Homeചർച്ചാവിഷയം

ഒരു നാള്‍ ഞാനും…പ്പോലെ

ഡോ. രാധിക സി. നായര്‍

യിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിലെപ്പോഴോ ആണ് ഞാന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ബോമിന്‍റെ ‘ദ വണ്ടര്‍ഫുള്‍ വിസഡ് ഓഫ് ഓസ്’ വായിക്കുന്നത്. നാഷണല്‍ ബുക് ട്രസ്റ്റിന്‍റെ ചിത്രകഥകളും കുട്ടിപ്പുസ്തകങ്ങളും മലയാളപാഠാവലിക്കഥകളും പാട്ടുകളും റാദുഗ പബ്ലിഷേഴ്സിന്‍റേതടക്കമുള്ള റഷ്യന്‍ ബാലസാഹിത്യവും നൂറാവര്‍ത്തി വായിച്ചുതീര്‍ത്ത് പിന്നെയും കഥ വേണമെന്ന് മൂത്തമകള്‍ തേജുക്കുട്ടി ശാഠ്യം പറഞ്ഞപ്പോഴായിരുന്നു അത്. കുറേ ഉണ്ടാക്കിക്കഥകള്‍ പറഞ്ഞുകൊടുക്കലായി പിന്നെ. അതും മടുത്തപ്പോള്‍ സ്കൂട്ടറോടിക്കുന്ന, കൂളിങ് ഗ്ലാസുവയ്ക്കുന്ന ചക്കിപ്പൂച്ചയുടെയും അതിസാഹസികനും കുസൃതിയുമായ വീരുക്കടുവയുടെയും കഥകള്‍ അവളുടെ അച്ഛന്‍ നിരന്തരം ഉണ്ടാക്കിപ്പറഞ്ഞുപറഞ്ഞ് അവളെ രസിപ്പിച്ചു. തേജസ്വിനിക്ക് വായിച്ചുകൊടുക്കാനോ പറഞ്ഞുകൊടുക്കാനോ അതീവരസകരങ്ങളായ ബാലസാഹിത്യം തേടിച്ചെന്ന എനിക്കുമുന്നില്‍ പൊട്ടിവീണതായിരുന്നു ഓസ് നഗരത്തിലെ അദ്ഭുതമാന്ത്രികന്‍ എന്ന ആ ബാലനോവല്‍. പുസ്തകം വായിച്ചുതീര്‍ന്നതും ഞാനൊരു തീരുമാനമെടുത്തു – അത് ഞാന്‍ വിവര്‍ത്തനം ചെയ്യും. മലയാളത്തിന് അന്നുവരെ (ഇന്നുവരെയും) അപരിചിതമായ ഒരു ഇതിവൃത്തമായിരുന്നു ആ കൃതിയുടേത്. ഇതിവൃത്തത്തിലെ ആ അപരിചിതത്വം ക്രമേണ കഥാപാത്രസൃഷ്ടിയിലും ഞാന്‍ കണ്ടു. ആ സാഹസികതയും ധൈര്യവും (കഥാപാത്രത്തിന്‍റേതല്ല എഴുത്തുകാരന്‍റെ) എനിക്ക് അനല്‍പമായ ആഹ്ലാദവും അമ്പരപ്പുമാണ് സമ്മാനിച്ചത്.


