Homeചർച്ചാവിഷയം

മതാചാരവും നൃത്തവും കലഹിക്കുമ്പോള്‍

വി.ഷബ്ന

രീരംകൊണ്ട് എഴുതുന്ന കവിതയത്രെ നൃത്തം. ഒരാളുടെ ആത്മാവിനെ അതിന്‍റെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ച്, അനുഭൂതിയുടെ അവാച്യമായ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന കലാരൂപം. സന്തോഷത്തിലും സങ്കടത്തിലും അവനവനെ മറന്നു പല ഭാവങ്ങളിലേക്കും അവസ്ഥാന്തരങ്ങളിലേക്കും കൂടുമാറാന്‍ നൃത്തത്തോളം പോന്ന സഹചാരി വേറെയില്ല. താളത്തിന്‍റെയും സംഗീതത്തിന്‍റെയും അകമ്പടിയോടെ എത്തുന്ന, ചടുലവും ലാസ്യവുമായ ചുവടുകളും മുഖഭാഷ്യങ്ങളും ആസ്വാദകനെയും അഭൗമമായ തലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. നൃത്തചരിത്രം തേടി പോയാല്‍ ശതവര്‍ഷങ്ങള്‍ പഴക്കമുള്ള ഗുഹാചിത്രങ്ങളിലേക്കാണ് എത്തിപ്പെടുക. ലോകമെമ്പാടുമുള്ള ഗോത്ര സംസ്കാരങ്ങളിലും മെയ് മറന്നുള്ള ആട്ടം ഒഴിച്ചു കൂടാനാവാത്ത ഒന്നായി കാണാം. യൂറോപ്പിലാകട്ടെ നവോത്ഥാനത്തിന്‍റെ മടിത്തട്ടിലാണ് നൃത്തം വികാസം പ്രാപിച്ചത്. ഇങ്ങ് ദക്ഷിണേഷ്യയിലേക്ക് നോക്കിയാല്‍ നൃത്തത്തിന് മതവുമായി അഭേദ്യ ബന്ധമുണ്ടെന്നും കാണാം. ക്ഷേത്രങ്ങളും മറ്റു ആരാധനാ കേന്ദ്രങ്ങളും നൃത്തത്തിന്‍റ വികാസത്തിന് നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ളതായി ചരിത്രം പരിശോധിച്ചാലറിയാം. ആത്മസാക്ഷാത്കാരത്തിനും , ആചാരങ്ങളുടെ ഭാഗമായും ,ഭക്തിക്ക് വേണ്ടിയുമാണ് നൃത്തത്തെ പൊതുവെ ഉപയോഗിച്ച് പോരുന്നത്. അങ്ങനെ മതവും സംസ്കാരവും ഇടകലര്‍ന്ന ഭൂമികയില്‍ ആയിരുന്നു നൃത്തത്തിന്‍റെ പരുവപ്പെടല്‍. ലോകമിന്ന് ടെക്നിക്കല്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോഴും, അത്യാധുനികമായ നൃത്തരൂപങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ ഹരമായി മാറുമ്പോഴും വിവിധ സംസ്കരങ്ങളോട് ആഴത്തില്‍ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ക്ലാസ്സിക്കല്‍ നൃത്തങ്ങളും ഫോക് ലോര്‍ നൃത്തങ്ങളും തനിമ പോവാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. നൃത്തം പ്രണവായു പോലെ കരുതുന്നവരുടെ ആത്മസമര്‍പ്പണത്തിലൂടെയാണ് ഈ കലാരൂപം ഇന്നുമതിന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. അവരിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ ശാഖോപശാഖകള്‍ ആയി പല നൃത്തരൂപങ്ങള്‍ വികാസം പ്രാപിച്ചത്.

