Homeചർച്ചാവിഷയം

ലൈംഗികാക്രമണ കേസുകള്‍ : നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍

താണ്ട് അമ്പതു വര്‍ഷക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവര്‍ത്തന ‘പാരമ്പര്യ’മുള്ള മലയാളി ആണ്‍ജീവിതത്തിന്‍റെ ഇങ്ങേ അറ്റത്തു വന്നു നില്‍ക്കുമ്പോഴാണ്, എഴുപതു വയസ്സു പിന്നിട്ടു നില്‍ക്കുമ്പോഴാണ് രണ്ടു സ്ത്രീകള്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാക്രമണം നടത്തിയെന്ന പേരില്‍ കേസ് കൊടുത്തിട്ടുള്ളത്. സിവിക് ചന്ദ്രന്‍ എഴുത്തുകാരനും പാഠഭേദം എന്ന മാസികയുടെ പ്രസാധകനും പത്രാധിപരും സാംസ്ക്കാരിക പ്രവര്‍ത്തകനുമാണ്. സിവിക് ചന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് രണ്ട് എഴുത്തുകാരികളാണ്. അതില്‍ ഒരാള്‍ ദലിത് സമൂഹത്തില്‍ നിന്നുള്ള സാഹിത്യകാരിയാണ്. വേറെയും സ്ത്രീകള്‍ സിവിക് ചന്ദ്രനില്‍ നിന്ന് നേരിട്ടിട്ടുള്ള ലൈംഗിക കയ്യേറ്റത്തിന്‍റെ അനുഭവങ്ങള്‍ സ്വകാര്യമായി സ്ത്രീകള്‍ക്കിടയില്‍ പങ്കുവെച്ചു കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്തു മാത്രമല്ല, നേരത്തേയും സിവിക് ചന്ദ്രന്‍ സ്ത്രീകളോട് ലൈംഗിക കയ്യേറ്റം നടത്തിയതിന്‍റെ അനുഭവങ്ങള്‍ എച്ച്മുകുട്ടിയെപ്പോലുള്ള എഴുത്തുകാരികളും തുറന്നെഴുതിയിട്ടുണ്ട്.

സ്ത്രീയുടെ സമ്മതം കൂടാതെ ലൈംഗികാസക്തിയോടെ അവളുടെ ശരീരത്തിനു മേല്‍ നടത്തുന്ന ഏതു തരം അതിക്രമവും ലൈംഗികാക്രമണമാണ്. ബലാത്സംഗം ചെയ്താല്‍ മാത്രമേ ലൈംഗികാക്രമണത്തിന്‍റെ നിര്‍വ്വചനത്തില്‍ വരൂ എന്ന കാലം കഴിഞ്ഞു. പരിചയമുള്ളവരില്‍ നിന്ന് അത്തരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത്തരം ആക്രമണങ്ങളില്‍ പുരുഷന്‍റെ ഉയര്‍ന്ന പ്രായം, പദവി, പ്രശസ്തി, സാമൂഹ്യ, സാമ്പത്തികാധികാരം തുടങ്ങിയ ഘടകങ്ങള്‍ തക്കം നോക്കി ആക്രമിക്കുന്നതിനായി ലൈംഗികാക്രമണകാരികളായ പുരുഷന്‍മാര്‍ സാധൂകരണമായി നിരത്തുന്ന പ്രിവിലേജുകളാണ്. ഈ പ്രിവിലേജുകള്‍ ഉള്ള പുരുഷന്‍മാര്‍ക്കെതിരെ തുറന്ന് പരാതിപ്പെടാന്‍ തീരുമാനിക്കുന്നതു പോലും ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ആക്രമണം നേരിട്ട ഇരകള്‍ കഠിനമായി ശ്രമിക്കുന്നതിന്‍റെ ഭാഗമാണ്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുകയോ കേസ് കൊടുക്കുകയോ ചെയ്യുകയില്ല. കാരണം, പരാതി കൊടുക്കാന്‍ സ്വന്തം വീട്ടിലുള്ളവര്‍ സാധാരണ നിലയില്‍ സമ്മതിക്കുകയില്ല. വീട്ടുകാരുടെ സമ്മതത്തോടെ പരാതി കൊടുത്താല്‍ തന്നെയും ബന്ധുക്കളും