സമ്പത്ത് ചെറുതായാലും വലുതായാലും മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ചതില്‍ നിന്ന് സ്ത്രീ പുരുഷന്മാര്‍ക്ക് ഒരു വിഹിതമുണ്ട് – നിയമപരമായ വിഹിതം, ഓഹരികള്‍ നിര്‍ണ്ണയിക്കുന്നത് അല്ലാഹുവാണ് – ഖുറാന്‍ 4-ാം അധ്യായം 7.
(There is a share for men and share for women, from what is left by parents and those nearest relatives whether the property be small or large – the legal share, the shares are determined by Allah – Quran chapter 4 verse 7)
ഒരു മനുഷ്യന്‍ തന്‍റെ ജീവിതകാലത്ത് ആര്‍ജിച്ചതോ പരമ്പരാഗതമായി അയാള്‍ക്ക് സിദ്ധിച്ചതോ ആയ മുതലുകളില്‍ നിന്ന് അയാളുടെ ജീവിത കാലത്ത് ഉപയോഗിച്ചതും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയതിനും ശേഷം അയാളുടെ മരണത്തോടെ ബാക്കിയാവുന്നതുമാണ് അനന്തരമുതലുകള്‍’. ഇങ്ങിനെ ബാക്കിയാവുന്ന മുതലുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്ന അവകാശത്തെയാണ് അനന്തരാവകാശം എന്ന് പറയുന്നത്. ഇസ്ലാമിക നിയമം (ശരീഅ) അടിസ്ഥാനമാക്കുന്നത് നാല് ഘടകങ്ങളെയാണ്’ .
1.ഖുര്‍ആന്‍
2.പ്രവാചക ചര്യ (സുന്ന)
3.ഇജ്മ (ഗവേഷണം – സമവായം)
4.ഖിയാസ് (യുക്തി )ഇതില്‍ നിന്നും വ്യക്തമാവുന്നത് ഏക ശ്രോതസ്സില്‍ നിന്നല്ല ശരീഅ രൂപപ്പെട്ടത് എന്നാണ്.
കാലാകാലങ്ങളായി പണ്ഡിതരും ഗവേഷകരും അതാതു കാലങ്ങളില്‍ ഉയരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിന് ഇസ്ലാം എതിരല്ല എന്നാണ്. ആയിരത്തിനാന്നൂറ് വര്‍ഷം മുന്‍പ് ഗോത്രങ്ങളും കൂട്ടുകുടുംബ വ്യവസ്ഥയും നിലനിന്നിരുന്ന കാലത്ത് അറബിനാടുകളില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശി ഇല്ലാതിരുന്ന കാലത്താണ് പ്രവാചകന്‍ സ്ത്രീക്ക് (മുസ്ലിം)സ്വത്തവകാശം അനുവദിച്ചത്. സ്വത്തവകാശം അനുവദിച്ച ഖുര്‍ആന്‍റെ ലക്ഷ്യം സ്ത്രീകള്‍ക്ക് അവകാശം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. എന്നാല്‍ ഗോത്രസമൂഹവും കൂട്ടുകുടുംബ വ്യവസ്ഥിതിയും മനുഷ്യന്‍റെ സാംസ്കാരിക സാമൂഹ്യശാസ്ത്ര വളര്‍ച്ചയോടൊപ്പം ഘട്ടം ഘട്ടങ്ങളായി ജനാധിപത്യ അണുകുടുംബങ്ങളിലേക്കു വഴി മാറുകയും ഇന്ത്യ പോലുള്ള മതേതര ജനാധിപത്യ രാജ്യത്ത് മുസ്ലിംങ്ങളല്ലാത്ത സ്ത്രീകള്‍ നിരന്തരമായ പോരാട്ടത്തിലൂടെ പുരുഷന് തുല്യമായ അവകാശം അനന്തര സ്വത്തില്‍ നേടിയെടുക്കുകയും ചെയ്ത വര്‍ത്തമാന സാഹചര്യത്തില്‍ മുസ്ലിം സ്ത്രീക്കും അനന്തരസ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെന്നുള്ളത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അടിസ്ഥാന മനുഷ്യാവകാശമാണ് . എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം മുസ്ലിം സ്ത്രീകള്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി പലരും ഈ ആവശ്യം ഉന്നയിച്ചുവെങ്കിലും ഭരണകൂടം ഇതിനു ചെവി കൊടുത്തിരുന്നില്ല . കാലാകാലങ്ങളായി മുസ്ലിം ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകളെ ജനാധിപത്യ പ്രക്രിയയില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും ബോധപൂര്‍വം മാറ്റി നിര്‍ത്തി പുരുഷ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതില്‍ വലിയ തോതില്‍ വിജയം കൈവരിച്ചിട്ടുണ്ട് .