Homeഅഭിമുഖം

നിയമത്തിന്‍റെ പരിമിതികള്‍: സോണി സൂരി കേസിലൂടെ

ഉര്‍വ്വശി ബൂട്ടാലിയ, ഉമാ ചക്രവര്‍ത്തി

ഫെമിനിസ്റ്റ് പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഉര്‍വ്വശി ബൂട്ടാലിയ, ചരിത്രകാരിയും സിനിമാ പ്രവര്‍ത്തകയുമായ ഉമാ ചക്രവര്‍ത്തി എന്നിവര്‍ വൃന്ദാ ഗ്രോവറുമായി നടത്തിയ അഭിമുഖത്തിന്‍റെ ഒരു പ്രധാനഭാഗമാണിത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മനുഷ്യാവകാശ നിയമവിദഗ്ദ്ധയും അഭിഭാഷകയുമായ വൃന്ദാ ഗ്രോവര്‍, സ്ത്രീ വിമോചന പ്രസ്ഥാനവുമായുള്ള തന്‍റെ വളരെക്കാലത്തെ ഇടപെടലുകളെപ്പറ്റിയും, വാദിച്ചിട്ടുള്ള പ്രധാനപ്പെട്ട ചില കേസുകളെപ്പറ്റിയും, അന്യായത്തെയും അക്രമത്തെയും വിവേചനത്തെയും അതിജീവിച്ച സ്ത്രീകള്‍ക്ക് നിയമോപദേശം കൊടുത്തിട്ടുള്ള സാഹചര്യങ്ങളെപ്പറ്റിയും മറ്റും സംസാരിക്കുന്ന ഈ അഭിമുഖം, നിയമത്തിന്‍റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ഉള്‍ക്കാഴ്ച്ച തരുന്നു. ഛത്തീസ്ഗഢിലെ ആദിവാസി നേതാവ് സോണി സൂരിയുടെ കേസില്‍ ഇടപെടാന്‍ ഇടയായ സാഹചര്യവും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിലെ പ്രതിപാദ്യം.