നാട്ടുകാരും ആ കുടുംബത്തേയും ഇരയായ സ്ത്രീയേയുമാണ് തുടര്‍ന്ന് കുറ്റപ്പെടുത്തുക. അനുഭവിച്ച ലൈംഗികാക്രമണം കൂടാതെ സ്ത്രീക്കു നേരെ ലൈംഗികാപവാദ പ്രചരണങ്ങളും കുറ്റവാളികളായ പുരുഷന്‍മാരുടെ സംരക്ഷണത്തിനായി നാടു മുഴുവന്‍ പടരും. സൂര്യനെല്ലി കേസു മുതല്‍ കേരളം അതു കണ്ടിട്ടുണ്ട്. ചെറിയ പെണ്‍കുട്ടിയെ നാല്‍പത് പേര്‍ തടവില്‍ വെച്ച് ലൈംഗിക പീഡനം നടത്തിയിട്ടും ‘അവള്‍ എന്തിന് അവരുടെ കൂടെ പോയി?’ എന്നാണ് പൊതുസമൂഹം കുറ്റവാളികള്‍ക്കനുകൂലമായി പെണ്‍കുട്ടിയെ വിചാരണ ചെയ്തിരുന്നത്. കുറ്റവാളികള്‍ പ്രശസ്തരും സ്വാധീനമുള്ളവരുമായ പുരുഷന്‍മാരാകുമ്പോള്‍ ഇപ്പോഴും ഇതു തന്നെയാണ് കേള്‍ക്കുന്നത്. ദിലീപിനെ അനുകൂലിച്ചു കൊണ്ട് നടിക്കു നേരെ പി സി ജോര്‍ജ്ജും സിനിമാ മേഖലയിലെ ദിലീപ് അനുകൂലികളും നടത്തിയ കള്ളപ്രചരണങ്ങള്‍ കേരളം കേട്ടിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസു കൊടുത്തതു കൊണ്ടു മാത്രമാണ്, നടി പുറത്തിറങ്ങുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതു പോലും ദിലീപിന്‍റെ അനുകൂലികള്‍ നടിയെ പരിഹസിക്കാനും സൈബര്‍ ആക്രമണം നടത്താനും വേദനിപ്പിക്കാനും പൊതുവിടത്തില്‍ നിന്ന് ഒഴിവാക്കാനും ശ്രമിക്കുന്ന കാഴ്ചകള്‍ സജീവമാണിപ്പോഴും.

ഇപ്പോള്‍, സിവിക് ചന്ദ്രനെ അനുകൂലിക്കുന്നവര്‍ ദലിത് സ്ത്രീയായ പരാതിക്കാരിക്കു നേരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ നീതിബോധത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അവര്‍ ഒരു ദലിത് സ്ത്രീയായതു കൊണ്ടു നേരിടേണ്ടി വരുന്ന അധികമായ വിചാരണയും സിവിക് അനുകൂല പക്ഷത്തു നിന്ന് ഉണ്ടാകുന്നുണ്ട്. മാത്രവുമല്ല, സിവിക് ചന്ദ്രനു വേണ്ടി വാദിക്കുന്നതും അതിജീവിതയെ അവിശ്വസിക്കുന്നതും അതിജീവിതക്കൊപ്പം നില്‍ക്കുന്നവരെയടക്കം അസഭ്യം പറയുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതും ഫെമിനിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്നവരുടെ ഒരു ചെറുസംഘമാണ് എന്നതാണ് ഈ കേസില്‍ കാണുന്ന വലിയ ധാര്‍മ്മിക ദുരന്തം. 1980 കള്‍ മുതലുള്ള സ്വതന്ത്ര ഫെമിനിസ്റ്റ് സംഘടനകളുടേയും വ്യക്തികളുടേയും സമരത്തില്‍ ഇതുവരേയും കേരളത്തില്‍ ഇത്തരത്തില്‍ അനീതിയുടെ പക്ഷത്ത് തുറന്ന് നിലയുറപ്പിക്കുന്ന ഒരു ഫെമിനിസ്റ്റ് നീക്കവും ഉണ്ടായിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്. സിവിക് ചന്ദ്രന്‍റെ അനുഭാവികളും സുഹൃത്തുക്കളുമായ ഫെമിനിസ്റ്റുകള്‍ ഫെമിനിസത്തിന്‍റെ രാഷ്ട്രീയ അന്തസ്സത്തയെത്തന്നെ മറന്നു കൊണ്ട്, ബൗദ്ധിക സത്യസന്ധതയില്ലാതെ പരാതിക്കാരിയായ സ്ത്രീക്കു നേരെയും അവര്‍ക്കു പിന്തുണ നല്‍കുന്ന സ്ത്രീകള്‍ക്കു നേരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങള്‍ പോലൊന്ന് മറ്റൊരു ലൈംഗിക ആക്രമണ കേസിലും കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് ലൈംഗികാക്രമണം നടത്തിയ പുരുഷന്‍ പ്രശസ്തനും വലിയ സൗഹൃദ വലയവും ഉള്ളവനാണെങ്കില്‍, ഇക്കാലത്ത് പാര്‍ശ്വവല്‍കൃത സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടുതല്‍ വലിയ വില കൊടുക്കേണ്ടി വരും എന്നുള്ളതാണ്. ജനാധിപത്യപരമായ വാദ മറുവാദത്തിനുള്ള എല്ലാ സാധ്യതകളും അടച്ചു കൊണ്ട്, കേസു കൊടുക്കാനുള്ള അതിജീവിതമാരുടെ ജനാധിപത്യപരമായ ഇടത്തെ, അവകാശത്തെ തന്നെ പാടേ നിഷേധിച്ചു കൊണ്ടാണ് ഏതാണ്ടൊരു സൈബര്‍ ആക്രമണത്തിന്‍റെ സ്വഭാവത്തില്‍ ഇവരുടെ വിശദീകരണങ്ങളും വ്യക്ത്യധിക്ഷേപങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നത്. താന്‍ നേരിട്ട ആക്രമണത്തിന്‍റെ മുറിവുകളെ വീണ്ടും വീണ്ടും കീറിമുറിക്കുന്ന തരം ദുഷ്പ്രചരണങ്ങളെയാണ് പരാതിപ്പെട്ടതിനു ശേഷം ഈ കേസിലെ അതിജീവിതമാര്‍ക്ക് വിശേഷിച്ച് ദലിത് വിഭാഗത്തില്‍ നിന്നുള്ള അതിജീവിതക്ക് ഈ സിവിക് പക്ഷ ഫെമിനിസ്റ്റുകളില്‍ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്. ഒരു അതിജീവിതക്കും മേലില്‍ ഇത്തരം ദുരവസ്ഥ ഉണ്ടാകിതിരിക്കട്ടെ.

ലൈംഗിക അക്രമത്തിനും അനീതിക്കുമെതിരായി ദീര്‍ഘകാലം പോരാടിയാലും കോടതികളില്‍ നിന്ന് തീര്‍ത്തും സ്ത്രീവിരുദ്ധമായ, ലൈംഗിക കുറ്റവാളികള്‍ക്ക് അനുകൂലമായ വിധികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അതോര്‍ക്കുമ്പോള്‍ നിവൃത്തിയുണ്ടെങ്കില്‍ ഒരു സ്ത്രീയും പരാതിപ്പെടാന്‍ മുന്നോട്ടു വരികയില്ല. എന്നിട്ടും ആരെങ്കിലും പരാതികളുമായി മുന്നോട്ടു വരുന്നുണ്ടെങ്കില്‍ നീതിന്യായ വ്യവസ്ഥ മാത്രമേ ആശ്രയിക്കാനുള്ളു എന്ന നിസ്സഹായത കൊണ്ടു കൂടിയാണ്. മുറിവേറ്റു പോയ സ്വന്തം വ്യക്തിത്വത്തെ ആഘാതത്തില്‍ നിന്ന് കരകയറ്റാനും കുറ്റവാളികള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടണം, നിയമപരമായ വിചാരണ പ്രക്രിയകളിലൂടെ കടന്നു പോകണം എന്ന ആഗ്രഹം നടപ്പാക്കാനുമുള്ള വഴിയാണത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പുരുഷന്‍ ആള്‍ബലം കൊണ്ടും സാമൂഹ്യ സാമ്പത്തികാധികാരം കൊണ്ടും ഇരയേക്കാള്‍ പ്രബലനാണിവിടെ. പരാതിപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്താനും