Homeചർച്ചാവിഷയം

സിനിമ ഞങ്ങളുടെയും തൊഴിലിടമാണ്

രേവതി സമ്പത്ത്

“തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് നേടാനോ ഒരു ലോകമുണ്ടുതാനും”

                                                                                                                                              – കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

തൊഴില്‍ എല്ലാ മനുഷ്യര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട ഇടമാണ്. തൊഴിലിന്‍റെ ജനാധിപത്യവല്‍ക്കരണം പുരോഗമനാത്മകമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാനമായിരുന്നു. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ പോലും ഒരര്‍ത്ഥത്തില്‍ തൊഴില്‍ സമരങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ തൊഴിലിടങ്ങള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എല്ലാകാലവും ചിലര്‍ കയ്യടക്കി വയ്ക്കാറുണ്ട്. സവര്‍ണ്ണ-പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അധികാരം അവരില്‍ നിക്ഷിപ്തമാണ്. അതിനുള്ളില്‍ തൊഴില്‍ എടുക്കുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു പോരാട്ടമാണ്. തൊഴില്‍പരമായ വ്യത്യാസങ്ങളില്ല എന്ന പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും അതിനു വിരുദ്ധമായാണ് നിലകൊള്ളുന്നത്.

സ്ത്രീകള്‍ വ്യവസ്ഥാപിതമായ തൊഴില്‍ സങ്കല്പങ്ങളെ എല്ലാം അട്ടിമറിച്ച കാലത്താണ് നാം ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. ‘നിങ്ങള്‍ക്ക് തെങ്ങില്‍ കയറാനാവുമോ’ എന്ന ക്ലിഷേ ചോദ്യം പോലും അഴുകിപ്പോയ കാലമാണ്. പക്ഷേ സ്ത്രീകളുടെയും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അതിശക്തമായ സാമൂഹ്യ ഇടപെടലുകള്‍ പരമ്പരാഗത പുരുഷബോധം പേറുന്നവരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അധികാരം കൈയടക്കി വെച്ചിരിക്കുന്ന ഈ വിഭാഗം ഇപ്പോഴും സ്ത്രീകളെ തൊഴിലിടങ്ങളില്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വീടിനുള്ളിലും തൊഴിലിടങ്ങളിലും ഇടവേളകളില്ലാതെ മാറി മാറി ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍. വീട്ടുജോലി ഒരുത്തരവാദിത്തമായി പ്രകീര്‍ത്തിക്കുന്നത് പാര്‍ട്രിയാര്‍ക്കിയുടെ നിലനില്‍പ്പിനുവേണ്ടിയാണ്. പലതരം ഭാരമേല്‍പ്പിക്കലുകള്‍ക്കും (അ)ബോധ സ്നേഹചങ്ങലകള്‍ക്കിടയിലും സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അവരുടെ കരുത്ത് അടയാളപ്പെടുത്തികൊണ്ടേയിരിക്കുന്നുണ്ട്.

സിനിമയിലെ സ്ത്രീകളുടെ ഇടത്തെക്കുറിച്ചാണ് ഈ ലേഖനം മുഖ്യമായും അന്വേഷിക്കുന്നത്. മറ്റേതൊരു തൊഴിലും പോലെ ഒരു തൊഴില്‍ മേഖലയാണ് സിനിമ. അവിടെ വിവിധ മനുഷ്യര്‍ മറ്റെല്ലാ ഇടങ്ങളിലെയും പോലെ ജോലി ചെയ്യുന്നു. സിനിമയുടെ എല്ലാ ‘നക്ഷത്ര’ പരിവേഷങ്ങളും മാറ്റി നോക്കുന്ന ഒരാള്‍ക്ക് ഇത് വ്യക്തവുമാണ്. സിനിമ എന്ന തൊഴിലിടത്തിലെ സ്ത്രീകളുടെ അഭാവം സിനിമ എന്ന സര്‍ഗ്ഗാത്മക ആവിഷ്കാരത്തിലും പ്രകടമാണ്. ഓസ്കാര്‍ അവാര്‍ഡില്‍ കഴിഞ്ഞ 18 വര്‍ഷമായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച സിനിമകളിലെ സ്ത്രീ-പുരുഷ സംഭാഷണങ്ങളുടെ കണക്ക് പുഡിങ്.കൂള്‍ എന്ന വെബ്സൈറ്റ് അധികാരികമായി പുറത്തുവിട്ടിരുന്നു. പുരുഷന്മാരുടെ മൂന്നിലൊന്ന് സംഭാഷണങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ഇവയിലില്ല എന്ന് തിരിച്ചറിയുമ്പോഴാണ് എത്രമാത്രം ഭീകരമായ അസാന്നിധ്യം സ്ത്രീകളെ അടയാളപ്പെടുത്തുന്നതില്‍ സിനിമയില്‍ ഉണ്ടാകുന്നുണ്ടെന്നത് നാം തിരിച്ചറിയുന്നത്.

