പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ നിയമരംഗത്തും സാമൂഹിക രംഗത്തും വിപ്ലവാത്മകങ്ങളായ മാറ്റങ്ങള്‍ വരുത്തിയ അടിസ്ഥാന മനുഷ്യാവകാശ പ്രമാണങ്ങള്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഒന്നിലും തന്നെ ലിംഗനീതി ഒരു പ്രതിപാദ്യവിഷയമായതായി കാണുന്നില്ല. അമേരിക്കന്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡസിന് ശേഷം 144 വര്‍ഷങ്ങളും ഫ്രഞ്ച് ഡിക്ലറേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് മാന്‍ ആന്‍ഡ് ഓഫ് ദ സിറ്റിസെണ്‍-ന് ശേഷം 160 വര്‍ഷങ്ങളും കാത്തിരിക്കേണ്ടി വന്നു സ്ത്രീകള്‍ക്ക് വോട്ടകാശത്തിനായി. ഇന്നത്തെ ക്ലാസ് മുറികളില്‍ മനുഷ്യാവകാശ നിയമങ്ങളുടെ ചരിത്രം പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അത്ഭുതപ്പെടുന്ന കാര്യമാണത്.
ലിംഗപരമായ തുല്യതയും മുഖ്യധാരാവത്കരണവും കുടുംബത്തിനകത്തും പുറത്തും നിയമത്തില്‍ തന്നെയും ആധുനിക സമൂഹത്തിന്‍റെ പ്രധാന അടയാളപ്പെടുത്തലുകളായി മാറിയ കാലം കൂടിയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ട്. വ്യവസായവത്ക്കരണം സാധ്യമാക്കിയ ഉത്പാദന പ്രക്രിയയിലെ വന്‍തോതിലുള്ള സ്ത്രീപങ്കാളിത്തവും സാര്‍വ്വത്രികസമത്വത്തിനായി നടന്ന രാഷ്ട്രീയ പോരാട്ടങ്ങളുമാണ് സമ്മതിദാനം, സ്വത്ത്, വിദ്യാഭ്യാസം, തുടങ്ങിയ അവകാശങ്ങള്‍ സ്ത്രീകളുടേതുകൂടിയാക്കിത്തീര്‍ക്കുന്നത്. എന്നാല്‍ നിലവിലുള്ള നിയമവിദ്യാഭ്യാസം ഈ പ്രക്രിയയെ ആഴത്തില്‍ പഠിക്കുന്നതോ പഠിക്കാന്‍ ഉതകുന്നതോ അല്ല. മാത്രമല്ല, ലിംഗനീതിയിലധിഷ്ഠിതമായ ക്രിയാത്മക വിമര്‍ശനങ്ങള്‍ നിര്‍മ്മിക്കുന്നതിന് നമ്മുടെ ക്ലാസ് മുറികളെ പര്യാപ്തമാക്കുന്നുമില്ല. സമകാലിക ജനാധിപത്യ സമൂഹങ്ങളില്‍ സ്വാതന്ത്ര്യം, സാമൂഹിക നീതി, തുല്യത തുടങ്ങിയ മൂല്യങ്ങളുടെ പ്രതിനിധാനം കൂടി വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. സാമൂഹിക മാറ്റത്തിനുള്ള ഉപാധി കൂടിയായി വിദ്യാഭ്യാസരംഗത്തെ സവിശേഷമായി ഉന്നത വിദ്യാഭ്യാസരംഗത്തെ മനസിലാക്കാം. ഈയര്‍ത്ഥത്തില്‍ നിയമ വിദ്യാഭ്യാസ മേഖലയെ പരിശോധിക്കുമ്പോള്‍ വളരെ പരിമിതമായേ ലിംഗനീതി മൂല്യങ്ങള്‍ വിദ്യാഭ്യാസഘടനയിലും ഉള്ളടക്കത്തിലും സാധ്യമായിട്ടുള്ളൂ എന്ന് വിലയിരുത്തേണ്ടി വരും. ലിംഗനീതി പോരാട്ടങ്ങളുടെ പ്രയോഗ തലത്തിലുള്ള സുപ്രധാന പ്രവര്‍ത്തന മേഖലയായി കൂടിയായി വിദ്യാഭ്യാസം മാറുന്നു. Covention on Elimination of All Forms of Discrimination Against Women (1979), Beijing Declaration and Platform for Action (1995) തുടങ്ങിയ അന്തരാഷ്ട്ര നിയമങ്ങളൊക്കെയും തുല്യനീതിക്കായുള്ള പോരാട്ടത്തില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം അടിവരയിട്ട് പറയുന്നു.
