ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ (സി.എ.എ) മുസ്ലിംസ്ത്രീകള്‍ നേതൃത്വം നല്‍കിയ സമരങ്ങളെല്ലാം തന്നെ ഇസ്ലാമിക ഫെമിനിസത്തിന്‍റെ ഭാഷയിലാണ് വായിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ മുസ്ലിം സ്ത്രീയുടെ മതപരതയോ (religiostiy)/ ഇസ്ലാമോ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളില്‍ കടന്നു വന്നിട്ടുണ്ടോ എന്ന അന്വേഷണം പ്രധാനമാണെന്ന് തോന്നുന്നു. അതോടൊപ്പം തന്നെ ദേശീയഹിന്ദുത്വ വിവരണങ്ങള്‍ മുസ്ലിം സ്ത്രീയെയും പുരുഷനെയും സ്ഥാനപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണെന്നും പരിശോധിക്കേണ്ടതുണ്ട്. മുസ്ലിം സ്ത്രീയുടെ ശരീരവും മതപരതയും ആഗോള വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നവലിബറല്‍ സ്ത്രീവാദികളും വ്യക്തിഗത സ്ത്രീവാദത്തിലേക്ക് മാത്രമായി ചുരുക്കി എന്ന് സാറാ ഫാരിസ് തന്‍റെ In the Name of Women’s Rights: The Rise of Femonationalism എന്ന പഠനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സമാനമായി മുസ്ലിംസ്ത്രീയെ ദേശശരീരത്തിലേക്ക് സ്വാംശീകരിക്കപ്പെട്ട ദേശീയവാദിയായും (the ideal Muslim citizen) സ്ത്രീവാദഭാഷ കൈവരിക്കാത്തവരുമായാണ്. ഇന്ത്യയിലെ സവര്‍ണ ഹിന്ദു ലിബറല്‍ വ്യവഹാരങ്ങള്‍ സ്ഥാനപ്പെടുത്തുന്നത് (മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശ്രദ്ധിക്കുക). ലിംഗനീതിയുടേയും സ്ത്രീവാദത്തിന്‍റേയും ഭാഷ മുസ്ലിംസ്ത്രീകള്‍ സ്വീകരിക്കുമ്പോഴാകട്ടെ അവ മുസ്ലിം പുരുഷന്‍റെ അപരവത്കരണവുമായി ബന്ധപ്പെട്ട ഇസ്ലാമിക ആണ്‍കോയ്മയെക്കുറിച്ചുള്ള വിവരണങ്ങളിലേക്കാണ് ചെന്നെത്താറുള്ളത്. സി.എ.എ/എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരണങ്ങളില്‍ മതപരതയും, സാമുദായികതയും (communtiy), പുരുഷനെയും മറികടക്കുന്ന മുസ്ലിം സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കപ്പെട്ടത്. ഇത് ‘ജ്ഞാനോദയം’ (enlightenment) ലഭിച്ച് ഒടുവില്‍ പൊതുയിടവും പ്രക്ഷോഭയിടങ്ങളും അവകാശപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ കൂട്ടായ്മ എന്ന രീതിയിലുള്ള ലിബറല്‍ മാനവികവാദവുമായി ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. ഇത്തരത്തില്‍ കീഴാള സ്ത്രീകളെയും പോരാട്ടങ്ങളെയും അവരുടെ മതം/പുരുഷന്മാര്‍/സാമുദായികത എന്നിവയില്‍ നിന്നും അടര്‍ത്തി മാറ്റി, ലിബറല്‍ വ്യക്തിവാദത്തിന്‍റെ ചട്ടക്കൂടിലൂടെ വായിക്കുന്നതിനെ അപകോളനീകരണവാദികളും (decolonial) അന്തര്‍വിഭാഗീയവാദികളുമായ (intersectional) കറുത്ത സ്ത്രീവാദികള്‍ (black feminists) വിമര്‍ശിച്ചിട്ടുണ്ട്.