വൃന്ദാ ഗ്രോവര്‍

ചോദ്യം: അപ്പോള്‍ ശിക്ഷാതീതത(‘ഇമ്പ്യൂണിറ്റി’)ക്ക് ഇത്രയും ഊഹാതീതമായ തലങ്ങള്‍ ഉണ്ടല്ലേ! സി ഡി ആര്‍ (ഫോണ്‍ സംഭാഷണ രേഖ) പോലെ സങ്കീര്‍ണ്ണമല്ലാത്ത രേഖയെ പോലും ശിക്ഷാതീതതക്കുള്ള ഒരു ഉപകരണമാക്കിയെടുക്കാന്‍ കഴിയുമെന്ന് ആരും ചിന്തിക്കുക പോലുമില്ല. ഇതുപോലെ കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകുന്ന മറ്റു കാര്യങ്ങളെക്കുറിച്ചു കൂടി പറയാമോ?
ഉത്തരം: ജെന്‍ഡര്‍ എന്നത് വളരെ ആഴത്തില്‍ നമ്മുടെയുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസമത്വങ്ങളുടേയും വിവേചനങ്ങളുടേയും മുന്‍വിധികളുടേയും ഒക്കെക്കൂടെ ലയിച്ചുചേര്‍ന്ന്, വളരെ തീവ്രമായ ആക്രമണസാധ്യത (വള്‍നറബിലിറ്റി) ഉണ്ടാക്കുന്നതും, ശിക്ഷാതീതതക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതുമായ ഒന്നാണ്. ജാതിയോ, മതമോ, വംശീയതയോ ആയിട്ടുള്ള ലിംഗഭേദത്തിന്‍റെ പുനര്‍ഛേദം (ഇന്‍റര്‍സെക്ഷന്‍) സംഭവിക്കുന്നിടത്തായാലും സംഘര്‍ഷഭരിത പ്രദേശങ്ങളിലായാലും, ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ന്യായത്തിന്‍റെ ഒരു കണിക പോലും ലഭിക്കുകയില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുമ്പോള്‍ ഒരു നിയമസംവിധാനവും അവര്‍ക്കു തടസ്സമാകുന്നില്ല.
ഉദാഹരണമായി, ഛത്തീസ്ഗഢിലെ നല്ലൊരു ഭാഗം സ്ത്രീകള്‍ സി ആര്‍ പി എഫ് സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്സ്പ, പ്രാദേശിക പോലീസ്, ഡിസ്ട്രിക്ട് റിസേര്‍വ് ഗാര്‍ഡ്സ്, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ (ഇവര്‍ മിക്കവാറും പോലീസിന്‍റെ മാപ്പുസാക്ഷികളായ ചാരന്മാരായിരിക്കും) എന്നിവര്‍ ചെയ്തിട്ടുള്ള കൂട്ടബലാല്‍സംഗങ്ങളെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പരാതി നല്‍കാനോ വേണ്ടി ഈ സ്ത്രീകള്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് അനവധി കിലോമീറ്ററുകള്‍ നടന്നാണ് പോലീസ് സ്റ്റേഷനില്‍ എത്തിപ്പറ്റേണ്ടത്. അതുകൊണ്ടു തന്നെ പരാതി കൊടുക്കുന്നതിലുള്ള കാലതാമസത്തെക്കുറിച്ച് “എന്തുകൊണ്ട് അന്നുതന്നെ പരാതിപ്പെട്ടില്ല, ഇപ്പോള്‍ എങ്ങനെ പരാതിയുണ്ടായി” എന്നുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നമ്മള്‍ അന്വേഷിക്കേണ്ടത് ഈ സ്ത്രീകള്‍ക്ക് നിയമസംവിധാനം എത്രത്തോളം വിദൂരത്താണെന്നാണ്. ഇത്തരം കേസുകള്‍ ഉള്‍ക്കൊള്ളുന്ന ഒഴിവാക്കാനാവാത്ത കാലതാമസം, വൈദ്യ പരിശോധനയിലൂടെയുള്ള തെളിവുകള്‍ക്കുള്ള സാധ്യത പോലും ഇല്ലാതാക്കുന്നു. ഇത്തരം മേഖലകളുടെ വാസ്തവസ്ഥിതി മാനിക്കാതെ കുറ്റം, വിചാരണ, അതിനുള്ള തെളിവുകള്‍ എന്നിവയെപ്പറ്റിയുള്ള നമ്മുടെ നാഗരികാധിഷ്ഠിതമായ സങ്കല്പത്തിന്‍റെ ലെന്‍സിലൂടെ ഈ പ്രശ്നങ്ങളെ അളക്കാന്‍ പാടുള്ളതല്ല. യൂണിഫോം അണിഞ്ഞവരും, പ്രദേശത്തിന്‍റെ നിയന്ത്രണം കയ്യാളുന്നവരുമായ പുരുഷശക്തികള്‍ക്കെതിരെയാണ് ഈ ആദിവാസിസ്ത്രീകള്‍ പരാതിപ്പെടാന്‍ മുന്നോട്ടു വരുന്നത് എന്ന വസ്തുത നാം വിസ്മരിച്ചുകൂട. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ കിട്ടിയിട്ടുള്ള ലൈംഗികാതിക്രമ പരാതികള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം, ആദിവാസി സ്ത്രീകള്‍ പരാതിപ്പെടാന്‍ മുന്നോട്ടു വന്നിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, അവര്‍ക്ക് ഒരാദിവാസി നേതാവിന്‍റെയോ ആദിവാസി സംഘടനയുടെയോ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയോ പിന്തുണ കിട്ടിയുണ്ടാകും. എനിക്ക് തോന്നുന്നു, നിയമവ്യവസ്ഥ ഇത് തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ചില വിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തിന്‍റെ പാരമ്യത കാരണം അവര്‍ക്ക് ഒരിക്കലും ഒരു പോലീസ് സ്റ്റേഷനിലേക്ക് പരാതിപ്പെടാനായി നടന്നു ചെല്ലാനുള്ള സാഹചര്യമില്ല. അവകാശ വിനിയോഗത്തിലുള്ള ഇത്തരം അസമത്വങ്ങള്‍ എപ്പോഴും ആദിവാസി സംഘടനയുടെയോ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെയോ ഇടപെടല്‍ ആവശ്യമാക്കുന്നു. ഞാനിത് അടിവരയിട്ടു പറയാന്‍ കാര്യമുണ്ട്, സോണി സൂരിയെ പോലുള്ള ഒരു ആദിവാസി നേതാവിനെയോ സ്ത്രീപ്രസ്ഥാന പ്രവര്‍ത്തകരെയോ സംശയദൃഷ്ടിയോടെ നോക്കാനാണ് നിയമവ്യവസ്ഥയുടെ പ്രവണത. കൂടാതെ നിഷ്കളങ്കരായ ആദിവാസിസ്ത്രീകളെ വഴിതെറ്റിക്കുന്നതിന്‍റെയും മാവോയിസ്റ്റുകളുടെ കൂടെച്ചേര്‍ന്ന് സുരക്ഷാ സേനയുടെ സല്‍പ്പേര് കളയുന്നതിന്‍റെയും കുറ്റം അവരുടെമേല്‍ ചാര്‍ത്തുകയും ചെയ്യുന്നു. ലൈംഗികപീഢനം സ്ത്രീയുടെ തുല്യത, അന്തസ്സ് എന്നീ പൗരാവകാശത്തിനോടുള്ള അവഹേളനവും അതിക്രമവും ആണെന്നും അത് ലാഘവത്തോടെ കാണേണ്ട ഒരു സംഗതിയല്ല, മറിച്ചു കുറ്റകൃത്യമാണെന്നും പഠിച്ചത് പോലെ തന്നെ, വിവിധവിഭാഗം സ്ത്രീകളുടെ വിവിധതരം പാര്‍ശ്വവല്‍ക്കരണങ്ങളും നീതിലബ്ധിക്ക് അവ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും കൂടി നിയമവ്യവസ്ഥ ഗ്രഹിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ വ്യത്യസ്തമായ മറ്റൊരു ഉദാഹരണം തരട്ടെ, നാല്‍സ (ദേശീയ നിയമ സഹായ സമിതി) ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി സമാന്തര നിയമവിദഗ്ധരുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ആദിവാസി സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്താനും ബലാത്സംഗങ്ങള്‍ക്കെതിരെ പരാതിപ്പെടാനുമുള്ള സഹായം ചെയ്തുകൊടുക്കുന്ന ആദിവാസിസംഘടനകളെയും സ്ത്രീ പ്രസ്ഥാനങ്ങളെയും എന്തുകൊണ്ട് നിയമം സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നു? ഈ സ്ത്രീകള്‍ എങ്ങനെയാണ് കുറ്റവാളികളായ ഈ പുരുഷന്മാരെ തിരിച്ചറിയാന്‍ പോകുന്നത്? കുറ്റവാളികള്‍ യൂണിഫോമില്‍ ആയിരിക്കും; ഇത്ര ഭീതിദമായ സാഹചര്യത്തില്‍ ഈ സ്ത്രീകള്‍ അവരുടെ പേരോ മുഖച്ഛായയോ തിരിച്ചറിയാന്‍ യാതൊരു സാധ്യതയുമില്ല. ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലാവട്ടെ കാശ്മീരിലാവട്ടെ, ബലാത്സംഗ കേസുകളില്‍ മാത്രമല്ല, ആള്‍ക്കാരെ ബലമുപയോഗിച്ചു അപ്രത്യക്ഷരാക്കുന്ന എന്‍കൗണ്ടര്‍ കേസുകളിലും നിയമേതര ഉന്മൂലനങ്ങളുടെ (എക്സ്ട്രാജുഡിഷ്യല്‍ കില്ലിംഗ്) കേസുകളിലും പോലും മനുഷ്യാവകാശധ്വംസനം ആരോപിക്കപ്പെട്ട പ്രത്യേക യൂണിറ്റിനെ ആ പ്രദേശത്തുനിന്ന് പെട്ടെന്ന് മാറ്റി അവിടെ പുതിയൊരു യൂണിറ്റിനെ കൊണ്ടുവരാറാണ് പതിവ്. ഇതുവഴി കുറ്റവാളികളെ തിരിച്ചറിയാനുള്ള എല്ലാ സാധ്യതകളെയും അടച്ചുകളയുന്നു. ഇത്തരം ശോചനീയമായ സാഹചര്യങ്ങളില്‍ നീതിന്യായവ്യവസ്ഥ എങ്ങനെ പ്രതികരിക്കും? ഈ ബലാത്കാരങ്ങളും ലൈംഗികാതിക്രമങ്ങളും അനിവാര്യമായ നഷ്ടമായി എഴുതിത്തള്ളുമോ? കുറ്റവാളികളെ തിരിച്ചറിയാനുള്ള ഉത്തരവാദിത്വം ഇരയാക്കപ്പെട്ടവരുടെ തലയില്‍ തന്നെ കെട്ടിവെക്കുമോ? ഞാന്‍ രണ്ടു വസ്തുതകള്‍ ചൂണ്ടിക്കാണിക്കട്ടെ, ഒന്ന് നിയമം തിരിച്ചറിയുന്നതും രണ്ടാമത്തേത് നിയമത്തിന് നടപ്പാക്കാന്‍ വിമുഖതയുള്ളതും. 2013 ലെ ക്രിമിനല്‍ നിയമ പരിഷ്കരണത്തില്‍ ഒരു പ്രധാന പരിഷ്കരണം, സെക്ഷന്‍ 376(2)നു കീഴില്‍ വരുന്ന “കോവേഴ്സിവ് സര്‍കംസ്റ്റന്‍സ്ക”ളുടെ പട്ടികയില്‍ “അഗ്ഗ്രവേറ്റഡ് റേപ്പ്” കൂടി കൂട്ടിച്ചേര്‍ത്തു എന്നതാണ്. അധികാരത്തെയും “കസ്റ്റോഡിയല്‍ റേപ്പി”നെയും സംബന്ധിക്കുന്ന ഈ പുതിയ വ്യവസ്ഥ, മഥുര കേസിനു ശേഷം ചേര്‍ത്തതാണ്. ഇത് സ്ഥാനം, പദവി, ഭരണകൂടശക്തി എന്നിവ സ്ത്രീയുടെ ആക്രമണസാധ്യത (വള്‍നറബിലിറ്റി) വര്‍ധിപ്പിക്കുന്നു എന്ന് അംഗീകരിക്കുന്നു. ഇതോടെ പോലീസ് കസ്റ്റഡി ഒരു “അഗ്ഗ്രവേറ്റഡ് സര്‍കംസ്റ്റന്‍സ്” ആയും “അഗ്ഗ്രവേറ്റഡ് റേപ്പി”ല്‍ ഉള്‍പ്പെട്ട ഒരു വിഭാഗമായും അംഗീകരിക്കപ്പെട്ടു. 2013ല്‍ സായുധ സേനാംഗങ്ങള്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ കൂടി ഇതേ സെക്ഷന്‍റെ പരിധിയിലേക്കു കൂട്ടിച്ചേര്‍ത്തു. ഈ പുതിയ സെക്ഷനു കീഴില്‍ ആദ്യമായി പരാതി നല്‍കിയത് സി ആര്‍ പി എഫ് പട്രോളിങ് ഗ്രൂപ്പിലെ ജവാന്മാര്‍ക്കെതിരെ ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീകളാണ്.
ഇതുവരെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല എന്നത് വസ്തുതയാണ്, പക്ഷെ നിയമം ഇതിനെ ഒരു “അഗ്ഗ്രവേറ്റഡ് റേപ്പ്” കേസായി അംഗീകരിച്ചു. വേറൊന്നും ഉണ്ടായില്ലെങ്കിലും അതുവരെ അപ്രതിരോധ്യമായിരുന്ന ശിക്ഷാതീതതയെ അതൊന്നുലച്ചു. സ്ത്രീകള്‍ ന്യായം ആവശ്യപ്പെടുന്നതും ന്യായം ലഭിക്കുന്നതും തമ്മില്‍ വലിയൊരു വിടവ് നിലനില്‍ക്കുന്നുണ്ട്. പഴുതുകള്‍ നിയമത്തില്‍ തന്നെയാണുള്ളത്. ഈ “അഗ്ഗ്രവേറ്റഡ് റേപ്പു”കളെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി കണ്ടുകൂട. ഈ കുറ്റകൃത്യത്തില്‍ ഏറ്റവും അഗ്രസ്ഥാനത്തിരിക്കുന്ന കുറ്റവാളി ആര് എന്ന് നിയമം അന്വേഷിക്കണം. അവിടെയാണ് അധികാരശ്രേണിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്വം നിശ്ചയിക്കുന്ന അന്തര്‍ദേശീയ നിയമ വ്യവസ്ഥയുടെ പ്രാധാന്യം. ഇത് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി അവലംബിക്കുന്ന ‘റോം സ്റ്റാറ്യൂട്’ മാത്രമല്ല, മറ്റു പല അന്തര്‍ദേശീയ നിയമങ്ങളും അംഗീകരിക്കുന്ന ഒന്നാണ്.

