Homeചർച്ചാവിഷയം

മേഘാലയയിലെ മാതൃദായക്രമ സമൂഹങ്ങളും സമകാലിക യാഥാര്‍ത്ഥ്യങ്ങളും

ന്ത്യയില്‍, മേഘാലയയിലും കേരളത്തിലും മാതൃദായക്രമം പിന്തുടരുന്ന സമൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മേഘാലയിലെ ഖാസി, ഗാരോ, ജയന്തിയ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട സമൂഹങ്ങളാണ് എല്ലാ അര്‍ത്ഥത്തിലും മാതൃദായക്രമം പിന്തുടര്‍ന്നു വരുന്നത്. ഇത്തരം സമൂഹങ്ങളില്‍ ഓരോ വ്യക്തിയുടെയും പാരമ്പര്യം കുടുംബത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയും കുടുംബത്തിലെ ഇളയവള്‍ പൂര്‍വ്വിക സ്വത്തുക്കളും വിഭവങ്ങളും പരമ്പരാഗതമായി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. ‘വെയ്റ്റിംഗ് ഫോര്‍ ആന്‍ ഈക്വല്‍വേള്‍ഡ്, ജെന്‍ഡര്‍ ഇന്‍ ഇന്ത്യാസ് നോര്‍ത്തീസ്റ്റ്’ എന്ന പുസ്തകത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പട്രീഷ്യ മുഖീ എഴുതുന്നു: ‘മാതൃദായക്രമസമൂഹം എന്നത് ഏറ്റവും മഹത്തരമെന്ന് പ്രശംസിക്കപ്പെടുന്നതും എന്നാല്‍ ഏറ്റവും കുറച്ചു മനസ്സിലാക്കപ്പെടുന്നതുമായ സാമൂഹിക സമ്പ്രദായമാണ്’. പുസ്തകത്തിലെ വ്യത്യസ്ത ലേഖനങ്ങളിലൂടെ മാതൃദായക്രമസമ്പ്രദായത്തെ മുഴുവനായി വിശകലനം ചെയ്യുകയും നിലവിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിക്കുകയും ചെയ്യുന്നു.
സ്ത്രീ സംഘടനയുടെ വടക്കുകിഴക്കനഗംങ്ങള്‍ പടിഞ്ഞാറന്‍ ഖാസി കുന്നുകളിലെ സ്ത്രീകളുമായി ഈ സമ്പ്രദായത്തെക്കുറിച്ച് സംവദിച്ച(2017) അനുഭവം അവര്‍ പറയുന്നു. ഈ സമൂഹം ശാക്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സ്ത്രീ അഭിപ്രായപ്പെട്ടു. ഇതിനു വിപരീതമാണ് യഥാര്‍ത്ഥത്തില്‍ ഖാസി സമൂഹത്തിന്‍റെ അവസ്ഥ. ഇവിടങ്ങളില്‍ അസമത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. സ്ത്രീകളുടെ പദവിയെ അംഗീകരിക്കുവാനോ സ്ത്രീകള്‍ക്ക് ഇത്തരം ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ കഴിയുമെന്നോ ഇവിടുത്തെ പുരുഷന്മാര്‍ കരുതുന്നില്ല. അനാദരവുള്ളവരും അഹങ്കാരികളുമായി പുരുഷന്മാരാല്‍ സ്ത്രീകള്‍ വിലയിരുത്തപ്പെടുന്നു. ഗ്രാമീണ പ്രശ്നങ്ങളില്‍ സ്ത്രീകളുടെ നിര്‍ദ്ദേശങ്ങളെ പുരുഷന്മാര്‍ നിരസിക്കുകയും വെറുക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഡോര്‍ബോര്‍ ഷ്നോങ്ങിന്‍റെ ഭാഗമല്ലാത്തതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ അപ്രസക്തമാണെന്ന് കരുതുന്നു. മേഘാലയയിലെ മിക്ക ഗ്രാമങ്ങളിലും നിലനില്‍ക്കുന്ന വേതന സമ്പ്രദായത്തിലെ സ്ത്രീപുരുഷഭേദം ഈ അസമത്വത്തിന് തെളിവാണ്. പ്രദേശത്തെ ഒരു സ്ത്രീയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ : ‘ഞങ്ങളെ, എതിരാളിയെ വെട്ടി മുന്നേറുന്ന ലൂഡോ കളിയുമായി താരതമ്യം ചെയ്യാവുന്നതാണ്. ‘പള്ളികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. പുരുഷന്മാരാണ് പള്ളികളിലെ അധികാരികളും വൈദികസ്ഥാനം വ ഹിക്കുന്നവരും. സഭാകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമിതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ല.