മുസ്ലിം ഗാര്‍ഹികതയുടെ അഫക്റ്റീവ് (affective) ഇടങ്ങള്‍ ബുര്‍ഖയും ഹിജാബും ധരിച്ച മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളുടെ ഭാഗമാക്കുന്ന കാഴ്ചയാണ് സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ വലിയ തോതില്‍ അടയാളപ്പെടുത്തിയത്. പല മുഖ്യധാര സ്ത്രീപക്ഷ എഴുത്തുകളും ദേശരാഷ്ട്രത്തിനെതിരായി പൊതുമണ്ഡലത്തിലേക്ക് കടന്നു വരാനും സ്ത്രീവാദത്തെ ഉള്‍ക്കൊള്ളാനും പ്രാപ്തിയുള്ളവരായി മുസ്ലിം സ്ത്രീകളെ സ്ഥാനപ്പെടുത്തി. എന്നാല്‍ ഈ വിവരണങ്ങള്‍ എല്ലാം തന്നെ മുസ്ലിം സ്ത്രീകളുടെ സാമുദായികവും (communitarian) വിശുദ്ധവുമായ (sacred) പ്രകടനാത്മകതയെ അവഗണിച്ചുകൊണ്ട് മുസ്ലിം പൗരോഹ്യത്തില്‍ നിന്നും വിടുതല്‍ നേടിയ മുസ്ലിം സ്ത്രീയുടെ ഒരു ‘ഫെമിനിസ്റ്റ് മോമെന്‍റ് (feminist moment) ആയാണ് വായിക്കപ്പെട്ടത്. അതിലൂടെ അരാഷ്ട്രീയ സ്വകാര്യ മണ്ഡലത്തില്‍ (the apolitical domestic) നിന്നും മതേതര/യുക്തിയുടെ പൊതു മണ്ഡലത്തിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ രേഖീയമായ (teleological) ചലനങ്ങളായാണ് രേഖപ്പെടുത്തിയത്.
ആധുനികതയിലൂന്നിയുള്ള സ്ത്രീപക്ഷ പൊതുമണ്ഡലം/അരാഷ്ട്രീയ ഇസ്ലാമിക സ്വകാര്യ മണ്ഡലം (the apolitical Muslim domestic) എന്ന ദ്വന്ദത്തിലൂന്നിയുള്ള ഇത്തരം വായനകള്‍ മുസ്ലിം സമുദായത്തിന്‍റെ സ്ഥലപരമായ രൂപത്തെ (spatial configuration) മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. മുസ്ലിം സമുദായത്തിലെ ഗാര്‍ഹിക മണ്ഡലത്തെക്കുറിച്ചുള്ള പഠനങ്ങള്‍, ‘മുസ്ലിം ഗാര്‍ഹികതയെ’ (domestictiy) സാമൂഹികവും സാമ്പത്തികവും മതപരവുമായ മുസ്ലിം സമുദായിക രൂപത്തിന്‍റെ കേന്ദ്രമായി സ്ഥാനപ്പെടുത്തുന്നുണ്ട്. മുസ്ലിംഗാര്‍ഹികതയും സ്ത്രീകളുടെ ഇടങ്ങളും മുസ്ലിങ്ങളുടെ പൊതു മണ്ഡലത്തെ നിര്‍വചിക്കുന്നതില്‍/രാഷ്ട്രീയം എന്ന പൊതു സജ്ഞയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നു മക്ലാര്‍ണേ Soft Force: Women in Egypts Islamic Awakening എന്ന പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുസ്ലിം സംഘടനകള്‍ വഴിയും അല്ലാതെയും ഉള്ള സ്ത്രീകളുടെ സംഘാടനവും പുരുഷന്മാര്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ വീടുകളിരുന്നു വ്രതമനുഷ്ഠിക്കുന്നതും മതപരതയുള്ള മുസ്ലിം സ്ത്രീകള്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും മുസ്ലിം ഗാര്‍ഹികതയുടെ പദസങ്കേതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്.
സ്വകാര്യ മണ്ഡലത്തില്‍ നിന്നും പൊതു മണ്ഡലത്തിലേക്കുള്ള രേഖീയമായ പുരോഗതി എന്നതിനപ്പുറം മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ഗാര്‍ഹികതയുടെ വ്യാപനമായിട്ടു കൂടിയാണെന്ന് വായിക്കേണ്ടതുണ്ട്. ഈ പ്രക്ഷോഭങ്ങളിലെ മുസ്ലിം സ്ത്രീകളുടെ പ്രകടനാത്മകതയിലെ മതപരമായ മുഹൂര്‍ത്തം നിര്‍മ്മിക്കുന്ന പുതിയൊരു ഭാഷ പൊതു മണ്ഡലത്തിലെ സവര്‍ണ യുക്തിയില്‍ വിള്ളലുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ ഗെയില്‍ പൈപ്പ് ലൈനിന് എതിരായ പ്രക്ഷോഭങ്ങളില്‍ ഭാഗമായ മുസ്ലിം സ്ത്രീകള്‍ പറഞ്ഞത് ‘ഇത് അല്ലാഹുവിന്‍റെ ഭൂമിയാണ്, ഇവിടെ നിന്നും ഞങ്ങളെ ആര്‍ക്കും പുറത്തതാക്കാനാകില്ല എന്നാണ്.’ ഇത്തരം അട്ടറന്‍സസ് (utterances) രാഷ്ട്രാനന്തര (post – state) വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ജാമിയയിലെ സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ലദീദ സഖലൂന്‍ ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം: “ഞങ്ങള്‍ അല്ലാഹുവിനെ മാത്രമേ ഭയക്കുന്നുള്ളൂ, അവനെ മാത്രമേ വണങ്ങുകയുമുള്ളൂ.”
ദേശ രാഷ്ട്രത്തെയും നിയമപരതയെയും ഭൗമാതിര്‍ത്തികളെയും ഭേദിക്കുന്ന വിമോചനത്തിന്‍റെ ഭാഷ ഈ മുസ്ലിം സ്ത്രീകളുടെ മതപരമായ ആവിഷ്കാരങ്ങളില്‍ ഉണ്ട്. ഇത്തരത്തില്‍ വാചികവും ശാരീരികവുമായ ഭാഷയിലെ ഇസ്ലാമികതയുടെ അടിസ്ഥാനം എന്നത് ജെന്‍ഡേര്‍ഡ് (gendered) ആയ മുസ്ലിം ഗാര്‍ഹികതയും പള്ളികളുടെ വിശുദ്ധ മണ്ഡലവുമാണ്. (പൊതു മണ്ഡലത്തില്‍ ‘പ്രത്യക്ഷപ്പെടാത്ത’) മുസ്ലിം വീടുകളിലെ ഉമ്മമാര്‍ ഷഹീന്‍ ബാഗിലെയും മറ്റും പ്രക്ഷോഭക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും പ്രവാചക ചരിത്രത്തിലെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് വിവരിക്കുന്നതും പ്രവാചകന്‍റെ മക്കയില്‍ നിന്നുള്ള പലായനത്തെ കുറിച്ച് വിവരിക്കുന്നതും വ്രതമനുഷ്ഠിക്കുന്നതും അല്ലാഹുവിന്‍റെ ഭൂമിയില്‍ അധിവസിക്കാനുള്ള അവരുടെ അവകാശത്തെ ദൃഢീകരിക്കാനാണ്. ഇതൊക്കെ മുസ്ലിം പ്രക്ഷോഭ മണ്ഡലങ്ങളുടെ രൂപീകരണത്തിന്‍റെ ചില സൂചക ങ്ങളാണ്. ഷഹീന്‍ ബാഗിലെ മുസ്ലിം സ്ത്രീകള്‍ വ്രതമെടുത്തപ്പോള്‍ പള്ളികളിലെ വെള്ളിയാഴ്ച ഖുതുബകളില്‍ പ്രവാചകന്‍ മൂസയുടെയും ഏകാധിപതി ഫറോവയുടെയും ചരിത്രമാണ് വിവരിച്ചത്. ഇങ്ങനെ പ്രത്യക്ഷത്തിലുള്ള മുസ്ലിം ഗാര്‍ഹികതയുടേയും പ്രക്ഷോഭമണ്ഡലങ്ങളുടേയും പരസ്പര ബന്ധം പൊതുമണ്ഡലത്തെ ക്കുറിച്ച് വായനകള്‍ പുനരാലോചിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഹിന്ദുത്വ ദേശരാഷ്ട്രത്തിനെതിരായ പ്രക്ഷോഭങ്ങളെ നിര്‍ണയിക്കുന്ന മുസ്ലിം മതപരതയും ഇസ്ലാമിക പ്രകടനാത്മകതയും സൂചിപ്പിക്കുന്നത് സവിശേഷമായ അപകോളനീകരണ മുഹൂര്‍ത്തമാണ്. അടിമത്തത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഭാഗമായ കറുത്തവരുടെ ആത്മീയതയെക്കുറിച്ചുള്ള In the Morning, When I Rise My Hands in Spiritual Soil എന്ന പഠനത്തില്‍ ഫ്ളെട മാസ്ക് ജാക്സണ്‍ ആഫ്രിക്കയിലെ വിശുദ്ധമായ ഗാര്‍ഹിക മണ്ഡലത്തെ (‘the sacred domestic’) കുറിച്ച് പ്രതിപാദിക്കുന്നുണ്ട് ആചാരങ്ങളും ആഫ്രിക്കന്‍ വിശ്വാസ പ്രമാണങ്ങളും പൗരാവകാശത്തെക്കുറിച്ചുള്ള ഉപായങ്ങളും കൂടിച്ചേര്‍ന്ന സ്ത്രീകള്‍ ഭാഗമായ ആത്മീയ സങ്കേതം (spiritual sanctuary) എന്നാണു അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആഫ്രിക്കന്‍/മുസ്ലിം വീടുകളിലെ ആത്മീയമായ ഗാര്‍ഹിക മണ്ഡലം പ്രക്ഷോഭ മണ്ഡലങ്ങളെ നിര്‍ണയിക്കുന്ന ഘടകമായി ഉയര്‍ന്നു വരുന്നത് കീഴാള/ന്യുനപക്ഷ സമുദായികതയുടെ സവിശേഷ ഘട്ടത്തെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വായനകള്‍ അപനിര്‍മ്മിക്കുന്നത് (സമുദായികതയുടെ) സ്വകാര്യ മണ്ഡലത്തില്‍ നിന്നും വിമോചനപരമായ പൊതു മണ്ഡലത്തിലേക്കുള്ള സ്ത്രീകളുടെ പുരോഗമന ചലനത്തെ കേന്ദ്രീകരിച്ചുള്ള സ്ത്രീവാദ സംജ്ഞകളെ കൂടിയാണ്.
ഹിന്ദുത്വവും ന്യൂനപക്ഷ ആണത്തങ്ങളും
മേല്‍ സൂചിപ്പിച്ചതു പോലെ സമുദായികതയുടേയും മുസ്ലിം ഗാര്‍ഹികതയുടേയും ഉള്ളടക്കമുള്ള സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ മുസ്ലിം പുരുഷനെ സൂചകമായും (signifier) സൂചിതമായും (signified) സ്ഥാനപ്പെടുത്തുന്നു. മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങള്‍ നയിക്കുകയും ശാരീരിക അതിക്രമങ്ങള്‍ നേരിടുകയും ചെയ്യുമ്പോള്‍ തന്നെ മറ്റൊരു തലത്തില്‍ മുസ്ലിം പുരുഷനും സമുദായികതയും ദുര്‍ബലമാകുന്നുണ്ട്. ഇത് മുസ്ലിം സ്ത്രീയെയും പുരുഷനെയും മുസ്ലിം സാമൂഹികതയുടെ ഒരൊറ്റ അച്ചുതണ്ടായി (single axis) വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പല സന്ദര്‍ഭങ്ങളില്‍ മുസ്ലിം പുരുഷന്‍റെ ശരീരം ദുര്‍ബലമാക്കപ്പെടുന്നതിനെ കുറിച്ച് ബറൂച്ചയുടെ Terror and Performance എന്ന പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എമസ്കലേറ്റഡ് (emasculated) മുസ്ലിം പുരുഷന്‍ എന്നത് ഹിന്ദുത്വയുടെ പോസ്റ്റ് സി.എ.