നമ്മുടെ നിയമനിഘണ്ടുവില്‍ ഈ പ്രമാണത്തിന്‍റെ അഭാവം കാരണം ഉത്തരവാദിത്തം ചുമത്തുക സാധ്യമാകാതെ പോകുന്നു. ഈ യൂണിഫോമിട്ട പുരുഷന്മാര്‍ ഒരു ‘ചെയിന്‍ ഓഫ് കമ്മാണ്ടി’ലൂടെയാണ്, അല്ലെങ്കില്‍ ഒരു ആജ്ഞാശ്രേണിയിലൂടെയാണ് കാര്യങ്ങള്‍ നടത്തുന്നത്, അവര്‍ മുകളില്‍ നിന്നുള്ള ഉത്തരവുകളാണ് അനുസരിക്കുന്നത്. അതുകൊണ്ടുതന്നെ താണ പദവിയിലുള്ള ഏതെങ്കിലും സുരക്ഷാപ്രവര്‍ത്തകനോ യൂണിറ്റോ ഔദ്യോഗിക ചുമതലയില്‍ വീഴ്ചവരുത്തുകയും അത് മുകളിലുള്ള അധികാരിയുടെ അറിവില്‍ പെടുകയും ചെയ്താല്‍ ആ അധികാരിക്കു നടപടിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഇത് ചെയ്യാത്തപക്ഷം നിയമത്തിനു മുന്നില്‍ അയാള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാകും. നമ്മുടെ നിയമത്തില്‍ ഇത്തരം നിബന്ധനകള്‍ ഇല്ലെന്നു മാത്രമല്ല ആരോടും ഉത്തരം പറയാതെ ആരെയും തടവിലാക്കാന്‍ പഴുതുകളുള്ള അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്) പോലുള്ള നിയമങ്ങള്‍ ശിക്ഷക്കുള്ള സാധ്യത പോലും ഇല്ലാതാക്കുന്നു. അങ്ങനെ ശിക്ഷാതീതരുടെ ഒരു സംസ്കാരം തന്നെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. മണിപ്പൂരിലെ മനോരമയുടെ കേസിലും ബസ്തറിലെ ആദിവാസി സ്ത്രീകളുടെ കാര്യത്തിലും കശ്മീരിലെ കുനാന്‍ പോഷ്പോറയിലും ഇതാണ് നമ്മള്‍ കണ്ടത്. അതുകൊണ്ട് അന്താരാഷ്ട്ര നിയമത്തിലെപ്പോലെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഉന്നതങ്ങളിലേക്ക് നീളുന്ന ഒരു നിയമമില്ലാത്ത സാഹചര്യത്തില്‍ ശിക്ഷാതീതതക്ക് ആഴത്തില്‍ വേരോടുന്നു.
ബസ്തര്‍ കേസിലേക്ക് തിരികെപ്പോവാം, ആ പരാതികളെല്ലാം അന്വേഷിച്ചത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി) ആണ്. എന്‍ എച്ച് ആര്‍ സിക്ക് അവയുടെ സത്യാവസ്ഥ ബോധ്യപ്പെട്ടു എന്ന് മാത്രമല്ല, അന്വേഷണത്തിനിടെ കൂടുതല്‍ ബലാത്സംഗക്കേസുകളെപ്പറ്റി അറിവുകിട്ടുകയും ചെയ്തു. ഈ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് എന്‍ എച്ച് ആര്‍ സി ആവശ്യപ്പെട്ടു. അതിനു മറുപടി കൊടുക്കാന്‍ പോലും ഛത്തീസ്ഗഢ് സംസ്ഥാന ഗവണ്മെന്‍റ് സമയമെടുക്കുകയാണ് ചെയ്യുന്നത്. ഈ നഷ്ടപരിഹാരം കൊണ്ട് കാര്യമുണ്ടോ, അതവര്‍ സ്വീകരിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ നഷ്ടപരിഹാരം കൊടുക്കുന്നതിലൂടെ ഗവണ്മെന്‍റ് സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്, ഈ സ്ത്രീകള്‍ യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈംഗികാതിക്രമങ്ങള്‍ക്കു പാത്രമായിട്ടുണ്ട്. ഇനി എന്‍റെ ചോദ്യം സി ആര്‍ പി എഫിനോടും ഛത്തീസ്ഗഢ് ഗവണ്മെന്‍റിനോടുമാണ് : നിങ്ങളുടെ യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തു എന്ന് സ്ഥിരീകരിച്ച ഈ ബലാത്സംഗ കേസുകളില്‍ നിങ്ങള്‍ എന്തു നടപടിയെടുത്തു? ഇരകളായ സ്ത്രീകള്‍ക്ക് അവരെ ബലാത്സംഗം ചെയ്ത ഉദ്യോഗസ്ഥന്മാരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന വാദത്തിനു പിന്നില്‍ ഇനിയും ഗവണ്മെന്‍റിന് ഒളിച്ചു നില്‍ക്കാനാവില്ല. ചര്‍ച്ചയുടെ ഈ ഗതി മാറ്റേണ്ടത് സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ ആണെന്നാണ് എന്‍റെ അഭിപ്രായം. എന്തെന്നാല്‍ വളരെ വൈദഗ്ധ്യത്തോടെ സൗകര്യപൂര്‍വ്വം ഉത്തരവാദിത്തം മുഴുവന്‍ ഇരകളായ സ്ത്രീകളുടെ തലയിലാണ് ഇവര്‍ കെട്ടിവയ്ക്കുന്നത്. ഇതിലെല്ലാം ഞാന്‍ കാണുന്നത് ഒരേസമയം മുന്നില്‍ നിന്നുള്ള തള്ളിമാറ്റലും പിന്നോട്ടടിയുമാണ്.

ചോ: നമുക്ക് സോണി സൂരി കേസിനെക്കുറിച്ച് സംസാരിച്ചാലോ? പലയിടത്തു നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്, സോണി സൂരി ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നിങ്ങളെ വിളിച്ചിരുന്നു എന്ന് എനിക്കറിയാം. വാസ്തവത്തില്‍ അവര്‍ എങ്ങനെയാണ് നിങ്ങളെത്തന്നെ തെരഞ്ഞുപിടിച്ചത്? എന്താണന്നു നടന്നത്? എങ്ങനെയാണ് സോണി സൂരി കേസില്‍ നിങ്ങള്‍ ഇടപെടാന്‍ ഇടയായത്? ലൈംഗികാതിക്രമ വിഷയത്തില്‍ സജീവതാല്പര്യമുള്ള വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ കൈയ്യില്‍ത്തന്നെ ഈ കേസ് എങ്ങനെ വന്നുപെട്ടു എന്നറിയാന്‍ കൗതുകമുണ്ട്.
ഉ: സോണി സൂരി ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അതില്‍ ഇടപെടാന്‍ എന്നോടാവശ്യപ്പെട്ടതു അവരുടെ ചില സുഹൃത്തുക്കളാണ്, കാരണം അവര്‍ക്കൊരു വക്കീലിനെ ആവശ്യമായിരുന്നു. ഛത്തീസ്ഗഡിലേക്കു തിരികെ കൊണ്ടുപോകാനുള്ള ട്രാന്‍സിറ്റ് റിമാണ്ടിനു വേണ്ടി ഇവരെ സാകേത് കോടതിയില്‍ ഹാജരാക്കുമെന്ന വിവരം എനിക്ക് കിട്ടിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് സോണിയെ ഞാനാദ്യമായി കാണുന്നത്. അങ്ങനെ ഞാന്‍ സാകേത് കോടതിയിലെത്തി. സഹേലിയില്‍ നിന്നുള്ള ഉമാ ചക്രവര്‍ത്തിയെയും വാണി സുബ്രമണ്യത്തെയും വിവരം അറിയിച്ചു. സോണിയെ ഡല്‍ഹി പോലീസ് ഹാജരാക്കിയപ്പോള്‍ അവരെന്നോടു വ്യക്തമായി പറഞ്ഞു, ഛത്തീസ്ഗഡിലേക്കു പോകാന്‍ തനിക്കു യാതൊരു താല്പര്യവും ഇല്ലെന്ന്; കാരണം അവിടെ ചെന്നാല്‍ പോലീസ്കാര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഛത്തീസ്ഗഢിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പോരാടുന്ന അവിടുത്തെയും ഡല്‍ഹിയിലെയും പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി കൊടുപ്പിക്കും. സോണിയെന്നോട് പറഞ്ഞു, “നോക്കൂ, അവര്‍ എന്നോട് മോശമായി പെരുമാറും, എന്നെ അവഹേളിക്കും, എന്നെ പീഡിപ്പിക്കും. അതുകൊണ്ട് എന്‍റെ കസ്റ്റഡി ഛത്തിസ്ഗഢ് പോലീസിനു കൈമാറുന്നതിനെ നിങ്ങള്‍ എങ്ങനെയും തടയണം.” പീഢനം ഒരു തുറന്ന രഹസ്യമാണെങ്കിലും, എന്‍ എച്ച് ആര്‍ സി എല്ലാ കൊല്ലവും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പോലീസ് കസ്റ്റഡിയിലുള്ള മര്‍ദ്ദനമുറകളെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ദേശീയ സുരക്ഷയുടെയും നക്സല്‍ ബന്ധങ്ങളുടെയും പേര് പറഞ്ഞു പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കോടതിയാവട്ടെ നിയമപാലകരെ വിശ്വസിക്കുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവിന് വിദൂരസാധ്യത പോലുമില്ല എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ സോണിയോട് പറഞ്ഞു, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ സര്‍വ്വശക്തിയോടെ വാദിക്കും, പക്ഷെ ഒപ്പം തന്നെ നിങ്ങള്‍ കോടതിയെ അഭിമുഖീകരിച്ചു നിങ്ങള്‍ക്കുള്ള ആശങ്കകള്‍ ജഡ്ജിയെ നേരിട്ട് ധരിപ്പിക്കുകയും വേണം. അല്ലെങ്കില്‍ വിചാരിക്കും ട്രാന്‍സിറ്റ് റിമാണ്ടിനെതിരെ വക്കീലന്മാര്‍ സ്ഥിരം പറയാറുള്ള വാദങ്ങള്‍ മാത്രമാണിവയെന്ന്. എന്നാല്‍ സോണിതന്നെ സംസാരിക്കുകയാണെങ്കില്‍ അതിനു ജഡ്ജിയുടെമേല്‍ ഒരു പ്രത്യേക സ്വാധീനമുണ്ടാകും. മജിസ്ട്രേട്ട് സോണിയുടെ വാക്കുകള്‍ ഉത്തരവില്‍ ഉദ്ധരിക്കുകയും ചെയ്യും. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. സോണി ഹിന്ദിയില്‍ ഛത്തിസ്ഗഢ് പോലീസ് തന്നെ കൈയില്‍ കിട്ടിയാല്‍ വെറുതെ വിടുകയില്ലെന്നും കഠിനമായി ഉപദ്രവിക്കുമെന്നും പറഞ്ഞു. ജഡ്ജിയത് ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്തൊക്കെയായിട്ടും പക്ഷെ കോടതി ട്രാന്‍സിറ്റ് റിമാണ്ടിനു അനുവാദം കൊടുത്തു, സോണിയെ ഛത്ത്തീസ്ഗഢ് പോലീസ് കൊണ്ടുപോയി, പോലീസ് സ്റ്റേഷനിലിട്ടു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ചോ: നിങ്ങള്‍ പറയുന്നത് സോണിയുടെ ആശങ്കകള്‍ ജഡ്ജിയെക്കൊണ്ട് രേഖപ്പെടുത്തിക്കുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞു എന്നാണോ?
ഉ: അതെ. അത് ഉത്തരവില്‍ എഴുതിച്ചേര്‍ത്തിരുന്നു എന്നു ഞാന്‍ ഓര്‍മ്മിക്കുന്നു. അതുകൊണ്ട് ഈ സംഭവങ്ങള്‍ക്കെല്ലാം കൃത്യമായും ക്രമമായുമുള്ള രേഖകളുണ്ട്. നിയമത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമാണ്. അതുകൊണ്ടാണ് കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ഞാന്‍ സോണിയോട് ആവശ്യപ്പെട്ടത്. പക്ഷെ അതിനുപോലും സോണിയെ തുടര്‍ന്നും ലൈംഗിക പീഡനത്തിനിരയാക്കുന്നതില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. എത്ര വേരുറച്ചതാണ് ഇവിടത്തെ ശിക്ഷാതീതത എന്ന് ഇതു നമുക്ക് കാണിച്ചുതരുന്നു.
സോണിയുടെ ലൈംഗിക പീഡനത്തിനെതിരെ സുപ്രീംകോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. കൊല്‍ക്കത്തയില്‍ വച്ചുള്ള ഒരു സ്വതന്ത്രമായ വൈദ്യപരിശോധയില്‍ അവരുടെ ഗുഹ്യഭാഗങ്ങളില്‍ ചെറിയ കല്ലുകള്‍ കയറ്റിയിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. തന്നെ പീഡിപ്പിക്കാന്‍ ഉത്തരവു കൊടുത്ത പോലീസ് ഓഫീസറുടെ പേരു പോലും സോണി പരാമര്‍ശിച്ചിരുന്നു. എന്നിട്ടും കുറ്റക്കാരാരും വിചാരണ ചെയ്യപ്പെട്ടില്ല. ലൈംഗിക പീഡനത്തിനെതിരെ ഇത്രയധികം ധര്‍മ്മരോഷം പ്രകടിപ്പിക്കുന്ന ഒരു രാജ്യത്തു സോണിയുടെ കേസ് നമ്മുക്ക് പഠിപ്പിച്ചു തരുന്ന ഒരു വസ്തുതയുണ്ട്: ചില സാഹചര്യങ്ങളില്‍ ലൈംഗിക അതിക്രമവും പീഢനവുമൊന്നും സ്റ്റേറ്റ് ശിക്ഷാര്‍ഹമായി കാണുന്നില്ല.

