കേരളത്തിലിപ്പോള്‍ പ്രാദേശിക തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കുകയാണ്. ചെറുപ്പക്കാരികളെ മത്സരത്തിനു നിര്‍ത്താന്‍ തീരുമാനിക്കുകയും ;ജയിച്ചവരെ ഭരിക്കാന്‍ വിടുകയും ചെയ്തിരിക്കുകയാണല്ലോ. പെണ്ണുങ്ങളുടെ ഭരണം തന്നെ ആളുകളെ അങ്കലാപ്പിലെത്തിക്കുന്നുണ്ട്. അപ്പോള്‍ ചെറുപ്പക്കാരികളായാലോ?പലരും പലതും പറഞ്ഞെന്നിരിക്കും .പതിനെട്ടു വയസിലോ അതിനു മുമ്പോ കല്യാണം കഴിച്ചുവിട്ട് മൂന്നോ നാലോ മക്കളെ പ്രസവിച്ച് ഒരു വലിയ കുടുംബം നോക്കാന്‍ വിടുന്ന പ്രായത്തില്‍ ഒരു പഞ്ചായത്ത് ഭരിക്കാന്‍ വിടുന്നത് ശരിയല്ല എന്നു തോന്നുന്നുണ്ടെങ്കില്‍ അതിശയിക്കാനൊന്നുമില്ല. മീന്‍ കറിവെക്കാത്ത പെണ്ണുങ്ങളെ ഒന്നിനും കൊള്ളില്ല എന്നു പറയുന്ന നാടല്ലേ നമ്മുടേത്? ആള് താമസമില്ലാത്ത മൂത്തു നരച്ച തലകളെ ദൂരെ മാറ്റി നിര്‍ത്തേണ്ട കാലമായി എന്ന് വോട്ടര്‍മാരും തീരുമാനിച്ചിരിക്കുന്നു.
ഭരണം കിട്ടിയതുകൊണ്ട് ചെറുപ്പക്കാരികളുടെ വെല്ലുവിളികള്‍ തീര്‍ന്നു എന്നു കരുതരുത്. പുറത്തും അകത്തും മസില് പ്പെരുമ കാണിക്കാന്‍ ആളുകളേറെയുണ്ടാവും. എവിടെ എന്തു പറയണം എന്ന് തീരുമാനിക്കുന്നത് അവരാവും. പ്രിയപ്പെട്ട പെണ്‍കുട്ടികളേ സ്വത്വം നഷ്ടപ്പെടുത്താതെ, തിരിച്ചറിവോടെ നാടു നന്നാക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.പറയുന്നിടത്ത് ഒപ്പിടാനും, പറയുന്നിടത്ത് ഉദ്ഘാടിക്കാനും നടക്കുന്നതു മാത്രമല്ല നിങ്ങളുടെ ഉത്തരവാദിത്തം. സ്വന്തം ഉത്തരവാദിത്തം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ നിങ്ങളെ ഭരണം ഏല്പിച്ചത് മണ്ടത്തരമായില്ല എന്ന് കരുതാന്‍ കഴിയൂ.എത്ര കാലമായി കാത്തിരിക്കുന്നതാണ് ഇന്ത്യയുടെ ഭാവി ചെറുപ്പക്കാരിലാണ് എന്ന ആപ്തവാക്യം സഫലമാകാന്‍! ഇപ്പോള്‍ കേരളത്തില്‍ അതിന്റെ ലാഞ്ചന കണ്ടു തുടങ്ങിയിരിക്കുന്നു എന്നു മാത്രം. ശരിയായ കാഴ്ചയും കാഴ്ചപ്പാടും ഉള്ള സമയം ഈ സമയം തന്നെയാണ്. ഉശിരുള്ള പെണ്‍കുട്ടികള്‍ നാടുഭരിക്കട്ടേന്ന്. അപ്പോള്‍ കാണാം സമൃദ്ധിയുടെ മിന്നലാട്ടം. മിന്നിച്ചു വരൂ ചുണക്കുട്ടികളേ……
ഡോ.ജാന്‍സി ജോസ്
എഴുത്തുകാരി
COMMENTS