Homeചർച്ചാവിഷയം

നൃത്തം ഒരു രാഷ്ട്രീയ അനുഭവവും ആനന്ദ അനുഭവവും

അഡ്വ. കുക്കു ദേവകി

റ്റവും ചെറിയ പ്രായത്തില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ ഒരാളായിരുന്നു ഞാന്‍. അതും ഭരതനാട്യം 3 വയസ്സില്‍. ആ പ്രായത്തില്‍ തന്നെ നൃത്തത്തിനോട് വല്ലാത്ത ഒരു ഇഷ്ടമുണ്ടായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് എല്ലാവരേക്കാളും നന്നായി നൃത്തം ചെയ്യുമായിരുന്നു. ഞാന്‍ പഠിച്ചിരുന്നത് ഒരു കോണ്‍വെന്‍റ് സ്ക്കൂളിലായിരുന്നു. തൃശ്ശൂരിലുള്ള കേരളത്തിന്‍റെ അഭിമാനമായ പ്രശസ്തിയുടെ ഉന്നതിയിലിരിക്കുന്ന കോണ്‍വെന്‍റില്‍. യുവജനോത്സവത്തിന് സ്ക്കൂളില്‍ നിന്ന് അന്ന് ഗ്രൂപ്പ് ഡാന്‍സിനു കുട്ടികളെ സെലക്ട് ചെയ്യുമായിരുന്നു.

യുവജനോത്സവങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സ് ഏറ്റവും ആകര്‍ഷക ഇനമായതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ഡാന്‍സിനു സെലക്ഷന്‍ കിട്ടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരിക്കും. ഞാനും എട്ടിലോ ഒമ്പതിലോ പഠിക്കും കാലം ഡാന്‍സ് സെലക്ഷന് പോയിട്ടുണ്ടായിരുന്നു. പക്ഷെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകനും സ്ക്കൂള്‍ പ്രധാന അദ്ധ്യാപികയും എന്നെ സെലക്ട് ചെയ്തില്ല. അവര്‍ കളിക്കാന്‍ പറഞ്ഞ സ്റ്റെപ്പ് ഏറ്റവും നന്നായി കളിച്ച എന്നെ അവര്‍ അതില്‍ നിന്നും മാറ്റി നിര്‍ത്തി. പിന്നീട് അറിയാന്‍ കഴിഞ്ഞത് ഞാന്‍ കറുത്തുപോയത് കാരണമാണ് ഡാന്‍സില്‍ ഇടം കിട്ടാതിരുന്നത് എന്നാണ്. അതുപോലെ തന്നെ ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് നൃത്ത പഠനം കഴിഞ്ഞു വന്ന ഞാന്‍ തൃശ്ശൂരിലെ തന്നെ അതിപ്രശസ്തമായ ഒരു സ്ക്കൂളില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ പോയിരുന്നു. അവരുടെ ആനുവല്‍ ഡേയുടെ പരിശീലനമായിരുന്നു കൊടുത്തിരുന്നത്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളുടെ (LKG, UKG ക്ലാസ്സുകാരുടെ) ഡാന്‍സുണ്ടായിരുന്നു.

ആ നൃത്തത്തിന്‍റെ നടുവില്‍ നിന്നിരുന്നത് കറുത്ത ഒരു പെണ്‍കുഞ്ഞായിരുന്നു. പ്രധാന അദ്ധ്യാപിക എന്നെ വിളിച്ച് ടീച്ചറെ ആ കുട്ടിയെ മാറ്റൂ എന്നു പറഞ്ഞു. ഞാന്‍ വളരെ ദേഷ്യത്തോടു കൂടി തന്നെ അവരോടു പറഞ്ഞു ആ കുഞ്ഞിനെ അവിടെ നിന്നും മാറ്റിയാല്‍ ഞാന്‍ ഇവിടെ ഡാന്‍സ് പഠിപ്പിക്കുന്നത് നിര്‍ത്തും എന്നു. അങ്ങിനെ അവര്‍ നിര്‍ബന്ധിതരായിത്തീരുകയാണ് ചെയ്തത്, ആ കുഞ്ഞിനെ അവിടെ തന്നെ നിലനിര്‍ത്താന്‍.

