Homeചർച്ചാവിഷയം

മുഖം മൂട്, അവര് കാണണ്ട

ദിവ്യ ഗോപിനാഥ്

ന്‍റെ പേര്… അയ്യോ പേര് പറയരുതെന്നാണ് എല്ലാരും പറയാറ്. നമ്മുടെ ഐഡന്‍റിറ്റി പുറത്ത് വിടരുതെന്ന്.

നമ്മളെ ഒരാള്‍ ഏത് രീതിയില്‍ ശല്യം ചെയ്താലും അതിന് ബലിയാടാവേണ്ടിവരുന്നത് നമ്മളാണ് പോലും.
മുഖം മൂട്, അവര് കാണണ്ട

എന്നെ അയാള്‍ ഉപദ്രവിച്ചു ഞാന്‍ എന്താ ചെയ്യണ്ടേ ?
ഇത് ആരോടും പറയണ്ട, ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് ദോഷമെന്ന് കേട്ടിട്ടില്ലേ…

“ചേച്ചി..പുറകിലിരിക്കുന്നയാള്‍ വല്ലാതെ ഉപദ്രവിക്കുന്നു..എനിക്ക് പേടിയാവുന്നു.”

“അതിനെന്തിനാ പേടിക്കണേ? നീ അങ്ങോട്ടേക്ക് മാറിയിരുന്നാല്‍ പോരെ? അപ്പൊ പ്രശ്നമൊന്നും ഉണ്ടാവില്ല.”

“ഈ സമയത്ത് എന്തിനാ നീ പുറത്ത് പോണത് ?
നീ ഇപ്പോള്‍ പോകണ്ട. അവിടെയൊക്കെ വൃത്തികെട്ട ആള്‍ക്കാര്‍ ഉണ്ടാവും”. നാട്ടില്‍ ‘ഇങ്ങനത്തെ’ ആള്‍ക്കാര്‍ ഉള്ളതുകൊണ്ട് എനിക്ക് ചെയ്യണ്ട കാര്യങ്ങള്‍ മാറ്റിവെച്ച് ഞാന്‍ പുറത്ത് പോകാതിരിക്കണോ?

ഇവന്മാരൊക്കെ അല്ലേ പുറത്തിറങ്ങാന്‍ മടിക്കേണ്ടത്?
ഇവരൊക്കെ പുറത്തിറങ്ങി നടക്കുകയും, നമ്മളെയൊക്കെ അകത്ത് ഇരുത്തുകയുമാണോ വേണ്ടത്?
ഇതൊക്കെയാണോ ശരിയായ വഴി എന്ന് ആലോചിച്ചു തുടങ്ങിയ നിമിഷം മുതലാണ് ഞാന്‍ സ്വയം മനസ്സിലാക്കി തുടങ്ങിയത്,ഇന്ന് വരെ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തെ ഞാന്‍ എങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്ന്.

നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍, നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍, നമുക്കിഷ്ടമുള്ള സമയത്ത് സഞ്ചരിക്കാന്‍ ,നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍, നമുക്കിഷ്ടമുള്ള ജോലിചെയ്യാന്‍ നേടിത്തന്നു എന്നുപറയുന്ന സ്വാതന്ത്ര്യത്തെ ,എങ്ങിനെ നമ്മള്‍ ഉപയോഗിക്കണമെന്ന്
ഡിസൈന്‍ ചെയ്യുന്നത് നമുക്ക് ചുറ്റുമുള്ള സമൂഹമാണെന്ന തിരിച്ചറിവിലാണ്, എന്‍റെ സ്വാതന്ത്ര്യം എനിക്ക് ചുറ്റും ഉള്ളവരല്ല ഞാനാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മനസിലാക്കുകയും ,ഇന്നുകാണുന്ന രീതിയിലേക്ക് എന്നെ തന്നെ മോള്‍ഡ് ചെയ്യുകയും ചെയ്തത്.

