Homeചർച്ചാവിഷയം

ഓര്‍മ്മകളും, മറവികളും, മുന്നോട്ടുള്ള കാല്‍വയ്പ്പുകളും : നേപ്പാളിലെ മാവോയിസ്റ്റ് പീപ്പിള്‍സ് പോരാട്ടത്തിലെ പെണ്‍ ഗറില്ലകള്‍

അമൃത പ്രീതം ഗോഗോയ്

മ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്‍റെ നേതൃത്വത്തില്‍ നേപ്പാളില്‍ നടത്തിയ മാവോയിസ്റ്റ് പീപ്പിള്‍സ് പോരാട്ടം (Maoist People’s War/ M P W ) പ്രധാനമായും സമൂഹത്തിലെ ജന്മിത്ത-പിതൃമേധാവിത്വ -ജാതീയ- വര്‍ഗ്ഗ- ലിംഗപരമായ വിവേചനങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമായിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍ 30 മുതല്‍ 40 ശതമാനം വരെ സ്ത്രീകളുടെ പങ്കാളിത്തമാണ് MPWല്‍ ഉണ്ടായിരുന്നത്.
വ്യക്തി ജീവിതത്തില്‍ അനുഭവിച്ച വിവേചനങ്ങള്‍ക്കെതിരെ പൊരുതുവാനുറച്ചാണ് സ്ത്രീകള്‍ ങജണല്‍ ചേര്‍ന്നത്. ചിലര്‍ ആശയപരമായ ഐക്യം കാരണം പോരാട്ടത്തില്‍ പങ്കെടുത്തു. മറ്റുചിലര്‍ പാരമ്പര്യമായി മാവോയിസ്റ്റ് പ്രസ്ഥാനത്തോടുള്ള അവരുടെ അടുപ്പം കാരണം പോരാട്ടത്തില്‍ പങ്കെടുത്തു. അതോടൊപ്പം ആയുധമെടുക്കുവാനും, യൂണിഫോമില്‍ നടക്കുവാനുമുള്ള അവസരമായിക്കണ്ടു MPWല്‍ ചേര്‍ന്ന സ്ത്രീകളുമുണ്ട്. ഈ പോരാട്ടത്തില്‍ സ്ത്രികള്‍ പങ്കെടുത്തതിനെക്കുറിച്ചു ഥാപ്പ പറയുന്നത് ‘ചിലര്‍ ഇതൊരു അര്‍ത്ഥപൂര്‍ണ്ണമായ ഒരു സാമൂഹികപ്രവര്‍ത്തനമായി (Thapa 2003: 94) കണ്ടുകൊണ്ടു ഈ പോരാട്ടത്തില്‍ പങ്കെടുത്തു. കാരണം പിതൃമേധാവിത്വപൂര്‍ണ്ണമായ ഒരു സമൂഹവും ഭരണകൂടവും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയോ അവസരം നല്കുകയോ ചെയ്യുന്നില്ല. ബ്രാഹ്മണ കുടുബത്തില്‍ ജനിച്ച ആസ്ഥാ എന്ന പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്നത്. തന്‍റെ സാമൂഹിക സാമ്പത്തിക ആനുകുല്യങ്ങള്‍ക്കപ്പുറം സമൂഹത്തില്‍ സ്വതന്ത്രമായി ഇടപെടുവാനുള്ള അവസരമായിട്ടാണ് അവര്‍ ഈ പോരാട്ടത്തെ കണ്ടത്. ആസ്ഥയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ ആളുകളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുവാന്‍’ വേണ്ടിയുള്ള ഒരിടമായിരുന്നു ഈ പോരാട്ടം. ഒരിക്കല്‍ ഒരു ദളിത് സ്ത്രീ പൊതുവേദിയില്‍ ആത്മാവിശ്വാസത്തോടെ സംസാരിക്കുന്നത് ആസ്ഥ കണ്ടു. ഇത് ജാതിപരവും, വര്‍ഗ്ഗപരവുമായ ആനുകൂല്യങ്ങള്‍ക്കപ്പുറം ആത്മാവിശ്വാസത്തോടെ സ്വതന്ത്രമായി സാമൂഹിക ഇടപെടല്‍ നടത്തുവാനുള്ള ഒരിടം ആവശ്യമാണെന്ന് തോന്നല്‍ ആസ്ഥയിലുണ്ടാക്കി. പാര്‍ട്ടിയുടെ സമരമുഖത്ത് സ്ത്രീകളുടെ പ്രാതിനിത്യം വിവിധ രീതിയിലായിരുന്നു നടന്നത്. അവര്‍ സംഘാടകരായി, സായുധ സംഘമായി , മാത്രമല്ല മുഖ്യ ധാര സംഘ മുന്നേറ്റങ്ങളിലും സ്ത്രീകളിടപ്പെട്ടു. വിവിധ തുറകളില്‍ നിന്നുള്ള സ്ത്രികള്‍ ഈ പോരാട്ടത്തില്‍ അണിചേര്‍ന്നു. ഡോക്ടര്‍മാര്‍, സംഘാടകര്‍, വിദ്യാഭാസ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ചാരപ്രവര്‍ത്തകര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ത്രീകള്‍ ഈ പോരാട്ടത്തിന്‍റെ ഭാഗമായി.

2016 ല്‍ ഞാന്‍ ഗവേഷണത്തിനുവേണ്ടി ഘോരാഹി (Ghorahi) നഗരത്തില്‍ നിന്നും പരിചയപ്പെട്ട രാധിക ഒരു സാംസ്കാരിക പ്രവര്‍ത്തകയായാണ് ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്നത്. രാധികയും സംഘവും നേപ്പാളിലുടനീളം വിപ്ലവ നാടകങ്ങളെഴുതി അവതരിപ്പിച്ചു. കവിതകളിലൂടെയും പാട്ടുകളിലൂടെയും പോരാട്ടത്തിനുവേണ്ടിയുള്ള ആശയം പ്രചരിപ്പിച്ചു. രാധിക പറയുന്നു ‘ഞങ്ങള്‍ സാംസ്കാരിക പ്രവര്‍ത്തകരും പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (PLA) ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളായാണ് പ്രവര്‍ത്തിച്ചത്. ഒരു കൂട്ടര്‍ പോരാട്ട മുഖത്ത് പ്രവര്‍ത്തിച്ചപ്പോള്‍ മറ്റൊരു കൂട്ടമായ ഞങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിച്ചു’. മറ്റൊരു സാംസകാരിക പ്രവര്‍ത്തകയായ പ്രഗതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണു പോരാട്ടത്തെ കൂടുതല്‍ ജനങ്ങള്‍ക്കിടയിലെത്തിച്ചതെന്നു വിശദമാക്കി. പോരാട്ടത്തിലൂടെയുണ്ടായ നേട്ടങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കുമൊപ്പം നഷ്ടങ്ങളേയും, അക്രമങ്ങളേയും, മരണങ്ങളേയും എങ്ങനെയാണ് ന്യായികരിച്ചതെന്നും പ്രഗതി പറഞ്ഞു. ഞാന്‍ ഗവേഷണത്തിനായി പരിചയപ്പെട്ട ഓരോ സ്ത്രീകള്‍ക്കും ഈ ഒളിപ്പോര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. അതുമാത്രമല്ല, പോരാട്ടത്തിനോടനുബന്ധിച്ചുള്ള അരക്ഷിതാവസ്ഥയും, ഭീഷണികളും, കുടുബത്തില്‍നിന്നുള്ള ഒഴിവാക്കലുകളും, അപകടകരമായ അവസ്ഥയെ കൈകാര്യം ചെയ്യുവാനാവുമോ എന്നിങ്ങനെയുള്ള ആത്മസംഘര്‍ങ്ങളും ഈ സമയത്ത് അവര്‍ക്കുണ്ടായിരുന്നു.