ഡോറത്തി എന്ന കൊച്ചു പെണ്‍കുട്ടി താമസിച്ചിരുന്ന കാന്‍സസിലെ വീടിനെ ചുഴലിക്കൊടുങ്കാറ്റ് അടിച്ചുപറത്തി കുള്ളന്മാരായ മന്‍ച്കിനുകളുടെ ഒരു വിദൂരദേശത്തെത്തിക്കുന്നു. അവള്‍ക്കൊപ്പം അവളുടെ നായ ടോട്ടോ മാത്രമാണുണ്ടായിരുന്നത്. അനാഥയായ ഡോറത്തി അമ്മായിക്കൊപ്പം താമസിക്കുമ്പോഴാണ് ഒരുനാള്‍ കാറ്റ് അവളുടെ ജീവിതത്തെയാകെ അട്ടിമറിക്കുന്നത്. കുഞ്ഞുഡോറത്തി പക്ഷേ, തളര്‍ന്നില്ല, പേടിച്ചില്ല. അവള്‍ നടന്നുനടന്ന് വീട് കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. യാത്രയ്ക്കിടയില്‍ അവള്‍ കണ്ടെത്തുന്ന മൂന്നുപേരും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളിലുള്‍പ്പെട്ടവരാണ്. നോക്കുകുത്തി കരുതുന്നത് തനിക്ക് തലച്ചോറില്ലെന്നാണ്. എന്നാലാകട്ടെ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരം അയാള്‍ തന്നെ കണ്ടെത്തുകയും ചെയ്യും. സിംഹമാകട്ടെ താന്‍ പേടിത്തൊണ്ടനാണെന്ന് സ്വയം കരുതുന്നു. പക്ഷേ തന്‍റെ സുഹൃത്തുക്കളെ ആപത്തുകളില്‍നിന്നെല്ലാം രക്ഷിക്കുന്നത് സിംഹം തന്നെയാണ്. ഹൃദയമില്ലെന്ന് സ്വയം കരുതുന്ന തകരമനുഷ്യനാകട്ടെ എല്ലാവരോടും കരുണയും ദയയും ഉള്ളയാളുമാണ്. തലച്ചോറിനും (ബുദ്ധിക്കും) കരുത്തിനും ദയയ്ക്കുംവേണ്ടി അലയുന്ന ഈ മൂവര്‍സംഘത്തെ കൂടെക്കൂട്ടിയാണ് മരതകനഗരത്തിലെ അദ്ഭുതമാന്ത്രികനായ ഓസിനെ കാണാന്‍വേണ്ടി ഡോറത്തി (അവളുടെ ആവശ്യമാകട്ടെ ഏതുവിധേനയും വീടു കണ്ടെത്തണമെന്നുള്ളതാണ്. അയാള്‍ അവളെ അതിനു സഹായിക്കുമെന്ന് എല്ലാവരും പറഞ്ഞിട്ടുമുണ്ട്) എത്തുന്നത്. എന്നാല്‍ വെന്‍ട്രിലോക്വിസ്റ്റ് (ഉദരഭാഷകന്‍) ആയ ഓസ് ഒരു വെറുംതട്ടിപ്പുകാരനാണെന്നു ബോധ്യപ്പെടുന്നതോടെ (ഇതിനിടയില്‍ നൂറായിരം സംഭവങ്ങള്‍ ബോം കോര്‍ത്തിണക്കിയിട്ടുണ്ട് കേട്ടോ) തനിക്ക് സമ്മാനമായി കിട്ടിയ മാന്ത്രികഷൂസ് മൂന്നുതവണ നിലത്തു മുട്ടിച്ച് ‘എനിക്ക് കാന്‍സസിലേക്ക് തിരിച്ചുപോണം’ എന്നുപറഞ്ഞ് ഡോറത്തി തന്‍റെ പട്ടിക്കുട്ടിയുമായി നാട്ടിലെത്തുന്നു. തകരമനുഷ്യന്‍ വിങ്കികളെ ഭരിക്കാന്‍ നിയോഗിക്കപ്പെടുന്നു. നോക്കുകുത്തി മരതകനഗരം ഭരിക്കുന്നു. സിംഹം കാട്ടില്‍ മൃഗരാജാവാകുന്നു.

