Homeചർച്ചാവിഷയം

നിയമസഭയിലെ മുസ്ലിംസ്ത്രീകള്‍

നാധിപത്യ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യം വലിയൊരു ചോദ്യചിഹ്നമാണ്. പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന കേരളത്തില്‍, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി, കേരളീയ രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെകുറിച്ചുള്ള പഠനങ്ങള്‍ വിലയിരുത്തേണ്ടത് ഒരു അനിവാര്യതയാണ്. ഇന്ത്യയില്‍, നിയമസഭയില്‍ ഏറ്റവും കുറഞ്ഞ സ്ത്രീ പ്രാതിനിത്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. വിദ്യാഭ്യാസ മേഖലകളില്‍, ആരോഗ്യരംഗങ്ങളില്‍, കലാസാംസ്കാരിക മേഖലകളിളെല്ലാം മലയാളി വനിതകള്‍ മുന്നേറുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ മുഖ്യധാരയില്‍ സ്ത്രീകള്‍ക്ക് തുല്യമായ പങ്കാളിത്തമില്ല എന്നത് വ്യക്തമാണ്. വളരെ ചെറിയൊരു ശതമാനം മാത്രം വരുന്ന സ്ത്രീ നിയമസഭ അംഗങ്ങളില്‍ മുസ്ലിം സ്ത്രീ പ്രാതിനിത്യത്തെ പരിശോധിക്കുകയാണ് ഈ ലേഖനം.

ന്യൂനപക്ഷ സമുദായത്തില്‍ നിന്നും വരുന്ന സ്ത്രീകള്‍ക്ക് പുരുഷകേന്ദ്രീകൃത ഇടങ്ങളിലെല്ലാം ‘ഇരട്ട പാര്‍ഷ്വവത്കരണം’ നേരിടേണ്ടി വരുന്നുവെന്ന് ഫെമിനിസ്റ്റ് പഠനങ്ങളില്‍ അടയാളപ്പെടുത്തുന്നുണ്ട്. കേരള സംസ്ഥാനത്തിന്‍റെ രൂപീകരണ ശേഷം ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, നിയമനിര്‍മാണ സഭയില്‍ സ്ത്രീസാന്നിദ്ധ്യം ഏറ്റവും കുറഞ്ഞ അക്കങ്ങളായി തന്നെ തുടരുമ്പോള്‍ , വിരലിലെണ്ണാവുന്ന മുസ്ലിംസ്ത്രീകളാണ് നിയമസഭ അംഗങ്ങളായിട്ടുള്ളത്. പുരുഷാധിപത്യവും മേല്‍കോയ്മകളും രൂക്ഷമായിരുന്ന കാലഘട്ടത്തെ അതിജീവിച്ച് ആധുനിക കേരളീയ രാഷ്ട്രീയത്തില്‍ നിറഞ്ഞിരുന്ന ആയിഷ ഭായിയേയും നഫീസത്ത് ബീവിയേയും മുഖ്യധാര ചരിത്രം അടയാളപ്പെടുത്തിയതായി കാണുന്നില്ല. ആധുനിക കേരളത്തിന്‍റെ പല സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന മുസ്ലിംസ്ത്രീകളെ ചരിത്രം വിസ്മരിച്ചത് പോലെ അവരേയും ചരിത്രത്തിന്‍റെ രേഖകളില്‍ അടയാളപ്പെടുത്താന്‍ മറന്നു പോയിരിക്കുന്നു.

