ഒരു ഡിസേബിള്‍ഡ് വ്യക്തി എന്ന നിലയില്‍ ഒരുപാട് വെല്ലുവിളികള്‍ മറികടന്നാണ് ഞാന്‍ ഇന്ന് ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നത്. അതൊരു വലിയ നേട്ടമാണോ? അതെ. ഓരോ ഘട്ടവും വളരെ പ്രധാനപ്പെട്ടതായാണ് ഞാന്‍ കാണുന്നത്.
ഈയൊരു രീതിയില്‍ ജീവിക്കുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നിട്ടുള്ളത് മറ്റുള്ളവരുടെ ഏബ്ലിസ്റ്റ് ചിന്താഗതിയാണ്. അതിന്‍റെ ഒരു ഉല്‍പ്പന്നമായാണ് ഞാന്‍ പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ പഠനം തുടങ്ങുന്ന കാലഘട്ടത്തില്‍ മിക്ക ആളുകള്‍ക്കും ഒരു ഡിസേബിള്‍ഡ് ആയ പെണ്‍കുട്ടി വിദ്യാഭ്യാസം നേടുന്നതിനോട് പുച്ഛം ആയിരുന്നു. ഡിസേബിള്‍ഡ് വ്യക്തികളുടെ വിദ്യാഭ്യാസം എന്ന അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. പിന്നീട് നമുക്കിഷ്ടമുള്ള വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് എതിര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഡിസേബിള്‍ഡ് ആയ വ്യക്തികള്‍ക്ക് ഏതെങ്കിലും ഒരു ജോലി മതിയെന്നും അവരുടെ ആഗ്രഹങ്ങള്‍ പരിമിതമാക്കണമെന്നും ഒരുപാട് ആള്‍ക്കാരില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ളതാണ്. വളരെധികം കഷ്ടപ്പെട്ടാണ് ഒരുപാടു തടസങ്ങളും വെല്ലുവിളികളും നേരിട്ട് കൊണ്ട് മുന്നോട്ടു വരുന്നത്.
എന്നെ എപ്പോഴും അലട്ടിയിട്ടുള്ള ഒരു പ്രശ്നം ഒട്ടും ഇന്‍ക്ലൂസിവ് അല്ലാത്ത ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണമാണ്. വാഗ്ദാനങ്ങളെല്ലാം കടലാസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണിപ്പോഴും. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഒരു റാമ്പ് ഇല്ലാത്ത അവസ്ഥയാണ്. സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഇന്നും പലര്‍ക്കും അതൊരു ഔദാര്യം ചോദിക്കുന്നത് പോലെയാണ്. ഞാന്‍ ഇപ്പോള്‍ പഠിക്കുന്ന കോളേജിലും മുകള്‍ നിലയിലോട്ട് പോകണമെങ്കില്‍ സുഹൃത്തുക്കള്‍ എന്നെ വീല്‍ചെയര്‍ സഹിതം എടുത്തു കയറ്റേണ്ട സ്ഥിതിയാണ്. വ്യക്തിപരമായി അത് എനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സഹായങ്ങളെക്കാള്‍ വേണ്ടത് അര്‍ഹതപ്പെട്ട സൗകര്യങ്ങളാണ്. അത് പലരും അവഗണിക്കാറാണ് പതിവ്.
“ഭിന്നശേഷിക്കാര്‍” (differently abled) എന്ന് ഡിസബിലിറ്റിയെ മഹത്വവല്‍ക്കരിക്കുന്ന വ്യക്തികള്‍ ഒരിക്കലും ഡിസേബിള്‍ഡ് വ്യക്തികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നില്ല. പ്രശ്നങ്ങളെ മറയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണവര്‍ക്ക് ഈ വാക്കുകളൊക്കെ.
അതു പോലെ ഒരു ഡിസേബിള്‍ഡ് പെണ്‍കുട്ടി എന്ന നിലയില്‍ ഏബ്ലിസം എത്ര മോശമായാണ് ജന്‍ഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തിപരമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമൂഹം ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടുള്ള കര്‍ത്തവ്യങ്ങളുടെ സ്വാധീനം കാരണം ആണ് ഡിസബിലിറ്റിയെ പലപ്പോഴും ഒരു “കുറവ്” ആയി കാണുന്നത്.
ഞാന്‍ കണ്ടിട്ടുള്ള മറ്റൊരു വലിയ പ്രശ്നം ഇതൊന്നും വ്യാപകമായി നമ്മുടെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ്. പൊതു ചര്‍ച്ചകളിലും വേദികളിലും ഇതൊരു വിഷയമായി ഉയര്‍ന്നു വരുന്നത് കണ്ടിട്ടില്ല. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ പോലും തയ്യാറാകുന്നില്ല. ജാതീയതയും സ്ത്രീവാദവും വംശീയതയും ഉള്‍പ്പെടെ പലതും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഏബ്ലിയിസം തഴയപ്പെടുന്നു. ഡിസബിലിറ്റിയെ ഒരു സാമൂഹികപ്രശ്നം ആയി പരിഗണിക്കുന്നത് വരെ നമ്മള്‍ അതിനു വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു.
COMMENTS