Homeഉപ്പും മുളകും

മതാത്മക കുടുംബങ്ങളും സ്ത്രീ സ്വതവും

ഗീത

ബിരിയാണി , ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെ ആസ്പദിച്ച അന്വേഷണം

2020ൽ സജിൻ ബാബു എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ പടമാണ് ബിരിയാണി.ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം കരസ്ഥമാക്കി. അതിൽ എടുത്തു പറയേണ്ടത് കനികുസൃതിക്കു ലഭിച്ച മികച്ച നടി അവാർഡ് ആണ്.

കനി എന്ന നടി ചുമലേറ്റുന്ന പടമാണ് ബിരിയാണി. കടലോരത്തു ജീവിക്കുന്ന കദീജയെന്ന സ്ത്രീ എന്തെല്ലാം പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നതാണു വിഷയം. തുടക്കം മുതൽ ഒടുക്കം വരെ കദീജയെ കേന്ദ്രീകരിച്ചു തന്നെയാണ് സിനിമയുടെ എല്ലാ ഘടകങ്ങളും നീങ്ങുന്നത്. കിടപ്പറയിലെ സ്ത്രീ പുരുഷ സുരതത്തിൽ നിന്നു തുടങ്ങുകയും അതിൽ അവസാനിക്കുകയും ചെയ്യുന്നു ബിരിയാണിയെന്നതും എടുത്തു പറയേണ്ടതാണ്. തുടക്കത്തിൽ ഭർത്താവിൻ്റെ ഏകപക്ഷീയമായ ഭോഗത്തിന് വിധേയപ്പെട്ട് കല്ലുപോലെ അല്ലെങ്കിൽ മരം പോലെ കിടക്കുന്ന കദീജയിൽ ആണു തുടക്കം. അയാൾ തൃപ്തനായി അവളിൽ നിന്നെഴുന്നേല്ക്കുമ്പോൾ അവൾ തുടങ്ങിയിട്ടു പോലുമില്ല. അയാൾ എണീറ്റു പോയ ശേഷം സ്വയംഭോഗത്തിലൂടെ തൻ്റെ ലൈംഗിക സംതൃപ്തി കണ്ടെത്തുകയാണ് കദീജ. അത് ഏകപക്ഷീയമായി ഉപരി സുരതം ചെയ്യുന്ന ആണിനുള്ള പെണ്ണിൻ്റെ താക്കീതു കൂടിയാണ്. നിങ്ങളെയൊക്കെ എന്തിനു കൊള്ളാമെന്ന ചോദിക്കാത്ത ചോദ്യം. അഥവാ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ആണിൻ്റെ ലൈംഗിക ശേഷിക്കുറവിനെയും ധാരണക്കുറവിനെയും കുറിച്ചുള്ള ഒരോർമ്മപ്പെടുത്തൽ. അതിനു കീഴ്പെട്ട് നിസ്സഹായയായി ഒടുങ്ങാൻ താൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് അവസാന സീനിലെ അവളുടെ ഉപരി സുരതം സൂചിപ്പിക്കുന്നത്.

എന്നാൽ ഇതു പെണ്ണിൻ്റെ ലൈംഗിക കാമനയുടെ മാത്രം പ്രശ്നമാണോ? അല്ലെന്നാണ് ബിരിയാണി നല്കുന്ന ഉത്തരം. തീവ്രവാദിയെന്നധിക്ഷേപിക്കപ്പെട്ട ഷാനവാസിൻ്റ സഹോദരി കൂടിയാണ് കദീജ. മകൻ്റെ തിരോധാനത്തിനു ശേഷം മാനസികമായ സമനില തീർത്തും നഷ്ടപ്പെട്ട സുഹറാബിയെന്ന ഉമ്മയുടെ ഏകാവലംബമാണവൾ. ഷാനവാസിനെപ്പറ്റി ചോദ്യം ചെയ്യുമ്പോൾ പോലീസ് സംവിധാനം ഉപയോഗിക്കുന്ന അധികാരം കുടുംബത്തിൽ ഭർത്താവുപയോഗിച്ച അതേ അധികാരം തന്നെയാണ്. ശാരീരികം മാത്രമല്ല അധികാര പ്രയോഗങ്ങൾ. ജനാധിപത്യ സംവിധാനത്തിൻ്റെ ഉപകരണങ്ങൾ പെണ്ണിനുണ്ടാക്കുന്ന മാനസിക വൈകാരിക സമ്മർദ്ദങ്ങൾ ആൺകോയ്മ പരമായ അധികാര ബോധത്തിൽ നിന്നു തന്നെ സംഭവിക്കുന്നതാണ്. മൂന്നു തലാക്ക് ഒറ്റയടിക്കു ഭർത്താവ് ഫോണിൽ മെസെജു ചെയ്യുന്നതോടെ അവൾ മകനടക്കമുള്ള കുടുംബത്തിൽ നിന്നു ബഹിഷ്കൃതയാകുന്നു. ഇവിടെ ഭർത്താവിന് അങ്ങനെ ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും അയാളുടെ ഉമ്മയാണ്. ആ ഉമ്മയും ഒരു സ്ത്രീയാണ്, അപ്പോൾ സ്ത്രീ തന്നെയാണ് സ്ത്രീക്കെതിര് എന്ന പതിവു വാദങ്ങളുണ്ട്. പക്ഷേ ഈ ഉമ്മ കേവലമൊരു സ്ത്രീയല്ല. പുരുഷാധികാരപരമായ മതത്തിൻ്റെ വിശ്വസ്തയായ ഏജൻറാണ്. അവളുടെ കൈയിൽ മതാചാരങ്ങൾ ഭദ്രമാണ്. ആൺകോയ്മയുടെ ഈ ശക്തിയാണ് മതാചാര സംരക്ഷണ രൂപത്തിൽ കദീജയിൽ ആ പാവം ഉമ്മ സ്വയമറിയാതെ പ്രവർത്തിപ്പിച്ചതെന്നു കാണാം. അവൾ സ്വന്തം കടപ്പുറത്തേക്കു തിരിച്ചു വരുന്നു. ഉമ്മയായ സുഹറാബിയെ കാത്തു രക്ഷിക്കുന്നവളായി മാറുന്നു. പോലീസുകാരുടെ അധികാര പ്രയോഗത്തിൻ്റെയും അശ്രദ്ധയുടെയും ഫലമായി അവളുടെ കുടിൽ കത്തിച്ചാമ്പലാകുന്നു. അങ്ങനെ അവൾക്ക് വീടും നഷ്ടമാകുന്നു. പെണ്ണിൻ്റെ സുരക്ഷിതത്വമെന്നു പൊതുവേ വ്യവഹരിക്കപ്പെടുന്ന ഭർതൃ കുടുംബവും ജനിച വീടും നാടും നഷ്ടപ്പെട്ടവളായി അവൾ മാറുന്നു.

മതം, പൗരോഹിത്യം തീവ്രവാദിയുടെ ബന്ധുവെന്ന മേൽവിലാസം എന്നിവയിൽ നിന്നു രക്ഷപ്പെട്ട് സ്വതന്ത്രയാകാനുള്ള കദീജയുടെ ജീവിതയാത്രയുടെ ആദ്യഘട്ടത്തിൽ ഉമ്മയും കൂടെയുണ്ടായിരുന്നു. എന്നാൽ കാത്തിരുന്ന മകൻ കൊല്ലപ്പെട്ടുവെന്ന തിരിച്ചറിവിൻ്റെ ആഘാതം താങ്ങാനാകാതെ അവർ ഈ ലോകത്തെ വെടിയുന്നു. പിന്നീടുള്ള കദീജയുടെ യാത്ര പൂർണമായും അവളുടെ സ്വത്വാന്വേഷണത്തിൻ്റേതായിരുന്നു. ആദ്യമവൾ പുരുഷന്മാരുമായി ചെയ്ത രതിബന്ധങ്ങളിലൂടെ ശരീരത്തിൻ്റെ ആനന്ദമന്വേഷിച്ചു. അത് സൗജന്യമായും പ്രതിഫലത്തിനായും അവൾ ചെയ്തു കൊണ്ടിരുന്നു. അത്തരം ബന്ധങ്ങളും അതിൽ നിന്നും കിട്ടുന്ന തുകയും തന്നെ വൈകാരികമായി തൃപ്തിപ്പെടുത്തുന്നില്ലെന്നവൾ അറിയുന്നു. അപ്പോഴേക്കുമവൾ ഗർഭിണിയായിക്കഴിഞ്ഞിരുന്നു.

