Homeചർച്ചാവിഷയം

മാസ്മരിക ഈജിപ്ത്

കേട്ടുകേള്‍വികൊണ്ട് കൊതിപ്പിച്ച, മാസ്മരികതകള്‍ നിറഞ്ഞ ഈജിപ്ത്. ക്ലിയോപാട്രയുടെ നാടെന്ന് എസ്കെ പൊറ്റക്കാട് വിശേഷിപ്പിച്ച ഈജിപ്ത്. പ്രാചീനകാലത്തെ ഏഴ് ലോകാത്ഭുതങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരേയൊരു ലോകാത്ഭുതമായ ഗിസ പിരമിഡ് കാണാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തരുതല്ലോ. ഒട്ടുമിക്കവരും മനസില്‍ കരുതുന്നതുപോലെ പിരമിഡുകളും മമ്മികളും കൊണ്ട് മാത്രം പ്രസിദ്ധമായ ദേശമല്ല ഈജിപ്ത്. ക്രിസ്തുവിനും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്ര സ്മാരകങ്ങളുടെ കലവറയാണ് ഈജിപ്ത്. ഭൂഗോളത്തിലെ ഏറ്റവും നീളമേറിയത് എന്ന് കണക്കാക്കപ്പെടുന്ന നൈല്‍ നദികൊണ്ട് (6,650 കി.മി.) ജീവന്‍ തുടിക്കുന്ന ദേശം. പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ആധുനിക നാഗരികതയും നൈലുമായി ബന്ധപ്പെട്ടതാണ്. ഓരോ മരുഭൂമിക്കും ഓരോ കഥകള്‍ പറയാനുണ്ടാവും. ഓര്‍മ്മകളും നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞതാണ് ഈജിപ്ത്.

യാത്ര
2022 മാര്‍ച്ച് അവസാനത്തോടെ ആയിരുന്നു ഈജിപ്ത് യാത്ര. അലക്സാന്‍ഡ്രിയ ഒഴിവാക്കി കെയ്റോ, അസ്വാന്‍, ലക്സര്‍ എന്നിവിടങ്ങളിലേക്കായിരുന്നു ഒരാഴ്ച നീണ്ടുനിന്ന യാത്ര. കൊച്ചിയില്‍ നിന്നും ബഹ്റൈന്‍ വഴി പത്ത് മണിക്കൂറിലേറെ യാത്ര ചെയ്താണ് കെയ്റോയിലെത്തിയത്. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോ, അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ നഗരമാണ്. കനത്ത ജനസാന്ദ്രതയുള്ള കെയ്റോ, ലോകത്തിലേറ്റവും ഗതാഗതത്തിരക്കുള്ള നഗരങ്ങളില്‍ ഒന്ന് കൂടിയാണ്. ആറ് മുതല്‍ ഒന്‍പത് വരിവരെയാണ് ഒരുവശത്തേക്ക് മാത്രമുള്ള ഗതാഗതം. എന്നിട്ടും രാത്രി പത്ത് മണിക്കും കടുത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന നഗരം. ഇസ്ലാമിക രാജ്യമാണ് എങ്കിലും അര്‍ദ്ധരാത്രിയിലും വഴിയോരക്കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാനുള്ള തിരക്കുണ്ട് കെയ്റോയില്‍. നഗരത്തിലെ തെരുവുകളില്‍ രാത്രിയിലും സ്ത്രീകളും കുട്ടികളും യഥേഷ്ട സഞ്ചാരം നടത്തുന്നുണ്ട്.
കെയ്റോയില്‍ എത്തിയ രാത്രി തന്നെ ട്രെയിന്‍ മാര്‍ഗ്ഗം പതിനൊന്ന് മണിക്കൂര്‍ (875 കി. മി.) നീണ്ട യാത്രചെയ്ത് അടുത്ത ദിവസം രാവിലെ അസ്വാനിലെത്തി. റോഡ് മാര്‍ഗ്ഗം ബസില്‍ യാത്രചെയ്യാമെങ്കിലും ദീര്‍ഘദൂര യാത്രയായതിനാല്‍ സ്ലീപ്പര്‍ ട്രെയിനാണ് കൂടുതല്‍ സുഖകരം.

അസ്വാന്‍
അസ്വാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഹൈ ഡാം(High Dam), പൂര്‍ത്തിയാകാത്ത സ്തൂപം (Unfinished Obelisk), ഫിലെ ക്ഷേത്രം (Philae Temple) എന്നിവ.

ഹൈ ഡാം (High Dam)
ലോകത്തിലേറ്റവും വലിപ്പമുള്ള ചിറകെട്ടിയ ഡാമുകളില്‍ ഒന്നാണ് 1970ല്‍ പൂര്‍ത്തീകരിച്ച ഹൈഡാം. ഹൈ ഡാമിന്‍റെ നിര്‍മ്മാണാനന്തരം നൈല്‍ നദിയില്‍ നസര്‍ തടാകം രൂപപ്പെട്ടു. 500 കിലോമീറ്ററോളം വിസ്തൃതിയുള്ള നസര്‍ തടാകം ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ജലാശയമാണ്.

 

അസ്വാന്‍ ഡാം കമ്മീഷന്‍ ചെയ്യപ്പെട്ടതോടെ പ്രതിവര്‍ഷമുണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കാനും ജലവൈദ്യുതി ഉത്പാദിപ്പിക്കാനും ജലസംഭരണത്തിനും കഴിഞ്ഞു. എന്നാല്‍ ഫലഭൂയിഷ്ടമായ എക്കല്‍ മണ്ണ് നിക്ഷേപിക്കപ്പെടുന്നത് ഇല്ലാതായി. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഡാം നിര്‍മ്മാണത്തോടെ വെള്ളത്തിനടിയിലാവുന്ന നൂബിയാന്‍ ഗ്രാമവാസികളെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചരിത്ര സ്മാരകങ്ങളെയും ഇതുപോലെ മാറ്റി സ്ഥാപിച്ചു.

