ദിവ്യത്വവും സൗഖ്യദായകത്വവും തമ്മിലുള്ള ബന്ധം പൊതുവില്‍ പ്രചുര പ്രചാരം നേടിയ ഒന്നാണ്.മറ്റുള്ളവരേക്കാള്‍ സൗഖ്യം നല്‍കുന്നതിന് കഴിവുള്ള സന്യാസിമാരേക്കുറിച്ചുള്ള കഥകള്‍ഏകദേശം എല്ലാ മതപുരാവൃത്തങ്ങളിലും കാണാം.ഇത്തരം കഴിവുകള്‍ ദിവ്യത്വത്തിന്‍റെ വിശിഷ്ട മണ്ഡലത്തിലേക്ക് അവരെ ഉയര്‍ത്തുന്ന ഒന്നായാണ് കരുതിപ്പോരുന്നത്. രോഗങ്ങളെ ദൈവിക ശിക്ഷകളായി കാണുന്നതിനോടൊപ്പംആരാധനാ മൂര്‍ത്തികളുടെ കോപം ശമിപ്പിക്കുന്നതിലൂടെയോ ദൈവിക മണ്ഡലവുമായി ബന്ധമുള്ളവരുടെ ദിവ്യ പ്രവര്‍ത്തനങ്ങള്‍വഴിയോ രോഗങ്ങള്‍ സൗഖ്യപ്പെടുത്താം എന്ന വിശ്വാസം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലുണ്ട്. രോഗങ്ങള്‍ക്ക് കാരണമാകുന്നവരോ രോഗങ്ങളെ ശമിപ്പിക്കുന്നവരോ ആയ ഒരു കൂട്ടം ദേവീദേവന്മാരെ നമുക്ക് പരിചയമുണ്ട്. ഏറ്റവും അടുത്ത കാലത്ത് ഉദയം ചെയ്ത അത്തരം ഒരു ദേവിയാണ്കോവിഡ് 19 വൈറസിന്‍റെപേരില്‍ ആരാധിക്കപ്പെടുന്ന’കൊറോണാ മാതാ’. വൈറസില്‍ നിന്നുള്ള സൗഖ്യം ലഭിക്കുന്നതിനു വേണ്ടി ഈ ദേവിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും പലതരത്തിലുള്ള പൂജാവിധികള്‍ അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്നു.
ചികിത്സാടിസ്ഥാനത്തിലും വിശ്വാസാടിസ്ഥാനത്തിലുമുള്ള സൗഖ്യവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലുണ്ട്.ഇതില്‍ ഭൂരിഭാഗവും മേല്‍ പറഞ്ഞ രണ്ട് സമ്പ്രദായങ്ങളും ഉള്‍ച്ചേര്‍ന്നതായിരിക്കും.ബുദ്ധി സംപോലെയുള്ള പാരമ്പര്യങ്ങളില്‍ ദുരിതവും ദുരിതത്തില്‍ നിന്നുള്ള മോചനവുമാണ് കേന്ദ്രസ്ഥാനത്ത് വരുന്നആശയം .ശാക്യമുനി ബുദ്ധന്‍റെ ഉപദേശങ്ങള്‍ മുതല്‍ താന്ത്രിക പാരമ്പര്യങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ വരെ ഇത്തരത്തില്‍ ദുരിതങ്ങളേക്കുറിച്ചും ദുരിതമോചനത്തേക്കുറിച്ചുമുള്ള തുടര്‍ച്ചയായ പ്രതിപാദനങ്ങള്‍ കാണാം.ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ സൗഖ്യദായകര്‍ക്ക് അര്‍ദ്ധ ദിവ്യപദവി ലഭിക്കുകയും സൗഖ്യദായകത്വം ഒരു അതീന്ദ്രിയ പ്രവര്‍ത്തനമായി കരുതപ്പെടുകയും ചെയ്യും.ആദ്യകാല മഹായാന വിശ്വാസികള്‍ വിശ്വസിച്ചിരുന്നത് പരമമായ സൗഖ്യം ആത്മീയതയിലൂടെ മാത്രമുള്ളതാണെന്നും എല്ലാവിധ ശാരീരിക രോഗശമനങ്ങളും ബന്ധപ്പെട്ടു നില്‍ക്കുന്നത് ആത്മീയ ശുദ്ധീകരണവുമായാണ് എന്നുമാണ്.രോഗാവസ്ഥ കര്‍മ്മത്തിന്‍റെ ഫലമായി ഉണ്ടാകുന്നതാണ്. അതുകൊണ്ടു തന്നെആത്മാവ്, ശരീരം,പ്രവൃത്തിഎന്നിവ ഉള്‍പ്പെടെയുള്ള സമഗ്രാര്‍ത്ഥത്തില്‍ വേണം ആരോഗ്യത്തെ മനസിലാക്കേണ്ടത് എന്ന ആശയമാണ് ബുദ്ധിസം മുന്നോട്ടുവെക്കുന്നത്.