അവരില്‍ ചിലര്‍ തങ്ങളുടെ പഴയ കാലത്തെക്കുറിച്ചും വന്ന വഴികളെക്കുറിച്ചും സംസാരിക്കുവാന്‍ കൂടുതല്‍ താല്പര്യം കാണിച്ചപ്പോള്‍ രാധിക മാത്രം ഇവയോടെല്ലാം വിമുഖത പ്രകടിപ്പിച്ചു. രാധികയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് അവരുടെ സുഹൃത്തും, സഖാവുമായ ബിദ്യയോടുമൊപ്പമാണ്. ബിദ്യയുടെ ഭര്‍ത്താവായ ബസന്തും സഹോദരി മായയും ഒപ്പമുണ്ടായിരുന്നു. ‘എപ്പോഴാണ്, എങ്ങനെയാണ് ഈ പോരാട്ടത്തില്‍ ചേര്‍ന്നത്?’ എന്ന എന്‍റെ ചോദ്യത്തെ രാധിക ബോധപൂര്‍വ്വം അവഗണിച്ചു. എന്‍റെ ചോദ്യങ്ങള്‍ ബിദ്യ പരിഭാഷപ്പെടുത്തി പലതവണ ചോദിച്ചെങ്കിലും രാധിക അതിനോട് പ്രതികരിക്കുവാന്‍ തയ്യാറായില്ല. നേപ്പാളിന്‍റെ പടിഞ്ഞാറന്‍ മേഖലയായ മഹാകലിയില്‍ (Mahakali) നിന്നുമാണ് രാധിക ഘോരാഹിയില്‍ (Ghorahi) വന്ന് താമസിക്കുന്നത്ത്. ഒറ്റയ്ക്ക് ഘോരാഹിയില്‍ താമസിച്ചു അവിടുത്തെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലെല്ലാം അവര്‍ ഇടപെടുന്നുമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട രാധിക സഹോദരന്മാര്‍ക്കൊപ്പമാണ് ജീവിച്ചത്. പതിനൊന്നാം വയസ്സില്‍ അവളെ വിവാഹം ചെയ്യ്തു പറഞ്ഞയച്ചു. പതിമൂന്നമത്തെ വയസ്സില്‍ അവള്‍ കുടുംബം ഉപേക്ഷിച്ച് സായുധ പോരാട്ടത്തില്‍ അണിചേര്‍ന്നു. രാധികയുടെ ഈ ജീവിതം RIM ജേര്‍ണ്ണലിസ്റ്റായ ലീ ഓണസ്റ്റോയുടെ  ഗറില്ലാ പോരാട്ടങ്ങളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ‘1996ല്‍ സായുധപോരാട്ടമാരംഭിച്ചപ്പോള്‍ സ്ത്രീകളുടെ വന്‍ മുന്നേറ്റവും പങ്കാളിത്തവുമുണ്ടായി. അവര്‍ കുടുംബത്തെ ധിക്കരിച്ചും, യാഥാസ്ഥിതികരായ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചും, മാതാപിതാക്കന്മാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ഒളിച്ചോടിയും പോരാട്ടത്തില്‍ ചേര്‍ന്നു. സ്ത്രീകളെ താഴ്ത്തികെട്ടുന്ന എല്ലാത്തരം വിവേചനങ്ങളോടുള്ള വിപ്ലവം കൂടിയായിരുന്നു അവര്‍ക്ക് ഈ പോരാട്ടം” ( Onesto 2005:116)

