ഏതു സാഹിത്യത്തിന്‍റേയും പ്രാഗ്രൂപമാതൃകകള്‍ വാചിക സാഹിത്യത്തിലായിരിക്കും. ഓലയും നാരായവും കൂടാതെ നാടന്‍ ജനതയില്‍ പ്രചരിക്കുന്ന ഇത്തരം ഗ്രാമീണ സാഹിത്യത്തില്‍ ഒരു സമൂഹം പ്രതിഫലിക്കുന്നതായി കാണാന്‍ കഴിയും.ഓരോ കഥാപാത്രങ്ങളും അതാത് ഗ്രാമീണ പൊതുജീവിതത്തിന്‍റെ പ്രതീകവല്‍ക്കൃത മാതൃകകളാണ്.
ചുണ്ടില്‍ നിന്ന് ചുണ്ടിലേക്കു പകര്‍ന്നു പോകുന്ന കഥാമൃതത്തിന്‍റെ സത്ത തേടി ചെല്ലുമ്പോള്‍ അതിലെ വ്യത്യസ്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സ്വത്വം എന്നെ അമ്പരപ്പിച്ചു.സ്ത്രൈണ ചേതനയുടെ പ്രതിദ്ധ്വനികളാണ് അവയിലെല്ലാം നാം കാണുന്നത്. അത്തരം ചില കണ്ടെത്തലുകളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എണ്ണം കൊണ്ടും ഗുണമേന്മ കൊണ്ടും സാരോപദേശം കൊണ്ടും ഭാരതീയ നാടോടിക്കഥകള്‍ വളരെ സമ്പന്നമാണ്. ജാതക കഥകള്‍, പഞ്ചതന്ത്ര കഥകള്‍, മുത്തശ്ശിക്കഥകള്‍ എന്നിങ്ങനെ നിരവധി കഥകള്‍ ഭാരതത്തില്‍ പ്രചാരത്തിലുണ്ട്. ലോക നാടോടിക്കഥകളില്‍ പലതിന്‍റേയും ഉറവിടം ഇന്ത്യയാണെന്ന് കരുതുന്നവരുണ്ട്. മനുഷ്യജീവിതത്തിന്‍റെ വികാസപരിണാമങ്ങള്‍ നാടോടിക്കഥകളില്‍ തെളിഞ്ഞു കാണാം. യുക്തിയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിരര്‍ത്ഥകമെന്ന് തോന്നാമെങ്കിലും ആഖ്യാതാവ് കേള്‍വിക്കാരില്‍ ഉണര്‍ത്തുന്ന ആകാംക്ഷയിലാണ് എല്ലാ നാടോടിക്കഥകളുടേയും ജീവന്‍ .ഏതോ അപരിചിത ലോകത്ത് സംഭവിച്ചേക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കഥയല്ല, നാടോടിക്കഥകള്‍ പറയുന്നയാള്‍ കേള്‍വിക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.
മറിച്ച് ഏത് ലോകത്ത് നടന്നാലും അതിനോട് തന്മയീഭവിക്കത്തക്ക വിധം ശ്രോതാക്കളുടെ മനസ്സിനെ സ്വാധീനിക്കുകയാണ് അയാള്‍ ചെയ്യുന്നത്.
‘നാടോടിക്കഥകളെ പല തരത്തില്‍ വിഭജിച്ചു നിര്‍ത്താവുന്നതാണ്.’ ഫോക്ടെയില്‍സ് ഫ്രം കൊറിയ ‘ എന്ന ഗ്രന്ഥത്തില്‍ നാടോടിക്കഥകളെ പുരാണം, ഐതിഹ്യം, യക്ഷിക്കഥ, കല്പിത കഥ, പ്രാക്തന കഥ എന്നിങ്ങനെയാണ് വിഭജനം നടത്തിയിട്ടുള്ളത്. ‘ ഫോക് ലോര്‍ ആന്‍റ് ഫോക് ലൈഫ്” എന്ന ഗ്രന്ഥത്തില്‍ മാന്ത്രിക കഥകള്‍, മതപരമായ കഥകള്‍, കാല്പനിക കഥകള്‍, (പ്രേമ സാഹിത്യ കഥകള്‍) – ലഘുകഥകള്‍ (മൃഗ കഥകള്‍) വ്യക്തി സംഭവ സ്മരണകള്‍, നര്‍മ്മകഥകള്‍, തത്ത്വപ്രഖ്യാപന കഥകള്‍, ഐതിഹ്യകഥകള്‍ എന്നിങ്ങനെയാണ് വിഭജന രീതി.’
ജനകീയമായ തത്ത്വശാസ്ത്രത്തിലൂന്നിയാണ് നാടോടിക്കഥകളുടെ നിലനില്പ്. കേരള സംസ്കാരത്തിന്‍റെ മഹിമ വിളിച്ചറിയിക്കുന്ന പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പോലുള്ള ഐതിഹാസികവും ജനകീയമായൊരാഖ്യാനം.കേരളത്തില്‍ നിലവിലിരുന്ന മിത്തുകളുടെ ആകെത്തുക കൂടിയാണ് .ശക്തമായ വൈകാരിക ബന്ധത്തിലൂന്നിയാണ് എല്ലാ നാടോടിക്കഥകളുടേയും ജീവന്‍ നിലനില്‍ക്കുന്നത്. മനുഷ്യരുടെ വ്യക്തി ബന്ധങ്ങള്‍ക്കിടയിലെ വിശ്വാസവും വിശ്വാസരാഹിത്യവും നാടോടിക്കഥകളുടെ വിഷയവൈവിദ്ധ്യത്തില്‍പ്പെടുന്നുണ്ട്.