പൂര്‍ത്തിയാകാത്ത സ്തൂപം (Unfinished Obelisk)
അസ്വാന്‍ ഖനിയിലുള്ള പൂര്‍ത്തീകരിക്കാത്ത സ്മാരക സ്തംഭമാണ് അണ്‍ഫിനിഷ്ഡ് ഒബലിസ്ക് എന്നറിയപ്പെടുന്നത്. പാറയില്‍ മധ്യഭാഗത്തായി വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. പൂര്‍ത്തിയാക്കിയിരുന്നു എങ്കില്‍ 137 അടി ഉയരവും 1,168 ടണ്‍ ഭാരവുമുണ്ടാകുമായിരുന്നു സ്തംഭത്തിന്.

ഫിലെ ടെമ്പിള്‍ (Philae Temple)
തനതായ ഈജിപ്ഷ്യന്‍ നിര്‍മ്മാണ രീതിയില്‍ പണിതീര്‍ത്ത അവസാന ക്ഷേത്രം. ഫിലെ ദ്വീപില്‍ സ്ഥിതി ചെയ്തിരുന്ന ക്ഷേത്ര സമുച്ചയം 1970ന് മുന്‍പ് തന്നെ ശിലാഖണ്ഡങ്ങളായി അഗില്‍ക്യ(Agilkia Island) ദ്വീപിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അസ്വാനില്‍ ഹൈ ഡാം നിര്‍മ്മിക്കുന്ന സമയത്തെ പ്രളയത്തില്‍ നിന്നും സംരക്ഷിക്കാനാണ് യുനെസ്കോ നൂബിയന്‍ പ്രൊജക്ടിന്‍റെ ഭാഗമായി ഇത് മാറ്റി സ്ഥാപിച്ചത്. ക്ഷേത്ര സമുച്ചയത്തില്‍ ഏറ്റവും പഴക്കംചെന്ന ഇടം ഐസിസ് ദേവതക്കായാണ് സമര്‍പ്പിക്കപ്പെട്ടത്. ഫലസമൃദ്ധി, ജീവന്‍, സൗഖ്യം, പുനര്‍ജന്മം എന്നിവയുടെ ദേവതയാണ് ഐസിസ്.

ചെറിയ ബോട്ടില്‍ നൈലിലൂടെ യാത്ര ചെയ്ത് വേണം ഫിലെ ദ്വീപിലെത്താന്‍. അഞ്ച് ക്ഷേത്രങ്ങള്‍ പിന്നീട് പള്ളികളായി മാറ്റപ്പെട്ടു. പാഗന്‍ കേന്ദ്രം അടച്ചുപൂട്ടിയ ശേഷവും ക്രിസ്തീയ കേന്ദ്രമെന്ന പ്രാധാന്യം ഫിലെ നിലനിര്‍ത്തി. അസ്വാനിലെ കാഴ്ചകള്‍ കണ്ടശേഷം വൈകുന്നേരത്തോടെ കപ്പല്‍ യാത്രക്കായി നൈല്‍ നദിക്കരയിലേക്ക് പോയി. തുടര്‍ന്നുള്ള മൂന്ന് രാത്രികളും രണ്ട് പകലുകളും നൈല്‍ ക്രൂയിസ് ആയ കാഹിലയില്‍ (Kahila) സഞ്ചരിച്ചാണ് കാഴ്ചകള്‍ കണ്ടത്.

 

നൈല്‍ ക്രൂയിസ് യാത്ര (അസ്വാന്‍ – കോം ഓംബോ-എഡ്ഫു -എസ് ന – ലക് സര്‍)
അസ്വാന്‍ മുതല്‍ ലക്സര്‍ വരെയും തിരിച്ചും റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കാഴ്ചകള്‍ കാണാമെങ്കിലും നൈല്‍ നദിയിലൂടെ ക്രൂയിസ് മാര്‍ഗ്ഗമുള്ള യാത്ര വേറിട്ട അനുഭവമാണ്. വിവാഹം പോലുള്ള സ്വകാര്യ ആഘോഷങ്ങള്‍ക്കായുള്ള ചെറിയ ക്രൂയിസുകള്‍ മുതല്‍ നൂറ്റന്‍പതോളം കാബിനുകള്‍ ഉള്ള വലിയ ക്രൂയിസുകളുമുണ്ട്. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നവയാണ് അധികവും. ബാല്‍ക്കണിയും ബാത് ടബ്ബും അടങ്ങിയ വിശാലമായ വലിയ മുറികളും സണ്‍ ഡെക്, പൂള്‍, ബാര്‍, ബൊട്ടിക്, സുഭിക്ഷമായ ഭക്ഷണം, ബെല്ലിഡാന്‍സ്, സൂഫി നാടോടിനൃത്തം തുടങ്ങിയവ ഉള്‍പ്പെട്ട രാത്രിയാത്ര. രാത്രിയില്‍ ഒരിടത്തുതന്നെ നങ്കൂരമിട്ട് കിടക്കില്ല, സുരക്ഷിതവുമാണ്. 450ഓളം ക്രൂയിസുകള്‍ സര്‍വീസ് നടത്തുന്ന നൈലില്‍ വെള്ളം മലിനമല്ല എന്നത് അത്ഭുതപ്പെടുത്തി. ആഴ്ചയില്‍ രണ്ട് തവണ കപ്പലുകളില്‍ നിന്നും മാലിന്യശേഖരണത്തിനായി നിയോഗിക്കപ്പെട്ടവര്‍ എത്തും. നൈല്‍ നദി മലിനമാക്കിയാല്‍ വലിയ തുകയാണ് പിഴയായി ഈടാക്കുക.

