ശാസ്ത്ര നൊബേൽ പുരസ്ക്കാരം ലഭിച്ച വനിതകളെത്ര? നൊബേൽ പുരസ്ക്കാരപ്പട്ടികയിലെ ആകെ വനിതകളെത്ര? ഇത്തരം പരിഹാസച്ചോദ്യങ്ങൾക്കുള്ള ചുട്ട മറുപടിയായി നൊബേൽ പട്ടികയിൽ ഇടം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്ന് തികച്ചും അഭിമാനാർഹമായകാര്യം. ഇത്തവണത്തെ നൊബേൽ പുരസ്ക്കാരപ്പട്ടിക അതിലെ വനിതാസാന്നിധ്യം കൊണ്ടുകൂടിയാണ് ശ്രദ്ധേയമാവുന്നത് പെണ്ണായിപ്പിറന്നതുകൊണ്ടുമാത്രം സ്വന്തം നേട്ടങ്ങളുടെ ക്രെഡിറ്റ് പോലും ലഭിക്കാതെ പോയ, വിവേചനങ്ങളുടെയും അവഗണനയുടെയും ഇരുളാഴങ്ങളിൽ മറഞ്ഞുപോയ, ഒരു പുരസ്ക്കാരപ്പട്ടികയിലും ഇടം ലഭിക്കാതെ പോയ എത്രയോ വനിതകളുണ്ട് ചരിത്രത്തിൽ.
നൊബേലിന്‍റെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിന് പുരസ്ക്കാരം! ഇത്തവണത്തെ രസതന്ത്രനൊബേൽ ആണ് ഈ അപൂർവ്വത കൊണ്ടുശ്രദ്ധേയമായത്. 2012-ൽ ക്രിസ്പർ എന്ന വിസ്മയ ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്ത ഇമ്മാനുവെൽ ഷാർപെന്‍റിയർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതകളാണ് ലോകം ശ്രദ്ധിച്ച നേട്ടത്തിനുടമകൾ. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയാണ് ഷാർപെന്‍റിയർ. കലിഫോർണിയ സർവ്വകലാശാലയിൽ ഗവേഷകയാണ് ഡൗഡ്ന.
1964 ഫെബ്രുവരി 19 ന്ഡൊറോത്തി ജെയ്‌നിന്‍റെയും മാർട്ടിൻ കിക്ഡൗഡ്നയുടെയും മകളായി വാഷിങ്ടൺ ഡിസിയിലാണ് ജെന്നിഫർ ഡൗഡ്നയുടെ ജനനം. ആറാംക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ സമ്മാനമായി നൽകിയ വാട്സന്‍റെ ‘ഡബിൾ ഹെലിക്സ്‘ എന്ന പുസ്തകം തന്‍റെ ജീവിതത്തിലെ വഴിത്തിരിവായതായി ഡൗഡ്ന പറയുന്നു. ഹാർവാഡ് മെഡിക്കൽ സ്ക്കൂളിൽ നിന്നും ഡോക്റ്ററേറ്റ് നേടിയ ഡൗഡ്ന ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആർ.എൻ.എഗവേഷണങ്ങളിൽ അഗ്രഗണ്യയായി.
1968 ഡിസംബർ 11ന് ഫ്രാൻസിലാണ് ഷാർപെന്‍റിയറുടെ ജനനം. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആന്‍റി ബയോട്ടിക് പ്രതിരോധം സംബന്ധിച്ച ഗവേഷണങ്ങൾക്കാണ് ഷാർപെന്‍റിയർ ഡോക്റ്ററേറ്റ് നേടിയത്.
2011-ൽ തികച്ചും യാദൃച്ഛികമായാണ് ബാക്റ്റീരിയകളെ വൈറസ് ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ അവ ഉപയോഗിക്കുന്ന വിദ്യ ഷാർപെന്‍റിയർ തിരിച്ചറിഞ്ഞത്. ഇതിന്‍റെ സാധ്യതകൾ അനന്തമാണെന്നു മനസ്സിലാക്കിയ ആ ശാസ്ത്രജ്ഞ തുടർന്നുള്ള ഗവേഷണങ്ങളിൽ ഡൗഡ്നയുമായി കൈകോർത്തതോടെ വിരിഞ്ഞത് വിസ്മയങ്ങളാണ്. ഒരു തന്മാത്രാകത്രിക പോലെ പ്രവർത്തിച്ച് ഡി.എൻ.എ മുറിക്കാൻ കഴിയുന്ന ഒരു അത്ഭുതസങ്കേതം! ജനിതകരോഗങ്ങളെയും മാരകരോഗങ്ങളെയും പേടിക്കേണ്ടാത്ത ഒരു കാലം, ഏതു പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കുന്ന വിളകൾ, നൂതനഔഷധങ്ങൾ സംശ്ലേഷണം ചെയ്യുന്ന സൂക്ഷ്മജീവികൾ ഇങ്ങനെ നീളുന്നു ക്രിസ്പർ വിദ്യയുടെ അത്ഭുതങ്ങൾ. അതേസമയം മനുഷ്യഭ്രൂണങ്ങളിലെ ക്രിസ്പർ പരീക്ഷണം എല്ലാം തികഞ്ഞ ഡിസൈനർ ശിശുക്കളുടെ പിറവിക്കു വഴിയൊരുക്കുമെന്ന ആശങ്കയും കനക്കുന്നുണ്ട്.