ലോകപ്രശസ്ത നാടോടിക്കഥകളില്‍ നിന്ന് ഉദാഹരണങ്ങള്‍ കണ്ടെത്തിക്കൊണ്ട് സജീവവും വ്യതിരിക്തവുമായ ഒരു സ്ത്രൈണതേജസ്സ് എങ്ങനെയാണവയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഈേ ലഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ചിന്തയും ജീവിതവും വിനോദവും വിസ്മയവുമാണ് നാടോടിക്കഥകളുടെ ചേരുവകള്‍ എന്ന് അറിയാമല്ലോ…! നാടോടിക്കഥകളില്‍ നിന്ന് ചില സ്ത്രീകഥാപാത്രങ്ങള്‍ നോക്കാം.
1 – (കേരളത്തിലെ ഐതിഹ്യകഥ)
കാരയ്ക്കലമ്മ
കേരളീയ ഐതിഹ്യങ്ങളില്‍ പെടുന്ന ഒരു പ്രധാന കഥയാണ് കാരയ്ക്കലമ്മയുടേത്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരേയൊരു സത്രീ കഥാപാത്രമാണ് അവര്‍. ഭാരതപ്പുഴയുടെ തീരത്ത് ,അച്ഛനമ്മമാരാല്‍ ഉപേക്ഷിയ്ക്കപ്പെട്ട്, ഒറ്റയ്ക്ക് കരയുന്ന ആ പെണ്‍കുട്ടിയെ കണ്ട് ദരിദ്ര കുലത്തിലെ ഒരു സ്ത്രീ എടുത്തു വളര്‍ത്തുകയാണ്. പിന്നീട് ആ കുട്ടിയെ നോക്കാനുള്ള സാമ്പത്തികാവസ്ഥ അവര്‍ക്ക് ഇല്ലാത്തതിനാല്‍ പണക്കാരും പ്രതാപികളും പ്രഭുക്കന്മാരുമായ കവളപ്പാറ തറവാടിന് ആ കുട്ടിയെ നല്‍കുന്നു. ആ കുട്ടിയെ വളര്‍ത്തുന്നതിലൂടെ അവിടെ അനുദിനം ഐശ്വര്യം വര്‍ദ്ധിക്കുന്നു.
കുട്ടിയുടെ അസാധാരണ ബുദ്ധിശക്തിയും വിവേകവും കണ്ട് ആ കുടുംബക്കാര്‍ അവളെ ,ആദ്യം മാധവി എന്നും പിന്നീട് മാത എന്നും വിളിക്കുന്നു. വര്‍ഗ്ഗ- വര്‍ണ്ണ വ്യത്യാസമില്ലാതെ ഏവരുടേയും സങ്കടം അകറ്റുകയായിരുന്നു മാതയുടെ ജീവിത ധര്‍മ്മം. അതിനിടെ തന്‍റെ സഹോദരന്മാരായ പതിനൊന്നു പേരേയും കണ്ടെത്തുകയും അവര്‍ ഒരുമിച്ച് മാതാപിതാക്കളുടെ ശ്രാദ്ധം ഊട്ടുകയും ചെയ്യുന്നുണ്ട്. കാരയ്ക്കല്‍ ഭവനത്തിലേയ്ക്ക് വിവാഹം കഴിഞ്ഞെത്തിയ മാത തന്‍റെ കുടുംബത്തേയും ഭര്‍ത്താവിന്‍റെ കുടുംബത്തേയും മാത്രമല്ല ലോകത്തെ മുഴുവന്‍ സ്നേഹിച്ചു. ഭര്‍ത്താവ് മോക്ഷപ്രാപ്തനായതിനെ തുടര്‍ന്ന് അധികം വൈകാതെ അവരും ധ്യാനനിരത യാ യി രു ന്ന് മോക്ഷപ്രാപ്തി നേടുന്നു.
