Homeചർച്ചാവിഷയം

മരുമക്കത്തായ വ്യവസ്ഥിതിയും സ്ത്രീകളും

ലോകത്തിലെ ഭൂസ്വത്ത് കൈമാറ്റ സമ്പ്രദായങ്ങളില്‍ ശ്രദ്ധേയമായ ഒരു കൈമാറ്റ രീതിയാണ് മരുമക്കത്തായം. സ്ത്രീകളിലൂടെ അവരുടെ അനന്തരാവകാശികള്‍ക്ക് ഭൂസ്വത്ത് കൈമാറ്റം ചെയ്യുന്ന രീതിയാണ് മരുമക്കത്തായം. ഏഷ്യന്‍ രാജ്യങ്ങളില്‍ ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ചും ലക്ഷദ്വീപ് പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മരുമക്കത്തായ സമ്പ്രദായത്തിലൂടെയാണ് സ്വത്ത് കൈമാറ്റം നടക്കുന്നത്.
സൗത്ത് ഏഷ്യയിലാണ് പ്രധാനമായും താവഴി സമ്പ്രദായം നിലനിന്നിരുന്നത്. അവ വടക്കേ ഇന്ത്യയില്‍ ആദിവാസി സമുദായത്തില്‍ വരുന്ന ഗരോ, ഖാസി, ലാലുംക് തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയിലാണ്. അതുപോലെ തെക്കേ ഇന്ത്യയില്‍ കേരള സംസ്ഥാനത്ത് നായര്‍, തിയ്യ ജാതികളിലും വടക്കേ കേരളത്തിലെ മാപ്പിള സമുദായത്തിലും ലക്ഷദ്വീപിലും, കര്‍ണ്ണാടകയിലെ ബാന്‍സ്വവിഭാഗത്തിലും കേരളത്തിലെ വയനാട് ജില്ലയിലെ ഗോത്ര സമുദായങ്ങളിലും ശ്രീലങ്കയിലെ മുസ്ലീം മൂര്‍സ് എന്നീ വിഭാഗങ്ങളിലും മരുമക്കത്തായ സമ്പ്രദായം ഉണ്ടായിരുന്നു. (അഗര്‍വാള്‍ ബിന 2008)
മരുമക്കത്തായ സമ്പ്രദായത്തില്‍ വസ്തുക്കളുടെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം/ കൈവശാവകാശം സ്ത്രീകളിലായിരിക്കും ഉണ്ടാവുക. കേരളത്തില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായം വളരെയധികം സ്വാധീനം സ്ത്രീകളില്‍ ചെലുത്തിയിരുന്നു. കേരളത്തിലെ ഒട്ടനവധിയായ ജാതിസമ്പ്രദായങ്ങള്‍ ഉള്ളതില്‍ നായര്‍ സമുദായത്തിലായിരുന്നു പ്രധാനമായും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നത്. ഈ വിഭാഗത്തെ കൂടാതെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴക്ക് വടക്കു ഭാഗത്തുള്ള തിയ്യ സമുദായത്തിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതും അവിടുത്തെ സ്ത്രീജനങ്ങളായ റാണിമാര്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നതും ഇത്തരുണത്തില്‍ പ്രധനമാണ്.
