്19 നോടനുബന്ധിച്ച് ലോക്ഡൗണ്‍ തുടങ്ങിയ സമയത്താണ് . ഈ വര്‍ഷം തുടക്കത്തില്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു ഫാക്ട് ഫൈന്‍ഡിങ് ടീം സഹയാത്രിക സംഘടിപ്പിച്ചു. ഇനിയും ഒരുപാട് പേരുകള്‍ അനുസ്മരിക്കാനുണ്ട്. നമ്മള്‍ സ്നേഹിച്ചവരും നമുക്ക് നഷ്ടമായവരും എന്നാല്‍ അറിയപ്പെടാത്ത അതിലേറെ പേരും ചിലപ്പോള്‍ ഉണ്ടാവാം. കേരളത്തില്‍ 20 വര്‍ഷങ്ങള്‍ക്കു മുന്നേ,ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്, ഇന്നു കാണുന്ന പോലെയുള്ള ക്വിയര്‍പ്രസ്ഥാനങ്ങള്‍ ഭാവനയില്‍ പോലും കാണാനാകുമായിരുന്നില്ല. അന്നത്തെ പുരോഗമനകാരികള്‍ പോലും വിശ്വസിച്ചിരുന്നത് ഇവിടെ ക്വിയര്‍/ ട്രാന്‍സ് ആളുകള്‍ ഇല്ല എന്നായിരുന്നു. കേരളത്തിന്‍റെ ക്വിയര്‍ ചരിത്രവും സഹയാത്രികയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്നതാണ് എന്‍റെ കേരളത്തിലെ ജീവിതത്തിന്‍റെ വഴിത്താരകള്‍. ക്വിയര്‍ സ്ത്രീകളും ട്രാന്‍സ്മെനും ഇന്‍റര്‍സെക്സ് ആളുകളും സഹയാത്രികയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച മറ്റുള്ളവരും, ആദ്യത്തെ എം. എസ് .എം .(മെന്‍ ഹാവിംഗ് സെക്സ് വിത്ത് മെന്‍) സി.ബി.ഓ. കളും ലൈംഗികത്തൊഴിലാളികളുടെ കൂട്ടായ്മകളും എച്ച് .ഐ . വി. തടയാന്‍ ഇടപെടല്‍ നടത്തുന്ന പ്രവര്‍ത്തകരും പുതുതായി ദൃശ്യതയുണ്ടാക്കിയ ക്വിയര്‍, ട്രാന്‍സ് ആക്റ്റിവിസ്റ്റുകളും പുത്തന്‍ സി. ബി. ഓ .കളുടെ കൂട്ടങ്ങളും, പുറത്തു വരുന്ന LGBTQIA+ ആളുകളും കാഴ്ചയില്‍പ്പെടാത്ത കമ്മ്യൂണിറ്റി അംഗങ്ങളും പിന്നെ മറ്റു സാമൂഹ്യമുന്നേറ്റങ്ങളില്‍ നിന്ന് സഹകരിക്കുന്നവരും ഫെമിനിസ്റ്റുകളും അങ്ങിനെ പലരും ചേര്‍ന്നുണ്ടാക്കിയ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചരിത്രം. പലരാലെഴുതപ്പെട്ട, എഴുതപ്പെടുന്ന ചരിത്രം.
ഞങ്ങള്‍ ആത്മഹത്യകളുമായി ബന്ധപ്പെട്ട് ഫാക്ട് ഫൈന്‍ഡിങ് ചെയ്തിരുന്ന കാലത്ത് ആളുകള്‍ക്ക് അവരുടെ ലിംഗത്വമോ ലൈംഗികതയോ വിവരിക്കാന്‍ മലയാളത്തില്‍ വാക്കുകളുണ്ടായിരുന്നില്ല, അല്ലെങ്കില്‍ അതൊരു സ്വത്വത്തിന്‍റെ ഭാഗമായി മനസിലാക്കപ്പെട്ടിരുന്നില്ല. ഇന്നും കേരളത്തിലുള്ളവര്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ ഇംഗ്ലീഷില്‍ നിന്നോ മറ്റു ഭാഷകളില്‍ നിന്നോ ഒക്കെയാണ്. തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ ട്രാന്‍സ് സ്വത്വങ്ങള്‍ക്ക് അരവാണി, ഹിജ്റ, കോത്തി, ജോഗപ്പ തുടങ്ങിയ പ്രാദേശിക പ്രയോഗങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ അത്തരത്തിലൊരു ഭാഷാ പ്രയോഗമോ സംസ്ക്കാരമോ ചരിത്രത്തിലത്ര വെളിപ്പെട്ടിട്ടില്ല.