മിക്ക മതങ്ങളും പുരാണങ്ങളും നൃത്തത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ ചില മതങ്ങള്‍ /പൗരോഹിത്യങ്ങള്‍ അതില്‍ നിന്നും വേറിട്ട് നടന്നു. അവയില്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കപ്പെട്ടത് ഇസ്ലാമിനാണ് .ലോകപ്രശസ്തരായ നര്‍ത്തകരുടെ കണക്കെടുത്താല്‍ അവരില്‍ ഇസ്ലാം സമൂഹത്തില്‍ നിന്നുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അപ്പുറത്ത് സൂഫിസം പോലെ നൃത്തവും സംഗീതവും കലകളും അത്രമേല്‍ വിശ്വാസത്തിന്‍റെ ഭാഗമാകുന്ന ഇസ്ലാംധാരകളും നിലനില്‍ക്കുന്നു എന്നൊരു വൈരുധ്യവുമുണ്ട്. എന്നാല്‍ അഞ്ചു ശതമാനം മാത്രം വരുന്ന സൂഫിസത്തെ മാറ്റി നിര്‍ത്തി ഇസ്ലാമിന്‍റേതെന്ന് പറയാന്‍ നൃത്തരൂപങ്ങള്‍ വിരളമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ കണ്ട് വരുന്ന ബെല്ലി ഡാന്‍സ്, ഫിലിപ്പിനോ മുസ്ലീങ്ങള്‍ ചെയ്യുന്ന നൃത്തം, പിന്നെ നമ്മുടെ ഈ കൊച്ച് കേരളത്തില്‍ കണ്ട് വരുന്ന ഒപ്പനയും, ദഫ് മുട്ടും, അറവനമുട്ടും കോല്‍കളിയും. എന്നാല്‍ മതം മുന്നോട്ട് വയ്ക്കുന്ന നൃത്തരൂപങ്ങള്‍ എന്നതില്‍ കുരുങ്ങിക്കിടക്കുന്നു ഇവയെല്ലാം. അതിനുമപ്പുറം മറ്റു മതസംസ്കാരങ്ങളുടെ നൃത്താവിഷ്ക്കാരങ്ങളിലേക്ക് പങ്കു ചേരാന്‍ ഇസ്ലാം മടിക്കുന്നുണ്ടോ?
ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. മറ്റേതൊരു കലാരൂപമെടുത്താലും ഇസ്ലാമിന്‍റെ സംഭാവന ചെറുതല്ലാതെ പ്രകടമാണ്. എന്നാല്‍ നൃത്തത്തിന് അത്തരമൊരു സ്വീകര്യത ഉണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പാകിസ്ഥാന്‍ സ്വദേശികളായ താര ചതുര്‍വേദി ,നാഹിദ് സിദ്ധിക്കി, പര്‍ണിയ ഖുറൈശി എന്നിവരെപ്പോലെ മുസ്ലിം സമുദായത്തില്‍ നിന്നും വന്ന നര്‍ത്തകര്‍ വളരെ വിരളമാണ്. അതിനവര്‍ അനുഭവിച്ച ത്യാഗവും വലുതായിരുന്നു. കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്ന് കൊണ്ട് മാത്രമായിരുന്നു മതത്തിന്‍റെ കെട്ടുപാടുകള്‍ തകര്‍ത്ത് എതിര്‍ ശബ്ദങ്ങളെ അതിജീവിച്ച് അവര്‍ നൃത്തത്തില്‍ ലയിച്ചത്. ലഹോര്‍ സ്വദേശിയായ പര്‍ണിയ ഖുറൈശിയുടെ ഗുരുക്കന്മാരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള കെ.എം.അബു ആയിരുന്നു. കഥകിലും കുച്ചിപ്പുടിയിലുമാണ് ഇവര്‍ പ്രാവീണ്യം നേടിയിട്ടുള്ളത്.

ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകരില്‍ എണ്ണം പറഞ്ഞ പേരിനുടമയാണ് റാണി ഖാനം. വളരെ യാഥാസ്ഥികമായ മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന റാണി ഖാനം കലയോടുള്ള പ്രണയം കൊണ്ട് നൃത്തത്തെ വരിച്ച ആളെന്നാണ് സ്വയം പരിചയപെടുത്തുന്നത്. കുട്ടിക്കാലം മുതല്‍ നൃത്തമുണ്ട് റാണിഖാന്‍റെ ചുവടുകളില്‍. മദ്രസയില്‍ നിന്നും ലഭിച്ച ഖുറാന്‍ പാഠങ്ങള്‍ അവരുടെ ചുവടുകളെ ആത്മീയതയിലേക്ക് ചേര്‍ത്ത് വച്ചു. അജ്മീര്‍ദര്‍ഗ്ഗയിലെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ കണ്ട സൂഫിവര്യന്‍മാരില്‍ നിന്നാണ് സൂഫിധാരകള്‍ക്ക് അനുസരിച്ചു നൃത്തം ചിട്ടപ്പെടുത്താനും അവതരിപ്പിക്കാനും അവര്‍ തുടങ്ങിയത്. പിന്നീടവര്‍ കഥക് അഭ്യസിക്കുകയും ഇസ്ലാമിനെ കഥകുമായി ബന്ധിപ്പിക്കുകയുമായിരുന്നു. ഖുറാന്‍ സൂക്തങ്ങള്‍ കഥകില്‍ സമന്വയിപ്പിച്ച ഏക ഇന്ത്യന്‍ മുസ്ലീം നര്‍ത്തകി കൂടിയാണ് റാണി. ഇസ്ലാം സംസ്കാരം നൃത്തത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് ഗവേഷണം നടത്തുകയാണിപ്പോള്‍ റാണി ഖാനം.

കേരളത്തിലും ഉണ്ട് ഇസ്ലാം സമുദായത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്തു പുറത്തു വന്ന നര്‍ത്തകികള്‍. മലപ്പുറത്തെ പൂക്കോട്ടൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ബാല്യത്തിലെ നൃത്തമികവിനാല്‍ തിളങ്ങിയ വി.പി.റാബിയയും സഹോദരി വി.പി.മന്‍സിയയും അറിയപ്പെട്ടത് നൃത്തത്തിന്‍റ പേരില്‍ മതപൗരോഹിത്യത്തിന്‍റെ വേട്ടയാടല്‍ കൊണ്ട് കൂടെയാണ്. തീവ്രമതവിശ്വാസി ആയിരുന്ന ഉമ്മ ആമിന കാന്‍സര്‍ ബാധിതയായതോടെ മഹല്ല് കമ്മിറ്റികളോട് ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് നൃത്തം പഠിക്കുന്നത് കൊണ്ടും വേദികളില്‍ അവതരിപ്പിക്കുന്നത് കൊണ്ടും സമുദായ കൂട്ടായ്മ അഥവാ മഹലില്‍ നിന്നും പുറത്താക്കാന്‍ പൗരോഹിത്യം തീര്‍പ്പുകല്പിച്ചതായി അവര്‍ അറിയുന്നത്. രോഗത്തിന്‍റെ കഠിന വേദനകള്‍ക്കിടയിലും മന്‍സിയയുടെ കൈ പിടിച്ചു ഉമ്മ മതമേലധ്യക്ഷന്‍മാരുടെ വീട്ടുപടിക്കല്‍ പലതവണ മുട്ടി. ഇസ്ലാമിന് എവിടെയാണ് നൃത്തത്തോട് ഇത്ര വിപ്രതിപത്തി എന്ന് മന്‍സിയക്ക് പലതവണ സ്വന്തം മനസ്സിനോടും തങ്ങളെ മാറ്റി നിര്‍ത്തിയ പൗരോഹിത്യത്തോടും ചോദിക്കേണ്ടതായി വന്നു. പക്ഷെ കൃത്യമായ ഒരുത്തരം നല്കാന്‍ ഒരു മതമേധാവികളും തയ്യാറായില്ല എന്ന് മാത്രമല്ല എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. സ്വര്‍ഗപ്രവേശനത്തിനു പള്ളിഖബറിസ്ഥാനില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന മതവിശ്വാസിയായ ഉമ്മയുടെ ആഗ്രഹം നിരസിച്ചു കൊണ്ട് ആറടി മണ്ണിനുപോലും അര്‍ഹതയില്ലെന്ന തീരുമാനത്തിലേക്കെത്താന്‍ രണ്ടു മക്കളും നൃത്തം ചെയ്യുന്നു എന്ന ഒരൊറ്റ കാരണം മാത്രമാണ് വള്ളുവമ്പ്രത്തെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉണ്ടായിരുന്നത് .

