കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുമുന്നണിയും വലതു മുന്നണിയെയും ഒരുപോലെ പിടിച്ചിരുത്തിയിരിക്കുന്നു. എല്‍ഡിഎഫ് ഭരണം ഉറപ്പാണെന്ന് മുദ്രാവാക്യം വിളിച്ച് ഭരണമുന്നണിയും അധികാരത്തില്‍ വരും എന്ന് വാദിച്ച പ്രതിപക്ഷവും ഇത്തരം ഒരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. കേവല ഭൂരിപക്ഷം നേടിയ എല്‍ഡിഎഫും 41 സീറ്റ് മാത്രം നേടിയ പ്രതിപക്ഷവും എന്ന ചിത്രം ജനങ്ങളും പ്രതീക്ഷിച്ചിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല കഴിഞ്ഞ തവണ ഒരു സീറ്റെങ്കിലും നേടിയ ബിജെപി പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടു പോലും ഇത്തവണ വട്ടപൂജ്യമായി!
നിയമസഭയിലും പാര്‍ലമെന്‍റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന അവകാശവാദങ്ങള്‍ പതിറ്റാണ്ടുകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴിലുള്ള സ്ത്രീ സംഘടനകള്‍ ഉന്നയിക്കുകയും സമരം ചെയ്യുന്നതുമൊ ക്കെയാണ്. പക്ഷേ ഇന്നും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ 25 ശതമാനമെങ്കിലും അനുവദിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും, സിപിഎം, സിപിഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും ഇപ്പോഴുമില്ല. കാലമെത്ര മാറിക്കഴിഞ്ഞു, മാറ്റങ്ങള്‍ എത്രയുണ്ടായി . എന്നിട്ടും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ ഇന്നും സ്ത്രീപങ്കാളിത്തം ശുഷ്ക്കമാണ്. ഇത്തവണ നിയമസഭയില്‍ ഇടതുമുന്നണിയുടെ പത്തു സ്ത്രീകളും ഐക്യമുന്നണിയുടെ ഒരു സ്ത്രീയുമാണ് ഉള്ളത്. ഐക്യമുന്നണിയുടെ പിന്തുണയോടുകൂടി സീറ്റ് നേടിയ കെ. കെ. രമ സഖാവ് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയാണ്. തീര്‍ച്ചയായും ആ വിജയം ചരിത്രത്തിന്‍റെ ഒരു പകരം വീട്ടലാണ്. തര്‍ക്കമില്ല . ഇന്നാട്ടില്‍ കൊലപാതക രാഷ്ട്രീയം കാരണം ജീവന്‍ നഷ്ടപ്പെട്ട ഒരുപാട് മനുഷ്യരുടെയും അവരുടെ ഉറ്റവരുടെയും ശക്തമായ ഒരു പ്രതിഷേധത്തിന്‍റെ പ്രതീകമാണ് ഈ വിജയം.
ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങി ജയിച്ച ശൈലജ ടീച്ചറും വീണാ ജോര്‍ജ്ജും തൃശ്ശൂരിലെ പ്രമുഖ സി.പി.എം. നേതാവായ ബിന്ദുവുമൊക്കെ അടങ്ങിയ പ്രഗത്ഭരായ ഒമ്പത് സ്ത്രീകള്‍ സി.പി.ഐ.എമ്മില്‍ ജയിച്ചപ്പോള്‍ ഒപ്പം സി.പി.ഐയുടെ ചിഞ്ചുവും ജയിച്ചു. അങ്ങനെ പത്തുപേര്‍.പിണറായി വിജയന്‍ തന്നെ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭ നിലവില്‍ വന്നു. പക്ഷേ, ആ മന്ത്രിസഭയില്‍ ആരോഗ്യമേഖലയില്‍ തന്‍റെ പ്രഗത്ഭമായ സേവനം കൊണ്ട് അന്താരാഷ്ട്ര പ്രസിദ്ധി വരെ നേടിയ നമ്മുടെ ശൈലജ ടീച്ചര്‍ ഉള്‍പ്പെട്ടിട്ടില്ല . മുമ്പ് ഗൗരിയമ്മയ്ക്ക് ഉണ്ടായ അനുഭവം ആവര്‍ത്തിക്കുകയാണ് എന്ന ആശങ്ക കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ ക്കിടയില്‍ വ്യാപകമായുണ്ട് . വീണയും ബിന്ദുവും ചിഞ്ചുറാണിയും മന്ത്രിമാരായത് സ്വാഗതാര്‍ഹമാണ്. അതുപക്ഷെ 21 പേരില്‍ മൂന്നുപേര്‍ മാത്രം.ഒപ്പം ടീച്ചറും ഉണ്ടായിരുന്നെങ്കില്‍ അത് ഒരു മുതല്‍ക്കൂട്ടായേനെ. എന്തായാലും തുടക്കത്തില്‍ തന്നെ കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനുള്ള ചുമതല വന്നുപെട്ട ഈ സര്‍ക്കാര്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ണില്‍ കരടാണ്. ഹിന്ദുത്വ ഫാസിസം ആസൂത്രിതമായി നടപ്പിലാക്കാനുള്ള നരേന്ദ്ര മോദി- അമിത് ഷാ അജണ്ട സി.ഏ.ഏ നടപ്പിലാക്കാനുള്ള ശ്രമങ്ങളിലൂടെ , ലക്ഷദ്വീപിനെ പൂര്‍ണമായും കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള പദ്ധതികളിലൂടെ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. കേരള സര്‍ക്കാര്‍ ദേശീയ തലത്തില്‍ തന്നെ ഈ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമായിരുന്നെങ്കില്‍ വളരെ നല്ലത്.
ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നിയമസഭ തെരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ ബംഗാളിലേതാണ്. പ്രധാനമന്ത്രി മുതലുള്ള നേതാക്കളൊക്കെ രാപ്പകലെന്നില്ലാതെ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും മമത അത്യുജ്ജലമായി വിജയിച്ചു. മാത്രമല്ല മമതയുടെ മന്ത്രിസഭയിലെ സ്ത്രീ ദലിത് ആദിവാസി മുസ്ലിം പ്രാതിനിധ്യം ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. സോഷ്യലിസ്റ്റ് തത്വങ്ങളുടെ യഥാര്‍ത്ഥ ഉപജ്ഞാതാവ് മമത ആണെന്നാണ് പൊതു അഭിപ്രായം.ഇത്തരം ഒരു മാതൃക ഒരു ഇടതുപക്ഷ ഗവണ്‍മെന്‍റ് പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. കര്‍ഷക സമരം വീണ്ടും സജീവമാവുകയാണ്. കാര്‍ഷിക മേഖലയെ കോര്‍പ്പറേററ്വല്‍ക്കരിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ആറു മാസം കഴിഞ്ഞു.അഞ്ഞൂറോളംരക്തസാക്ഷികളുണ്ടായി.ആ സമരം വീണ്ടും ശക്തിപ്പെടുത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം നമ്മുടെ നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ത്യാഗോജ്ജ്വലവും ധീരവുമാണ് ഈ സമരം . കേരളവും ബംഗാളും മാത്രമല്ല തമിഴ്നാട്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് ഗോദയിലായിരുന്നു. അതില്‍ ആസാമില്‍ മാത്രമാണ് ബിജെപി ഭരണത്തില്‍ കയറിയത്.
ഇക്കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ കേന്ദ്ര ഭരണം പിടിച്ചടക്കിയതിലൂടെ നാടൊട്ടുക്കും പടര്‍ന്ന കൂരിരുളിന്‍റെ അവസാനം അടുക്കാറായോ? ജനാധിപത്യം- മതേതരത്വം- ബഹുസ്വരത എന്നിവയുടെ പ്രകാശകിരണങ്ങള്‍ വീണ്ടും കണ്ടു തുടങ്ങിയോ?
അജിത കെ.
COMMENTS