ഈ കഥയിലെ പല തരം ചിത്രങ്ങളില്‍ നിന്നാണ് നാം കാരയ്ക്കല്‍ മാത എന്ന കഥാപാത്രത്തെ വായിച്ചു തുടങ്ങേണ്ടത്. സ്ത്രീയുടെ സാത്വികഭാവത്തിന്‍റെ പ്രതിരൂപമാണ് അവര്‍. സ്വന്തം നാടിനു തന്നെ ആശ്വാസദീപമാവുക എന്നതായിരുന്നു അവരുടെ ജന്മ ലക്ഷ്യം. തന്‍റെ കര്‍മ്മങ്ങളിലൂടെ ആ ജന്മലക്ഷ്യം സാധിച്ച് സാക്ഷാത്കാരം നേടാനും അവര്‍ക്ക് സാധിച്ചു.’ എങ്ങനെ ജനിച്ചാലും എങ്ങനെ വളര്‍ന്നാലും ഒരു സ്ത്രീക്ക് തന്‍റെ ജന്മോദ്ദേശ്യങ്ങള്‍ പ്രാപ്തമാകാതെയിരിക്കില്ല എന്ന് കാരയ്ക്കലമ്മയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. ലോകമാതാവ്.- എന്ന സ്ഥാനമാണ് മാത എന്ന പേരിലൂടെ പ്രതീകവല്‍ക്കരിക്കുന്നത്. മകള്‍ ലക്ഷ്മിക്കു പോലും അമ്മയുടെ ദൈവീക പരിവേഷം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നതാണ് സത്യം .എന്നാല്‍ ലൗകീക മോഹങ്ങളില്‍ നിന്ന് മുക്തയായിക്കഴിഞ്ഞിരുന്ന കാരയ്ക്കലമ്മയ്ക്ക് ലൗകിക ബന്ധങ്ങളെ എന്നല്ല തന്‍റെ ജീവിതത്തെത്തന്നെയും തന്‍റെ ധര്‍മ്മമെന്ന നിലയില്‍ അനുഷ്ഠിക്കാനായിരുന്നു താത്പര്യം. ഏതൊരു സ്ത്രീയ്ക്കും അത് സാദ്ധ്യമാണ് എന്ന് അവര്‍ തന്‍റെ ജീവിതം കൊണ്ട് തെളിയിക്കുന്നു.
കേവലം അഞ്ചു വയസ്സില്‍ ത്തന്നെ ഇരുട്ടറയില്‍ പോയി ധ്യാനിക്കുന്ന മാത കവളപ്പാറ കൊട്ടാരത്തിലുള്ളവരെ അമ്പരപ്പിക്കുന്ന ഒരു രംഗം കാരയ്ക്കലമ്മയുടെ ജീവിത കഥ വായിച്ചു തീര്‍ത്തപ്പോള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അവനവനെ ധ്യാനിക്കുന്ന പെണ്ണ് – സ്വയം ദൈവമെന്ന് വിശ്വസിച്ച ഒരു സ്ത്രീ … അങ്ങനെയൊരു
സങ്കല്പമോ കഥാപാത്രമോ മറ്റു രാജ്യങ്ങളിലെ നാടോടിക്കഥകളില്‍ ഉണ്ടെന്നു തോന്നുന്നില്ല. വളരെ അപൂര്‍വ്വമായി സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ് അതിനെ ഉപാസിക്കുന്ന ഈ സ്ത്രീ കഥാപാത്രം സത്യത്തില്‍ എന്നെ അതിശയിപ്പിക്കുന്നു.
വളരുന്തോറും അത്ഭുത പ്രവൃത്തികളും കൂടിക്കൂടി വന്ന ആ ജീവിതത്തില്‍ നിന്ന് നമുക്ക് ഒട്ടേറെ പഠിക്കാനുണ്ട്. കേരളത്തിലെ നാടോടിക്കഥകളില്‍ വെച്ച് അതിവിശിഷ്ടമായ ഒന്നാണിത്. യാതൊരു ചപല വികാരങ്ങള്‍ക്കോ, ജാതി-മത ചിന്തകള്‍ക്കോ,
ഉച്ചനീചത്വങ്ങള്‍ക്കോ ,’ പ്രലോഭനങ്ങള്‍ക്കോ വിധേയപ്പെടാതെ തികച്ചും സ്വതന്ത്രമായി ജീവിച്ച ഒരു സ്ത്രീയുടെ കഥ കൂടിയാണ് കാരയ്ക്കലമ്മയുടേത്.
സൈബീരിയന്‍ നാടോടിക്കഥ
ചന്ദ്രനിലെത്തിയ പെണ്‍കുട്ടി
നമ്മുടെ നാട്ടില്‍ മാത്രമല്ല ,മറ്റു പല നാടുകളിലും ചന്ദ്രനെക്കുറിച്ച് പല തരം നാടോടിക്കഥകളുണ്ട്. ആകാശത്തെ അമ്പിളിയമ്മാവനില്‍ കൗതുകമുണരുന്ന ബാല്യകാലത്ത് ചന്ദ്രന്‍റെ ഉള്‍ഭാഗങ്ങളെപ്പറ്റി വിചിത്രമായ കഥകള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണല്ലോ ! ചന്ദ്രനില്‍
മാന്‍ കിടാവാണെന്ന് ഇന്ത്യയിലെ പല നാട്ടിലും വിശ്വാസമുണ്ട്. കേരളത്തിലെ പല നാടോടി ഗാനങ്ങളിലും ഈ വിശ്വാസം നമുക്ക് കാണാം
വിദേശ രാജ്യങ്ങളിലേക്ക് കടന്നാല്‍ ചന്ദ്രനിലുള്ളത്, ഒരു പെണ്‍കുട്ടിയാണ് എന്ന ഐതിഹ്യകഥകളാവും കേള്‍ക്കുക. ഏതായാലും ചന്ദ്രനില്‍ എത്തിയ പെണ്‍കുട്ടിയുടെ കഥ സൈബീരിയയിലെ ഒരു നാടോടിക്കഥയാണ് എന്നു കാണാം. ആ കഥ വായിച്ചപ്പോള്‍, കൗമാരകാലത്ത് സൂര്യനെ സ്നേഹിച്ച ….വരസിദ്ധി തെളിയിക്കാന്‍ സൂര്യനെ ക്ഷണിച്ച നമ്മുടെ പാവം രാജകുമാരിയെ ഓര്‍ത്തു പോയി . എന്നാല്‍ ഈ കഥയില്‍ ചന്ദ്രനെ പെണ്‍കുട്ടി സ്നേഹിക്കുകയല്ല ചെയ്യുന്നത്. അനാഥത്വത്തില്‍ ആശ്രയം കണ്ടെത്തുകയാണ് ചെയ്യുന്നത്.