എല്ലാം നിർത്തി പാറപ്പുറത്തെ ചെറുവീട്ടിൽ താമസിക്കുമ്പോഴാണ് സുർജിത്തിൻ്റെ കഥാപാത്രം അവളുടെ ജീവിതത്തോടൊപ്പം ചേരുന്നത്. തന്നേക്കാൾ വളരെ വൃദ്ധനായ അയാളോടൊപ്പം കുറച്ചു ദിവസം അവൾ സമാധാനത്തോടെ കഴിഞ്ഞു. തൻ്റെ അമ്മയുടെ ആഗ്രഹമായ അച്ഛൻ്റെ ആണ്ട് അച്ഛനും അമ്മക്കും സഹോദരനും വേണ്ടി അവളുടെ വീടിരുന്ന കടപ്പുറത്തു നടത്താൻനടത്താൻ അവർ തീരുമാനിക്കുന്നു. ആ ബിരിയാണിസദ്യക്ക് അവൾ നാടടക്കം ക്ഷണിക്കാൻ തുടങ്ങുന്നു. വീണ്ടും പോലീസ് അന്വേഷണം. വീണ്ടും പോലീസിൻ്റെ അധികാരം അവളിലേക്കു കടന്നു വരുന്നു. പോലീസിൻ്റെ ക്രൂരമായ മർദനത്തിൽ അവരുടെ ഗർഭം അലസിപ്പോകുന്നു. ആശുപത്രിയിൽ നിന്ന് അവളത് പൊതിഞ്ഞു കൊണ്ടുവരികയും നാട്ടുകാർക്കു വിളമ്പുന്ന ബിരിയാണിയിൽ ഭ്രൂണത്തെ ആരുമറിയാതെ ചേർക്കുകയും ചെയ്തു. എല്ലാ മനുഷ്യരും മനുഷ്യമാംസം കലർന്ന ആ ബിരിയാണി സ്വാദോടെ ഭക്ഷിക്കുന്നതവൾ നോക്കി നിന്നു. തന്നോട് ആൺകോയ്മ ചെയ്തത് അവൾ മതാചാരത്തിൻ്റെ രൂപത്തിൽ അവർക്കു തിരിച്ചു കൊടുക്കുകയായിരുന്നു. തൻ്റെ മക്കളെ തിന്നുന്നവരാണ് മനുഷ്യരെന്ന പാഠം സിനിമയിൽ ഉല്പാദിപ്പിക്കപ്പെടുന്നു. വലിയ സംസ്കാരം അവകാശപ്പെടുമ്പോഴും അത്രയൊന്നും സംസ്കരിക്കപ്പെട്ടിട്ടില്ല എന്നതാണു യാഥാർഥ്യം. ആൺകോയ്മ അവളിൽ നിരുത്തരവാദപൂർവം ഉല്പാദിപ്പിച്ച ആരുടേതെന്നറിയാത്ത ആ ഭ്രൂണത്തെ ഭൂമിയിലേക്കാനും വളർത്താനും തയ്യാറായ അവളിൽ നിന്ന് അതൂറ്റിക്കളഞ്ഞതും അതേ അധികാരത്തിൻ്റെ നിരുത്തരവാദപരമായ ക്രൗര്യമായിരുന്നു. കുടുംബം, പിതൃത്വം, മതം ജനാധിപത്യം എന്നിവയിലെ ഹിംസാത്മകമായ പുരുഷാധിപത്യത്തെ ഒറ്റയടിക്ക് അവൾ വെളിപ്പെടുത്തി കീഴ്പ്പെടുത്തുകയാണ്. ഏറ്റവും സാത്വികനായ പ്രിയപ്പെട്ടവർ പോലും ” ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു തിരുത്താനാവില്ലെ” ന്ന് അവളെ ഉപേക്ഷിച്ചു നടന്നകലുന്നു. അവളുടെ ജീവതത്തെ ജീവിത ദൗത്യത്തെ അവൾ വിശേഷിപ്പിക്കുന്നതു “തെറ്റ് ” എന്നാണ്. അവളതിനെ തിരുത്താൻ ശ്രമിക്കുന്നില്ല. അത്രയും നിസ്സഹായയായി നോക്കി നില്ക്കുന്നു. എന്നാൽ പിന്നെയവൾക്കു നില്ക്കാനാകില്ല. അവൾ തൻ്റെ ഭൗതിക ശരീരമാകുന്ന ആ “തെറ്റി “നെ വെള്ളത്തിൽ ഉപേക്ഷിക്കുന്നു. അവളുടെ “ആത്മാവ്” ചിറകടിച്ച് സ്വാതന്ത്ര്യത്തിലേക്കു കുതിക്കുന്നു. അവളെ അവളുടെ കാമനകളെ ശരികളെ അടിച്ചമർത്തിയ അധികാരങ്ങൾക്കുമേൽ ഉപരി സുരതം നടത്തി തൃപ്തയാകുന്ന അവളിൽ ബിരിയാണി അവസാനിക്കുന്നു.