നിയമവിദ്യാഭ്യാസരംഗത്തെ ലിംഗതുല്യതയുടെ മുഖ്യധാരാവത്കരണത്തിന് പല തലങ്ങളിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. ബോധന ശാസ്ത്രം, സ്ഥാപനം, വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കം എന്നിവയിലുള്ള കാതലായ മാറ്റങ്ങള്‍ ഇതാവശ്യപ്പെടുന്നു. ഈ ലേഖനം മൂന്ന് തലങ്ങളിലാണ് ഈ വിഷയത്തെ സമീപിക്കുന്നത്.
1. നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി അനുപാതം
2. ബോധനമാര്‍ഗ്ഗങ്ങളിലെ ആണത്ത രീതികള്‍
3. പാഠ്യപുസ്തകങ്ങളിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും
വിദ്യാര്‍ത്ഥി അനുപാതം:
ലോകത്തെമ്പാടുമുള്ള ഫെമിനിസ്റ്റ് ചിന്തകര്‍ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗഅനീതി എങ്ങനെ പരിഹരിക്കാം എന്ന് പല തരം ആലോചനകള്‍ നടത്തിയിട്ടുണ്ട്. സ്വതസിദ്ധമായി തന്നെ ആണത്ത സ്വഭാവം കൈവരിച്ച ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് അപ്രാപ്യവും സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതുമായ ഒന്നായിരുന്നു നിയമ വിദ്യാഭ്യാസ രംഗം. അമേരിക്കയിലെ സുപ്രസിദ്ധ അഭിഭാഷകരും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന റൂത്ത് ബൈഡര്‍ ഗിന്‍സ്ബെര്‍ഗ് (ആര്‍.ബി.ജി) 1956-ല്‍ ഹാര്‍വാര്‍ഡ് ലോ സ്ക്കൂളില്‍ നിയമപഠനത്തിന് ചേരുമ്പോള്‍ അഞ്ഞൂറ് പുരുഷന്മാരും ഒന്‍പത് സ്ത്രീകളുമായിരുന്നു ആ ക്ലാസ്മുറിയിലുണ്ടായിരുന്നത്. അന്ന് ഹാര്‍വാര്‍ഡ് ലോ സ്ക്കൂളിലെ ഡീന്‍ ആര്‍.ബി.ജി അടക്കമുള്ള ഈ ഒന്‍പത് പെണ്‍കുട്ടികളേയും അത്താഴവിരുന്നിനായി ക്ഷണിച്ചിട്ട് ചോദിച്ചത് -Why are you at Harvard Law School, taking the place of a man? എന്നായിരുന്നു. പിന്നീട് യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തതയായ ജൂറിസ്റ്റായിത്തീര്‍ന്ന റൂത്ത് ഗിന്‍സ്ബര്‍ഗ് പ്രശസ്തമായ രീതിയില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്ക് മഹാനഗരത്തില്‍ ജോലി അന്വേഷിച്ച് ചെല്ലുമ്പോള്‍ പുരുഷന്മാര്‍ മാത്രം നിറഞ്ഞിരുന്ന ഒരു വക്കീല്‍ ഓഫീസും അവരെ ജോലിക്കെടുത്തില്ല. അന്‍പതുകളുടെ അവസാനമായിരുന്നു അത്. അക്കാലത്ത് കേരളത്തില്‍ ബാരിസ്റ്ററായിരുന്ന കെ.ആര്‍.ഗൗരി ഐക്യകേരളത്തിന്‍റെ ആദ്യ നിയമസഭയില്‍ മന്ത്രിയും കേരള ചരിത്രത്തിന്‍റെ മഹത്തായ ആദ്യ ജനകീയ നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ജനപ്രതിനിധിയുമായിരുന്നു.
നാല്‍പതുകളില്‍ കെ.ആര്‍.ഗൗരി നിയമവിദ്യാര്‍ത്ഥിയായിരിക്കേ തന്നെ കേരളത്തിലെ കൊച്ചിയിലും തിരുവിതാംകൂറിലും നിയമസഭയില്‍ തിരഞ്ഞെടുപ്പിലൂടെ ജയിച്ച സ്ത്രീകള്‍ അംഗങ്ങളായിരുന്നു. അതില്‍ പിന്നീട് കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി അംഗമായിരുന്ന ദാക്ഷായണി വേലായുധനടക്കമുള്ളവരുടെ പേര് എടുത്ത് പറയേണ്ടതാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപതിറ്റാണ്ടില്‍ തിരുവിതാംകൂറില്‍ സ്ത്രീയായത് കൊണ്ട് കോളേജില്‍ ശാസ്ത്ര ബിരുദക്ലാസില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേരി പുന്നന്‍ ലൂക്കോസ് ഇംഗ്ലണ്ടില്‍ പോയി മെഡിക്കല്‍ ബിരുദം നേടി തിരിച്ച് വന്നപ്പോഴേയ്ക്കും നാട് മാറിയിരുന്നു. 1916-ല്‍ അവര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജന്‍ ജനറല്‍ അഥവാ വകുപ്പ് മേധാവിയായി. പിന്നീടവര്‍ നിയമസഭാംഗവുമായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയും കേരളത്തില്‍ നിന്ന് അക്കാലത്തുണ്ടായി, അന്ന ചാണ്ടി. ഡോ.മേരി പുന്നന്‍ ലൂക്കാസ് മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിയും അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയും ആകുന്ന കാലത്ത് അമേരിക്കയിലോ യൂറോപ്പിലോ സമാനപദവിയില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും മാതൃകയും മാനദണ്ഡവും അമേരിക്കയും യൂറോപ്പുമാകുന്ന കാലത്ത് ഈ ചരിത്രം നമ്മള്‍ ഓര്‍ക്കേണ്ടതാണ്.
അമ്പതുകളിലും അറുപതുകളിലും കേരളത്തിലെ നിയമ ക്ലാസ് മുറികളില്‍ പുരുഷന്മാരായിരുന്നു ഭൂരിപക്ഷമെങ്കില്‍ തൊണ്ണൂറുകളിലെത്തുമ്പോഴേയ്ക്കും അനുപാത നിരക്കില്‍ സ്ത്രീകള്‍ മുന്നിലെത്തി. ചരിത്രത്തിന്‍റെ ആനുകൂല്യം വിദ്യാര്‍ത്ഥിനീപങ്കാളിത്തം മെച്ചപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകമാകുമ്പോഴേയ്ക്ക് ലൈംഗിക ന്യൂനപക്ഷങ്ങളും നിയമപഠനത്തിനായി പരിമിതമായ തോതിലെങ്കിലും എത്തി കാമ്പസുകളെ വൈവിധ്യവത്കരിച്ചു. അവര്‍ മൂട്ട് കോര്‍ട്ട് ഉള്‍പ്പെടെയുള്ള പാഠ്യപരിപാടികളില്‍ കഴിവ് തെളിയിക്കുകയും മികച്ച രീതിയില്‍ പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു. എന്നാല്‍ ക്ലാസ് മുറികളിലെ ഈ മികവ് അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സഹായകമായില്ല എന്ന് മാത്രമല്ല, വിവേചനപരമായ നിരവധി അനുഭവങ്ങള്‍ നല്‍കുകയും ചെയ്തു. വേതനത്തിലുള്ള സ്ത്രീ പുരുഷ വ്യത്യാസം, അപ്രാപ്യമായ മേല്‍ക്കോടതികളില്‍ പ്രാക്ടീസ്, പല സീനിയര്‍ പുരുഷ അഭിഭാഷകരും തങ്ങളുടെ ജൂനിയര്‍മാരായ സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ കാണിക്കുന്ന വിമുഖത ഒക്കെ ഇന്നും തുടരുന്നത് തൊഴില്‍ മേഖലയിലേയ്ക്ക് വരുന്ന സ്ത്രീകള്‍ക്ക് അഭിഭാഷകവൃത്തി അവരുടെ ചോയ്സ് ആയി മാറാത്തതില്‍ പ്രധാന കാരണങ്ങളാണ്. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി മറ്റ് പല മേഖലകളിലും തൊഴിലെടുക്കുന്നവരാണ് വിദ്യാര്‍ത്ഥിനികളില്‍ ഏറെയും.