മുഖ്യധാരാ മലയാള സിനിമ പൊതുവേ ആണധികാര നിര്‍മിതികളാണ്. ചരിത്രപരമായി പരിശോധിച്ചാല്‍ സിനിമയുടെ മിക്കവാറും എല്ലാ മേഖലകളിലും സ്ത്രീകള്‍ അദൃശ്യരായിരുന്നു. എണ്ണിപ്പറയാവുന്ന ചില പേരുകള്‍ക്കപ്പുറം സ്ത്രീകളെ തിരസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുകയായിരുന്നു മുഖ്യധാരാ മലയാള സിനിമ. പ്രമേയപരമായി സ്ത്രീപക്ഷ ലേബലില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും പലതും ഘടകവിരുദ്ധമായ രാഷ്ട്രീയത്തെയാണ് ഉത്പാദിപ്പിച്ചിരുന്നത്. മിക്കവാറും സിനിമകളുടെയെല്ലാം പിന്നണിയില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. ആണിന്‍റെ ഭാഷയിലും ആഖ്യാനത്തിലും അനുഭവ പരിസരത്തിലുമെല്ലാമാണ് സ്ത്രീകളെ ചിത്രീകരിക്കാറുള്ളത്. സിനിമയിലെ സ്ത്രീകളുടെ കാഴ്ചയും ആഖ്യാനവും സമൂഹത്തെ തന്നെ ചോദ്യം ചെയ്യുമെന്ന് അവര്‍ ഭയന്നിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യം സിനിമാ മാഫിയ നിരന്തരം ഇതിനാല്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ലോക സിനിമയിലും സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും സ്ത്രീകള്‍ കടന്നുവരാതിരിക്കാനുള്ള പരിസരം സൃഷ്ടിക്കുന്നതിന് ആണത്ത സമൂഹം സാംസ്കാരികമായ വേലിക്കെട്ടുകള്‍ നിര്‍മിച്ചിരുന്നുവെന്നും ചരിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് നവതരംഗകാലത്ത് പുരുഷാധിപത്യ സിനിമയില്‍ അതിശക്തമായി ഇടപെട്ട ആഗ്നസ് വാര്‍ദ, അമേരിക്കന്‍ സംവിധായികയായ ഡൊറോത്തി ആര്‍സ്ന എന്നിവരുടെ സാന്നിധ്യം സിനിമയുടെ ഭൂപടത്തെ മാറ്റി വരയ്ക്കുന്നതായിരുന്നു. എന്നാല്‍ 80 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ കാതറീന്‍ ബിഗ്ലോവിലൂടെയാണ് ആദ്യമായി ഒരു വനിതാ സംവിധായകയ്ക്ക് ഓസ്കാര്‍ കിട്ടുന്നതെന്നറിയുമ്പോഴാണ് സിനിമ എത്രമാത്രം പുരുഷാധിപത്യത്തിനുള്ളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നത്.