2021 ൽ ജിയോബേബി എഴുതി സംവിധാനം ചെയ്തു പുറത്തിറക്കിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങുന്നത് ദൈവത്തിനു പകരം ശാസ്ത്രത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് ( Thanks Science). നല്ലത്. ദൈവത്തിൻ്റെ സന്തതിയല്ല സിനിമ ശാസ്ത്രത്തിൻ്റെ ഉല്പന്നമാണ്. നൃത്തരംഗത്തിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു. തൻ്റെ മോഹങ്ങളിൽ നിന്ന് ഒരുവൾ പരമ്പരാഗത മതാത്മക വിവാഹത്തോടെ മറ്റൊരുവൻ്റെ വീട്ടിലെത്തുന്നു. ആ വീട് പകൽ മുഴുവൻ അവൾക്ക് അടുക്കളയാണ്. വ്യത്യസ്ത വിഭവങ്ങളുടെ പാചകം വിളമ്പൽ എച്ചിൽ വൃത്തിയാക്കൽ പാത്രം കഴുകൽ സിങ്കിലെ വേസ്റ്റുവെള്ളം നിയന്ത്രിക്കൽ. സിനിമയുടെ ഏറ്റവും കൂടുതൽ സീനുകൾ ഇങ്ങനെയാണ്. പാചകം ചെയ്യുന്നവൾ ഭക്ഷണം കഴിക്കുന്ന സീനാകട്ടെ ഒന്നോ രണ്ടോ . അവൾ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നത് അവിടെ ആരുടെയും ഉത്കണ്ഠയല്ല സ്വാദിഷ്ഠമായ വിഭവങ്ങൾ ഒരുക്കി വിളമ്പിത്തരാനുള്ള ഒരു യന്ത്രം മാത്രമാണവൾ. രാത്രിയാകട്ടെ ഏകപക്ഷീയമായ സുരതം. അതവളെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സ്ത്രീയും പുരുഷനും ഏറ്റവും സന്തോഷത്തോടെ ആനന്ദിക്കേണ്ട ലൈംഗിക ബന്ധം സ്ത്രീക്ക് വേദനാകരമായിത്തീരുന്നത് എപ്പോഴാണെന്നും എന്തുകൊണ്ടാണെന്നും മനസിലാക്കാൻ കഴിയാത്ത / ശ്രമിക്കാത്ത പുരുഷനെ ‘ബിരിയാണി’യിലെന്ന പോലെ ഈ സിനിമയിലും കാണാം. പക്ഷേ ബിരിയാണിയിലെ പുറം കാറ്റേല്ക്കുന്ന നായിക വർഗ പരമായി ഏറ്റവും അടിത്തട്ടിലായതിനാൽ അവൾ തൻ്റെ ആനന്ദത്തിനുള്ള വഴികൾ സ്വയം കണ്ടെത്താൻ കഴിവുള്ളവളാണ്. ഉയർന്ന മധ്യ വർഗത്തിൻ്റെ മിഥ്വാഭിമാനബോധം കിച്ചനിലെ നായികയെ നിസ്സഹായയും വിധേയയുമാക്കിയിരിക്കുന്നു. ഇത്തരം ഒരു നായികയെ കെ ജി ജോർജിൻ്റെ ആദാമിൻ്റെ വാരിയെല്ലിൽ സുഹാസിനി അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ആധുനിക സൗകര്യം വർധിപ്പിച്ച അതേ അടുക്കളയിൽ തളഞ്ഞു കിടക്കുന്ന പുതിയ നായിക പഴയവളുടെ മുമ്പിൽ നിഷ്പ്രഭയാണ്. എന്നാൽ ഭ്രാന്താശുപത്രിയിലാണ് പഴയവൾ എത്തിപ്പെട്ടത്. വീടും അടുക്കളയും അതിതീവ്ര പീഡനങ്ങളായി മാറുന്നത് ആദാമിൻ്റെ വാരിയെല്ലിൽ കാണാം. എന്നാൽ ഇവിടെ താരതമ്യേന ദുർബലയായ പുതിയവൾ അതിനെ പ്രതിരോധിച്ച് പുറത്തേക്കു വന്ന് നൃത്താലയത്തിൽ എത്തുന്നതാണു കാണുന്നത്.