പൂക്കോട്ടൂരിലെ സ്വന്തം മഹലില്‍ നിന്നും ഉമ്മയുടെ മൃതദേഹം കൊണ്ട് അവരുടെ ജന്മനാടായ കൊണ്ടോട്ടിയിലേക്ക് ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം അവരുടെ ഉപ്പ പോയത് പള്ളി ഖബറിസ്ഥാനില്‍ തന്നെ സംസ്കരിക്കപ്പെടണമെന്ന ഭാര്യയുടെ ആഗ്രഹം സഫലമാക്കാനായിരുന്നു. മൃതദേഹം സംസ്കരിക്കാമെന്ന അവിടുത്തെ പള്ളി അധികൃതരുടെ സമ്മതത്തിനു പിന്നില്‍ പക്ഷെ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു. ഇത് തങ്ങളുടെ ഉമ്മ അല്ലെന്നും ഇതെന്‍റെ ഭാര്യ അല്ലെന്നും അവര്‍ മൂന്നുപേരും ഒപ്പിട്ടു നല്‍കിയ ശേഷം ആണ് മൃതദേഹം ഖബറടക്കാന്‍ പള്ളി അധികാരികള്‍ അനുമതി നല്‍കിയത് .കലാലോകത്തേക്ക് മക്കളെ കൈപിടിച്ചു നടത്തി എന്നതിന്‍റെ പേരില്‍ മാത്രം, ഉമ്മ വിശ്വസിച്ചിരുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അടയരുത് എന്ന് മാത്രമായിരുന്നു ആ തീര്‍പ്പിനു അവരെ സമ്മതിപ്പിച്ചത് .
‘മദ്രസയില്‍ നിന്നാണ് നൃത്തം പഠിക്കുന്നതില്‍ എതിര്‍പ്പ് നേരിട്ട് തുടങ്ങിയത്. ഹിന്ദു ഡാന്‍സ് കളിക്കുന്നു എന്നതായിരുന്നു അന്ന് അധ്യാപകര്‍ ഉന്നയിച്ചിരുന്ന പ്രശ്നം. മതവിശ്വാസികളായിരുന്നു ഉപ്പ അലവിയും ഉമ്മ ആമിനയും . ഇവര്‍ക്ക് നൃത്തത്തോടും കലകളോടുമുള്ള താല്പര്യവും ഞങ്ങളുടെ അഭിരുചിയുമാണ് നൃത്തത്തിലേക്ക് എത്തിച്ചത്. നൃത്തം ചെയ്യുന്നു എന്നത് സ്കൂളിലും ചില മോശം അനുഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഉദ്ഘാടനത്തിന് വിളിച്ച് ഇറക്കി വിട്ട അനുഭവങ്ങളുമുണ്ട്. കലാലോകത്തേക്ക് കൊണ്ടുവന്ന ഉമ്മയുടെ മൃതദേഹം വച്ചും പള്ളിക്കമ്മറ്റി ദേഷ്യം തീര്‍ത്തു. പക്ഷേ എന്തുകൊണ്ട് നൃത്തം ഇസ്ലാമിന് പ്രശ്നമാകുന്നെന്ന് മാത്രം ആരും വ്യക്തമാക്കിയിട്ടില്ല’- മന്‍സിയ പറഞ്ഞു
നൃത്തം തന്നെയാണ് ഇന്നും രണ്ടു പേരുടെയും ജീവന്‍ .ഉത്തര്‍പ്രദേശിലെ നൃത്ത അധ്യാപിക ജോലിക്ക് ഇടവേള നല്‍കി കുഞ്ഞുമായി സമയം ചിലവിടുകയാണ് റാബിയ. മന്‍സിയ ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ നൃത്തത്തില്‍ ഗവേഷണം നടത്തുന്നു.