ഉപദേശിക്കാനും ഫെമിനിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്നവര്‍ തന്നെ മുന്നില്‍ വന്ന് ആരോപണ വിധേയനായ പുരുഷനു വേണ്ടി സംസാരിക്കുമ്പോള്‍ അതിജീവിതകള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷവും എത്ര കടുത്തതാണ്! ഇത്തരം അതീവ സംഘര്‍ഷത്തിനുള്ളിലും ഉറച്ച് നിന്ന്, മുഖമില്ലാതെ, പേരില്ലാതെ പോരാടുന്ന അതിജീവിതകളാണ് ഈ കേസില്‍ മുന്നില്‍ നില്‍ക്കുന്നത്. അവര്‍ സിവിക് അനുകൂല ഫെമിനിസ്റ്റുകളോട് തങ്ങളുടെ അനുഭവങ്ങള്‍ പലപ്പോഴായി മാധ്യമങ്ങളിലൂടെ എ ടുത്തുപറഞ്ഞുകൊണ്ടിരിക്കുകയാണ്. അവര്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നതു കൊണ്ടു മാത്രം. സിവിക് ചന്ദ്രനെതിരെയുള്ള അതിജീവിതമാരുടെ കേസുകള്‍ നടത്തുന്നതിനൊപ്പം സിവിക് അനുകൂല ഫെമിനിസ്റ്റുകളെക്കൂടി പ്രതിരോധിക്കാന്‍ നിര്‍ബ്ബന്ധിതരായിക്കൊണ്ടാണ് അതിജീവിതകള്‍ക്കൊപ്പം നിന്ന് പിന്തുണക്കാന്‍ കേരളത്തിലെ വലിയൊരു വിഭാഗം ഫെമിനിസ്റ്റുകളുടെ കൂട്ടായ്മ രൂപപ്പെട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പാഠഭേദം ഐ സി സി എന്ന സ്ത്രീവിരുദ്ധ അന്വേഷണ കമ്മറ്റിയുടെ പങ്ക്
പാഠഭേദം എഡിറ്റര്‍ ആയ മൃദുലാദേവിയുടെ മുന്‍കയ്യില്‍ പാഠഭേദം നൈതിക വേദി രൂപീകരിച്ച അന്വേഷണ കമ്മറ്റിയാണ് യഥാര്‍ത്ഥത്തില്‍ ഈ കേസിനെ ഈ വിധം പോലീസിലും കോടതിയിലും എത്തിച്ചത് എന്നാണ് ഒന്നാമത്തെ കേസിലെ അതിജീവിതയുടെ വെളിപ്പെടുത്തലുകളിലും അനുഭവങ്ങളിലും അടങ്ങുന്ന വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ വെളിപ്പെടുന്നത്. പി ഇ ഉഷ, മൃദുലാദേവി, ഡോ. ഖദീജ മുംതാസ് എന്നീ മൂന്നു ഫെമിനിസ്റ്റുകള്‍ അടങ്ങിയതായിരുന്നു ആ കമ്മറ്റി. അവരുടെ തെളിവെടുപ്പുകളും അന്വേഷണ രീതികളും തീര്‍പ്പുകളും അതിജീവിതക്ക് എതിരും സിവിക് ചന്ദ്രന് അനുകൂലവുമായിരുന്നു. അതില്‍ വേദനിച്ചും പ്രതിഷേധിച്ചും നീതി തേടിയാണ് അതിജീവിത പോലീസില്‍ പരാതി കൊടുക്കുന്നത്. ഈ മൂന്നു പേരുടെ കമ്മറ്റി അതിജീവിതയുടെ അനുഭവങ്ങളെ കൃത്യമായി കേള്‍ക്കുകയും തെളിവുകള്‍ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ കേസ് കോടതിയില്‍ എത്തുമായിരുന്നില്ല എന്ന് സാരം. അതിനാല്‍ പൊറുക്കല്‍ നീതിയെക്കുറിച്ച് അക്കാദമിക് ഗവേഷകയുടെ ഉപദേശങ്ങളും തെറിവിളികളും ശാപങ്ങളും അസ്ഥാനത്താണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ശകാരിക്കേണ്ടത് ഐ സി സി അംഗങ്ങളായ സ്വന്തം സുഹൃത്തുക്കളെയാണ്.