ഭൂതകാലത്തെ ഓര്‍മ്മിച്ചെടുക്കുവാനും, അതു പറയുവാനുമുള്ള രാധികയുടെ ഈ വിമുഖത എന്തുകൊണ്ടായിരിക്കും? വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ മറന്ന് മുന്നോട്ടുള്ള ജീവിതത്തിനായി ചില ഓര്‍മ്മകളെ മാത്രം ക്രമീകരിക്കുന്ന രീതിയാകാം അവര്‍ പിന്തുടരുന്നത്. ഈ ക്രമീകരണങ്ങള്‍ മനപൂര്‍വ്വം മറക്കുന്ന പല കാര്യങ്ങളുമുണ്ട്. സ്ത്രീകള്‍ അനുഭവിച്ച മാനസീക സംഘര്‍ഷങ്ങള്‍, അപമാനങ്ങള്‍, പുറത്താക്കലുകള്‍, തുടങ്ങിയവയുടെ ആഘാതങ്ങള്‍ പോരാട്ടം അവസാനിച്ചും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും അവരെ എങ്ങനെയാണ് പിന്തുടരുന്നതെന്നുള്ള കാര്യം ആ മറവികളിലുടനീളമുണ്ട്. രാധിക എപ്പോഴും മറുപടി പറയുവാന്‍ മടിക്കുന്നത് അവളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ്. ലോകം തന്നെക്കുറിച്ച് എന്തറിയണം, എങ്ങനെ മനസിലാക്കണം എന്നെല്ലാം അവര്‍ക്ക് കൃത്യമായ ധാരണകളുണ്ട്. ആ ധാരണകള്‍ക്കുള്ളില്‍ നിന്നുമുള്ള ഉത്തരങ്ങളാണ് അവള്‍ പലപ്പോഴും പറഞ്ഞിരുന്നതും. ഞങ്ങള്‍ കണ്ടുമുട്ടിയ നാലു ദിവസങ്ങളിലും രാധികയും സുഹൃത്തുക്കളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ വിപ്ലവ ഗാനങ്ങള്‍ പാടിയിരുന്നു. ഇടയ്ക്കു നേപ്പാളി സ്ത്രീകളുടെ വ്രതമായ തീജൂമായി ബന്ധപ്പെട്ട ചില പാട്ടുകളും പാടി. പക്ഷെ, കുറച്ചു വരികള്‍ പാടിയിട്ടു ‘ഇത്തരം പാട്ടുകളെനിക്കറിയില്ല, എനിക്ക് വിപ്ലവ ഗാനങ്ങളാണറിയുക’ എന്നുപറഞ്ഞു അവ നിര്‍ത്തി ഒന്നിനുപുറകെ ഒന്നായി വിപ്ലവഗാനങ്ങള്‍ പാടി. ആ പാട്ടിനൊപ്പം ബിദ്യയും, ബസന്തും നൃത്തവുമാടി. അപ്പോള്‍ അവര്‍ മൂന്നുപേരും ആ പാട്ടുകളിലൂടെ പോരാട്ട നിമിഷങ്ങളെ ഓര്‍ത്തെടുത്ത് ജീവിക്കുകയാണെന്ന് തോന്നി.

ഈ പാട്ടുകളില്‍ ‘നവ നേപ്പാളി’നെക്കുറിച്ചുള്ള സ്വപ്നങ്ങളും പോരാട്ടങ്ങളും അതില്‍ നഷ്ട്ടപ്പെട്ട ജീവിതങ്ങളും തോറ്റ സമരങ്ങളെക്കുറിച്ചുമെല്ലാമുണ്ടായിരുന്നു. എന്നാല്‍ വിപ്ലവ ഗാനങ്ങളല്ലാതെ മറ്റൊന്നും പാടുന്നില്ല എന്ന മായയുടെ പരിഭവം അവര്‍ ചെവിക്കൊണ്ടില്ല . ഗവേഷകയായ എനിക്കുമുന്നില്‍ രാധിക ബോധപൂര്‍വ്വം തന്നെക്കുറിച്ചുള്ള ഒരു സ്വത്വ നിര്‍മ്മിതി നടത്തുന്നതായി എനിക്കുതോന്നി. വ്യക്തിപരമായ ഓര്‍മ്മകളെ മാറ്റിനിര്‍ത്തുന്ന ഈ രീതികള്‍ സായുധ പോരാട്ടത്തിനിടയില്‍ നടക്കുന്ന ബോധനപ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന ഒന്നാണോ? അതോ സായുധ വിപ്ലവത്തോട് ഇന്നുമുള്ള പ്രതിബദ്ധതയില്‍ നിന്നാണോ ? അതോ ഒരു വിപ്ലവകാരിയുടെ സ്വത്വത്തെക്കുറിച്ചുള്ള ബോധപൂര്‍വ്വമായ അറിവില്‍ നിന്നാണോ? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ എന്നിലുണ്ടാക്കി.