 

ഒരുപാട് യാത്രകള്‍, ഒരുപാട് ആളുകളുമായുള്ള ചര്‍ച്ചകള്‍ ,വ്യത്യസ്തമായ ചിന്താധാരകള്‍ എല്ലാം എന്‍റെ ജീവിതത്തെ ഏറെ സ്വാധീനിക്കുകയും എന്‍റെ സ്വഭാവരൂപീകരണത്തിനും വളര്‍ച്ചയ്ക്കും അത് ഗുണമാവുകയും ചെയ്തിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു കാലത്താണ് എന്‍റെ കലാലയവുമായി ബന്ധപ്പെട്ട നാടക കലോത്സവം വരുകയും നാടകത്തില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള കുട്ടികളെ തേടുകയും ചെയ്തത്. ചെറുപ്പം മുതലേ കണ്ണാടിക്കു മുമ്പില്‍ നിന്ന് മറ്റൊരാളുടെ വേഷം പകര്‍ന്നാടാന്‍ ഇഷ്ടമുള്ള ഒരാളായിരുന്നു ഞാന്‍. രാജകുമാരിയായും, വലിയൊരു നര്‍ത്തകിയായും ഡോക്ടറായും, ടീച്ചറായും ,വയലിലെ പണിക്കാരിയാകും , പോലീസ് ഓഫീസറായും അങ്ങിനെ
എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ പകര്‍ന്നാടാനും എനിക്ക് ഇഷ്ടമായിരുന്നു. അങ്ങനെ ഞാന്‍ എന്‍റെ കോളേജില്‍ അഞ്ച് വര്‍ഷവും നാടക സംഘത്തിന്‍റെ ഭാഗമാകുകയും, കലോത്സവങ്ങളില്‍ പങ്കെടുക്കുകയും വിജയങ്ങള്‍ കൈവരിക്കുകയും ചെയ്തു.അതിനെത്തുടര്‍ന്നാണ് നാടകം വളരെ കാര്യമായി പഠനവിഷയമാക്കിയാലോ എന്നൊരു ആലോചന തോന്നിയത് .പക്ഷേ അവിടെയും വീണ്ടും ആശങ്കകള്‍ തന്നെയാണ് ഉണ്ടായത്. കുടുംബാംഗങ്ങളുടെ ആശയക്കുഴപ്പങ്ങള്‍, സമൂഹം എങ്ങനെ നോക്കിക്കാണുമെന്ന പേടികള്‍ , ശരിക്കും ആ ചര്‍ച്ചകളില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായത് അവര്‍ പറയാന്‍ ശ്രമിക്കുന്നത് ഈ ചുറ്റുപാടും അത്ര ശരിയല്ല ‘നീ സൂക്ഷിക്കണം’ , ആളുകള്‍ ഒന്നും ശരിയല്ല ‘നീ സൂക്ഷിക്കണം’ അങ്ങനെ ഒരുപാട്പേര്‍ ശരിയല്ലാത്തതു കൊണ്ട് നീ സൂക്ഷിക്കണം എന്ന് ചെറുപ്പം മുതല്‍ കേട്ടുവളര്‍ന്ന എനിക്ക് അവരുടെ ആ ആകുലതകളെ മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ, എന്‍റെ ഇഷ്ടങ്ങളെയും ഏറെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ഇഷ്ടമുള്ള വഴി തന്നെ സ്വയം തിരഞ്ഞെടുത്തു മുന്നോട്ടു നടക്കാന്‍ തുടങ്ങുകയും എന്‍റെ ജീവിതത്തിലെ മറ്റൊരു ഘട്ടമായ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം ആരംഭിക്കുന്നതും. അവിടുത്തെ ചുറ്റുപാടും എനിക്ക് തികച്ചും പുതുമയുള്ളതായിരുന്നു.

100 ആണ്‍കുട്ടികള്‍ പഠിക്കുമ്പോള്‍ കൂടിപ്പോയാല്‍ 8 പെണ്‍കുട്ടികളാണ് അവിടെ പഠിക്കാന്‍ എത്തുന്നത്. ഞാന്‍ നേരത്തെ പറഞ്ഞ നീ സൂക്ഷിക്കണം എന്നുള്ള വാക്കുകള്‍ തരണം ചെയ്ത് സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ പലര്‍ക്കും കഴിയാത്തത് കൊണ്ടാവാം 100 ആണ്‍കുട്ടികള്‍ ഉള്ളിടത്ത്
8 പെണ്‍കുട്ടികളെ മാത്രം കാണാന്‍ കഴിഞ്ഞത്. ഈ അവസ്ഥകളെ ഒക്കെ കാലം മാറ്റി മാറ്റിയെടുക്കും എന്ന് വിശ്വസിക്കാന്‍ തന്നെയാണ് ഇന്നും എനിക്കിഷ്ടം. അതിനുള്ള പോരട്ടങ്ങളാണ് ഓരോ സ്ത്രീയുടെയും ശബ്ദമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഓരോ പെണ്‍കുട്ടിയും അവരുടെ വഴി സ്വയം കണ്ടെത്തുമ്പോള്‍, ആ വഴിയില്‍ വരുന്ന എല്ലാ കല്ലും,മുള്ളും നമുക്കു ചുറ്റുമുള്ള സമൂഹം നമ്മുടെ മുന്നിലേക്കെറിഞ്ഞ് നമ്മളെ വീഴ്ത്താന്‍ ശ്രമിക്കുമെന്നറിഞ്ഞിട്ടും, ആ പ്രശ്നങ്ങള്‍ എല്ലാം തരണം ചെയ്ത് അതിലൂടെ തന്നെ ഓരോ നിമിഷവും
വളരെ സൂക്ഷിച്ച് മുന്നോട്ട് നടക്കുന്നത്.