നമുക്കു നോക്കാം… സൈബീരിയക്കാര്‍ ഇന്നും മാനത്തു നോക്കി ആനന്ദിക്കുന്ന ആ പെണ്‍കുട്ടിയുടെ കഥ എങ്ങനെയാണ് ഇത്രമേല്‍ ഹൃദയത്തെ തൊടുന്നത്?
കിഴക്കന്‍ സൈബീരിയയിലെ സമതല പ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ അനാഥയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.അച്ഛനും അമ്മയും മരിച്ചതോടെ അവളുടെ കൊച്ചു കുടിലില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന അവളുടെ അവസ്ഥ കണ്ട് നാട്ടുകാര്‍ ഗ്രാമത്തലവനെ കാര്യം അറിയിച്ചു. ഗ്രാമത്തലവന്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ഈ കുട്ടിയെ ഏറ്റെടുക്കുകയും തന്‍റെ വീട്ടില്‍ താമസിക്കാന്‍ ഇടം കൊടുക്കുകയും ചെയ്തു.അവളുടെ കുടില്‍ വിറ്റ പൈസയും അവളുടെ ചെലവിന് മാറ്റിവെക്കുകയാണ് എന്നയാള്‍ പ്രഖ്യാപിച്ചു. അങ്ങനെ അവളുടെ ജീവിതം സുരക്ഷിതമായതില്‍ ആശ്വസിച്ചു കൊണ്ട് ഗ്രാമീണര്‍ പിരിഞ്ഞു.
പക്ഷേ പെണ്‍കുട്ടിയുടെ ദുരിതം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗ്രാമത്തലവനും ഭാര്യയും അവള്‍ക്ക് കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകിയ ആഹാരവും നല്‍കി. വീട്ടിലെ എല്ലാ ജോലികളും ചെയ്ത് ക്ഷീണിച്ചാലും നിരന്തരം ശകാരവും പ്രഹരവും പതിവായി.
ഒരു ദിവസം ഗ്രാമത്തലവന്‍റെ ഭാര്യ അവളെ വെള്ളം കൊണ്ടുവരുവാന്‍ പറഞ്ഞയച്ചു. സൈബീരിയയിലെ മഞ്ഞുകാലത്ത്, ആ പെണ്‍കുട്ടി തനിച്ച് വെള്ളം ശേഖരിക്കാന്‍ പുറപ്പെട്ടു. തണുത്തു വിറച്ച് അവള്‍ മഞ്ഞിലൂടെ നടന്നു.ഇരുമ്പുകുടങ്ങളില്‍ വെള്ളം ശേഖരിച്ച് തിരിച്ചു വരുമ്പോള്‍ വീശിയടിക്കുന്ന കാറ്റില്‍ അവള്‍ കാലിടറി വീണു. വെള്ളം ഇല്ലാതെ വീട്ടിലെത്തിയാല്‍ ശിക്ഷ ഉറപ്പാണ്. ആ കൊച്ചു പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഈ ലോകത്ത് തനിക്ക് ആരുമില്ലെന്നും തന്നെ വന്ന് കൂട്ടിക്കൊണ്ടുപോകാമോ എന്നും അവള്‍ മാനത്ത് ചിരിതൂകി നില്‍ക്കുന്ന ചന്ദ്രനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു.
അതു കേട്ട് മനസ്സലിഞ്ഞ ചന്ദ്രന്‍ ഓടി വന്ന് അവളെ കോരിയെടുത്ത് കൊണ്ടുപോയി. അവളെ തന്‍റെ ഒപ്പമിരുത്തി ചന്ദ്രന്‍ ഭൂമിയ്ക്ക് പ്രകാശം നല്‍കാന്‍ തുടങ്ങി.
മനുഷ്യരുടെ നന്മകള്‍ കാണുമ്പോള്‍ അവളും ചന്ദ്രനും പുഞ്ചിരിക്കുകയും, മനുഷ്യരുടെ ദുഷ്ടത കാണുമ്പോള്‍ അവളും ചന്ദ്രനും സങ്കടപ്പെടുന്നതിനാല്‍ ചില ദിവസങ്ങളില്‍ ചന്ദ്രന്‍ ഇരുണ്ടും വിളറിയും കാണപ്പെടുന്നു എന്ന് സൈബീരിയക്കാര്‍ ഇന്നും വിശ്വസിക്കുന്നു.
ഈ കഥ വായിച്ചപ്പോള്‍ കുന്തിയെ മാത്രമല്ല ,സീതയേയും ഓര്‍മ്മ വന്നു.