ഈ വിധം അനീതി ചെയ്തു എന്നു മാത്രമല്ല, പാഠഭേദം ഐ സി സി എന്ന പേരില്‍ ഉണ്ടാക്കിയിരുന്നത് പോഷ് നിയമപ്രകാരമുള്ളതല്ല എന്ന സത്യം ആ കമ്മറ്റിയെക്കുറിച്ച് കേസിന്‍റെ ഭാഗമായി അതിജീവിതയുടെ അഡ്വക്കേറ്റുമാര്‍ പരിശോധിക്കുമ്പോഴാണ് അതിജീവിതയും ഒപ്പമുള്ളവരും മനസസിലാക്കുന്നത്. ആ കമ്മറ്റിയിലെ ഒരംഗമായ പി ഇ ഉഷ സ്വന്തം ജീവിതത്തില്‍ സമാനമായ ഒരു കേസിലൂടെ കടന്നു വന്ന ഒരു സ്ത്രീ മാത്രമല്ല, ഇത്തരം നിയമങ്ങള്‍ പഠിച്ചിരിക്കേണ്ടുന്ന ഉത്തരവാദിത്വമുള്ള പദവികളില്‍ ജോലി ചെയ്ത ഫെമിനിസ്റ്റ് കൂടിയാണ്. സ്ഥാപനത്തിന്‍റെ മേലധികാരിക്കെതിരെയുള്ള പരാതിയില്‍ ഇത്തരം കമ്മറ്റി ഉണ്ടാക്കാന്‍ പാഠഭേദത്തിന് അധികാരമില്ല എന്ന് ഉപദേശിക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. സിവിക്കിനോടും പാഠഭേദത്തോടുമുള്ള അടുപ്പത്തിന്‍റെ പേരില്‍ കോംപ്രമൈസ് ചെയ്യാവുന്ന കാര്യമാണോ സ്ത്രീനീതിക്കു വേണ്ടി നിരവധി കാലത്തെ പോരാട്ടങ്ങള്‍ക്കു ശേഷം രാജ്യത്തുണ്ടായിട്ടുള്ള നിയമം? നിയമവിരുദ്ധമായ ആ കമ്മറ്റിയുടെ അദ്ധ്യക്ഷ ആരായിരുന്നു? അതില്‍ ആരായിരുന്നു നിയമ വിദഗ്ദധ? ഒരു മുറിയില്‍ നടന്ന സെക്ഷ്വല്‍ ഹരാസ്മെന്‍റിന് ഇരയോട് തെളിവു ചോദിക്കുന്നതിലെ ലിംഗനീതി ധാര്‍മ്മികത എന്തായിരുന്നു? ഹഗ് ചെയ്തിട്ടുണ്ട് എന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞതു കൊണ്ടു മാത്രം, ‘ബാഡ് ടച്ചിന്’ ശിക്ഷയായി പാഠഭേദം അംഗങ്ങളും ഐ സി സി എന്ന പേരില്‍ രൂപീകരിച്ച കമ്മറ്റി അംഗങ്ങളും പരാതിക്കാരിയും ഒരുമിച്ചിരുന്ന് സിവിക് ചന്ദ്രന്‍ അതിജീവിതയോട് മാപ്പ് പറഞ്ഞാല്‍ മതി എന്ന പരിഹാരം എന്തു തരം ഫെമിനിസ്റ്റ് നീതിബോധമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സിവിക് പക്ഷത്തു നില്‍ക്കുന്ന ഫെമിനിസ്റ്റുകള്‍ സമൂഹത്തോട് പറയേണ്ടതുണ്ട്. എന്തായാലും നിയമവിരുദ്ധമായ ആ അന്വേഷണകമ്മറ്റിക്കും റിപ്പോര്‍ട്ടിനും എതിരെ ദലിത് അതിജീവിതക്കു വേണ്ടി ലേബര്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇവിടെ ചോദിച്ചതിലേറെയധികം പിഴവുകള്‍ ആ കമ്മറ്റി നടത്തിയിട്ടുണ്ട്.

കാരണം, ഐ സി സി എന്ന കള്ളപ്പേരില്‍ ഉണ്ടാക്കിയ ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയതിന്‍റെ പേരില്‍ ഉണ്ടായ സ്ത്രീവിരുദ്ധ ജാമ്യവിധി വലിയ ആഘാതമാണ് സ്ത്രീ സമൂഹത്തിനുണ്ടാക്കിയിട്ടുള്ളത്. ആ റിപ്പോര്‍ട്ട് നിയമപരമാണെന്നു കരുതി, ആ അന്വേഷണം സത്യസന്ധമാണെന്നു കരുതി, പി ഇ ഉഷ പരാതിക്കാരിക്കെതിരായി നില്‍ക്കില്ല എന്നു കരുതി കേരളത്തിലെ ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പ് സിവിക് ചന്ദ്രന്‍ കേസിലെ ദലിത് വിഭാഗത്തില്‍ നിന്നുള്ള അതിജീവിതക്കു വേണ്ടി പരസ്യമായി നിലകൊള്ളാതെ ഇപ്പോഴും മാറി നില്‍ക്കുന്നുണ്ട്. അവര്‍ വിശ്വസിക്കുന്നത് പി ഇ ഉഷ പറയുന്നതു മാത്രമാണ്. എന്തിനാണ് ഈ കേസില്‍ ഇത്രയും ബഹളം എന്നതാണ് അവരുടെ സംശയം. സിവിക് ചന്ദ്രന്‍ സി പി എം വിരുദ്ധനായതുകൊണ്ടാണ് ഈ ബഹളം എന്നതാണ് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന, വിശ്വസിപ്പിച്ചിരിക്കുന്ന കള്ളം. യഥാര്‍ത്ഥത്തില്‍ സിവിക് ചന്ദ്രന്‍ സി പി എം വിരുദ്ധനാണോ എന്നതല്ല, മറിച്ച് അയാള്‍ കേരളത്തിന്‍റെ സാംസ്ക്കാരിക