ഭൈശജ്യ ഗുരുവായാണ് ബുദ്ധന്‍ എന്ന ആശയം ഉദയം ചെയ്തത് എന്നാണ് പൊതുവില്‍ പലരും മനസിലാക്കിയിട്ടുള്ളത്.പാരമ്പര്യമനുസരിച്ച്സൗഖ്യത്തിന്‍റെ അധിപനായ ഭൈശജ്യ ഗുരു’സൗഖ്യദായക ബുദ്ധന്‍’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ആദ്യകാല ബുദ്ധിസത്തിന്‍റെ ഭാഗമായിരുന്ന വിശ്വാസ / അതീന്ദ്രിയഅടിസ്ഥാനത്തിലുള്ള രോഗശമന സമ്പ്രദായത്തിന്‍റെ തുടക്കം ഭൈശജ്യ ഗുരുവില്‍ നിന്നായിരുന്നു എന്നാണ് വിശ്വസിച്ചു പോരുന്നത്.പക്ഷേ, ശാക്യമുനി ബുദ്ധന്‍റെ ജനനത്തിനുമുമ്പേ തന്നെ സൗഖ്യദായക ശക്തിയുള്ള ദിവ്യരെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ബുദ്ധിസ്റ്റ് പാരമ്പര്യങ്ങളില്‍ കാണാവുന്നതാണ്. ഇത്തരം പാരമ്പര്യങ്ങള്‍പ്രധാനമായും ശാക്യമുനി ബുദ്ധന്‍റെ മാതാവായ മായാദേവിയുമായി ബന്ധപ്പെട്ടതാണ്.
പല ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളും ഗര്‍ഭവതിയായ മായാദേവിയെ പ്രകീര്‍ത്തിക്കുന്നത് സൗന്ദര്യത്തിന്‍റേയും സഹനത്തിന്‍റേയും ധാര്‍മ്മികതയുടേയും മൂര്‍ത്തീകരണമായാണ്. അത്ഭുതകരമായ സൗഖ്യദായക ശക്തി അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു.ഗര്‍ഭവതിയായ അമ്മ ഗര്‍ഭാവസ്ഥയിലുള്ള തന്‍റെ കുഞ്ഞിന്‍റെ സദ്ഗുണങ്ങളോ ദുര്‍ഗുണങ്ങളോ ഉള്‍ക്കൊള്ളുന്നവളായിരിക്കും എന്ന വിശ്വാസം പല ഉത്തരേന്ത്യന്‍പാരമ്പര്യങ്ങളിലുമുണ്ട്.ഇത്തരം പാരമ്പര്യങ്ങളനുസരിച്ച് ഗര്‍ഭധാരിയായ അമ്മ അറിയപ്പെടുന്നത് ‘ദൊഹദിനി’ എന്നാണ്. ദൊ ഹദ എന്ന് വിളിക്കപ്പെടുന്ന ഉള്‍പ്രേരണക്ക് വിധേയപ്പെട്ടവള്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. മുന്‍പ് സൂചിപ്പിച്ചതു പോലെ ഗര്‍ഭധാരിയായ അമ്മയുടെ ഉള്ളിലുള്ള കുഞ്ഞിന്‍റെ സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളുംഈ ദൊഹദകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ലളിതവിസ്താരമെന്നഗ്രന്ഥത്തില്‍ ഗര്‍ഭവതിയായ മായാദേവിയുടെ ധാര്‍മ്മിക വികാരങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. ബന്ധങ്ങള്‍, കോപം, മിഥ്യാഭ്രമം എന്നിവക്ക് അവള്‍ അധീനപ്പെട്ടിരുന്നില്ല. ആഗ്രഹ പൂര്‍ണ്ണമായ ചിന്തകളോ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തണമെന്ന ചിന്തകളോ അവളില്‍ ഉണ്ടായിരുന്നില്ല. ചൂട്,തണുപ്പ്, വിശപ്പ്, ദാഹം, വിഷാദം,വൃത്തിഹീനത, ക്ഷീണം എന്നിവ അവള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. അപ്രിയമായ രൂപങ്ങളോ ശബ്ദങ്ങളോ രുചികളോ മണങ്ങളോ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നില്ല. അവള്‍ ദുസ്വപ്നങ്ങള്‍ ദര്‍ശിച്ചിരുന്നില്ല. മായാദേവിയുടെ ഇത്തരത്തിലുള്ള ധാര്‍മ്മിക ചിന്തകളെ വിവരിക്കുന്നതിനൊപ്പം അവള്‍ക്കുണ്ടായിരുന്നപലതരത്തിലുള്ള ബാധകളില്‍ നിന്ന് ജനങ്ങള്‍ക്ക് സൗഖ്യം നല്‍കുന്നതിനുള്ള അവളുടെ കഴിവിനെക്കുറിച്ചും മേല്‍പറഞ്ഞ ഗ്രന്ഥം പ്രതിപാദിക്കുന്നു. മായാദേവി എന്ന ബോധിസത്വന്‍റെ അമ്മയെ വെറുതെ കണ്ടമാത്രയില്‍ തന്നെ ദേവന്‍മാര്‍, നാഗന്മാര്‍, യക്ഷന്മാര്‍, ഗന്ധര്‍വ്വന്‍മാര്‍, ഗരുഡന്‍മാര്‍, ഭൂതങ്ങള്‍ എന്നിവ ബാധിച്ച, കപിലവസ്തു നഗരത്തിലേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേയും ഏതു സ്ത്രീക്കും പുരുഷനും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ബാധയില്‍ നിന്നുള്ള മോചനവും സൗഖ്യവും ലഭിച്ചിരുന്നു എന്ന് ഈ ഗ്രന്ഥം വിവരിക്കുന്നു. ബോധി സത്വന്‍റെ മാതാവ് ശിരസില്‍ തന്‍റെ വലതു കൈ വെക്കുന്ന മാത്രയില്‍ തന്നെ രോഗബാധിതരായ ഏതൊരാള്‍ക്കും രോഗശമനം ലഭിച്ചിരുന്നു എന്നും ഗ്രന്ഥം പറയുന്നു. ഈ രീതിയില്‍ അവര്‍ വായു, പിത്തം,കഫം എന്നിവയുടെ സ്വരച്ചേര്‍ച്ചയില്ലായ്മ മൂലമുണ്ടാകുന്ന എല്ലാത്തരം രോഗങ്ങളേയും പീഡകളേയും സുഖപ്പെടുത്തിയിരുന്നു. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും ദന്തരോഗം, കുഷ്ഠരോഗം, ക്ഷയം, മതിഭ്രമംവീക്കം, പൊള്ളല്‍, വ്രണംഎന്നിവക്കും അവര്‍ രോഗശമനം നല്‍കിയിരുന്നു. രോഗത്തില്‍ നിന്ന് മോചിതരായവര്‍ക്ക് പെട്ടെന്നു തന്നെ ആരോഗ്യവും ഓജസ്സും തിരിച്ചു കിട്ടുന്നതിനുവേണ്ടി ചില ഔഷധികളും അവര്‍ നല്‍കിയിരുന്നു.ഇവരുടെ സൗഖ്യദായക ശക്തി ഒരു വശത്ത് ദിവ്യതയില്‍ നിന്ന് ഉത്ഭവിച്ചതും മറുവശത്ത് ചികിത്സയുടെ അടിസ്ഥാനത്തിലുള്ളതും ആയിരുന്നു എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്.ചുരുക്കത്തില്‍ മുമ്പ് സൂചിപ്പിച്ച രണ്ട് സമ്പ്രദായങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു ഇവരുടെശക്തി എന്നാണ് ബുദ്ധിസ്റ്റ് പരമ്പര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