പ്രത്യേകിച്ചും കേരളത്തിലെ മതാധിഷ്ടിത പാര്‍ട്ടികള്‍ ആ കാര്യത്തില്‍ സമ്പൂര്‍ണമായും മത യാഥാസ്ഥിതികരുടെ പിന്തുണയോടെ മികച്ച രീതിയില്‍ അതു നടപ്പാക്കിയിട്ടുണ്ടെന്നു 1968നു ശേഷമുള്ള കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ മനസ്സിലാവും. ഇത്തരമൊരു ഘട്ടത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭാര്യക്കും ഭര്‍ത്താവിനും അനന്തര സ്വത്തില്‍ ആധുനിക ജനാധിപത്യ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന രീതിയില്‍ നിയമം അനുശാസിക്കുക വഴി നിലവില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് ലെര 15 പ്രകാരമുള്ള രജിസ്ട്രേഷന്‍ മാത്രമേ കരണീയമായിട്ടുള്ളൂ എന്ന ബോധ്യത്തില്‍ നിന്നാണ് അന്തര്‍ ദേശിയ വനിതാ ദിനമായ മാര്‍ച്ച് 8 നു ഞാനും ഷുക്കൂര്‍ വക്കീലും ഞങ്ങള്‍ 1994 ഒക്ടോബര്‍ ആറാം തിയതി നിക്കാഹ് വഴി നടത്തിയ വിവാഹം രജിസ്റ്റര്‍ ചെയ്തത് . ഞങ്ങളുടെ 3 പെണ്‍കുട്ടികളും രജിസ്ട്രേഷ നു സാക്ഷികളായിരുന്നു. എന്നാല്‍ ഇത് ഒരു ശാശ്വത പരിഹാരമല്ല . പാര്‍ട്ണര്‍ മരിച്ച ആള്‍ക്കോ വിവാഹബന്ധം വേര്‍പെടുത്തിയ ആള്‍ക്കോ ഈ രജിസ്ട്രേഷന്‍ സാധ്യമാവുകയില്ല .
ഇങ്ങിനെ SMA പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്കു ആക്ട് 1925 ആണ് ബാധകമാവുക. ഈ ആക്ടില്‍ സ്ത്രീപുരുഷ സമത്വവും ഭാര്യയുടെ അവകാശവും ഉറപ്പാക്കുന്നുണ്ട് .
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നതിനു മുന്‍പ് രാജ്യത്തെ വിവിധ ദേശങ്ങളില്‍ വ്യത്യസ്ത നിയമമാണ് ഉണ്ടായിരുന്നത് . വടക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആചാര നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് സ്വത്തവകാശം പോലും ഉണ്ടായിരുന്നില്ല. അത്തരം Customary നിയമങ്ങള്‍ ബ്രിട്ടീഷ് കോടതികള്‍ അംഗീകരിച്ചിരുന്നു, എന്നാല്‍ തെക്കേ ഇന്ത്യയില്‍ പ്രതേകിച്ച് മദ്രാസില്‍, അതില്‍ നിന്ന് വിഭിന്നമായി സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യമുണ്ടായിരുന്നു. മാപ്പിള മരുമക്കത്തായം നിയമം Mappila Succession Act , പോലുള്ള നിയമങ്ങളാണ് അന്ന് ഉണ്ടായിരുന്നത്’. ഇത്തരം ഒരു പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലെ മുസ്ലിംകള്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് നല്‍കിയ നിവേദനത്തിന്‍റെ പുറത്താണ് 1939 ല്‍ ശരീഅത്ത് അപ്ലിക്കേഷന്‍ നിയമം ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കിയത് ‘. വെറും 