അങ്ങനെ സ്കൂള്‍ ഓഫ് ഡ്രാമ ജീവിതത്തില്‍ ,സ്വയം തിരഞ്ഞെടുത്ത വഴികളില്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് സിനിമ എന്ന മാസ്മരികമായ ഒരു മീഡിയത്തിലേക്ക്, അഭിനയിക്കാന്‍ എനിക്ക് ഒരു അവസരം വരുന്നത്. അവിടെയും ഉണ്ടായിരുന്നു ‘നീ സൂക്ഷിക്കണം’ ഇതൊരു ചെറിയ ഇടമല്ല നിനക്ക് ചുറ്റും ഒരുപാട് ആളുകളുണ്ട് എന്ന അതേ പ്രയോഗങ്ങള്‍ ചെവിയില്‍ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നത്. പക്ഷെ ഇതിനെല്ലാമപ്പുറം ,ഞാന്‍ എപ്പോഴും എന്‍റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമാണ് പ്രാമുഖ്യം കൊടുത്തിരുന്നത് എന്നുള്ളതുകൊണ്ട് തന്നെ ഞാന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ച്, എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു .എന്‍റെ സിനിമയിലുള്ള അഭിനയം എന്ന മോഹത്തിന്‍റെ തുടക്കം അവിടെ
സാക്ഷാത്കരിച്ചു. ആ വഴിയിലെ തുടക്കത്തില്‍ വന്ന ചെറിയ കല്ലുകള്‍ എല്ലാം കയ്യിലെടുത്ത് ശക്തിയായി ഞാന്‍ ദൂരേക്കെറിഞ്ഞു. പക്ഷേ ഒരു ഘട്ടത്തില്‍ വഴിയില്‍ ഞാനൊരു അല്പം ഭയന്ന് നിന്നുപോയി എന്നുള്ളത് സത്യമാണ്. ആ സത്യം മനസിലാകുമ്പോഴും എന്‍റെ യാത്ര തുടരണം എന്നുള്ളതുകൊണ്ട് തന്നെ നീ സൂക്ഷിക്കണം എന്നതിനപ്പുറം, എന്‍റെ യാത്ര തടസ്സപ്പെടുത്തുന്ന ആളുകള്‍ എങ്ങനെ സൂക്ഷിക്കണം എന്ന് മനസ്സിലാക്കാനായിരുന്നു പിന്നീട് കുറച്ചുകാലത്തെ യാത്ര. ഒരു സിനിമയുടെ സെറ്റില്‍ എനിക്കുണ്ടായ ഒരു മോശമായ അനുഭവവും, അത് ചെയ്ത ആ വ്യക്തിയുടെ സിനിമയിലെ സ്വാധീനം കൊണ്ട് ഈയൊരു പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ പല വഴിയിലൂടെ ആലോചിച്ചുനോക്കി. അന്വേഷണത്തിന് പുറകെ പോയപ്പോള്‍ പലരുടെയും നിയമപരമായ പോരാട്ടങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു . എല്ലാ ശ്രമങ്ങള്‍ക്കും ഒടുവില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് , ഞാന്‍ ഭയപ്പെട്ടിരുന്നത് പണ്ട് കേട്ട് തഴമ്പിച്ച ആ പഴഞ്ചൊല്ലിനെയാണെന്നാണ്  ‘ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട്’. അന്വേഷണങ്ങളിലൂടെയെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇലകള്‍ എന്നും ദുര്‍ബലരായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ്. കളിയാക്കലുകള്‍ ,കുത്തുവാക്കുകള്‍ ഒത്തുതീര്‍പ്പുകള്‍ അങ്ങനെ പോകുന്നു ഇത്തരം വെര്‍ബല്‍ അബ്യൂസ്സിന്‍റെയും , സെക്സ് അബ്യൂസുകളുടെയും പോരാട്ടങ്ങളെന്നും. ചുറ്റുമുള്ളവരോട് ഞാന്‍ ചോദിച്ചു എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്യേണ്ടത് ,ഞാന്‍ എവിടെയാണ് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത്. അതനുസരിച്ച് എനിക്ക് മനസ്സിലായത് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇപ്പോഴുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമ്പോള്‍, കേസ് നടത്തി അതിനൊരു പരിഹാരം ഉണ്ടാവാനുള്ള കാലയളവ് ഒരുപാട് വിദൂരം ആണെന്നും, കൂട്ടത്തില്‍ വെര്‍ബല്‍ അബ്യൂസിനിരയായ വ്യക്തിയെ വീണ്ടും അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തി വ്യക്തിഹത്യ നടത്തുമെന്നുമാണ്.