മേഘാലയിലെ മാതൃദായക്രമസമൂഹങ്ങളെ കുറിച്ച് സ്ത്രീകളുമായി സംവാദം
നഗരപ്രദേശങ്ങളായ ഷില്ലോങ് പോലെയുള്ള ഇടങ്ങളില്‍ സമീപകാലത്ത് അണുകുടുംബങ്ങള്‍ സാധാരണമാണ്. അവിടെ പുരുഷന്മാരും സ്ത്രീകളും അവരുടെ താമസസ്ഥലം സ്വന്തമാക്കുന്നു.അവര്‍ അവരുടെ സമ്പാദ്യം എല്ലാമക്കള്‍ക്കുമായി വിഭജിച്ചു നല്‍കുന്നു.കുടുംബങ്ങള്‍ക്കു സ്ത്രീ അവകാശികള്‍ ഇല്ലെങ്കില്‍ അവരുടെ മരുമകളെ ദത്തെടുക്കുകയും സ്വത്തിന്‍റെ സംരക്ഷകരാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അവകാശികളില്ലാതെ വരുമ്പോള്‍ പുരുഷന്മാര്‍ക്ക് അവകാശം നല്‍കപ്പെടും. ഖാസി വിഭാഗങ്ങളിലെ പുരുഷന്മാര്‍ സമകാലിക കാലഘട്ടത്തില്‍ അമ്മമാരെ സംരക്ഷിക്കുകയും ഇളയ സഹോദരിയോടൊപ്പം കുടുംബ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്ത് വരുന്നു. ഗൃഹ പരിചരണത്തിന്‍റെ നട്ടെല്ല് സ്ത്രീകളാണെന്നും അവരാണ് കുടുംബ ജോലികളുടെ നിര്‍ണായക ഘടകങ്ങള്‍ എന്നും മാതൃസമ്പ്രദായം ഉറപ്പാക്കുന്നു. പുരുഷന്മാര്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാകുകയും ഡോര്‍ബാസ്, ഹിമകിങ്ഡം, നോക്മ സമിതികള്‍ പോലെയുള്ള സമൂഹ സംഘടനകളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വത്ത് അവകാശങ്ങളെക്കുറിച്ചുള്ള വിഷയത്തില്‍ സമൂഹമിന്നും നിശബ്ദമാണ്. എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റികള്‍ ഭൂസ്വത്തിന്‍റെയും പരമ്പരാഗതസ്വത്തിന്‍റെയും അവകാശികളായി വരാറില്ല. കുടുംബത്തില്‍ ഒരേയൊരു കുട്ടി ആയിരിക്കുകയും മറ്റ് സ്ത്രീ അവകാശികള്‍ ഇല്ലാതെയും വരുമ്പോള്‍ മാത്രം ഒരു ട്രാന്‍സ് വുമണിന് പരിമിതമായ അവകാശങ്ങള്‍ നല്‍കപ്പെടുന്നു. മിക്ക കേസുകളിലുംഘഏആഠഝകമ്മ്യൂണിറ്റികള്‍ അദൃശ്യരാണ്. അവര്‍ തിരഞ്ഞെടുത്ത ലിംഗവ്യക്തിത്വത്തിന്‍റെ പേരില്‍ കുടുംബങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും പോലീസ്റ്റേഷന്‍ പോലെയുള്ള സ്ഥലങ്ങളില്‍ അഭയം തേടുകയുമാണ് പതിവ്. മേഘാലയിലെ ആദിവാസി ഇതര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആദിവാസി ഭൂമി സ്വന്തമാക്കാന്‍ കഴിയില്ല. ഇവര്‍ക്ക് ആദിവാസി സമുദായങ്ങളില്‍ നിന്ന് വിവാഹമാകാം. അപ്പോഴും സ്വത്തിന്‍റെയോ വിഭവങ്ങളുടെയോ അവകാശം ലഭിക്കുകയുമില്ല. മുസ്ലിം സമുദായങ്ങളിലെ പല സ്ത്രീകളും വ്യത്യസ്തതരത്തിലുള്ള പ്രത്യുല്പാദന ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഗാരോമലനിരകളിലെ വനിത ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ തൊഴിലാളികളുടെ പരിമിതികളെ കുറിച്ചും പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ വലിയ പ്രത്യാഘാതങ്ങളെ കുറിച്ചും ഒരു സ്ത്രീ സംസാരിച്ചതായി ഞാനോര്‍ക്കുന്നു.
മാര്‍ക്കറ്റ് ഇടങ്ങളില്‍ വ്യത്യസ്തമാര്‍ന്ന സ്ത്രീ കൂട്ടായ്മകളെ ഞാന്‍ കണ്ടുമുട്ടുകയുണ്ടായി. അവിടെ സ്ത്രീകള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും അവരുടെ കുടുംബങ്ങളുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. മാര്‍ക്കറ്റ് പ്രദേശങ്ങളിലെയും റെസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ ഗ്രൂപ്പുകളിലെയും ഫുഡ്ഷോപ്പുകളിലെയും കൂട്ടായ്മകളുടെ ഭാഗമാണ് ഇവിടങ്ങളിലെ സ്ത്രീകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും ബിസിനസ് സ്ഥാപനങ്ങളിലും ക്ലറിക്കല്‍ ജോലികളും മറ്റും ചെയ്തുവരുന്ന സ്ത്രീകളുമുണ്ട്. ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ദൃശ്യപരത മേഘാലയയില്‍ കൂടുതലാണ്. സമൂഹങ്ങള്‍ക്ക് ഉള്ളിലെ ഇത്തരം സാന്നിധ്യങ്ങള്‍ സ്ത്രീകള്‍ സംസ്ഥാനത്തെ സാമൂഹിക സ്വകാര്യ പൊതുകാര്യങ്ങളില്‍ പങ്കെടുക്കുന്നു എന്നത് ഉറപ്പാക്കപ്പെടുന്നു. എന്നിരുന്നാലും 1972-ല്‍ മേഘാലയ സംസ്ഥാനം നിലവില്‍ വന്നത് മുതലുള്ള രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം പരിമിതമാണ്. ദേശീയ സംസ്ഥാന തലങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് വരെ മാത്രമേ സ്ത്രീ പ്രാതിനിധ്യം ഉള്ളൂ.
ജയന്തിയ വിഭാഗക്കാരുടെ സ്വയംഭരണകൗണ്‍സിലില്‍ വനിതാ അംഗങ്ങളേയില്ല. രണ്ടുവീതം അംഗങ്ങള്‍ മാത്രമേ ഖാസി, ഗാരോ കൗണ്‍സിലുകളിലുമുള്ളു.

