Homeചർച്ചാവിഷയം

ഒരു മാധ്യമ പ്രവര്‍ത്തകയുടെ അനുഭവ സഞ്ചാരങ്ങള്‍

നിതാ പ്രതാപ് പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും മാദ്ധ്യമപ്രവര്‍ത്തകയുമാണ് അനിതാ പ്രതാപ്. കോട്ടയം സ്വദേശി. 1983ല്‍ ശ്രീലങ്കയെ വിറപ്പിച്ച എല്‍.ടി.ടി.ഇ തലവന്‍ വേലുപിള്ള പ്രഭാകരനെ ഇന്‍റര്‍വ്യൂ ചെയ്ത ആദ്യ മാദ്ധ്യമപ്രവര്‍ത്തക. സി.എന്‍.എന്‍ ഇന്ത്യ ബ്യൂറോ ചീഫ് ആയിരുന്നു. താലിബാന്‍ കാബൂളില്‍ ആധിപത്യം സ്ഥാപിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മികച്ച ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള ജോര്‍ജ് പോള്‍ക്ക് പുരസ്കാരം നേടി. ശ്രീലങ്കയിലെ തമിഴ്പുലികളെക്കുറിച്ച് ഐലന്‍ഡ് ഒഫ് ബ്ളഡ് എന്ന പുസ്തകമെഴുതി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്നുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ല്‍ കേരള കലാമണ്ഡലത്തിന്‍റെ സ്ത്രീ രത്ന പുരസ്കാരം നേടി. ടാറ്റാ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥാനായിരുന്നു അനിതയുടെ അച്ഛന്‍. ജോലിയുടെ ഭാഗമായി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ജോലി ചെയ്യേണ്ടി വന്നു. ഒപ്പം കുടുംബത്തേയും കൊണ്ടുപോയതിനാല്‍ പല നാടുകളില്‍ പല സ്കൂളുകളിലായായിരുന്നു അനിതയുടെ വിദ്യാഭ്യാസം.

ഡല്‍ഹിയില്‍ ബി.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അനിതയെ ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ അന്നത്തെ എഡിറ്ററാറായ അരുണ്‍ ഷൂരി ജോലിക്കെടുത്തു. പിന്നീട് ബംഗളൂരുവിലേക്ക് സ്ഥലം മാറ്റം വാങ്ങി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് ജോലി ചെയ്തു. അധികം താമസിയാതെ സണ്‍ഡേ മാഗസിനില്‍ ചേര്‍ന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തിലായിരുന്നു അനിതയ്ക്ക് താത്പര്യം. ശ്രീലങ്കയിലെ വംശീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനിത പലയിടത്തും അലഞ്ഞു. 1983ല്‍ അവര്‍ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്‍റെ തലവന്‍ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തി. എല്‍.ടി.ടി.ഇ സ്ഥാപിക്കുന്നതിനുള്ള തത്ത്വചിന്തകളെക്കുറിച്ചും സര്‍ക്കാരിനെയും തന്‍റെ മുന്നോട്ടുള്ള പദ്ധതികളെയും ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വന്തം കൈകളിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും പ്രഭാകരന്‍ ലോകത്തിന് നല്‍കിയ ആദ്യത്തെ അഭിമുഖമായി ഇത് മാറി. പിന്നാലെ അനിത അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടു. ശ്രീലങ്കയില്‍ ജോലി തുടര്‍ന്നു അനിത 2003ല്‍ തന്‍റെ ആദ്യ പുസ്തകമായ ഐലന്‍ഡ് ഓഫ് ബ്ലഡ് പ്രസിദ്ധീകരിച്ചു.

ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചു, തുടര്‍ന്ന് എട്ട് വര്‍ഷത്തോളം ടൈം മാഗസിന്‍റെ ലേഖികയായിരുന്നു. 1993ലെ ബോംബെ സ്ഫോടനത്തിന് ശേഷം, ശിവസേനാ നേതാവ് ബാല്‍ താക്കറെയെ ടൈമിനായി അഭിമുഖം ചെയ്തു.
1996ല്‍ സി.എന്‍.എന്നില്‍ ടെലിവിഷന്‍ ജേണലിസ്റ്റായി ചേര്‍ന്നു. അറ്റ്ലാന്‍റ, ബാങ്കോക്ക് ബ്യൂറോകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് കാബൂള്‍ താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അച്ചടി മാദ്ധ്യമത്തില്‍ നിന്ന് ടെലിവിഷനിലേക്ക് മാറിയ അനിത, സാമൂഹിക വിഷയങ്ങളില്‍ വിവിധ ഡോക്യുമെന്‍ററികളും ചെയ്തു. ലൈറ്റ് അപ്പ് ദി സ്കൈയില്‍, കലാപകാരിയായ മിസോറാമിനെ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റുന്നത് വ്യക്തമാക്കിത്തരുന്നു.

