Homeചർച്ചാവിഷയം

നൃത്തം എന്ന സോഷ്യല്‍ ടെക്സറ്റ്: മോഹിനിയാട്ടവും സ്ത്രൈണതയും

കാവ്യാ കൃഷ്ണ കെ. ആര്‍.

ലാരൂപങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പൊതുവെ അതിന്‍റെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ചാണ് പ്രതിബാധിക്കാറുള്ളത്. എന്നാല്‍ നൃത്തം എന്ന രംഗകലയെ, അതില്‍ ഉള്‍പ്പെട്ട പ്രദേശത്തെയും ലിംഗനിര്‍മ്മിതിയെയും കുറിച്ച് ചിന്തിക്കാനുള്ള ഒരു ഇടമായി എങ്ങനെ ഉപയോഗിക്കാം എന്ന് മോഹിനിയാട്ടത്തെ മുന്‍ നിര്‍ത്തിയുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം .
മോഹിനിയാട്ടത്തെയും മലയാളീസ്ത്രൈണതയുടെ നിര്‍മ്മിതിയെയും കുറിച്ചായിരുന്നു എന്‍റെ ഗവേഷണം. വിഷയത്തിലേക്ക് എങ്ങനെയെത്തി എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം . ഗവേഷണ വിഷയം കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രൈണതയുടെ നിര്‍മ്മിതിയെക്കുറിച്ചാവണം എന്ന് കരുതിയിരുന്നു . ദൈനംദിന ജീവിതത്തില്‍ ശരീരത്തെയും സ്ത്രൈണതയെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടാകാറുണ്ട് . ഒരു ഉദാഹരണം പറയാം . കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലാ ക്യാമ്പസില്‍ പഠനത്തിനായി ചേര്‍ന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ ശരീരഭാഷ നോക്കി ഇതൊരു മലയാളി പെണ്‍കുട്ടിയാണല്ലോയെന്ന് മലയാളികളും മറ്റുള്ളവരും കമന്‍റ് ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും പറഞ്ഞത് മലയാളി പെണ്‍കുട്ടികളുടെ നടപ്പിലും ഇരിപ്പിലുമൊക്കെ തിരിച്ചറിയാവുന്ന വിധമൊരു അച്ചടക്കം ഉണ്ടെന്നാണ്.
ഒരു പ്രത്യേക സാംസ്കാരിക പശ്ചാത്തലത്തിലോ പ്രദേശത്തിലോ ഒരു ചരിത്ര കാലഘട്ടില്‍ ഉരുത്തിരിഞ്ഞ ശരീരത്തിന്‍റെയും ചലനങ്ങളുടെയും അച്ചടക്കപ്പെടുത്തലുകളെയും ശിക്ഷണത്തെയും (disciplining of the body in the every day)  ശരീരത്തിന്‍റെ തന്നെ ലിംഗേഭേദ ശിക്ഷണത്തെയും (gendering) പഠിക്കാം എന്ന ചിന്തയാണ് നൃത്തത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചുമുള്ള സാംസ്കാരിക പഠനത്തിലേക്ക് എന്നെ എത്തിച്ചത്. ഏതെങ്കിലും പ്രത്യേക ശരീരഭാഷയെ സത്താവല്‍ക്കരിക്കാനോ സാമാന്യവല്‍ക്കരിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ.