ചിന്താവിഷ്ടയായ സീതയില്‍ കുമാരനാശാന്‍ പറയുന്നില്ലേ ഈ ലോകത്ത് സങ്കടം മാറ്റാന്‍ ഉള്ള വഴികളില്‍ പ്രകൃതി നിയമങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു എന്ന്?
‘ സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേക ഹേതു വന്നിടയാമേതു മഹാവിപത്തിലും.”
(ശ്ലോകം 26)
മനുഷ്യന് ഏതാപത്തിലും ഒരു ആശ്വാസം പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ടാകും. അത് പലര്‍ക്കും പലതാവാം. സ്ത്രീകള്‍ സത്യത്തില്‍ സ്വയം ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്. ഒറ്റയ്ക്കാകുമ്പോള്‍ ആശ്വസിക്കാന്‍ , ചുറ്റുമുള്ള പ്രകൃതി തയ്യാറായി നില്‍ക്കുന്നു എന്നവള്‍ വിശ്വസിക്കണം. സൈബീരിയയിലെ പെണ്‍കുട്ടിക്ക് ആശ്വാസം ചന്ദ്രനായിരുന്നു.
ഇത് വെറും കഥയായി തോന്നുന്നില്ല.’ആരോരുമില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണ ‘ എന്ന് സ്ത്രീകള്‍ ആശ്വസിച്ചോട്ടെ എന്നു കരുതി ആരോ വരച്ചിട്ട ജീവിത ചിത്രമായിരിക്കാം. പേരില്ലാത്ത ആ സൈബീരിയന്‍ പെണ്‍കുട്ടിയുടെ കഥയും നമുക്ക് പഠനാര്‍ഹം തന്നെയാകുന്നത് അങ്ങനെയാണ്.
ആഫ്രിക്കന്‍ നാടോടിക്കഥ
വിന്നിയും നരഭോജിയും
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഉള്‍പ്രദേശത്ത് നരഭോജികള്‍ ഉണ്ടായിരുന്നുവത്രേ..!
ആഫ്രിക്കയിലെ ഗ്രാമത്തലവന്‍റെ മകള്‍ വിന്നി അതീവ സുന്ദരിയായിരുന്നു. വിന്നി യുടെ കഥയില്‍ നിന്നാണ് ആഫ്രിക്കയില്‍ ഒരു വിശ്വാസം ഇന്നും നിലനില്‍ക്കുന്നത്. ‘രാത്രിയില്‍ പെണ്‍കുട്ടികള്‍ തനിയെ പുഴക്കരയില്‍ പോകരുത്.’ ആ കഥ എന്താണെന്ന് നമുക്ക് നോക്കാം. വിന്നിയുടെ കഥ ആഫ്രിക്കന്‍ സൗന്ദര്യത്തിന്‍റെ കൂടി വെളിപ്പെടുത്തലാണ്.’ ഗ്രാമത്തലവന്‍റെ മകള്‍ വിന്നി അതിസുന്ദരിയായിരുന്നു.അവള്‍ ആരുടേയും മുന്നില്‍ തലകുനിക്കുന്നവളായിരുന്നില്ല. ഇളം കറുപ്പു നിറമുള്ള മിനുമിനുത്ത ശരീരം ….ഇടതൂര്‍ന്ന് വളര്‍ന്നു കിടക്കുന്ന നീണ്ട തലമുടി.മൊത്തത്തില്‍ ആരേയും ആകര്‍ഷിക്കുന്ന രൂപം’ എന്ന വര്‍ണ്ണനയില്‍ത്തന്നെ വിന്നി എന്ന ആഫ്രിക്കന്‍ സുന്ദരി നമ്മുടെ മനസ്സില്‍ തെളിയുന്നുണ്ട്. പാട്ടു പാടി കളിമണ്ണ് ശേഖരിച്ച് അത് ദേഹത്തു പുരട്ടി കുറേ സമയം കഴിഞ്ഞാണ് വിന്നിയും തോഴിമാരും പുഴയില്‍ കുളിച്ചിരുന്നത്.
ഒരു ദിവസം പാട്ടു പാടി കുളിയെല്ലാം കഴിഞ്ഞ് നേരം ഇരുട്ടാറായപ്പോഴാണ് വിന്നിയും തോഴിമാരും വീട്ടിലേയ്ക്ക് നടന്നത്.അച്ഛന്‍ തന്ന ആഭരണങ്ങള്‍ പുഴയ്ക്കരികില്‍ മറന്നു വെച്ച വിന്നി അതെടുക്കാന്‍ തീരുമാനിച്ചു. തോഴിമാരാരും കൂടെ പോയില്ല. മാത്രമല്ല അവര്‍ വിന്നിയെ തടയുകയും ചെയ്തു.