ഓര്‍ഫന്‍സ് ഓഫ് ആന്‍ ആന്‍ഷ്യന്‍റ് സിവിലൈസേഷന്‍ ഡോക്യുമെന്‍ററി, കരകൗശല വിദഗ്ദ്ധരുടെ ദയനീയാവസ്ഥയും വെന്‍ ദ സോള്‍ ഗ്ലോസ് നാടോടി നൃത്ത പാരമ്പര്യങ്ങളും രേഖപ്പെടുത്തുന്നു. നാഗാ റെജിമെന്‍റിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയായിരുന്നു ശബാഷ് ഹല്ലേലൂജ.
2007ല്‍ ബാംഗ്ലൂരിലെ ഫോട്ടോഗ്രാഫറായ മഹേഷ് ഭട്ടുമായി ചേര്‍ന്ന് രണ്ടാമത്തെ പുസ്തകമായ അണ്‍സങ് പ്രസിദ്ധീകരിച്ചു. സമൂഹത്തെ സേവിക്കുന്ന ഒമ്പത് സാധാരണ ഇന്ത്യക്കാരെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

(കേരള പ്രസ് അക്കാഡമിയുടെ ‘അനുഭവസഞ്ചാരങ്ങള്‍’, വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

എനിക്ക് ചമേലി ദേവി ജെയിന്‍ അവാര്‍ഡ് ലഭിച്ച 1997 , മാധ്യമമേഖലയില്‍ ഘടനാപരമായ ഒരു മാറ്റം ദൃശ്യമായ കാലമാണ് . ആശയപരവും കാലാനുസൃതവും സാംസ്കാരികവും സാമൂഹികവും ഒക്കെയായുള്ള മാറ്റമായിരുന്നു അത് . നിഷ്കളങ്കതയുടെ ആ യുഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രശ്നപരിഹാരകരെന്ന നിലക്കാണ് വീക്ഷിക്കപ്പെട്ടത്. ഇന്നാവട്ടെ, പലരുടേയും അഭിപ്രായത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രശ്നങ്ങളുടെ ഭാഗമാണ്. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള മിക്കവാറും എല്ലാ മുഖ്യധാരാമാധ്യമങ്ങളുടേയും വിശ്വാസ്യ തക്കും സ്വതന്ത്ര നിലപാടുകള്‍ക്കും കനത്ത പ്രഹരമേറ്റു കൊണ്ടിരിക്കുന്ന കാലമാണിത് . കോര്‍പറ്റേറ്റുകള്‍, ഗവണ്‍മെന്‍റ്, രാജ്യങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ പലവിധ ലോബികളുടെ വക്താക്കളായി മാറിയിരിക്കുന്നു നടപ്പുകാല മാധ്യമങ്ങള്‍. ലോബികളും മാധ്യമങ്ങളും തമ്മിലുള്ള ഗൂഢാലോചന എക്കാലത്തും ഉണ്ടായിരുന്നു. അന്നുമിന്നുമുള്ള പ്രധാന വ്യത്യാസം പണ്ട് ഈ ഗൂഢാലോചനയും ഒത്തുകളിയും അത്ര കണ്ട് പ്രകടമല്ലായിരുന്നു എന്നതാണ്. അല്ലെങ്കില്‍, അത്രക്ക് സജീവമല്ലായിരുന്നു. എന്നാല്‍ ഇന്നത് മറനീക്കി പുറത്തു വന്നിരിക്കുന്നു. മാധ്യമങ്ങള്‍ ഇന്ന് കോര്‍പറേറ്റുകളുമായും ഗവണ്‍മെന്‍റുമായും അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരി ക്കുകയാണ് . ഇറാഖ് യുദ്ധത്തോടുകൂടിയാണ് എംബഡഡ് ജേണലിസം ശക്തമാവുന്നത്.

ഈ പ്രതിഭാസം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തരംതാഴ്ത്തിക്കഴിഞ്ഞു . നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈയൊരു ആശയം കാന്‍സര്‍പോലെ പ്രചരിക്കുകയും പത്രപ്രവര്‍ത്തകര്‍ പട്ടാളത്തോടു മാത്രമല്ല ഗവണ്‍മെന്‍റ്, കോര്‍പറേറ്റുകള്‍ തുടങ്ങി പൊതുവായ എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങളോടും കൈകോര്‍ത്തിരിക്കുന്നു . ഫോര്‍ത്ത് എസ്റ്റേറ്റിന്‍റെ തൂണുകള്‍ തകര്‍ന്നു തുടങ്ങിയിരിക്കുന്നു . ജനാധിപത്യത്തിന്‍റെ വിശ്വസ്തനായ കാവല്‍ നായയായി മാധ്യമങ്ങള്‍ വര്‍ത്തിക്കുന്നിടത്തോളം കാലം , ഇവ പ്രശ്നപരിഹാരത്തിനുള്ള ഉപാധിയാണ് . എന്നാല്‍ മാധ്യമങ്ങള്‍ അനുസരണയുള്ള വളര്‍ത്തു നായയായി, കുരക്കുന്നതായി അഭിനയിക്കുകയോ, പ്രത്യേകതരം കള്ളനെ കാണുമ്പോള്‍ മാത്രം കുരക്കുയോ ചെയ്യുമ്പോള്‍ അതു പ്രശ്നങ്ങളുടെ സ്രഷ്ടാവാകുന്നു . സ്ഥാപിതതാല്‍പര്യങ്ങളെ പ്രതിരോധിക്കാനുള്ള ഏകവഴി , ജനാധിപത്യത്തിന്‍റെ അവസാന അത്താണി യായ സ്വതന്ത്ര മാധ്യമങ്ങളും നീതിന്യായവ്യവസ്ഥയുമാണ്. അവ സ്വതന്ത്രവും , ധീരവും, സത്യസന്ധവുമ ല്ലാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രം മാത്രമല്ല ഈ ഭൂഗോളമാകെ അപകടത്തിലാണ് .