ഞാന്‍ ഇന്നും അഭിമുഖീകരിക്കുന്ന വിഷയം മേക്കപ്പിന്‍റേതാണ്. ഞാന്‍ മാത്രമല്ല കറുത്തവരായ മിക്കവാറും ഡാന്‍സ് കളിക്കുന്നവര്‍ അത് ഫേസ് ചെയ്തിട്ടുണ്ടാകും. ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നമ്മളെ മേക്കപ്പ് ചെയ്യുമ്പോള്‍ തമ്മില്‍ത്തമ്മില്‍ ചിരിയ്ക്കും. ഇത്ര കറുത്തവളെയൊക്കെ എങ്ങനെ മേക്കപ്പ് ചെയ്യും എന്ന ഭാവത്തില്‍. എന്തിന് നിങ്ങളൊക്കെ ഡാന്‍സ് കളിക്കുന്നു എന്ന നോട്ടത്തോടെയാണ് മേക്കപ്പ് ചെയ്യാറ്.

 

 

 

 

 

 

 

 

 

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ ഒരേ തരത്തിലും മുഖഭാവത്തിലും ഉള്ള ഭരതനാട്യം കളിക്കാരെ മാത്രമേ കണ്ടിട്ടുള്ളൂ. എല്ലാവരേയും ഒരേപോലെയങ്ങു വെളുപ്പിക്കും. എന്നിട്ട് എല്ലാ കുഞ്ഞുങ്ങളുടേയും മുഖത്ത് വിരിയുന്ന നവരസങ്ങളെല്ലാം ഒരേ പോലെയിരിക്കുകയും ചെയ്യും.
എത്ര വ്യത്യസ്ത തലത്തിലുള്ള “ശൃംഗാരങ്ങളൊക്കെ” കാണേണ്ട സ്ഥാനത്ത് ഒരു വ്യത്യസ്തതയുമില്ലാതെ ഒരേ തരത്തില്‍ എന്തൊരു ബോറന്‍ പരിപാടിയാണത്. ഈ വെളുപ്പിക്കല്‍ മഹാമഹത്തിന് വരുന്ന ചിലവിന് ഒരു കയ്യും കണക്കുമില്ല. ഇങ്ങനെയൊക്കെ വെളുപ്പിച്ച് ക്ലാസ്സിക്കല്‍ കലകളെ സവര്‍ണ്ണ പരിസരത്ത് കൊണ്ടു നിര്‍ത്തിയിരിക്കുകയാണ്.
ഭരതാട്യം പോലുള്ള കലകള്‍ക്ക് സവര്‍ണ്ണതയുടെ പരിവേഷം കുറച്ചു കാലങ്ങളേ ആയിട്ടുള്ളൂ വന്നു ചേര്‍ന്നിട്ട്. പണ്ടത്തെ ദാസിയാട്ടം ആയിരുന്നു ഭരതനാട്യം ആയി മാറിയത്. ദാസിയാട്ടം കളിക്കുന്ന സ്ത്രീകള്‍ക്ക് അക്കാലങ്ങളില്‍ സമൂഹത്തില്‍ പറയത്തക്ക അംഗീകാരമൊന്നുമുണ്ടായിരുന്നില്ല. താഴ്ന്നവരായിത്തന്നൊണ് അവരെ പരിഗണിച്ചിരുന്നത്. ദാസിയാട്ടത്തിനെ പരിഷ്ക്കരിച്ച് ഭരതനാട്യമാക്കിയപ്പോഴാണ് ഒരു സ്വീകാര്യത ലഭിച്ചത്. അപ്പോഴും ‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍’ നൃത്തം ചെയ്യുന്നത് ആരും അംഗീകരിച്ചിരുന്നില്ല.