മാതൃദായക്രമം – പ്രാഥമികവിവരങ്ങള്‍
ഷില്ലോങിലെ മാര്‍ട്ടിന്‍ ലൂഥര്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയായ ഡോ. മാര്‍ബാബിയാഗ് ഷിമെലെ പറയുന്നു: ‘മേഘാലയയില്‍ ഒരുപരിധിവരെ സ്ത്രീശാക്തീകരണം സാധ്യമാക്കിയ സമ്പ്രദായമാണ് മാതൃദായക്രമം. ഇവിടെ സ്ത്രീക്ക് സ്വന്തമായി അവളുടെ പേരില്‍ ഭൂമിയുണ്ട് പട്ടയവുമുണ്ട്. എന്നാല്‍ കുടുംബത്തിലെ കാരണവരോ സഹോദരനോ അറിയാതെ ഈ ഭൂമി വില്‍ക്കാന്‍ കഴിയുകയില്ല. വ്യക്തിഗത ഭൂമിയാണെങ്കില്‍ വില്‍ക്കുന്നതിനു സമ്മതം ആവശ്യമില്ല. അപ്പോഴും സമുദായത്തിലെ നേതാവിന്‍റെയോ രംഗ്ബാ ഷ്നോംഗിന്‍റെയോദ്ധ ഡോര്‍ബാര്‍ എക്സിക്യൂട്ടീവിന്‍റെയോ അനുമതി വാങ്ങേണ്ടതുണ്ട്. ഈ സ്ഥാനങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ്. ഭൂമി ആണിന്‍റെതാണെങ്കിലും ശരി പെണ്ണിന്‍റേതാണെങ്കിലും ശരി ആര്‍ക്കാണ് വില്‍ക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ ഓരോ സമുദായത്തിനും നിശ്ചിതമായ മാനദണ്ഡങ്ങളും ചട്ടങ്ങളും നിശ്ചയിച്ചിട്ടുണ്ട്.ഇവിടങ്ങളില്‍ വ്യക്തിഗത ഭൂമി കൂടാതെ കുലഭൂമിയും സമുദായ ഭൂമിയുമുണ്ട്. കുലഭൂമിയുടെ ഉടമസ്ഥാവകാശം അതേ വംശത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമിതികളും ഉണ്ട്. എന്നാല്‍ ഈ സമിതി യോഗങ്ങളില്‍ ഭൂരിഭാഗവും പങ്കെടുക്കുന്നത് പുരുഷന്‍മാരാണ്. അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും സംസ്ഥാനത്ത് വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഞാനൊരു ഖാസിയാണ്, സ്വത്തുക്കള്‍ പുരുഷനും സ്ത്രീയും തുല്യമായി നല്‍കുന്നു എന്ന് വിചാരിക്കുക. എന്നിരുന്നാലും ഖദ്ദുവിനാണ് വീട് ലഭിക്കുക. അവള്‍ക്കാണ് മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം നല്‍കിയിട്ടുള്ളത്.
സ്ത്രീകള്‍ക്ക് ഉടമസ്ഥാവകാശമുണ്ട്, സംരംഭകരാകാന്‍ ഉള്ള സ്വാതന്ത്ര്യവുമുണ്ട്. ബാരാബസാറിലെ കട ഉടമകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടവരുമാണ്. എണ്‍പതുവയസ്സുള്ള ഒരു പഴക്കച്ചവടക്കാരിയുടെ അടുത്ത് ഞാന്‍ പോകാറുണ്ട്. അവരിപ്പോഴും കഷ്ടപ്പെടുന്നത് സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. സമ്പദ്വ്യവസ്ഥയുടെ ഭാഗമാകുവാനും പൊതു മണ്ഡലത്തിന്‍റെ ഭാഗമാകുവാനും അവര്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും അവരുടെ പുത്രന്മാരും മരുമക്കളും ചില സമയങ്ങളില്‍ അവരുടെ പെണ്മക്കളും മരുമകളും കൈകാര്യം ചെയ്യുന്നതുമായ വലിയ വാണിജ്യ സംരംഭങ്ങളും നിലവിലുണ്ട്. തീര്‍ച്ചയായും പാരമ്പര്യ സ്വത്ത് എന്‍റെ പേരില്‍ തന്നെയാണ്.

മാതൃദായക്രമത്തിലെ തലമുറതലത്തിലുള്ള പ്രതിഫലനങ്ങള്‍
എന്‍റെ പന്ത്രണ്ടാം വയസ്സിലെ അനുഭവം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ സമയത്ത് ഞാനായിരുന്നു കുടുംബത്തിലെ ഏക മകള്‍, എന്‍റെ അമ്മ ഗര്‍ഭിണിയും. അമ്മായി എന്നോട് ചോദിച്ചു: ‘നിനക്ക് ഒരു സഹോദരിയാണ് ഉണ്ടാകുന്നതെങ്കില്‍ നീ നിരാശപ്പെട്ടുമോ? നിനക്ക് എല്ലാം നഷ്ടമാകും’ ആളുകളുടെ പൊതുമനോഭാവം ഇതാണ്. ഞാന്‍ ഒരിക്കലും ഈ അനുഭവം മറക്കില്ല. ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ എന്‍റെ മുഴുവന്‍ കുടുംബവും വളരെ സന്തോഷിച്ചു. ഞാനൊരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നെങ്കിലോ? ഞങ്ങള്‍ക്ക് ആണ്‍ഭ്രൂണഹത്യ ഇല്ല. എന്‍റെ അമ്മായി 7 ആണ്‍കുട്ടികളെ പ്രസവിച്ചശേഷമാണ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുന്നത്. മിക്ക കുടുംബങ്ങളും ഇങ്ങനെയൊക്കെയായിരുന്നു. ഗ്രാമത്തില്‍ ഒരു സ്ത്രീയ്ക്ക് 10 ആണ്‍ മക്കളുണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടാകുന്നതുവരെ പ്രസവം തുടരാന്‍ ആ സ്ത്രീ ആഗ്രഹിച്ചു. പെണ്‍കുട്ടികള്‍ മാത്രമുള്ള എനിക്കറിയാവുന്ന ഒരു സ്ത്രീ വയലില്‍ പണിയെടുക്കുന്നതിനും സഹായിക്കുന്നതിനുമായി ഒരാണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങളുമുണ്ട്.