വീണ്ടും അതിലൂടെയെല്ലാം കടന്ന് പോകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ പിന്നീട് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അതായത് സിനിമ രംഗത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള ഒരു ഇടം ഉണ്ടോ എന്ന് തേടിത്തുടങ്ങി . ആ വഴിയിലാണ് ഒരു കൂട്ടം സ്ത്രീകള്‍ അവരുടെ സുഹൃത്തിനു സംഭവിച്ച ഒരു വലിയ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തുകയും അവള്‍ക്ക് നീതി കിട്ടുന്നതിനുവേണ്ടി നിരന്തരം പോരാട്ടം നടത്തുന്നതും ഞാന്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് .

Women in Cinema Collect അതെ ആ പെണ്‍കൂട്ടം എനിക്ക് തന്ന ശക്തി ഒരുപാട് ഏറെയാണ്. അങ്ങനെ പതിയെ ഞാനും ആ കൂട്ടത്തിലെ ഒരു ഭാഗമായി മാറുകയും എനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും അവിടെ തുറന്നു പറയുകയും ചെയ്തു. അങ്ങനെ അവിടെവെച്ചാണ് ഇന്‍റണല്‍ കംപ്ലൈന്‍റ് കമ്മിറ്റി സെല്ലിനെ (ICC) കുറിച്ച് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

അതില്‍ പറയുന്ന പ്രകാരം ഇന്‍ഡസ്ട്രി ആക്ടിന് കീഴില്‍ നടക്കുന്ന ഏതൊരു വ്യവസായത്തിലും, അതില്‍ 20 തൊഴിലാളികളില്‍ കൂടുതലുണ്ടെങ്കില്‍, പ്രത്യേകിച്ച് അതില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍, അത്തരം വ്യവസായങ്ങളില്‍ ഇന്‍റണല്‍ കംപ്ലൈന്‍റ് കമ്മിറ്റി സെല്‍ വര്‍ക്ക് ചെയ്യണം എന്നുള്ള നിര്‍ബന്ധമായ നിയമവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും, അത്തരം സ്പേസില്‍ എന്തെങ്കിലും സെക്ഷ്വലോയോ വെര്‍ബലായോ ഉള്ള അബ്യുസുകള്‍ക്ക് ആരെങ്കിലും ഇരയാകുകയാണെങ്കില്‍ ഈ കമ്മിറ്റിക്ക് മുമ്പാകെ പ്രൈവറ്റായി നമ്മുടെ ജോലിയെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ പരാതി കൊടുക്കാന്‍ കഴിയുമെന്നും ആ സെല്‍ കൃത്യമായ പരിശോധന നടത്തി 90 ദിവസത്തിനുള്ളില്‍ പരാതിക്കാരിയെയും കുറ്റാരോപിതനെയും വിളിച്ച് തെളിവെടുപ്പ് നടത്തുകയും , ചെയ്തു എന്ന് കണ്ടെത്തിയാല്‍, പ്രശ്നപരിഹാരത്തിനുള്ള വേദി ഐ സി സി സൃഷ്ടിക്കുമെന്നും അറിയാന്‍ സാധിച്ചു. ഇന്‍റേണല്‍ കമ്മിറ്റി സെല്‍ ഒരു സ്ത്രീക്ക് വര്‍ക്ക് ചെയ്യുന്ന ഇടത്തില്‍ കൊടുക്കുന്ന സെക്യൂരിറ്റി എന്നുള്ളത് വളരെ വലുതാണ്.