ചെറുപ്രായത്തില്‍ ഏല്‍ക്കേണ്ടി വന്ന കടുത്ത അനുഭവങ്ങളും ,സ്വന്തം നാടിന്‍ന്‍റെ തിരസ്കാരവും ,എന്തിനു പല വേദികളില്‍ നിന്നും ഇറക്കിവിടപ്പെട്ടതു പോലും ഈ പെണ്‍കുട്ടികളെ പിന്‍തിരിപ്പിച്ചിട്ടില്ല. പകരം ലക്ഷ്യം കൂടുതല്‍ തെളിമയുള്ളതാക്കി. പക്ഷെ കാലം പിന്നിടുമ്പോഴും സമൂഹം കൂടുതല്‍ പുറകോട്ട് ചിന്തിക്കുന്നു എന്നും ,ആളുകള്‍ കൂടുതല്‍ കൂടുതല്‍ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആകുന്നു എന്നതുമാണ് മന്‍സിയയുടെ വ്യക്തിപരമായ നിരീക്ഷണം. അത് ആ പഴയ ചോദ്യം വീണ്ടും വീണ്ടും ഉയര്‍ത്തുന്നുമുണ്ട്, ‘ഇസ്ലാമിന് എന്തുകൊണ്ട് നൃത്തത്തോട് വിമുഖത ?’

ഹിജ്റ വര്‍ഷം 622 ഇല്‍ പ്രവാചകന്‍ ആയ മുഹമ്മദ്നബി മക്കയില്‍ നിന്നും മദീനയിലേക് പലായനം ചെയുന്ന സമയത്ത്,ദഫ്ഫു മുട്ടിയും പാട്ടുപാടിയുമാണ് യുവതികള്‍ അദ്ദേഹത്തെ സ്വീകരിച്ചിരുന്നത് എന്ന് ഹദീസുകളില്‍ ഉണ്ട് .വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തുമ്പോള്‍ ‘നിങ്ങള്‍ നിങ്ങളുടെ നൃത്തത്തില്‍ പങ്കാളിയായോ’ എന്ന് പ്രവാചകന്‍ മുഹമ്മദ് നബി പത്നി ആയിഷ ബീവിയോട് ചോദിക്കാറുണ്ടെന്നും ഹദീസുകളിലുണ്ട്. ആ കാലത്ത് നൃത്തമുണ്ടായിരുന്നെന്നും പ്രവാചക പത്നി അടക്കമുള്ളര്‍ പങ്കാളിയായിരുന്നെന്നും ഇസ്ലാം മത നേതാക്കളും സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍-ആന്‍ ഒരിടത്തും നൃത്തത്തെ വിലക്കിയിട്ടുമില്ല. എന്നാല്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും അംഗലാവണ്യം പുറത്തു കാണിക്കുന്നതാണ് എതിര്‍ക്കുന്നതെന്ന് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നു.