നൃത്തത്തിന്‍റെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, അവതരണം, വിഡിയോകള്‍ , ഫോട്ടോഗ്രാഫുകള്‍ എന്നിവ വഴി ശരീരത്തിന്‍റെ ലിംഗേഭേദശിക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നൃത്തം ഒരു ‘ടെക്സ്റ്റ് ‘ ആയി കണ്ടാല്‍ അത് ആ ദേശത്തിന്‍റെ ശരീര പെരുമാറ്റ രീതിയെക്കുറിച്ച് പഠിക്കാന്‍ ഉതകുന്ന ഒരു ഇടമാക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരു ദേശത്തിന്‍റെ സ്ത്രീശരീര രൂപപ്പെടുത്തലിനെയും സൗന്ദര്യവല്‍ക്കരണത്തെയും നൃത്തം എങ്ങനെ സ്വാധീനിക്കുന്നു എന്ന ആലോചന ശരീരത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നു. അങ്ങനെ എന്‍റെ ഗവേഷണത്തില്‍ മോഹിനിയാട്ടത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും അധീശത്വ (hegemonic) മലയാളീസ്ത്രൈണതയെക്കുറിച്ച് പഠിക്കാനുള്ള ഉപാധിയായി മാറി .
മോഹിനിയാട്ടത്തെ ലാസ്യപ്രധാനമായ ഒരു നൃത്തരൂപമായാണ് പൊതുവെ കരുതുന്നത്. ലാസ്യവും താണ്ഡവവും പ്രത്യക്ഷത്തില്‍ ലിംഗവേര്‍തിരിവുമായി ബന്ധപ്പെട്ടതല്ലയെങ്കിലും ലാസ്യം സ്ത്രീകള്‍ക്ക് ചേര്‍ന്നതാണ് എന്ന് പരക്കെ കരുതിപ്പോരുന്നു. പുരുഷ കലാകാരന്മാര്‍ മോഹിനിയാട്ടത്തില്‍ തങ്ങളുടെ ഇടം രേഖപ്പെടുത്തിയ ഈ കാലഘട്ടത്തിലും മോഹിനിയാട്ടം ഒരു സ്ത്രൈണകലാരൂപമാണെന്നു തന്നെയാണ് പൊതുവായ ആഖ്യാനം. നൃത്തത്തെ സ്ത്രീകളുടെ കലയായി കരുതുന്ന പ്രവണത ഉണ്ടെങ്കിലും മോഹിനിയാട്ടത്തിന്‍റെ കാര്യത്തില്‍ ഉള്ളപോലെ സ്ത്രൈണതയാണ് അതിന്‍റെ അടിസ്ഥാനമെന്നുള്ള ശാഠ്യം മറ്റുള്ളവയില്‍ സാധാരണ ഇല്ല. മോഹിനിയാട്ടത്തില്‍ ഒരു ഇനം നന്നായി അവതരിപ്പിച്ചു എന്ന് പറയുന്നതിന്‍റെ പിറകില്‍ ഈ നൃത്തരൂപത്തിന്‍റെ അടിസ്ഥാനസ്വഭാവമായി കരുതുന്ന ലാസ്യം നന്നായി കൈകാര്യം ചെയ്തു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്. നൃത്തത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഒന്നും ലാസ്യത്തെ സ്ത്രൈണമായി നിര്‍വചിക്കുന്നില്ലെങ്കിലും മോഹിനിയാട്ടത്തെ സംബന്ധിച്ച് ഇപ്പോഴും ഈ സമവാക്യം ശക്തമായി നിലനില്‍ക്കുന്നു.