ചോ: എന്നല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്, അല്ലേ?
ഉ: ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈവക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടോ അതിനു നേരെ കണ്ണടച്ചോ ഭരണകൂടം സ്വയം അതില്‍ പങ്കാളിയാകാറുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരായ വ്യവസ്ഥകളാകട്ടെ അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും വിവേചനത്തെയും അന്യായത്തെയും നീതിനിഷേധത്തെയും സ്ത്രീകള്‍ ചോദ്യം ചെയ്യുമ്പോള്‍ സ്വന്തം അധികാരത്തോടുള്ള വെല്ലുവിളിയായിട്ടാണ് ഭരണകൂടം അതിനെ കാണുന്നത്. ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമം അഴിച്ചുവിട്ടും ലൈംഗിക പീഡനം ആയുധമാക്കിയുമാണ് ഭരണകൂടം പ്രതികരിക്കുന്നത്. ഈ കുറ്റവാളികള്‍ക്കെതിരെ കൃത്യമായും കര്‍ശനമായും നടപടിയെടുക്കാന്‍ ന്യായപീഠം സങ്കോചം കാണിക്കുന്നുവെങ്കില്‍ ഉറപ്പാണ്, ഇവരുടെ ലൈംഗീകാതിക്രമത്തിനു നീതിന്യായവ്യവസ്ഥയുടെ മൗനാനുവാദമുണ്ട്. അതിന്‍റെ സ്വാഭാവിക പരിണാമം, ഇതിനെ ചോദ്യം ചെയ്യുന്ന സ്ത്രീപ്രവര്‍ത്തകരുടെ സ്ഥിതി ഗുരുതരമായി അപകടപ്പെടുത്തുന്നു എന്നതാണ്.
എസ്സാര്‍ കമ്പനിയില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ സോണി സൂരിയെയും അവരുടെ പത്രപ്രവര്‍ത്തകനായ അനന്തിരവന്‍ ലിംഗാറാം കൊടോപിയേയും കേസില്‍ കുടുക്കി. കോടതിയില്‍ വിചാരണ ചെയ്ത് ഈ കുറ്റം അവരുടെമേല്‍ ചുമത്താനായിരുന്നു ശ്രമം. അവര്‍ക്കുവേണ്ടി വാദിക്കാനും കുറ്റവിമുക്തരാക്കാനും എന്നോടാവശ്യപ്പെട്ടു. അതേത്തുടര്‍ന്ന് അവരെ തടവിലിട്ടിരുന്ന ജഗ്ദല്‍പൂരിലും വിചാരണ നിശ്ചയിച്ചിരുന്ന ദന്തെവാഡ കോടതിയിലും ഞാന്‍ എത്തിച്ചേര്‍ന്നു. ജഗ്ദല്‍പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു സോണിയും ലിംഗയും. അനുമതി വാങ്ങി ഞാന്‍ അവരെ ചെന്നുകണ്ടു. സ്ത്രീ തടവുകാരുടെ വിഭാഗത്തിലായിരുന്നു സോണി. ലിംഗ പുരുഷന്മാരുടെ തടവറയിലും. സാകേത് കോടതിയില്‍വച്ചു ഞാനവരെ കണ്ടതിന് ശേഷം വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു.
അന്നുമുതല്‍ക്കേ തടവിലായിരുന്നു അവര്‍, ലൈംഗികപീഡനത്തിനിരയായിരുന്നിട്ടുപോലും അവര്‍ക്കു ജാമ്യം കിട്ടിയിരുന്നില്ല. അവിടെവച്ച് എന്നെ ആദ്യം കണ്ടപ്പോള്‍ വ്യക്തമായി തിരിച്ചറിയാത്തതുപോലെയാണ് സോണി എന്നെ നോക്കിയത്, ഞാന്‍ അതേ അഭിഭാഷക തന്നെയാണോ എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. അധികം കഴിയും മുമ്പേ എന്നെ അവര്‍ തിരിച്ചറിഞ്ഞു. അവരുടെ ആദ്യത്തെ ചോദ്യം “മേനേ ആപ്കോ കഹാ ഥാ, മുഝെ യഹാം മത് ഭേജോ” (ഞാന്‍ നിങ്ങളോടു അന്നേ പറഞ്ഞതല്ലേ എന്നെ ഇങ്ങോട്ടയക്കരുതെന്ന്?) എന്നായിരുന്നു. അതാണ് സോണി സൂരിയുടെ പ്രത്യേകത — ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവം, തന്നോടായാലും മറ്റുള്ളവരോടായാലും. ഞാന്‍ മറുപടി പറഞ്ഞു, “ഹാം, പര്‍ മേനേ തുംഹേ കഹാ ഥാ മേ ആവൂംഗി, ആന്‍ഡ് ഐ ഹാവ് കം.” (അതെ, പക്ഷെ ഞാന്‍ വരുമെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു, ഇതാ വന്നിരിക്കുന്നു.) അവര്‍ പറഞ്ഞു, “ആപ്നേ ബഹുത് ദേര്‍ കരീ.” (പക്ഷെ നിങ്ങള്‍ വളരെ വൈകി.) ഞാന്‍ പറഞ്ഞു, ശരിയാണ്, ഞാനത് സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാവാന്‍ ഞാനിവിടെയുണ്ട്.

