നൂറ്റാണ്ടുകളായി അപരവത്ക്കരിക്കപ്പെട്ടു കൊണ്ടിരുന്ന ഒരു ജനതയെ മുഖ്യധാരാസമൂഹം അഭിസംബോധന ചെയ്തുതുടങ്ങിയത് ആധുനികാനന്തര ചിന്തകളുടെ ഭാഗമായാണ്.അതിന്‍റെ തുടര്‍ച്ചയായി സ്ത്രീ -പുരുഷ ദ്വന്ദ്വത്തിന് പുറമെയുള്ള ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജെന്‍ഡര്‍, ദ്വിലൈംഗികര്‍, ഇന്‍റര്‍സെക്സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ലൈംഗികന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന ക്വീര്‍സിദ്ധാന്തം കടന്നുവരികയും പരമ്പരാഗത സങ്കല്‍പങ്ങളില്‍ ഉറച്ചുപോയ ലൈംഗിക അധികാര വ്യവസ്ഥകളെ അപനിര്‍മ്മിക്കാന്‍ ക്വിയര്‍ ചിന്തകള്‍ക്ക് സാധിക്കുകയും ചെയ്തു.
1991 ല്‍ ഇറ്റാലിയന്‍ ഫെമിനിസ്റ്റായ തെരേസ ഡി ലോറേറ്റിസ് എന്ന ചിന്തകയാണ് ക്വിയര്‍ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്.അസാധാരണം, വിലക്ഷണം, വ്യത്യസ്തം, വിചിത്രം, അപൂര്‍വ്വമായത് എന്നിങ്ങനെ അര്‍ത്ഥങ്ങള്‍ ക്വിയര്‍ എന്ന പദത്തിനുണ്ട്. നിലവിലുള്ള അധികാര ഘടനയ്ക്ക് പുറത്ത് നിന്നുകൊണ്ട് അധികാര സംവിധാനങ്ങളോട് പ്രതിഷേധിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ക്വിയര്‍ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ത്രീ പുരുഷ ലൈംഗികത അഥവാ ഹെട്രോസെക്ഷ്വാലിറ്റി മാത്രമാണ് സ്വാഭാവികമായ ലൈംഗികത എന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ട് മുഖ്യധാരയ്ക്ക് പുറത്ത് നില്‍ക്കുന്ന ലൈംഗികാവസ്ഥകളെ കൂടി അംഗീകരിക്കാന്‍ ക്വിയര്‍ സിദ്ധാന്തം ആഹ്വാനം ചെയ്യുന്നു.ഇവയൊന്നും തന്നെ ഒരു കുറ്റമോ,രോഗാവസ്ഥയോ,മാനസിക വൈകല്യമോ അല്ല എന്നും സ്വാഭാവികമായ ഒരു സ്വതന്ത്ര ലിംഗഭേദാവസ്ഥയാണെന്നും ക്വിയര്‍ ചിന്തകര്‍ വിശദമാക്കുന്നു.
യഥാര്‍ത്ഥത്തില്‍ ലിംഗം, ലിംഗപദവി എന്നിവ പരസ്പര പൂരകങ്ങളാണെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ലിംഗത്തെ നിര്‍വചിക്കുന്നത് പോലെ ലളിതമായി സമീപിക്കാന്‍ കഴിയുന്ന ഒന്നല്ല ലിംഗപദവി. അതിസൂക്ഷ്മമായ വിശകലനത്തിന് ലിംഗപദവി ഭാഗമാകേണ്ടതുണ്ട്.സ്വന്തം ലിംഗപദവിയെക്കുറിച്ച് ഒരു വ്യക്തിക്കുണ്ടാകുന്ന ബോധ്യത്തെയാണ് ലിംഗതന്മ എന്ന് പറയുന്നത്.അത്തരം തിരിച്ചറിവ് ജന്മനാലുള്ള ശാരീരികലിംഗാവസ്ഥയുമായി പൊരുത്തപ്പെടുകയോ മറിച്ചോ സംഭവിക്കാം. ഇത്തരത്തില്‍ ലിംഗപദവി എന്നത് വ്യത്യസ്തവും വിശാലവുമായ സ്വത്വബോധങ്ങളെ ഉള്‍ക്കൊള്ളുന്ന സംജ്ഞയാണെന്ന തിരിച്ചറിവിലൂടെ മാത്രമെ എല്‍.ജി.ബി.ടി സമൂഹത്തെ കൃത്യതയോടെ മനസിലാക്കാനും വൈവിധ്യങ്ങളെ അംഗീകരിക്കാനും സാധിക്കുകയുള്ളൂ. ലെസ്ബിയന്‍, ഗെ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയ വിഭാഗം മനുഷ്യരെ എല്‍.ജി.ബി.ടി എന്ന പേരില്‍ ക്വിയര്‍ ചിന്തയുടെ കുടക്കീഴില്‍ കൊണ്ടുവരുമ്പോഴും ഓരോ വിഭാഗവും അവയുടെ തന്മയെ, ബഹുസ്വരതയെ സ്വതന്ത്രമായി ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി കാണാം. ലൈംഗികസ്വത്വം ചലനാത്മകമാണെന്നും അത് സ്ഥിരമായ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും നാം മനസിലാക്കേണ്ടതുണ്ട്.