കമ്മ്യൂണിറ്റിയിലുള്ള പലര്‍ക്കും ഇത് ലിംഗത്വം, ലൈംഗികത തുടങ്ങിയവ തിരിച്ചറിയുന്ന യാത്ര മാത്രമല്ല, ഭാഷാപരമായി സ്വത്വം കണ്ടെത്തുന്ന ഒന്നുകൂടിയാണ്. ഉദാഹരണത്തിന് ആഗോള എച്ച്. ഐ .വി . പ്രൊജക്റ്റ് വന്ന കാലത്താണ് ആണായി അടയാളപ്പെടുത്തപ്പെട്ട ക്വിയര്‍, ട്രാന്‍സ് ആളുകള്‍ സ്വയം എം. എസ്. എം. എന്ന് അടയാളപ്പെടുത്താന്‍ തുടങ്ങിയത്. ലൈംഗിക ന്യൂനപക്ഷ സംഘടനകളോടുണ്ടായ ബന്ധങ്ങളില്‍ നിന്നാണ് സ്ത്രീകളായി അടയാളപ്പെട്ട ക്വിയര്‍ ആളുകള്‍ 2000 ത്തിന്‍റെ തുടക്കകാലത്ത് സ്വയം എഫ് ടു എം (ഫീമെയ്ല്‍ ടു മെയ്ല്‍)എന്ന് വിളിക്കാന്‍ തുടങ്ങിയത്. 2014-15 ലെ കണ്‍സള്‍ടേഷനും അതിനുശേഷം ട്രാന്‍സ് പോളിസിയും വന്നപ്പോള്‍ പുതുതലമുറ പൊതുസമൂഹത്തിനു മുന്നില്‍ തങ്ങളെ ട്രാന്‍സ് മെന്‍, ട്രാന്‍സ് സ്ത്രീകള്‍ എന്ന് അഭിസംബോധന ചെയ്തു തുടങ്ങി. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, പാന്‍സെക്ഷ്വല്‍, ക്വിയര്‍ , നോണ്‍ബൈനറി തുടങ്ങിയ ഇംഗ്ലീഷ്, ആഗോളതല സ്വത്വപദങ്ങളിലും ഒരുപാടു പേര്‍ സ്വയം കണ്ടെത്തിത്തുടങ്ങി. ആത്മഹത്യാ ഫാക്ട് ഫൈന്‍ഡിംങിന്‍റെ കാലത്ത് കണ്ടുമുട്ടിയത് ലെസ്ബിയന്‍ എന്ന വാക്ക് കേട്ടിട്ടുപോലുമില്ലാത്തവരെയായിരുന്നു. ‘ലെസ്ബിയന്‍’ എന്ന വാക്ക് സഹയാത്രിക ഉണ്ടാവുന്നതിനൊക്കെ മുന്‍പുതന്നെ സാഹിത്യത്തിലും മാദ്ധ്യമങ്ങളിലും ഉണ്ടായിരുന്നതു കൊണ്ട് മലയാളം തന്നെയാണെന്നാണ് ഞങ്ങളന്ന് വാദിച്ചത്. ഒരുപക്ഷേ, ക്വിയര്‍ ട്രാന്‍സ് യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന മലയാളഭാഷ ഇനിയും അന്വേഷണം നടക്കേണ്ട ഒന്നാണ്.

