Homeകവിത

മൗനികള്‍

പൊതു ഇടങ്ങള്‍
നിരത്തുകള്‍ ,
ബദല്‍ വീടുകള്‍
ഐ ഐ ടി കള്‍
ഇവിടങ്ങളിലെല്ലാം
പൊഴിഞ്ഞു പോവുന്നവര്‍ക്ക്
ഒരു ഭാഷയുണ്ട്.
അവരുടേതല്ലാത്ത
പൊതുഭാഷയില്‍
തളം കെട്ടി മരിച്ചു പോയ ഒന്ന്.
അവര്‍ കണ്ടെത്തിയിട്ടില്ലാത്ത ഒന്ന്.

അവരെ ഒത്തുചേര്‍ക്കുന്നത്
അവരുടെ കൂട്ടരുടെ
കണ്ടെത്തിയിട്ടില്ലാത്ത
ഭാഷതന്നെയാണെന്ന്
അറിയാന്‍ അവര്‍ക്ക് വഴികളില്ല.

അറിയാന്‍ തുടങ്ങുന്നിടം
അവരുടേതല്ലാത്ത
ഇടുങ്ങിയ വഴികളില്‍
അടഞ്ഞു പോവുകയാണ്.

പൊതിഞ്ഞു കെട്ടപ്പെടുന്ന അവരുടെ പരാജയത്തിന്‍റെ പറഞ്ഞിട്ടില്ലാത്ത
വാക്കുകള്‍ കഥയില്ലാതെ പിരിഞ്ഞു പോയ
മുത്തശ്ശിമാര്‍ പറഞ്ഞു കൊടുത്തിട്ടില്ല.

അവര്‍ക്കതറിയില്ല. ഭാഷകള്‍ പരസ്പരം പൊട്ടിച്ചിരിക്കുന്നിടത്ത്
അവര്‍ ഒരു വാക്കും മനസ്സിലാവാതെ വിറങ്ങലിച്ചു പോവാറുണ്ട്.

ഭാഷയില്‍ ഇടമില്ലാത്തവര്‍
ഭാഷയുടെ കുത്തക മുതലാളിമാരുടെ
നാട്ടിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണം.
ഭാഷാ മുതലാളിമാര്‍ പറയുന്നിടത്തേക്ക് അവരുടെ
കൂട്ടരല്ലാത്തവരെ പിന്‍തുടര്‍ന്നവരാണ് അവര്‍.

 

 

 

 

 

ശ്രീജിത പി.വി.
അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജന്‍ഡര്‍ സ്റ്റഡീസില്‍ ങജവശഹ ബിരുദധാരി. ഡല്‍ഹി യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍

COMMENTS

COMMENT WITH EMAIL: 0