അടുത്ത ദിവസം ഉച്ചക്ക് ശേഷമാണ് കോം ഓംബോയിലേക്ക് യാത്രതിരിക്കാന്‍ ഉണ്ടായിരുന്നത്. പകല്‍ സമയം പ്രയോജനപ്പെടുത്താമെന്ന് കരുതി. എന്തിനൊക്കെ അവസരങ്ങളുണ്ടെന്ന് നോക്കി. ഒരാള്‍ക്ക് ഇരുപത് യുഎസ് ഡോളര്‍ നിരക്കില്‍ ചെറിയ ബോട്ടില്‍ കയറി നൈല്‍ നദീതീരത്തേക്കും സഹാറ മരുഭൂമിയിലേക്കും യാത്ര തിരിച്ചു. നദിയിലിറങ്ങി കുളിക്കാനുള്ള അവസരം ലഭിക്കും. ചുട്ടുപൊള്ളുന്ന മണലാരണ്യം തൊട്ടടുത്ത് ഉണ്ടെങ്കിലും നദിയില്‍ നട്ടുച്ചക്കും തണുപ്പായിരുന്നു. അറന്നൂറ് ഈജിപ്ഷ്യന്‍ പൗണ്ടിന് ഒട്ടകസവാരി നടത്താം. എന്നാല്‍ സമയവും കാശും നഷ്ടപ്പെടുത്താതെ ബോട്ട് മാര്‍ഗ്ഗം സമീപ ഗ്രാമമായ നൂബിയന്‍ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കിയ ഒരു ഭവനത്തിലേക്കാണ് ആദ്യം എത്തിയത്. പരമ്പരാഗത ഈജിപ്ഷ്യന്‍ സംഗീതവും നൃത്തവും ഭക്ഷണവും ആസ്വദിച്ച് മുന്നോട്ട് നീങ്ങി. ഒപ്പം അല്‍പം ഹുക്കയും പരീക്ഷിച്ചു. ചെറിയ മുതലയെ കൈയ്യിലെടുക്കാനും അവസരം ലഭിച്ചു. സ്വതവെ ആക്രമണ ശീലമുള്ളവരാണ് നൈല്‍ നദിയിലെ മുതലകള്‍. മുതലകള്‍ ഈജിപ്തുകാര്‍ക്ക് ദൈവം കൂടിയാണ്. സോബക്കിനെ (Sobek)  മുതലകളുടെ ദേവനെന്നാണ് വിളിക്കുന്നത്. പുരാതന ഈജിപ്തുകാര്‍ മുതലകളെ ആരാധിച്ചിരുന്നു. മുതലവേട്ട അഭിമാനമായാണ് കരുതപ്പെടുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും അതുവഴി വരുമാനം നേടാനുമാണ് കുഞ്ഞന്‍ മുതലകളെ നാട്ടുകാര്‍ ഉപയോഗിക്കുന്നത്. നൂബിയന്‍ വില്ലേജില്‍ നിന്നും ഉച്ചകഴിഞ്ഞ് യാത്ര തിരിക്കുമ്പോള്‍ അടുത്ത ലക്ഷ്യം കോം ഓംബോയാണ്. ഇതിന് മൂന്ന് മണിക്കൂറോളം കപ്പലില്‍ സഞ്ചരിക്കണം.

കോം ഓംബോ (Kom Ombo)
നൈല്‍ നദിയുടെ തീരത്ത് പുരാതന ഈജിപ്ത് കാലത്ത് പവിത്രമെന്ന് കരുതുന്ന മുതലകള്‍ യഥേഷ്ടം വിഹരിച്ചിരുന്ന സ്ഥലത്താണ് കോം ഓംബോ സ്ഥിതിചെയ്യുന്നത്. സൂര്യാസ്തമയത്തോട് അടുത്താണ് കോം ഓംബോ ക്ഷേത്രത്തിലെത്തിയത്. അസ്തമയ സൂര്യ കിരണങ്ങളും ക്ഷേത്രത്തെ പ്രകാശഭരിതമാക്കിയ മഞ്ഞ ബള്‍ബുകളും ക്ഷേത്ര ശിലാലിഖിതങ്ങളിലെ ചിത്രങ്ങളെ കൂടുതല്‍ മനോഹരമാക്കി. സമ ലക്ഷണങ്ങളോടെ പണിതീര്‍ത്ത രണ്ട് കവാടങ്ങളോട് കൂടിയുള്ള ഇരട്ട കെട്ടിടമാണ് കോം ഓംബോ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ഒരുഭാഗം ഫലസമൃദ്ധിയുടേയും ലോക സൃഷ്ടിയുടേയും ദേവനെന്ന് കരുതപ്പെടുന്ന സോബകിനായി നിര്‍മ്മിച്ചതാണ്. മുതലകളുടെ ദൈവം കൂടിയാണ് സോബക്. ക്ഷേത്രത്തിന്‍റെ മറുപകുതി പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങിയവയുടെ ദൈവമായ ഹോറസിനായി സമര്‍പ്പിച്ചിരിക്കുന്നു.

 

ക്ലിയോപാട്ര അടങ്ങിയ ടോളമിക് രാജവംശ (Ptolemic Dynasty) കാലത്ത് പണിതീര്‍ത്ത ക്ഷേത്രം. ചുവരുകളില്‍ വിവിധ സര്‍ജിക്കല്‍ ഉപകരണങ്ങളുടേയും മനുഷ്യന്‍റെ ജനനം, ബര്‍ത്ത് ചെയര്‍, പരിപാലനം, കിരീടധാരണം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ കൊത്തിയിട്ടുണ്ട്. തൂണുകളുടെ മുകള്‍ഭാഗം പാപ്പിറസ് പൂവിന്‍റെ ആകൃതിയിലാണ്. പരിസരത്ത് ഒരു വലിയ കിണറുമുണ്ട്. നൈല്‍ നദിയിലെ ജലനിരപ്പിന് അനുസരിച്ച് കിണറിലും മാറ്റം വരും.

മുതല മ്യൂസിയം (Museum of Crocodile)
കോം ഓംബോ ക്ഷേത്രത്തിനടുത്തായാണ് മുതല മ്യൂസിയം. ഇരുപതില്‍പ്പരം മുതല മമ്മികളും മുട്ടകളും ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.

എഡ്ഫുവിലെ ഹോറസ് ടെമ്പിള്‍ (Horus Temple of Edfu)
കോം ഓംബോയില്‍ നിന്ന് 64 കിലോമീറ്റര്‍ ദൂരമുണ്ട് എഡ്ഫുവിലേക്ക്. രാത്രിയില്‍ കപ്പല്‍യാത്ര ചെയ്ത് എഡ്ഫുവില്‍ എത്തിച്ചേര്‍ന്നു. ഹോറസ് ടെമ്പിള്‍ ആണ് എഡ്ഫുവിന്‍റെ പ്രത്യേകത. ആളൊന്നിന് 50 ഈജിപ്ഷ്യന്‍ പൗണ്ട് നല്‍കിയാല്‍ കുതിരസവാരി നടത്താം. അതിനാല്‍ തന്നെ ബസ് ഒഴിവാക്കി കുതിര സവാരി നടത്തിയാണ് ഹോറസ് ടെമ്പിളില്‍ പോയി വന്നത്.