രംഗത്ത് വലിയ വേരുകളുള്ള പുരുഷനും എഴുത്തുകാരനും പുരോഗമന പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രസാധകനും എഡിറ്ററുമാണ് എന്നതാണ് അതിജീവിതക്ക് നീതി കിട്ടാനുള്ള പ്രസ്താവനകളും പ്രതികരണങ്ങളും അതിശക്തമായി ഉയരുന്നതിനിടയാക്കിയത്. മാത്രവുമല്ല, അതിജീവിതക്ക് നീതി ആവശ്യപ്പെടുമ്പോള്‍, പൊറുക്കല്‍ നീതിവാദം ഉയര്‍ത്തിയവരും അതിനെ പിന്തുണച്ചവരുമാണ് രംഗം കൂടുതല്‍ ശബ്ദായമാനമാക്കാന്‍ കാരണക്കാരായത്. ഫെമിനിസ്റ്റ് രാഷ്ട്രീയബോധത്തെ ചതിച്ച് സിവിക് ചന്ദ്രനെ പിന്തുണക്കേണ്ടതില്ല എന്നു വിചാരിച്ചാല്‍പ്പോലും പി ഇ ഉഷയെ വിശ്വസിക്കേണ്ടതുണ്ട്, കൂടെ നില്‍ക്കേണ്ടതുണ്ട് എന്ന മുന്‍ഗണനകളും പരിഗണനകളും ഈ കേസില്‍ ആ സംഘടനയിലെ ഫെമിനിസ്റ്റുകളെ സ്വാധീനിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പി ഇ ഉഷക്കാണ് അതിജീവിതയേക്കാള്‍ കൂടുതല്‍ വിശ്വാസ്യത അവര്‍ക്കിടയില്‍ കിട്ടിയത്. അതുകൊണ്ടാണ് ഇതില്‍ ജാതിയും സാമൂഹ്യ പ്രിവിലേജും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അതിജീവിത തുറന്ന് വിമര്‍ശിക്കുന്നത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള അതിജീവിത വിദ്യാസമ്പന്നയും എഴുത്തുകാരിയുമാണ്. അവളുടെ ബൗദ്ധികതയും വിശകലനബുദ്ധിയും നേരനുഭവങ്ങളും പോരാട്ടത്തിനായുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഈ കേസില്‍ സിവിക്പക്ഷ ഫെമിനിസ്റ്റുകളുടെ ദലിത് സ്ത്രീവിരുദ്ധതയുടെ തനി നിറം പുറത്തു കൊണ്ടു വന്നത്. ഇന്‍റര്‍ സെക്ഷണല്‍ ഫെമിനിസത്തില്‍ സവര്‍ണ്ണയായ, മുന്‍കാലത്ത് നീതിക്കായി പോരാടിയ അതിജീവിതക്കും ഇപ്പോള്‍ പ്രബലനായ പുരുഷനെതിരെ പൊരുതുന്ന ദലിതയായ അതിജീവിതക്കും ലഭിക്കേണ്ടതായ നീതിയുടെ മാനദണ്ഡങ്ങളെക്കുറിച്ചും മുന്‍ഗണയെക്കുറിച്ചും അവള്‍ക്കറിയാം.

സിവിക് ചന്ദ്രന് മുന്‍കുര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി വിധി
കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാനുളള മനുഷ്യാവകാശം ഇന്ത്യന്‍ നിയമ വ്യവസ്ഥയിലുണ്ട്. അതിനാരും എതിരല്ല. എന്നാല്‍, സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധിയില്‍ പറയുന്ന കാരണങ്ങള്‍ അതിജീവിതമാരുടെ നീതിക്കു വേണ്ടിയുള്ള സമരത്തെ തകര്‍ക്കും വിധത്തിലുള്ളതാണ്. എസ്.സി/എസ്.ടി നിയമത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള, രാജ്യമാകെ വലിയ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും വിളിച്ചു വരുത്തിയതും സര്‍ക്കാരിനെ നിയമപരമായ ഇടപെടല്‍ നടത്താന്‍ സമ്മര്‍ദ്ദത്തിലാക്കിയതുമായ ഒരു കോടതിവിധിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എസ്.സി/എസ്.ടി പീഡനവകുപ്പില്‍ നിന്ന് സിവിക് ചന്ദ്രനെ ഒഴിവാക്കിക്കൊടുക്കുന്നത്. എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതിപ്പേരു വെക്കാത്ത, ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ ഒരു ദലിത് സ്ത്രീയോട് മോശമായി പെരുമാറില്ല എന്നാണ് കോടതി പറയുന്നത്! ബാവ്റിദേവി കേസില്‍ 1995 ലെ പ്രമാദമായ സെഷന്‍സ് കോടതി വിധി പോലുള്ള ഒന്നാണ് 2021 ല്‍ കേരളത്തില്‍ നിന്നുണ്ടാകുന്നത് എന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്.