സ്വയം വഴികള്‍ തിരഞ്ഞെടുത്തതിന്‍റെ പേരില്‍ യാത്രകളില്‍ ഒറ്റയ്ക്കാവാതിരിക്കാനും പൊതു സമൂഹത്തിന്‍റെ മുന്നില്‍ ഇരയെന്ന് വിളിച്ചു കല്ലേറുകള്‍ കൊള്ളതെ സ്വയം സംരക്ഷിക്കാനും ,വളരെ എളുപ്പത്തില്‍ സ്വകാര്യമായി എനിക്കുണ്ടായ പ്രശ്നങ്ങള്‍ അറിയിക്കാനും, അതില്‍ നിയമത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പോരാടാനും കഴിയും എന്നത് ഞങ്ങളെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് വലിയൊരു ബലമാണ് തരിക.അത്തരമൊരു നിയമത്തിന്‍റെ പോരായ്മ ഇന്ന് ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് ഒരുപാട് ആളുകള്‍ അവര്‍ക്കുണ്ടാവുന്ന ഇത്തരം അനുഭവങ്ങള്‍ മൂടിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നുമുണ്ട് .

നമ്മുടെ മലയാള സിനിമ രംഗത്ത് അതിനായി പോരാട്ടം ഇന്നും ഒരു കൂട്ടം നടത്തികൊണ്ടിരിക്കുന്നു. കൃത്യമായി അതിനെക്കുറിച്ച് പഠിക്കുകയാണെങ്കില്‍ മലയാള സിനിമ മേഖലയ്ക്കും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും ,അതില്‍ നടികള്‍ക്ക് മാത്രമല്ല ഏറ്റവും താഴേ തട്ടില്‍ തുടങ്ങി ഏറ്റവും മുകളിലുള്ള പ്രൊഡ്യൂസര്‍ സ്ഥാനം വഹിക്കുന്നവര്‍ക്ക് വരെ ഗുണം ചെയ്യാവുന്ന ഒരു നിയമ സാധ്യതയാണ് ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റി സെല്‍ എന്നുള്ളതാണ് അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ഒരു സ്ത്രീക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവളുടെ ജോലിസ്ഥലത്ത് ഉണ്ടായ ഒരു മോശമായ അനുഭവം തുറന്നുപറയേണ്ടി വരുന്നുണ്ടെങ്കില്‍, അത് അവസരം മുതലെടുക്കല്‍ അല്ല മറിച്ച് ‘ നീ സൂക്ഷിക്കണം ‘ എന്ന് കേട്ട് പഴകിയ അവളുടെ മനസ്സിന് ,അത് തുറന്നുപറയാനുള്ള കരുത്ത് നേടിയെടുക്കുവാനുള്ള കാലമായെന്നാണ് കാണേണ്ടത്. അതിന്‍റെ പേരില്‍ അവളെയും അവള്‍ പറയുന്നതിനെയും അളക്കുവാനുള്ള അര്‍ഹത, എന്നും അവളോട് മാത്രം സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഈ പൊതുസമൂഹത്തിന് തീരെയില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള കാലത്തെങ്കിലും തലയുയര്‍ത്തി പിടിച്ച് ,കല്ലേറില്‍ പെടാതെ ജോലി ചെയ്യുന്നിടത്ത് തങ്ങള്‍ക്കുണ്ടാവുന്ന മോശമായ അനുഭവങ്ങള്‍   തുറന്നുപറയാനും അതിന് വ്യക്തമായ ഒരു പരിഹാരം ഉണ്ടാക്കാനും, ഞാനടക്കം വരുന്ന ഒട്ടേറെ സാധാരണക്കാരായ മനുഷ്യര്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായത്തിന് സാധിക്കട്ടെ എന്നും അതിനുള്ള പോരാട്ടം തുടരാന്‍ ഈ രംഗത്തിലെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ മേലധികാരികള്‍ക്കും ഊര്‍ജ്ജം ഉണ്ടാകട്ടെ എന്നും അതിയായി ആഗ്രഹിക്കുന്നു.

 

 

(അഭിനേത്രി, മോഡല്‍,അസി.ഡയറക്ടര്‍, എറണാകുളം, കേരള)

COMMENTS

COMMENT WITH EMAIL: 0