കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നതാണ് കുടുംബത്തിന്റെ പൊതുവിലുള്ള നിര്‍വ്വചനം.മാനസിക ബലവും സുരക്ഷാ ബോധവുമാണ് കുടുംബം നമുക്ക് പ്രദാനം ചെയ്യുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചാവുമ്പോള്‍ ഈ ധാരണ കുറച്ചു കൂടി ബലപ്പെടുന്നുണ്ട്. സ്ത്രീ സമം കുടുംബം എന്ന മട്ടിലാണ് വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.സ്ത്രീയുടെ ജീവശാസ്ത്രപരമായ അവസ്ഥയാണ് കുടുംബത്തിലേക്ക് ഒതുക്കപ്പെടുന്നതിന് കാരണമായിട്ടുള്ളതില് പ്രധാനം. ആര്‍ത്തവം, ഗര്‍ഭദ്ധാരണം, പ്രസവം, മുലയൂട്ടല്‍, ശിശു പരിചരണം തുടങ്ങിയവ സ്ത്രീയുമായി ബന്ധപ്പെട്ടു നില്ക്കുന്നതു കൊണ്ടു തന്നെ അവളെ കുടുംബത്തിന്റെ വിളക്കായി വ്യാഖ്യാനിക്കാന്‍ നിഷ്പ്രയാസം സാധിക്കും. സ്ത്രൈണം , പൗരുഷം തുടങ്ങിയ ആശയങ്ങളാണ് സ്ത്രീയുടെ പദവിയെ സവിശേഷമായ രീതിയില്‍ രൂപപ്പെടുത്തുന്നത്.ഈ ആശയങ്ങള്‍ ജീവശാസ്ത്രപരം എന്നതിനെക്കാള്‍ സാംസ്കാരികമാണ്.
കേരളീയ ചരിത്രത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് സ്ത്രീ എന്ന സംവര്‍ഗ്ഗം പോലും രൂപപ്പെട്ടിരുന്നില്ല.എന്നാല്‍ ജാതിയധിഷ്ഠിമായ ജീവിതാവസ്ഥയില്‍ എല്ലാ വിഭാഗത്തിലെ സ്ത്രീയവസ്ഥകളും സമാനമായിരുന്നു.അതു കൊണ്ടു തന്നെ കേരളീയ സ്ത്രീക്ക് ഒരു വാര്‍പ്പു മാതൃക തന്നെ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ഒന്നല്ല മുസ്ലിം സ്ത്രീയുടേതും.എന്നാല്‍ ഖുര്‍ആനില്‍ സ്ത്രീക്ക് മാന്യമായ ഇടമാണ് നല്‍കിയിട്ടുള്ളത്. പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന വ്യവസ്ഥിതിയില്‍ നിന്നും സ്ത്രീയുടെ പദവി ഉയര്‍ത്തിയതും നിങ്ങളില്‍ ഏറ്റവും ഉത്തമന് തന്റെ ഭാര്യയോട് നല്ല രീതിയില്‍ പെരുമാറുന്നവനാണെന്നും ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് മാതാവിനോടാണെന്നും പഠിപ്പിച്ചത് പ്രവാചകന് മുഹമ്മദ് റസൂലാണ്.ഒന്നോ രണ്ടോ പെണ്മക്കളെയും സഹോദരിമാരെയും നല്ല രീതിയില്‍ ഒരാള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് അവന് തടസ്സങ്ങള്‍ ഇല്ല എന്നും ഖുര്‍ആന്‍ പറയുന്നു. സ്ത്രീയായാലും പുരുഷനായാലും സത്പ്രവൃത്തി ചെയ്താല്‍ അയാളുടെ ജീവിതം നല്ല രീതിയിലുള്ളതാവുമെന്നും അതിനനുസൃതമായ പ്രതിഫലം നല്‍കുമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അനുസരിക്കുന്ന പുരുഷന്മാരും അനുസരിക്കുന്ന സ്ത്രീകളും, വിശ്വസിക്കുന്ന പുരുഷന്മും വിശ്വസിക്കുന്ന സ്ത്രീകളും, ഭക്തന്മാരായ പുരുഷന്മാരും ഭക്തരായ സ്ത്രീകളും, ക്ഷമാശീലന്മാരായ പുരുഷന്മാരും ക്ഷമാശീലരായ സ്ത്രീകളും, താഴ്മയുള്ളവരായ പുരുഷന്മാരും താഴ്മയുള്ളവരായ സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരായ പുരുഷന്മാരും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരായ സ്ത്രീകളും, ചാരിത്യം സംരക്ഷിക്കുന്നവരായവര്ക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിയിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.