വര്‍ഷങ്ങള്‍ കൊണ്ടുള്ള നൈല്‍ നദിയിലെ എക്കല്‍ മണ്ണും മരുഭൂമിയിലെ മണലും അടിഞ്ഞ് ക്ഷേത്രം നാല്‍പത് അടിയോളം മണ്ണിനടിയിലായിരുന്നു. അതുകൊണ്ടുതന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ക്ഷേത്രം കണ്ടെത്തുമ്പോള്‍ കാര്യമായ കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹോറസ് ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട ഈജിപ്തിലെ ഏറ്റവും വലിയ ക്ഷേത്രവും ഇതാണ്.

എഡ്ഫു – എസ്ന – ലക്സര്‍
എഡ്ഫുവില്‍ നിന്നും ലക്സറിലേക്ക് പോകും വഴിയാണ് എസ്ന. അവിടെയെത്തുമ്പോള്‍ കപ്പല്‍ നൈല്‍ എസ്ന ലോക്ക് കടക്കുന്നത് കാണാം. ഈജിപ്ത് കാണാന്‍ നൈല്‍ നദിയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒരു വിസ്മയം. പനാമ കനാലിന് കുറുകെ പത്തോളം ലോക്കുകളുണ്ട്. അത് കടക്കാന്‍ ചിലപ്പോള്‍ ഒരുദിവസമൊക്കെ വേണ്ടിവരുമെന്നും കേട്ടിട്ടുണ്ട്.

നൈല്‍ എസ്ന ലോക്ക്

എന്നാല്‍ നൈല്‍ നദിക്ക് കുറുകെ ഒരു ലോക്ക് ഉണ്ടെന്നത് ഈ യാത്രക്കിടയിലാണ് അറിയുന്നത്. നദിയിലെ ജലം ഏഴര മീറ്ററോളം പമ്പ് ചെയ്ത് വറ്റിച്ചു. അരമണിക്കൂറിനിടെ കപ്പല്‍ ലോക്ക് കടന്ന് വൈകുന്നേരത്തോടെ ലക്സറിലെത്തി.

സൂഫി നാടോടിനൃത്തം

രാത്രിയില്‍ കപ്പലില്‍ ഡിന്നറിന് ശേഷം ബെല്ലി ഡാന്‍സും സൂഫി നാടോടിനൃത്തവും അരങ്ങേറി. പതിനൊന്ന് മണിയോടെ ഉറങ്ങാന്‍ കിടന്നെങ്കിലും ഹോട്ട് എയര്‍ ബലൂണില്‍ പറക്കാനായി പുലര്‍ച്ചെ മൂന്ന് മണിക്ക് എണീറ്റു. ലക്സറിലെ കാണാക്കാഴ്ചകള്‍ പരതിയപ്പോള്‍ ഗ്രൂപ്പിലെ സഹയാത്രികന്‍ ആണ് ഹോട്ട് എയര്‍ ബലൂണ്‍ യാത്രയെക്കുറിച്ച് കണ്ടെത്തിയത്. ഹോട്ട് എയര്‍ ബലൂണില്‍ കയറിയ മുന്‍പരിചയം ആര്‍ക്കും ഉണ്ടായിരുന്നില്ല. അതിനാല്‍ ഹോട്ട് എയര്‍ ബലൂണ്‍ ആസ്വദിക്കാന്‍ എല്ലാവരും താല്‍പര്യം പ്രകടിപ്പിച്ചു. ആളൊന്നിന് അന്‍പത് യുഎസ് ഡോളര്‍ വീതം അധിക തുക ചെലവായി. തീര്‍ത്തും മൂല്യമുള്ളതും വ്യത്യസ്ത ആസ്വാദനവുമാണ് ബലൂണ്‍ സഞ്ചാരത്തിലെ ആകാശക്കാഴ്ചകള്‍ നല്‍കിയത്. സ്വകാര്യ സേവനദാതാക്കളാണ് ആകാശക്കാഴ്ചക്കുള്ള ബലൂണ്‍ ഒരുക്കിയത്. സൂര്യോദയ റൈഡ് ആസ്വദിക്കണമെങ്കില്‍ (Hot Air Balloon Sunrise Ride) രാവിലെ അഞ്ചിന് മുന്‍പ് സ്ഥലത്തെത്തണം. അതിനായി താമസ സ്ഥലത്തുനിന്നും ബസില്‍ കയറി കപ്പല്‍ത്തുറയിലെത്തി, ചെറുബോട്ടില്‍ യാത്രചെയ്ത് ഒരിടത്തെത്തി. അവിടെനിന്നും മിനി വാനില്‍ സഞ്ചരിച്ചാണ് ബലൂണ്‍ യാത്രയ്ക്കായി അഞ്ചുമണി കഴിഞ്ഞപ്പോള്‍ എത്തിച്ചേര്‍ന്നത്.

ബെല്ലി ഡാന്‍സ്

ട്രെയിനര്‍ കൂടിയായ പൈലറ്റ് ആയിരുന്നു ഹോട്ട് എയര്‍ ബലൂണ്‍ പറത്തിയത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട ആകാശക്കാഴ്ച വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഒരു ബലൂണില്‍ ഇരുപത്തഞ്ച് പേര്‍ക്ക് ഒരുസമയം സഞ്ചരിക്കാം. അപകടസാധ്യതയുള്ളതിനാല്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കണം. ഒന്നരമീറ്റര്‍ ഉയരം ചാടിക്കറാന്‍ കഴിയുന്നവര്‍ മാത്രമേ യാത്രക്ക് മുതിരാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. ബലൂണിന്‍റെ കാബിനിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഉയരമാണിത്. യാത്ര പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ഒപ്പിട്ട സാക്ഷ്യപത്രം യാത്രികര്‍ക്ക് നല്‍കും. തിരികെ ബോട്ടിലെത്തി പ്രഭാത ഭക്ഷണശേഷം ഹോട്ടലില്‍ നിന്ന് ചെക് ഔട്ട് ചെയ്ത്, കിഴക്ക് – പടിഞ്ഞാറന്‍ ലക്സര്‍ തീരങ്ങള്‍ കാണാനായി പുറപ്പെട്ടു.