മനുഷ്യകോശങ്ങളിൽ ക്രിസ്പർ സങ്കേതം ഉപയോഗയോഗ്യമാക്കുന്നതിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ഗവേഷകനായ ഫെങ്ഷാങ്ങും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്പർ ഗവേഷണങ്ങളിൽ നിർണ്ണായകനേട്ടം കൈവരിച്ച ഷാർപെന്‍റിയറെയും ഡൗഡ്നയെയും തഴഞ്ഞുകൊണ്ട് ക്രിസ്പറിന്‍റെ പേറ്റന്‍റ് എം.ഐടിക്ക് നൽകിയതിന്‍റെ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ വനിതകളെ സംബന്ധിച്ച് നൊബേൽ സമ്മാനലബ്ധി ഒരു മധുര പ്രതികാരം കൂടിയാണ്.
ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്ക്കാരപ്പട്ടികയിൽ ആൻഡ്രിയഗെസ് എന്ന വനിതയുമുണ്ട്. റോജർ പെൻറോസ് , റെയ്‌നാഡ്ഗെൻസൽ എന്നിവരാണ് പുരസ്ക്കാരപ്പട്ടികയിലെ മറ്റു ഗവേഷകർ. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിനുനടുവിൽ അത്യുന്നത മാസ്സുള്ള ഒരു തമോഗർത്തമുണ്ട് എന്ന കണ്ടെത്തലാണ് ആൻഡ്രിയഗെസിനെ ഭൗതികശാസ്ത്ര നൊബേലിന് അർഹയാക്കിയത്. ഇവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം 1990-കൾ മുതൽ വമ്പൻ ബഹിരാകാശ ടെലിസ്കോപ്പുകൾ ക്ഷീരപഥകേന്ദ്രത്തിലുള്ള സാജിറ്റേറിയസ് എ എന്ന ഭാഗത്തേക്ക് തിരിച്ചു നടത്തിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. 1965 ജൂൺ 16 ന്ന്യൂയോർക്കിലാണ് ആൻഡ്രിയ ഗെസ്സിന്‍റെ ജനനം. കുട്ടിക്കാലത്ത്അപ്പോളോ ദൗത്യങ്ങളിൽ ഏറെ ആകൃഷ്ടയായ ഗെസ്സിന്‍റെ ഏറ്റവും വലിയ ആഗ്രഹം ബഹിരാകാശയാത്രികയാവുക എന്നതായിരുന്നു. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഡോക്റ്ററേറ്റ് നേടിയ ഗെസ്സിന്‍റെ തുടർ ഗവേഷണങ്ങൾ തമോഗർത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു. ഇപ്പോൾ കലിഫോർണിയ സർവ്വകലാശാല ലോസ്ആഞ്ചൽസിൽ ഗവേഷകയാണ്ഗെസ്സ്.
അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിനാണ് ഇത്തവണത്തെ സാഹിത്യനൊബേൽ. 1943 ഏപ്രിൽ 22 ന്ന്യൂയോർക്കിലാണ്ഗ്ലക്കിന്‍റെ ജനനം.യു.എസ്സിലെയേൽ സർവ്വകലാശാലയിൽ പ്രഫസറാണ് ഈ കവയിത്രി. ലിംഗനീതിക്കായി തന്‍റെ കവിതകളിലൂടെ ശബ്ദമുയർത്താൻ ഗ്ലക്കിനു സാധിച്ചു. സ്ത്രീ ജിവിതത്തിന്‍റെ വിവിധതലങ്ങൾ, മനുഷ്യന്‍റെ അസ്തിത്വപ്രശ്നങ്ങൾ, ഏകാന്തത, മാനസികസംഘർഷങ്ങൾ, പ്രകൃതി, ബാല്യകാലസ്മരണകൾ, മിത്തുകൾ എന്നിവയൊക്കെ നിറയുന്ന ഗ്ലക്കിന്‍റെ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളും മാനസികസംഘർഷങ്ങളുമൊക്കെ കാരണം ഒട്ടും സുഖമുള്ളതായിരുന്നില്ല ഗ്ലക്കിന്‍റെ പഠനകാലം. അതൊക്കെ അതിജീവിച്ചാണ് എഴുത്തിലും ജോലിയിലും ഗ്ലക്ക് ഉയരങ്ങൾ കൈയെത്തിപ്പിടിച്ചത്. ദ്ഫസ്റ്റ്ബോൺ, പുലിറ്റ്സർ പ്രസിന് അർഹമായ ദ്വൈൽഡ്ഐറിസ്, ഫെയ്ത്‌ഫുൾ ആന്റ്വിർച്വസ്നൈറ്റ്, ദ്ട്രയംഫ് ഓഫ് അകിലസ്, അറാറത്, അവർണോ എന്നിവയാണ് പ്രധാനകൃതികൾ.
COMMENTS