പുരുഷാധിപത്യത്തിന്‍റേതായ ഒരു സാമൂഹ്യക്രമത്തില്‍ സ്ത്രീകള്‍ ഭൗതികവും ആന്തരികവുമായ വിവേചനങ്ങളും പീഡനങ്ങളും അനുഭവിക്കുന്നു. ഒരു പ്രധാനവസ്തുത തന്‍റെ അനുഭവങ്ങള്‍ എത്രയേറെ കഠിനവും ദുഃഖകരവും ആണെങ്കിലും അത് പരസ്യമാക്കാതെ ഉള്ളിലൊതുക്കാന്‍ നിര്‍ബ്ബന്ധിതയാകുന്നു എന്നതാണ്. പുറത്തുപറയാതെ ഒളിപ്പിച്ചു വയ്ക്കുന്ന എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഒരു സ്ത്രീ ദിവസവും കടന്നുപോകുന്നത്.
സ്വന്തം കുട്ടികളുടേയോ മാതാപിതാക്കളുടേയോ ഒക്കെ സമാധാന ജീവിതത്തിനു വേണ്ടിയെന്നു പറഞ്ഞ് എത്രയോ സ്ത്രീകള്‍ സ്വയം നീറിപ്പുകഞ്ഞ് ജീവിക്കുന്നു. പണവും പദവിയും പ്രശസ്തിയുമുള്ളവര്‍ പോയും കുടുംബഭദ്രത നിലനിര്‍ത്തുന്നതിന് ബലിയാടാകാന്‍ തയ്യാറാക്കുന്നു. ചെറുപ്പം മുതല്‍ അവളില്‍ കുത്തിവയ്ക്കപ്പെടുന്ന ലിംഗപരമായ അപകര്‍ഷത ഒരു പരിധി വരെ സമൂഹം ഇഷ്ടപ്പെടുന്ന ഉടുപ്പുകള്‍ മാത്രമണിയാന്‍ അവളെ തല്പരയാക്കുന്നു. നമ്മുടെ സാഹിത്യവും സിനിമയുമെല്ലാം (ഇന്ന് സീരിയലുകള്‍ പ്രധാനമായും) നീ വെറും പെണ്ണ് എന്ന അവബോധം നിലനിര്‍ത്തിപ്പോകാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ആത്മവിശ്വാസമില്ലാത്ത ഒരു പെണ്‍സമൂഹത്തെ ഉണ്ടാക്കിയെടുക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് ഇഷ്ടവിനോദമാണ്.
ആത്മകഥകളോ അനുഭവങ്ങളോ ഓരോ സ്ത്രീയും എഴുതാന്‍ തുടങ്ങിയാല്‍ സമൂഹത്തിനു താങ്ങാനാവില്ലെന്ന് തന്നെ പറയാം. ഇങ്ങനെ ചിലതെല്ലാം പുറത്തറിയിക്കാന്‍ വേണ്ടി ഒരെളിയ ശ്രമം ഞാന്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രതികരണങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായത്. സ്വന്തം പേരു വെച്ച് അനുഭവങ്ങളെഴുതാന്‍ കുറച്ചുപേര്‍ തയ്യാറായി. ഏറ്റവും ക്രൂരമായ ജീവിതം നേരിട്ട ചിലര്‍ പേരില്‍ മറഞ്ഞിരുന്നുകൊണ്ട് എഴുതാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. ഇങ്ങനെയൊന്നുമല്ലാതെ ചിലര്‍ സംസാരിച്ചത്. മറ്റൊരു പേരില്‍ പോലും അവരത് പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നില്ല. സൂചനകളിലൂടെ എങ്ങനെയെങ്കിലും സംഗതി പുറത്തായാലുള്ള അനുഭവം ഓര്‍മ്മയില്‍ പോലും ഞെട്ടിക്കുന്നതാണെന്നവര്‍ പറഞ്ഞു. ഇതെല്ലാം കേട്ടു സ്തബ്ധയായിരിക്കാനേ കഴിയുമായിരുന്നുള്ളൂ. മിക്ക പുരുഷന്മാരും അവരുടെ തൊഴിലിടങ്ങളിലും മറ്റുരംഗങ്ങളിലും ഇടപെടുന്നത് അതീവഹൃദ്യമായിരിക്കും. എന്നാല്‍ സ്വന്തം ഭാര്യ തന്നേക്കാള്‍ പദവി വഹിക്കുന്നവളായാല്‍പ്പോലും നിസ്സാരവല്ക്കരിക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്യുന്നു. മനസ്സിലെ പല വിഗ്രഹങ്ങളും ഈയൊരന്വേഷണത്തില്‍ വീണുടഞ്ഞു പോയിട്ടുണ്ട്.