പരാതി കൊടുത്തതിലെ കാലതാമസമാണ് ഈ പരാതി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള മറ്റൊരു കാരണം. പരാതി കൊടുക്കാന്‍ രണ്ടു മാസത്തിലധികം കാലതാമസം ഈ കേസിലുണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു മാസമല്ല, രണ്ടു വര്‍ഷമോ നാലു വര്‍ഷമോ അതിലധികമോ കാലതാമസം പരാതിപ്പെടാനുണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പുറത്തു വരുന്നത്, പരാതിപ്പെടുന്നത് എന്തെല്ലാം തടസ്സങ്ങളെ അതിജീവിച്ചു വന്നിട്ടാണെന്ന് മനസ്സിലാക്കണമെന്ന നീതിബോധം ജെന്‍റര്‍ ജസ്റ്റിസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവഹാരത്തിലുണ്ട്. അത്തരം കാഴ്ചപ്പാട്, നീതിബോധം ഇവിടെ പാടേ തമസ്ക്കരിക്കപ്പെട്ടു.
മറ്റൊരു പരാമര്‍ശം പരാതിക്കാരിയുടേയും കുറ്റാരോപിതന്‍റേയും ഉയരവുമായി താരതമ്യം ചെയ്ത് ഇത്തരത്തിലൊരു ലൈംഗിക കുറ്റം ചെയ്തിരിക്കാന്‍ സാധ്യതയില്ല എന്നതാണ്. ഇതൊരു കോടതിവിധി തന്നെയോ എന്ന് അമ്പരന്നു പോകുന്ന തരം തുടര്‍ കാരണങ്ങളാണ് അതു സംബന്ധിച്ച് വിവരിച്ചിട്ടുള്ളത്. പരാതിക്കാരിക്ക് ആരോപണവിധേയനേക്കാള്‍ ആരോഗ്യമുണ്ടെന്നും പ്രായക്കുറവുണ്ടെന്നും സൂചിപ്പിച്ച് കുറ്റം നടന്നിരിക്കാനിടയില്ല എന്ന് നിഗമനം നടത്തുന്നു. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടോ എന്ന് പരിഗണിക്കേണ്ട കോടതി പരാതിക്കാരിയുടേയും കുറ്റരോപിതന്‍റേയും ഉയരത്തെ അളന്നു നോക്കിയിട്ടല്ല, സങ്കല്പിച്ചു കൊണ്ടാണ്, അതേ സമയം വിചാരണ നടത്തിയതു പോലെയാണ് ജാമ്യവിധി പറഞ്ഞിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാതിരിക്കുന്നതിന് മറ്റൊരു കാരണമായി പറഞ്ഞിട്ടുള്ളത് പോലീസില്‍ കേസ് കൊടുക്കുന്നതിനു മുമ്പ് മൂന്നു സ്ത്രീകള്‍ ( മുകളില്‍ സൂചിപ്പിച്ച കമ്മറ്റി അംഗങ്ങള്‍) മാത്രമുള്ള കമ്മറ്റി ഈ പരാതി അന്വേഷിക്കുകയും അതില്‍ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തുകയും അതിനാല്‍ കുറ്റാരോപിതന് ജാമ്യം നല്‍കുന്നു എന്നുമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഐ.സി.സി. അന്വേഷണത്തെ ഉപജീവിച്ച്, സിവിക് ചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതു പോലെയുള്ള സ്വരമാണ് ഈ ജാമ്യ വിധിയിലുള്ളത്.