2006 ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അതിന്‍റെ 40 -ാം വാര്‍ഷികത്തില്‍ ‘ആഗോളവല്‍ക്കരണ കാലത്തെ മാധ്യമപ്രവര്‍ത്തനവും അതിന്‍റെ ധാര്‍മ്മികതയും’ എന്ന വിഷയത്തില്‍ ഒരു പഠനം തയ്യാറാക്കാന്‍ എന്നെ ചുമതലപ്പെടുത്തി . അതില്‍ ഞാനെഴുതി ‘ആശയങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമായും സത്യ സന്ധമായും ആവിഷ്ക്കരിച്ചിരുന്ന അങ്ങേയറ്റം മാന്യ മായ അവസ്ഥയില്‍ നിന്ന് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവയെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത വിധത്തില്‍ പണക്കാര്‍ക്കും അധികാരമുള്ള വര്‍ക്കും ബലവാന്മാര്‍ക്കും അസന്മാര്‍ഗികള്‍ക്കും വേണ്ടിയുള്ള തരംതാണ പ്രവര്‍ത്തനങ്ങളിലേക്ക് മാധ്യ മപ്രവര്‍ത്തകര്‍ അധഃപതിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വിഷമകരമായ ഒരു വസ്തുത. മാധ്യമമേഖല അസഹിഷ്ണുതയുടേയും വിഷലിപ്തമായ ചിന്തകളു ടേയും കമ്പോളമായി മാറിയിരിക്കുന്നു . അവിടെ കേവലം അഭിപ്രായങ്ങള്‍ വസ്തുതതകളായും മുന്‍വിധി അപഗ്രഥനമായും തെറ്റിദ്ധരിക്കപ്പെടുന്നു. അതിന്‍റെ ഫലമോ വക്രമായ, സത്യസന്ധമല്ലാത്ത സംവാദങ്ങളുണ്ടാവുന്നു . പേ പിടിച്ച് കുറച്ചുപേര്‍ക്ക് 5 മിനിട്ട് നേരത്തെ പ്രശസ്തി ലഭിക്കുന്നു . മനുഷ്യകു ലത്തെ മൊത്തം പ്രതിനിധാനം ചെയ്യുന്ന കാര്യമാത്ര പ്രസക്തവും നിയന്ത്രിതവും മിതത്വമാര്‍ന്നതുമായ ശബ്ദങ്ങള്‍ അവഗണിക്കപ്പെട്ടു . പണക്കാരുടെ പ്രവൃത്തി കള്‍ മാത്രം ഒപ്പിയെടുത്തു . പാവങ്ങളുടേതാവട്ടെ പാടെ അവഗണിക്കപ്പെട്ടു .

എന്‍റെ തലമുറയിലെ പ്രതിഭാധനരായ മാധ്യമ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത് ദശലക്ഷക്കണക്കിനു വരുന്ന നിരാലംബരായ ഇന്ത്യക്കാരുടെ ശബ്ദവും മുഖവും അടയാളപ്പെടുത്താനാണ് . സമ്പന്നര്‍ക്ക് എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരനെ ഇന്‍റര്‍വ്യൂ ചെയ്യുന്ന അനിത പ്രതാപിന് പബ്ലിക്ക് റിലേഷന്‍സ് ഏജന്‍റുമാരെ വിലക്കെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു . ദരിദ്രര്‍ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളൂ . അതുകൊണ്ടാണ് ഞാനൊരു പത്രപ്രവര്‍ത്തകയായത് . ഈ ലോകത്തെ നല്ലതാക്കു ന്നതിന് എന്‍റേതായ രീതിയില്‍ പരിശ്രമിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു . സത്യം , നീതി , സമത്വം , നല്ല ഭരണം തുടങ്ങിയ വലിയ കാര്യങ്ങളൊക്കെയാണ് എന്നെ പ്രചോദിപ്പിച്ചത് . പക്ഷെ എന്‍റെ റിപോര്‍ട്ടിങ് ഇവിടെ എന്തെ ങ്കിലും വ്യത്യാസം കൊണ്ടുവന്നോ ? ഇല്ല . ഇല്ലേയില്ല . സത്യസന്ധമായി പറഞ്ഞാല്‍ , എന്‍റെ റിപോര്‍ട്ടിങ് ഒരു വ്യത്യാസം ഉണ്ടാക്കുമായിരുന്നു എന്നു പറയുന്നതില്‍ ആത്മപ്രശംസയും പൊങ്ങച്ചവും ഉണ്ട്.’ വ്യത്യാസം ഉണ്ടാക്കുക എന്ന ആശയത്തെ തന്ത്രപരവും നയപരവുമാക്കി വിഘടിച്ചുകൊണ്ടാണ് ഞാനിതു വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത് . തന്ത്രപരമായി നോക്കുകയാണെങ്കില്‍ എന്‍റെ റിപ്പോര്‍ട്ടിങ് ചില മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും . 1983 , യുദ്ധത്തില്‍ ഛിന്നഭിന്നമാക്കപ്പെട്ട കൊളംബോയെക്കുറി ച്ചുള്ള എന്‍റെ ദൃക്സാക്ഷി വിവരണങ്ങളാണ് . ന്യൂനപക്ഷമായ തമിഴരെ സംരക്ഷിക്കാനെന്ന വ്യാജേന ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ദിരാ ഗാന്ധി ഉപയോഗപ്പെടുത്തിയത്. (മുമ്പ് രഹസ്യമായി അവര്‍ തന്നെയാണ് തമിഴരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതും എന്നത് മറ്റൊരു കഥ). തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിനെതിരെ ഞാന്‍ പുറത്തുകൊണ്ടു വന്ന മദ്യ അഴിമതിയാണ് ദൈവത്തെപ്പോല്‍ കരുതപ്പെട്ടിരുന്ന മനുഷ്യനെതിരെ സൂക്ഷ്മപരിശോധനയിലേക്കു നയിച്ചത്. ഒരു അനാഥാലയത്തിന്‍റെ പേരി ലുള്ള ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ കഴിഞ്ഞത് ഞാനത് റിപോര്‍ട്ട് ചെയ്തത് കൊണ്ടാണ് . അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. നയപരമായി നോക്കിയാല്‍ ഇതൊക്കെ എന്തെങ്കിലും മാറ്റം ഇവിടെ ഉണ്ടാക്കിയോ? ഇന്ത്യ ശ്രീലങ്കയിലെ തമിഴരെ രക്ഷിച്ചോ? അഴിമതി മുഴുവനായും തുടച്ചു നോക്കിയോ? ഭൂമാഫിയയുടെ ഭൂമികയ്യേറ്റം അവസാനിച്ചോ? ചെറിയ തോതില്‍പ്പോലും ഒന്നിനും വ്യത്യാസം വന്നില്ല. നയപരമായി എന്‍റെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല . അഴിമതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. എന്‍റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാനതില്‍ ദുഃഖിക്കേണ്ട കാര്യമില്ലെന്നാണ്. എന്തെന്നാല്‍ എന്‍റെ റിപോര്‍ട്ടിങ് അഴിമതിക്കും , തെറ്റായ പ്രവൃത്തികള്‍ക്കുമെതിരെ യുള്ള മതില്‍ക്കെട്ടുകള്‍ പണിതിട്ടുണ്ട് . 1980കളിലും 90കളിലും ഉള്ള എന്‍റെ അതേ തലമുറയില്‍പ്പെട്ട പത്രപ വര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ അഴിമതി ക്കെതിരെ നിലകൊണ്ടിട്ടുണ്ടോ?