പൊതുമണ്ഡലവും മാതൃദായക്രമവും
രാഷ്ട്രീയ രംഗത്ത് സ്ത്രീ പങ്കാളിത്തം വളരെ കുറവാണ്.അതിന് മാതൃദായക്രമവുമായി നേരിട്ട് ബന്ധമില്ല. എന്തുകൊണ്ടാണ് സ്ത്രീ പങ്കാളിത്തം കുറവ് എന്നതിനെക്കുറിച്ച് എനിക്ക് ധാരണയില്ല. യാഥാസ്ഥിതിക കുടുംബങ്ങളില്‍ സ്ത്രീ, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കാറില്ല. അവര്‍ പറയുന്നത് രാഷ്ട്രീയം പുരുഷന്മാരുടെ ജോലി ആണെ ന്നാണ്. നേരത്തെ വീട്ടില്‍ വരാവുന്ന തരത്തിലുള്ള ജോലികളാണ് സ്ത്രീകള്‍ തിരഞ്ഞെടുക്കാറ്. വൈകിയുള്ള സമയക്രമങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ പുതിയ കാലത്തെ വിദ്യാഭ്യാസം സങ്കല്പങ്ങളെ വിശാലമാക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ സ്ത്രീക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുന്നു. ലിംഗപരമായ പദവികള്‍ മാതൃദായക്രമത്തില്‍ വേരൂന്നിയതാണ്. കുടുംബങ്ങളുടെ പിന്തുണ ഇന്ന് സ്ത്രീയ്ക്ക് ലഭിക്കുന്നുമുണ്ട്.

മാതൃദായക്രമവും ലൈംഗികന്യൂനപക്ഷങ്ങളും
സമൂഹത്തില്‍ ട്രാന്‍സ് വുമണ്‍സിനെ പൊതുവേ അംഗീകരിക്കുകയില്ല. ചില സന്ദര്‍ഭങ്ങളില്‍ അത്തരം ആളുകള്‍ കുലത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നു. നികൃഷ്ടമായ കുറ്റകൃത്യം ചെയ്ത അല്ലെങ്കില്‍ വംശത്തിന് മാനദണ്ഡങ്ങള്‍ക്ക് എതിരായി അല്ലെങ്കില്‍ പരമ്പരാഗത മാനദണ്ഡങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് തൈറ്റ്കൂര്‍ എന്നത് .

മാതൃദായക്രമത്തിലെ അന്തര്‍ഗോത്ര പശ്ചാത്തലം
മിശ്രവിവാഹങ്ങള്‍ ഇന്ന് സാധാരണമാണ്. വിവാഹമെന്നത് കുടുംബവുമായി ബന്ധപ്പെട്ട ഒരു കാര്യമായി കരുതിവരുന്നു. ഒരു ഖാസി, ആദിവാസി അല്ലാത്ത ഒരാളെ വിവാഹം കഴിച്ചാല്‍ അത് മിശ്രവിവാഹമാണ്. അത് സ്വീകരിക്കുന്നത് കുടുംബത്തെ ആശ്രയിച്ചാണ്. മറ്റു ഗോത്രങ്ങള്‍ തമ്മിലുള്ള മിശ്രവിവാഹം കുടുംബങ്ങള്‍ക്ക് സ്വീകാര്യമാണ്. എന്‍റെ കുടുംബത്തില്‍ അമ്മായി ഒരു നാഗവംശജനെയാണ് കല്യാണം കഴിച്ചത്. അവരുടെ കുട്ടികള്‍ എല്ലാവരും നാഗന്മാരാണ്. എന്നിരുന്നാലും അവരുടെ മകള്‍ ഒരു ഖാസിയെ വിവാഹം കഴിച്ചു. അവളുടെ കുട്ടികള്‍ ഖാസി വംശജരാണ്. കുടുംബങ്ങള്‍ തമ്മില്‍ ഈ കാര്യങ്ങളില്‍ നല്ല ധാരണ നിലനില്‍ക്കുന്നു. പ്രകൃതിവിഭവങ്ങളും മാതൃദായക്രമവും ഖാസി കുന്നുകളില്‍ സിയാമുകള്‍ എല്ലാം പുരുഷന്മാരാണ്. സ്ത്രീകള്‍ പ്രകൃതിവിഭവങ്ങളുടെ സൂക്ഷിപ്പുകാരാണെങ്കിലും ഭൂമി സംരക്ഷിക്കുന്നത് കൂടുതലും സഹോദരങ്ങളെയോ അമ്മാവന്മാരെയോ ആശ്രയിച്ചാണ് . ഒരു അയല്‍ക്കാരി അവരുടെ സ്ഥലം മുഴുവന്‍ വിറ്റിട്ട് ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നു. കാരണം എനിക്ക് വ്യക്തമല്ല. നിറയെ കുട്ടികളും ഭര്‍ത്താവിന് പ്രത്യേകിച്ച് വരുമാനവുമില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള സമ്മര്‍ദവും പ്രശ്നങ്ങളുമൊക്കെ ഒരു കാരണമാവാം .

