Homeപെൺപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പ് – ചില വെല്ലുവിളികള്‍

അജിത കെ.

കേരളം ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. ഇന്ത്യയിലെ ഇന്നത്തെ പൊതു സാഹചര്യത്തില്‍ ഒരു സവര്‍ണ്ണ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്‍റെ കടന്നാക്രമണങ്ങള്‍ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്നു. കാശ്മീര്‍, പൗരത്വനിയമം, തൊഴിലാളി വിരുദ്ധ നിയമനിര്‍മ്മാണം, ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമം, ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത നിയമങ്ങളില്‍ മായംചേര്‍ക്കല്‍, യു.എ.പി.എ നിയമ പരിഷ്കരണം… ഇങ്ങനെ പോയി രാജ്യത്തിന് അന്നം തരുന്ന കര്‍ഷകസമൂഹത്തെ അതിഭീകരമായി ചൂഷണം ചെയ്യുന്ന മൂന്ന് കാര്‍ഷികപരിഷ്കരണ നിയമങ്ങള്‍ പാസാക്കി കര്‍ഷകസമൂഹത്തെയാകെ മാസങ്ങളോളം തെരുവിലിറക്കി ഇന്നും പരിഹാരം കാണാതെ അഹങ്കാരത്തോടുകൂടി മുന്നോട്ടുപോകുന്ന ബി.ജെ.പി. ഭരണം. വിപ്ലവ-പുരോഗമന-ജനാധിപത്യ കേരളത്തില്‍ ഈ ഭരണം ഒരുകാലത്തും വരാന്‍ ഇടവരരുതേ എന്നാഗ്രഹിക്കുന്ന ഒരു സാധാരണ പൗരയാണ് ഞാന്‍.

അഡോള്‍ഫ് ഹിറ്റ്ലറേയും മുസ്സോളിനിയേയും മറ്റും ഓര്‍മിപ്പിക്കുന്ന ഈ ശക്തിയെ നേരിടാനുള്ളത് 70 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ ഇന്ത്യയെ ഭരിച്ച കോണ്‍ഗ്രസാണ് ഒരുവശത്ത്. മറ്റൊരുവശത്ത് ചില സംസ്ഥാനങ്ങളില്‍ പോക്കറ്റുകളില്‍ മാത്രം ഒതുങ്ങിപ്പോയ ഇടതുപക്ഷശക്തികളും. ഇന്നത്തെ നിയമ പരിഷ്ക്കാരങ്ങള്‍ക്ക് അടിത്തറയിട്ടതും ഇന്ത്യന്‍ സമ്പദ്ഘടനയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കുന്ന നയം ആദ്യം മുന്നോട്ടുവച്ചതും ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും മൃദു ഹിന്ദുത്വ സമീപനം നടപ്പാക്കിയതും ഒക്കെ കോണ്‍ഗ്രസ് ആയതിനാല്‍ ആ പാര്‍ട്ടി ഇന്നൊരു നല്ല എതിരാളി ആണെന്ന് പറയാനാവില്ല.

ഇടതുപക്ഷമാണ് പിന്നെയുള്ളത് സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പൂര്‍ണ്ണമാകുമ്പോഴുള്ള ഒരു ചിത്രം എന്നെപ്പോലുള്ള വരെ വളരെ നിരുത്സാഹപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ. കഴിവുറ്റ, ആത്മാര്‍ത്ഥതയുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്തിയാര്‍ജ്ജിച്ച പല ഇടതുപക്ഷ നേതാക്കളും തഴയപ്പെട്ടിരിക്കുന്നു. എന്തു വിശദീകരണം തന്നാലും അതങ്ങനെ ഉപ്പു ചേര്‍ക്കാതെ വിഴുങ്ങാനാവുന്നില്ല. ബി.ജെ.പിയും കോണ്‍ഗ്രസ്സും എനിക്കൊരു ഓപ്ഷനേയല്ല. സഖാക്കളെ മാത്രമല്ല, സ്ത്രീകള്‍ക്ക് വിജയസാധ്യതയുള്ള എത്ര സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മാറ്റിവെച്ചിരിക്കുന്നത്. സഖാക്കളുടെ ഭാര്യമാരെ (ആ ഒരൊറ്റ മാനദണ്ഡത്തില്‍) സ്ഥാനാര്‍ത്ഥികളാക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു. മഹിളാ അസോസിയേഷനിലും മറ്റു ബഹുജന സംഘടനകളിലും കഴിവുറ്റ ആര്‍ജ്ജവമുള്ള സ്ത്രീപ്രവര്‍ത്തകരുണ്ടായിരിക്കേ എന്തിന് ഇത്തരം നടപടികള്‍? സ്വയം പരാജയപ്പെടാനും അങ്ങനെ ബിജെപിക്ക് കേരളത്തില്‍ വിജയസാധ്യത വര്‍ധിപ്പിക്കാനും ഈ ചുവടുവയ്പ്പുകള്‍ വഴിതുറക്കുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും സഖാക്കള്‍ക്കില്ലാതെ പോകുന്നല്ലോ എന്ന സങ്കടത്തിലാണ് ഞാന്‍. ഇത് കഷ്ടം തന്നെ!

 

 

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0