1980 കളില്‍ 10 കോടിയുടെയോ 600 കോടിയുടെയോ അഴിമതിയുടെ പേരില്‍ നടന്ന ദേശീയസമരങ്ങളും ഗവണ്‍മെന്‍റ് അട്ടിമറിയും ഒക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴെനിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല . അനുഭവങ്ങളുടെ യുഗത്തില്‍ ഇപ്പോള്‍ നമുക്ക് 1.76 ലക്ഷം കോടി എന്നൊക്കെയുള്ള ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള തുക പറയാന്‍ കഴിയും . പണ്ടൊക്കെ ഒന്നുകില്‍ ലക്ഷങ്ങളുടെ അല്ലെങ്കില്‍ കോടികളുടെ അഴിമതിയായിരുന്നു നടക്കുക. അല്ലാതെ ലക്ഷവും കോടിയും ഒരുമിച്ചുവരില്ല. ആശയപരമായി നോക്കിയാല്‍ അഴിമതി, അനീതി , അസമത്വം തുടങ്ങി ഞങ്ങള്‍ പുറത്തു കൊണ്ടു വന്ന പല അപകടകരമായ പ്രശ്നങ്ങളും ഇന്ന് ഇന്ത്യയില്‍ അങ്ങേയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . അങ്ങേയറ്റം ആകാംക്ഷയോടും ആവേശത്തോടും ഊര്‍ജ്ജത്തോടുംകൂടി 20 -ാം വയസ്സില്‍ ഞാന്‍ പ്രവേശിച്ച ലോകത്തേക്കാള്‍, ഒരുപാട് മോശമായിരിക്കുന്നു ഇന്നത്തെ അവസ്ഥ. ഈ ലോകം മോശമാണെന്ന് ഞാന്‍ കരുതാന്‍ കാരണം ഞാന്‍ അന്നുമിന്നും എപ്പോഴും പ്രാധാന്യം നല്‍കുന്നത് മനുഷ്യന്‍റെ അന്തസ്സ്, സ്വാതന്ത്ര്യം, നീതി, ന്യായയുക്തത, സമാധാനം തുടങ്ങിയ സാര്‍വ്വലൗകികമായ മൂല്യങ്ങള്‍ക്കാണ്. ഐ ഫോണോ, ട്വിറ്ററോ എന്നെ ആവേശം കൊള്ളിക്കുന്നില്ല. തെറ്റിദ്ധരിക്കരുത്, പുതിയ സാങ്കേതികവിദ്യ പ്രത്യേകിച്ച് റോബോട്ടിക്സ് എന്നെ അദ്ഭുതപ്പെടുത്തുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നെ ത്രസിപ്പിക്കുന്നു. ശാസ്ത്രസംബന്ധമായ കണ്ടുപിടുത്തങ്ങള്‍ എന്നെ ആവേശം കൊള്ളിക്കുന്നു . സംഗീതവും കലയും എന്നെ സ്വാധീനിക്കുന്നതുപോലെത്തന്നെ . 1990 കളില്‍ വരെ വളരെക്കുറച്ചു പേര്‍ക്കുമാത്രമായിരുന്നു വിമാനയാത്ര പ്രാപ്യമായിരുന്നത്. എന്നാലിന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് കാണുമ്പോള്‍, സെല്‍ഫോണും കാറും വാഷിങ് മെഷീനും ഒക്കെ ധാരാളം ഇന്ത്യക്കാര്‍ സ്വന്തമാക്കുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നാ റുണ്ട് . വിശേഷാവകാശമുള്ള ഒരു വ്യക്തി എന്ന് നിലക്ക് വര്‍ഷങ്ങളായി എന്‍റെ ജീവിതം ഇന്‍റര്‍നെറ്റ് , ആരോഗ്യപരമായ ഭക്ഷണക്രമം, എയര്‍കണ്ടീഷണറുകള്‍ , ജെറ്റിലുള്ള സഞ്ചാരം, ജിം , സ്കൈപ്പ് തുടങ്ങിയവയാല്‍ അഭിവൃദ്ധി പ്രാപിച്ചതാണ്.