1926ല്‍ കൊല്ലം പട്ടണത്തിലെ സിനിമാശാലകളുടെ പ്രവര്‍ത്തനം തങ്ങളുടെ സൗകര്യത്തിനു കൂടിയാകണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികളായ സ്ത്രീകള്‍ സമരം ചെയ്തിരുന്നു. സിനിമ സ്ത്രീകളുടെ ഇടയില്‍ അത്രയധികം സ്വാധീനം ചെലുത്തിയിരുന്നെങ്കിലും അണിയറയില്‍ സ്ത്രീകള്‍ അപ്രസക്തരായിരുന്നു. മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയുടെ സംഭവം ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. അഭിനയരംഗത്തും ഗാനരംഗത്തും ഡബിംഗിലും സ്ത്രീകള്‍ സജീവമായിരുന്നെങ്കിലും അവരുടെ തൊഴില്‍പരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നില്ല. ദൃശ്യാവിഷ്കാരത്തില്‍ സ്ത്രീയെ വില്‍പ്പന മൂല്യമുള്ള വസ്തുവായി ഉപയോഗിച്ചുകൊണ്ട് പൊതുസമൂഹത്തെ ആനന്ദിപ്പിക്കാനും അടിച്ചമര്‍ത്തലുകളെ സാധാരണവല്‍ക്കരിക്കാനുമാണ് പലപ്പോഴും സിനിമ ശ്രമിച്ചിട്ടുള്ളത്. ഇതിനിടയില്‍ സിനിമയുടെ അണിയറയിലേക്ക് കടന്നുവരാന്‍ സ്ത്രീകളുടെ ചില പ്രയത്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനം, കോന്നിയൂര്‍ മീനാക്ഷി എന്നിവര്‍ തിരക്കഥയിലും വിജയനിര്‍മല, ഷീല എന്നിവര്‍ സംവിധാനത്തിലും മറിയാമ്മ എഡിറ്റിംഗിലും സുഗതകുമാരി, ഒ.വി. ഉഷ, മുടവന്‍മുകള്‍ വസന്തകുമാരി എന്നിവര്‍ പാട്ടെഴുത്തിലും ആദ്യകാലത്ത് തങ്ങളുടെ മുദ്രകള്‍ പതിപ്പിച്ചെങ്കിലും മുഖ്യധാരയില്‍ ഈ പേരുകള്‍ പ്രസ്തുത രംഗങ്ങളില്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിനുശേഷം എല്ലാ മാറ്റി നിറുത്തലുകളെയും അതിജീവിച്ചുകൊണ്ട് മലയാള സിനിമയില്‍ പല മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്‍റ്, രേവതി, രോഷ്നി ദിനകര്‍, ശ്രീബാല കെ മേനോന്‍, സുധ പത്മജ ഫ്രാന്‍സിസ്, പ്രീതി പണിക്കര്‍, സൗമ്യ സദാനന്ദന്‍, ഹസീന മുനീര്‍, ലീല സന്തോഷ്, ആശ അച്ചി ജോസഫ്, ഇന്ദു വി.എസ് (സംവിധാനം), ഫൗസിയ ഫാത്തിമ, അഞ്ജലി ശുക്ല (ഛായാഗ്രഹണം), ദീദി ദാമോദരന്‍ (തിരക്കഥ), ബീനാ പോള്‍, നിഷിദ സാഹിര്‍ (എഡിറ്റിംഗ്), സയനോര, നേഹ നായര്‍ (സംഗീത സംവിധാനം), കുക്കു പരമേശ്വരന്‍, സബിത ജയരാജ് (വസ്ത്രാലങ്കാരം), മിറിയം ജോസഫ്, സാന്ദ്ര തോമസ്, നസ്റിയ നസ്രിന്‍, സുപ്രിയ മേനോന്‍(നിര്‍മാണം), സംഗീത ജനചന്ദ്രന്‍ (മാര്‍ക്കറ്റിംഗ് ആന്‍റ് കമ്മ്യൂണികേഷന്‍സ് ), ആശ രമേഷ്, അനു എലിസബത്ത്, എം.ആര്‍. ജയഗീത, ധന്യ സുരേഷ്, ശശികല മേനോന്‍ (ഗാനരചന) തുടങ്ങി നിരവധി സ്ത്രീകളുടെ അണിയറയിലെ സാന്നിധ്യം സിനിമയുടെ സാധ്യതകളെ കൂടുതല്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടത്തിലെ ആണ്‍ഭയപ്പെടുത്തലുകളെ വകവയ്ക്കാതെ കൃത്യമായ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ അവതരിപ്പിക്കാന്‍ പത്മപ്രിയ, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, രഞ്ജിനി, രേവതി, റിമ കല്ലിങ്കല്‍ തുടങ്ങിയ അഭിനേതാക്കള്‍ക്ക് സാധിച്ചു എന്നത് തൊഴിലിടത്തിലെ സ്ത്രീകളുടെ അവസ്ഥ കുറച്ചെങ്കിലും മെച്ചപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും മലയാള സിനിമയില്‍ 2-3% മാത്രമാണ് അണിയറയിലെ സ്ത്രീകളുടെ സാന്നിധ്യം എന്നത് തൊഴിലിടം എത്രത്തോളം ആണത്തവല്‍ക്കരിച്ചിരിക്കുന്നു എന്നതിന്‍റെ സാക്ഷ്യമാണ്.