ആയിഷ ഭായി

ആധുനിക കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍മാറായിരുന്നിട്ടും ചരിത്രം അര്‍ഹിക്കുന്ന പരിഗണന നല്‍കാതെപോയ രണ്ടുപേരാണ് കെ.ഒ. ആയിഷ ഭായിയും നഫീസത്ത് ബീവിയും. രണ്ട് പേരും നിയമ ബിരുദധാരികള്‍, അഭിഭാഷകര്‍, മുഖ്യധാര രാഷ്ട്രീയമേഖലയില്‍ ജനസമ്മതി നേടിയ ആദ്യത്തെ മാപ്പിള സ്ത്രീകള്‍. പഠനകാലം തൊട്ടേ രാഷ്ട്രീയ ജീവിതത്തില്‍ അവര്‍ നിറഞ്ഞുനിന്നു. 1957 ല്‍, ആധുനിക കേരളത്തിലെ ആദ്യത്തെ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു ആയിഷ ഭായി. അതോടൊപ്പം ഭായി കേരളനിയമസഭ ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ പ്രതിനിധികളില്‍ ഒരാള്‍ക്കൂടെയായിരുന്നത് ഓര്‍മിക്കേണ്ടതുണ്ട്. 1953ലാണ് ഭായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗത്വമെടുക്കുന്നത്.

നഫീസത്ത് ബീവി

1957 ല്‍ കായംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ അക്കാലം മുതല്‍ 1959 വരെ നീണ്ടുനിന്ന ഒന്നാം ഇ.എം.എസ് മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി തുടര്‍ന്നു. അതിന് ശേഷം 1960ല്‍ രണ്ടാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭായി മൂന്ന് വര്‍ഷം ഗവണ്‍മെന്‍റ് അഷ്വറന്‍സ് കമ്മിറ്റിയുടെ ചെയ്യര്‍പേഴ്സണായി സേവനമനുഷ്ടിച്ചു. മഹിള സമാജങ്ങളുടെ രൂപീകരണത്തിന്‍റെ അഗ്രഗാമിയായിരുന്നു ഭായി. പിന്നീടവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള മഹിള സംഘത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായി. ദേശീയതലത്തിലും സസ്ഥാനത്തലത്തിലും സാമൂഹ്യ ക്ഷേമ ഭരണാസമിതിയിലെ അംഗമായി അവര്‍ രാഷ്ട്രീയ സേവനം തുടര്‍ന്നു.

ആയിഷ ഭായിക്ക് ശേഷം, രണ്ടാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി 1960 ല്‍ ചുമതലയേറ്റത് നഫീസത്ത് ബീവിയാണ്. 1954 മുതല്‍ക്കേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ മുന്നോട്ട് വന്ന ബീവിയുടെ രാഷ്ട്രീയ ജീവിതം വളരെ പ്രകടമാണ്. ആറ് പതിറ്റാണ്ടുകളോളം നഫീസത്ത് ബീവി എന്ന അഭിഭാഷക കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയത്തില്‍ സജീവമായി.ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നയിച്ച വിമോചന സമരത്തില്‍ നഫീസത്ത് ബീവി കര്‍മ്മോദ്യുക്തയായിരുന്നു. സമരത്തിലൂടെ പ്രക്ഷോഭമുണ്ടാക്കാന്‍ ശ്രമിച്ചു എന്നപേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നവരില്‍ ബീവിയുമുണ്ടായിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും, കോണ്‍ഗ്രസിന്‍റെ ദേശീയ കമ്മിറ്റിയിലും നഫീസത്ത് ബീവി പ്രബലയായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. 1960 ല്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നാണ് ബീവി കേരളത്തിന്‍റെ രണ്ടാം നിയമസഭയിലെത്തുന്നത്. കേരള സംസ്ഥാന വനിത കമ്മീഷനിലും ബീവി ഒരു അംഗമായിരുന്നു. ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ അനേകം തവണ മത്സരിച്ചിട്ടുണ്ടെങ്കിലും, ബീവി പരാജയപ്പെട്ടു എന്നത് അവരുടെ സ്ത്രീ സ്വത്വത്തേയും മുസ്ലിം എന്ന സ്വത്വത്തേയും കൂടി ചേര്‍ത്ത് വേണം വിശകലനം ചെയ്യാന്‍. ആയിഷ ഭായിയുടെയും നഫീസത്ത് ബീവിയുടേയും രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാല്‍, അവര്‍ രണ്ട് പേരും തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ ഭാഗമായിരുന്ന സ്ഥലങ്ങളിലാണ് ജീവിച്ചതെന്നും, കൊളോണിയല്‍ ഭരണത്തോട് രാജാഭരണത്തിലൂടെ മാത്രം പൊരുതേണ്ടി വന്ന കേരളത്തിലെ ആധുനികതയുടെ കാതലുള്ള ഇടങ്ങളില്‍ നിന്നാണ് അവര്‍ വന്നത് എന്നുമുള്ളതാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുവേ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും തുല്യമായതോ അര്‍ഹിക്കുന്നതോ ആയ പാര്‍ട്ടി സീറ്റുകളില്‍ മത്സരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതിരിക്കുമ്പോള്‍, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പാര്‍ട്ടി സീറ്റുകള്‍ സംവരണ ഭേദഗതിയുമായി ബന്ധപ്പെട്ട് മാത്രമാണോ എന്ന് കൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. നിയമസഭയിലും മന്ത്രിസഭയിലുമുള്ള സ്ത്രീകളുടെ, മുസ്ലിം സ്ത്രീകളുടെ അഭാവമെന്നാല്‍, സംസ്ഥാനത്തിന്‍റെ നയരൂപീകരണത്തില്‍ അവര്‍ക്ക് യാതൊരു ഇടപെടലുകളും സാധ്യമല്ല എന്ന് തന്നെയാണ്.മൂന്നാം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമ്പോള്‍ മൊത്തം സ്ത്രീകളുടെ പ്രതിനിധ്യം തന്നെ കുറഞ്ഞതായി കാണാം. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ കുറേ കാലം മുസ്ലിം സ്ത്രീയുടെ അഭാവം വ്യക്തമാണ്. 1982 ല്‍ ഏഴാം നിയമസഭയിലേക്ക് മത്സരിച്ച മുസ്ലിം സ്ത്രീ നഫീസത്ത് ബീവി തന്നെയായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. 1987 ലാണ് സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് പ്രൊഫ. എ.നബീസ ഉമ്മാള്‍ നിയമസഭയിലെത്തുന്നത് . കോളേജ് അധ്യാപികയായിരുന്ന ഉമ്മാള്‍ തന്‍റെ അധ്യാപന ജീവിതത്തോടൊപ്പം രാഷ്ട്രീയ ജീവിതവും നയിച്ചു. പന്ത്രണ്ട് വര്‍ഷക്കാലം അവര്‍ തിരുവനന്തപുരം വനിത കോളേജില്‍ ലെക്ച്ചറായിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കോളേജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇ. എം.എസ്സാണ് അവരെ രാഷ്ട്രീയ തിരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചതെന്ന് അവര്‍ ചില അഭിമുഖങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ അരങ്ങേറ്റത്തില്‍ നല്ലൊരു ഭൂരിപക്ഷത്തോടെ ജയിച്ച ഉമ്മാള്‍ 1991 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് കേവലം അറുന്നൂറില്‍പരം വോട്ടുകള്‍ക്കാണ്. എങ്കിലും 1995ല്‍ പഞ്ചായത്തീ രാജ് നിയമപ്രകാരം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നബീസ ഉമ്മാള്‍ നെടുമങ്ങാട് നഗരസഭ ചെയ്യര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക ജീവിതത്തിലെ ഉമ്മാളിന്‍റെ ഇടപെടലുകള്‍ അടയാളപ്പെടുത്തുന്നത് കൂടെയാണ് 2000ത്തില്‍ സ്ത്രീ ശാക്തീകരണത്തിന് അവര്‍ക്കു ലഭിച്ച കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. 1991 ലെ നിയമസഭയിലേക്ക് മത്സരിച്ചവരില്‍, കരുനാഗപ്പള്ളിയില്‍ നിന്നും അഭിഭാഷകയായ ജമീല ഇബ്രാഹീം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും അവര്‍ ജയം കണ്ടില്ല.