കൗമാരത്തിലോ യൗവനത്തിലോ തോന്നുന്ന പ്രണയം പോലും വെളിപ്പെടുത്തുകയോ അതിന്‍റെ ഉല്ലാസം അനുവദിക്കുകയോ ചെയ്യാന്‍ പെണ്ണിനാവില്ല. മാതാപിതാക്കളോടുള്ള ഭയമോ അമിതസ്നേഹമോ ഒക്കെ ഇതിനു കാരണമാകുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വൈകാരിക ചൂഷണം ആരംഭിക്കുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കളെ ധിക്കരിച്ച് ഒന്നും ചെയ്യാനാകാതെ അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ വിദ്യാഭ്യാസം പോലും ചെയ്ത് അവര്‍ പറയുന്ന ഒരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടുന്നു. അവിടെ തുടങ്ങുന്നു കൂടുതല്‍ ശക്തമായ ചൂഷണം. അന്യഗ്രഹത്തില്‍ പെട്ടു പോയത് പോലെയാണ് പിന്നെയുള്ള ജീവിതം ആന്തരികമായി അനുഭവിക്കുന്നത്. എന്നാല്‍ ഓരോരുത്തരുടെയും മുന്നില്‍ ഓരോ വിധം ബോധ്യപ്പെടുത്തുന്ന പെരുമാറ്റം കാഴ്ച വയ്ക്കണം. ഭര്‍ത്താവിന് ആജ്ഞാനുവര്‍ത്തിയും ശുശ്രൂഷകയും മറ്റു കുടുംബാംഗങ്ങള്‍ക്ക് അവരുടെ രീതിക്കനുസരിച്ച് പെരുമാറുന്നവള്‍ മാതാപിതാക്കളുടെ മുന്നില്‍ സന്തുഷ്ടജീവിതം ജീവിക്കുന്നവള്‍. മക്കള്‍ ജനിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവള്‍. ഇങ്ങനെ സ്വന്തം ആരോഗ്യമോ സന്തോഷമോ ഒന്നും നോക്കാതെ അവരിലലിഞ്ഞുചേരേണ്ടിവരുന്നു.
ഓരോ ഘട്ടത്തിലും അനുഭവിക്കുന്ന പീഡനങ്ങള്‍ക്കൊപ്പം മനസ്സില്‍ കുറിച്ചിടുന്നത് മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാനാകട്ടെ അവരുടെ വിവാഹം, തൊഴില്‍ ഒക്കെ നേടട്ടെ അതുവരെ കാത്തിരിക്കാം എന്നാണ്. ഒക്കെ നേടിക്കഴിയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ 25 മുതല്‍ 30 വര്‍ഷങ്ങള്‍ വരെയുള്ള ഒരു പെണ്ണിന്‍റെ ജീവിതത്തില്‍ തന്നെപ്പറ്റി ചിന്തിക്കാതെ നഷ്ടപ്പെട്ടുപോയതായി കാണാം. അമ്പതു കഴിഞ്ഞ പലരും സ്വന്തം ഇഷ്ടങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങുന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ എഴുത്തിലും ചിത്രകലയിലും മറ്റു തല്പരമേഖലകളിലുമൊക്കെ വന്നിട്ടുള്ളവരുണ്ട്. വിവാഹമോചനം നേടിയവരുണ്ട്.