ഈ അടുത്ത കാലത്താണ് ഭരതനാട്യത്തിന് ഒരു സ്വീകാര്യത ലഭിച്ചത്. പിന്നീട് അത് സവര്‍ണ്ണരുടെ കലയായി രൂപാന്തരപ്പെട്ട് വെളുത്തവരുടെ ആട്ടമായി മാറി. സ്വാതി തിരുനാളിന്‍റെ രാജ കൊട്ടാരത്തില്‍ തമിഴത്തിയായ ഒരു നര്‍ത്തകി ഉണ്ടായിരുന്നു. കറുത്തിരുണ്ട സുഗന്ധവല്ലി. സ്വാതിതിരുനാള്‍ സുഗന്ധവല്ലിയുടെ നൃത്തത്തില്‍ ആകൃഷ്ടനായി എന്നാണ് ചരിത്രം.
വളരെ തെറ്റായ രീതിയിലുള്ള ഇത്തരം സമീപനങ്ങള്‍ സാധാരണക്കാരെ നൃത്തത്തില്‍ നിന്നും അകറ്റിയിട്ടുണ്ട്. നാട്യക്രമശ്ളോകം പഠിച്ച ഞാന്‍ നൃത്ത മനസ്സിലാക്കുന്നത് ഏറ്റവും ആനന്ദകരമായ ഒന്നായിട്ടാണ്.
നാട്യക്രമശ്ളോകം
ആസ്യേന ആലംബയേത് ഗീതം
ഹസ്തേനാര്‍ത്ഥം പ്രദര്‍ശയേത്
ചക്ഷുഭ്യാം ദര്‍ശയേത് ഭാവം
പദാഭ്യാം താളമാചലേത്
യതോ ഹസ്ത സ്തതോ ദൃഷ്ടി
യതോ ദൃഷ്ടി സ്തതോ മന:
യതോ മന സ്തതോ ഭാവോ
യതോ ഭാവ സ്തതോ രസ:
മുഖം സംഗീതത്തിനനുസരിച്ചും കൈകളില്‍സംഗീതത്തിനനുസരിച്ചുള്ള മുദ്രകളും കാലുകളില്‍ താളവും ഉണ്ടാകണം. എവിടെയാണോ കൈ അവിടെ കണ്ണുകളും എവിടെയാണോ കണ്ണുകള്‍ അവിടെ മനസ്സും എവിടെയാണോ മനസ്സ് അവിടെ ഭാവവും എവിടെയാണോ ഭാവം അവിടെ രസവും ഉണ്ടായിരിക്കും. അതായത് ആത്യന്തികമായി രസാധിഷ്ഠതമാണ് നൃത്തം.
രസമെന്നാല്‍ സന്തോഷം (Enjoyment) കളിക്കുന്നവര്‍ക്കും കാണികള്‍ക്കും ലഭിയ്ക്കുന്ന ആനന്ദം ആ ആനന്ദം തന്നെയാണ് നൃത്തത്തിന്‍റെ ആത്യന്തിക ലക്ഷ്യം. ആനന്ദമെന്നത് ആത്മീയവുമാണ്. അതുപോലെതന്നെ ആക്ടീവുമാണ്. ആ ഒരു ഇടത്തിലെത്താന്‍ സവര്‍ണ്ണ പരിസരങ്ങളോ ദൈവകടാക്ഷങ്ങളോ വേണമെന്നില്ല. കാണികളുമായി ആനന്ദത്തിലാറാടിയുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ മതിയാകും. എന്‍റെ നൃത്തം അത്തരത്തിലൊന്നാകുന്നതാണ് എനിക്കിഷ്ടം.

 

സാമൂഹ്യ പ്രവര്‍ത്തക, ആക്ടിവിസ്റ്റ്

COMMENTS

COMMENT WITH EMAIL: 0