സ്ത്രീകളുടെ എല്ലാ രംഗത്തുമുള്ള കുതിച്ചുവരവിനെ മലയാള സിനിമ നീതി നിഷേധവും അവഗണനയും കൊണ്ടാണ് നേരിട്ടത്. സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ ഫിലിം മാഫിയ പരമാവധി ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ തൊഴിലെടുക്കുക എന്നാല്‍ വിധേയരായിരിക്കുക എന്നാണ് അവരുടെ പക്ഷം. അതിന് തയ്യാറാകാത്തവരെ കൃത്യമായി മാറ്റിനിറുത്താനും അവര്‍ക്ക് പരോക്ഷമായ അന്തര്‍ധാരകളുണ്ട്. ഈ ആണ്‍ബോധ ഫാഷിസത്തിനു മുന്നില്‍ ആത്മാഭിമാനം അടിയറവ് വയ്ക്കില്ല എന്ന പ്രഖ്യാപനത്തോടു കൂടിയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന 2017ല്‍ രൂപം കൊണ്ടത്. സിനിമയില്‍ ലിംഗസമത്വത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കെതിരെയുള്ള തൊഴിലിടത്തിലെ ചൂഷണങ്ങളും ലൈംഗിക അതിക്രമങ്ങളും അവസാനിപ്പിക്കാനും ക്രിയാത്മകമായ ഇടപെടലുകളാണ് ഡബ്യൂ.സി.സി നടത്തികൊണ്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ ഒരു മനുഷ്യന് ലഭ്യമാകേണ്ട നീതിപോലും സിനിമയില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അസമത്വങ്ങളുടെ വിളനിലമാണ് സിനിമ എന്ന തൊഴിലിടം. നടന്മാരുടെ പ്രതിഫലം തന്നെ സിനിമയിലെ പുരുഷമേധാവിത്വത്തിന്‍റെ പ്രതിഫലനമാണ്. മുഖ്യ റോളുകളിലുള്ള സ്ത്രീകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി സഹനടന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. തുല്യമായ പരിശ്രമങ്ങളും ത്യാഗങ്ങളും ഉണ്ടായിട്ടും ഒരേ തൊഴിലിന് രണ്ട് കൂലി എന്നത് തന്നെ സ്ത്രീകളുടെ ശ്രമങ്ങളെ എത്ര നിസ്സാരമായി സമീപിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ്. സ്ത്രീകളെ ഉള്‍പ്പെടുത്തുക എന്നത് ഔദാര്യമായി ചിലര്‍ കാണുന്നതുകൊണ്ടു തന്നെ ജോലിയുടെ പ്രതിഫലം ചോദിക്കുന്നത് അവരെ അസ്വസ്ഥരാക്കും. പുതുമുഖങ്ങളായ സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും പലപ്പോഴും ലഭിക്കാറില്ല. മാനസിക സമര്‍ദ്ദങ്ങളിലൂടെയും പലവിധത്തിലുള്ള ചൂഷണങ്ങളിലൂടെയും കടന്നുപോകാന്‍ അവര്‍ വിധിക്കപ്പെടുന്നുണ്ട്. നിശ്ചയിക്കപ്പെട്ടിരിക്കുന്നത് വേദനകള്‍ കടിച്ചമര്‍ത്തി ചെയ്യുക എന്നതിനപ്പുറം തങ്ങളുടെ കംഫര്‍ട്ടബിള്‍ സോണിനെപ്പറ്റി മിണ്ടാന്‍ പോലും അവര്‍ക്ക് അവകാശമില്ല. സമയത്ത് ആഹാരം ലഭിച്ചില്ലെന്ന് പറയുമ്പോള്‍ ‘ആഹാരം കഴിക്കാനാണോ വന്നതെന്ന’ ചോദ്യം ഒരിക്കലും ഒരു നടന്‍ കേള്‍ക്കേണ്ടി വരില്ല. കുടിക്കുന്ന ഗ്ലാസ് മുതല്‍ ഡ്രസിങ്ങ് റൂമിലും മൂത്രപ്പുരകളിലും വരെ വിവേചനങ്ങള്‍ നീളുന്നുണ്ട്. അധികാരത്തിലൂടെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന രീതിയാണ് പുതുമുഖങ്ങളോട് പലപ്പോഴും കാണിക്കാറുള്ളത്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദത്തെ ധിക്കാരവും അഹങ്കാരവും ആക്കുന്നത് പുരുഷാധിപത്യത്തിന്‍റെ വിവരമില്ലായ്മയാണ്.

