Homeവാസ്തവം

നൃത്തത്തിലെ പെണ്‍മ

ഡോ.ജാന്‍സി ജോസ്

ലയ്ക്ക് ജന്‍ററില്ല എന്നു നാം മനസിലാക്കിത്തുടങ്ങിയിട്ടു നാളേറെയായിട്ടുണ്ട്. എവിടെയൊക്കെ തുല്യതയുണ്ട്  ഇല്ല എന്നത് പരിശോധിക്കേണ്ടതുണ്ട്താനും. പണ്ടുമുതലേ നൃത്തകലയില്‍ ആണ്‍ സാന്നിദ്ധ്യം കണ്ടു തുടങ്ങിയിട്ടുണ്ട്. രസിപ്പിക്കാനുള്ള നൃത്തം പെണ്ണുങ്ങള്‍ക്കും ശക്തി പ്രകടിപ്പിക്കുന്ന നൃത്തം ആണങ്ങള്‍ക്കുമായി വിഭജിച്ചിരുന്നു. ഭരതനാട്യം ,കുച്ചുപിടി, മോഹിനിയാട്ടം എന്നീ നൃത്തങ്ങള്‍ അഭ്യസിക്കാന്‍ പോകുന്ന ആണുങ്ങളെ പരിഹസിക്കുന്ന കാലവുമുണ്ടായിരുന്നു. സ്ത്രീകള്‍ അഭ്യസിക്കുന്ന കല എന്ന നിലയിലാവാം പഴയ കാലത്ത് നൃത്തവിഭാഗങ്ങള്‍ അഭ്യസിച്ചിരുന്ന ആണുങ്ങള്‍ സൈത്രണ ഭാവത്തിലേക്ക് വഴുതിപ്പോയിരുന്നത് . പിന്നീട് കാഴ്ചയും കാഴ്ചപ്പാടും മാറി. ആണും പെണ്ണും കലയിലെ പോരാളികളായി. പക്ഷേ, കല അഭ്യസിപ്പിക്കുന്നക്കുന്ന ആളുകളെ രണ്ടു തരത്തിലും തട്ടിലും കാണുന്ന രീതി നമ്മള്‍ ശീലിച്ചു തുടങ്ങിയിരുന്നു.

നമ്മുടെ നാട്ടില്‍ ഏതു തൊഴിലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ പോലെ ചെയ്യാന്‍ അവകാശമുണ്ടെങ്കിലും പ്രതിഫലത്തില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഡാന്‍സ് ടീച്ചര്‍ എന്നു പറയുമ്പോള്‍ വേറെ പണിയില്ലാത്തതുകൊണ്ടാണെന്നും ഡാന്‍സ് മാഷ് എന്നു പറയുമ്പോള്‍ കുടുംബം പുലര്‍ത്താനാണെന്നും നാം വിശ്വസിച്ചു പോരുന്നുണ്ട്. 250 രൂപക്ക് ഒരു ഡാന്‍സ് ടീച്ചറിന്‍റെ അടുക്കല്‍ നൃത്തം പഠിക്കാമെങ്കില്‍ അത് മാഷിന്‍റെ അടുത്താണെങ്കില്‍ 1000 രൂപയെങ്കിലും വേണ്ടിവരും. പെണ്ണുങ്ങള്‍ ശക്തരല്ല എന്നതുകൊണ്ട് ആണുങ്ങളുടെ സ്ഥാപനങ്ങളെ സമീപിക്കുന്നവര്‍ ഏറെയുണ്ട്.കുടുംബഭാരവും മറ്റു ആകുലതകളും തളര്‍ത്തിയ ശരീരവും താളം തെറ്റിയ ചുവടുവെപ്പുമായിട്ടാണ് പെണ്ണുങ്ങള്‍ കളരിയിലെത്തുക. പിന്നാമ്പുറങ്ങള്‍ നാം ഒരിക്കലും കാണുന്നില്ല എന്നത് നമ്മുടെ ചിന്താഗതിയെത്തന്നെ പരിഹസിക്കുന്നതിനു തുല്യമാണ്. കാഴ്ചയിലെ വൈരുദ്ധ്യം പറയാതെ വയ്യ. നര്‍ത്തനമാടുന്ന നര്‍ത്തകി നമ്മുടെ കണ്ണിനും കരളിനും കുളിര്‍മയാണ് നല്‍കുന്നതെങ്കില്‍ നര്‍ത്തകന്‍ ശക്തിയുടെ പ്രതീകമാണ്. അവതരിപ്പിക്കുന്ന ആശയത്തിനു പിന്നിലും ഈ വിവേചനമുണ്ട്. ദു:ഖത്തിന്‍റേയും തളര്‍ച്ചയുടേയും പ്രതീകങ്ങളായല്ലേ നര്‍ത്തകികള്‍ അരങ്ങത്തു തന്നെ തളര്‍ന്നു വീഴുന്നത്. ആടിത്തിമിര്‍ത്ത് ആനന്ദിപ്പിക്കാനുള്ള മാര്‍ഗ്ഗമായി നൃത്ത കലയെ കാണാതെ കാര്യങ്ങള്‍ ശക്തമായി അവതരിപ്പിക്കാനുള്ള വേദിയാക്കി മാറ്റാന്‍ കഴിയണം.അതിന് നൃത്തം അഭ്യസിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യബോധം ജനിപ്പിക്കുന്ന പാഠങ്ങള്‍ കൂടി പഠിപ്പിക്കാനുള്ള അവസരങ്ങള്‍ വേണം. നമ്മുടെ നാട്ടില്‍ സാമൂഹ്യ പ്രതിബദ്ധത എന്നത് പരീക്ഷയ്ക്കുള്ള ഒരു പാഠമോ ഒരു പേപ്പറോ മാത്രമാണ്. അതിനപ്പുറത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മൂല്യബോധത്തിന്‍റെ അഭാവമുള്ള സമൂഹത്തെ നാം നേരിടേണ്ടി വരും. നൃത്തത്തിന്‍റെ കാലികമാറ്റങ്ങള്‍ ശുഭസൂചനകള്‍ തന്നെയാണ് നല്‍കുന്നത്. അവയെ പുച്ഛിച്ചു തള്ളാതെ, വേണ്ടത് സ്വീകരിക്കാന്‍ നൃത്തത്തെ സ്നേഹിക്കുന്നവര്‍ക്കെല്ലാം കഴിയേണ്ടതുണ്ട്. നിലവിലുള്ള കാഴ്ചപ്പാടുകളെ നവ,ലിബറല്‍ കാഴ്ചപ്പാടുകളിലേക്ക് സംയോജിപ്പിച്ച് തത്വത്തില്‍ നൃത്തത്തെ ജീവനുള്ളതാക്കി നിര്‍ത്തേണ്ടത് അനിവാര്യമാണ്.

എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0