ഇന്ത്യയില്‍ റിപ്പബ്ലിക്ക് എന്ന സങ്കല്പനത്തെ ശക്തിയുക്തം ഉറപ്പിക്കുന്ന ചരിത്രപ്രധാന ദിനമായി 2021 ജനുവരി 26 മാറി. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടസംവിധാനത്തെ സ്വേച്ഛാധിപത്യപരമായി അട്ടിമറിക്കാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ പരേഡ്.തലസ്ഥാനനഗരിയുടെ അതിര്‍ത്തികളില്‍ കൊടുംതണുപ്പില്‍ ആയിരക്കണക്കായ ജനങ്ങള്‍ ജനവിരുദ്ധ കര്‍ഷകനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു മാസത്തിലധികമായി. എന്നിട്ടും ഈ വീറുറ്റ പ്രതിരോധത്തെ കണ്ടില്ലെന്ന് നടിക്കാനാണ് ഭരണത്തിലുള്ളവര്‍ ശ്രമിക്കുന്നത്. അതിനാല്‍ത്തന്നെ ഈ പരേഡ് ഐതിഹാസിക ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി. കര്‍ഷകപ്രക്ഷോഭകരെ തടയാന്‍ ദേശീയപാതയില്‍ നിരനിരയായി ആണികളുറപ്പിച്ചും സിമന്‍റ് ഭിത്തികള്‍ പണിതും ഫാഷിസത്തിന്‍റെ ഭീരുത്വപ്രകടനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഭരണനേതൃത്വം ഈവിധം നാള്‍ക്കുനാള്‍ വര്‍ദ്ധിത ഹിംസാധികാരപ്രവര്‍ത്തികളിലേക്ക് കൂപ്പുകുത്തുകയാണെന്നത് ഭയാനകവും ലജ്ജാവഹവുമാണ്. ജനങ്ങളെ തെല്ലുപോലും അഭിസംബോധന ചെയ്യാത്ത ഈ രാഷ്ട്രീയവ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കുന്നത് പോലും പ്രഹസനമാവും!
കേന്ദ്ര ബജറ്റ് പുറത്തുവന്നപ്പോള്‍ വനിതാ ശിശുവികസന മന്ത്രാലയത്തിനുള്ള ധനവിഹിതം 16% വര്‍ദ്ധിച്ചതായി കാണാം. എന്നാല്‍ 24,435 കോടി വിഹിതത്തിന്‍റെ ഭീമമായ പങ്ക് – 20, 105 കോടി – അംഗന്‍വാടിക്കും മിഷന്‍ പോഷണ്‍ 2.0 പദ്ധതിക്കും മാത്രമായാണ് അനുവദിച്ചിരിക്കുന്നത്.സുപ്രധാന പദ്ധതികളായിരുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ , പ്രധാന്‍ മന്ത്രി മാതൃവന്ദന യോജ്ന, ഉജ്ജ്വല , സ്വാധാര്‍ ഗൃഹ് , വണ്‍ സ്റ്റോപ് സെന്‍റര്‍, പതിമൂന്നിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള പദ്ധതികള്‍, ശിശു സംരംക്ഷണം – ഇവയ്ക്കൊക്കെ ഒന്നും തന്നെ നീക്കിവെച്ചിട്ടുമില്ല. മിഷന്‍ ഫോര്‍ പ്രൊടെക്ഷന്‍ എന്‍റ് എംപവര്‍മെന്‍റ് ഒഫ് വിമന്‍ നുള്ള വിഹിതം അപലപനീയമാം വിധം 726 കോടിയില്‍ നിന്ന് 48 കോടിയായി കുറച്ചിട്ടുണ്ട് താനും. വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പാകട്ടെ 6% കുറയ്ക്കുകയും ചെയ്തു. ഇങ്ങനെ സ്ത്രീകള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥകളില്‍ നിന്ന് പുരോഗമിച്ച് സാമൂഹ്യസാമ്പത്തിക മൂലധനം ആര്‍ജ്ജിക്കാനുള്ള അവസരങ്ങള്‍ ഖേദകരമാം വണ്ണം ഒന്നൊന്നായി മായുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ജനുവരി മാസത്തില്‍ ഒരാഴ്ചയുടെ കാലവ്യത്യാസത്തില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് Libnus V. State of Maharashtra, Satish V. State of Maharashtra എന്നീ രണ്ടു ശിശുപീഡന കേസുകളില്‍ പുറപ്പെടുവിച്ച മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്തരവുകള്‍ എടുത്ത് പറയേണ്ടതുണ്ട്. ആദ്യത്തെ കേസ്സില്‍ 50 വയസ്സുകാരന്‍ അഞ്ചു വയസ്സുകാരിയുടെ മുന്നില്‍ തന്‍റെ ലിംഗം പ്രദര്‍ശിപ്പിച്ച് കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടതിന് ഏറ്റവും ലഘുവായ ശിക്ഷയാണ് വിധിച്ചത്. രണ്ടാമത്തെ കേസില്‍ 32 കാരനായ പുരുഷന്‍ പന്ത്രണ്ട് വയസ്സുകാരിയുടെ മാറിടത്തില്‍ കൈ കൊണ്ട് ഞെരുക്കിയ സംഭവത്തില്‍ തൊലിപ്പുറത്തുള്ള സ്പര്‍ശത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി പോക്സോ നിയമപ്രകാരം ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് ലളിതമായി ഒരു വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. പീഡനത്തിന്‍റെ തൊലിപ്പുറം കണക്കാക്കിയുള്ള നിര്‍വചനമാണ് – അതും ഒരു വനിതയായ ജസ്റ്റിസ് പുഷ്പയില്‍ നിന്നും – ഉണ്ടായതെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ വിധി ജനുവരി 27 ന് സുപ്രീം കോടതി സ്റ്റേ ചെയ്തുവെങ്കിലും നിയമവ്യവസ്ഥയെയും നീതിയെയും കുറിച്ച് ഇതുയര്‍ത്തുന്ന ഗൗരവപ്രശ്നങ്ങള്‍ അനവധിയാണ്.
മലയാളി വീട്ടകങ്ങളിലെ കടുത്ത ജനാധിപത്യരാഹിത്യത്തെ അടുക്കളയിടങ്ങളിലൂടെ തുറന്നുകാട്ടുകയായിരുന്നു കഴിഞ്ഞ മാസം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചലച്ചിത്രം. വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി മാറുന്ന അവസ്ഥകളുടെ ഗതികേടുകളായിരുന്നു ഈ ചലച്ചിത്രത്തിന്‍റെ പ്രമേയം. പുരുഷാധിപത്യസങ്കല്‍പ്പങ്ങള്‍ സ്നേഹം കൊണ്ട് നിറവേറുന്ന പണികളായി വിവക്ഷിച്ചും സാമ്പത്തികശാസ്ത്ര വിജ്ഞാനങ്ങള്‍ കണക്കാക്കപ്പെടേണ്ട അദ്ധ്വാനത്തിന്‍റെ പരിഗണനയില്‍ നിന്നു പുറത്താക്കിയും അദൃശ്യമാക്കി മാറ്റിയ വീട്ടുജോലിയിലെ അദ്ധ്വാനം നാല് ദശകങ്ങള്‍ക്കു മുമ്പ് തന്നെ മാര്‍ക്സിസ്റ്റ് സ്ത്രീവാദധാരയുടെ പരിഗണയ്ക്കും പ്രക്ഷോഭങ്ങള്‍ക്കും വിഷയമായിരുന്നു. സില്‍വിയ ഫെഡറിച്ചിയുടെ നേതൃത്വത്തില്‍ 1972 ല്‍ ‘വേജസ് ഫര്‍ ഹൗസ് വര്‍ക്ക് ‘ കാമ്പെയ്ന്‍ ന് തുടക്കം കുറിച്ചത് ഇങ്ങനെയാണ്. ഇന്നും പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി ഇത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടുജോലിയെ തൊഴിലായി കണക്കാക്കി നിശ്ചിത ശമ്പളം നല്‍കുന്നത് വളരെ പ്രധാനമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത് ഏറെ സ്വാഗതാര്‍ഹമാണ്. വീട്ടിലെ സ്ത്രീയുടെ അദ്ധ്വാനത്തിന്‍റെ മൂല്യം പുരുഷന്‍മാര്‍ ചെയ്യുന്ന പുറംജോലികളേക്കാള്‍ കുറവല്ല എന്നും ജസ്റ്റിസുമാരായ എന്‍.വി. രമണ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2014ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ മരിച്ചു പോയ സ്ത്രീയുടെ ബന്ധുക്കളുടെ നഷ്ടപരിഹാരത്തിനുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ നിര്‍ണ്ണായക പരാമര്‍ശം.