ദമായി എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട രാധിക എങ്ങനെയാണ് സ്വന്തം ജീവിതത്തെ കാണുന്നതെന്നുള്ള എന്‍റെ ചോദ്യത്തിന് അവര്‍ പ്രതികരിച്ചത് ‘ഖുഷി’ അഥവാ സന്തോഷം എന്ന വാക്കിലൂടെയാണ്. ങജണവില്‍ ചേര്‍ന്ന് എങ്ങനെയാണു ലിംഗപരവും, വര്‍ഗ്ഗപരവും, ജാതിപരവുമായ വിവേചനങ്ങള്‍ മറികടക്കുവാനായതെന്ന് അവര്‍ വിവരിച്ചു. ‘ദമായി വിഭാഗത്തില്‍പ്പെട്ട ദളിത് സ്ത്രീയാണ് ഞാന്‍. തൊട്ടുകൂടാത്തവള്‍, എന്നാല്‍ ഇപ്പോള്‍ ഞാന്‍ സവര്‍ണ്ണ കുടുബത്തില്‍പ്പെട്ട ബിദ്യയോടൊപ്പം ഭക്ഷണം കഴിക്കുന്നു. അതൊരു മാറ്റമല്ലേ? അതില്‍ സന്തോഷിക്കേണ്ടേ?’ രാധിക ചോദിക്കുന്നു. മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെപ്പോലെ നേപ്പാളിലും ജാതിപരമായ വേര്‍തിരിവുകളും അധീശത്വവുമുണ്ട്. ഭക്ഷണ ശീലങ്ങളിലും സാമൂഹികവുമായ അകല ശീലങ്ങളിലൂടെയുമാണ് ഇവയെല്ലാം പ്രയോഗിക്കപ്പെടുന്നത്. ജാതി വേര്‍തിരുവുകള്‍ക്കപ്പുറം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാവുന്നത് വിപ്ലവാനന്തര സമൂഹത്തില്‍ വന്ന ഒരു മാറ്റമായി ചൂണ്ടികാണിക്കുന്നത് ജാതിവിവേചനങ്ങള്‍ക്കെതിരെയുള്ള പ്രതിരോധനങ്ങളില്‍ വളരെ പ്രധാനമാണ്. അവരുടെ ഒരുമിച്ചുള്ള പാട്ടും നൃത്തവും, സായുധപോരാട്ട ഓര്‍മ്മകള്‍ പങ്കുവെക്കലും, ഭക്ഷണം കഴിക്കലുമെല്ലാം ഒരര്‍ത്ഥത്തില്‍ വിവേചനങ്ങള്‍ക്കെതിരെ ‘നമ്മള്‍’ എന്ന സ്വത്വം രൂപീകരിക്കാന്‍ സാധിച്ചത്തിന്‍റെ പ്രതിഫലനമാണ്.