അതിജീവിതമാര്‍ക്കൊപ്പം ഫെമിനിസ്റ്റ് മുന്നേറ്റം തുടരുകയാണ്
കേരളത്തില്‍ സംഘടിതമായ ഫെമിനിസ്റ്റ് സമരങ്ങള്‍ ധാരാളമായി നടന്ന കാലഘട്ടം ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലമായിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിന്‍റെ പകുതി വരെയും അതിന്‍റെ സജീവതകള്‍ പല രൂപത്തില്‍ ഉണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടു കാലം പ്രധാനമായും സ്ത്രീധന പീഡന മരണങ്ങള്‍, ബലാത്സംഗ കൊലപാതകങ്ങള്‍, കൂട്ടബലാല്‍സംഗക്കേസുകള്‍ എന്നിങ്ങനെ സമൂഹത്തിനുള്ളില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ ചില കേസുകളില്‍ ഇടപെട്ടുകൊണ്ടായിരുന്നു അംഗങ്ങള്‍ കുറവായിരുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ അധികമായ സമയവും അദ്ധ്വാനവും ഊര്‍ജ്ജവും ചെലവഴിച്ചിട്ടുള്ളത്. തങ്കമണി മുതല്‍ സൂര്യനെല്ലി, വിതുര, കോഴിക്കോട്, കോതമംഗലം തുടങ്ങി ഇനിയും നിരവധിയായ സ്ഥലനാമങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് അവിടെയെല്ലാം പ്രമാദമായ ലൈംഗിക ആക്രമണ കേസുകളിലെ ഇരകളായ സ്ത്രീകളും പെണ്‍കുട്ടികളും ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ലൈംഗിക പീഡന സമരങ്ങള്‍ എല്ലാം വിജയിച്ചിട്ടില്ല. കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായും മന്ത്രിയായും എം എല്‍ എ ആയും എം പിയായും സിനിമാ നടനായും വക്കീലായും വ്യവസായിയായും ഒക്കെ സമൂഹത്തിനു മുന്നില്‍ വിജയികളെപ്പോലെ ജീവിക്കുന്നുണ്ട്. എന്നാല്‍ ആ സമരങ്ങള്‍ സ്ത്രീകളുടെ ചിന്തകളില്‍ ഉണര്‍ത്തിവിട്ട വലിയ സ്വാതന്ത്ര്യബോധവും അനീതിക്കെതിരെ ശബ്ദിക്കാനുള്ള ധൈര്യവും വളരെ വലുതാണ്. അടിമുടി പുരുഷാധിപത്യ വ്യവസ്ഥയുടെ തൂണുകളില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍, കുടുംബം, മതങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സര്‍ക്കാരുകള്‍, പോലീസ്, കോടതികള്‍, മാധ്യമങ്ങള്‍ – എല്ലാം സദാ സ്ത്രീപക്ഷത്തു നിന്ന് നിരീക്ഷിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒരു ജാഗ്രതയുടെ കാലം കേരളത്തിലും ഉണ്ടായിവന്നു. ഇതെല്ലാം ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ പൊതുവായും സവിശേഷമായും നടന്ന നവോത്ഥാന സമരങ്ങളുടേയും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടേയും കര്‍ഷക വിപ്ലവ സമരങ്ങളുടേയും ഭാഗമായും എപ്പോഴും സ്ത്രീകളുടെ ബൗദ്ധികമായ ചിന്താധാരകള്‍ സവിശേഷമായി ഉണ്ടായിരുന്നു എന്നതിന്‍റെ ചരിത്രപരമായ സ്വാധീനശക്തി എണ്‍പതുകളിലെ ഫെമിനിസ്റ്റ് സംഘടനകളുടെ രൂപപ്പെടലുകളിലും കാണാനാവും. ആ ചിന്താധാരകളുടെ ഏറ്റവും വൈവിദ്ധ്യമുള്ളതും എല്ലാ സാമൂഹ്യവിഭാഗത്തിലും ജെന്‍റര്‍ ഐഡന്‍റിറ്റികളിലും ഉള്‍പ്പെട്ടതുമായ ഫെമിനിസ്റ്റുകള്‍ അതിജീവിതക്കൊപ്പം ഒരുമിച്ചു നില്‍ക്കുന്ന, അതിജീവിതകള്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ലിംഗനീതി സമരമാണ് 2022 ല്‍ സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനകേസില്‍ കേരളത്തില്‍ നടക്കുന്നത് എന്നത് തീര്‍ച്ചയായും കൂടുതല്‍ പഠിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമായ ആവേശകരമായ സ്ത്രീമുന്നേറ്റമാണ്.

സി.എസ്.ചന്ദ്രിക
എഴുത്തുകാരി
സാമൂഹികപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0