മേഘാലയയിലെ മാതൃദായക്രമത്തിന്‍റെ ഭാവി
മേഘാലയയില്‍ ഭാവിയിലും മാതൃദായക്രമം തുടരണമെന്ന് ഞാന്‍ കരുതുന്നു. ഈ സമ്പ്രദായത്തില്‍ പ്രജനനം കുറവാണ്. അതുപോലെ വംശങ്ങളെ ഒരുമിച്ചു കൊണ്ടു വന്നത് ഇതാണ്. അനാഥര്‍, അവിവാഹിതരായ അമ്മമാര്‍, ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ എന്നിവരെയും കുലങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും ഇപ്പോള്‍ അണുകുടുംബങ്ങളാണധികം. കുലത്തിന് പിന്തുണ കുറഞ്ഞുവരുന്നു. ഞാന്‍ വിശ്വസിക്കുന്നത് പഴയതിനെ വീണ്ടെടുക്കാന്‍ കഴിയുമെന്നും കുലത്തിലെ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നുമാണ്. ആഗോള സാഹചര്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ക്കും മാറ്റമുണ്ടായി. ഇപ്പോള്‍ ഞങ്ങളും തിരക്കിലാണ്. പണ്ട് മുതിര്‍ന്നവരെ കാണുന്നതിനും സംസാരിക്കുന്നതിനു മൊക്കെ സമയം കണ്ടെത്തിയിരുന്നു. ഇന്ന് അതൊക്കെ മാറി. സ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലത് മാതൃദായക്രമം മാറണമെന്ന് ആഗ്രഹിക്കുന്നു. മേഘാലയ മാതൃപരമാണ് .പക്ഷേ പിതൃപരമാണ് പലപ്പോഴും അതിന്‍റെ സ്വഭാവം.കുടുംബത്തില്‍ ഇപ്പോഴും ഗൃഹനാഥനാണ് സ്ഥാനം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൂടുതലാണ്. പുരുഷന്മാരും അക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതിനെ കുറിച്ച് പഠനങ്ങള്‍ നടക്കാത്തതിനാല്‍ എനിക്കും കൂടുതല്‍ അറിവില്ല. മദ്യപാനം ഭരണകൂടം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്. പുരുഷനെ അടിച്ചമര്‍ത്തുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ ഇങ്ങനെ സംഭവിക്കുന്നത്. ആ വഴിക്കും കാര്യമായ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. പുരുഷന്മാര്‍ അവരുടെ വീട്ടിലുള്ള ജോലി ആരുമായും പങ്കു വയ്ക്കാറില്ല. പുരുഷന്‍ ഖത്തുന്‍വിന്‍റെ വീടുമായി പൊരുത്തപ്പെടണം. ആക്രമങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പുരുഷന്‍ കരയാറില്ല എന്ന ആഗോള സത്യത്തെ അംഗീകരിക്കുന്നതിനാല്‍ അവര്‍ ആരുമായും ഇത്തരം പ്രശ്നങ്ങള്‍ പങ്കുവയ്ക്കാറില്ല. ഞങ്ങള്‍ക്ക് സ്വത്തുണ്ടെങ്കിലും പുരുഷാധിപത്യം അനുഭവിക്കുന്നുണ്ട്. പുരുഷനാണ് മിക്ക കുടുംബങ്ങളും നിയന്ത്രിക്കുന്നത്.
* ഖാസി, ഗാരോ കുന്നുകളില്‍ നിന്നുള്ള ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖം. 10 വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ മാത്രമാണ് പങ്കെടുത്തത്.

ഈ കാലഘട്ടത്തില്‍ മാതൃദായക്രമത്തിന്‍റെ സ്വാധീനതയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്ത് ?
മാതാപിതാക്കളുടെ സ്വത്തിന്‍റെ പകുതിയിലധികവും ഇളയയവള്‍ക്ക് നല്‍കുന്നു. കുറച്ച് മാത്രമേ ബാക്കി പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നുള്ളൂ. ആധുനികവല്‍ക്കരണത്തിന്‍റെയും നഗരവല്ക്കരണത്തിന്‍റെയും സ്വാധീനം നിമിത്തം മാതാപിതാക്കള്‍ ഇന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരുപോലെ സ്വത്തുക്കള്‍ നല്‍കുന്നുണ്ട്.അതുകൊണ്ടുതന്നെ പ്രായമായ മാതാപിതാക്കളെ നോക്കാന്‍ പലപ്പോഴും ആളില്ലാതെ വരുന്നു, അവര്‍ അവഗണിക്കപ്പെടുന്നു. പണ്ടൊക്കെ ഇളയവളെ കല്യാണം കഴിക്കുന്നത് അനുഗ്രഹമായി കരുതിയിരുന്നു എന്നാലിന്ന് അധികഭാരമായി കരുതുന്നു. ഏക രക്ഷകര്‍ത്ത്യത്വ നിരക്ക് വര്‍ദ്ധിക്കുന്നു. കാരണം മറ്റ് വിവാഹേതര ബന്ധങ്ങള്‍ക്ക് വിലക്കില്ല. പുരുഷന് എപ്പോള്‍ വേണമെങ്കിലും കുടുംബത്തെ ഉപേക്ഷിച്ചു പോകാന്‍ സാധിക്കും, ആരും പരാതിപ്പെടുകയുമില്ല. മുതിര്‍ന്നവരില്‍ നിന്നുള്ള അധിക്ഷേപങ്ങള്‍ പുരുഷനും ഏല്‍ക്കേണ്ടി വരുന്നു. സ്വത്തുക്കളില്‍ യാതൊരു അവകാശവും അവര്‍ക്കില്ല. പ്രായമായി കഴിഞ്ഞാലും അവനെ നോക്കാന്‍ ആളില്ലാത്ത സാഹചര്യവുമുണ്ട്.
നിങ്ങളെപ്പോലെയുള്ള പുതുതലമുറയെ ഈ സമ്പ്രദായം ശാക്തീകരിക്കാന്‍ ഇടയാക്കിയിട്ടുണ്ടോ ?
ഉണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെ പോലെ തന്നെ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നു. സ്വന്തം പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. തീരുമാനമെടുക്കുന്നതില്‍ അമ്മയും അമ്മൂമ്മയും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ജീവിക്കുന്നതിനുള്ള സുരക്ഷിതത്വം മാതൃദായക്രമം ഉറപ്പാക്കുന്നുണ്ട്. വീട് പണിയുന്നതിനും മറ്റുമൊക്കെ കുടുംബത്തില്‍ നിന്ന് സഹായം ലഭിക്കും. ഭര്‍ത്താവിന് സ്വത്തിന്മേല്‍ യാതൊരു അവകാശവുമില്ല. സ്ത്രീക്ക് സ്വതന്ത്ര ജീവിതം നയിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പലരും വിവാഹം കഴിക്കാതിരിക്കാന്‍ ഇഷ്ടപ്പെടുന്നു. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ പൂര്‍ണ സുരക്ഷ അനുഭവിക്കുന്നു മിക്ക ചെറുകിട ബിസിനസുകളും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്.

