Homeഉപ്പും മുളകും

നഗരമാതാക്കളും ആണ്‍യുക്തികളും

ഗീത

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ആദ്യം മുപ്പത്തിമൂന്നു ശതമാനവും പിന്നീട് അമ്പതു ശതമാനവും സ്ത്രീ സംവരണം മാനത്തു നിന്നു പൊട്ടിവീണതോ ആരുടെയെങ്കിലും ഔദാര്യം കൊണ്ടു സംഭവിച്ചതോ അല്ല. സ്ത്രീകളുടെ ഒരു പക്ഷേ ഈ സംവരണത്തിന്‍റെ ലാഭങ്ങള്‍ക്കു പുറത്തു നില്ക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങളുടെ പല തരം ഇടപെടലുകളുടെ അനന്തരഫലം കൂടിയായിരുന്നു അത്. മാത്രമല്ല നവോത്ഥാന, ദേശീയ സ്വാതന്ത്ര്യ സമര , കര്‍ഷക സമരങ്ങളിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിന്‍റെ അനിവാര്യമായ തുടര്‍ച്ചയുടെ ഫലവും കൂടിയാണ്. പൊട്ടി മുളയ്ക്കുന്നവയും പിറന്നു വീഴുന്നവയും ഒരുനാള്‍ പെട്ടെന്നുണ്ടാകുന്നവയല്ല, കാലക്രമേണ ഉണ്ടായി വരുന്നവയാണ്. അതായത് സ്ത്രീകളുടെ ഭൂതകാല ചരിത്രത്തെ ഓരം തള്ളിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീദൃശ്യതയെ അളക്കാനും ചൊരിയാനും ആവതില്ല.
സ്ത്രീ സംവരണം വന്നതു മുതല്‍ പുരുഷന്‍റെ പ്രശ്നം ഭരണകാര്യങ്ങളില്‍ പെണ്ണിനുള്ള പരിചയക്കുറവും പ്രാപ്തിക്കുറവുമായിരുന്നു. സ്വന്തം സീറ്റു പോയ വിഷമം വേറെയും. ചിലര്‍ സ്വന്തം ഭാര്യമാരെയും പെണ്‍മക്കളെയും നിര്‍ത്തി ബാക്ക് സീറ്റ് ഡ്രൈവിങില്‍ തൃപ്തരായി. എങ്കിലും പല സ്ത്രീകളും സ്വന്തം പ്രാപ്തി തെളിയിച്ചു. രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്രയധികമായ സ്ത്രീ സാന്നിധ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ത്രീപക്ഷ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിച്ചതല്ല. നിയമപരമായ സംവരണം കൊണ്ടു മാത്രം സംഭവിച്ചതാണ്. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്രയേറെ സ്ത്രീപക്ഷ ബോധ്യമുള്ളവരായിരുന്നെങ്കില്‍ നിയമസഭകളില്‍ ഇത്ര കുറച്ചാകുമായിരുന്നില്ല സ്ത്രീകള്‍. പത്തു ശതമാനം സ്ത്രീകള്‍ പോലും ഒരിക്കലും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടില്ല. പാര്‍ലമെണ്ടിലും കഥ വ്യതസ്തമല്ല. സ്ത്രീ സംവരണ ബില്‍ തുടരെത്തുടരെ പാര്‍ലമെണ്ടില്‍ തോറ്റു പോകുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല.
2. അതതു പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു വിനീതവിധേയരായവര്‍ക്കു മാത്രമാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവസരം കൊടുക്കാറ്. ഏതു തെരഞ്ഞെടുപ്പുകള്‍ക്കും അതങ്ങനെയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ കാര്യവും അതു തന്നെ. അതായത് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നീതി ആവശ്യപ്പെടുന്നവരെ ലീഗു നേതൃത്വമോ സൂര്യനെല്ലി