6 സെക്ഷന്‍ ഉള്ള നിയമം – വിവാഹം, വിവാഹമോചനം, കൃഷിഭൂമിയല്ലാത്ത ഭൂമിയിലെ അനന്തരാവകാശം, ചെലവ് ദത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ശരീഅത്താണ് ബാധകമെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത് . എന്നാല്‍ പ്രസ്തുത നിയമം എന്താണ് ശരീഅ എന്ന് നിര്‍വചിച്ചിട്ടില്ല .1906 ല്‍ D.H .Mulla എന്ന പണ്ഡിതന്‍ എഴുതിയ Principles of Mohammedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ കോടതികള്‍ എടുക്കുന്ന തീരുമാനങ്ങളാണ് പിന്നീട് രാജ്യത്ത് ശരീഅ എന്ന നിലയില്‍ സ്വികരിക്കപെട്ട് പോന്നിട്ടുള്ളത്. 1906 നു ശേഷം ഉണ്ടായിട്ടുള്ള സാമൂഹിക സാമ്പത്തിക സാംസ്കാരിക ശാസ്ത്രീയ മാറ്റങ്ങള്‍ അതുകൊണ്ടുതന്നെ ശരിഅ നിയമത്തില്‍ പ്രതിഫലിക്കുന്നില്ല’. എന്നാല്‍ 1939 ല്‍തന്നെ ആ നിയമത്തിലെ അപാകത മനസ്സിലാക്കി Dissolution of Muslim Marriages Act 1939 (സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിനായുള്ള നിയമം ) , Muslim Women Protection of Rights on Divorce, Act 1986 (വിവാഹമോചന ശേഷമുള്ള അവകാശങ്ങള്‍) Muslim Women Protection of Rights on Marriage Act 2019 മുത്തലാക്ക് തടഞ്ഞ നിയമം എന്നിവ രാജ്യത്തെ നിയമ നിര്‍മ്മാണ സഭകള്‍ അംഗീകരിച്ചു. ഈ മൂന്ന് നിയമങ്ങളും വ്യക്തമാക്കുന്നത് 1939 ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് മുസ്ലിം സ്ത്രീയുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയം ആണ് എന്നാണ്.
ആധുനിക ജനാധിപത്യ സാസ്കാരിക മൂല്യങ്ങളോട് ചേര്‍ന്ന് പോകാത്ത വ്യാഖ്യാനമാണ് Principles of Mohammedan Law യില്‍ സ്വത്തവകാശവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയുക.
മക്കളുടെ കാര്യത്തില്‍ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നതിന്‍റെ ഇരട്ടി സ്വത്തിന് അവകാശം ആണ്‍മക്കള്‍ക്ക് ഉണ്ട്. പെണ്‍മക്കള്‍ മാത്രമുള്ള കുടുംബത്തിന്‍റെ അവകാശം അതിലും സങ്കീര്‍ണ്ണമാണ്’ . ഒരൊറ്റ മകളാണെങ്കില്‍ ആ മകള്‍ക്ക് പകുതി അവകാശം മാത്രമെ ലഭിക്കൂ . ഒന്നില്‍ കൂടുതല്‍ പെണ്മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ക്കു സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം ലഭിക്കും – ബാക്കി സ്വത്തിനവകാശിയായി വരുന്നത് മരിച്ചയാളുടെ ( അത് ഉമ്മയാണെങ്കിലും, ഉപ്പയാണെങ്കിലും) സഹോദരന്മാരാണ്. എന്നാല്‍ ആണ്‍ മക്കള്‍ ഉണ്ടെങ്കില്‍ മരിച്ചയാളുടെ സഹോദരന് അവകാശമില്ല. ആണുണ്ടെങ്കില്‍ മാത്രമേ അച്ഛനമ്മമാരുടെ മുഴുവന്‍ സ്വത്തിനും മക്കള്‍ക്ക് അവകാശമുള്ളു എന്ന നിയമം കടുത്ത ലിംഗവേര്‍തിരിവാണ്.. ആണിനേക്കാള്‍ പെണ്‍കുട്ടിക്ക് പകുതി ഓഹരി അവകാശം കൊടുക്കുമ്പോഴും, ആണ്മക്കളില്ലാത്തവരുടെ സ്വത്തിന് പെണ്‍കുട്ടികളുടെ അവകാശം കുറയുമ്പോഴും നീതി നിഷേധമാണ് സംഭവിക്കുന്നത്.