കഥകളിയുടെ ചടുലചുവടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോഹിനിയാട്ടത്തിന്‍റെ മൃദുലവും നിയന്ത്രിതവുമായ ശരീരവിന്യാസവും ലാസ്യത്തിലുള്ള നിഷ്ക്കര്‍ഷയും കണ്ടുകൊണ്ട് മലയാളി സ്ത്രീകള്‍ക്ക് ഏറ്റവും ഇണങ്ങുന്ന നൃത്തരൂപമായി ഇത് പ്രതിഷ്ഠിക്കപ്പെട്ടു. ഇതെല്ലാം ചേര്‍ന്ന് ഒരു ‘മലയാളീ സ്ത്രൈണതാ’നിര്‍മ്മിതി ബോധപൂര്‍വ്വം നടക്കുന്നുണ്ട് എന്നാണ് എന്‍റെ പ്രബന്ധം മുന്നോട്ട് വെയ്ക്കുന്ന വാദം.
ഗവേഷണത്തിനായി പല പ്രധാന നര്‍ത്തകികളുമായും അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മോഹിനിയാട്ടത്തിന്‍റെ പതിഞ്ഞ താളത്തെയും മറ്റു നൃത്തരൂപങ്ങളെ അപേക്ഷിച്ച് വളരെ നിയന്ത്രിതമായ ശരീരത്തിന്‍റെ ഉപയോഗത്തെയും പറ്റി അവരോടൊക്കെ ചോദിച്ചിട്ടും ഉണ്ട്. ഒരു പ്രധാന നൃത്ത അധ്യാപികയില്‍ നിന്ന് കിട്ടിയ മറുപടി ‘നല്ല കുടുംബങ്ങളില്‍’ പിറന്ന മലയാളീസ്ത്രീകള്‍ക്ക് ഒരു അടക്കവും ഒതുക്കവും’ ഇല്ലേ, അല്ലാതെ നമ്മള്‍ ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറാറുണ്ടോ? ആ അടക്കവും ഒതുക്കവും നമ്മുടെ നൃത്തത്തിലും പ്രതിഫലിക്കണം’ എന്നായിരുന്നു. ഇതു പോലുള്ള മനോഭാവങ്ങള്‍ വേറെ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. മോഹിനിയാട്ടത്തിലെ ചിട്ടകളെയും പരിധികളെയും ഒരു നൃത്തരൂപത്തിന്‍റെ കണിശമായ പാകപ്പെടുത്തലായിട്ടല്ല മറിച്ച് ‘കുടുംബം’, ‘നല്ല’ സ്ത്രീകള്‍ക്ക് ഉണ്ടാകേണ്ട ‘നാണം’, ‘അടക്കം ഒതുക്കം’ ഇതൊക്കെയായിട്ടാണ് പൊതുബോധത്തിലും നര്‍ത്തകിയുടെ ശിക്ഷണത്തിലും പതിഞ്ഞിട്ടുള്ളത്. മോഹിനിയാട്ടം നര്‍ത്തകര്‍ ഈ നൃത്തരൂപത്തിന്‍റെ നിയന്ത്രിത ചലനങ്ങളെയും താളത്തെയും കേരളത്തിലെ ‘നല്ല’ സ്ത്രീയുടെ പ്രതിരൂപമായി(representation) വ്യാഖാനിക്കുകയും കേരളത്തിലെ ടൂറിസം അഡ്വെര്‍ടൈസ്മെന്‍റുകളിലും സിനിമകിലും മറ്റും മോഹിനിയാട്ടം കേരളത്തിന്‍റെ ‘സാംസ്കാരികബിംബം’ (cultural icon) ആയി മാറുകയും ചെയ്യുന്നിടത്താണ് മോഹിനിയാട്ടം ഒരു നൃത്തരൂപം/രംഗകല മാത്രമല്ലാതെ, ലിംഗ നിര്‍മ്മിതിയെക്കുറിച്ചും(gender construction)/ലിംഗേഭേ ആവിഷ്ക്കാരെത്തെ (gender performativity)ക്കുറിച്ചും അപഗ്രഥിക്കാനുള്ള ഒരു ഇടം ആയി മാറുന്നത്.