ലോകത്തിലെ ആകെയുള്ള ജനങ്ങളില്‍ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രം ലഭിക്കുന്ന ഈ സുഖസൗകര്യങ്ങളെ ഞാന്‍ താരതമ്യം ചെയ്യുന്നത് 200 കോടിയിലധികം വരുന്ന പാവങ്ങളുടെ ദാരിദ്ര്യത്തോടും ദുരിതത്തോടുമാണ്. അതുകൊണ്ടാണ് എനിക്ക് ഈ ലോകം അങ്ങേ യറ്റം മോശമാണെന്ന് തോന്നുന്നത്. ഈ 200 കോടി ആള്‍ക്കാര്‍ ജീവിക്കുന്നത്. അങ്ങേയറ്റം വൃത്തിഹീനവും, മലിനവും, നീതിയുക്തവുമല്ലാത്ത ഇടങ്ങളിലാണ്. അതുകൊണ്ടുതന്നെ മുഖ്യധാരാവാര്‍ത്താമാധ്യമങ്ങളുടെ ജോലി ഈ പാവങ്ങളുടെ ദുരിതമയ ജീവിതത്തില്‍ ശ്രദ്ധയൂന്നുകയാണ് എന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. (അല്ലാതെ പണക്കാരുടെ ഏറ്റവും പുതിയ വേഷഭൂഷാദികളെ ഒഴിയാബാധ പോലെ പിന്തുടരുകയല്ല വേണ്ടത് . ഈ ദരിദ്രജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നയങ്ങളും സാങ്കേതികവിദ്യയും, പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളും ഉയര്‍ത്തിക്കാട്ടണം). അതിനു കാരണമായി പറയുന്നത് ഇതൊക്കെയാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് എന്നാണ്. ഇതാണ് ടി.ആര്‍.പി. എന്ന വിഡ്ഢിത്തം ഞാനൊരു വിഡ്ഢിയാണെന്ന് ചിന്തിക്കാന്‍ കാരണം നല്ല മാധ്യമപ്രവര്‍ത്തനം എന്തുകൊണ്ടാണ് മോശം ടി.ആര്‍.പി. ആകുന്നതെന്ന് എനിക്കിതുവരെ മനസ്സി ലാകാത്തതാണ് . ഞാന്‍ ടെലിവിഷനില്‍ കാണുന്ന മിക്കവാറും പരിപാടികളെല്ലാം വളരെ വിരസമാണ്. അവ ടി.ആര്‍.പി. കുറയാന്‍ പാകത്തില്‍ പുതുമയും മൂല്യവും നഷ്ടപ്പെട്ടവയാണ് . ചില പ്രമുഖ പത്രങ്ങളും ചാനലു കളും പ്രേക്ഷകരില്‍ നിന്ന് വളരെ സത്യസന്ധമായി വിവരങ്ങള്‍ ശേഖരിക്കാറുണ്ട് . ജനങ്ങള്‍ നല്ല മാധ്യമപ്ര വര്‍ത്തനത്തിനുവേണ്ടി ദാഹിക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നു. പക്ഷെ ഞങ്ങളോട് അവര്‍ പറയുന്നത്. ഗൗരവകരമായ കാര്യങ്ങളെല്ലാം വിരസമാണെന്നാണ്. പക്ഷെ ഞാന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികളോട് പറയുന്നത് മറ്റൊന്നാണ്. വിരസമായ സംഭവ വിവരണങ്ങളല്ല, മറിച്ച് അരസികരായ വിവരണക്കാരാണ് ഉള്ളത്. പത്രപ്രവര്‍ത്തനം നമ്മെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കും. ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം ദാരിദ്ര്യത്തില്‍ മൂലകാരണം അഴിമതിയാണ് എന്നതാണ്. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി വകയിരുത്തുന്ന പണം മുഴുവന്‍ കൃത്യമായി അതര്‍ഹിക്കുന്നവരിലേക്ക് എത്തി യിരുന്നെങ്കില്‍ അവരിന്നും പാവങ്ങളായി തുടരില്ലായിരുന്നു. അഴിമതിയില്‍ ആറാടിയ വരേണ്യ അധികാര വര്‍ഗം പാവങ്ങള്‍ക്കുവേണ്ടി ആശുപത്രികള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ അവരൊരിക്കലും നിത്യരോഗികളായി മാറില്ലായിരുന്നു. വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, അവരുടെ കുട്ടികള്‍, ജോലി നേടുന്നതിനാവശ്യമായ ഏതെങ്കിലും കഴിവുകള്‍ ആര്‍ജ്ജിച്ചേനെ. വ്യവസായികള്‍ക്ക് കള്ളപ്പണം ഉണ്ടാക്കാനും അത് നികുതി കേന്ദ്ര ങ്ങളില്‍ നിന്ന് ഒളിപ്പിക്കാനും കഴിഞ്ഞിരുന്നില്ലെങ്കില്‍, അവര്‍ ഇന്ത്യയില്‍ ധാരാളം ഫാക്ടറികള്‍ സ്ഥാപിക്കുമാ യിരുന്നു . അത് ദരിദ്രര്‍ക്ക് കൂടുതല്‍ ജോലി സാധ്യ തയും തുറന്നു നല്‍കും. നമ്മുടെ വ്യവസ്ഥ അഴിമതിയില്‍ ആറാടി നില്‍ക്കുമ്പോള്‍ ദാരിദ്ര്യം എന്നന്നേക്കുമുണ്ടാവും. എങ്ങനെ ഒരു നല്ല ഭരണസംവിധാനത്തിന് ഒരു രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാന്‍ കഴിയും എന്നതിന്‍റെ മികച്ച ഉദാഹരണമാണ് നോര്‍വെയും ജപ്പാനും. രാഷ്ട്രത്തിന്‍റെ സമ്പത്ത് എങ്ങനെ ബുദ്ധിപരമായും ധാര്‍മ്മികമായും രാജ്യത്തെ പൗരന്മാരുടെ നന്മക്കുവേണ്ടി ഉപയോഗിക്കാമെന്നും അവര്‍ കാണിച്ചു തന്നു. അഴിമതി വിരുദ്ധ കൊടുങ്കാറ്റ് ഇന്ത്യയില്‍ ആഞ്ഞടിക്കുകയാണ്. പക്ഷേ ഇത് ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ മാത്രമുള്ളതാണോ? അതോ വരേണ്യ അധികാരവര്‍ഗ്ഗത്തിന് മാത്രം ജീവിക്കാന്‍ തക്കവിധത്തില്‍ പ്രത്യേകമായി ഉണ്ടാക്കപ്പെട്ടതും ഒരു മന്ദമാരുതനാക്കി ഇണക്കിയെടുത്തതുമാണോ ? ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ അതായത് മധ്യവര്‍ഗവും ദരിദ്രരും തെരുവിലേക്കിറങ്ങി ഇന്ത്യയെ പ്രക്ഷുബ്ധമാക്കിയില്ലെങ്കില്‍ ഈ കാറ്റ് ഒരു ചുഴലിക്കൊടുങ്കാറ്റായി ഒരി ക്കലും മാറുകയില്ല .