മാതൃദായക്രമം കൂടുതല്‍ ഫലപ്രദവും സുസ്ഥിരവും ആണെന്ന് ഉറപ്പു വരുത്തുവാന്‍ ഭാവിയില്‍ നിങ്ങള്‍ ഏതു തരം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു ?
പുരുഷന്‍റെ സഹായമില്ലാതെ സ്ത്രീക്ക് എല്ലാം സ്വതന്ത്രമായി ചെയ്യാമെന്ന നില വന്നപ്പോള്‍ ഏക രക്ഷാകര്‍തൃത്വം എണ്ണത്തില്‍ കൂടി. സ്ത്രീ ഗര്‍ഭിണിയായാല്‍ ഒരിക്കലും അവളുടെ കാമുകനെയോ ഭര്‍ത്താവിനെയോ പഴിച്ചിരുന്നില്ല. കുട്ടികളെ ഉപേക്ഷിച്ചു പോകാന്‍ പുരുഷന്മാര്‍ക്കും നാണക്കേട് തോന്നാറില്ല.കാരണം അവര്‍ വിശ്വസിക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാണ് കുട്ടികളെ വളര്‍ത്തുക എന്നത്.യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല വേണ്ടത് കുട്ടികള്‍ക്ക് രണ്ടുപേരും ആവശ്യമാണ്. മേഘാലയിലെ പലസ്ഥലങ്ങളിലും ആചാരവിശ്വാസങ്ങളും ജീവിതരീതികളും വ്യത്യസ്തമാണ്.
*ഗാരോ സമൂഹം: ഈ മെയിലിലൂടെയും വാട്സ്ആപ്പ് വഴിയും നോര്‍ത്ത് ഈസ്റ്റ് ഹില്‍ ടൂറാ സര്‍വകലാശാല ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖം . ഖാസി അല്ലെങ്കില്‍ ജയന്തിയ പോലെതന്നെ മാതൃസമൂഹമാണ് ഗാരോകളുടേതും. ഗോത്രസംരക്ഷണത്തിനായി അഹോം രാജവംശകാലത്ത് പൂര്‍വികര്‍ മാതൃദായക്രമം സ്വീകരിച്ചതായി പറയപ്പെടുന്നു.  മാതാപിതാക്കളുടെ സ്വത്തിന്‍റെ അവകാശം ഇളയ മകള്‍ക്കാണ്. പക്ഷേ ആധുനിക കാലഘട്ടത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട മകള്‍ക്കാണ് സ്വത്ത് നല്‍കാറ്. ചില കുടുംബങ്ങളില്‍ മകനും നല്‍കിവരുന്നു. സ്ത്രീകള്‍ക്കാണ് നോക്മാസഭയുടെ പദവി ലഭിക്കുന്നത്. പക്ഷേ പുരുഷന്മാരായിരിക്കും നോക്മയുടെ പദവി വഹിക്കുന്നത്.
യോഗങ്ങളില്‍ സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. അങ്ങനെ സംസാരിക്കുന്ന സ്ത്രീകളെ പരുഷവാക്കുകള്‍കൊണ്ട് പുരുഷന്‍ അപമാനിക്കുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കുടുംബ ത്തില്‍ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. കുടുംബത്തില്‍ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ നിസ്സഹായയാവുന്നു. നോക്മ4 പദവികൊണ്ട് അവള്‍ക്ക് വലിയ കാര്യമൊന്നുമില്ല. അവള്‍ ഉടന്‍തന്നെ വംശസംരക്ഷകനായി മകള്‍ക്ക് നല്ലൊരു മരുമകനെ കണ്ടെത്തുന്നു. എന്‍റെ അഭിപ്രായത്തില്‍ തലമുറതലമുറയായി വംശ സ്വത്തുക്കള്‍ സംരക്ഷിക്കുന്ന ഒരു സമ്പ്രദായമാണ് മാതൃദായക്രമം. ഇവിടെ പ്രധാന പങ്കുവഹിക്കുന്നത് ഭര്‍ത്താവ് തന്നെയാണ്. ചിലയിടങ്ങളില്‍ മാതൃദായസമ്പ്രദായം ഫലപ്രദമാണ്. കാരണം പെണ്‍കുട്ടികള്‍ക്ക് അവരുടെ ഇടം ഒരിക്കലും ഉപേക്ഷിക്കേണ്ടതായി വരുന്നില്ല. മറ്റൊരു കാരണം പെണ്‍കുട്ടിക്ക് അവരുടെ മാതാപിതാക്കളെ നന്നായി നോക്കാന്‍ സാധിക്കുന്നു. സ്ത്രീയുടെ വാക്കിന് മാതൃസമൂഹങ്ങളില്‍ വിലയില്ലെങ്കില്‍ അതിനെ അങ്ങനെ വിളിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഈ സാഹചര്യങ്ങളൊക്കെ ഓരോ കുടുംബങ്ങളെ ആശ്രയിച്ചിരിക്കും. സ്ത്രീക്ക് വ്യത്യസ്ത വേഷങ്ങള്‍ അഭിനയിക്കാന്‍ കഴിയുമെന്നത് പലര്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, അതിന് സമയമെടുക്കും. മറ്റൊരു പ്രതിഭാഗം പറയുന്നു, ‘ ഗാരോ സമൂഹം പേരിന് മാത്രമാണ് മാതൃ സമൂഹം. ഖാസി സമൂഹം പോലെയല്ല ഗാരോകള്‍. ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പുവരെ പുരുഷനായിരുന്നു അധികാരി . അവനാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. യുദ്ധസമയത്താണ് ഇവിടെ മാതൃദായക്രമം സ്വീകരിക്കപ്പെട്ടത്. ഗാരോവംശം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ പുരുഷന്മാര്‍ക്കാണ് സ്ഥാനം ‘ . നോക്മാ എപ്പോഴും സ്ത്രീ തന്നെയായിരിക്കും.പക്ഷേ തീരുമാനങ്ങള്‍ പുരുഷന്‍റേതും. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ നിസ്സഹായയാവുന്നു. അവരുടെ അഭിപ്രായത്തെ ആരും മുഖവിലക്കെടുക്കുകയില്ല. മകള്‍ക്കായിരിക്കും പിന്നെ ഉത്തരവാദിത്വം . അത് നിര്‍വഹിക്കുന്നത് മകളുടെ ഭര്‍ത്താവും . നോക്മ എന്ന നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരു സ്ത്രീയെ എനിക്ക് അറിയാം. അവര്‍ ഗാംസെഗ്രെയില്‍ ബി.സി.ഓ ആയിരുന്നു. അവരാണ് ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ വിദ്യാസമ്പന്ന .
സംഹിത ബറൂഹ്: വളരെ ഉപകാരപ്രദമാണ്. വംശത്തെയും പൊതു ഭൂമിയുടെയും കാര്യത്തില്‍ സ്ത്രീ ഉടമകളാണ്. ഗാരോ കുന്നുകളില്‍ ജലം, ഭൂമി, വനവിഭവങ്ങള്‍ എന്നിവ മെച്ചമായി സംരക്ഷിക്കാന്‍ ഈ സമ്പ്രദായം സ്ത്രീകളെ സഹായിക്കുന്നുണ്ടോ ?
അതെ മാഡം. അത് സംരക്ഷിതമാണ്.
സംഹിത ബറൂഹ്: രാഷ്ട്രീയമായി ശക്തിപ്പെടാന്‍ മാതൃദായക്രമം സഹായകരമാണോ ? ഗാരോ സ്വയംഭരണ കൗണ്‍സിലിന്‍റെ ഭാഗമാണോ സ്ത്രീകള്‍ ?
കുലഭൂമി ഒരിക്കലും നശിക്കുന്നില്ല. പ്രശ്നങ്ങളെ എല്ലാവരും ഒന്നിച്ചു പരിഹരിക്കുന്നു.
സമൂഹത്തെ മനസ്സിലാക്കിക്കാന്‍ സമയമെടുക്കും – ഞങ്ങളുടെ മനസ്സ് ഒരിക്കലും പുരുഷമനസ്സ് പോലെയല്ല
സംഹിത ബറൂഹ് : ഒരു ഗാരോ സ്ത്രീ തന്‍റെ വിഭാഗത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചെന്നിരിക്കട്ടെ അപ്പോള്‍ മറ്റെ തെങ്കിലും ആദിവാസി വ്യക്തിക്ക് പാരമ്പര്യത്തിന് അവകാശം ലഭിക്കുമോ ?
മുന്‍പ് അതെ എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ നോക്മ നിയമങ്ങളുണ്ട്. നാവുകൊണ്ട് യുദ്ധം ചെയ്യാനേ സ്ത്രീക്ക് കഴിയുകയുള്ളൂ. ബുദ്ധിപരമായി അവള്‍ക്ക് പെരുമാറാന്‍ കഴിയുകയില്ലെന്ന് പുരുഷന്മാര്‍ വിശ്വസിക്കുന്നു.