ഒരുപാട് കാലമായി സഹയാത്രിക എന്ന പ്രൊജക്റ്റ്, നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ സംഘടന ദൃശ്യത എന്ന പ്രശ്നത്തോട് മല്ലിടുന്നു. സ്വത്വം തുറന്നുപറഞ്ഞ ചിലര്‍ക്ക് പൊതുമണ്ഡലത്തിലെ സമരം എളുപ്പമായിരിക്കുമ്പോള്‍ത്തന്നെ, കമ്മ്യൂണിറ്റിയിലെ പലര്‍ക്കും തുറന്നു പറഞ്ഞ സ്വത്വത്തിന്‍റെ പേരില്‍ പലതും നേരിടേണ്ടി വരുന്നു – ജോലിയും വീടും നഷ്ടപ്പെടുന്നു, കുടുംബത്തില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നു, സാമൂഹ്യമായി ഒറ്റപ്പെടുത്തപ്പെടുന്നു, ലൈംഗികാതിക്രമങ്ങള്‍ക്ക് വരെ ഇരയാകുന്നു. എപ്പോള്‍, എങ്ങിനെ ദൃശ്യതയിലേക്ക് വരണമെന്ന്, അല്ലെങ്കില്‍ അത് വേണോ എന്നുതന്നെ തീരുമാനിക്കാന്‍ കഴിയുന്ന വിധം കമ്മ്യൂണിറ്റിക്ക് വഴികളുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാണ് വേണ്ടത്ര സംഘടനകളും ആളുകളും ഉണ്ടായത്, എന്നാണ് വേണ്ടത്ര സാമൂഹ്യ ബോധമുള്ള മിത്രങ്ങളുണ്ടായത്, വേണ്ടത്ര പ്രൈഡുകള്‍ നടന്നത്, രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വികസനമുണ്ടായത്, വേണ്ടത്ര സാമൂഹ്യ/ ഭരണതല അംഗീകാരം ഉണ്ടായത് – ഞങ്ങളുടെ പ്രസ്ഥാനങ്ങള്‍ നിര്‍ണായകമായ ആ അവസ്ഥയിലേക്കെത്തിയ നിമിഷം ചൂണ്ടിക്കാണിക്കാന്‍ ബുദ്ധിമുട്ടാണ് – എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളുടെ കഥകള്‍ തുറന്നു പറയുന്ന, പൊതുവായി തങ്ങളുടെ സ്വത്വങ്ങളിലേക്കെത്തുന്ന ക്വിയര്‍, ട്രാന്‍സ് ആളുകളുടെ എണ്ണം വര്‍ദ്ധിക്കുക തന്നെയാണ്. ദൃശ്യതയും പരസ്പരം ചേരലുമെല്ലാം കൂടുതല്‍ സാദ്ധ്യമാക്കുന്നവയാണ് മലയാളത്തില്‍ത്തന്നെയോ മറ്റു പ്രാദേശികഭാഷകളിലോ ഇംഗ്ലീഷിലോ ഒക്കെ പെരുമാറാന്‍ പറ്റുന്ന രീതിയിലുള്ള സമൂഹമാദ്ധ്യമങ്ങള്‍. എന്നാല്‍ സഹയാത്രിക ഉണ്ടാക്കപ്പെട്ട കാലത്തുണ്ടായിരുന്നതിനേക്കാള്‍ വിപുലവും വൈവിദ്ധ്യമാര്‍ന്നതുമാണ് ഇന്ന് ട്രോളുകളും.
പുതിയ നിയമങ്ങളും പോളിസികളും ഇവിടത്തെ ക്വിയര്‍ ട്രാന്‍സ് ആളുകള്‍ക്ക് നല്‍കുന്നത് സുരക്ഷയെക്കുറിച്ചും ലൈംഗികത/ ലിംഗത്വം എന്ന തുറന്നുപറച്ചിലുകള്‍ക്കുമൊക്കെ പ്രതീകാത്മകമായ ഒരു പ്രഭാവമാണ്. 