കേരള നിയമ സഭയിലെ മുസ്ലിം സ്ത്രീകളെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സുപ്രധാനമായും കണക്കിലെടുക്കേണ്ട ചില ഘടകങ്ങളുണ്ട്. അതിലൊന്ന്, മുസ്ലിം സ്ത്രീ പ്രാതിനിധ്യത്തോടൊപ്പം നിയമസഭയിലും ലോകസഭയിലുമുള്ള കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ മൊത്തം പ്രാതിനിധ്യം എത്ര എന്ന് പരിശോധിക്കുക്കേണ്ടതുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര സീറ്റുകള്‍ ലഭിക്കുന്നു. മറ്റൊന്ന്, പതിനഞ്ചാമത്തെ നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി കേരളം സന്നദ്ധമാവുമ്പോഴും, ഇന്നേവരെ കേരളത്തില്‍ നിന്ന് എന്ത് കൊണ്ടാണ് ഒരു മുസ്ലിം സ്ത്രീയും മന്ത്രിയാവാത്തത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇന്നോളം എട്ട് സ്ത്രീകള്‍ക്ക് മാത്രമാണ് മന്ത്രിപദവികള്‍ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ സാന്നിദ്ധ്യം കുറവാണ് എന്നതിനോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്, പലയിടങ്ങളിലായി മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മിക്കപ്പോഴും പല രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന സീറ്റുകള്‍ വിജയസാധ്യത കുറഞ്ഞ പ്രദേശങ്ങളിലെ സീറ്റുകളാണ് എന്നുള്ളത്.
1996ല്‍ നടന്ന പത്താം നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായതായിരുന്നു മുസ്ലിം ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിതയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു എന്നുള്ളത്. പാര്‍ട്ടിയുടെ തുടക്കം മുതലേ കേരള രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനവും ഇടപെടലും വളര്‍ച്ചയുമുണ്ടായിരുന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് ഒരു സ്ത്രീ പോലും, തദ്ദേശ തെരഞ്ഞെടുപ്പുകളൊഴിച്ച്, നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷപെട്ടില്ല. 1993ല്‍ എഴുപത്തി മൂന്നാം ഭാരണഘടന ഭേദഗതി നിലവില്‍ വന്നത്തോടെ തദ്ദേശതെരഞ്ഞെടുപ്പിലെ മൂന്നില്‍ ഒരുഭാഗം സീറ്റുകള്‍ സ്ത്രീ സംവരണമായിരിക്കണം എന്ന നിയമത്തെ കണക്കിലെടുത്ത്, മുസ്ലിം ലീഗ് എടുത്ത പുരോഗമനപരമായ ഒരു മാറ്റമാണ് 1996ല്‍ കോഴിക്കോട് II ല്‍ (ഇപ്പോള്‍ കോഴിക്കോട് സൗത്ത് ) ഖമറുന്നീസ അന്‍വറിനെ മത്സരിപ്പിച്ചതെന്ന് ചില രാഷ്ട്രീയ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം വനിത ലീഗിന്‍റെ സംസ്ഥാനതലത്തിലെ സര്‍വ്വപ്രധാനിയായിരുന്നു ഖമറുന്നീസ അന്‍വര്‍. 1996 ല്‍ എളമരം കരീമിനോട് പരാജയപ്പെട്ട ഖമറുന്നീസ അന്‍വറിനേയോ മറ്റു സ്ത്രീകളെയോ പിന്നീട്ട് പാര്‍ട്ടി മത്സരിപ്പിച്ചില്ല എന്നത് പാര്‍ട്ടിക്ക് മുന്‍പില്‍ ഇക്കാലമത്രയും വലിയ ചോദ്യമായി നിലനിന്നു. ഈ അടുത്ത കാലത്ത് പാര്‍ട്ടി ഖമറുന്നീസക്ക് സംസ്ഥാന സാമൂഹിക ജനക്ഷേമ സമിതിയുടെ ചുമതല നല്‍കി. മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ചു അനേകം മുസ്ലിം പ്രതിനിധികള്‍ ഇന്ത്യന്‍ നാഷണല്‍ മുസ്ലിം ലീഗിലൂടെ നിയമസഭയിലും രാജ്യസഭയിലുമെത്തി എന്ന വാസ്തവം നിലനില്‍ക്കെ തന്നെ, വിജയസാധ്യത ഉള്ള സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി പിന്നീട് ഒരു തിരഞ്ഞെടുപ്പിലും പാര്‍ട്ടിയിലെ സ്ത്രീകളെ മത്സരിപ്പിച്ചില്ല എന്നുകൂടെ വിലയിരുത്തപ്പെടുന്നുണ്ട് . 1996 ലെ ഇലക്ഷനിലെ മുസ്ലിം ലീഗിന്‍റെ ആദ്യ വനിത സാരഥിക്ക് ശേഷം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി ഈ വരുന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് അഭിഭാഷകയായ നൂര്‍ബീന റഷീദിനെ മത്സരിപ്പിക്കുന്നത്. 1996 ല്‍ നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട കാലം തൊട്ടേ നൂര്‍ബീനയുടെ രാഷ്ട്രീയ ജീവിതം സജീവമാണ്. ആ കാലഘട്ടത്തിലാണ് അവര്‍ IUML ന്‍റെ വനിത വിഭാഗത്തെ രൂപപ്പെടുത്തുന്നത് , അങ്ങനെയവര്‍ പാര്‍ട്ടിയുടെ വനിത വിഭാഗത്തിന്‍റെ സ്ഥാപക സെക്രട്ടറിയായി. ഇന്നവര്‍, വനിതാലീഗിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി പദവികൂടെ വഹിക്കുന്നുണ്ട്.