അഥവാ റൂത്ത് ഗിന്‍സ് ബര്‍ഗിന് അമ്പതുകളുടെ ഒടുവില്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്ന അതേ സാഹചര്യമാണ് ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിനും ഇവിടെയുള്ളത്. സാമൂഹിക പുരോഗതിയുടെ ചില അടയാളങ്ങള്‍ ആദ്യകാലങ്ങളില്‍ നമ്മള്‍ പ്രകടിപ്പിച്ചത് അപവാദം മാത്രമായി നിലനിന്നു. ഇന്ത്യയിലെ ആദ്യ വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ലീല സേത്ത് തന്‍റെ അഭിഭാഷക വൃത്തിയുടെ ആരംഭകാലത്തുണ്ടായ ഒരനുഭവം പിന്നീട് പറഞ്ഞിട്ടുണ്ട്. ജൂനിയര്‍ എന്ന നിലയില്‍ തന്നെ ജോലിക്കെടുക്കണം എന്ന് ഒരു മുതിര്‍ന്ന അഭിഭാഷകനോട് ആവശ്യപ്പെട്ടപ്പോള്‍ വിവാഹം കഴിക്കേണ്ട പ്രായമല്ലേ, വിവാഹം കഴിഞ്ഞ ശേഷം വരൂ എന്നായിരുന്നുവത്രേ പ്രതികരണം. വിവാഹിതയാണ് എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ വേണ്ടേ എന്നും കുട്ടിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ ഒറ്റയ്ക്കാക്കേണ്ടി വരില്ലേ എന്നും സീനിയര്‍ ആശങ്കപ്പെട്ടു. രണ്ട് കുട്ടികളുടെ അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ ‘പ്രാക്ടീസ് ചെയ്യണമെന്ന് ഇത്രയും നിര്‍ബന്ധ ബുദ്ധിയുണ്ടെങ്കില്‍ ശരി’ എന്ന് പറഞ്ഞാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. അഭിഭാഷകയിരുന്ന കെ.ആര്‍.ഗൗരി കേരളത്തിന്‍റെ ആദ്യ മന്ത്രിയായിട്ടും അന്നാചാണ്ടി ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ഹൈക്കോടതി ജഡ്ജിയായിട്ടും ഒരു നൂറ്റാണ്ടിനിപ്പുറവും ഒരു സമൂഹമെന്ന നിലയില്‍ നാം ലിംഗനീതിയില്‍ ഒരു പടവ് പോലും മുന്നോട്ട് പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹൈക്കോടതികളിലും സുപ്രീം കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിലും ഇതേ വിവേചനം ഇക്കാലമത്രയും തുടര്‍ന്നു. സമീപകാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘കോടതികളില്‍ അമ്പതുശതമാനം വനിതാ ജഡ്ജിമാരുണ്ടാകണം’ എന്ന് ആവശ്യപ്പെട്ടതിനെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. എന്നാല്‍ ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ സ്ത്രീകളുടെ സജീവമായ സാന്നിധ്യം സമകാലിക സവിശേഷതയാണ്.