എന്നാല്‍ അച്ഛന്‍ തന്ന ആഭരണങ്ങള്‍ നഷ്ടപ്പെടുത്താന്‍ മനസ്സുവരാത്തതിനാല്‍ വിന്നി ഒറ്റയ്ക്ക് പുഴക്കരയിലേക്ക് തിരിച്ചു പോയി. നേരം ഇരുട്ടിയിരുന്നു. ആ സമയത്ത് അവിടെ എത്തിയ വിന്നിയെ ഒരു നരഭോജി കവര്‍ന്ന് തന്‍റെ സഞ്ചിയ്ക്കുള്ളിലാക്കി നടന്നകന്നു
പാട്ടുകേട്ട് അവളില്‍ ആകൃഷ്ടനായിരുന്ന നരഭോജി അവളോട് പാടാന്‍ ആവശ്യപ്പെടുന്നു. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അവള്‍ പാടി.പല പല നാടുകളിലൂടെ അവര്‍ വളരെക്കാലം സഞ്ചരിച്ചു. പലയിടത്തും ആ നരഭോജി തന്‍റെ കയ്യിലുള്ള വിശിഷ്ട വസ്തുവായി ,കിളിയുടെ പാട്ട് എന്ന നിലയില്‍ വിന്നിയെക്കൊണ്ട് പാട്ടു പാടിച്ചു.
അങ്ങനെ നടന്നു നടന്ന് അവര്‍ വിന്നി യുടെ ഗ്രാമത്തില്‍ എത്തി. ഗ്രാമത്തിന്‍റെ മദ്ധ്യത്തില്‍ വെച്ച് നരഭോജിയുടെ ചാക്കില്‍ നിന്ന് പാട്ടുകേട്ട വിന്നി യുടെ സഹോദരന്മാര്‍ക്ക് ഇത് തങ്ങളുടെ സഹോദരിയാണ് പാടുന്നതെന്ന് മനസ്സിലായി. അവര്‍ തന്ത്രപൂര്‍വ്വം നരഭോജിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഗ്രാമത്തലവന് പാട്ട് ഇഷ്ടമാണെന്നും നല്ല ആഹാരവും സമ്മാനങ്ങളും അദ്ദേഹം നല്‍കുമെന്നും അവര്‍ അറിയിക്കുന്നു. ചാക്കിനകത്തുള്ള വിന്നി സഹോദരന്മാരുടെ ശബ്ദം തിരിച്ചറിഞ്ഞു. ഏതായാലും നരഭോജി ഗ്രാമത്തലവന്‍റെ വീട്ടില്‍ ചെന്ന് ,തന്‍റെ കിളിയോട് പാട്ടു പാടാന്‍ ആവശ്യപ്പെടുന്നു.അതു വരെ പാടിയിരുന്ന പാട്ടല്ല വിന്നി പാടിയത്.താന്‍ എങ്ങനെയാണ് നരഭോജിയുടെ കൈയ്യില്‍ അകപ്പെട്ടതെന്ന് അവള്‍ പാട്ടിലൂടെ അച്ഛനെ അറിയിച്ചു.ആ ചാക്കിനകത്തു നിന്ന് മകളെ എങ്ങനെയും രക്ഷപ്പെടുത്തണം എന്ന് ഗ്രാമത്തലവന്‍ നിശ്ചയിച്ചു.അച്ഛനും വിന്നി യുടെ സഹോദരന്മാരും കൂടി നരഭോജിക്ക് ധാരാളം വീഞ്ഞ് നല്‍കി മയക്കിയ ശേഷം ആ ചാക്കില്‍ നിന്ന് വിന്നിയെ രക്ഷപ്പെടുത്തി പകരം പെരുമ്പാമ്പിനേയും കടന്നലുകളേയും ആ ചാക്കില്‍ ഇട്ടു. ഒന്നുമറിയാതെ പാതി മയക്കത്തില്‍ ചാക്കുമായി നടന്നകന്ന നരഭോജിയെ പെരുമ്പാമ്പിന്‍റെ രൂപത്തില്‍ മരണം പിന്‍തുടര്‍ന്നിരുന്നു.
വിന്നിയെ രക്ഷപ്പെടുത്തിയ അച്ഛന്‍റെ വാക്കുകള്‍ ഇന്നും ആഫ്രിക്കക്കാര്‍ വിശ്വസിക്കുന്നത്. ‘രാത്രിയില്‍ പെണ്‍കുട്ടികള്‍ തനിയെ പുഴക്കരയില്‍ പോകരുത്.’
സ്ത്രീയുടെ സ്വതന്ത്രമായ സഞ്ചാരത്തിനും അഭിലാഷങ്ങള്‍ക്കും രാത്രികളിലെ അവളുടെ സംഗീതാഭിരുചികള്‍ക്കും അല്പമൊക്കെ തടസ്സം സൃഷ്ടിക്കുന്ന കഥയാണിത്. ഒരു നാടിന്‍റെ മുഴുവന്‍ വിശ്വാസങ്ങളും സ്ത്രീയുടെ ഹിതങ്ങളെ നിയന്ത്രിക്കുന്നുണ്ട്. രാത്രിയില്‍ ഒറ്റയ്ക്ക് പുഴക്കരയില്‍ പോയതുകൊണ്ടാണ് വിന്നി അപകടത്തില്‍ പെട്ടത്.അതിനാല്‍ ആഫ്രിക്കക്കാരെല്ലാം ഇന്നും ഇത്തരം വിശ്വാസങ്ങള്‍ പിന്‍തുടരുന്നു. ലോക നാടോടിക്കഥകളുടെ ഒരു പൊതു സ്വഭാവം ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം വിശ്വാസ ചര്യകളാണ്. വിന്നിയുടേത് ഒറ്റപ്പെട്ട കഥയല്ല.