‘പ്രവാചക കാലത്ത് നൃത്തമുണ്ടായിരുന്നെന്നും സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് ഭക്ഷണം കഴിച്ചിരുന്നെന്നും ഹദീസുകളിലുണ്ടെന്നത് ശരിയാണ്. അത് പിന്നീട് പല പ്രശ്നങ്ങളുമുണ്ടാക്കിയപ്പോഴാണ് പൗരോഹിത്യം പിന്നീട് അവയെ പ്രോത്സാഹിപ്പിക്കാതിരുന്നത്. അതിനെതിരെ നിയമങ്ങളുണ്ടാക്കിയത്. മാത്രമല്ല, നൃത്തത്തിന്‍റെ വസ്ത്രധാരണ രീതി അംഗലാവണ്യവും അഴകും മറ്റുള്ളവരെ പ്രദര്‍ശിപ്പിക്കുന്നതാണ്. ഈ പ്രദര്‍ശനം അനുവദനീയമല്ലെന്നാണ് ഖുര്‍ – ആന്‍ പറയുന്നത്.’ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പ്രവാചകന്‍റെ കാലത്തു നൃത്തം ഉണ്ടായിരുന്നു എന്നും പ്രവാചകന്‍ അത് കണ്ടു പുഞ്ചിരിച്ചിരുന്നെന്നും പ്രവാചകപത്നിയോട് താങ്കള്‍ക്ക് നൃത്തത്തില്‍ പങ്കാളിയാകാമായിരുന്നില്ലേ എന്ന അദ്ദേഹത്തിന്‍റെ അന്വേഷണങ്ങളും ഒക്കെ ആ കാലത്തു നൃത്തം ഉണ്ടായിരുന്നു എന്നും അത് അനുവദനീയം ആയിരുന്നു എന്നതിന്‍റെയും തെളിവാണ്. സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് ഇസ്ലാം നല്‍കിയിട്ടുള്ളത് .മതം വ്യാഖ്യാനിച്ച കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ആണ് പല വ്യാഖ്യാനങ്ങളും പിന്നീട് നല്‍കിയതെന്ന് അക്കാദമീഷ്യനും സൂഫി എഴുത്തുകാരനുമായ സലാവുദ്ധീന്‍ അയ്യൂബി പറയുന്നു.

‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ സമൂഹത്തില്‍ നൃത്തമുണ്ടായിരുന്നു എന്ന് സുവ്യക്തമാണ്. നൃത്തത്തെ ഖുര്‍-ആന്‍ വിലക്കിയിട്ടുമില്ല. മാത്രമല്ല ഒരാളുടെ ആത്മസാക്ഷാത്കാരത്തിന്/അവനവന്‍റെ സന്തോഷത്തിന് വിലക്കപ്പെട്ടതല്ലാത്ത വഴികള്‍ തേടുന്നതിനെ ഇസ്ലാം എതിര്‍ത്തിട്ടില്ല. ആ സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും തുല്യമാണുതാനും. പലിശ, മദ്യപാനം, വ്യഭിചാരം എന്നിങ്ങനെ ഇസ്ലാം വിലക്കുന്ന കാര്യങ്ങളെക്കുറിച്ച് ഖുര്‍-ആന്‍ വ്യക്തമായി പരാമര്‍ശിക്കുന്നുമുണ്ട്. കര്‍മശാസ്ത്ര പണ്ഡിതരാണ് പിന്നീട് ഇസ്ലാമിന് പല വിവക്ഷകള്‍ നല്‍കിയത്.’ അദ്ദേഹം പറഞ്ഞു. ഇതുപോലെ, ഇസ്ലാമോ അതിന്‍റെ പ്രവാചകനോ നൃത്തത്തെ വിലക്കിയിട്ടില്ലെന്നു വിവക്ഷിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ നിരവധി ഉണ്ട്.