സംഹിത ബറൂഹ് :ഒരു പുരുഷന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായാല്‍ അയാളെ അംഗീകരിക്കുമോ ?
സ്ത്രീ അവകാശിയില്ലെങ്കില്‍ മറ്റൊരാള്‍ക്ക് പാരമ്പര്യ അവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടോ ?
ക്രിസ്ത്യാനിയായി ആരും അംഗീകരിക്കുകയില്ല.
സംഹിത ബറൂഹ് : ആ നിയമത്തെ എന്താണ് വിളിക്കുന്നത്?
അതെ, ചിലപ്പോള്‍ മരുമകളെ ദത്തെടുക്കുന്നു. അല്ലെങ്കില്‍ മകനെ നോക്കാന്‍ . ഏല്‍പ്പിക്കുന്നു. എനിക്ക് മാഡത്തെ ഓര്‍മ്മയില്ല. ഇതിപ്പോള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്
സംഹിത ബറൂഹ് : എന്താണ് നിയമം ? എന്തുകൊണ്ടാണ് എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ?
പല കുടുംബങ്ങളും മിശ്രവിവാഹത്തിന് എതിരാണ്. പക്ഷേ എന്‍റെ കുടുംബം മിശ്രിതമാണ്.
സംഹിത ബറൂഹ് : ശരി
ഒരു ഗാരോ സ്ത്രീ മറ്റൊരു വിഭാഗത്തിലെ ആളെ വിവാഹം ചെയ്താല്‍ അവരുടെ കുട്ടികളെ ഒരിക്കലും ഗാരോ വിഭാഗമായി പരിഗണിക്കില്ല.
സംഹിത ബറൂഹ് : ശരി,ഞാന്‍ മനസ്സിലാക്കുന്നു.
സംഹിത ബറൂഹ് :ഗാരോ വിഭാഗത്തില്‍പ്പെട്ട പുരുഷന്‍ മിശ്രവിവാഹം ചെയ്താല്‍ എന്താണ് സംഭവിക്കുന്നത് ?
ഞാന്‍ വിചാരിക്കുന്നു നിയമങ്ങളില്ലായെന്ന്. നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു മാത്രമാണ്. പുരുഷന് അവന്‍റെ മാതാപിതാക്കളെ ഉപേക്ഷിച്ചുപോലും പോകാം ………. നല്ല ചോദ്യം !
സംഹിത ബറൂഹ് : എന്‍റെ താല്പര്യം വര്‍ധിക്കുന്നു.
ജാതി ജനന സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്ന സമയത്ത് മിശ്രവിവാഹം ആണെങ്കില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. എല്ലാ നോക്മയും ഒരുപോലെയല്ല .
*ഒരു ഗാരോ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണം .
പുരുഷനാണ് കൂടുതല്‍ അനുഭവിക്കുന്നത്.
: ഞങ്ങള്‍ക്ക് ഭൗതിക സ്വത്തുക്കള്‍ ഇല്ലാതെ അമ്മയുടെ വീട് വിട്ടു പോകേണ്ടി വരുന്നു.
കൂടാതെ ഇളയ മകളെ ഞങ്ങള്‍ വിവാഹം കഴിച്ചില്ലെങ്കില്‍ ആദ്യം മുതല്‍ ജീവിതം ആരംഭിക്കേണ്ടതായി വരുന്നു. അതുകൊണ്ട് ധാരാളം ആണ്‍കുട്ടികളുള്ള ഒരു കുടുംബത്തില്‍ ഇത് അന്യായമായ സമ്പ്രദായമാണ്. ഇത് ഒരു പുരുഷന്‍റെ വാക്കുകളാണ്.അയാള്‍ക്ക് 36 വയസ്സുണ്ട് , വിവാഹിതനാണ്.
ഇതില്‍ പ്രത്യേകിച്ചൊരു തുല്യത ഞാന്‍ കാണുന്നില്ല. മാതൃദായക്രമം പലപ്പോഴും പേപ്പറുകളില്‍ മാത്രമാണ്. തീരുമാനമെടുക്കുന്ന കാര്യത്തില്‍ ഒരിക്കലും സ്ത്രീക്ക് തുല്യത ലഭിക്കുന്നില്ല. പല പ്രവര്‍ത്തികളില്‍ നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു. അറിവ് നേടാനുള്ള സ്വാതന്ത്ര്യം, സ്വത്തവകാശം, ജോലി ഒക്കെ ഉണ്ടെങ്കിലും എല്ലാ സമൂഹത്തിലും പരമോന്നത പദവി പുരുഷനാണ്. സ്ത്രീകള്‍ എപ്പോഴും രണ്ടാംതരമാണ് . ഇത് പറഞ്ഞത് 29 വയസ്സുള്ള ഒരു സ്ത്രീയാണ്.
മുകളിലെ സംഭാഷണങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഖാസി,ഗാരോ സൊസൈറ്റികളുടെ മാതൃദായക്രമത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ജയന്തിയ സമൂഹങ്ങളിലെ മാതൃദായക്രമം പി.എം പാഷ് (1Book chapter on Gender Implications of Jaintia Customary Practices, in the book Gender Implications ofTribal Customary Law: The case of North East India, edited by Melvil Pereria et al, NESRC Publication)പറയുന്നു -ജയന്തിയ പിന്തുടരുന്നത് മാതൃദായക്രമമാണ്. കുട്ടികള്‍ അവരുടെ അമ്മയുടെ വംശത്തിന്‍റെ പേരിലറിയപ്പെടുന്നു. അവര്‍ അമ്മയുടെ വംശത്തിലെ അംഗങ്ങളും ആ സാമൂഹിക ഗ്രൂപ്പില്‍ ജീവിക്കുന്നവരുമാണ്. ഭാര്യയുടെ വീട്ടില്‍ തീര്‍ത്തും അപരിചിതനെ പോലെയാണ് ഭര്‍ത്താവ്. വംശപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല. ഭാര്യയുടെ കുടുംബകാര്യങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് കുടുംബത്തിലെ സഹോദരനോ അമ്മാവനോ ഒക്കെയാണ്. മതപരമായി ജയന്തിയയിലെ പെണ്‍മക്കള്‍ പലകാര്യങ്ങളും നിര്‍വഹിക്കുന്നുണ്ട്. വംശത്തിലും കുടുംബത്തിലുമൊക്കെ ഒരു പുരോഹിതന്‍റെ പദവി അവര്‍ നിര്‍വഹിക്കുന്നു. ഇവരുടെ ആചാരമനുസരിച്ച് കുടുംബത്തില്‍ ഇളയമകള്‍ ജയന്തിയാത്ര വംശത്തില്‍പ്പെടാത്ത ഒരാളെ വിവാഹം കഴിച്ചാല്‍ അവള്‍ക്ക് പാരമ്പര്യം മാത്രമല്ല മതപരമായ ബന്ധം പോലും പിറന്ന കുടുംബവുമായി പിന്നീട് ഉണ്ടാവില്ല. ചിതാഭസ്മം വരെ കുടുംബത്തിന് പുറത്തെ മരണശേഷം വയ്ക്കുകയുള്ളൂ. അതുപോലെ അവളുടെ മക്കള്‍ക്ക് സ്വത്തിന്‍റെ അവകാശവും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു.
നിഗമനം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി മേഘാലയിലെ മാതൃദായക്രമവും വൈവിധ്യമാര്‍ന്ന പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. മേഘാലയിലെ ആദിവാസി വിഭാഗങ്ങളില്‍ പുരുഷനാണ് നിലവിലുള്ള ഭൗതിക വിഭവങ്ങളുടെ സംരക്ഷകനായി മാറുന്നത്. എല്ലാത്തരം സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ശക്തികളാലും സ്വാധീനിക്കപ്പെടുന്ന ഒരു കമ്പോള സമ്പദ് വ്യവസ്ഥയുടെ ലിംഗപരമായ ബാധ്യതകളും സമ്മര്‍ദ്ദങ്ങളും അതിജീവിക്കാന്‍ സ്ത്രീകള്‍ പാരമ്പര്യ ആചാരങ്ങളുടെ സംരക്ഷകരായി നിലകൊള്ളുന്നു. ഈ സമ്പ്രദായത്തിനു പുറത്തുള്ളവര്‍ ഈ സംവിധാനത്തിന് ഉള്ളില്‍ കണ്ടെത്താന്‍ പാടുപെടുന്നു.