അഴിമതിയിലും അനീതിയിലും മുങ്ങിയ ഒരു സമൂഹത്തിന് ദീര്‍ഘനാള്‍ നിലനില്‍ക്കാനാവില്ല . ഈ തകര്‍ച്ച ഒഴിവാക്കാനായി ഒരു പക്ഷേ 20 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ശുദ്ധീകരണം നടന്നേക്കാം . അങ്ങനെ ഇന്ത്യ അഴിമതിയില്‍ നിന്നു സ്വതന്ത്രമായേക്കാം . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതുപോലെ ഒരു ചരിത്രപരമായ പ്രക്രിയയുടെ ഭാഗമാവുകയാണെങ്കില്‍ ഇതൊക്കെ സംഭവിച്ചേക്കാം . 1857 ല്‍ സംഭവിച്ചതു പോലെ , 90 വര്‍ഷങ്ങള്‍ക്കു ശേഷം 1947 ല്‍ നടന്നതു പോലെ , അതുകൊണ്ടാണ് വ്യക്തി ചരിത്രത്തെ സൃഷ്ടിക്കുന്നില്ല , മറിച്ച് ചരിത്രം വ്യക്തികളെ ഉണ്ടാക്കുകയാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടുന്നത്. ചരിത്രപരമായ പ്രക്രിയകള്‍ക്കെല്ലാം അവ സ്വാതന്ത്ര്യസമരമോ ദേശീയോദ്ഗ്രഥനമോ സാമ്പത്തിക പ്രതിസന്ധിയോ ആവട്ടെ – അതിനു പിന്നില്‍ വളരെ നീളത്തിലുള്ള പാതയുണ്ട് . വളരെ പെട്ടെന്നുള്ള മാറ്റങ്ങളും സംഭവങ്ങളും ഒക്കെ ആഴ്ചതോറും സംഭവിച്ചേക്കാം. പക്ഷേ, യഥാര്‍ത്ഥ്യവും അര്‍ത്ഥപൂര്‍ണ്ണവു മായ മാറ്റം സംഭവിക്കാന്‍ ദശാബ്ദങ്ങളെടുക്കും . എന്നെ ഞാനാക്കി വാര്‍ത്തെടുത്തത് പത്രപവര്‍ത്തനമാണ്. അതെന്നെ വശീകരിച്ചു. പ്രചോദിപ്പിച്ചു. രോഷം കൊള്ളിച്ചു. സങ്കടപ്പെടുത്തി. പത്രപ്ര വര്‍ത്തനമായിരുന്നു എന്‍റെ ജീവിതം. ഇന്ത്യയിലെ നിരവധി സ്ത്രീകള്‍ പത്രപ്രവര്‍ത്തകരും യുദ്ധലേഖകരും ഒക്കെ ആയതിനു പിന്നില്‍ എന്‍റെ ജീവിതം നല്‍കിയ ധൈര്യമുണ്ട്. അവര്‍ കേവലം അമ്മമാരില്‍ നിന്നു നിര്‍ഭയരും സ്വതന്ത്രരുമായ സ്ത്രീകളായി മാറാന്‍ എന്‍റെ ജീവിതം പ്രചോദനമായിട്ടുണ്ട്. ഞാനിതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ മറ്റാരെങ്കിലും ഇതുവഴി വന്നേനെ. ഒരു പക്ഷേ, കുറച്ചു വൈകിയാവാം, അല്ലെങ്കില്‍ വളരെ പതുക്കെ ഇന്ത്യയിലെ സ്ത്രീകള്‍ മുമ്പേ തന്നെ സ്വാതന്ത്ര്യത്തിന്‍റേയും നേട്ടങ്ങളുടേയും പാതയില്‍ പ്രവേശിച്ചതു കൊണ്ട് ഇതൊക്കെ സാധ്യമാവും. ഞാനൊരു പ്രതിഭാസമുണ്ടാക്കിയിട്ടില്ല. മറിച്ച് പ്രതിഭാസം എന്നെയാണ് സൃഷ്ടിച്ചത്. ഇന്ത്യ അഴിമതിയില്‍ നിന്നും അനീതിയില്‍ നിന്നും മുക്തമാവും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ അടിമുടി ത്രസിപ്പിക്കും. ഇതിനു വേണ്ടി ഞാന്‍ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ യാതൊരു അവകാശവാദവും ഉന്നയിക്കില്ല . ജീവിതം വ്യര്‍ത്ഥമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. നിങ്ങള്‍ എന്തില്‍ അടിയുറച്ചു വിശ്വസിക്കുന്നുവോ, അതുതന്നെ പ്രവൃത്തിയിലും വരുത്തണം. വിജയിച്ചാലും ഇല്ലെങ്കിലും നാമതില്‍ നിന്ന് പിന്മാറാന്‍ പാടില്ല.’ നിങ്ങള്‍ ഫലം ഇച്ഛിക്കാതെ നിങ്ങളുടെ കര്‍മ്മം ചെയ്യുക എന്നാണല്ലോ ഗീതയില്‍ പറയുന്നത്. കര്‍മ്മം എന്നത് ആധുനിക യുഗത്തിന്‍റെ ഭാഷയില്‍ ജോലി എന്നര്‍ത്ഥമാവും. അതൊരിക്കലും വ്യക്തിപരമായ ഉന്നമനമോ, നേട്ടങ്ങളോ പ്രശസ്തിയോ സമ്പത്തോ ലക്ഷ്യം വച്ചുള്ളതാവരുത്. നമ്മുടെ ജോലിയില്‍ ഇതൊക്കെ കടന്നുവന്നേക്കാം. പക്ഷേ സമൂഹത്തിനും മനുഷ്യകുലത്തിനും പരിസ്ഥിതിക്കും ഒക്കെ ഗുണകരമാവുന്ന പ്രവൃത്തിയാവണം നമ്മള്‍ ചെയ്യേണ്ടത്. പത്രപ്രവര്‍ത്തനം വഴിയുണ്ടാക്കിയ നേട്ടങ്ങളുടെ കാര്യത്തില്‍ ഞാനൊരു പരാജയമാണ്. പക്ഷേ, സമ്പന്നവും അര്‍ത്ഥപൂര്‍ണ്ണവും അഭിനന്ദനാര്‍ഹവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതമാണ് ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് വളരെ വ്യക്തമായിട്ടറിയാം . ഇനി എന്താണ് അടുത്തതായി എനിക്ക് ബാക്കി യുള്ളത്. ഞാന്‍ എല്ലായ്പ്പോഴും എന്നെ പുതുതായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഞാന്‍ എന്നെ പുതുക്കിപ്പണിഞ്ഞതെല്ലാം പത്രപ്രവര്‍ത്തനത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളിലായിരുന്നു. ദേശീയപത്ര ങ്ങള്‍ക്കു വേണ്ടിയുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്നും മാസികകളിലേക്ക് അച്ചടി മാധ്യമങ്ങളില്‍ നിന്നും ടെലിവിഷന്‍ മാധ്യമമേഖലകളിലേക്ക്, ഒരു സിറ്റി റിപ്പോര്‍ട്ടറില്‍ നിന്നും അന്തര്‍ദേശീയ ടെലിവിഷന്‍ ലേഖികയിലേക്ക് മുഴുവന്‍ സമയ പത്രപ്രവര്‍ത്തനത്തില്‍ നിന്നും ഫ്രീലാന്‍സിലേക്ക് അങ്ങനെ എത്രയെത്ര പുത്തന്‍ കണ്ടെത്തലുകള്‍. ഈ ലോകത്തെ വളരെ നല്ലൊരിടമാക്കി മാറ്റാന്‍ ഞാനിപ്പോഴും പരിശ്രമിക്കുന്നു .