ബോധന മാര്‍ഗ്ഗത്തിലെ ആണ്‍ രീതികള്‍
നിയമ വിദ്യാഭ്യാസ രംഗത്തെ പ്രധാന ബോധനമാര്‍ഗ്ഗങ്ങളിലൊന്ന് സോക്രട്ടിക് മെത്തേഡാണ്. ചോദ്യോത്തരങ്ങളും തര്‍ക്കങ്ങളും അധ്യയന രീതിയായി മാറുന്ന ഒരു സമ്പ്രദായമാണിത്. താര്‍ക്കികതയിലൂന്നിയുള്ള വാദപ്രതിവാദങ്ങള്‍ ക്ലാസ്മുറികളില്‍ പൊതുവായി ആണത്തത്തിന്‍റെ പ്രകടനമായാണ് തീരാറുള്ളത്. ചോദ്യം ചോദിക്കാനുള്ള കഴിവാണ് ഈ സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥികളുടെ മികവ് പരീക്ഷിക്കുന്നതിനുള്ള അടിസ്ഥാനം. കുടുംബങ്ങളിലും പൊതുവിടങ്ങളിലും ചോദ്യം ചെയ്യാതെയും അച്ചടക്കമുള്ളതുമായ ജീവിതം നയിക്കാനായി ശീലിപ്പിക്കപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം ശ്രമകരമായ ഒന്നായി ക്ലാസ് മുറികള്‍ അപ്പോള്‍ മാറുകയും ചെയ്യുന്നു. അധ്യാപകരാകട്ടെ പലപ്പോഴും പെണ്‍കുട്ടികളെ പരിഹസിക്കുന്നതിനും അധമബോധം സൃഷ്ടിക്കുന്നതിലേയ്ക്കുമാണ് സോക്രട്ടിക് രീതിയിലുള്ള ബോധനമാര്‍ഗ്ഗത്തില്‍ ഇടപെടാറുള്ളത്. ക്ലാസ് മുറികളില്‍ ആശയതലങ്ങളില്‍ മികച്ച ചോദ്യങ്ങള്‍ ചോദിക്കുന്ന പെണ്‍കുട്ടികള്‍ അതിന്‍റെ അവതരണ തലത്തില്‍ ആണത്ത സമ്പ്രദായം പിന്‍പറ്റാത്തതിനാല്‍ തന്നെ അവരുടെ ചോദ്യങ്ങള്‍ മികച്ചതായി പലപ്പോഴും സോക്രട്ടിക് രീതിയില്‍ മനസിലാക്കാതെ പോവുകയും ചെയ്യുന്നു.
പലതരത്തിലുള്ള നിയമവിഷയങ്ങളില്‍ വകുപ്പുകള്‍ വിശദീകരിക്കുന്നതിനായി ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ബോധനോപാധി ഉദാഹരണങ്ങളാണ്. ശിക്ഷാ നിയമം, കരാര്‍ നിയമം, തെളിവ് നിയമങ്ങള്‍ ഇവയിലൊക്കെ തന്നെയും ക്ലാസ് മുറികളില്‍ ഉദാഹരണങ്ങളായി ഏറിയ പങ്കും വിശദീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ആണ്‍നോട്ടങ്ങളില്‍ ഉറച്ചതുമാണ്. നിലനില്‍ക്കുന്ന ലിംഗവാര്‍പ്പുമാതൃകകളെ ക്ലാസ് മുറികളില്‍ പുനരാവിഷ്കരിക്കുന്ന ഇത്തരം ഉദാഹരണങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗം എന്ന നിലയിലാണ് ക്ലാസ് മുറികളില്‍ അവതരിപ്പിക്കപ്പെടാറുള്ളത്. അത് ചോദ്യം ചെയ്യപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങള്‍ പോലെ അവശേഷിക്കപ്പെടുകയും ചെയ്യാറാണ് പതിവ്. വലപ്പോഴുങ്കെിലും അത്തരം മാതൃകകളെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളുയര്‍ന്നാല്‍ അതിനെ ക്രൂരമായ പരിഹാസങ്ങളാല്‍ നിശബ്ദമാക്കുകയാണ് പതിവ്. അധ്യാപകര്‍ക്കായുള്ള ലിംഗനീതി ബോധനമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ക്ലാസുകളില്‍ നിരന്തരമായി സൂചിപ്പിക്കാറുള്ള ഒരു കാര്യം ബലാത്സംഗത്തേക്കാള്‍ ക്രൂരമാണ് പല കോടതി മുറികളിലേയും ബലാത്സംഗ വിചാരണകള്‍ എന്നാണ്. എന്നാല്‍ ചില അധ്യാപകര്‍ ശിക്ഷാനിയമം പഠിപ്പിക്കുമ്പോള്‍ ആ ക്ലാസ് മുറികളിലെ അനുഭവങ്ങളും വ്യത്യസ്തമല്ല.