സായുധവിപ്ലവത്തില്‍ പങ്കെടുത്തതിലൂടെ സ്ത്രീകളെക്കുറിച്ചും അവരുടെ ജോലിചെയ്യാനുള്ള കഴിവിനെക്കുറിച്ചുമുള്ള നിലനില്‍ക്കുന്ന ധാരണകള്‍ പൊളിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം രാധിക പങ്കുവച്ചു. സായുധപോരാട്ടവേളയിലുള്ള സ്ത്രികളുടെ സേവനങ്ങളും അദ്ധ്വാനങ്ങളുമൊക്കെ പെണ്‍ ഗറില്ലകളും അഭിമാനത്തോടുകൂടിയാണ് ഓര്‍ക്കാറുള്ളത്. സ്ത്രീകളുടെ ഇത്തരത്തിലുള്ള പങ്കാളിത്തത്തിനുശേഷമാണ് നേപ്പാളിലെ സുരക്ഷാ സേവനത്തില്‍ വനിതകളെ നിയമിച്ചുതുടങ്ങിയത്. അവരുടെ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും നേതൃത്വനിരയിലും പ്രവൃത്തിക്കുവാന്‍ സാധിച്ചു എന്ന് രാധികയും കൂട്ടരും വിശ്വസിക്കുന്നു. ഞാന്‍ സംസാരിച്ച മറ്റു ചിലര്‍ പറഞ്ഞത് ‘ഞങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് ഇന്ന് ഈ രാജ്യത്ത് വൈസ് പ്രസിഡന്‍റ്, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നീ പദവികളില്‍ സ്ത്രീകള്‍ എത്തിയത്’. 2008 ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 197 സ്ത്രീകളാണ് കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതു നേപ്പാളിന്‍റെ ചരിത്രത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇതിനുമുന്‍പ് ഒരിക്കലും 5 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ യുദ്ധാനന്തര സമൂഹത്തില്‍ അവരുടെ ഇടപെടലുകളുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ബോധ്യം സ്വതന്ത്രമായി ഇടപെടലുകള്‍ നടത്തുവാന്‍ അവര്‍ക്ക് ധൈര്യം നല്‍കി. പോരാട്ട അനുഭവങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് രാധികയെ ഘോരാഹിപോലുള്ള ഒരു നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ബലം നല്‍കുന്നത്.
പെണ്‍ ഗറില്ലാ പോരാളികള്‍ നേരിടുന്ന വിമര്‍ശനങ്ങളും, വിവേചനങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ രാധികയുടെ സന്തോഷം എന്ന വാക്കിന് കൂടുതല്‍ പ്രാധാന്യമുള്ളതായി തോന്നും. പരമ്പരാഗതമായി സ്ത്രീശരീരങ്ങളുടെ ഇടമായി കണക്കാക്കുന്ന വീട് , കുടുംബം എന്നീ ഘടനകള്‍ ഉപേക്ഷിച്ച് സായുധസമരത്തില്‍ പങ്കെടുക്കുകയും ലിംഗപരവും, ജാതിയപരമായുമുള്ള വേര്‍തിരിവുകള്‍ മാനിക്കുകയും ചെയ്യാത്ത പെണ്‍ ഗറില്ലാപോരാളികള്‍ സമൂഹത്തില്‍ ധാരാളം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. സായുധവിപ്ലവകാലത്തെ കഠിനമായ ശാരീരിക മാനസിക അദ്ധ്വാനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ശേഷമുള്ള യുദ്ധാനന്തര ജീവിതം അവര്‍ക്കു വല്ലാതെ മടുപ്പുണ്ടാക്കുന്ന രീതിയിലാണ്. ഔപചാരിക വിദ്യാഭ്യാസമില്ലാതാത്തതുകൊണ്ടും പ്രകോപനപരമായ രീതികള്‍ കാണിക്കുന്നു എന്ന കാരണം പറഞ്ഞും സാധാരണ ഓഫീസ് ജീവിതം ഇവര്‍ക്ക് സാദ്ധ്യമല്ല