2014 ലെ നാള്‍സ ജഡ്ജ്മെന്‍റിനും 2015ലെ ട്രാന്‍സ് പോളിസിക്കും ശേഷം കേരളത്തിലുണ്ടായ ട്രാന്‍സ് ആക്റ്റിവിസത്തിന്‍റെ കുതിപ്പുനോക്കിയാല്‍ അത് മേല്‍പ്പറഞ്ഞതിന് ഒരു പ്രധാനപ്പെട്ട ഉദാഹരണമാണ്. ട്രാന്‍സ് / ക്വിയര്‍ ആളുകള്‍ ഇവിടെ നിലനില്‍ക്കുന്നില്ല എന്ന പഴയ വാദത്തിനെതിരായി, കേരളത്തിലെ ലിംഗത്വ, ലൈംഗിക വൈവിദ്ധ്യങ്ങളെക്കുറിച്ച് പൊതുവേദികളില്‍ തുറന്നുപറയുന്നവരാണ് ഇന്ന് ട്രാന്‍സ് ആക്റ്റിവിസ്റ്റുകള്‍. മുന്‍ സഹയാത്രിക പ്രവര്‍ത്തകനും ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ചിഞ്ചു അശ്വതി 2016 മുതല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇന്‍റര്‍സെക്സ്, ദളിത്, ട്രാന്‍സ് എന്നീ സ്വത്വങ്ങളുടെ കൂടിച്ചേരല്‍ (ഇന്‍റര്‍സെക്ഷന്‍) നെക്കുറിച്ചാണ്. ട്രാന്‍സ്മാന്‍ ഇഷാന്‍റെയും ട്രാന്‍സ് സ്ത്രീ സൂര്യയുടെയും വിവാഹം, ആദം ഹാരി എന്ന ട്രാന്‍സ്മാനിന്‍റെ പൈലറ്റ് ട്രെയിനിംഗ് തുടങ്ങി അനേകം പ്രതീക്ഷാവഹമായ മാറ്റങ്ങള്‍ ഉണ്ടായി. കേരള സര്‍ക്കാരും ട്രാന്‍സ് ആളുകള്‍ക്കായി പണം ചിലവാക്കിത്തുടങ്ങി. ട്രാന്‍സ് സ്ത്രീകളെ വച്ചു നോക്കുമ്പോള്‍ ട്രാന്‍സ് ആണുങ്ങള്‍ക്കും സ്ത്രീകളായി അടയാളപ്പെടുത്തപ്പെട്ടവര്‍ക്കും സഹായങ്ങളുടെ ലഭ്യത കുറവാണ് എന്നത് പറയാതിരിക്കാനാവില്ല. പോലീസ് ക്രൂരതകളും സാമൂഹ്യ ഒറ്റപ്പെടുത്തലുകളും മറ്റു ക്രൂരതകളും തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ഭരണകൂട കാഴ്ചപ്പാടിലുള്ള പരിഷ്കാരങ്ങള്‍ എത്രകണ്ട് ആവശ്യക്കാരിലേക്ക് എത്തിപ്പെടുന്നുണ്ടെന്നും ഈ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഒക്കെ പ്രശ്നഭരിതമായി തന്നെ നിലനില്‍ക്കുന്നു.
2015 ല്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് കൂടുതല്‍ ദൃശ്യത പ്രാപ്തമായതിനുശേഷം, സഹയാത്രിക കൂടുതല്‍ പ്രശ്നങ്ങളിലിടപെടുകയും കൂടുതല്‍ ട്രാന്‍സ്, ജെന്‍ഡര്‍ നോണ്‍ കണ്‍ഫെമിംഗ് കമ്മ്യൂണിറ്റി അംഗങ്ങളെ ആകര്‍ഷിക്കുകയും ചെയ്തു. ഇന്ന്, ഞങ്ങളുടെ അംഗങ്ങളില്‍ 50%ത്തിലധികം പേര്‍ ട്രാന്‍സ്, ജെന്‍ഡര്‍ നോണ്‍ കണ്‍ഫെമിംഗ് ആയാണ് സ്വയം മനസിലാക്കുന്നത്. എന്നാല്‍ അതേ സമയം, 2013ല്‍ സുപ്രീം കോടതി സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന 377 എന്ന നിയമത്തെ പിന്തുണച്ചതിനു ശേഷം ലെസ്ബിയന്‍, ക്വിയര്‍, ബൈസെക്ഷ്വല്‍ സ്ത്രീകള്‍, ട്രാന്‍സ് ആണുങ്ങളുടെ പങ്കാളികളായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ, രാഷ്ട്രീയ പിന്തുണ കുറഞ്ഞതായാണ് കാണാനായത്. 