അതീവരസകരമായ ഈ കഥയില്‍ എന്നെ അമ്പരപ്പിച്ചത് കുഞ്ഞുസാഹസങ്ങളൊക്കെ നടത്താന്‍ ബോം നായകകഥാപാത്രമാക്കിയത് ഒരു പെണ്‍കുട്ടിയെ ആണെന്നതാണ്. അതു മാത്രമായിരുന്നില്ല, അവള്‍ കടന്നുപോകുന്ന വഴിയിലെ പല പ്രദേശങ്ങളും ഭരിക്കുന്നതും സ്ത്രീകളാണ്. അവരൊന്നും കണ്ണീര്‍വാര്‍ക്കുന്ന, നിസ്സഹായരായ, സഹായത്തിനുവേണ്ടി കേണപേക്ഷിക്കുന്ന, ഏതെങ്കിലും രാജകുമാരനോ വഴിപോക്കനോ ആണ്‍കുട്ടിയോ, മുതിര്‍ന്ന പുരുഷന്മാരോ വന്ന് തങ്ങളെ രക്ഷിക്കുമെന്ന്, പ്രതിസന്ധിയില്‍നിന്ന് അകറ്റണമെന്ന് കരുതി നിസ്സഹായരായി നില്‍ക്കുന്നവരായിരുന്നില്ല. അതിനു മുമ്പുണ്ടായിരുന്ന ഫെയറി ടെയ്ലുകളിലൊക്കെ നമ്മള്‍ കണ്ടുവന്നതെന്താണ്? റെഡ് റൈഡിങ് ഹുഡിന്‍റെ കഥ ഓര്‍മ്മയില്ലേ, സിന്‍ഡറെല്ലയുടെ കഥ ഓര്‍ക്കാമല്ലോ. റെഡ് റൈഡിങ് ഹുഡില്‍ വഴിപോക്കനായ മരംവെട്ടുകാരനാണ് ചെന്നായയില്‍നിന്ന് കൊച്ചുറൈഡിങ് ഹുഡിനെ രക്ഷിക്കുന്നത്. അടുക്കളപ്പണി ചെയ്തും വീട്ടുജോലികള്‍ സര്‍വതും ചെയ്തും രണ്ടാനമ്മയുടെയും മക്കളുടെയും കുത്തുവാക്കുകള്‍ക്കും പീഡനത്തിനും അവഹേളനത്തിനും പാത്രമായിക്കൊണ്ടിരുന്ന സിന്‍ഡറെല്ലയെ രാജകുമാരന്‍ വന്നാണ് രക്ഷിക്കുന്നത്. പറഞ്ഞതുകേട്ടില്ലെങ്കില്‍, കണ്ടില്ലേ റെഡ് റൈഡിങ് ഹുഡിന്‍റെ അവസ്ഥ വരും എന്ന് പേടിപ്പിച്ച് അനുസരണശീലക്കാരെ വാര്‍ത്തെടുത്തുകൊണ്ടിരുന്ന മാതാപിതാക്കള്‍ക്ക് കിട്ടിയ പ്രഹരമായിരുന്നു ഫ്രാങ്ക്ബോമിന്‍റെ ഡോറത്തിയെന്ന കുസൃതിക്കുടുക്ക. നിലവറയിലേക്ക് കൊച്ചുടോട്ടോയുമായി ചുഴലിക്കാറ്റടിക്കുന്നതിനുമുന്‍പ് ഓടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അവളുടെ വീടിനെ ചുഴറ്റിയെടുത്ത് കാറ്റ് മന്‍ച്കിനുകളുടെ നാട്ടില്‍ എത്തിക്കുന്നത്. എത്ര ധീരമായും സാഹസികമായുമാണ്, എത്ര ചടുലമായാണ്, എത്ര കാര്യഗ്രഹണശേഷിയോടെയാണ് ഡോറത്തി എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്നത്. അവളെ സഹായിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ഓസ് എന്ന മായാവിയാകട്ടെ പുരുഷനാണെന്നതുമാത്രമല്ല തികഞ്ഞ തട്ടിപ്പുകാരനുമായിരുന്നു.