ഒപ്പനയും കോല്‍ക്കളികളും ദഫ്ഫുമുട്ടും അറവനമുട്ടും ഒക്കെ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അവയെല്ലാം മതത്തിന്‍റെയും കൂടെ പ്രതിഫലനമാണ്. അഥവാ ഇസ്ലാമിന്‍റെ മാത്രം നൃത്താവിഷ്ക്കാരമാണ്. അതിന്‍റെ പുറത്ത് കടക്കാനോ ആരേയും അകത്ത് കടത്താനോ ഇന്നും ഇസ്ലാം അനുവദിച്ചിട്ടില്ല. ഖുര്‍-ആനോ പ്രവാചകനോ നൃത്തത്തെ തള്ളിപ്പറയുന്നില്ലെന്ന് ഇസ്ലാമിക പണ്ഡിതര്‍ തന്നെ സമ്മതിക്കുമ്പോള്‍, അംഗലാവണ്യം പ്രദര്‍ശിപ്പിക്കുന്നതിനെ മാത്രമാണ് മതം എതിര്‍ക്കുന്നതെന്നുള്ള വിശദീകരണത്തില്‍ അതിനെ ഒതുക്കി നിര്‍ത്താനാവുമോ? പൊതു സമൂഹത്തിനു ഇന്നും മനസിലാകാത്ത വിവക്ഷകള്‍ കൊണ്ടാണ് എന്ത് കൊണ്ട് ഇസ്ലാം നൃത്തത്തെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് പുരോഹിതര്‍ മറുപടി പറയുന്നത്. ഇസ്ലാം അനുശാസിക്കുന്ന ദയയുടെയും സഹിഷ്ണുതയുടെയും അരികു പോലും തൊടാതെയാണ് നൃത്തത്തെ ഉപാസിക്കുന്നവരെ ആട്ടി ഓടിക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെയാണ്. ഹിന്ദു അനുഷ്ഠന ചിഹ്നങ്ങളായി കരുതി പോരുന്ന പൊട്ടും മറ്റു അലങ്കാരങ്ങളും പല ക്ലാസിക്കല്‍ നൃത്തങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹൈന്ദവ കീര്‍ത്തനങ്ങളുമൊക്കെ ഈ നൃത്തരൂപങ്ങള്‍ അഭ്യസിക്കുന്നതില്‍ നിന്നും സ്വന്തം സമുദായത്തിലുള്ളവരെ എതിര്‍ക്കുന്നതിന് ഒരു കാരണമാവുന്നുണ്ടെന്ന് കാണേണ്ടിയിരിക്കുന്നു. അത് ക്രമേണ പ്രാദേശികമായി എതിര്‍പ്പുകള്‍ക്ക് ഇടയാക്കുകയും പിന്നീട് സംഘടിത രൂപമായി മാറുകയും ചെയ്യുന്നു. സഹിഷ്ണുതയ്ക്ക് പേര് കേട്ട ഹൈന്ദവസംസ്കാരത്തെ ഹിന്ദു മതത്തിലേക്ക് തളച്ചിട്ട ആധുനിക പിന്‍തിരിപ്പന്‍ കാലത്ത് ഇസ്ലാം എന്ന മറ്റൊരു മതം സ്വയം വേലിക്കെട്ടുകള്‍ തീര്‍ത്ത് കാര്‍ക്കശ്യം കാണിക്കുന്നതിനെ എത്രത്തോളം എതിര്‍ക്കാം എന്നൊരു ചോദ്യവും അവശേഷിക്കുന്നു. എന്നാല്‍ ഇതു കൊണ്ടെല്ലാം വേദനിക്കുന്നത് നൃത്തത്തെ ഉപേക്ഷിക്കേണ്ടി വരുന്ന കുറച്ച് മനുഷ്യരും ഒരു നാടിന് നഷ്ടപ്പെടുന്നത് ഒരു പിടി നല്ല കലാകാരന്മാരേയുമാണ്. കലയോടുള്ള പ്രണയം അതിശക്തമാണ്. മുന്‍പ് പറഞ്ഞ കഥകളെല്ലാം അതിനെ ശരി വയ്ക്കുന്നു. അതിനാല്‍ തന്നെ, പാരമ്പര്യവാദികളുടെ എതിര്‍പ്പുകളെ മറി കടന്ന്, സമുദായത്തിന്‍റെ അവഗണനകളെ അതിജീവിച്ച് ചരിത്രം തിരുത്താന്‍ മന്‍സിയയെ പോലെ റാണിയെ പോലെ നൃത്തം അത്മാവില്‍ ലയിച്ച കലാകാരന്മാര്‍ വരും കാലങ്ങളില്‍ പിറന്ന് വീഴുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.                                                                                          വി.ഷബ്ന :  ദീർഘകാലം ദൃശ്യ മാധ്യമ പ്രവർത്തക ആയിരുന്നു. ഇന്ത്യാവിഷൻ ഏഷ്യാനെറ്റ് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപിക ആണ്.

COMMENTS

COMMENT WITH EMAIL: 0