Philae- Perfume factory. മിൽക്ക് ഓഫ് ക്‌ളിയോപാട്ര പ്രസിദ്ധം

ലക് സര്‍ (Luxor)
ജനനം, മരണം, പുനര്‍ജന്മം എന്നിവയില്‍ വിശ്വസിച്ചിരുന്ന ഈജിപ്തുകാര്‍, നദിയുടെ കിഴക്കുഭാഗം ജനനത്തെയും പടിഞ്ഞാറ് ഭാഗം മരണത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കരുതുന്നവരാണ്. അതിനാല്‍ത്തന്നെ ഫറവോകളുടേയും രാജ്ഞിമാരുടേയും കുലീനന്മാരുടേയും ശ്രേഷ്ഠന്മാരുടേയും ശവകുടീരങ്ങള്‍ നൈലിന്‍റെ പടിഞ്ഞാറ് ഭാഗത്തായാണ് നിര്‍മ്മിച്ചിട്ടുള്ളത്. പടിഞ്ഞാറ് തീരത്താണ് വാലി ഓഫ് ക്വീന്‍സ്, ഹാറ്റ്ഷെപുട് ക്ഷേത്രം, മെംമ്നന്‍ പ്രതിമകള്‍ (Colossi of Memnon) എന്നിവ.

പടിഞ്ഞാറന്‍ തീരക്കാഴ്ചകള്‍ (West bank of Nile)
1. രാജാക്കന്മാരുടെ താഴ് വര (Valley of Kings)
നൈലിന്‍റെ പടിഞ്ഞാറന്‍ തീരത്തെ രാജാക്കന്മാരുടെ താഴ്വരയെ മരണാനന്തര കവാടമെന്ന് (ഏമലേംമ്യ ീേ അളലേൃ റലമവേ) വിശേഷിപ്പിക്കാം. പ്രസിദ്ധരായ രാജാക്കന്മാരുടേയും കുലീനന്മാരുടേയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന ഇടം. അറുപത്തിമൂന്നു ശവകുടീരങ്ങളും കല്ലറകളും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പതിനെട്ട് എണ്ണം മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ആളുകളുടെ തിരക്ക് കുറക്കാനും കേടുപാടുകള്‍ സംഭവിക്കുന്നത് കുറക്കാനുമാണ് ഈ നിയന്ത്രണം.
ഇരുന്നൂറ്റിനാല്പത് ഈജിപ്ഷ്യന്‍ പൗണ്ട് ആണ് പ്രവേശന നിരക്ക്. ഇതനുസരിച്ച് മൂന്ന് ശവക്കല്ലറകള്‍ മാത്രമേ കാണാനുള്ള അനുവാദമുള്ളൂ. ഓരോ പ്രവേശന കവാടത്തിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ടിക്കറ്റ് പഞ്ച് ചെയ്തശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് അകത്തുകടക്കാന്‍ അനുവാദമുള്ളൂ. മൂന്ന് പഞ്ചിങ്ങോടെ രാജാക്കന്മാരുടെ താഴ് വരയിലെ കാഴ്ചകള്‍ അവസാനിക്കും. കൂടുതല്‍ കല്ലറകള്‍ കാണാനുള്ള ആരോഗ്യവും അവശേഷിക്കില്ലെന്നതാണ് വാസ്തവം. ഈ കുടീരങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് കടുത്ത ചൂടും കാറ്റും പൊടിമണ്ണുമുള്ള മരുഭൂമിയിലാണ്. പര്യവേഷകര്‍ കണ്ടെത്തുമ്പോള്‍ ഒട്ടുമിക്ക ശവകുടീരങ്ങളും കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. 1923ല്‍ ഹൊവാര്‍ഡ് കാര്‍ട്ടര്‍, ടുട്ടന്‍ ഖാമുന്‍റെ ശവകുടീരം കണ്ടെത്തിയത് യഥേഷ്ടം മൂല്യങ്ങളോടെ ആയിരുന്നു. അവയെല്ലാം കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സംരക്ഷണത്തിലാണ്.

2. ഹറ്റ് ഷെപുട് ടെമ്പിള്‍ (Hatsheput Temple)
പുരാതന ഈജ്പ്തിലെ രണ്ട് പെണ്‍ ഫറവോമാരില്‍ ഒരാളായിരുന്നു ഹറ്റ്ഷെപുട്. ചക്രവര്‍ത്തിനിയായിരുന്നിട്ടും അവഗണന നേരിട്ട ഹറ്റ്ഷെപുട് അതിനെ ചെറുക്കാനായി പുരുഷവേഷം കെട്ടുകയും വെപ്പുതാടി അണിയുകയും ചെയ്തു.

ഇവരുടെ കാലത്ത് മികവുറ്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വ്യാപാരമേഖലയെ വിപുലമാക്കുകയും ചെയ്തു. മരണശേഷം ഹറ്റ്ഷെപുടിന്‍റെ പ്രതിമകളും ചരിത്രരേഖകളം അവ്യക്തമായ കാരണങ്ങളാല്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ രാജാക്കന്മാരുടെ താഴ്വരയില്‍ ഹറ്റ്ഷെപുടിനും ഇടം ലഭിച്ചിരുന്നു.

3. മെംമ്നന്‍ പ്രതിമകള്‍ (Colossi of Memnon)
നൈല്‍ നദിയില്‍ പ്രതിവര്‍ഷമുണ്ടായ പ്രളയവും ഭൂമികുലുക്കവും മൂലം കാലക്രമേണ നശിച്ചുപോയ അമന്‍ടോപ് മൂന്നാമന്‍റെ ശവകുടീരത്തിന് മുന്നില്‍ അവശേഷിക്കുന്ന രണ്ട് ഭീമാകാരമായ പ്രതിമകളാണ് മെംമ്നന്‍ പ്രതിമകള്‍.