ഫ്രാങ്ക് ബോം ഈ നോവല്‍ എഴുതുന്നത് 1900-ല്‍ ആണെന്നോര്‍ക്കണം. എന്നുവച്ചാല്‍ വോട്ടവകാശത്തിനുവേണ്ടി അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കും ഇരുപതുവര്‍ഷമെങ്കിലും മുമ്പ്. എന്തായിരിക്കും അതിനു കാരണം? ബോമിന്‍റെ കുടുംബത്തിനകത്തുതന്നെ അന്ന് വ്യക്തമായ സ്ത്രീമുന്നേറ്റത്തിന്‍റെ പ്രത്യക്ഷങ്ങള്‍ ഉണ്ടായിരുന്നു. ബോമിന്‍റെ ഭാര്യയും ഭാര്യാമാതാവും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നു മാത്രമല്ല, സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ചുള്ള ലേഖനങ്ങളും ഭാര്യാമാതാവ് എഴുതിയിട്ടുള്ള നിയമലേഖനങ്ങളും താന്‍ എഡിറ്ററായ ‘സണ്‍ഡേ പയനിയറി’ല്‍ ബോം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഫെമിനിസത്തിന്‍റെ, സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ വിത്തുകള്‍ വീണു മുളപൊട്ടിയ ആ വീട്ടില്‍നിന്നും ഒരു എഴുത്തുകാരന്‍ ഇതല്ലാതെ പിന്നെ എന്തെഴുതാന്‍.
മലയാളത്തിന് ഇപ്പോഴും അന്യമാണ് ഈയൊരു ആശയം. അതിപ്പോഴും കുറ്റിയില്‍ കിടന്നു കറങ്ങുന്ന കാളയാണ്. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ‘ദയ എന്ന പെണ്‍കുട്ടി’ പോലുള്ള അപൂര്‍വ്വം ചില രചനകളൊഴികെ എല്ലാംതന്നെ ആണ്‍മേല്‍ക്കോയ്മയുടെ വിളംബരങ്ങളാണ്. വിശ്വപ്രസിദ്ധമായ ഹാരിപോട്ടര്‍ സീരീസിലെ ഹെര്‍മയോണിയെ ഓര്‍മ്മയുണ്ടോ? അതിശക്തയായ ഒരു പെണ്‍കഥാപാത്രമാണവള്‍. ദുര്‍ബലകളാണ് സ്ത്രീകളെന്ന സ്റ്റീരിയോടൈപ്പിനെ ഹെര്‍മയോണിയുടെ കഥാപാത്രംകൊണ്ട് മറികടക്കുകയാണ് ജെ.കെ. റൗളിങ്. കൗശലവും കരുത്തും മാന്ത്രികതയും ഒത്തുചേര്‍ന്ന ഹാരിക്കും റോണിനുമൊപ്പം കുശാഗ്രബുദ്ധിയുള്ള, യുക്തിക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന, കര്‍ക്കശക്കാരിയായ ഹെര്‍മയോണികൂടി ചേര്‍ന്നപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഹാരിക്ക് വിജയങ്ങള്‍ കൊയ്തെടുക്കാനായത്. ഒരു നായകകഥാപാത്രത്തിന് സാഹിത്യവും ചലച്ചിത്രലോകവും കല്പിച്ചുകൊടുത്ത വീരസാഹസികതകളില്‍ ഒട്ടും കുറയുന്നില്ല ഹെര്‍മയോണിയുടേത്. അവള്‍ കരയുന്നില്ല, പതറുന്നില്ല. വിജ്ഞാനവും അറിവുമാണ് അധികാരം, അതാണ് കരുത്ത് എന്ന് പറയാതെ പറയുകയാണ് റൗളിങ് ഹെര്‍മയോണിയിലൂടെ. ഹെര്‍മയോണിയെ വിശേഷിപ്പിക്കാന്‍ റൗളിങ് ആദ്യകൃതിയിലുപയോഗിച്ച വാക്കുകളല്ല പിന്നീടുള്ള കൃതികളില്‍. ആ വിശേഷണങ്ങളിലെ വ്യത്യാസംകൊണ്ടുതന്നെ എത്ര കരുത്താര്‍ജ്ജിക്കുന്നു വളര്‍ച്ചയുടെ ഓരോ പടവുകളിലും ഹെര്‍മയോണിയെന്ന കഥാപാത്രം എന്നു നമുക്ക് തിരിച്ചറിയാനാവും.