ചോ: അവര്‍ “ആപ്നേ ബഹുത് ദേര്‍ കരീ” (നിങ്ങള്‍ വരാന്‍ വളരെ വൈകി) എന്നാണോ “ബഹുത് ദേര്‍ ഹോ ഗയി” (എല്ലാം വളരെ വൈകിപ്പോയി) എന്നാണോ പറഞ്ഞത്?
ഉ: “ബഹുത് ദേര്‍ ഹോ ഗയി” എന്നായിരിക്കണം പറഞ്ഞത്. പറഞ്ഞ വാക്കുകള്‍ കൃത്യമായി എനിക്കോര്‍മ്മയില്ല, പക്ഷെ അര്‍ത്ഥമാക്കിയത് ‘വളരെയേറെ കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞു, വൈകിപ്പോയി’ എന്നാണ്. ഞാന്‍ പറഞ്ഞു, ശരിയാണ്, സംഭവിച്ചതെല്ലാം ഞാന്‍ അറിഞ്ഞു, പക്ഷെ ഞാന്‍ പറഞ്ഞിരുന്നതനുസരിച്ചു വന്നിട്ടുണ്ട്, ചെയ്യേണ്ടത് ഞാന്‍ ചെയ്തോളാം എന്ന്. അവര്‍ക്കും ലിംഗക്കും വേണ്ടി ദന്തെവാഡ കോടതിയില്‍ ഹാജരാകും എന്ന് ഞാന്‍ അവരോടു പറഞ്ഞു. നാളെ ദന്തെവാഡ കോടതിയില്‍ വച്ച് ഞാന്‍ നിങ്ങളെ കാണും. അടുത്ത ദിവസം ദന്തെവാഡ കോടതിയില്‍ ചെന്നപ്പോള്‍ സോണിയെയോ ലിംഗയെയോ കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല. ഇതേ കാരണം കൊണ്ടാണ് ഇത്തരം കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത്. ഹിയറിങ് നിശ്ചയിക്കുന്ന ദിവസങ്ങളിലൊന്നും കുറ്റം ചുമത്തപ്പെട്ടവരെ കോടതിയില്‍ ഹാജരാക്കാറില്ല. അവസാനം അവരെ കോടതിയില്‍ എത്തിച്ചപ്പോള്‍ സമയം വളരെ വൈകിയിരുന്നു. കോടതിയിലെ ലോക്കപ്പ് മുറിയില്‍ ഞാന്‍ അവരെ കാണാന്‍ ചെന്നു. ദന്തെവാഡ കോടതിയിലേക്ക് അവരെ കൊണ്ടുവരുന്നതിന് വേണ്ടി ജയില്‍ സൂപ്രണ്ടുമായി വളരെ രൂക്ഷമായൊരു വാദപ്രതിവാദം നടത്തേണ്ടിവന്നു എന്ന് സോണി എന്നോട് പറഞ്ഞു. “എന്‍റെ അഭിഭാഷക ഈ ദൂരമത്രയും താണ്ടി ഡല്‍ഹിയില്‍ നിന്ന് വന്നിരിക്കുകയാണ്. അയക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനാവില്ലെന്ന് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ യാത്ര മുടക്കാന്‍ പറ്റില്ല. ഈ ഹിയറിങ് വിട്ടുകളയാന്‍ പറ്റില്ല”. ‘അപകടകാരികളായ നക്സലുകള്‍’ എന്ന് മുദ്ര കുത്തിയിരുന്നതിനാല്‍ സോണിയെയും ലിംഗയേയും കൊണ്ടുവരാന്‍ സര്‍ക്കാരിനു പ്രത്യേക സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്യേണ്ട ബാധ്യതയുണ്ടായിരുന്നു.
കുറ്റം ചുമത്തപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വേണം വിചാരണ നടത്താന്‍ എന്നുള്ളത് ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന വ്യവസ്ഥയാണ്. അതുകൊണ്ട് അവരെ ഹാജരാക്കിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വാദം തുടങ്ങി. ഈ കേസിന്‍റെ സവിശേഷത, ദന്തെവാഡ കോടതിയിലെ ജഡ്ജിയും പ്രോസിക്യൂട്ടറും വാദിഭാഗം വക്കീലും കുറ്റം ആരോപിക്കപ്പെട്ട സോണിയും വനിതകളായിരുന്നു എന്നതാണ്. താന്‍ വളരെ തിരക്കിലായതുകൊണ്ട് കേസ് മറ്റൊരവധിക്കു മാറ്റിവെക്കണം എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഞാന്‍ അതിനെ ശക്തിയായി എതിര്‍ത്തു. വേണ്ടിവന്നാല്‍ ആ ദിവസം മുഴുവന്‍ അവിടെ കാത്തുനില്ക്കാന്‍ തയാറാണെന്ന് ഞാന്‍ കോടതിയെ അറിയിച്ചു. കോടതി നിശ്ചയിച്ച ദിവസം ഇന്നായതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് ഞാന്‍ ഇവിടെ വന്നത്, മാത്രമല്ല, എന്‍റെ കക്ഷികള്‍ കസ്റ്റഡിയില്‍ ദുരിതമനുഭവിക്കുകയുമാണ്. അതുകൊണ്ട് അവസാനം കോടതി കേസ് കേട്ടു. ഞാന്‍ ഓര്‍മ്മിക്കുന്നു, അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മൂന്നേ മൂന്ന് വാദമുഖങ്ങളാണ് മുന്നോട്ടു വച്ചത്: ഒന്ന്, ഇതൊരു നക്സല്‍ബാധിത പ്രദേശമാണ്, രണ്ട്, പ്രതികള്‍ നക്സലുകളുമായി ബന്ധമുള്ളവരാണ്, മൂന്ന്, ഇത്തരം അപകടകാരികള്‍ക്ക് വിടുതല്‍ കൊടുക്കാന്‍ പാടില്ല. ഈ വാദമുഖങ്ങള്‍ക്കൊന്നും തന്നെ വാസ്തവവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ചാര്‍ജ് ഷീറ്റിലാവട്ടെ ലിംഗയോ സോണിയോ കുറ്റം ചെയ്തു എന്ന് തെളിയിക്കാന്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഈ സബ്മിഷന്‍ സമര്‍പ്പിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി വിട്ടു. സോണിയെയും ലിംഗയെയും കോടതിയില്‍ കൊണ്ടുവന്നിരുന്നു, എങ്കിലും കുറെ അകലത്തേക്കു മാറ്റിയാണ് നിര്‍ത്തിയിരുന്നത്. വാദം ഹിന്ദിയിലും ഇംഗ്ലീഷിലും നടന്നു. അവര്‍ക്ക് എത്രത്തോളം കേള്‍ക്കാനോ കേട്ടാല്‍ തന്നെ മനസ്സിലാക്കാനോ കഴിയുമായിരുന്നു എന്നെനിക്കറിയില്ല. പലപ്പോഴും ജീവനും സ്വാതന്ത്ര്യവും ചോദ്യചിഹ്നമായിരിക്കുന്ന പ്രതികള്‍ക്ക് കോടതിയില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചു യാതൊരു ഊഹവും ലഭിക്കുകയില്ല. സോണിയെ കാണാന്‍ വളരെ ദൂരം യാത്ര ചെയ്ത് അവരുടെ അച്ഛന്‍ എത്തിയിരുന്നു. കാലുകള്‍ പ്ലാസ്റ്ററിലായിരുന്നതുകൊണ്ട് ക്രച്ചസിന്‍റെ സഹായത്തോടെയാണ് അദ്ദേഹം നടന്നിരുന്നത്. അപകടകാരികളായ പ്രതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു അനുവാദമില്ലാത്തതിനാല്‍ കോടതി ലോക്കപ്പില്‍ അവരെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സായുധപോലീസിന്‍റെ അകമ്പടിയോടെ സോണി കോടതിയില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങിപ്പോകുമ്പോഴും അദ്ദേഹത്തെ കടന്നുപോയ നിമിഷനേരം മാത്രമേ അദ്ദേഹത്തിന് അവളെ കാണാന്‍ കഴിഞ്ഞുള്ളൂ. കഷ്ടിച്ച് ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറുകയും പുഞ്ചിരിക്കുകയുമല്ലാതെ അദ്ദേഹത്തിന് അവളോട് സംസാരിക്കാന്‍ അവസരം കിട്ടിയില്ല. ഒറ്റയ്ക്ക് സഞ്ചരിക്കാനാവാത്തതിനാല്‍ പ്രായമേറിയ ഒരു സുഹൃത്തിന്‍റെ സഹായത്തോടെയാണ് ഇത്ര ദീര്‍ഘദൂരം മകളെ ഒരുനോക്കു കാണാന്‍ വേണ്ടി മാത്രം അദ്ദേഹം യാത്ര ചെയ്ത് എത്തിയത്. പിന്നീട് ലിംഗ എന്നോട് പറയുകയുണ്ടായി, അദ്ദേഹത്തിന്‍റെ സഹോദരി അദ്ദേഹത്തെ കാണാന്‍ വരുമ്പോഴൊക്കെ ഒരു സഹായി ഒപ്പം ഉണ്ടാകുമായിരുന്നെന്നും, ആ സഹായിയെ പോലും നക്സല്‍ ബന്ധം ആരോപിച്ചു പോലീസ് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും. പിന്നീട് സോണിക്കും ലിംഗക്കും ജാമ്യം അനുവദിക്കപ്പെട്ടു.

ചോ: അപ്പോള്‍ നമ്മുക്ക് ലൈംഗികപീഡനത്തെക്കുറിച്ചുതന്നെ തുടരാം …
ഉ: നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവാം, സ്ത്രീസംഘടനകളുടെ സമ്മര്‍ദ്ദം കൊണ്ട് സോണിയുടെ പരാതി പരിശോധിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഒരു സംഘത്തെ അയച്ചു. എന്‍ എഫ് ഐ ഡബ്ള്യൂവിന്‍റെ (നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമെന്‍) ആനി രാജ അനൗദ്യോഗിക അംഗമായുള്ള ഈ സംഘം ജയിലിലെ സ്ത്രീ തടവുകാരെ സന്ദര്‍ശിച്ചു. ജയിലിലെ സ്ത്രീകളുടെ അവസ്ഥ അവലോകനം ചെയ്യേണ്ടത് വനിതാ കമ്മീഷന്‍റെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് ഓര്‍ക്കുക.

സോണി സൂരി

ചോ: എന്നിട്ടവരെ ഒടുവില്‍ ഘെരാവോ ചെയ്തു...
ഉ: അത് പിന്നീടാണ് ചെയ്തത്, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ട്.
അല്ലല്ല, അതവര്‍ പോകുന്നതിനു മുമ്പാണ്.
ഓ, ശരിയാണ്. ഇത് സംഭവിച്ചത് സോണിയുടെ കത്തുകള്‍ ചെന്നപ്പോഴാണ്. അന്വേഷണത്തിനിടയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ലൈംഗികപീഡനം നടത്തിയതിനുപുറമെ അവരെ ആവര്‍ത്തിച്ചു നഗ്നപരിശോധന നടത്തി അവഹേളിച്ചു എന്ന പരാതി ചെന്നപ്പോള്‍. പ്രകടമായും നീചമായും അവരെ കൈയേറ്റം ചെയ്താണ് നഗ്നപരിശോധന ചെയ്തത്. പല മുറകളിലുള്ള ലൈംഗികപീഡനമാണ് ഇവയെല്ലാം. എങ്ങനെയൊക്കെയോ തന്‍റെ അഭിഭാഷകരെ ഈ വിവരങ്ങളെല്ലാം കത്തുകളിലൂടെ അറിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആ കത്തുകളൊക്കെ സുപ്രീംകോടതി മുമ്പാകെ ഹാജരാക്കപ്പെടുകയും ചെയ്തു. ഇത്രയൊക്കെ കഴിഞ്ഞിട്ടും ദേശിയ വനിതാ കമ്മീഷനെക്കൊണ്ട് ഛത്തിസ്ഗഢ് ജയില്‍ സന്ദര്‍ശിപ്പിക്കാന്‍ സ്ത്രീസംഘടനകള്‍ക്ക് ഭഗീരഥപ്രയത്നം ചെയ്യേണ്ടിവന്നു.