സംസ്ഥാനത്തെ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യകളായ സ്ത്രീകളെ കണ്ടെത്തി തൊഴില്‍ നല്‍കുന്നതിലേക്കായി 5 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ 20 കോടിയും കേരള ബജറ്റില്‍ കുടുംശ്രീ മിഷന് അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ്സ് ക്ലബ് സ്ഥാപിക്കാന്‍ തുക വകയിരുത്തിയതും ദീര്‍ഘകാലമായി വനിതാമാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ക്രെഷ്, ഹോസ്റ്റല്‍, രാത്രികാല താമസസൗകര്യം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചതും അനുമോദനാര്‍ഹമാണ്. പത്രമാധ്യമരംഗത്തെ സ്ത്രീപക്ഷമാക്കാന്‍ രൂപം കൊണ്ട Network of Women in Media യുടെ കേരള ഘടകം ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം 2018 ല്‍ നല്‍കിയിരുന്നതിനെ തുടര്‍ന്നാണിത്. ഭരണകര്‍ത്താക്കള്‍ ലിംഗപദവിയുടെ പ്രശ്നങ്ങള്‍ തുടര്‍ന്നും ഗൗരവമായി കാണുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാഹിത്യസൃഷ്ടികള്‍ നമ്മെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും വഴിനടത്തുകയും ചെയ്യാറുണ്ട്. ബാലസാഹിത്യമാകട്ടെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികള്‍ക്കായി പുറത്തിറക്കുന്ന ഈ പ്രസിദ്ധീകരണങ്ങളുടെ രാഷ്ട്രീയമെന്താണ്? ഏത് തരം ജീവിതലോകങ്ങളെയാണവ വിഭാവനം ചെയ്യുന്നത് വംശ / വര്‍ഗ്ഗ / ലിംഗംലൈംഗിക/ പ്രദേശ/ സംസ്ക്കാര ആധിപത്യങ്ങളുടെ വാര്‍പ്പുമാതൃകകള്‍ തന്നെയാണോ അവയുടെ ഉള്ളടക്കങ്ങള്‍ ? ബാലസാഹിത്യ രംഗത്തെ പ്രതിനിധാനങ്ങളുടെ സ്ത്രീപക്ഷ വിമര്‍ശമുന്നയിക്കുന്ന ലേഖനങ്ങളും ചിത്രങ്ങളും കവിതകളും സമാഹരിക്കുകയാണ് തസ്മിന്‍ അതിഥിപത്രാധിപയായ ഫെബ്രുവരി ലക്കം സംഘടിത . വായനക്കാരുടെ – പ്രത്യേകിച്ച് മാതാപിതാക്കളുടെയും രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും – ഗൗരവശ്രദ്ധ ക്ഷണിക്കുന്നു.
COMMENTS