പക്ഷേ സമകാലീന മാധ്യമപരിസരത്തില്‍ പത്രപ്രവര്‍ത്തനമായിരുന്നോ എന്‍റെ ശരിയായ ആയുധമെന്ന് ഞാനിപ്പോഴും സംശയിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍റെ അനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. വിയന്ന, റിയാദ്, ഓസ്ലോ, ടോക്കിയോ തുടങ്ങി ലോകത്തിന്‍റെ വിവിധ കോണുകളില്‍ എനിക്ക് ജീവിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. തീര്‍ത്തും വിരുദ്ധമായ സംസ്കാരങ്ങളില്‍ , വ്യവസ്ഥകളില്‍, മാധ്യമങ്ങളില്‍, ഭരണസംവിധാനങ്ങളില്‍ എനിക്ക് ഇറങ്ങിച്ചെല്ലേണ്ടി വന്നിട്ടുണ്ട്. പല രാജ്യങ്ങളും ചെയ്ത ഭീകരമായ തെറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വര്‍ണ്ണശബളമായ നേട്ടങ്ങള്‍ കൊയ്ത രാജ്യങ്ങളെയും എനിക്കറിയാം. ചോദ്യം ഇതാണ്, എന്തൊക്കെ തെറ്റുകളാണ് നാം ഒഴി വാക്കേണ്ടത് ? എന്തൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടത് ? എങ്ങനെയാണ് നല്ല ആശയങ്ങള്‍ കടമെടുത്തു കൊണ്ട് നല്ല ഭരണസംവിധാനം നടത്തി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനാവുക? ഇന്ത്യയിലും മറ്റെല്ലായിടത്തും ഗവണ്‍മെന്‍റും വ്യവസ്ഥിതികളും എത്രത്തോളം ശക്തമാണെന്ന് ഞാന്‍ കണ്ടതാണ്. ആരാണ് ഡ്രൈവിങ് സീറ്റില്‍ എന്ന തിനെ ആശ്രയിച്ചാണ് നേട്ടമാണോ നഷ്ടമാണോ ഉണ്ടാവുക എന്നു പറയാന്‍ കഴിയുക . കോര്‍പറേറ്റുകളുടെ കാര്യത്തിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കുക . ഇപ്പോഴത്തെ എന്‍റെ ചോദ്യം, എങ്ങനെ നയങ്ങളെ നല്ലരീതിയില്‍ സ്വാധീനിക്കാം, എങ്ങനെ ഗവണ്‍മെന്‍റിനെക്കൊണ്ട് ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യിക്കാം എന്നുള്ളതാണ്. ഉല്‍സാഹഭരിതരും ഉദ്ദേശ ശുദ്ധിയുള്ളവരുമായ ആളുകളുടെ കഴിവും ഊര്‍ജ്ജവും അനുഭവസമ്പത്തും എങ്ങനെ എല്ലായ്പ്പോഴും മൂര്‍ച്ച കൂട്ടി വെക്കാം ? അങ്ങനെ നമുക്കൊരുമിച്ച് നമ്മുടെ സമൂഹത്തെ എല്ലാ ഇന്ത്യക്കാര്‍ക്കും നല്ല രീതിയില്‍ ജീവിക്കാന്‍ അനുയോജ്യമായ നല്ലൊരിടമാക്കി മാറ്റാം. ഞാന്‍ ഈ ചിന്തകളെ ഇപ്പോള്‍ മുറുകെ പിടിച്ചിരിക്കുകയാണ്. അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ക്കു വേണ്ടി എനിക്കെന്തൊക്കെ ചെയ്യാന്‍ കഴിയും? അധികാരം, പ്രൗഢി, വിശേഷാവകാശങ്ങള്‍ തുടങ്ങിയവ എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല . അവയെല്ലാം എനിക്കുണ്ടായിരുന്നെങ്കില്‍ കൂടി , എങ്ങനെ എനിക്കെന്‍റെ സ്വതസിദ്ധമായ കഴിവുകള്‍, തൊഴിലിലെ പ്രാഗല്‍ഭ്യം , വ്യക്തിപരമായ അനുഭവങ്ങള്‍ തുടങ്ങി യവ രാജ്യത്തിന്‍റെ നല്ല മാറ്റങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതാണ് എന്‍റെ ഏറ്റവും ലളിതമായ ചോദ്യം. എവിടെ നിന്ന് ഉത്തരം കണ്ടെത്താനാവും എന്നെനിക്കറിയില്ല . പക്ഷേ ഉത്തരം എന്നെ കണ്ടെത്തും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അത് എല്ലായ്പ്പോഴും അങ്ങനെത്തന്നെയാണ്.