എന്നാണ് പൊതുസമൂഹം വിചാരിക്കുന്നത്. എന്നോട് സംസാരിച്ച പെണ്‍ ഗറില്ലാ പോരാളികളെല്ലാം യുദ്ധാനന്തര സമൂഹത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഇടപെടാത്തതില്‍ പൊതുവായി അസന്തുഷ്ടി പ്രകടിപ്പിച്ചു. അവര്‍ക്കുചുറ്റുമുള്ള യുദ്ധാനന്തര സമൂഹം അവരുടെ പോരാട്ടത്തെ നിരാകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു ; എന്നാല്‍ അവരാകട്ടെ പോരാട്ടകാലത്തെ ആശയങ്ങളോടും തത്ത്വങ്ങളോടുമുള്ള പ്രതിബദ്ധത നിലനിര്‍ത്തി ജീവിക്കുന്നു. പോരാട്ടകാലത്തെ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ നഷ്ടപ്പെട്ട അവര്‍ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ സ്വദേശം തന്നെ വിട്ടു പോകേണ്ട അവസ്ഥയും യുദ്ധാനന്തരസമൂഹത്തില്‍ ഉണ്ടായി. ഞാന്‍ 2019 ല്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും ഘോരാഹിയില്‍ ചെന്നപ്പോള്‍ 2016 ല്‍ കണ്ട പ്രവര്‍ത്തകരെയൊന്നും കാണുവാന്‍ സാധിച്ചില്ല . അവരെല്ലാം അവിടം വിട്ട് ജോലിസംബന്ധമായി കാ?മണ്ഡുവിലേക്കും മറ്റു പരിസരപ്രദേശങ്ങളിലേക്കും മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം അവരെ ‘ഏകാന്തരും ദിശാബോധം നഷ്ടപ്പെട്ടവരും തളര്‍ന്നവരുമാക്കിത്തീര്‍ത്തിരിക്കുന്നു’. (സപന, സീത, മായ എന്നിവരുമായുള്ള സംസാരത്തില്‍ നിന്നും ലഭിച്ചത് ).

ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് രാധികയുടെ ‘സന്തോഷം’ എന്നത് ഭാവനാപൂര്‍ണമായ പ്രതിരോധമായിത്തീരുന്നത്. സമൂഹത്തിന്‍റെ ഘടനകളോടും അവ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളോടും അതുവഴി സായുധവിപ്ലവകാലത്തെ ഇടപെടലുകളെ തമസ്കരിക്കുവാനുമുള്ള ശ്രമങ്ങളെയാണ് രാധിക ‘സന്തോഷം’കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഗവേഷണത്തിനുവേണ്ടിയുള്ള അന്വേഷണത്തിലൂടെ ഞാന്‍ മനസ്സിലാക്കിയത് പെണ്‍ ഗറില്ലാ പോരാളികള്‍ കൂടുതല്‍ ഊന്നുന്നത് പോരാട്ടകാലത്തെ അനുഭവങ്ങളിലൂടെയും അദ്ധ്വാനത്തിലൂടെയും മുന്നോട്ടു ജീവിക്കുവാനുള്ള കഴിവുനേടിയതിലാണ്. സ്വതന്ത്രമായി ജീവിക്കുവാനും, യാത്ര ചെയ്യുവാനുമുള്ള ആര്‍ജ്ജവ്വം നേടിയതിനെക്കുറിച്ചും, സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള കഴിവിനെക്കുറിച്ചും, കുട്ടികള്‍ക്ക് പ്രത്യേയശാസ്ത്രപരമായ അറിവുകള്‍ നല്‍കി അതുവഴി സമത്വപൂര്‍ണ്ണമായ ലോകം വാര്‍ത്തെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളെക്കുറിച്ചുമാണ് അവര്‍ സംസാരിക്കുന്നത്.ഞാന്‍ ഗവേഷണത്തിനിടയില്‍ പരിചയപ്പെട്ട സ്ത്രീകള്‍ സന്തോഷം നിറഞ്ഞവരാണ്. ജീവിതത്തില്‍ എന്തിനെക്കുറിച്ച് അഭിമാനിക്കണം, എന്തിനെക്കുറിച്ച് ദുഖിക്കണമെന്ന് നന്നായി അറിയുന്ന, ചിന്തയിലും പ്രവൃത്തിയിലും, സന്തോഷത്തിലും ദുഖത്തിലും, സ്വതന്ത്രരായ സ്ത്രീകള്‍ !