മായാദേവിയില്‍ നിന്നുത്ഭവിക്കുന്ന കുഞ്ഞിന്‍റെ മഹത്വത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയാണ് അവര്‍ക്ക് ദിവ്യത്വം സ്ഥാപിക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്ക് പൊതുവെയുള്ള അധമവികാരങ്ങളായ വഞ്ചന, കാപട്യം, അസൂയ,എന്നിവയൊന്നും മായാദേവിയില്‍ ഉണ്ടായിരുന്നില്ല എന്നു വരെ ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ പറഞ്ഞു വെക്കുന്നു.ചുരുക്കത്തില്‍ മായാദേവിയിലുള്ള ഇത്തരം സ്ത്രൈണ ചപല വികാരങ്ങള്‍ ഇല്ലാതായതിന്‍റേയും അവരുടെ അര്‍ദ്ധ- ദിവ്യത്വത്തിന്‍റേയും കാരണം ഗര്‍ഭസ്ഥ ശിശുവാണ് എന്നാണ് ഈ ഗ്രന്ഥങ്ങള്‍ സൂചിപ്പിച്ചു വെക്കുന്നത്.മായാദേവിയുടെ സൗഖ്യദായക ശക്തിയോടൊപ്പം വേദനയില്ലാത്ത, സ്വസ്ഥതയോടു കൂടിയ അവരുടെ ഗര്‍ഭധാരണത്തെക്കുറിച്ചു കൂടി ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും ബുദ്ധനെ പ്രസവിച്ചതിനു ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ അവര്‍ മരിച്ചു പോയി എന്ന കാര്യത്തെക്കുറിച്ച് ഭൂരിഭാഗം ഗ്രന്ഥങ്ങളും നിശബ്ദത പാലിക്കുന്നു.
ഒരു വ്യക്തി എന്ന രീതിയിലുള്ള മായാദേവിയുടെ അസ്തിത്വത്തെ ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ തമസ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു.അവരും അവരുടെ ശക്തികളും അവരുടെ ഗര്‍ഭത്തിലുള്ള ഭ്രൂണത്തിന്‍റെ മഹത്വത്തെ ദ്യോതിപ്പിക്കുന്നതിനു വേണ്ടിയാണ് താത്കാലികമായെങ്കിലും പ്രകാശിപ്പിക്കപ്പെടുന്നത്. ബുദ്ധന് ജന്മം നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ഭൗതിക മാതാവ് എന്ന മായാദേവിയുടെ കടമ അവസാനിക്കുന്നു. അവളുടെ ഗര്‍ഭപാത്രത്തിലെ ബുദ്ധന്‍റെ സാന്നിദ്ധ്യം തന്നെയാണ് അവള്‍ക്ക് സൗഖ്യദായക ശക്തി പ്രദാനം ചെയ്യുന്നത്.ചുരുക്കത്തില്‍ ചരിത്രത്തിലുള്ള മായാദേവി എന്ന വ്യക്തിയും ‘ബുദ്ധന്‍റെ അമ്മ’യായ മായാദേവി എന്ന വ്യക്തിയും തീര്‍ത്തും വ്യതിരിക്തങ്ങളായ അസ്തിത്വങ്ങളാണ്.ഭൂരിപക്ഷം ബുദ്ധിസ്റ്റ് പാരമ്പര്യങ്ങളും ബുദ്ധന്‍റെ ജന്മത്തിന് പരമാവധി ദിവ്യത നല്‍കാന്‍ ശ്രമിക്കുകയും ജനനത്തിനു മുമ്പു തന്നെ അദ്ദേഹം വിശുദ്ധ പരിവേഷം ഉള്ളയാളാണ് എന്ന് ഉറപ്പിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. സൗഖ്യദായകത്വത്തിന്അതീന്ദ്രിയവും ദിവ്യവുമായ തലമുണ്ടെന്നും സൗഖ്യദായകയുടെ അസ്തിത്വത്തേക്കാള്‍ പ്രാധാന്യംഅവരുടെ ഗര്‍ഭധാരണത്തിനുണ്ടെന്നും സ്ഥാപിക്കുന്ന ആശയത്തിന്‍റെ ഉറപ്പിക്കലാണ് ഗൗതമ സിദ്ധാര്‍ത്ഥന്‍റെ അമ്മയായ മായാദേവിയുടെ കഥയിലൂടെ വെളിവാക്കപ്പെടുന്നത്.
COMMENTS