സൗന്ദര്യവും സംഗീതവും സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അഭിലാഷങ്ങളും സ്ത്രീകളുടെ പ്രത്യേക സിദ്ധികളാണ്. അതിനെ നിയന്ത്രിക്കുന്ന സാമൂഹ്യ വ്യവസ്ഥകളും ഇതിനോടൊപ്പം തന്നെ രൂപപ്പെടുന്നുണ്ട്.ജന്മസിദ്ധമായ ചോദനകള്‍, വന്യമായ അഭിലാഷങ്ങള്‍ എന്നിവ പലപ്പോഴും സമൂഹത്തില്‍ പ്രശ്നവല്‍ക്കരിക്കപ്പെടുന്നതിന്‍റെ സൂചനയാണ് വിന്നിയുടെ കഥ.
ചൈനീസ് നാടോടിക്കഥ
രാജ്ഞിയുടെ പാദങ്ങള്‍
വിചിത്രമായ വിശ്വാസങ്ങളുടെ വിളനിലമാണ് ചൈന. രാജ്ഞിയുടെ പാദങ്ങള്‍ എന്ന കഥയില്‍ ടിന്‍ ചില്‍ എന്ന രാജ്ഞിയെക്കുറിച്ചാണ് പറയുന്നത് .ആ കഥ വാസ്തവത്തില്‍ അത്ഭുതലോകത്തിലേക്കുള്ള മനോഹര യാത്രയാണ്.
ചൈനയിലെ സൗന്ദര്യ ലക്ഷണം. എന്നാല്‍ അനേകായിരം വര്‍ഷങ്ങള്‍ ക്കു മുമ്പ് ഇതായിരുന്നില്ലത്രേ അവസ്ഥ. തടി കൊണ്ടുള്ള ചെറിയ ആവരണത്തിനുള്ളില്‍ പാദങ്ങള്‍ ഇട്ടു കൊണ്ടാണ് ചൈനക്കാര്‍ കാലുകള്‍ ചെറുതായിരിക്കുന്നത്. ടിന്‍ ചിന്‍ എന്നായിരുന്നു യാങ് ഷാന്‍ രാജാവിന്‍റെ പത്നിയുടെ പേര് ഉറക്കത്തില്‍ നടക്കുന്ന സ്വഭാവക്കാരിയായിരുന്നു അവര്‍.
ടിന്‍ ചിന്‍ രാജ്ഞിയുടെ കാലുകള്‍ക്ക് പതിനാല് ഇഞ്ച് നീളമുണ്ടായിരുന്നു. ഈ നിദ്രാടനത്തെപ്പറ്റി തോഴിമാര്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ രാജാവിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഒരിയ്ക്കല്‍ യാദൃച്ഛികമായി രാജാവ് ഈ യാത്ര അറിയാനിടയായി.
രാജ്ഞിയെ രാത്രിയില്‍ പിന്‍തുടര്‍ന്ന രാജാവ്, ഉറക്കത്തില്‍ നടക്കുന്നതിനിടയില്‍ അവരെ തടഞ്ഞു നിര്‍ത്തി. പിറ്റേ ദിവസം രാജ്ഞിയോട് സ്വപ്നാടനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ രാജാവ് ചോദിച്ചറിഞ്ഞു. ഉറക്കത്തില്‍ നടക്കുന്നത് രാജ്ഞി അറിയാതെ സംഭവിക്കുന്നതാണെന്ന് രാജാവിന് മനസ്സിലായി. ഇതിനൊക്കെ കാരണം തന്‍റെ വലിയ പാദങ്ങളാണെന്ന് രാജ്ഞി പറഞ്ഞു.
‘പകല്‍ നടന്നു മതിയാകാത്തതു കൊണ്ട് അവ രാത്രിയും നടക്കുകയാണ്’ എന്ന് തന്‍റെ പാദങ്ങളെപ്പറ്റി രാജ്ഞി പറഞ്ഞത് കേട്ട രാജാവ് രാജ്യത്തെ ഏറ്റവും പ്രഗല്‍ഭനായ ശസ്ത്രക്രിയാ വിദഗ്ദ്ധനെ കൊട്ടാരത്തില്‍ എത്തിച്ചു. വേദന അറിയാത്ത വിധം റാണിയുടെ പാദങ്ങളില്‍ നിന്ന് ഓരോ ഇഞ്ചു വീതം അയാള്‍ നീക്കം ചെയ്തു. പിന്നീട് ടിന്‍ചിന്‍ റാണി ഉറക്കത്തില്‍ നടന്നിട്ടില്ലത്രേ.!