വനിത വികസന കോര്‍പറേഷന്‍ അധ്യക്ഷയായ കെ. എസ് സലീഖ, 2006 ലും 2011 ലും ശ്രീക്രഷ്ണ്ണപുരം അസംബ്ളി നിയോജക മണ്ഡലത്തില്‍ നിന്നും ഷൊര്‍ണ്ണൂര്‍ അസംബ്ളി നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു.  1991 -ല്‍ സി.പി.ഐ(എം) അംഗമായിട്ടാണ് അവര്‍ രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. സ്ത്രീ ശാക്തീകരണ മേഖലയില്‍ അവരുടെ രാഷ്ട്രീയ ജീവിതം കൊണ്ടവര്‍ ഇടപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ സി. പി. ഐ(എം) പാലക്കാട് ജില്ലാ കമ്മറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍റ്സെക്രട്ടറിയുമാണ് സലീഖ. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഷാനിമോള്‍ ഉസ്മാനാണ്. IUML യുടെ (ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ) കേരളത്തിലെ ആദ്യത്തെ വനിത നേതാവാണ് ഷാനിമോള്‍. തുടര്‍ന്ന് 2016 ലെ തിരഞ്ഞെടുപ്പിലും ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു പരാജയപ്പെട്ടു. 2019ലെ അരൂരിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ വിജയിക്കുന്നത്.

സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ 2011 ല്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ഥിയായി ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് നിയമസഭയിലെത്തുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് ലോകസഭ മണ്ഡലത്തിലേക്ക് മത്സരിച്ചെങ്കിലും അത് വിജയംകണ്ടില്ല.മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന ക്ഷേമ സമിതി അംഗവും, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവുമൊക്കെ അലങ്കരിച്ചിരുന്ന ഷാഹിദ കമാല്‍ 2016 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ തന്നെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. ലിംഗസമത്വം എന്നത് തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നയം മാത്രമായി മാറുന്നുണ്ടോ എന്ന പഠനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇത്തവണ മുന്‍പുണ്ടായിരുന്നതിനേക്കാള്‍, എന്നാല്‍ നേരിയ തോതില്‍, മുസ്ലിം സ്ത്രീ മത്സരാര്‍ത്ഥികളുടെ എണ്ണം കൂടിയതായി കാണാം. കരുത്തുറ്റ, ആര്‍ജ്ജവമുള്ള മുസ്ലിം സ്ത്രീകളുടെ അഭാവമല്ല തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീയുടെ വിടവ് വെളിപ്പെടുത്തുന്നത് എന്ന കാര്യം വ്യക്തമാണ്. രാഷ്ട്രീയ ജീവിതം തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക് പലര്‍ക്കും നഗരസഭ, ജില്ലാപഞ്ചായത്ത് വരെയുള്ള രാഷ്ട്രീയ ജീവിതത്തിനുള്ള അവസരം മാത്രം ലഭിക്കുന്നു. നിയസഭ മുതലുള്ള തിരഞ്ഞെടുപ്പിലേക്ക് വിജയ സാധ്യതയെ മുന്‍നിര്‍ത്തി പാര്‍ട്ടികള്‍ പലയിടത്തും പുരുഷ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നു..

വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വത്തില്‍ പോലും ഇത്തരം പുരുഷ മേല്‍ക്കോയ്മ പ്രകടമാണ്. മാറ്റമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി ഘടകമായ ഫ്രട്ടേണിറ്റിയുടെ സംസ്ഥാന പ്രസിഡന്‍റായി ആദ്യമായി ഒരു മുസ്ലിം പെണ്‍കുട്ടി, നജ്ദ റൈഹാന്‍ ചുമതല ഏല്‍ക്കുന്നത്. കേരളത്തില്‍ അനേകം മുസ്ലിം സംഘടനകള്‍ ഉണ്ടെങ്കിലും, ഒരുപക്ഷേ ആദ്യമായിട്ടാവും ഒരു രാഷ്ട്രീയ സംഘടനയുടെ പരമോന്നത സ്ഥാനം ഒരു മുസ്ലിം സ്ത്രീ നയിക്കാന്‍ പോവുന്നത്. IUMLന്‍റെ വിദ്യാര്‍ത്ഥി ഘടകത്തിന്‍റെ ദേശീയ തലത്തില്‍ ആദ്യമായി ഒരു മുസ്ലിം പെണ്‍കുട്ടി, അഡ്വ. ഫാത്തിമ തഹലിയ, വൈസ് പ്രസിഡന്‍റാവുന്നതും ചരിത്രത്തിലെ ഒരു തിരുത്തി എഴുത്താണ്.

കൃത്യമായ ഇടപെടലുകളോടെ രാഷ്ട്രീയ ജീവിതം നയിക്കുന്ന പല മുസ്ലിം സ്ത്രീകളുടെ പേര് പോലും നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു കാണാറില്ല. രാഷ്ട്രീയത്തില്‍ പാലിക്കാനാവാത്ത ലിംഗ സമത്വം ജനാധിപത്യത്തെ പോലും ചോദ്യം ചെയ്യുന്നുണ്ട്. വിജയ സാധ്യതയുടെ കണക്ക് കൂട്ടലുകള്‍, പുരുഷാധിപത്യം എന്നിവ ഇതിന്‍റെ പ്രധാന ഹേതുവായി കണക്ക് കൂട്ടുന്നു. എന്നാല്‍, കേരളീയ രാഷ്ട്രീയത്തിലെ മുസ്ലിം സ്ത്രീ പ്രാതിനിധ്യത്തോടൊപ്പം തന്നെ പരമപ്രധാനമായി വിലയിരുത്തേണ്ട ഒന്നാണ്, കേരളീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യവും, നിയമസഭയിലെ സാന്നിധ്യവും.

 

 

 

 

ഷഹര്‍ബാനു സി. പി.
സ്വതന്ത്ര ഗവേഷക, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ എം. ഫില്‍ ബിരുദം

COMMENTS

COMMENT WITH EMAIL: 0