പതിനെട്ട് മീറ്റര്‍ വീതം ഉയരമുള്ള ഈ പ്രതിമകള്‍ക്ക് കാല്‍മുട്ടില്‍ കൈകള്‍ വെച്ച് ഇരിക്കുന്ന രൂപമാണ്. ചുണ്ണാമ്പുകല്ലിലാണ് ഇതര പ്രതിമകള്‍ തീര്‍ത്തതെങ്കില്‍ മെംമ്നന്‍ പ്രതിമകള്‍ വെള്ളാരം കല്ലിലാണ് നിര്‍മ്മിച്ചത്. തെക്കുഭാഗത്തുള്ള പ്രതിമ ഒറ്റക്കല്ലില്‍ തീര്‍ത്തതെങ്കില്‍ വടക്കു ഭാഗത്തെ പ്രതിമ അരയ്ക്ക് മുകളില്‍ അഞ്ച് നിലകളായി അടുക്കിവച്ചതാണ്. നൈലിന്‍റെ കിഴക്കന്‍ തീരത്തെ കാഴ്ചകള്‍ (East Bank of Nile)

1.കാര്‍ണക് ക്ഷേത്രം (Karnak Temple)
മതപരമായ ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് കാര്‍ണക് ക്ഷേത്രം. കിഴക്കന്‍ തീരത്ത്, 200 ഇരുന്നൂറ്ഏക്കറോളം വിസ്തൃതിയുള്ള ഇവിടെ പ്രധാനമായും അമുന്‍, മട്ട്, ഖോന്‍സി എന്നീ ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്നവയാണ്. ഇവയില്‍ അമുന്‍ മാത്രമാണിപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയിട്ടുള്ളത്.

അമുന്‍ മാത്രം നൂറ്റിമുപ്പത് ഏക്കറോളം വിസ്തൃതിയുണ്ടാവും. ഇജിപ്തില്‍ ഗിസ പിരമിഡുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് കര്‍ണക് ക്ഷേത്രം.

2. ലക് സര്‍ ക്ഷേത്രം (Luxor Temple)
പുരാതന ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങള്‍ ഏതെങ്കിലും ദൈവത്തിന് സമര്‍പ്പിച്ചിരിക്കുന്നുവെങ്കില്‍ ലക്സര്‍ ക്ഷേത്രം ദൈവത്തിനുള്ളതല്ല. ഫറവോകളുടെ കിരീടധാരണ സ്ഥലമായി ആണ് ലക്സര്‍ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

ക്ഷേത്ര പരിസരത്ത് ഒരുഭാഗം മുസ്ലിം പള്ളിയാണ്. പുരാതന കാലം മുതല്‍ ഇപ്പോഴും ഉപയോഗിച്ചുവരുന്ന പള്ളികൂടിയാണിത്. ലോകത്ത് ഏറ്റവും പഴക്കമുള്ളതും തുടര്‍ച്ചയായി ഉപയോഗത്തിലുള്ളതുമാണ് ലക്സര്‍ ക്ഷേത്രത്തിന്‍റെ ഒരുഭാഗം.

ലക്സര്‍ – കെയ് റോ ആഭ്യന്തര വിമാന സര്‍വീസ്
ലക്സറിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ കെയ്റോയിലേക്ക് പുറപ്പെട്ടു. വിശാലമാണ് ഈജിപ്തിലെ ആഭ്യന്തര വിമാനത്താവളമായ ലക്സര്‍ എയര്‍പോര്‍ട്ട്. ബസില്‍ വിമാനത്തിനടുത്തേക്ക് എത്താന്‍ തന്നെ കുറച്ചധികം സമയമെടുത്ത് യാത്ര ചെയ്യണം.

കെയ്റോ നഗരം
യാത്രയുടെ ആദ്യദിനം തന്നെ കെയ്റോയില്‍ എത്തിയിരുന്നുവെങ്കിലും അന്ന് രാത്രിതന്നെ അസ്വാനിലേക്ക് ട്രെയിന്‍ കയറി. അതിനാല്‍ കെയ്റോയിലെ കാഴ്ചകള്‍ ഒന്നും ആദ്യദിനം കണ്ടിരുന്നില്ല. വളരെ തിരക്കേറിയ മഹാ നഗരത്തോട് ചേര്‍ന്നാണ് പുരാതന ഈജിപ്തിലെ അവശിഷ്ടങ്ങളും പിരമിഡുകളും നിലകൊള്ളുന്നത്. പഴയ് കെയ്റോയും പുതിയ കെയ്റോയും (Old Cairo and New Cairo) എന്ന് രണ്ടായിത്തന്നെ വിശേഷിപ്പിക്കുന്നു. പഴയ കെയ്റോയില്‍ ഉള്ള കോപ്ടിക് പള്ളിയാണ് അബു സെര്‍ഗ എന്നറിയപ്പെടുന്ന കവേണ്‍ ചര്‍ച്ച് (Cavern Church).

ഇസ്രയേലില്‍ യഹൂദന്മാരുടെ രാജാവായ ഹെറോദാവ് ഉണ്ണിയേശുവിനെ ശത്രുവായി കണ്ട് ജീവന്‍ അപഹരിക്കാന്‍ തുനിഞ്ഞപ്പോള്‍ ജോസഫും മേരിയും ഉണ്ണിയേശുവുമായി ഈജിപ്തിലേക്ക് രക്ഷപെട്ടു എന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്നു. അവര്‍ അധികനാള്‍ ഒരിടത്ത് താമസിച്ചിരുന്നില്ല. ഏറ്റവും കൂടുതല്‍ നാള്‍ താമസിച്ചത് എന്ന് കരുതപ്പെടുന്ന ഗുഹയുടെ മുകളിലായി പണിതീര്‍ത്ത പള്ളിയാണ് സെവേണ്‍ ചര്‍ച്ച്. പടികളിറങ്ങി താഴെയെത്തുമ്പോള്‍ തിരുകുടുംബം താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഗുഹയും ചില്ലിട്ട് സംരക്ഷിച്ച ഒരു കിണറും കാണാം. പ്രളയത്തില്‍ നൈല്‍ നദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ പത്തുമീറ്റര്‍ ആഴമുള്ള ഈ നിലവറയിലും (Crypt) ജലം നിറയുമായിരുന്നു.

ഹാംഗിംഗ് ചര്‍ച്ച് (Hanging Church)
പഴയ കെയ്റോയില്‍ അബു സെര്‍ഗ പള്ളിക്ക് ഒപ്പം പ്രാധാന്യമുള്ള മറ്റൊരു ആരാധനാലയമാണ് ഹാംഗിംഗ് ചര്‍ച്ച്.