മോഹിനിയാട്ടം ആദ്യമായി കാണുന്ന ഒരാളിന്‍റെ ശ്രദ്ധയില്‍പ്പെടുക ഈ നൃത്തരൂപത്തിന്‍റെ സാവധാനത്തില്‍ ഉള്ള ചലനങ്ങളും കസവുള്ള കേരളസാരി കൊണ്ടുള്ള വേഷവിധാനവും ആയിരിക്കും. ഇവ രണ്ടും ലിംഗവും ജാതിയുമായി ബന്ധപ്പെട്ട സൂചകങ്ങളായി വായിക്കാം. മോഹിനിയാട്ടത്തെക്കുറിച്ചുള്ള പ്രധാന കൃതിയായ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും (2008,191193) എന്ന പുസ്തകത്തില്‍ മോഹിനിയാട്ടം നര്‍ത്തകികള്‍ക്കു നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം. ചലനങ്ങള്‍ ‘ഇളം കാറ്റില്‍ ആടുന്ന നെല്‍കതിര് പോലെ മൃദുവാകണം’ എന്നാണ് പൊതുവായ നിര്‍ദേശം. മൃദുലവും ഒഴുക്കാര്‍ന്നതുമായ അംഗചലനങ്ങളും ലാളിത്യമാര്‍ന്ന ഭാവങ്ങളും അനുശാസിക്കുന്നു. ചടുലമായ ചലനങ്ങളോ അമിതമായ അഭിനയമോ മോഹിനിയാട്ടത്തിനു യോജിച്ചതല്ല. കുലീന സ്ത്രീകള്‍ക്ക് ഉതകുന്ന വിധത്തില്‍ അല്ലാത്ത ശൃംഗാര അഭിനയം അരുത്. അരമണ്ഡലത്തില്‍ നില്‍ക്കുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ രണ്ടു ഗുലം അകലമേ പാടുള്ളൂ. കഥകളിയിലെ പോലെ കാലുകള്‍ അകത്തിവെച്ചു താണുനില്‍ക്കുന്നത് അനുവദനീയം അല്ല. ഉരം വെട്ടിക്കുകയോ, മാറിടം മുന്നോട്ട് തള്ളിപ്പിടിക്കുകയോ, നിതംബം ഇളക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ് . കാല്‍മുട്ടിനു മേലെ കാലുയര്‍ത്തി കുടയുന്നതും കാല്‍ പുറകോട്ടു കുടയുന്നതും അരുതാത്തതാണ്. തല ചുഴറ്റി കൊണ്ട് മുന്നോട്ടും പിന്നോട്ടും ഗതികള്‍ എടുക്കുന്നത് ശരിയല്ല. ഓരോ നൃത്തരൂപത്തിനും അനുയോജ്യമായ ആഹാര്യം ഉണ്ട്. വെള്ള വസ്ത്രമാണ് മോഹിനിയാട്ടത്തിനു ഉപയോഗിക്കുന്നത്. ഇതിനായി കസവുപുടവ ഞൊറിഞ്ഞുടുക്കാം. നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന വിധം ആഭരണം, അലങ്കാരം എന്നിവ വളരെ കുറച്ചു ഉപയോഗിക്കുമ്പോളും ശോഭ നല്‍കുന്ന ‘വിച്ഛ്ത്തി ‘ അലങ്കാരരീതിയാണിത്. സഭ്യമായ രീതിയിലുള്ള ശൃംഗാരം, വിരഹം, വാത്സല്യം ഇങ്ങനെ ‘കുലീന’സ്ത്രീകള്‍ക്ക് അനുവദനീയമായ ഭാവാവിഷ്കാരങ്ങള്‍ ആണ് മോഹിനിയാട്ടത്തിനു അനുയോജ്യം എന്നു പല മോഹിനിയാട്ട ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. ശരീരത്തിന്‍റെ നിയന്ത്രിതവും ‘സഭ്യവും’ ആയ ഉപയോഗം, വസ്ത്ര ആഭരണാദികളിലെ മിതത്വം, ഭാവങ്ങളുടെ അളന്നുകുറിച്ചതും തിരഞ്ഞെടുക്കപ്പെട്ടതുമായ ഉപയോഗം എന്നിവ ഈ വിവരണത്തില്‍ നിന്ന് മനസിലാക്കാം . ചില ശരീരചലനങ്ങളെയും വികാരങ്ങളെയും അവയുടെ പ്രകടനത്തെയും നിറങ്ങളെയും വര്‍ണ്ണങ്ങളെയും ആഭരണങ്ങളെയും ബോധപൂര്‍വം ഒഴിവാക്കിയാണ് ‘സഭ്യ’മായതും നല്ല സ്ത്രീകള്‍ക്ക് അവതരിപ്പിക്കാന്‍ കൊള്ളാവുന്നതുമായ നൃത്തരൂപം നിര്‍മ്മിച്ചെടുക്കുന്നത് എന്ന് ചുരുക്കം. വിമര്‍ശനാത്മകമായി വായിച്ചാല്‍ ഈ നിര്‍ദേശങ്ങള്‍ ഒരു നൃത്തരൂപത്തിനു വേണ്ടി നര്‍ത്തകിക്കുള്ളതു മാത്രമല്ല എന്ന് മനസിലാക്കാം. കേരളത്തിന്‍റെ സാംസ്കാരിക പരിസരത്ത് ഒരു ‘പൊതു ഇടത്തില്‍’ എങ്ങനെ പ്രത്യക്ഷപ്പെട്ടാല്‍ മാന്യമായ കല /കലാകാരി ആയി അംഗീകരിക്കപ്പെടാം എന്നതും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് . മോഹിനിയാട്ടം മുമ്പ് ദാസിയാട്ടം എന്ന പേരില്‍ അനുഭവിച്ച അവഗണനയും അവജ്ഞയും പിന്നീട് വള്ളത്തോള്‍ നാരായണ മേനോന്‍ കലാമണ്ഡലം പോലെ ഒരു പൊതുസ്ഥാപനത്തില്‍ ഈ നൃത്തത്തെ സ്ഥാപിക്കാന്‍ എടുത്ത ബദ്ധപ്പാടുകളും മനസ്സിലാക്കുമ്പോള്‍ മധ്യവര്‍ഗ /സവര്‍ണ്ണ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ആടാനുള്ള നൃത്തമായി മാറ്റിയെടുക്കാന്‍ ഈ പുസ്തകം നടത്തുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്താനാവില്ല . എന്നാല്‍ വസ്ത്രധാരണത്തിന്‍റെ ചരിത്രവും അതിനു വേണ്ടിയുള്ള സമരങ്ങളും ശരീരഭാഷയെയും ജാതിയെയും കുറിച്ചുള്ള പഠനങ്ങളും നല്‍കിയ തെളിച്ചങ്ങളില്‍ നിന്ന് ഇത്തരം ആഖ്യാനങ്ങള്‍ എങ്ങനെയാണ് മോഹിനിയാട്ടത്തെ ജാതിയും ലിംഗഭേദവുമായി ബന്ധപ്പെട്ട അധീശത്വം നേടിയെടുക്കുന്നതിന് സഹായിക്കുന്നത് എന്ന് മനസിലാക്കാം.കൂടാതെ മേല്‍ പറഞ്ഞത് പോലുള്ള നിര്‍ദേശങ്ങള്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും അവരുടെ ബാല്യത്തിലും കൗമാരത്തിലും രക്ഷാകര്‍ത്താക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ കിട്ടിയിട്ടുണ്ടാകും. കാല്‍ അകത്തിവെച്ചു ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്, നടക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കാന്‍ പാടില്ല, ശരീരം കുലുക്കി നടക്കരുത് എന്നൊക്കെയുള്ള നിഷ്ക്കര്‍ഷകള്‍
ഒരു കുട്ടിയെ സ്ത്രൈണതയുള്ള, അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി നല്‍കാറുള്ള ഉപദേശങ്ങളാണ്. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ ഇത്തരം അലിഖിത നിര്‍ദേശങ്ങള്‍ ലിഖിതമായ ഒരു പ്രമാണമായി നൃത്തപാഠങ്ങളില്‍ കാണാന്‍ കഴിയും എന്നുള്ളിടത്താണ് മോഹിനിയാട്ടം പോലുള്ള നൃത്ത രൂപങ്ങളെ ‘സോഷ്യല്‍ ടെക്സ്റ്റ്’ ആയി പഠിക്കുന്നതിന്‍റെ പ്രാധാന്യം.