കുറിപ്പുകള്‍
1. ഡോര്‍ബാ ഷ്നോംഗ് -മേഘാലയന്‍ ഗ്രാമസഭകള്‍
2. രംഗ്ബാ ഷ്നോംഗ് -ഖാസി ഗ്രാമങ്ങളില്‍ പരമ്പരാഗതമായി തെരഞ്ഞെടുക്കുന്ന തലവന്‍. ഇയാളുടെ കീഴില്‍ ഒരു ഭരണസമിതി ഉണ്ടായിരിക്കും.
3. ഖദ്ദു -കുടുംബത്തിലെ ഇളയ മകള്‍ ,കുടുംബത്തിന്‍റെ അധികാരി, പരമ്പരാഗത സ്വത്തിന്‍റെ സംരക്ഷക .
4. നോക്മ -വില്ലേജിന്‍റെ പ്രധാന അധികാരി . കാര്‍ഷികമേഖലയില്‍ പ്രധാനി ല്‍. നോക്മയാണ്.

 

 

 

 

 

ഡോ: സംഹിത ബറൂഹ്
സാമൂഹ്യപ്രവര്‍ത്തക, മേഘാലയ

 

 

 

 

വിവര്‍ത്തനം:

ശ്രുതി റ്റി.സി
എം.ഫില്‍ ഗവേഷക
കാലിക്കറ്റ് സര്‍വകലാശാല

 

COMMENTS

COMMENT WITH EMAIL: 0