പോലീസ് കസ്റ്റഡിയില്‍ തന്നെ പീഡിപ്പിച്ച പോലീസ് ഓഫീസറെ സോണി തിരിച്ചറിയുകയും പേര് പറയുകയും ചെയ്തിട്ടുണ്ട്. അവര്‍ അയാളെ തിരിച്ചറിഞ്ഞു, അയാളുടെ പേര് പറഞ്ഞു, അയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വിശദമായി നിരത്തി. എന്നിട്ടും നിയമം പ്രതികരിച്ചില്ല. യാതൊരന്വേഷണവുമില്ല. ഇത്ര ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചിട്ടു പോലും. അപ്പോള്‍ പിന്നെ ഇത്തരം കുറ്റങ്ങളില്‍ സര്‍ക്കാര്‍ കൂടി പങ്കാളിയാണെന്നു അനുമാനിക്കുന്നത് തെറ്റാണോ? സര്‍ക്കാര്‍ അതിന്‍റെ നിഷ്ക്രിയത്വത്തിലൂടെ, ഉപേക്ഷയിലൂടെ, മൗനത്തിലൂടെ, സ്ത്രീ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള, ഇതേപോലെയുള്ള ആദിവാസി നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം ലൈംഗികാധിഷ്ഠിത പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ആദിവാസി സമുദായങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ എടുക്കുന്ന മേല്‍ക്കോയ്മയുടെ ഒരു രൂപമാണിത്. സ്ത്രീപ്രസ്ഥാനങ്ങള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നവയല്ല, മറിച്ചു അധികാര സംവിധാനങ്ങള്‍ അനുവദിച്ചു നല്‍കുന്ന ശിക്ഷാതീതതയെ ചോദ്യം ചെയ്യാനും കൂടി നിലകൊള്ളുന്നവയാണെന്ന സുപ്രധാന വസ്തുത ഇതിലൂടെ ശ്രദ്ധേയമാകുന്നു.

ചോ: ആദിവാസി സമൂഹത്തിനെതിരെ കണക്കുകൂട്ടി നടത്തുന്ന ഇത്തരം മര്‍ദ്ദനങ്ങളെ വച്ചു നോക്കുമ്പോള്‍…
ഉ: ഞാന്‍ ഓര്‍മ്മിക്കുന്നു, ഒരു രാത്രി വളരെ വൈകി എനിക്കു കിട്ടിയ ഒരു ഫോണ്‍ സന്ദേശം. ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ നിന്നുള്ള സ്ത്രീപ്രവര്‍ത്തകരാണ് വിളിച്ചത്. അവിടുത്തെ ആദിവാസി സ്ത്രീകളുടെമേല്‍ സുരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ ബലാത്സംഗത്തെ കുറിച്ചുള്ള പരാതിയില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുന്നതിന് വേണ്ടി. “അഗ്ഗ്രവേറ്റഡ് റേപ്പ്” നിയമത്തില്‍ 2013 ല്‍ നടത്തിയ ഭേദഗതിയില്‍ ചേര്‍ത്ത പുതിയ സെക്ഷന്‍ 376 (2) (സി)യെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് അറിയാമല്ലോ, 2012 ഡിസംബറിലെ കൂട്ട ബലാത്സംഗത്തിനു ശേഷമാണ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. എനിക്കു തോന്നുന്നത് അതില്‍ ഏറ്റവും ശ്രദ്ധേയമായ ഭേദഗതികളിലൊന്ന് , “അഗ്ഗ്രവേറ്റഡ് റേപ്പി”നു കീഴില്‍ കൂട്ടിച്ചേര്‍ത്ത “സുരക്ഷാ സേനകളുടെയോ സായുധ സേനയുടെയോ ഭാഗത്തു നിന്നുള്ള ബലാത്സംഗം” എന്ന വകുപ്പാണ്. ഈ സെക്ഷന്‍ ഏതാണെന്നു ചോദിക്കാനാണ് ബിജാപ്പൂരിലെ സ്ത്രീപ്രവര്‍ത്തകര്‍ അന്നു രാത്രി വിളിച്ചത്. അവിടുത്തെ ജില്ലാ മജിസ്ട്രേറ്റിനോ എസ്.പി.ക്കോ അങ്ങനെയൊരു നിയമത്തെക്കുറിച്ചോ അതിന്‍റെ സെക്ഷന്‍ ഏതെന്നോ പിടിപാടില്ലായിരുന്നു. സുരക്ഷാപ്രവര്‍ത്തകര്‍ പട്രോളിങ്ങിനിടെ ആദിവാസി ഗ്രാമങ്ങളില്‍ സേര്‍ച്ച് ആന്‍ഡ് കോര്‍ഡോണ്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനെതിരെയായിരുന്നു ആ പരാതി. ഐപിസി സെക്ഷന്‍ 376(2)(ര) വകുപ്പ് പ്രകാരം സുരക്ഷാസേനക്കെതിരെ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പരാതി ഒരുപക്ഷേ ബിജാപ്പൂരിലെ ആദിവാസി സ്ത്രീകളുടേതാണ്.

ചോ: ജനുവരിയില്‍ ഒരു കൂട്ടം പരാതികള്‍ ഉണ്ടായിരുന്നല്ലോ. അഞ്ചു സ്ത്രീകളാണെന്ന് തോന്നുന്നു, പലവട്ടം കോടതി കയറിയിറങ്ങിയത്. പരാതികളില്‍ വളരെ വിചിത്രമായ ഒന്ന് സുരക്ഷാസൈനികര്‍ ആദിവാസി സ്ത്രീകളുടെ മുലകളില്‍ നുള്ളിയതിനെപ്പറ്റിയായിരുന്നു… ആര്‍ക്കും അതിന്‍റെ സാംഗത്യം പിടികിട്ടിയില്ല.
ഉ: പാല്‍ ചുരത്തുന്നതിനു വേണ്ടി.

ചോ: അതെ.
ഉ: അപ്പോള്‍ എല്ലാ തരത്തിലുമുള്ള ലൈംഗികപീഡനവും അവഹേളനവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നമ്മള്‍ കാണേണ്ട വസ്തുത, ഈ ആദിവാസി സ്ത്രീകള്‍ പല ഫോറങ്ങളിലായി മുന്നോട്ടു വരികയും പരാതി കൊടുക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. എന്നിട്ടും കേസുകളിലൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗ്ഗീയ ലഹളയുടെ സന്ദര്‍ഭത്തിലായാലും ആദിവാസികള്‍ക്കെതിരെയുള്ള അക്രമത്തിലായാലും ചെയ്യുന്നവര്‍ ഗവണ്മെന്‍റ് ആവട്ടെ ഗവണ്‍മെന്‍റേതര വ്യക്തികള്‍ ആവട്ടെ ഇതിലെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും ലൈംഗിക പീഡനവും ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു, സ്ത്രീകളുടെ ശരീരം എപ്പോഴും ഉന്നമാക്കപ്പെടുന്നു.