കേസിനോടു പ്രതികരിക്കുന്നവരെ കോണ്‍ഗ്രസ്സോ എം എല്‍ എ പീഡന കേസ് / വാളയാര്‍ കേസ് ഉന്നയിക്കുന്നവരെ സി പി ഐ (എം) നേതൃത്വമോ ഹത്രാസ് ഉന്നയിക്കുന്നവരെ ബി ജെ പി നേതൃത്വമോ പരിഗണിക്കുകയില്ല. പാര്‍ട്ടിക്കുള്ളിലെ സ്ത്രീ പീഡനങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന അര്‍ത്ഥത്തിലുള്ള 24 ന്യൂസ് ചാനല്‍ അവതാരകന്‍റെ ചോദ്യത്തിന് എന്‍റെ പാര്‍ട്ടി അങ്ങനെ ചെയ്യില്ല എന്നായിരുന്നു നിയുക്ത തിരുവനന്തപുരം മേയറുടെ പ്രതികരണം.
ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നിയുക്ത മേയര്‍ ആണ് വാര്‍ത്തയായത്. അവര്‍ക്ക് 21 വയസു മാത്രമേയുള്ളൂ അവര്‍ ബിരുദ വിദ്യാര്‍ഥിനിയാണ് എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ അവര്‍ ശ്രദ്ധാകേന്ദ്രമായി. സ്വാഭാവികമായും അവര്‍ക്കനുകൂലമായും പ്രതികൂലമായും വാദഗതികള്‍ ഉയര്‍ന്നു. ഈ ചെറുപ്രായത്തില്‍ അവര്‍ക്കു തിരുവനന്തപുരം പോലൊരു തലസ്ഥാനത്തെ മേയറാകാനുള്ള യോഗ്യതയാണു ചോദ്യം ചെയ്യപ്പെട്ടത്. ഒരു കിലോ മീന്‍ നന്നാക്കനറിയാത്തവര്‍ എങ്ങനെ നഗരമാതാവാകും എന്ന മട്ടിലുള്ള വിപ്രതിപത്തികളും ഉയര്‍ന്നു വന്നതായി കാണുന്നു. ഈ സംശയം 21 വയസുള്ള ഒരാണ്‍കുട്ടി മേയറായി നിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ ഉണ്ടാവില്ലായിരുന്നു എന്നതു സത്യമാണ്. അപ്പോള്‍ പെണ്ണിന്‍റെ ജന്മദൗത്യത്തെപ്പറ്റിയുള്ള സമൂഹത്തിന്‍റെ മുന്‍വിധികള്‍ മാറിക്കഴിഞ്ഞിട്ടില്ല എന്നു തന്നെയാണിത് അര്‍ഥമാക്കുന്നത്….ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ മരണം വരെ അതു ചോദിച്ചു കൊണ്ടിരിക്കയല്ലാതെ മറ്റൊരു വഴിയുമില്ല.
നേരെ എതിര്‍വശത്ത് ഇത് സ്ത്രീ മുന്നേറ്റമാണ് എന്ന മട്ടിലുള്ള അവകാശവാദങ്ങള്‍ വരുന്നു. എങ്ങനെയാണിതു സ്ത്രീ മുന്നേറ്റമാവുക? നിലവിലുള്ള നിയമങ്ങളുടെ ഭാഗമായി വന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഫലം മാത്രമാണിത്. ഏതെങ്കിലും സ്ത്രീ സമരമുഖത്തു കണ്ടവരല്ല ഈ നഗര മാതാക്കളാരും. സുരക്ഷിതമായ ചില ഇടങ്ങളില്‍ നിന്ന് അതതു പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ വരുന്നവരാണവര്‍. പക്ഷേ അതവര്‍ അധിക്ഷേപിക്കപ്പെടാനുള്ള കാരണമല്ല….21 വയസുകാരനായ ഒരു കോര്‍പ്പറേഷന്‍ മേയര്‍ മീന്‍ നന്നാക്കാനറിയുമോ എന്ന തരം ചോദ്യങ്ങളോ കാര്യക്ഷമതാ സംശയങ്ങളോ അധിക്ഷേപങ്ങളോ നേരിടേണ്ടി വരില്ല. അധികാരവുമായി ബന്ധപ്പെട്ട് ആണും പെണ്ണും തുല്യരല്ല എന്ന അബോധം വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമാണ് പെണ്‍കുട്ടികള്‍ മാത്രമായി നേരിട്ടു കൊണ്ടിരിക്കുന്ന ഈ വിശ്വാസ്യതാ പ്രശ്നങ്ങള്‍. അതിനെ മറികടക്കാനും സംയമനത്തോടെ നിരീക്ഷിക്കാനും ഇന്നും നാം