ലിംഗവിവേചനം ഇസ്ലാമില്‍ ഇല്ല എന്നതിനുള്ള തെളിവുകള്‍ ഖുര്‍ആനില്‍ പലയിടത്തും കണ്ടെത്താവുന്നതാണ്. ഖുര്‍ആനില്‍ സ്ത്രീ ഇങ്ങനെയൊക്കെ വിവക്ഷിക്കപ്പെടുമ്പോഴും പ്രായോഗികതലത്തില്‍ ഇതിന്റെ വൈരുദ്ധ്യമാണ് സംഭവിക്കുന്നത്. വിവാഹം ബഹുഭാര്യത്വം, വിവാഹമോചനം, അനന്തരവകാശം തുടങ്ങിവയിലൊക്കെ സ്ത്രീ വിവേചനത്തിന് ഇരയാകുന്നുണ്ട്.
ഇസ്ലാമില്‍ വിവാഹം കരാറാണ്. വിവാഹബന്ധത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ത്രീക്കും പുരുഷനും ഏതൊരു വിഷയത്തിലും തുല്യ അവകാശമാണെന്ന് ഖുര്‍ആന്‍ പറയുന്നു.ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. അത് ആദ്യ ഭാര്യയുടെ സമ്മതത്തോടു കൂടിയാവണമെന്നും ഭാര്യ നിത്യരോഗിയാകുകയോ, സ്ത്രീ ജനസംഖ്യ കൂടുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് അത് അനിവാര്യമാവുന്നത്. വിവാഹമോചനത്തിന്റെ കാര്യത്തിലും തെറ്റിദ്ധാരണയാണുള്ളത്. ഒറ്റയടിക്ക് മൂന്ന് മൊഴിയും ചൊല്ലി പിരിയാന്‍ ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല. മനുഷ്യമനസ്സിന്റെ വീണ്ടു വിചാരത്തിന് ഇസ്ലാം അവസരം നല്‍കുന്നുണ്ട്. പുനര്‍വിചിന്തനം നടത്തി ഒന്നിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. വിവാഹ മോചനം ഇസ്ലാമില്‍ വെറുക്കപ്പെട്ടിരിക്കുന്ന ഒന്നായാണ് വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഇനി അവര്‍ (ദമ്പതിമാര്‍ ) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്യേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതം ആവശ്യമുള്ള ‘മുബാറത് ‘, വിവാഹമോചനം നടത്താന്‍ സ്ത്രീക്ക് അവകാശമുള്ള’ ഖുല്‍ അ ‘തുടങ്ങിയ രീതികളെക്കുറിച്ചും പല സ്ത്രീകളും അജ്ഞരാണ്.സ്ത്രീ തൊഴില്‍ ചെയ്യുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും ഇസ്ലാം എതിരല്ല. അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.അങ്ങനെ സമ്പാദിക്കുന്ന സ്വത്ത് സ്വതന്ത്രമായി ക്രയവിക്രയം ചെയ്യുന്നതിനും ഇസ്ലാം വിലക്ക് കല്‍പ്പിക്കുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തന്നെ സ്ത്രീക്ക് അനന്തരവകാശം ഇസ്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്മാര്ക്ക് ഓഹരിയുണ്ട്. മതാപിതാക്കളും അടുത്ത ബന്ധുക്കും വിട്ടേച്ചു പോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്.സ്ത്രീ-മകള്‍ ,ഭാര്യ, മാതാവ്, തുടങ്ങിയ നിലകളിലൊക്കെയുള്ള സ്വത്തവകാശം സ്ത്രീക്ക് എങ്ങനെയാണെന്നും എത്രയാണെന്നും ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മകള്‍, ഭാര്യ, മാതാവ്, തുടങ്ങിയ സ്ത്രീ നിലകളിലൊക്കെ അവളുടെ ചിലവുകള്‍ വഹിക്കേണ്ടത് പുരുഷനാണ്. മഹര്‍ (വിവാഹത്തിന് സ്ത്രീക്ക് ലഭിക്കുന്നത് ) -ന്റെ മൂല്യം നിശ്ചയിക്കാനും വരനെ തിരഞ്ഞെടുക്കാനുമുള സ്വാതന്ത്ര്യവും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തിലുള്ള അവളുടെ സാന്നിധ്യത്തിന് പോലും ഇസ്ലം അതിര്‍വരമ്പ് കല്‍പ്പിച്ചിട്ടില്ല.
ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ രംഗത്ത് സ്ത്രീയുടെ സാന്നിധ്യം വ്യക്തമാകുന്നതാണ്. രണ്ടാം ഖലീഫയുടെ ഭരണകാലത്ത് മാര്‍ക്കറ്റിംങ് ഇന്‍ സ്പെക്ടറായി ഒരു വനിതയെ നിയമിച്ചിട്ടുണ്ട്. ‘ശിഫാ അ’ എന്ന പേരിലാണ് ചരിത്രത്തില്‍ അവരെ അടയാളപ്പെടുത്തിയിരിക്കുന്നത്. വിദ്യഭ്യാസവും മികച്ച ബുദ്ധി ശേഷിയുമുള്ള സ്ത്രീകളെ അവര്‍ അര്‍ഹിക്കുന്ന മട്ടില്‍ സ്ഥാനമാനങ്ങള്‍ നല്‍കാനും പദവി ഉയര്‍ത്താനും ഇസ്ലാം മടിക്കുന്നില്ല. ഇത്തരത്തില്‍ കുടംബത്തിനകത്തും പുറത്തും അവളുടെ വ്യക്തിത്വത്തെ പരിഗണിക്കുകയും അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒരു പരിധി വരെ വകവെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. പുരുഷനെയും സ്ത്രീയെയും തുല്യ സ്ഥാനത്ത് നിര്‍ത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഖുര്‍ ആനില്‍ നിന്നും കണ്ടെത്താവുന്നതാണ്.മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ ഇങ്ങനയൊക്കെ പറയുമ്പോഴും അതിന്റെ വൈരുദ്ധ്യാത്മകതയാണ് നിലവിലുള്ളത്.
ഇത്തരം അവസ്ഥകളാണ് ‘ഇസ്ലാമിക ഫെമിനിസം’ പോലുള്ള ആശയങ്ങളുടെ അടിസ്ഥാനം. ഇസ്ലാമിക ഫെമിനിസ്റ്റുകള്‍ അവളുടെ പദവി സംബന്ധിച്ച് സൂക്ഷ്മതലത്തില്‍ അന്വേഷിക്കുകയാണ്.വാര്‍പ്പുമാതൃക സൃഷ്ടിച്ച് സ്ത്രീയെ കൂടുതല്‍ ഒതുക്കപ്പെടണ്ടതിന്റെ കാര്യകാരണബന്ധങ്ങളെയാണ് അവര്‍ പരിശോധിച്ചത് .ഇത്തരം അന്വേഷണങ്ങള്‍ ഖുര്‍ആന്റെ സ്ത്രീപക്ഷ വായനയെയാണ് പ്രേരിപ്പിക്കുന്നത്. ഫാത്തിമ മെര്‍നിസ്സി, ആമിന വദൂദ് ,ലൈല അഹമ്മദ് തുടങ്ങിയ ഇസ്ലാമിക ഫെമിനിസ്റ്റുകള്‍ അത് സാധ്യമാക്കിയവരാണ്. അവരുടെയെല്ലാം വ്യഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായ ഇസ്ലാം എന്നതിനെ പൊളിക്കാനുള്ള ശ്രമങ്ങളാണുള്ളത്.
കേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോഴും അറയ്ക്കല്‍ ബീവി തമ്പുരാട്ടിമാരുടെയും മാതൃദായ ക്രമം പിന്തുടരുന്ന മുസ്ലിംസമുദായത്തെയുമൊക്കെ കണ്ടെത്താവുന്നതാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിനു മാത്രം ബാധകമാകുന്ന ഒന്നായിരുന്നു മാപ്പിള പിന്തുടര്ച്ചവകാശം (1918) .1937ല്‍ ശരി അത്ത് നിയമം പാസ്സാക്കിയെങ്കിലും അപ്രയോഗികമായി തീര്‍ന്നു. നാട്ടാചാര നിയമങ്ങള്‍ ഇസ്ലാമിക വത്ക്കരിക്കപ്പെട്ടിരുന്നു എന്നത് മാത്രമല്ല, നവോത്ഥാന നായകന്മാര് മുന്നേറ്റത്തിന് വേണ്ടി ശ്രമിച്ചിരുന്ന ഒരു പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇന്ന് സമൂഹത്തില്‍ മുസ്ലിം സ്ത്രീകള്‍ തൊഴില്‍പരമായും വിദ്യഭ്യാസപരമായുമൊക്കെ മുന്നേറുന്നുണ്ടെങ്കിലും അവര്‍ ശരി അത്ത് നിയമങ്ങളില്‍ വേണ്ടുവോളം ധാരണ ഉണ്ടോ എന്നത് സംശയമാണ്. അതു കൊണ്ടാണ് ബഹുഭാര്യത്വം വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയവയിലെ അനീതികള്‍ക്ക് സ്ത്രീകള്‍ ഇരകളാകുന്നത്.
മറ്റു മതങ്ങളിലെ സത്രീയവസ്ഥയും മുസ്ലിം സ്ത്രീക്ക് സമാനമാണ്. അതിനര്‍ത്ഥം ഇസ്ലാമും മറ്റു മതങ്ങളെപ്പോലെ പൗരോഹിത്യ മതമാണ് എന്നതാണ്. പുരുഷാധിപത്യം മതഗ്രന്ഥങ്ങളിലെ സത്തയെ വളച്ചൊടിക്കുകയും നിയമങ്ങളില്‍ നിന്നും അവരെ അജ്ഞരാക്കി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുകയും സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും സ്ത്രീയെ പുരുഷന് കീഴില്‍ ഒതുക്കുകയും ചെയ്തു വരുന്നുവെന്നതാണ്. അതല്ലെങ്കില്‍ പോലും എല്ലാ കുടുംബ വ്യവസ്ഥക്കുള്ളിലും സ്ത്രീ അവഗണിക്കപ്പെടുകയും പുരുഷനനുസൃതമായി പരുവപ്പെടുത്തി അധികാരം സ്ഥാപിച്ചെടുക്പ്പെടുകയും ചെയ്യുന്നുണ്ട്. പ്രബലമായ എല്ലാ മതങ്ങളിലെയും സ്ത്രീകള്‍ മെരുക്കപ്പെടുന്നതിലെ വൈരുദ്ധ്യം എന്തായിരികും? സ്ത്രീയുടെ ചൂഷണം ചെയ്യുന്ന പുരുഷാധിപത്യത്തിന്റെ മനോഭാവം തന്നെയല്ലേ? ഇത്തരം മനോഭാവം മാറുന്നതിന്റെ സൂചന എന്നോണം 14 ഏപ്രില്‍ 2021 കേരള ഹൈക്കോടതി ഖുല്‍ അ എന്ന സ്ത്രീക്ക് വിവാഹമോചനം നേടാനുള്ള രീതിയെ അംഗീകരിച്ചു കൊണ്ട് വിധി പുറപ്പിടുവിച്ചത്. ഇത് മുസ്ലിം സ്ത്രീയുടെ സാമൂഹികമായ അംഗീകാരത്തിന്റെ കൂടി നാന്ദി കുറിക്കലാണ്.
ഷിഫാന കെ.
ഗവേഷക,
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
COMMENTS