2013ലെ വിധിയെ റദ്ദാക്കിക്കൊണ്ടും സ്വവര്‍ഗ ലൈംഗികതയെ കുറ്റവിമുക്തമാക്കിക്കൊണ്ടും ഘഏആഠ+ ആളുകളുടെ ഭരണഘടനാവകാശങ്ങളെ അംഗീകരിച്ചുകൊണ്ടും 2018ല്‍ വന്ന നവ്തേജ് സിംഘ് ജോഹര്‍ സുപ്രീം കോടതി വിധിയ്ക്കു ശേഷമാണ് പിന്നീട് ക്വിയറും ട്രാന്‍സുമായ സ്ത്രീകളായി അടയാളപ്പെടുത്തപ്പെട്ടവര്‍ തങ്ങളുടെ അവകാശങ്ങളും ബന്ധങ്ങളും സ്വത്വങ്ങളുമെല്ലാം തുറന്നുപറയാന്‍ ധൈര്യപ്പെട്ട് പുറത്തുവന്നത്. എന്നാല്‍ ആഘോഷിക്കപ്പെട്ട ഈ വിധിയ്ക്കു ശേഷം സഹയാത്രികയിലും മറ്റ് സംഘടനകളിലും എത്തിച്ചേര്‍ന്നത് ക്രൈസിസുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണകളുണ്ടാവുന്നുണ്ടെങ്കിലും ഈ പുരോഗമനപരമായ വിധികളിലെ തിരിച്ചറിവുകള്‍ നമ്മളുടെ കുടുംബങ്ങളുടെ, സമുദായങ്ങളുടെ, സ്ഥാപനങ്ങളുടെ സാമൂഹ്യ, സാംസ്കാരിക അന്തര്‍ധാരകളിലേക്ക് ഇഴ ചേര്‍ക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ അംഗത്വം വര്‍ദ്ധിക്കുമ്പോള്‍ തന്നെ, വീട്ടുതടങ്കല്‍, നിര്‍ബന്ധിത മാനസിക ചികില്‍സ, നിര്‍ബന്ധിത വിവാഹം, ജോലിസ്ഥലത്തെയും നിയമങ്ങളിലെയും വൈദ്യശാസ്ത്രത്തിലെയും വിദ്യാഭ്യാസസ്ഥാപങ്ങളിലെയും മറ്റും വിവേചനങ്ങള്‍ തുടങ്ങിയവയിലേക്ക് കൂടുതലായി ഇടപെടേണ്ടി വരുന്നു.

ദേശീയ, സംസ്ഥാന തലങ്ങളില്‍ ട്രാന്‍സ് ആളുകളുടെ മുന്നേറ്റത്തിനായി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച നാള്‍സ വിധി പോലെ 2018 ലെ 377 നെ റദ്ദാക്കിയ വിധിയില്‍ ഘഏആഠ+ ആളുകളുടെ മുന്നേറ്റത്തിനായോ സാമൂഹിക അംഗീകാരത്തിനായോ ഒരു നിര്‍ദേശവുമില്ല. അതുകൊണ്ടുതന്നെ സ്ത്രീകളായി സ്വയം മനസിലാക്കുന്ന ക്വിയര്‍ ആളുകള്‍ക്ക് ട്രാന്‍സ് ആയ ആളുകള്‍ക്ക് ലഭിക്കുന്ന ക്ഷേമപദ്ധതികളുടെ ഗുണങ്ങള്‍ ലഭ്യമാകുന്നില്ല. ക്വിയര്‍ പ്രസ്ഥാനത്തിനു പുറത്ത് സര്‍ക്കാരോ മറ്റു സ്ത്രീസംഘടനകളോ ഈ ക്വിയര്‍ ആളുകളുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞിട്ടുമില്ല. എന്നാല്‍ 2021 ജൂണില്‍ ലെസ്ബിയന്‍ ദമ്പതികള്‍ കുടുംബങ്ങളുടെ ഇടപെടലിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട കേസില്‍ പോലീസിനും ജയില്‍ മേധാവികള്‍ക്കും, സര്‍ക്കാരിന്‍റെ നിയമസഹായ സംവിധാനങ്ങള്‍ക്കും, ശാരീരിക, മാനസിക ആരോഗ്യപ്രവര്‍ത്തകര്‍ക്കും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും, തൊഴിലിടങ്ങള്‍ക്കും, LGBTQIA+ ആളുകളുടെ മാതാപിതാക്കള്‍ക്കുമൊക്കെ ബാധകമായ മാര്‍ഗനിര്‍ദ്ദേശരേഖ മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ചു. ക്വിയര്‍, ട്രാന്‍സ് ആളുകളുടെ സാമൂഹിക അംഗീകാരത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണത്. ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ പല തരം ആളുകളുടെ മുന്നേറ്റത്തിന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വഴികാട്ടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സഹയാത്രികയുടെ ആദ്യത്തെ പതിറ്റാണ്ടില്‍ സാമൂഹ്യ പൊതുധാരയില്‍ ഇടമില്ലാതെ സമരം ചെയ്തിരുന്നവര്‍ക്കുള്ള ഒരു താല്‍ക്കാലിക ഇടമായി എന്‍റെ വീട് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന്, ഒരുപാട് സംഘടനകളും സംവിധാനങ്ങളും ഉള്ളപ്പോഴും ക്വിയര്‍/ ട്രാന്‍സ് ആളുകള്‍ തങ്ങളുടെ കൂട്ടുകാര്‍ക്കോ പ്രശ്നാവസ്ഥയില്‍ പെട്ട മറ്റു കമ്മ്യൂണിറ്റി ആളുകള്‍ക്കോ ഇത്തരത്തിലുള്ള അനൗപചാരികമായ, വ്യക്തിപരമായ സഹായങ്ങള്‍ നല്‍കുന്നത് പലപ്പോഴും ജീവന്‍ തന്നെ രക്ഷിക്കുന്ന തലത്തിലുള്ള ഇടപെടലുകള്‍ ആവാറുണ്ട്. വ്യക്തിപരമായ ശ്രമങ്ങള്‍ക്കപ്പുറം കൂടുതല്‍ ഘടനാപരമായ മാറ്റങ്ങളും കൂട്ടായ ഇടപെടലുകളും ഇത്തരം സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

മറ്റുള്ള ക്വിയര്‍ പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും പോലെ സഹയാത്രിക പഠിക്കുകയും വളരുകയും ചെയ്യുന്നു. രേഖ രാജ്, ഡോ ജയശ്രീ, രേഷ്മ രാധാകൃഷ്ണന്‍ എന്നിവരെ കൂടെ ചേര്‍ത്ത് 2011 ല്‍ ഞങ്ങള്‍ പുതിയ ബോര്‍ഡ് രൂപീകരിച്ചു. ബോധവല്‍ക്കരണ പരിപാടികളില്‍ ജോലി ചെയ്യാനായി 2013 ല്‍ ഞങ്ങള്‍ ശരത് ചേലൂര്‍ എന്ന ഒരു മിത്രത്തെ നിയമിച്ചു. 2013-16 കാലയളവില്‍ സഹയാത്രികയുടെയും മറ്റു സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളെ വിപുലീകരിക്കാന്‍ ഈ കൂട്ടായ്മ സഹായിച്ചു. ക്വിയറും ട്രാന്‍സുമായി സ്വയം മനസിലാക്കുന്നവരെ മാത്രം സഹയാത്രികയില്‍ നിയമിച്ചാല്‍ മതിയെന്ന് 2017ല്‍ സഹയാത്രികയുടെ കോര്‍ ടീം തീരുമാനമെടുത്തു. ഈ പുതിയ സന്ദര്‍ഭത്തില്‍ തീരുമാനങ്ങള്‍ കമ്മ്യൂണിറ്റി കേന്ദ്രീകരിച്ച് ആവുകയും കൂടുതല്‍ സ്ത്രീകളായി അടയാളപ്പെടുത്തപ്പെട്ട ക്വിയര്‍/ ട്രാന്‍സ് മനുഷ്യരെ കൂടെനിര്‍ത്താനും സഹായിക്കാനും സാധിക്കുകയും ചെയ്തു. 2017 മുതല്‍ സുനില്‍ മോഹന്‍, കണ്ണന്‍ സത്യ എന്നിവര്‍ ബോര്‍ഡ് മെമ്പര്‍മാരായി – അവരുടെ പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും കേരളത്തിലെയും ബാംഗ്ലൂരിലെയും സംഘടനാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. അഹന മേഖല്‍, ശ്രുതി ശ്രീനിവാസ്, പ്രവീണ്‍ നാഥ് തുടങ്ങിയ അനുഭവസമ്പന്നരായ കമ്മ്യൂണിറ്റി അംഗങ്ങളാണ് ഇന്ന് സഹയാത്രികയില്‍ പ്രവര്‍ത്തിക്കുന്നത്.