ചോ: ഇനിയിപ്പോള്‍ സ്വാഭാവികമായും അടുത്ത വിഷയം താങ്കളുടെ മുസഫ്ഫര്‍നഗറിലെ പ്രവര്‍ത്തനത്തെപ്പറ്റിയായാലോ. ടാര്‍ഗറ്റ് ചെയ്യപ്പെട്ട സമുദായങ്ങള്‍ക്ക് തങ്ങളുടെ കേസ് തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുതകുന്ന വിവിധവശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണല്ലോ ആ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് അത് ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാനവിഷയമായി എനിക്ക് തോന്നുന്നു. ശിക്ഷാതീതതയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍, ബാഹ്യപിന്തുണയില്ലെങ്കില്‍ എങ്ങനെ ഇതിനെ മറികടന്ന് ഈ നിയമയുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും?
ഉ: മുസഫ്ഫര്‍നഗറിലേക്കു കടക്കാന്‍ വരട്ടെ, ഛത്തീസ്ഗഢിലും നമ്മള്‍ കണ്ടത് അതാണ്. പൊതുവെ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങളുമായോ നിയമ വ്യവസ്ഥയുമായോ ഇടപെടാത്ത, ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന സമുദായങ്ങളില്‍പ്പെടുന്ന സ്ത്രീകളാണ് ഇപ്പോള്‍ ഇങ്ങനെ പുറത്തു വരികയും പരാതി കൊടുക്കുകയുമൊക്കെ ചെയ്യുന്നത്. വാസ്തവത്തില്‍ ഇതുപോലത്തെ ആദ്യത്തെ ബലാത്സംഗ കേസുകളിലൊന്ന് “സല്‍വാ ജുദും” കാലത്തായിരുന്നു. അഞ്ചു സ്ത്രീകളാണ് അന്ന് പരാതികൊടുക്കാന്‍ ധൈര്യം കാണിച്ചത്. കോടതിയില്‍ പ്രൈവറ്റ് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു. അവരെ പ്രതിനിധീകരിച്ചത് മനുഷ്യാവകാശ അഭിഭാഷക സുധാ ഭരദ്വാജ് ആയിരുന്നു.

ചോ: ബലാത്സംഗം ചെയ്തത് സല്‍വാ ജൂദും സേനാംഗങ്ങളാണോ?
ഉ: അതെ, സല്‍വാ ജുദും അംഗങ്ങള്‍ തന്നെ. ബലാല്‍സംഗം ചെയ്യപ്പെട്ട അഞ്ചു സ്ത്രീകളാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അവര്‍ കൊടുത്ത തെളിവുകള്‍ ശേഖരിച്ചു, അവര്‍ പേരുസഹിതം തിരിച്ചറിഞ്ഞ വ്യക്തികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. പക്ഷെ പോലീസിന്‍റെ വിശദീകരണം ആ കുറ്റവാളികളെ കണ്ടുപിടിക്കാനായില്ല എന്നാണ്. അതിലൊരാള്‍ സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്ന സല്‍വാ ജുദുമിലെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ് പി ഒ) ആയിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല, പ്രാദേശിക ദിനപത്രത്തില്‍ ആ സമയം തന്നെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പം അയാളുടെ ഫോട്ടോയും അച്ചടിച്ചു വന്നിരുന്നു. അവസാനം സ്വന്തം മക്കളെയും കുടുംബങ്ങളെയും ഉന്മൂലനം ചെയ്യും എന്നു സല്‍വാ ജുദും ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ സ്ത്രീകള്‍ക്ക് കേസ് പിന്‍വലിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. പറഞ്ഞു വരുന്നത്, ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീകള്‍, അവര്‍ സോണി സൂരി ആയാലും വേറെ ആരായാലും, ന്യായത്തിനുവേണ്ടി കോടതിയുടെ വാതിലുകളില്‍ മുട്ടിവിളിച്ചിട്ടുണ്ട്, പ്രത്യക്ഷമായ തെളിവുകളോടെ, കുറ്റവാളികളുടെ പേരുവിവരങ്ങളോടെ. എന്നിട്ടും എന്നും നിയമവ്യവസ്ഥ ഇവരെ കൈയ്യൊഴിഞ്ഞിട്ടേയുള്ളൂ.
ഇനി നമുക്ക് 2013 സെപ്റ്റംബറില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയലഹളയെ തുടര്‍ന്നുണ്ടായ കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലം നോക്കാം. നമ്മള്‍ ആലോചിക്കേണ്ടതിതാണ്, ജാതീയമോ മതപരമോ ആയ ലഹളകളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ നീതി ആവശ്യപ്പെട്ടു മുന്നോട്ടു വരണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? നീതി ലഭിക്കുന്നതിനുവേണ്ടി എന്തൊക്കെയാണ് സ്ത്രീകള്‍ ത്യജിക്കേണ്ടത്? അന്തസ്സ് വീണ്ടെടുക്കുന്നതിനുവേണ്ടി അവര്‍ സ്വന്തം ജീവന്‍ പണയം വയ്ക്കണോ? അതല്ലേ ഇന്നത്തെ നീതിവ്യവസ്ഥ ആവശ്യപ്പെടുന്നത്? കുറ്റവാളിക്കു അര്‍ഹമായ ശിക്ഷ ലഭിക്കാന്‍, ശിക്ഷ ലഭിക്കുന്നത് പോകട്ടെ, ബലാത്സംഗക്കേസുമായി മുന്നോട്ടുപോകാന്‍ പോലും ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീ ശ്രമിച്ചാല്‍ അവളുടെ മാത്രമല്ല, അവളുടെ കുടുംബാംഗങ്ങളുടെ പോലും ജീവന്‍ അപകടത്തിലാകും. ഇതെങ്ങനെ ഈ സ്ത്രീകളോട് നമ്മള്‍ ആവശ്യപ്പെടും? അവര്‍ എന്തിനു സ്വന്തം ജീവന്‍ അപകടപ്പെടുത്തണം? ഈ നാട്ടിലെ നിയമവ്യവസ്ഥ അവര്‍ക്കു സംരക്ഷണമോ സമാശ്വാസമോ അവളുടെ കേസിന്‍റെ തീരുമാനത്തിന് കാലപരിധിയോ പിന്തുണയോ എന്തിന്, ന്യായം ലഭിക്കുമെന്ന് ഒരുറപ്പെങ്കിലും കൊടുക്കുന്നുണ്ടോ?

ഉര്‍വ്വശി ബൂട്ടാലിയ

ഫെമിനിസ്റ്റ് പ്രവർത്തകയും പ്രസാധകയും ആണ്. കാളി ഫോർ വിമൻ എന്ന ഫെമിനിസ്റ്റ് പ്രസാധക സ്ഥാപനത്തിന്‍റെ സ്ഥാപക കൂടിയായ അവർ സുബാൻ ബുക്ക്‌സ് എന്ന പ്രസിദ്ധീകരണത്തിന്‍റെ സ്ഥാപക കൂടിയാണ്. സാഹിത്യത്തിലെയും വിദ്യാഭ്യാസമേഖലയിലെയും സംഭാവനകൾ കണക്കിലെടുത്ത് 2011 ഇവർക്ക് പത്മശ്രീ അവാർഡ് ലഭിക്കുകയുണ്ടായി.

 

ഉമാ ചക്രവർത്തി

പ്രശസ്തയായ ചരിത്രകാരിയും ചലച്ചിത്ര പ്രവർത്തകയുമാണ്. ലിംഗപദവി, ജാതി, വർഗ്ഗം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനിതാ/ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ് ഇവർ. ഗുജറാത്ത് വർഗീയ കലാപം സത്യാന്വേഷണ സംഘത്തിലെ അംഗം കൂടിയായിരുന്നു അവർ.

 

വിവര്‍ത്തനം:

കതെയ്ൻ ഹിമ

ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ phd നേടിയ ശേഷം വംശനാശഭീഷണി നേരിടുന്ന ഹിമാലയൻ ഭാഷകളിൽ ഗവേഷണം ചെയ്തു. ഇപ്പോൾ സ്വതന്ത്രമായി ഗവേഷണം നടത്തുന്നു. താല്പര്യമുള്ള മറ്റു ഗവേഷണ മേഖലകൾ queer linguistics, theoretical linguistics. Gender in Eastern Himalayas എന്ന പുസ്തകം co-edit ചെയ്യുന്നു.