എന്താണ് ട്രാന്‍സ്ജെന്‍ഡര്‍ ?
ഒരു ലിംഗവിഭാഗത്തില്‍ ജനിക്കുകയും എന്നാല്‍ അപരലിംഗവിഭാഗത്തില്‍ ജീവിക്കാന്‍ താത്പര്യപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വളരെ ലളിതമായി നിര്‍വചിക്കാം.ജനനസമയത്ത് ആണ്‍ലിംഗാവസ്ഥയില്‍ ജനിക്കുകയും പിന്നീട് പെണ്‍ സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ,നേരെതിരിച്ച് ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ ചിലര്‍ ലിംഗമാറ്റശസ്ത്രക്രിയ ചെയ്യുകയും പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആയി മാറാന്‍ ശ്രമിക്കുകയും,ചിലര്‍ ശസ്ത്രക്രിയ ചെയ്യാതെ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തില്‍നിന്ന് അവഹേളിക്കപ്പെടുകയും അധികാര വര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയാവുകയും അതേ സമയത്തു തന്നെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജീവിതം മുഴുവന്‍ പോരാട്ടം നടത്തുകയും ചെയ്യുന്നു. സമകാലീനമായി ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ കുറിച്ചും അവരുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ചും സജീവവും ഗൗരവപരവുമായ ചര്‍ച്ചകള്‍ നടക്കുന്നതിലൂടെ പൊതുധാരയില്‍ ട്രാന്‍സ് വ്യക്തികളുടെ ദൃശ്യത ഒന്നുകൂടി വര്‍ദ്ധിച്ചു എന്നത് പ്രത്യാശ നല്‍കുന്ന കാര്യമാണ്. എങ്കിലും ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ലഭിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യക്രമം ഇവിടെയില്ല എന്നതും വാസ്തവമാണ്.
അവള്‍ക്കും അവനുമിടയില്‍ അവരെവിടെ!
സമൂഹത്തില്‍ എല്ലാവര്‍ക്കും ലിംഗസമത്വത്തോടെയും തുല്യനീതിയോടെയും ജിവിക്കാന്‍ കഴിയുന്ന അന്തരീക്ഷം നിര്‍മ്മിച്ചെടുക്കുക അത്യാവശ്യമാണ്.ഇത് ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് പ്രാവര്‍ത്തികമാകില്ലെങ്കില്‍ കൂടി അടുത്ത തലമുറയെ എങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. അതിന്‍റെ തുടക്കം എവിടെവേണമെന്ന് ആലോചിക്കുമ്പോഴാണ് നമ്മുടെ വിദ്യാഭ്യാസമേഖലയിലേക്കും പാഠ്യപദ്ധതിയിലേക്കും പാഠപുസ്തകത്തിലേക്കും ശ്രദ്ധതിരിക്കേണ്ടതായി വരുന്നത്. നമ്മുടെ പാഠപുസ്തകങ്ങളില്‍ അവനും അവള്‍ക്കും ഇടമുണ്ടാവുമ്പോള്‍ അവനിലേക്കും അവളിലേക്കും ചുരുങ്ങാത്ത മനുഷ്യരുടെ സ്ഥാനം എവിടെയാണ്.?
വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ ആണ്‍-പെണ്‍ ദ്വന്ദ്വം ഉറപ്പിക്കപ്പെടുന്നതിനു പകരം ലിംഗപദവി, ലിംഗതന്മ എന്നിവയെ കുറിച്ച് കൃത്യവും വസ്തുതാപരവും ആധികാരികവുമായ അറിവുകള്‍ അവര്‍ക്ക് ലഭിക്കാനുള്ള അവസരം സൃഷ്ടിക്കണം.അതിന് നമ്മുടെ പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും കാലാനുസൃതമായ പുതുക്കപ്പെടലുകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. മദ്രാസ് സര്‍വകലാശാലയുടെയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വകലാശാലയുടെയുമൊക്കെ സിലബസില്‍ മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാല സിലബസുകളില്‍ വന്ന ഇത്തരം പുരോഗമനപരമായ മാറ്റങ്ങള്‍ നമ്മുടെ ഹൈസ്ക്കൂള്‍ വരെയുള്ള പാഠപുസ്തകത്തില്‍ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ഒന്നു മുതല്‍ പത്ത് വരെയുള്ള വിദ്യാഭ്യാസഘട്ടത്തിലാണ് എല്ലാ കുട്ടികളും ഒരു പോലെ മുഴുവന്‍ വിഷയങ്ങളും നിര്‍ബന്ധമായി പഠിക്കുന്നത്.പിന്നീടുള്ള പഠനം വിദ്യാര്‍ത്ഥികളുടെ അഭിരുചിയും തെരഞ്ഞെടുപ്പുമനുസരിച്ച് വ്യാത്യാസം വരുന്നവയാണ്. അതിനാല്‍ ഹൈസ്ക്കൂള്‍ വരെയുള്ള പാഠപുസ്തകത്തിലൂടെ എന്താണ് ട്രാന്‍സ്ജെന്‍ഡര്‍ എന്നും സാമൂഹികവും സാംസ്കാരികവും ശാരീരികവും മാനസികവുമായ ട്രാന്‍സ് വ്യക്തികളുടെ അവസ്ഥകളെയും കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാക്കണം.അതിന് പാഠ്യപദ്ധതി താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
- നമ്മുടെ പാഠ്യപദ്ധതി ലിംഗപദവി വൈവിധ്യങ്ങളെ സമഗ്രമായി ഉള്‍കൊള്ളുന്നതായിരിക്കണം.
- പാഠപുസ്തകങ്ങള്‍, പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ തങ്ങളെ ഉള്‍ക്കൊള്ളുന്നു എന്ന് എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അനുഭവപ്പെടുന്ന തരത്തില്‍ വിശാലമായിരിക്കണം. അത് എല്‍.ജി.ബി.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പോസിറ്റീവായ അന്തരീക്ഷം വിദ്യാലയങ്ങളില്‍ ലഭിക്കാനും മറ്റ് കുട്ടികളില്‍ അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കാനും സഹായിക്കും
- പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ചെറിയ ക്ളാസുകളില്‍ കുടുംബത്തെ കുറിച്ച് പറയുന്നയിടങ്ങളില്‍ ഹോമോ/ഹെറ്റ്റോ അടക്കമുള്ള വ്യത്യസ്തമായ കുടുംബസങ്കല്‍പങ്ങള്‍ കടന്നു വരണം.
- ചെറിയ ക്ളാസുകളില്‍ നിന്ന് വലിയ ക്ളാസുകളിലേക്കുള്ള ഓരോ ഘട്ടങ്ങളിലും Gender identityയെ കുറിച്ചും എല്‍.ജി.ബി.ടി വൈവിധ്യങ്ങളെ കുറിച്ചും അടിസ്ഥാനപരമായ അവബോധം കുട്ടികള്‍ക്ക് ലഭിക്കണം. ജീവശാസ്ത്ര പാഠപുസ്തകങ്ങള്‍ സ്ത്രീ പുരുഷ ബൈനറികളില്‍ ഒതുങ്ങി നില്‍ക്കാതെയും അത്തരം ബൈനറികളെ ശക്തിപ്പെടുത്തുന്ന രീതിയിലല്ലാതെയും ക്രമീകരിക്കണം.
- ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ പരസ്പര ബന്ധിതമായ രീതിയില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്ത്രീക്കും പുരുഷനുമപ്പുറത്തുള്ള വിശാലമായ ലോകത്തെ കുറിച്ച് ചിന്തിക്കാനും എല്ലാവരെയും തുല്യരായി കാണാനുമുള്ള ബോധം കുട്ടികളില്‍ ഉടലെടുക്കാന്‍ അത് തീര്‍ച്ചയായും സഹായിക്കും. ട്രാന്‍സ് വ്യക്തികളുടെ ശാരീരികവും മാനസികവുമായ പ്രത്യകതകളെയും വ്യത്യാസങ്ങളെയും കുറിച്ച് ജീവശാസ്ത്രത്തില്‍ പഠിപ്പിക്കുകയും , അവരുടെ ചരിത്രത്തെയും ജീവിതരീതികളെയും ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ പോളിസികള്‍ എന്നിവയെ കുറിച്ച് സാമൂഹ്യശാസത്രത്തില്‍ ഉള്‍പ്പെടുത്തുകയും കലാ -സാഹിത്യ മേഖലകളില്‍ ട്രാന്‍സ് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള സര്‍ഗ്ഗാത്മ സൃഷ്ടികള്‍ ആത്മകഥ തുടങ്ങിയവ ഭാഷാവിഷയങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന ഏതൊരു കുട്ടിയിലും ലിംഗസ്വത്വ വൈവിധ്യങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.
- പാഠപുസ്തകത്തിലെ വിവരങ്ങള്‍ക്ക് പുറമെ അധികവായനയ്ക്കായുള്ള പുസ്തകങ്ങളും ലേഖനങ്ങളും തുടര്‍ഭാഗത്ത് നല്‍കുകയും ചെയ്യുന്നത് കുട്ടികളുടെ ബോധമണ്ഡലത്തില്‍ പുത്തനുണര്‍വുകള്‍ക്കത് കാരണാമാകും. ഇത്തരം പാഠ്യപദ്ധതികളിലൂടെ മാത്രമേ സ്വന്തം ജെന്‍ഡര്‍ ഐഡന്‍റിറ്റി കണ്ടെത്താനും വെളിപ്പെടുത്താനും കഴിയുന്ന മാനസികാവസ്ഥയും ധൈര്യവും ആത്മവിശ്വാസവും കുട്ടികളില്‍ ഉടലെടുക്കുകയുള്ളൂ. എന്നാല്‍ പാഠപുസ്തകങ്ങളില്‍ ട്രാന്‍സ് മനുഷ്യരക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തുകയും എന്നാല്‍ ആ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് ലിംഗപദവി വൈവിധ്യങ്ങളെ കുറിച്ച് അബദ്ധധാരണകളുമാണ് ഉള്ളതെങ്കില്‍ നാം ഉദ്ദേശിക്കുന്നതിന്‍റെ നേര്‍വിപരീതഫലം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ക്ളാസ് മുറികളില്‍ നിന്ന് സംശയം ചോദിക്കുന്ന കുട്ടിക്ക് എളുപ്പം മനസിലാക്കാന്‍ ‘ചാന്ത് പൊട്ട്’ സിനിമയിലെ ദിലീപ് അഭിനയിച്ച കഥാപാത്രത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ സൂചിപ്പിക്കാന്‍ അധ്യാപകര്‍ ഉദാഹരണമായി പറഞ്ഞു കൊടുത്താല്‍ കുട്ടികളില്‍ അത് ഉണ്ടാക്കുന്ന തെറ്റായ ധാരണകള്‍ ഭീകരമായിരിക്കും.ട്രാന്‍സ് വ്യക്തികളെക്കുറിച്ച് തെറ്റിദ്ധരിക്കാന്‍ പാകത്തിലുള്ള ചിത്രമാണ് ഇത് വരെ സമൂഹം വരച്ചു വെച്ചിട്ടുള്ളത് എന്നു കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനാല്‍ പാഠ്യപദ്ധതിയിലെ പുതുക്കപ്പെടലുകള്‍ക്കൊപ്പം അധ്യാപകരും മാറി ചിന്തിച്ചേ മതിയാവൂ.
- Gender ,Gender identity എന്നിവയെ കുറിച്ച് കൃത്യമായ ധാരണകള്‍ അധ്യാപകര്‍ക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
- അധ്യാപകരുടെ വാക്കുകള്‍ പെരുമാറ്റം എന്നിവ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് കാണുന്നതാവരുത്.
- സ്ത്രീ പുരുഷ ദ്വന്ദ്വത്തിന് പുറത്ത് മനുഷ്യര്‍ ഉണ്ടെന്നും അവരെല്ലാം ഉള്‍പ്പെടുന്ന എണ്ണമറ്റ കമ്മ്യൂണിറ്റികള്‍ ഉണ്ടെന്നുമുള്ള അടിസ്ഥാനപരമായ ധാരണ അധ്യാപകരില്‍ ഉണ്ടാവണം.