ആണ്‍കുട്ടികള്‍ അല്ലെങ്കില്‍ മൃഗങ്ങളില്‍ ആണ്‍വര്‍ഗ്ഗത്തില്‍പ്പെട്ടവയായിരുന്നു മിക്ക ബാലനോവലുകളില്‍/കഥകളില്‍ കഥാപാത്രങ്ങളോ നായകരോ. വിധേയത്വവും അനുസരണശീലവും അടക്കവും ഭയവും ഉള്ളതും പെണ്‍കുട്ടികളും പെണ്‍വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളും. 19-ാം നൂറ്റാണ്ടുമുതല്‍ ഇങ്ങോട്ടുള്ള കഥകളെല്ലാമെടുത്തുനോക്കിയാല്‍ ഈ മാറ്റം വ്യക്തമാവും. കുഞ്ഞായിരിക്കുമ്പോള്‍ എനിക്കെന്‍റെ പേര് ‘റാപുന്‍സെല്‍’ എന്നാക്കണമെന്ന് വാശിപിടിച്ചിരുന്നു എന്‍റെ പുത്രി. സ്വര്‍ണ്ണത്തലമുടി പിന്നി ഒന്നാംനിലയിലെ ജനാലയ്ക്ക് പുറത്തേക്കിട്ട് അതിലൂടെ തടവറയില്‍ നിന്ന് രക്ഷിക്കാന്‍ ആളെ ക്ഷണിച്ചുവരുത്തുന്ന റാപുന്‍സലെന്ന ആ നായികയെ ‘നീണ്ടമുടി’യോടുള്ള ഇഷ്ടംകൊണ്ടാണ് മകള്‍ ആരാധിച്ചത്. കുറേക്കൂടി വളര്‍ന്നപ്പോള്‍ അവള്‍ക്ക് ആരാധന ഉണ്ണിക്കുട്ടനോടായി. തേക്കില വെട്ടി ചോരയിറ്റിക്കുന്ന, ആട്ടിന്‍കാട്ടം പോക്കറ്റിലിടുന്ന ഉണ്ണിക്കുട്ടന്‍ അവളെ രസിപ്പിച്ചു. ഹാന്‍സല്‍ ആന്‍ഡ് ഗ്രെറ്റലിലെ ഗ്രെറ്റല്‍ ദുഷ്ടയായ മന്ത്രവാദിനിയെ പറ്റിക്കുന്നതില്‍ അവള്‍ ആകൃഷ്ടയായി. ലൂയിസ് കാരളിന്‍റെ ആലീസിനെപ്പോലെ അവളും ചെറുതാകാനും വലുതാകാനും വേണ്ടി ചായക്കോപ്പയിലെ ചായ മാന്ത്രികലായനിയെന്നേ പാലെ കുടിച്ചു രസിച്ചു. ഇക്കഥകളിലെല്ലാം നമ്മള്‍ വായിച്ചു പരിചയിച്ച, അവള്‍ കേട്ടുപരിചയിച്ച പെണ്‍കഥാപാത്രങ്ങളെക്കാളും വിരുതുള്ളവളായിരുന്നു വിസഡ് ഓഫ് ഓസിലെ ഡോറത്തി. ആ നോവല്‍ വായിച്ചുകേട്ടതോടെ മകള്‍ ഡോറത്തിയുടെ ആരാധികയായി. അച്ഛന്‍റെ കഥകളിലെ വീരുക്കടുവയ്ക്കും ചക്കിപ്പൂച്ചയ്ക്കുമൊപ്പം താനും ഒരിക്കല്‍ കൊടുങ്കാറ്റില്‍പ്പെട്ടു വഴിതെറ്റുന്നത് അവള്‍ സ്വപ്നം കണ്ടു. എന്നിട്ട് മുന്നിലെത്തുന്ന ഓരോ പ്രതിബന്ധത്തെയും തട്ടിത്തകര്‍ത്ത് മുന്നേറി ഒടുവില്‍ സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തുന്നത് അവള്‍ സ്വപ്നം കണ്ടു. ‘പക്ഷേ ഞാന്‍ ഇങ്ങോട്ടു വരൂല്ലച്ഛാ…. മരതകനഗരം കീഴടക്കി അവിടെ താമസിക്കും. എന്തു രസമായിരിക്കും അത്’ എന്നവള്‍ കൊതിച്ചു.