വളരെ വിചിത്രമായൊരു കഥയായി തോന്നാം. കാല്പാദങ്ങള്‍ക്ക് നീളം കൂടുതലായാല്‍ അവര്‍ ഉറക്കത്തില്‍ നടക്കുന്നവരാകും എന്ന ചൈനീസ് വിശ്വാസം നമുക്ക് വളരെയധികം അതിശയം നല്‍കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ ഉറക്കത്തില്‍ നടക്കുന്നത് ,പകല്‍ നടന്നു മതിയാകാത്തതു കൊണ്ടാണെന്നും വലിയ പാദങ്ങള്‍ ഉള്ളതുകൊണ്ടാകാം എന്നുമുള്ള കണ്ടെത്തലും പുതുമയുള്ളതായി തോന്നാം
അബോധപൂര്‍വ്വമായ ഈ സ്വപ്നാടനത്തില്‍ പാദങ്ങള്‍ക്ക് സ്വാതന്ത്ര്യം എന്നത് പകലിന്‍റെ തുടര്‍ച്ച തന്നെയാണ്. രാജ്ഞിയുടെ വലിയ പാദങ്ങള്‍ മുറിച്ചു മാറ്റുന്നതിലൂടെ അവരുടെ രാത്രിസഞ്ചാരങ്ങള്‍ നിര്‍ത്തുകയാണ് രാജാവ് ചെയ്യുന്നത്.
മഹാറാണിയൊന്നും ആയില്ലെങ്കിലും ഒരു പെണ്ണിന് ബോധപൂര്‍വ്വം തന്നെ, രാത്രിയില്‍ പുറത്തിറങ്ങി നടക്കണമെന്ന തോന്നല്‍ ഉണ്ടാവില്ലേ? അതെത്ര ഗാഢമാകുന്നുവോ അത്രയും നിയന്ത്രണവും അധികാരവും സമൂഹവും നിര്‍മ്മിച്ചിട്ടുണ്ടാവും.ഈ ബോധപൂര്‍വ്വമുള്ള അഭിലാഷത്തെ തൃപ്തിപ്പെടുത്താന്‍ അബോധപൂര്‍വ്വമായ സ്വപ്നാടനത്തിലൂടെ രാജ്ഞിക്ക് സാധിക്കുന്നുണ്ടാകും.
സ്വപ്നാടനം ഒരു തെറ്റാണെന്ന് പറയാനാവില്ലെങ്കിലും പരിഹാരം കാണേണ്ട ഒരു പ്രശ്നമായിട്ടാണ് രാജാവ് അതിനെ കണ്ടത്. പാദങ്ങള്‍ മുറിച്ചപ്പോള്‍ സ്വപ്നാടനവും നിന്നു. ആയിരത്തൊന്നു രാവുകളിലെ ബുദ്ധിശാലിനിയായ നായിക, ഏഴു കുള്ളന്മാരോടൊപ്പം ആനന്ദത്തോടെ ജീവിച്ച സ്നോവൈറ്റ്, നീളത്തിലുള്ള മുടി മെടഞ്ഞിട്ട് രാക്ഷസന്‍ കോട്ടയ്ക്കുള്ളിലേക്ക് രാജകുമാരന് വഴി കാണിച്ച കഥയിലെ നായിക റപ്പൂണ്‍സെല്‍, അപ്രതീക്ഷിതമായി രാജകുമാരനോടൊപ്പം നൃത്തം ചെയ്ത സിന്‍ഡ്രല്ലാ, വിരല്‍ വലിപ്പത്തില്‍ ജനിച്ച് … ആഹ്ളാദത്തോടെ ജീവിച്ച് നമ്മെ വിസ്മയിപ്പിച്ച തംബലീന, ദൈവം തന്ന പെട്ടി ആകാംക്ഷ സഹിക്കാനാവാതെ, ദൈവം പറഞ്ഞിരുന്ന നിശ്ചിത സമയത്തിനു മുന്‍പേ തുറന്ന പണ്ടോറ, ഭാവനാ ശക്തി കൊണ്ട് അത്ഭുതലോകത്തെത്തുന്ന ആലീസ്, മന്ത്രവാദിനിയുടെ ശാപവും ശാപമോക്ഷവും മൂലം ജീവിതം വിസ്മയകരമാക്കിയ രാജകുമാരി, സൂചി കൈയില്‍ തറച്ചു കയറിയതിനാല്‍ അവള്‍ ശാപത്താല്‍ മരിച്ചു. ശാപമോക്ഷത്തില്‍ നൂറു വര്‍ഷം കഴിഞ്ഞ് ആ വഴി വന്ന രാജകുമാരന്‍ അവളെ ഉണര്‍ത്തുന്നതോടെ അവള്‍ ഉറക്കത്തില്‍ നിന്ന് / മരണത്തില്‍ നിന്ന് ഉണരുന്നു.
ഇങ്ങനെ നിരവധി കഥകള്‍ നമുക്കു ചുറ്റും ഉണ്ട്.
പല കഥകളിലും പെണ്മയുടെ വ്യത്യസ്ത പ്രതിഫലനങ്ങളാണ് കാണുന്നത്. പെണ്‍ സത്തയുടെ ആഘോഷങ്ങളാണവ. ആകാംക്ഷയുടെ അക്ഷയഖനികളാണ് നാടോടിക്കഥകളെന്ന് നിസ്സംശയം പറയാം. കഥ തീരുമ്പോള്‍ ഉറക്കമല്ല. ഒരു പുതിയ സ്വപ്നം ഉണരുകയാണ് ചെയ്യുന്നത്.
ഡോ. ദിവ്യ.എം
അസി.പ്രൊഫസര്‍, ഗവ.ആര്‍ട്സ്&സയന്‍സ് കോളേജ്, ഒല്ലൂര്‍
COMMENTS