സാങ്കല്പിക കോടതികള്‍, അതിലെ വിചാരണ സമ്പ്രദായങ്ങള്‍, എഴുത്ത് രീതികള്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായാണ് കരിക്കുലത്തിന്‍റെ തന്നെ ഭാഗമായി ‘മൂട്ട് കോര്‍ട്ട്’ സമ്പ്രദായം പ്രചാരം നേടുന്നത്. മൂട്ട് കോര്‍ട്ട് സമ്പ്രദായം ബോധന മാര്‍ഗ്ഗമായി മാറുമ്പോള്‍, ആദ്യഘട്ടങ്ങളില്‍ പലപ്പോഴും കോടതിമുറികളുടെ ആവര്‍ത്തനങ്ങളാണ് സൃഷ്ടിക്കുന്നത്. കോടതി മുറികളിലെന്ന പോലെ മൂട്ട് കോര്‍ട്ടിലും പലതലങ്ങളിലുള്ള അപരവത്രണം പെണ്‍കുട്ടികള്‍ നേരിടാറുണ്ട്. മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് പങ്കെടുക്കേണ്ട സാഹചര്യങ്ങളില്‍, മികച്ച അവതാരകര്‍ പെണ്‍കുട്ടികളാകുമ്പോഴും, കോളേജ് തലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുക അവരായിരിക്കില്ല. ഇന്ന് ഈ അവസ്ഥകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.
മാറേണ്ടുന്ന പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും
പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പലതലങ്ങളിലുള്ള ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് സമീപകാലത്ത് വിധേയമായിട്ടുണ്ട്. ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ ഭാഷയും ഉള്ളടക്കവും, സിലബസില്‍ ഉള്‍ചേര്‍ന്ന സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍, ലിംഗവാര്‍പ്പ് മാതൃകയുടെ പുനരാവര്‍ത്തനമായ ഉദാഹരണങ്ങള്‍ എന്നിവ ഈ അക്കാദമിക് ഇടപെടലുകളുടെ പ്രധാന ഉത്കണ്ഠകളാണ്. കൊളോണിയല്‍ നിയമങ്ങളായ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, കരാര്‍ നിയമങ്ങള്‍, ടോര്‍ട്ട് നിയമം തുടങ്ങിയവയുടെ ഭാഷയില്‍, ഇതര സാമൂഹ്യശാസ്ത്ര മേഖലകളില്‍ ഇക്കാലത്ത് കൈവരിച്ചിട്ടുള്ള ലിംഗനീതി, ഒരു തരത്തിലും സ്പര്‍ശിച്ചിട്ടേ ഇല്ല. എല്ലാ ഉദാഹരണങ്ങളും പുരുഷലിംഗ വചനങ്ങള്‍ മാത്രമായ പാഠപുസ്തകങ്ങളാണ് ഇന്നും ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നത്. വ്യക്തിനിയമങ്ങളാകട്ടെ (സ്വത്തവകാശം, വിവാഹം) അവയിലുള്‍ചേര്‍ന്ന സ്ത്രീ വിരുദ്ധതയുടെ അപഗ്രഥനം പാഠ്യപദ്ധതിയുടെ ഭാഗം ആകുന്നുമില്ല.
ജന്‍ഡര്‍ ന്യൂട്രല്‍ ഭാഷയിലാണ് നിയമശാസ്ത്രം കാലങ്ങളായി പഠിപ്പിക്കുന്നത് എന്നതാണ് പൊതുധാരണ. എന്നാല്‍ പുരുഷന്‍ നിര്‍മ്മിച്ച ഒന്നാണ് നിയമം എന്നും സ്ത്രീകളുടേയും ഇതരലിംഗവിഭാഗങ്ങളില്‍ പെട്ടവരുടേയും അനുഭവങ്ങളുടെ അദൃശവത്കരണവും തിരസ്കരണവും ഇതിലുള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നും വായിക്കപ്പെടാതെ പോകുന്ന യാഥാര്‍ത്ഥ്യമാണ്. കാതറീന്‍ മക്യൂനന്‍ തന്‍റെ പ്രശസ്തമായ Toward Feminist Jurisprudence എന്ന ലേഖനത്തില്‍ നിലനില്‍ക്കുന്ന നിയമശാസ്ത്രത്തെ പുരുഷാധിപത്യ നിയമശാസ്ത്രം എന്ന് മനസിലാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. പുരുഷാധിപത്യ ഭരണകൂടം അതിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമസാധുത ഉറപ്പിക്കുന്നതിനും സ്ത്രീ വിരുദ്ധത അദൃശ്യവത്കരിക്കുന്നതിനുമാണ് എക്കാലമത്രയും അതിന്‍റെ ‘നിഷ്പക്ഷ ഭാവം’ ഉപയോഗിച്ചിട്ടുള്ളത്. അത് തിരിച്ചറിഞ്ഞറിഞ്ഞുകൊണ്ട്, ബദല്‍ നിയമശാസ്ത്രവും രീതിശാസ്ത്രവുമായാണ് ഫെമിനിസ്റ്റ് ജൂറിസ്പുഡന്‍സ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളില്‍ മുന്നേറിയിട്ടുള്ളത്.