സഹായക ഗ്രന്ഥങ്ങള്‍
Eyal, Gil. 2004. “Identity and Trauma: Two Forms of the Will to Memory”. History and Memory. 16 (1), Spring Summer, pp. 5-36.
Gogoi, A. P. 2017. “Troubled Identities: women ex-combatants in post-conflict Nepal”, in Åshld Kolås (eds.): Women, Peace and Security in Nepal: From Civil War to Post-Conflict Reconstruction New York: Routledge. pp. 50-65.
Lohani-Chase, Rama S. 2014. “Protesting Women in the People’s War Movement in Nepal”, Signs, Vol. 40, No. 1 (Autumn 2014), 29-36.
Luna K.C. & Gemma Van Der Haar. 2019. “Living Maoist gender ideology: experiences of women ex-combatants in Nepal”, International Feminist Journal of Politics, 21:3, 434-453, DOI: 10.1080/14616742.2018.1521296
Mats, U. 2005. “West-African Warscapes: Victimcy, Girlfriending, Soldiering: Tactic Agency in a Young Woman’s Social Navigation of the Liberian War Zone”, Anthropological Quarterly, 78 (2), Spring, 403-430.
Manchanda, Rita. 2010. “Women’s Question in Nepal’s Democratic Post Conflict Transition: Towards A Policy Research Agenda,” in Peace Prints: South Asian Journal of Peace building, 3(1), 33-51.
Onesto, Li. 2005. Dispatches from the People’s War of Nepal, Pluto Press. London. Ann Arbor, Mi, Insight Press, Inc. Chicago. IL.
Parvati. 1999. The Question of Women’s Leadership in People’s War in Nepal, Monthly Review.
Parvati and Bruce Lee. 2006a. People’s War…Women’s War: Two Texts by Comrade Parvati of the Communist Party of Nepal (Maoist) with Commentary by Bruce Lee. Kersplebedeb
Parvati. 2006b. People’s War and Women’s Liberation in Nepal. Purvaiya Prakashan, Raipur, India.
Rai, Kailash. 2017. “Heroic Tales: Memoirs by Maoist Women” in Michael Hutt and Pratyoush Onto (eds.): Political Change and Public Culture in Post-1990 Nepal. New Delhi, Cambridge University Press, pp 197- 222.
Satya Shrestha-Schipper. 2008-2009. “Women’s Participation in the People’s War” in Jumla, European Bulletin of Himalayan Research 33-34: 105-122.
Tamang, Seira. 2017. “Motherhood Containers: Cantonments and the Media Framing of Female Ex- combatants in Nepal’s Transition,” Michael Hutt and Pratyoush Onto (eds.): Political Change and Public Culture in Post-1990 Nepal. New Delhi: Cambridge University Press, pp 223-250.
Thapa, Manjushree. 2003. ‘Girls at War’. In Dispatches from Grey Zone, Kathmandu: Centre for Investigative Journalism. pp. 69-74.
Timalsina, Rajib. 2014. “Addressing Issues of ex-combatants in Nepal: Deciding Hastily and Implementing at a Snail’s Pace”. Paper Presented at the 25th International Conference organised by International Peace Research Association (IPRA) from 11-15 August 2014. Istanbul, Turkey.
Zarkavich, Ina. 2019. Maoist People’s War and the Revolution of Everyday Life in Nepal, Cambridge University Press, New Delhi.

 

 

അമൃത പ്രീതം ഗോഗോയ്
അസി.പ്രൊഫസര്‍, പൊളിറ്റിക്കല്‍ സയന്‍സ്, ദിബ്രുഗര്‍ യൂണിവേഴ്സിറ്റി, അസ്സം

 

 

വിവര്‍ത്തനം :
ശ്രീദേവി ഡി
സ്വതന്ത്ര ഗവേഷക. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും പി എച്ച് ഡി നേടി. ഇന്ദ്രിയാനുഭവപഠനം, ദൃശ്യ സംസ്കാര പഠനം എന്നീ മേഖലകളില്‍പ്രവര്‍ത്തിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0