എന്‍റെ വ്യക്തിപരമായ യാത്രയിലും സഹയാത്രികയുടെ കൂട്ടായ യാത്രയിലും പ്രസ്ഥാനങ്ങളുടെ അഭ്യുദയകാംഷികളായവരും LGBTQIA+ ആയി സ്വയം അടയാളപ്പെടുത്തിയവരുമൊക്കെ യായി പലരും ഉണ്ടായിട്ടുണ്ട്. സന്ധ്യ ശിവകാമി, മുരളീധരന്‍ തറയില്‍, അനില്‍ ചില്ല, നളിനി ജമീല, റൂമി ഹരീഷ്, ദിലീപ് രാജ്, ആര്യന്‍ കൃഷ്ണന്‍, സൂരജും ജൂലിയും, റോബിന്‍, ശ്യാം നായര്‍, നിഷാദ് നിയോണ്‍, പൊന്നി അരസു, മങ്കൈ അരസു, രേവതി, ജോണ്‍സണ്‍, സണ്ണി കപ്പിക്കാട്, ജെ .ദേവിക, രാധയും രാധികയും, കിരണ്‍ വൈലാശേരി, വിജയരാജമല്ലിക, എബി, സോണിയ സോണി, സത്യകല, സന്ധ്യ രാജു, ശീതള്‍ ശ്യാം, ഫൈസല്‍ ഫൈസു, അലോഷ്യസ്, ടി. എന്‍ .പ്രസന്നകുമാര്‍, അഡ്വ. ആശ, ജീ ഈമാന്‍ സെമ്മലര്‍, കാര്‍ത്തിക് ബിട്ടു, അഡ്വ അഭിലാഷ്, ഗാര്‍ഗി എച്ച്, നസീമ നസ്രിന്‍, ചിത്തിര വിജയകുമാര്‍, ക്വിയരളയിലെയും ക്വിയറിഥത്തിലെയും കൂട്ടുകാര്‍, അങ്ങിനെ ചിലരെ ഓര്‍ക്കുന്നു. കേരളത്തിലെ കലക്റ്റിവുകളായ ഗയ, കേരള ഫെമിനിസ്റ്റ് നെറ്റ്വര്‍ക്ക്, നവ ജനാധിപത്യ പ്രസ്ഥാനം, വിബ്ജിയോര്‍ ഫിലിം കലക്റ്റീവ് എന്നിവയും ഇന്ത്യയിലെ മറ്റൊരുപാട് കലക്റ്റീവുകളെയും സംഘടനകളെയും പോലെ ഞങ്ങളുടെ വളര്‍ച്ചയെ സ്വാധീനിച്ച കൂട്ടായ്മകളാണ്. ഒപ്പം, അവരുടെ സത്യങ്ങളും കഥകളും തുറന്നു പറയാന്‍ കെല്‍പ്പുള്ള ഒരു ക്വിയര്‍, ട്രാന്‍സ് പുതുതലമുറയും ഇവിടെയുണ്ടിന്ന്.
സ്വവര്‍ഗബന്ധങ്ങളില്‍ ഏര്‍പ്പെട്ടതായി തോന്നിച്ച, സ്ത്രീകളുടെയും ജെന്‍ഡര്‍ നോണ്‍ കണ്‍ഫെമിംഗ് ആയിട്ടുള്ളവരുടെയും ആത്മഹത്യകള്‍ അന്വേഷിക്കപ്പെടണമെന്ന് സാമൂഹ്യപ്രവര്‍ത്തകരെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ച ആ ആദ്യകാലം എനിക്കൊരിക്കലും മറക്കാനാവില്ല. അത്തരക്കാര്‍ കേരളത്തിലേ ഇല്ല എന്ന് വിശ്വസിച്ചവരുണ്ട്, ഉണ്ടെങ്കില്‍ത്തന്നെ ഇത്തരം ആത്മഹത്യകള്‍ അധികമായി നടന്ന തൊഴിലാളി വര്‍ഗസാഹചര്യങ്ങളിലെ ആളുകള്‍, ഗ്രാമങ്ങളിലുള്ളവര്‍, അതിരുവല്‍ക്കരിക്കപ്പെട്ടവര്‍, ഒന്നും അങ്ങിനെയാവില്ല എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു. പിന്നീട്, കൂട്ടമായ ഇടപെടലുകളിലാണ് എന്‍റെ സഖാക്കളായവരെയും സുഹൃത്തുക്കളായവരെയുമൊക്കെ ഞാന്‍ കണ്ടു മുട്ടിയത്. അവരുടെ അനുഭവങ്ങള്‍ ഞങ്ങള്‍ ഫാക്ട് ഫൈന്‍ഡിംഗില്‍ കണ്ടുപിടിച്ച കാര്യങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഇന്ന് അവരില്‍ പലരും ഈ പ്രസ്ഥാനത്തിന്‍റെ നേതാക്കളായും സഹയാത്രികയുടെ പ്രധാനപങ്കാളികളായും മാറിയിരിക്കുന്നു. ഈ ചരിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതിലും, അതില്‍ പലതിനും സാക്ഷിയാവാനായതിലും ഞാന്‍ അഭിമാനിക്കുന്നു, ആനന്ദിക്കുന്നു.