മക്കളില്ലാതെ ഭര്‍ത്താവ് മരിച്ചാല്‍ അയാളുടെ സ്വത്തിന്‍റെ നാലില്‍ ഒരോഹരി മാത്രമേ ഭാര്യയ്ക്ക് ലഭിക്കു. ‘ മക്കളുണ്ടെങ്കില്‍ എട്ടിലൊന്നും. ഒന്നില്‍ കൂടുതല്‍ ഭാര്യമാരാണെങ്കിലും ആകെക്കൂടി ഈ ഓഹരി മാത്രമേ ലഭിക്കുംകയുള്ളൂ.
ഭര്‍ത്താവിന്‍റെ സമ്പത്ത് എന്നാല്‍ അത് അയാളുടെ മാത്രം അധ്വാനം കൊണ്ടും പ്രാപ്തി കൊണ്ടും ലഭിച്ചതല്ല . ഭാര്യയുടെ കൂടെ നിശ്ശബ്ദമായ സഹകരണത്തോടെ രേഖപ്പെടുത്തിയ അധ്വാനവും ത്യാഗവും ആ സ്വത്തിനുണ്ട് എന്ന് ആധുനിക മൂല്യ ബോധം നമ്മെ പഠിപ്പിക്കുന്നുണ്ട്.
മുസ്ലിം പിന്തുടര്‍ച്ചാവകാശനിയമത്തില്‍ ഏറ്റവും വലിയ അനീതിയായി നമുക്ക് തോന്നുന്നത് നേരത്തെ മരിച്ച മക്കളുടെ കുട്ടികള്‍ക്ക് അവകാശം നല്‍കാത്തതാണ്. പലപ്പോഴും ഇത് വലിയ അനീതിയും സാമൂഹ്യ അരാജകത്വത്തിന് കാരണമാവുകയും ചെയ്യാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ശരിയായ അര്‍ത്ഥത്തില്‍ അതിന്‍റെ ഉദ്ദേശലക്ഷ്യത്തോടെ വായിക്കുവാന്‍ തയ്യാറായാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാംമതവിശ്വാസികള്‍ക്കിടയില്‍ നിയമം അംഗീകരിച്ചിട്ടുള്ളതും നേരത്തെ മരിച്ച മക്കളുടെ പേരക്കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കുന്നതും ആയ സാഹചര്യം ആധുനിക ഗവേഷണത്തിലൂടെ മുസ്ലിം പണ്ഡിതന്മാര്‍ സാധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ ഒരു നീക്കത്തെ മുസ്ലിം പക്ഷത്ത് നില്‍ക്കുന്നവര്‍ വളരെ നെഗറ്റീവ് ആയ രീതിയിലാണ് സമീപിച്ചിട്ടുള്ളത്. പലപ്പോഴും അതുവഴി മരിച്ച മക്കളുടെ കുട്ടികള്‍ തെരുവില്‍ കഴിയേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.
മക്കള്‍ക്ക് സ്വത്ത് ലഭിക്കുന്നതില്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ട്. അതുപോലെ തന്നെ പേരക്കുട്ടികള്‍ക്ക്, നേരത്തെ അവരുടെ അച്ഛനും അമ്മയും മരിച്ചതിന്‍റെ പേരില്‍, സ്വത്തവകാശം നിഷേധിക്കുന്നുമുണ്ട് . ഇങ്ങനെ സ്വത്ത് ലഭിക്കാത്ത പേരക്കുട്ടികള്‍ക്കും, സ്വത്തില്‍ പാതി മാത്രം അവകാശമുള്ള പെണ്‍കുട്ടികള്‍ക്കും, അവരുടെ രക്ഷിതാക്കളെയും മാതാ-പിതാമഹരെയും സംരക്ഷിക്കുവാന്‍ നിയമം ഒരേ ഉത്തരവാദിത്വമാണ് നല്‍കുന്നത്. ക്രിമിനല്‍ നടപടി ചട്ടം എസ്.125 , മുതിര്‍ന്നപൗരന്മാരെയും രക്ഷിതാക്കളെയും സംരക്ഷിക്കുന്ന (Maintenance and Welfare of Parents and Senior Citizen Act 2007 ) നിയമം എന്നിവ സ്ത്രീപുരുഷ ഭേദമന്യേ എല്ലാ മക്കള്‍ക്കും തുല്യ ഉത്തരവാദിത്വമാണ് ഇന്ത്യയിലെ ഈ സെക്കുലര്‍ നിയമം നല്‍കുന്നത്. കൂടാതെ മുതിര്‍ന്ന പൗരന്മാരെയും രക്ഷിതാക്കളെയും സംരക്ഷിക്കുന്ന നിയമം പേരക്കുട്ടികള്‍ക്കും ഉത്തരവാദിത്വം നല്‍കുന്നുണ്ട്. അങ്ങനെ രാജ്യത്ത് ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ ഉത്തരവാദിത്വം നല്‍കേണ്ടി വരുന്ന ഘട്ടത്തില്‍ പോലും സ്ത്രീക്ക് പകുതി അവകാശം എന്ന വാദം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.