(കേരള പ്രസ്സ് അക്കാദമി 2014 ല്‍ പ്രസിദ്ധീകരിച്ച അനുഭവ സഞ്ചാരങ്ങള്‍ : വനിത മാധ്യമ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ നിന്ന് എടുത്ത ലേഖനം) അനിതാ പ്രതാപ് 30 വര്‍ഷത്തോളമായി പത്രപ്രവര്‍ത്തക, എഴുത്തുകാരി, ഡോക്യുമെന്‍ററി ഫിലിം മേക്കര്‍ എന്നീ നിലകളില്‍ പ്രശസ്ത, ഇന്ത്യടുഡെ, ഇന്ത്യന്‍ എക്സ്പ്രസ്, ടൈം തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്തു. സി.എന്‍.എന്‍. സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയിരുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് അവര്‍ക്ക് ജോര്‍ജ് പോള്‍ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1997 ല്‍ ചമേലിദേവി ജെയിന്‍ അവാര്‍ഡ്, 2007 ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള ലൈഫ് ടൈം അവാര്‍ഡ് തുടങ്ങി നിരവധി ഇന്ത്യന്‍ അമേരിക്കന്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മഞ്ജു എം. ജോയ്
കേരളകൗമുദി
സീനിയര്‍ സബ് എഡിറ്റര്‍.

 

COMMENTS

COMMENT WITH EMAIL: 0