The Hanging Church (Egypt) - Saint Virgin Mary's Coptic കന്യാമറിയത്തിനായി സമര്‍പ്പിച്ച ഏറ്റവും പഴക്കം ചെന്ന കോപ്റ്റിക് പള്ളി. ബാബിലോണ്‍ കോട്ടയുടെ ഒരു ഭാഗത്തിന് മുകളിലായി നിര്‍മ്മിച്ചതിനാലാണ് ഹാംഗിംഗ് ചര്‍ച്ച് എന്ന വിശേഷണം. പള്ളിയുടെ ഉള്‍വശത്തുനിന്ന് ചില്ലിട്ട് വേര്‍തിരിച്ച ഭാഗത്തുകൂടി നോക്കിയാല്‍ താഴ്വരയുടെ ഒരുഭാഗം കാണാം.

കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയം
നാല്‍പതിലധികം മുറികള്‍. ഒരു ലക്ഷത്തിലധികം പുരാവസ്തുക്കള്‍. മമ്മികളും അതിന്‍റെ പ്രക്രിയക്ക് ഉപയോഗിച്ചിരുന്ന മേശയും കനോപിക് ജാറുകളും. രാജാക്കന്മാരുടെ താഴ്വരയില്‍ നിന്ന് കണ്ടെത്തിയ ടുട്ടന്‍ ഖാമുന്‍ രാജാവിന്‍റെ സ്വര്‍ണ്ണ കുടീരവും അനേകം നിധിശേഖരവും പ്രത്യേകമായി ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ മുറികളില്‍ സംരക്ഷിച്ച് പോരുന്നു.

മ്യൂസിയത്തിലെ പുരാവസ്തുക്കളില്‍ ടുട്ടന്‍ ഖാമുന്‍റെ മമ്മിയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ മൊബൈല്‍ കാമറയില്‍ പോലും പകര്‍ത്താന്‍ അനുവാദമില്ല. ടുട്ടന്‍ ഖാമന്‍റെ ശവകുടീരത്തിനൊപ്പം നൂറ്റിപ്പതിനഞ്ചു കിലോഗ്രാം സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം ഗിസ പിരമിഡ് കോംപ്ലക്സില്‍ നിര്‍മ്മാണത്തിലാണ്. സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കുമ്പോഴേക്കും ലോകത്തിലെ രണ്ടാമത്തെ വലിയ മ്യൂസിയമാകും ഇത്.

ഗിസയിലെ പിരമിഡ് സമുച്ചയം (Great Pyramid of Giza)
ഈജിപ്തില്‍ സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതാണ് ഗ്രേറ്റ് പിരമിഡ് ഉള്‍പ്പെടുന്ന ഗിസയിലെ പിരമിഡുകളും സ്ഫിന്‍ക്സും. ഗിസയിലെത്താന്‍ തലസ്ഥാന നഗരമായ കെയ്റോയില്‍ നിന്നും പതിനഞ്ച് കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേയുള്ളൂ. ഈജിപ്തില്‍ നൂറ്റിപ്പതിനെട്ട് പിരമിഡുകളുണ്ട്. ഇതില്‍ ഗ്രേറ്റ് പിരമിഡ്, ഖുഫു രാജാവിനായി നിര്‍മ്മിച്ചതാണ്. ഇന്നും നിലനില്‍ക്കുന്ന പുരാതന ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ഖുഫുവിന്‍റെ പിരമിഡ്. ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ചതാണ് പിരമിഡ്. ഇതിന്‍റെ മുകള്‍ ഭാഗം ഉറപ്പിക്കുന്ന കാപ് സ്റ്റോണ്‍ തല്‍സ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടു. കാപ്സ്റ്റോണിന്‍റെ ഏറ്റവും മുകളിലെ കഷ്ണമായ സാ – ബെന്‍ (Sa – Benben, Fire Stone) അലക്സാണ്ടറിന്‍റെ ശവകുടീരത്തിലെ അവശിഷ്ടങ്ങള്‍ക്കൊപ്പമുണ്ട്.

നൂറ്റിനാല്പത്തെട്ട്മീറ്റര്‍ ഉയരവും ഇരുന്നൂറ്റിമുപ്പത് മീറ്റര്‍ നീളവും ഉണ്ടായിരുന്ന പിരമിഡിന് ഇന്ന് നൂൂറ്റിമുപ്പത്തെട്ട് സെന്‍റിമീറ്റര്‍ ഉയരമേ അവശേഷിക്കുന്നുള്ളൂ. ക്രിസ്തുവിന് 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 25 വര്‍ഷങ്ങള്‍ കൊണ്ട് ആണ് ഖുഫുവിന്‍റെ പിരമിഡ് നിര്‍മ്മിച്ചത്. നേരത്തെ മിനുസമുള്ളതായിരുന്ന പിരമിഡിന്‍റെ പുറംഭാഗം കാലക്രമേണ പരുപരുത്തതും ക്രമരഹിതവുമായി. ശക്തമായി വീശുന്ന മണല്‍ക്കാറ്റാണ് കേടുപാടുകളുണ്ടാകാനുള്ള പ്രധാന കാരണം. കല്ലുകളില്‍ പലതും പ്രദേശവാസികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയെന്നും പറയപ്പെടുന്നു. ഗ്രേറ്റ് പിരമിഡില്‍ മുന്ന് കല്ലറകളുണ്ട്. ഇതില്‍ രാജാവിന്‍റെ കല്ലറയിലേക്ക് മാത്രമേ ഇപ്പോള്‍ പ്രവേശനത്തിന് അനുവാദമുള്ളൂ. അതിനും അധിക നിരക്കില്‍ വേറെ ടിക്കറ്റ് എടുക്കണം. ഗ്രേറ്റ് പിരമിഡിന്‍റെ സമീപത്തായി ആണ് രണ്ടാമത്തെ വലിയ പിരമിഡും സ്ഥിതിചെയ്യുന്നത്. ഖുഫു രാജാവിന്‍റെ മകന്‍ ഖഫ്രെ (Khafre) രാജാവിനായി നിര്‍മ്മിച്ചതാണ് രണ്ടാമത്തെ സ്മാരകം.