മറ്റുള്ള ക്യുവര്‍ പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും പോലെ സഹയാത്രിക പഠിക്കുകയും വളരുകയും ചെയ്യുന്നു. രേഖ രാജ്, ഡോ ജയശ്രീ, രേശ്മ രാധാകൃഷ്ണന്‍ എന്നിവരെ കൂടെ ചേര്‍ത്ത് 2011 ല്‍ ഞങ്ങള്‍ പുതിയ ബോര്‍ഡ് രൂപീകരിച്ചു. ബോധവല്‍ക്കരണ പരിപാടികളില്‍ ജോലി ചെയ്യാനായി 2013 ല്‍ ഞങ്ങള്‍ ശരത് ചേലൂര്‍ എന്ന ഒരു മിത്രത്തെ നിയമിച്ചു. 2013-16 കാലയളവുല്‍ സഹയാത്രികയുടെയും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളെ വിപുലീകരിക്കാന്‍ ഈ കൂട്ടായ്മ സഹായിച്ചു. ക്വിയറും ട്രാന്‍സുമായി സ്വയം മനസിലാക്കുന്നവരെ മാത്രം സഹയാത്രികയില്‍ നിയമിച്ചാല്‍ മതിയെന്ന് 2017ല്‍ സഹയാത്രികയുടെ കോര്‍ ടീം തീരുമാനമെടുത്തു. ഈ പുതിയ സന്ദര്‍ഭത്തില്‍ തീരുമാനങ്ങള്‍ കമ്മ്യൂണിറ്റി കേന്ദ്രീകരിച്ച് ആവുകയും കൂടുതല്‍ സ്ത്രീകളായി അടയാളപ്പെടുത്തപ്പെട്ട ക്വിയര്‍/ ട്രാന്‍സ് മനുഷ്യരെ കൂടെനിര്‍ത്താനും സഹായിക്കാനും സാധിക്കുകയും ചെയ്തു. 2017 മുതല്‍ സുനില്‍ മോഹന്‍, കണ്ണന്‍ സത്യ എന്നിവര്‍ ബോര്‍ഡ് മെമ്പര്‍മാരായി – അവരുടെ പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും കേരളത്തിലെയും ബാംഗ്ലൂരിലെയും സംഘടനാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. അഹന മേഖല്‍, ശ്രുതി ശ്രീനിവാസ്, പ്രവീണ്‍ നാഥ് തുടങ്ങിയ അനുഭവ സമ്പന്നരായ കമ്മ്യൂണിറ്റി അംഗങ്ങളാണ് ഇന്ന് സഹയാത്രികയില്‍ പ്രവര്‍ത്തിക്കുന്നത്.

 

 

 

 

ദീപ വാസുദേവന്‍
ക്വിവര്‍ ഇന്‍റര്‍സെക്ഷണല്‍ ഫെമിനിസ്റ്റും സഹയാത്രികയുടെ മാനേജിങ് ട്രസ്റ്റിയുമാണ്. എഴുത്തുകാരിയും കലാസ്വാദകയുമാണ്.

ഇംഗ്ളീഷില്‍ നിന്ന് പരിഭാഷ : ശ്രീജിത പി. വി., ഗാര്‍ഗി

 

COMMENTS

COMMENT WITH EMAIL: 0