പാകപ്പെട്ടിട്ടില്ല. പെണ്‍കുട്ടികളെസ്സംബന്ധിച്ച് അസാധാരണ കാര്യം എന്ന നിലയില്‍ വാഴ്ത്തപ്പെടുമ്പോഴും ഈ അസമതാ ബോധം തന്നെയാണു പ്രവര്‍ത്തിക്കുന്നത്. പുരുഷ രൂപത്തില്‍ മാത്രമല്ല സ്ത്രീ രൂപത്തിലും ഇത്തരം ആണ്‍ യുക്തികള്‍ പ്രവര്‍ത്തിക്കും. സ്ത്രീ പ്രാതിനിധ്യവും സ്ത്രീവാദ നിലപാടും രണ്ടാണ് എന്ന രാഷ്ടീയ ബോധ്യം ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്.
സ്വന്തം സംഘടനയിലെ യുവജന വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി നല്കിയ പരാതിക്കു ശേഷവും എം എല്‍ എ യെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ സന്നദ്ധമാകുന്ന നിലപാടിനോട് നിയുക്ത നഗര മാതാക്കള്‍ / ഭരണാധികാരിണികള്‍ സ്വീകരിക്കുന്ന നിലപാടാണ് വര്‍ഗസ്നേഹത്തിന്‍റെ ഉരകല്ല്. അല്ലാതെ മീന്‍ നന്നാക്കാനറിയാത്തതല്ല…21 വയസായ പെണ്‍കുട്ടിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം ഏല്പിക്കുകയെന്നത് ഇപ്പോള്‍ ആദ്യമായി സംഭവിച്ചതല്ല. 1995 ല്‍ മടിക്കൈ പഞ്ചായത്ത് ഭരണം ഏല്പിക്കപ്പെട്ടത് 21 വയസ്സായ ഒരു ബിരുദ വിദ്യാര്‍ഥിനിയെ ആയിരുന്നു. അവരുടെ പേര് പി.ബേബി എന്നായിരുന്നു. 2000 ല്‍ കൊല്ലം കോര്‍പറേഷന്‍ മേയറാകുമ്പോള്‍ സബിതാ ബീഗത്തിന് 23 വയസായിരുന്നു പ്രായം. ഇത്തവണയാകട്ടെ 21, 22, 23 വയസുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ വ്യത്യസ്ത പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഭരണാധികാര രംഗത്തുണ്ട്. അവരുടെ മുന്‍ തലമുറ സ്ത്രീകള്‍ ഉള്‍പ്പടെ ചെയ്ത സമരങ്ങളുടെ ഫലവുമാണത്. കലഹം കൊണ്ടും സമരം കൊണ്ടുമാണ് മനുഷ്യരും പ്രസ്ഥാനങ്ങളും ചരിത്രത്തില്‍ ഇടം നേടുക. ഇപ്പോള്‍ ഭരണാധികാരമേറ്റ പെണ്‍കുട്ടികളുടെ മുമ്പിലുള്ള വെല്ലുവിളി അതാണ്. വ്യവസ്ഥ യോടും പ്രസ്ഥാനങ്ങളോടും ഏറ്റുമുട്ടി സ്ത്രീ സമൂഹത്തെ എത്രമാത്രം പുരോഗമനാത്മകവും സ്വസ്ഥവുമാക്കാമെന്നതു തന്നെയാണത്. സ്ത്രീ പ്രശ്നങ്ങളിലേക്ക് അതതു പ്രസ്ഥാനങ്ങളെ നയിക്കാന്‍ ശേഷിയുള്ളവരായി തെളിയിക്കപ്പെടുമ്പോഴാണ് അവര്‍ ചരിത്രം സൃഷ്ടിക്കുക. അതിനുള്ള സഹജീവി സ്നേഹവും ഉത്തരവാദിത്വവും നിയുക്ത ഭാരവാഹികള്‍ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
കൂടെ ഒരു കാര്യം വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ പേരിനോടൊപ്പമുള്ള വാലുകള്‍ – അച്ഛന്‍റെയും ഭര്‍ത്താവിന്‍റെയും പേരുകള്‍, കുറുപ്പ് നായര്‍ ഇത്യാദി ജാതി സൂചകങ്ങള്‍ എന്നിവ – നിഷ്കരുണം വെട്ടിമാറ്റുക. അങ്ങനെയാണ് എസ് എസ് എല്‍ സി ബുക്കിലെ ഔദ്യോഗിക പേര് എന്നോ? ഗസറ്റില്‍ പരസ്യവിജ്ഞാപനം ചെയ്ത് ആ വാലുകള്‍ മുറിച്ചിടുക. പെണ്ണായി അതിജീവിക്കുക.

 

 

 

ഗീത

COMMENTS

COMMENT WITH EMAIL: 0