ഗിസയിലെ ഗ്രേറ്റ് സ്ഫിന്‍ക്സ് (Great Sphinx)
ഗ്രീക്ക് പുരാണത്തിലെ ഏറ്റവും തന്ത്രശാലിയും ആര്‍ക്കും പിടികൊടുക്കുകയും ചെയ്യാത്ത സ്ത്രീ നരസിംഹമായാണ് സ്ഫിന്‍ക്സിനെ വിശേഷിപ്പിച്ചിട്ടുള്ളത്. യാത്രികരോട് കടങ്കഥാ പ്രശ്നം ചോദിക്കുകയും ശരിയുത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന രാക്ഷസി.

സ്ത്രീയുടെ മുഖവും സിംഹത്തിന്‍റെ ഉടലും പക്ഷിയുടെ ചിറകുകളും ഉള്‍പ്പെടുന്ന നരസിംഹ സമാനമായ രൂപം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ആണ്‍ നരസിംഹമാണ് ഗിസയിലെ സ്ഫിന്‍ക്സിന്‍റെ രൂപം. പക്ഷിയുടെ ചിറകുകളില്ല. ഒറ്റക്കല്ലില്‍ തീര്‍ത്ത രൂപത്തിന് എഴുപത്തിമൂന്ന് മീറ്റര്‍ നീളവും ഇരുപത് മീറ്റര്‍ ഉയരവുമുണ്ട്. സഫിന്‍ക്സിന്‍റെ മൂക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആരാധനയുണ്ടായിരുന്ന കാലത്ത് സംഭവിച്ച കേടുപാടാണിതെന്നാണ് പറയപ്പെടുന്നത്.

പാപ്പിറസും ഈജിപ്ഷ്യന്‍ കോട്ടണും (Papyrus and Egyption Cotton)
പ്രാചീനകാലത്ത് എഴുതാനുപയോഗിച്ചിരുന്ന കട്ടിയുള്ള കടലാസുകളാണ് പാപ്പിറസ്.

പാപ്പിറസ് ചെടിയുടെ തണ്ടില്‍ നിന്നാണ് കടലാസ് നിര്‍മ്മിക്കുന്നത്. ആദ്യമായി പാപ്പിറസ് നിര്‍മ്മിച്ചതും ഈജിപ്തുകാരാണ് എന്ന് കരുതപ്പെടുന്നു. ചതുപ്പ് നിലങ്ങളില്‍ കാണുന്ന പാപ്പിറസ് ചെടികള്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ യഥേഷ്ടം വളര്‍ന്നിരുന്നു.

പാപ്പിറസ് ചെടി

ഇന്ന് ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്‍റെ സംരക്ഷണയിലാണ് ചെടികള്‍ വളരുന്നത്. പേപ്പര്‍ നിര്‍മ്മാണവും അതില്‍ ചിത്രപ്പണികള്‍ ചെയ്ത് വില്‍പ്പനക്ക് വെക്കുന്ന ഇടങ്ങളും സന്ദര്‍ശിച്ചു.

കട്ടിയുള്ള ചുണ്ണാമ്പുകല്ല് (Alabaster Stone)
ഈജിപ്തുകാര്‍ പുരാതന കാലംമുതല്‍ക്കേ ഖനനം ചെയ്തെടുത്ത് വിവിധ ശില്പനിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കട്ടിയുള്ള ചുണ്ണാമ്പുകല്ല് (Alabaster Stone). തദ്ദേശ വാസികള്‍ കൊത്തുപണികള്‍ ചെയ്യുന്ന ഇടങ്ങള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാനും അവസരമുണ്ടായി. തദ്ദേശീയ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതുവഴി പ്രദേശവാസികള്‍ക്ക് പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണിത്.

യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ഈജിപ്തിലെ കാഴ്ചകള്‍. അതിലൊന്ന് പുരാതന ലോകാത്ഭുതങ്ങളില്‍ ഉള്‍പ്പെടുന്നതുമാണ്. പൗരാണിക കാലത്തെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള ഖനനം ഇപ്പോഴും തുടരുന്നു. നാശോന്മുഖമായവയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക ദൃശ്യസമ്പന്നമായ രാജ്യം.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും വൈഫൈ സൗകര്യമില്ല. ടോയ്ലറ്റുകളില്‍ ഹാന്‍ഡ് ഷവര്‍ ഇല്ല. ടോയ്ല്റ്റുകളിലെ ജലലഭ്യത ഫൗണ്ടന്‍ മാതൃകയിലാണ്. ചൂടും ദീര്‍ഘദൂര യാത്രയും പ്രതീക്ഷിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ കാഴ്ചകള്‍ തേടിയുള്ള യാത്ര തികച്ചും മൂല്യമുള്ളതാണ്. വരും വര്‍ഷങ്ങളില്‍ ഈജിപ്തിന്‍റെ മുഖച്ഛായ തന്നെ മാറാന്‍ സാധ്യതയുണ്ട്. കെയ്റോയിലെ ബഹുനിലകെട്ടിടങ്ങള്‍ പലതും താമസ സൗകര്യത്തിനായോ ഓഫീസ് സൗകര്യത്തിന് വേണ്ടിയോ ഉപയോഗപ്പെടുത്തുന്നില്ല. എല്ലാ കെട്ടിടങ്ങളും പുനര്‍ നിര്‍മ്മാണത്തിനോ റോഡ് വീതി കൂട്ടാനായി പൊളിച്ചുമാറ്റാനോ വേണ്ടി ഒഴിച്ചിട്ടിരിക്കുന്നു. കെട്ടിടങ്ങളെല്ലാം അടഞ്ഞ നിറങ്ങളിലുള്ളവയാണ്. മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റടിക്കുന്നതിനാല്‍ മറ്റൊരു നിറത്തിനും ചേര്‍ച്ചകാണുകയുമില്ല.
കുന്നോളം സ്വപ്നമുള്ള യാത്രാസ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈജിപ്ത്.

ഡോ.ദിവ്യ
അനസ്തെറ്റിസ്റ്റ്
ജനറല്‍ ഹോസ്പിറ്റല്‍ പത്തനംതിട്ട

 

COMMENTS

COMMENT WITH EMAIL: 0