‘Asking Women’s Question’ എന്നത് മൂന്ന് തലങ്ങളിലായാണ് ഫെമിനിസ്റ്റ് ജൂറിസ്പ്രൂഡന്‍സില്‍ കരോള്‍ സ്മിത്ത് ഉള്‍പ്പെടെയുള്ള ചിന്തകര്‍ മുന്നോട്ട് വയ്ക്കുന്നത്. നിയമങ്ങളിലെ ഉള്ളടക്കത്തിലെ സ്ത്രീ വിരുദ്ധത മനസിലാക്കുകയാണ് ഒന്നാമത്തേയത്. അതിനായി എത്രമാത്രം സ്ത്രീ അനുഭവങ്ങള്‍ നിയമങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്, അഥവാ എത്രമാത്രം സ്ത്രീ അനുഭവങ്ങളുടെ അഭാവമാണ് ഒരോ നിയമങ്ങളിലും ഉള്ളത് എന്ന രീതി ശാസ്ത്രം വികസിപ്പിച്ചു. നിയമ നിര്‍വ്വഹണ പ്രക്രിയയിലെ സ്ത്രീ വിരുദ്ധതയെ അടയാളപ്പെടുത്തലായിരുന്നു അതിന്‍റെ രണ്ടാം തലം. മൂന്നാമതായി സ്ത്രീകളിലും സമൂഹത്തിലും അവബോധം വളര്‍ത്തുക എന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ വിമെന്‍സ് ക്വസ്റ്റിന്‍ എന്നത് ലിംഗനീതിയുടെ വിശാല അര്‍ത്ഥത്തില്‍ എല്‍.ജി.ബി.ടി.ക്യു എന്ന തലത്തിലേയ്ക്ക് അതിനെ വളര്‍ത്താന്‍ ഫെമിനിസ്റ്റ് ജൂറിസ്പ്രൂഡന്‍സിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലം കോടതികളില്‍ ഉണ്ടായ ലൈംഗിക ന്യൂനപക്ഷ അധികാരം അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നടന്ന ജൂഡീഷ്യല്‍ ഇടപെടലുകളെ, ഈ വെളിച്ചത്തില്‍ വേണം വിലയിരുത്താന്‍.
ലിംഗനീതി അവകാശബോധസമരങ്ങളുമായി അഭേദ്യമായ കൊടുക്കല്‍ വാങ്ങല്‍ ബന്ധങ്ങള്‍ നിലവിലുള്ള ഒരു വിദ്യാഭ്യാസമേഖലയാണ് നിയമരംഗം. പൊതുസമൂഹത്തിലുള്ള രാഷ്ട്രീയവും സാമൂഹ്യവുമായ സംവാദങ്ങളോട് നിയമവിദ്യാഭ്യാസം തുറസ് കാട്ടുന്നില്ലെങ്കില്‍ കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതിയായി അത് മാറുമെന്നത് മാത്രമല്ല, പൊതുനീതി ബോധം എന്ന ആശയത്തെ തന്നെയാണ് അത് അട്ടിമറിക്കുക. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്നത് കാലത്തിനോടുള്ള നീതിപുലര്‍ത്തുന്ന ഒന്നാവണമെങ്കില്‍ ലിംഗനീതി ഉറപ്പുവരുത്തുക എന്നത് പ്രാഥമികമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗ,ജാതി,പ്രദേശിക,മതങ്ങളൊക്കെ പരസ്പരബന്ധിതമാണെന്നിരിക്കേ അതിന്‍റെ സങ്കീര്‍ണ്ണാര്‍ത്ഥത്തില്‍ ലിംഗനീതിയെ മനസിലാക്കാനുള്ള ഇടപെടലുകളാണ് നിയമവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ടത്.
ഡോ. ആരതി പി.എം.
അസിസ്റ്റന്‍റ് പ്രൊഫസര്‍
സ്കൂള്‍ ഓഫ് ഇന്ത്യന്‍
ലീഗല്‍തോട്ട്
മഹാത്മഗാന്ധി സര്‍വ്വകലാശാല
COMMENTS