അവളെ ആ മോചനത്തിനു സഹായിക്കാനായി ശബരിമലയും ആചാരങ്ങളുമൊക്കെയുണ്ട്. തീണ്ടാരിയായ പെണ്ണു തൊട്ടാൽ ചാണക ഉരുള വിഴുങ്ങുകയോ ചാണകത്തെളിവെള്ളം കുടിക്കുകയോ ആണ് വേണ്ടതെന്നു പദേശിക്കുന്നവരുണ്ട് സിനിമയിൽ. അത് ബിരിയാണിയിലെ പെൺ സുന്നത്തു പരാമർശം പോലെ അവിശ്വസനീയമായി അനുഭവപ്പെടുന്നു. കിച്ചനിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് ഞാൻ മനസിലാക്കിയേടത്തോളം കോഴിക്കോട് ജില്ലയിലെ / സമീപ പ്രദേശങ്ങളിലെ ഭാഷയാണ്. മലപ്പുറം ജില്ലയിലെ തിരൂർ താനൂർ ഭാഗങ്ങളിലും ഇതിനോടു സാമ്യമുള്ളതാണ് സംസാരഭാഷ. അവിടെയൊന്നും ഇത്തരം ചാണകം തിന്നുന്ന ആചാരങ്ങൾ നിലവിൽ ഉള്ളതായി അറിവില്ല. ഇനി രാഷ്ട്രീയശരി ശാഠ്യത്തിൻ്റെ ഭാഗമായി പ്രതീകാത്മകമായി നടത്തിയ പരാമർശമാണിതെങ്കിൽ പോകട്ടെ. ഈ ആർഭാടങ്ങളൊന്നുമില്ലെങ്കിലും സ്ത്രീയുടെ അടുക്കള – കിടപ്പറയനുഭവങ്ങൾക്കു മാറ്റമുണ്ടാകുമായിരുന്നില്ല എന്നു മാത്രം.