എ. ആഖ്യാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രുപകമാണ്. മുസ്ലിം സ്ത്രീകള്‍ പൊതു മണ്ഡലത്തിന്‍റെ ഭാഗമാകുന്നതിനെ ലിബറല്‍ വിവരണങ്ങള്‍ ഊന്നല്‍ നല്‍കുമ്പോള്‍, മുസ്ലിം പുരുഷന്മാരെ ആണത്തം നഷ്ടപ്പെട്ടവരായിട്ടാണ് ഹിന്ദുത്വ ചിത്രീകരിക്കുന്നത്. ‘സ്ത്രീകളെ പുറത്തിറക്കി, പുരുഷന്മാര്‍ അകത്തിരിക്കുകയാണ്’ എന്ന് ഷഹീന്‍ ബാഗിലെ പ്രക്ഷോഭകാരികളോട് അമിത് ഷാ പറഞ്ഞ വാചകം അനുബന്ധമായി വായിക്കാം. സമാനമായി ജാമിയയിലെ വിദ്യാര്‍ത്ഥിനിയായ ആയിഷ റെന്ന പോലീസിനെ തിരെ വിരല്‍ ചൂണ്ടിയ ചിത്രം പൊതു ശ്രദ്ധ നേടിയപ്പോള്‍, ബിജെപി, ഐ ടി സെല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആ ചിത്രത്തിലുണ്ടായ ഷഹീന്‍ അബ്ദുല്ലയെ കുറിച്ചാണ്. ഹിന്ദുത്വ ഫാലിക് സ്റ്റേറ്റിനും (Hindutva phallic state) പോലീസിന്‍റെ ആണത്തത്തിനും വിപരീതമായി സ്ത്രീകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന സ്ത്രെെണവത്കരിക്കപ്പെട്ടവരായാണ് മുസ്ലിം പുരുഷന്മാരെ ചിത്രീകരിക്കുന്നത്. എന്നാല്‍ മുസ്ലിം ശരീരത്തിലെ ആണത്തത്തിന്‍റെ ആധിക്യത്തെ (excessive masculintiy) നിര്‍മൂലനം ചെയ്യുന്നത് (ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിനില്‍ക്കുന്ന) വംശഹത്യയിലൂടെയും, അതിക്രമത്തിലൂടെയും തുറുങ്കിലടച്ചുമാണ് (ഷാര്‍ജീല്‍ ഇമാമാണ് അതിന്‍റെ ഒടുവിലത്തെ ഇര).
മുസ്ലിംപുരുഷന്മാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയും മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്തും ന്യൂനപക്ഷ ശരീരങ്ങളെ വേട്ടയാടിയുമാണ് ഹിന്ദുത്വ അവരുടെ ‘ആണത്തത്തെ’ പ്രകടിപ്പിക്കുന്നത്. ഇങ്ങനെ ഹിന്ദുത്വ ആക്രമണങ്ങളെ ലിംഗവത്കരിക്കുന്നത് മുസ്ലിം/ന്യൂനപക്ഷലിംഗഭേദ രാഷ്ട്രീയത്തിന്‍റെ പുനര്‍വായനക്ക് വഴിയൊരുക്കുന്നുണ്ട്. തങ്ങളുടെ കുട്ടികളുടേയും പുരുഷന്‍മാരുടേയും അതിജീവനം ഉറപ്പുവരുത്താനുള്ള കറുത്ത സ്ത്രീകളുടെ സാമുദായിക പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്ന പാട്രീഷ്യ ഹില്‍ കോളിന്‍ സിന്‍റെ പഠനം (2019) ഈ വിഷയത്തില്‍ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. അങ്ങനെയുള്ള കറുത്ത സ്ത്രീവാദ ചിന്തയെ വികസിപ്പിച്ചു കൊണ്ട് മുസ്ലിം ലിംഗഭേദ രാഷ്ട്രീയത്തെ പുനര്‍വായിക്കുമ്പോള്‍, ‘ജയ് ശ്രീരാം’ എന്ന് ഉരുവിടാന്‍ വിസമ്മതിക്കുകയും അതിന്‍റെ പേരില്‍ ആള്‍ക്കൂട്ട അതിക്രമത്തിനിരയാകുകയും ചെയ്യുന്ന മുസ്ലിം പുരുഷډാരുടെ പ്രതിരോധവും വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്. മരണത്തെ മുന്നില്‍ കണ്ടു കൊണ്ടുള്ള മുസ്ലിം പുരുഷډാരുടെ ഈ വിസമ്മതം/നിഷേധം മരണത്തെക്കുറിച്ച് പദ സങ്കേതത്തെ നിഷ്ക്രിയമായ മരണം