SMA (സ്പെഷല്‍ മാരേജ് ആക്ട് ). സെക്ഷന്‍ 15 പ്രകാരം ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സമയത്ത് വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം ഞങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്നായിരുന്നു. വാസ്തവത്തില്‍ അത് തെറ്റായ വ്യാഖ്യാനമാണ് . വിശുദ്ധഖുര്‍ആന്‍റെയും ഇസ്ലാം നല്‍കുന്ന തുല്യതാബോധത്തിന്‍റെയും അടിസ്ഥാനത്തിലാണ് അത്തരമൊരു ആശയം ഞങ്ങള്‍ക്ക് ഉണ്ടായത്. വിമര്‍ശിച്ചുകൊണ്ട് വ്യാപകമായി പറഞ്ഞ കാര്യങ്ങള്‍ അവര്‍ മക്കള്‍ക്ക് സ്വത്ത് എഴുതി നല്‍കിയാല്‍ മതിയല്ലോ എന്നാണ്. അതു പറയുമ്പോള്‍, ഇന്ത്യയില്‍ നിലവിലുള്ള പിന്തുടര്‍ച്ചാവകാശ നിയമം നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്ന് അംഗീകരിക്കുകയാണ് അത്തരം വാദം കൊണ്ട് ചെയ്യുന്നത്. രണ്ടാമത്തെ വാദം സഹോദരങ്ങള്‍ക്ക് സ്വത്തു കിട്ടുന്നതു ഒഴിവാക്കുന്നതിനു വേണ്ടിയും, മക്കള്‍ക്ക് മാത്രം അവ കിട്ടാന്‍ വേണ്ടിയുമുള്ള പരിപാടിയാണ് എന്നാണ്. എന്നാല്‍ ഞങ്ങളുടെ മൂത്ത സഹോദരന്‍ മുനീറിന്‍റെ ഭാര്യയാണ് വിവാഹത്തിന് ഒന്നാം സാക്ഷിയായിരുന്നത്’. മുനീറിന് നാല് ആണ്‍മക്കള്‍ മാത്രമാണുള്ളത്. സ്വത്ത് കൈമാറ്റം ആയിരുന്നില്ല ഈ പ്രശ്നത്തിലെ കാതല്‍, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് സ്വത്ത് നഷ്ടപ്പെടുന്നു എന്നതുമല്ല. ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികളായാലും സമൂഹത്തില്‍ ഇതര സമുദായത്തിലെ (ക്രിസ്ത്യന്‍, ഹിന്ദു, മതവിശ്വാസം ഇല്ലാത്തവര്‍ തുടങ്ങിയ) പെണ്‍കുട്ടികളും ആണ്‍കുട്ടികളും അനുഭവിക്കുന്ന തുല്യതാബോധം മുസ്ലിംപെണ്‍കുട്ടികള്‍ക്കും ഉണ്ടാകണം എന്നാണ്. നമ്മുടെ ഭരണഘടനയുടെ അനുഛേദം 14, 21 എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്കു കൂടി ലഭ്യമാക്കേണ്ടതുണ്ട്. അത്തരം ഒരു ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ത്തുന്നത്/ ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ചര്‍ച്ച ഉയര്‍ത്തുക എന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണ് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ തന്നെ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത് .
COMMENTS