പറഞ്ഞുവന്നതിതാണ്, ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ രാഷ്ട്രീയമായും സാമൂഹികമായുമുള്ള സ്ത്രീമുന്നേറ്റങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും മുമ്പുതന്നെ ഫ്രാങ്ക് ബോം തന്‍റെ കൃതിയിലൂടെ തികച്ചും ഫെമിനിസ്റ്റായ ഒരു കഥാപാത്രത്തെ വാര്‍ത്തുവച്ചു. ആ മാതൃകയില്‍നിന്ന് മുന്നോട്ടുപോകാന്‍ പിന്തുടര്‍ന്നുവന്ന എഴുത്തുകാരെ പ്രേരിപ്പിച്ചു. ഏതുതരത്തിലുള്ള പ്രതിബന്ധങ്ങളും തരണംചെയ്യാന്‍ സംഘബലം കൊണ്ടുകഴിയുമെന്നും അതല്ലെങ്കില്‍ യുക്തിയും ബുദ്ധിയും മതിയെന്നും തെളിയിച്ചു. വാര്‍പ്പുമാതൃകകളെ പിന്തുടരാതെ പുതിയൊരു ആശയം തന്‍റെ കഥാപാത്രത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു. സ്വാഭിപ്രായധീരരായ ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള കഠിനമായ യത്നത്തിലായിരുന്നു ബോം. അതിന്‍റെ ഒരു സ്ഫുരണമാണ് ഓസ് നഗരത്തിലെ അദ്ഭുതമാന്ത്രികനിലുള്ളത്. അത് പുസ്തകനാമം സൂചിപ്പിക്കുന്നതുപോലെ മാന്ത്രികനായ ഓസിന്‍റെ കഥയല്ല. മാന്ത്രികലോകത്തേക്ക് വായനക്കാരെ ക്ഷണിച്ചുകൊണ്ട് ഒരു അട്ടിമറി നടത്തുകയായിരുന്നു രചയിതാവ്. അട്ടിമറിയിലൂടെ സ്ത്രീവിമോചനത്തിന്‍റെ ആദ്യാങ്കുരങ്ങള്‍ അദ്ദേഹം കാണിച്ചുതന്നു. ഏതു പുസ്തകമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ചോദിച്ചാല്‍ ഓസിന്‍റെ കഥയെന്നല്ല ഡോറത്തിയുടെ കഥയില്ലേ അത് എന്നുപറയാന്‍തക്ക അടുപ്പത്തിലേക്കു ബോം പുസ്തകത്തിലൂടെ വായനക്കാരെ വലിച്ചിട്ടു. ഈ കൃതി വായിക്കാതെങ്ങനെ നമ്മുടെ തലമുറയ്ക്ക് വഴിമാറിനടക്കാനാവും.
വാട്ട് ഡസ് പാപ്പാ ഡു ബ്രിങ് ഹോം മണി ആന്‍ഡ് വാട്ട് ഡസ് മമ്മ ഡു ലേയ്സ് ഔട്ട് ദ മണി എന്ന് മകള്‍ ഉച്ചത്തില്‍ പാടുമ്പോള്‍ സന്തോഷംകൊണ്ട് മതിമറന്ന് കൈയടിക്കുന്നതിനുപകരം പിന്നേ അച്ഛന്‍ മാത്രമല്ല എന്‍റമ്മേം കൊണ്ടുവരുന്നുണ്ട് ജോലിചെയ്ത് പൈസ. എന്നിട്ട് ഞങ്ങളങ്ങ് ഒന്നിച്ച് ചെലവാക്കും എന്ന് നെഞ്ചുറപ്പോടെ പറയാന്‍ മകളെ പ്രേരിപ്പിച്ചതിന് ഈ ഡോറോത്തിക്കും ആലീസിനും ഗ്രെറ്റലിനും ഹെര്‍മയോണിക്കുമുണ്ടൊരു പങ്ക്.

 

 

 

 

 

ഡോ. രാധിക സി. നായര്‍

വിവര്‍ത്തക, ബാലസാഹിത്യകാരി

COMMENTS

COMMENT WITH EMAIL: 0