വളരെ ചുരുക്കമാണിവരെങ്കിലും ഇവരെയൊക്കെ അതിജീവിച്ചവരുടെ പട്ടികയില്‍പെടുത്താം. ഇവരെല്ലാം ഒരു പ്രത്യേക കാലമെത്തുമ്പോഴെങ്കിലും അതുവരെ നേരിട്ടിരുന്ന വൈകാരിക ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വൈകാരികമായ പട്ടിണി അനുഭവിച്ചിരുന്ന ഒരു വിഭാഗം ഉണ്ടെന്നു പറയാം. മനസ്സുകൊണ്ട് ഒപ്പം ഇല്ലാതെ ശരീരംകൊണ്ട് മാത്രം ഒപ്പം എന്ന് വരുത്തി അവകാശം സ്ഥാപിക്കുന്ന രീതിയിലുള്ള ബന്ധങ്ങള്‍ ശക്തി പ്രയോഗം കൊണ്ട് മാത്രം നിലനില്‍ക്കുന്നു. ഹൃദയംകൊണ്ട് അടുക്കാതെയുള്ള ഇത്തരം ദാമ്പത്യങ്ങള്‍ സ്ത്രീക്ക് കടുത്ത മാനസികസംഘര്‍ഷം ഉണ്ടാക്കുന്നതിനു മാത്രം ഉപകരിക്കുന്നു. സ്നേഹമനുഭവിക്കുന്നതായി വൃഥാ ഭാവിച്ച് ഒരു സന്തുഷ്ട കുടുംബം ഉണ്ടാക്കിയ പ്രതീതിയില്‍ അവര്‍ കഴിയുന്നു. അതിജീവനം സാധ്യമാകാത്ത ഒരു വിഭാഗം വീണ്ടും സന്തുഷ്ടകുടുംബമായി തുടരുന്നു. മക്കളുടെ ബന്ധങ്ങളുണ്ടാക്കിയ കുടുംബങ്ങളുടെ മുന്നില്‍ കൂടി അവര്‍ക്ക് തങ്ങളുടെ സന്തുഷ്ടജീവിതം ബോധ്യപ്പെടുത്തേണ്ടതുണ്ട. പിന്നെ പേരക്കുട്ടികളും അവരുടെ സംരക്ഷണവും ഒക്കെയായി മുന്നോട്ടുപോകുന്നു.
അപ്പോഴും ഉള്ളിലിരുന്നു കുറുകുന്ന ഒരു മാടപ്രാവുണ്ട്. ഇതൊന്നുമല്ലാത്ത എന്തോ ഒന്ന് എനിക്ക് വേണമായിരുന്നല്ലോ. കാലക്രമത്തില്‍ അതെന്താണെന്ന് പോലും തിരിച്ചറിയാനാകാതെ അവര്‍ അവസാനിക്കുന്നു. ഇവിടെ കുറിച്ചതെല്ലാം വായിക്കുമ്പോള്‍ ഇതൊന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. ആഗ്രഹിച്ച ജീവിതം നയിക്കുന്നവരെപ്പറ്റി അല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ഉപരിവര്‍ഗ്ഗ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നവരെ പറ്റിയുമല്ല. ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ ശ്വാസംമുട്ടി ജീവിതം തള്ളിനീക്കുന്ന കുറേ സാധാരണ പെണ്ണുങ്ങളെ കുറിച്ചാണ്. ഇതിനിടയിലും വ്യത്യസ്തരായി ചിന്തിക്കുന്ന ആണും പെണ്ണുമടങ്ങുന്ന ഒരു പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഓരോ വനിതാദിനവും കടന്നു പോകുമ്പോഴും വളരുന്ന തലമുറയുടെ അവബോധം മാറ്റിമറിക്കുന്നതിന് വേണ്ടി ഏറെ ചെയ്യാനുണ്ടെന്ന് നമ്മുടെ ഭരണസംവിധാനങ്ങളും ഓര്‍ത്തിരിക്കേണ്ടതാണ്.
അനീസ ഇക്ബാല്‍
ജൂനിയര്‍ സൂപ്രണ്ട്
DGE തിരുവനന്തപുരം
രണ്ട് കവിതാ സമാഹാരവും, പൊള്ളുന്ന പെണ്ണനുഭങ്ങള്‍ എന്ന എഡിറ്റഡ്’വര്‍ക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
COMMENTS