- ഇപ്ലിംരകാരം ലിംഗപദവിയും ലൈംഗികതയുടെ തെരഞ്ഞെടുപ്പും വ്യക്ത്യധിഷ്ഠിതമായി തീരുമാനിക്കപ്പെടേണ്ടതാണ് എന്ന അവബോധം മുഴുവന്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും അതുവഴി പൊതുമനുഷ്യരിലുമെത്താന്‍ പാഠ്യപദ്ധതി നവീകരണത്തിലൂടെ സാധ്യമാകേണ്ടതുണ്ട്.
പാഠപുസ്തകത്തിലെ അടയാളപ്പെടുത്തല്‍ കൊണ്ട് മാത്രം ഗുണകരമായ മാറ്റം സാധ്യമല്ല.അതിനാല്‍ സമാന്തരമായി തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ക്ലാസ് മുറികളിലെ സംഭാഷണങ്ങളില്‍ കടന്നു വരുന്ന ഭാഷാ പ്രയോഗങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആണും പെണ്ണും കെട്ടത്,നപുംസകം,ഹിജഡ തുടങ്ങിയ അവഹേളനപരമായ പ്രയോഗങ്ങള്‍ കടന്നുവരാതിരിക്കാനും അത്തരം പ്രയോഗങ്ങള്‍ ശരിയല്ലെന്നു മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിക്കണം. അതിനായി വിദ്യാലയങ്ങളിലെ സന്നദ്ധ സംഘങ്ങളുടെയും കുട്ടികള്‍ക്കിടയിലെ വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ തന്നെ മെഡിക്കല്‍ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തികൊണ്ട് ബോധവത്ക്കരണ ക്ളാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.
പാഠ്യേതര വിഷയങ്ങളിലും, കലാകായിക മേളകളിലും മത്സരങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും ഉള്‍പ്പെടുത്തി കൊണ്ട് മഴവില്‍ സൗന്ദര്യം സൃഷ്ടിച്ചെടുക്കേണ്ടതും, നമ്മുടെ വിദ്യാലയങ്ങളില്‍ ട്രാന്‍സ് സൗഹൃദപരമായ ശുചിമുറികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും നിര്‍ബന്ധമായും പ്രാവര്‍ത്തികമാകേണ്ടവയാണ്.
ഒക്ടോബര്‍ 11 നാഷണല്‍ ‘കമിംഗ് ഔട്ട് ഡേ’ ആയി ആഘോഷിക്കുമ്പോഴും നമുക്കിടയില്‍ നിന്ന് എത്ര കുട്ടികള്‍ക്ക് ഭയം കൂടാതെ തന്‍റെ സ്വത്വം വെളിപ്പെടുത്താന്‍ സാധിക്കുന്നുണ്ട് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ കമിംഗ് ഔട്ട് നടത്താനും അതിനെ സ്വാഭാവികമായി കണ്ട് കൂടെ നില്‍ക്കാനും സാധിക്കുന്ന അധ്യാപക/ വിദ്യാര്‍ത്ഥി സമൂഹം ഉണ്ടാകണം. കുട്ടികള്‍ക്ക് എന്തും തുറന്ന് പറയാനും ആശങ്കകള്‍ പങ്ക് വെക്കാനും സഹായം തേടാനും പറ്റുന്ന ഒരിടമായി വിദ്യാലയങ്ങള്‍ വിശാലമാകണം.
ഏറ്റവും പ്രധാനമായ കാര്യം ഇത്തരം മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ത്തന്നെ അതൊരു പ്രത്യക വിഭാഗത്തിനോടുളള സഹതാപ നോട്ടമായി മാറരുത്. ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെയും ലിംഗനീതിയുടെയും പശ്ചാത്തലത്തിലുള്ള അവകാശങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് ലഭിക്കേണ്ടത് . അതിനാല്‍ തന്നെ പ്രത്യക പരിഗണനയിലും സഹതാപത്തിലുമൂന്നാതെ സമഭാവനയോടെ പാഠ്യപദ്ധതി രൂപകല്‍പന ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്.
ആതിര ആര്‍.
ഗവേഷക, മലയാളവിഭാഗം
ഗവ.ബ്രണ്ണന്‍ കോളേജ് ,
തലശ്ശേരി
കണ്ണൂര്‍ യൂണിവേഴ്സിറ്റി
COMMENTS