ബിരിയാണിയും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനും കാലിക പ്രസക്തമായ രണ്ടു സിനിമകൾ ആണ്. പുരുഷന്മാർ എഴുതി സംവിധാനം ചെയ്ത സ്ത്രീ മുന്നേറ്റത്തിൻ്റെ പാഠങ്ങൾ ആണ് അവ രണ്ടും . അതു കൊണ്ടു മാത്രം അവ അചോദ്യങ്ങളെന്നോ അഗണ്യങ്ങളെന്നോ വരുന്നില്ല. മാത്രമല്ല കിച്ചൻ സ്ത്രീകൾക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ബിരിയാണി അർഹമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ലെന്നു തോന്നുന്നു.

രണ്ടു സിനിമകളുടെയും പ്രത്യേകത സ്ത്രീകൾ ചുമലേറ്റുന്നവയാണവ എന്നതു കൂടിയാണ്. കനികുസൃതിയുടെ സങ്കോചങ്ങളില്ലാത്ത ശരീരഭാഷയും അഭിനയവുമാണ് ബിരിയാണിയെ വിജയിപ്പിച്ചെടുത്ത മുഖ്യ ഘടകം. ഹോളിവുഡ് നടിമാരെ ഓർമ്മിപ്പിക്കുന്ന അഭിനയചാതുര്യം ബിരിയാണിയിൽ കനി കാഴ്ച വെക്കുന്നുണ്ട്. മലയാള സിനിമയിലെ വ്യത്യസ്ത നടിയായി അതു കനിയെ അടയാളപ്പെടുത്താൻ സഹായകവുമാണ്. നിമിഷാസജയൻ തൻ്റെ ഭാവാഭിനയം കൊണ്ട് കിച്ചനെ സജീവമാക്കുന്നു. അപകർഷതാ ബോധമുള്ള അത്രയൊന്നും “അരഗൻ്റ്‌ “മെയിൽ അല്ലാത്ത സുരാജ് വെഞ്ഞാറമൂട് അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ ഹിംസാത്മകമാകാൻ കഴിയുന്നുവെന്നു വ്യക്തമാക്കുന്നുണ്ട്. അയാൾ ഒച്ചക്കാരനല്ലാതിരുന്നിട്ടും ആക്രോശങ്ങളേക്കാൾ ഭയാനകമായി അയാളുടെ ചെറു പരാമർശങ്ങൾ നായികയെ തകർക്കുന്നു. ഇരുവരും മത്സരിച്ചഭിനയിക്കുന്ന ചിത്രമാണ് കിച്ചൻ.

ബഹുനിലകളിൽ – മതം കുടുംബം സമൂഹം – പടുത്തുയർത്തപ്പെട്ട ആണധികാരക്കമ്മട്ടത്തെ ഉലക്കുന്ന നായികമാരെയാണ് ഇരു സിനിമകളിലും കാണുന്നത്. എന്നാൽ ഉത്തരം ആവശ്യമായ മറ്റൊരു പ്രശ്നം അവിടെ അവശേഷിക്കുന്നു – സിനിമയിലെ നായക കഥാപാത്രങ്ങൾ ചെയ്ത നടന്മാർക്കു നല്കിയ തുല്യ പ്രതിഫലം തന്നെയാണോ ഇരു സിനിമകളിലെയും നായിക നടിമാർക്കു ലഭിച്ചത്?
ഇത് കാണികൾക്കറിയില്ല. പക്ഷേ അറിയേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ തുല്യ ജോലിക്ക് തുല്യവേതനമെന്ന സാമൂഹിക നീതി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സർക്കാരിന് ഹേമാ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാകുമല്ലോ. അതിനാൽ അതിൻ്റെ മറുപടി കൂടിയാണ് ഈ എഴുത്തിനെ പൂർണമാക്കുക. അത് എഴുതിയ എനിക്കല്ല സിനിമ ചെയ്തവർക്കാണു തരാൻ പറ്റുക എന്നും പ്രത്യേകം അറിയിക്കട്ടെ.

 

 

 

ഗീത

COMMENTS

COMMENT WITH EMAIL: 0