താരമൂല്യാധിഷ്ഠിത മാര്‍ക്കറ്റിംഗ് എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ആശയാധിഷ്ഠിത രാഷ്ട്രീയ സ്വഭാവം സിനിമയ്ക്ക് കൈവരിക്കേണ്ടതുണ്ട്. അഭിനേതാക്കള്‍ സിനിമ എന്ന തൊഴിലിടത്തിലെ തൊഴിലാളികള്‍ മാത്രമാണ്. ഒരു സിനിമ രൂപീകരിക്കപ്പെടുന്നതില്‍ ഒരു കുഞ്ഞു ഭാഗം മാത്രമാണ് അഭിനേതാക്കള്‍ എന്നും എല്ലാം ചേരുന്നതാണ് സിനിമ എന്ന കലയെന്നും നാം ഉള്‍കൊള്ളേണ്ടതുണ്ട്. പൊതുസമൂഹത്തിന്‍റെ താരപട്ടം പലപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള ലൈസന്‍സായി പലരും ഉപയോഗിക്കുന്നുണ്ട്. സ്ക്രീനില്‍ കാണുന്നതിനപ്പുറം ശബ്ദവും നിശബ്ദവുമായ ധാരാളം ആഖ്യാനങ്ങള്‍ സിനിമയുടെ നിര്‍മിതിയിലുണ്ടെന്നും സിനിമയിലൂടെ പ്രകടമാകുന്ന രാഷ്ട്രീയം അതിന്‍റെ നിര്‍മിതിയിലും അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യം ആസ്വാദകര്‍ നിര്‍ബന്ധമായും ഉയര്‍ത്തേണ്ടതുണ്ടെന്നും കരുതുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ എത്രയും വേഗം സാധ്യമാവുകയും സിനിമയെ ലിംഗസമത്വത്തിലൂന്നിയ തൊഴിലിടമാക്കി നിലനിറുത്താന്‍ പൊതുജനങ്ങളുടെയും നിയമത്തിന്‍റെയും സര്‍ക്കാരിന്‍റെയുമെല്ലാം ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുമുണ്ട്.

(തിരുവനന്തപുരം സ്വദേശിയായ നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത് 2019ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ തെലുങ്ക്-ഒഡിയ ദ്വിഭാഷാ ചിത്രമായ ‘പട്നഗര്‍’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ‘വാഫ്റ്റ്’ എന്ന ഹ്രസ്വചിത്രത്തിലെ ഡോ. ആനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. റാമോജി ഫിലിം സിറ്റി ഹൈദരാബാദിന്‍റെ മിസ് ഇന്‍ഡിവുഡ് 2016ലെ രണ്ടാം റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെടുകയും മിസ് പേഴ്സണാലിറ്റി പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്.അക്കാദമികമായി ഇപ്പോള്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടുന്നു.)

 

COMMENTS

COMMENT WITH EMAIL: 0