ക്ലാസിക്കല്‍ പദവിയുള്ള പല കലകളും സൂക്ഷ്മമായി ഒരു സാംസ്കാരിക പഠനത്തിന് വിധേയമാക്കിയാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ലിംഗ -ജാതി പ്രശ്നങ്ങള്‍ വെളിവാകും . ശരീരത്തെയും അതിന്‍റെ വിന്യാസത്തെയും, അധീശത്വ ലിംഗഭേദമാതൃകകളുമായി കൂട്ടിയിണക്കി ലിംഗചലനാത്മകത (gender fluidity)യെ റദ്ദ് ചെയ്യുന്നതിനെയാണ് ഒരര്‍ത്ഥത്തില്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെപ്പോലുള്ള പുരുഷ കലാകാരന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുക വഴി ചോദ്യം ചെയ്യുന്നത്. ലാസ്യം എന്നത് സ്ത്രീകള്‍ക്ക് മാത്രം വഴങ്ങുന്നതല്ല എന്ന് ആ അവതരണങ്ങള്‍ പ്രഖ്യാപിക്കുന്നു. ഒരു നാടിനെ പ്രതിനിധീകരിക്കുന്ന നൃത്തരൂപം അവതരിപ്പിക്കാന്‍ ആ കലയിലുള്ള പ്രാവീണ്യം മാത്രം പോരാ, പ്രത്യേകതരം ശരീരവും,നിറവും ,ജാതിയും കൂടെ വേണം എന്നതിനെ അദ്ദേഹം സ്വശരീരം കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നുവല്ലോ!

സഹായകഗ്രന്ഥം
കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ. മോഹിനിയാട്ടം :ചരിത്രവും ആട്ടപ്രകാരവും. , ഡി .സി .ബുക്ക്സ് , കോട്ടയം , 2008

 

IIT (BHU ) വാരാണസിയില്‍ ഹ്യൂമനിസ്റ്റിക് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍

COMMENTS

COMMENT WITH EMAIL: 0