എന്നതില്‍ നിന്നും സക്രിയമായ പ്രതിരോധമായി പരിവര്‍ത്തിപ്പിക്കുന്നുണ്ട്. ന്യൂ ഒര്‍ലാന്‍സിലെ പരിസരപ്രദേശങ്ങളില്‍ വെളുത്ത പുരുഷന്‍റെ വംശീയ ആള്‍ക്കൂട്ട ആക്രമണത്തിനിരയാകുന്ന കറുത്ത പുരുഷന്മാരുടെ മരണത്തെ ഇഡാ ബി വെല്‍സ് (2014) അടയാളപ്പെടുത്തുന്നത് ഒരു ‘എനേബിലെര്‍’ (enabler) ആയാണ്. കറുത്ത പുരുഷന്മാരുടെ ലൈംഗികതയെ കുറിച്ച ഉല്‍കണ്ഠയാണ് അത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതെ സമയം കറുത്ത പുരുഷന്മാര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നത് വെള്ളക്കാരുടെ ഭരണകൂടവും ആണത്തവും ആണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വെല്‍സ് സൂചിപ്പിക്കുന്നത് പോലെ, കറുത്ത പുരുഷന്മാര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട അതിക്രമങ്ങളെ നിര്‍ണയിക്കുന്ന സ്ഥലപരമായ അന്യത്വവും ഭൂരിപക്ഷ/ ‘ഭരണകൂട ആണത്തവും’ മുസ്ലിംപുരുഷനെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള ലിംഗഭേദപരമായ പദസങ്കേതം വികസിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
വികലമാക്കപ്പെട്ട മുസ്ലിം പുരുഷ ശരീരത്തോടുള്ള ലിബറല്‍ സഹാനുഭൂതിയും ഹിന്ദുത്വയുടെ ആണത്ത ആനന്ദങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇസ്ലാമിക ആണ്‍കോയ്മയെക്കുറിച്ചും മുസ്ലിം പുരുഷനെ മുസ്ലിം സ്ത്രീയുടെ അപരനായും ചിത്രീകരിക്കുന്ന സ്ത്രീപക്ഷ വായനയുടെ പരിമിതിയാണ്. സാമുദായികതയിലൂന്നിയുള്ള മുസ്ലിം ലിംഗഭേദ രാഷ്ട്രീയം (communitarian gender politics) മതവും ജാതിയും സമുദായവും സ്ത്രീയെ അസ്ഥിരമാക്കുന്നുണ്ടെന്ന ഇന്ത്യയിലെ മുഖ്യധാരാ സ്ത്രീപക്ഷ ചിന്തയെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ഇത് ഹിന്ദുത്വ നിര്‍മ്മിച്ച ‘മുസ്ലിം ആണത്തങ്ങളെ’ സ്ഥാനപ്പെടുത്തേണ്ട ആവശ്യകത പ്രതിപാദിക്കു ന്നുണ്ട്.അതിലൂടെ സി.എ.എ/എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിര്‍ണ്ണായകമായ (മുസ്ലിം) സാമുദായികതയെ അടയാളപ്പെടുത്താനും മുസ്ലിം പുരുഷനില്‍ നിന്നും ഇസ്ലാമില്‍ നിന്നും അടര്‍ത്തി മാറ്റിയുള്ള ‘ജ്ഞാനോദയം ലഭിച്ച’ മുസ്ലിം സ്ത്രീകളെ കുറിച്ച ലിബറല്‍ സ്ത്രീ വായന തിരുത്താനും സാധ്യമായേക്കാം.
പിന്‍കുറിപ്പ് : ഡല്‍ഹിയില്‍ മുസ്ലിം വിരുദ്ധ വംശഹത്യ ഏറ്റവും കൂടുതല്‍ ബാധിച്ച ഇടങ്ങളില്‍ ഒന്നാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ നസ്ബന്ദി കോളനി. വന്ധ്യംകരിക്കപ്പെടാന്‍ തയ്യാറാണ് എന്ന ഉറപ്പിന് പകരമായാണ് ആളുകള്‍ ഇവിടെ താമസിക്കപ്പെടുന്നത്.
COMMENTS