മരുമക്കത്തായ വ്യവസ്ഥിതിയുടെ ഘടന സാധാരണ ഗതിയില്‍ ഉണ്ടാവുന്ന ആണ്‍ മേല്‍ക്കോ യ്മ നിലനില്ക്കുകയെന്ന സ്വത്ത് കൈമാറ്റ വ്യവസ്ഥതിയിക്ക് കടക വിരുദ്ധമാണ്. മരുമക്കത്തായ വ്യവസ്ഥിതി പ്രകാരം മൊത്തം തറവാടിന്‍റെ വിവിധ പിരിവുകളെ താവഴി എന്നാണ് സംബോധന ചെയ്യുന്നത്. താവഴി എന്നതിന്‍റെ വാച്യാര്‍ത്ഥം തായ് വഴി അഥവാ സ്ത്രീകളിലൂടെയുള്ള വസ്തുവിന്‍റെ കൈമാറ്റം എന്നാണ് ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം തറവാട്ടിലെ ഓരോ താവഴിക്കും ഒരു കാരണവ സ്ത്രീയും അവരില്‍ നിന്ന് ഉടലെടുക്കുന്ന സന്തതി പരമ്പരകളുമാണ് ഉണ്ടാവുന്നത്. എന്നാല്‍ താവഴി വസ്തുവിന്‍റെ അവകാശം തലമുറകളിലേക്ക് കുടുംബാംഗങ്ങളായ സ്ത്രീകളിലൂടെ മാത്രമാണ് ഉണ്ടാവുന്നത്. ഇത് ഇന്ത്യയില്‍ നിലനിന്നുവന്നിരുന്ന വസ്തു കൈമാറ്റത്തില്‍ ആണ്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്ന കൂട്ടു കുടുംബ വ്യവസ്ഥിതിക്കും കൊപര്‍സീനര്‍ വ്യവസ്ഥിതിക്കും വിരുദ്ധമായിരുന്നു. മരുമക്കത്തായ വ്യവസ്ഥിതിയില്‍ വസ്തുവിലുള്ള അവകാശം ലഭ്യമാവുന്നത് കാരണവ സ്ത്രീ മുതല്‍ പിന്നീട് വരുന്ന തലമുറകള്‍ക്ക് സ്ത്രീജനങ്ങളിലൂടെ മാത്രമാണ്. ഒരു മരുമക്കത്തായ താവഴി കൂട്ടുകുടുംബ വസ്തുവില്‍ ജന്മാവകാശം ലഭിക്കുന്നത് കാരണവ സ്ത്രീക്കും അവരുടെ മക്കള്‍ക്കും അവരുടെ പെണ്മക്കളുടെ മക്കള്‍ക്കും അവരുടെ പെണ്‍ മക്കളുടെ മക്കള്‍ക്കും എന്ന് തുടങ്ങി നാല് തലമുറയ്ക്കായിരുന്നു.
ആണ്‍മക്കള്‍ക്ക് മക്കള്‍ എന്ന നിലയ്ക്കുള്ള അവകാശം ലഭിക്കുമെങ്കിലും പെണ്മക്കള്‍ക്ക് അവര്‍ക്ക് പുറമെ അവരുടെ മക്കള്‍ക്കും ജന്മാവകാശം ലഭിക്കുമെന്ന ആനുകൂല്യം മരുമക്കത്തായത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും സുവ്യക്തമായ കാര്യം ഒരു മരുമക്കത്തായ തറവാടിനെയോ താവഴിയെയോ സംബന്ധിച്ച് നിര്‍ണ്ണായകമായ അധികാരവകാശങ്ങള്‍ വസ്തുപരമായി പോലും കൈയ്യാളുന്നത് സ്ത്രീകളാണെന്നതാണ്. ഇത്തരത്തിലുള്ള അതിയായ സ്ത്രീ പ്രാധിനിധ്യമുള്ള വസ്തു കൈമാറ്റ വ്യവസ്ഥിതിയുടെ ഫലമായി അക്കാലത്ത് തറവാട്ടിലെ എല്ലാ കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് സ്വാതന്ത്ര്യവും ശേഷിയും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. അത് ചോദ്യം ചെയ്യാനോ, അതില്‍ ഇടപെടാനോ നിയമപരമായോ സാമൂഹ്യപരമായോ പുരുഷാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥിതിയുടെ ഉത്തമ ഉദാഹണങ്ങളായിരുന്നു കേരളത്തിലെ തന്നെ തിരുവിതാംകൂര്‍ രാജകുടുംബവും അറയ്ക്കല്‍ കുടുംബവും. മരുമക്കത്തായ വ്യവസ്ഥിതിയുടെ പ്രഭാവത്തിന്‍റെ പ്രതീകമാണ് തിരുവിതാംകൂര്‍ രാജകുടുംബം ഭരിച്ചിരുന്ന റാണിമാര്‍. സ്ത്രീജനങ്ങളള്‍ക്ക് മാത്രമേ അത്തരം പദവിയിലേക്ക് ഉയരുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. അത്തരത്തില്‍ റാണി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്ന സ്ത്രീകളുടെ ആണ്‍ ബന്ധുക്കളായ അച്ഛന്‍, ഭര്‍ത്താവ്, മകന്‍,സഹോദരന്‍ എന്നിവര്‍ക്ക് രാജാധികാരത്തിലോ വസ്തുവഹകളിലോ യാതൊരുവിധ അവകാശ അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല, എല്ലാ കാര്യങ്ങളിലും അവസാന വാക്ക്/തീരുമാനം കാലാകാലങ്ങളില്‍ റാണിമാരായിരുന്നിട്ടുള്ള സ്ത്രീ അംഗങ്ങളുടേത് മാത്രമായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ റാണിമാര്‍ എത്ര വിവേകപൂര്‍ണ്ണമായും ഭരണനൈപുണ്യത്തോടുകൂടിയുമാണ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് എന്നത് സ്ത്രീകള്‍ക്ക് ഇത്തരം അധികാര അവകാശങ്ങള്‍ ലഭ്യമാക്കിയാല്‍ അവര്‍ ആയത് വിവേകപൂര്‍വമായും കര്‍മ്മകുശലതയോടെയും കൈകാര്യം ചെയ്യും എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു. സ്ത്രീകള്‍ക്ക് മരുമക്കത്തായ സമ്പ്രദായത്തിലൂടെ അവകാശ അധികാരങ്ങള്‍ കിട്ടിയപ്പോള്‍ അവര്‍ ആയത് എത്ര മഹനീയമായാണ് നിര്‍വഹിച്ചത് എന്നത് സ്ത്രീ ശക്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇതേ രീതിയില്‍ തന്നെ വടക്കന്‍ മലബാറിലെ മുസ്ലീം തറവാടായ അറയ്ക്കല്‍ തറവാടിന്‍റെ ഭരണം അവിടുത്തെ അറയ്ക്കല്‍ ബീവിമാര്‍ എത്ര സ്തുത്യര്‍ഹമായാണ് നിര്‍വഹിച്ചത് എന്നതും ചരിത്രവസ്തുതയാണ്. ഇതില്‍ നിന്നും സ്ത്രീജനങ്ങള്‍ അധികാരം കൈകാര്യം ചെയ്യാന്‍ പര്യാപ്തരല്ലെന്ന കാലങ്ങളായുള്ള ആണ്‍കോയ്മവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാണ്. ചരിത്രം പരിശോധിച്ചാല്‍ എപ്പോഴൊക്കെ സ്ത്രീകള്‍ക്ക് പദവിയും അധികാരവും കൈയ്യാളാന്‍ അവസരം വന്നുവോ അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ ആയത് അവര്‍ സ്തുത്യര്‍ഹമായവിധം നിര്‍വഹിച്ചു എന്നത് വ്യക്തമാണ്.
കേരളത്തില്‍ മരുമക്കത്തായ വ്യവസ്ഥിതി അവസാനിച്ചത് 1976 ലെ കേരള കൂട്ടുകുടുംബ നിരോധന നിയമം മൂലമാണ്. മേല്‍ നിയമപ്രകാരം കേരളത്തില്‍ അന്നു നിലനിന്നു വന്നിരുന്ന എല്ലാ കൂട്ടുകുടുംബ വ്യവസ്ഥിതികളും ഇല്ലാതാകുകയാണ് ഉണ്ടായത്. തല്‍ഫലാമായി മേല്‍ നിയമം നിലവില്‍ വന്ന ദിവസത്തില്‍ ഓരോ തറവാട് അംഗങ്ങളുടെയും തറവാട്ട് കൂട്ടുകുടുംബ സ്വത്തിലുള്ള അവകാശം നിര്‍ണ്ണയിക്കുകയും തുര്ന്ന് ആ അവകാശം അവരുടെ കാലശേഷം അവരുടെ അവകാശികള്‍ക്ക് സിദ്ധിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയുമാണ് ഉണ്ടായത്. ഇതിന്‍ പ്രകാരം കുടുംബ വ്യവസ്ഥിതി തന്നെ ഇല്ലാതെയായി മാറി. അന്നുവരെ സ്ത്രീജനങ്ങള്‍ അനുഭവിച്ചുവന്നിരുന്ന കൂട്ടുകുടുംബത്തിലെ വസ്തുപരവും അല്ലാതെയും ഉള്ള മേല്‍കോയ്മ അവസാനിക്കുകയുമാണ് ഉണ്ടായത്.
മരുമക്കത്തായ വ്യവസ്ഥിതി പ്രകാരം ആയത് തുടര്‍ന്നുവന്നിരുന്ന സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന തറവാട് വസ്തുവഹകളിലും അഭിപ്രായ രൂപീകരണത്തിലുമുള്ള ഉന്നതസ്ഥാനം അന്നു അവര്‍ക്ക് സാമൂഹ്യ ജീവിതത്തിലും ഉണ്ടായിരുന്നു. തറവാട്ടിലെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ആയതിനെ സംബന്ധിച്ച് തീരുമാനം എടുക്കുന്ന കാര്യത്തിലും അവര്‍ക്കു ണ്ടായിരുന്ന അപ്രമാദിത്യം കാരണമാണ് സാമൂഹികമായി അവര്‍ക്ക് പ്രത്യേക പ്രാധാന്യം കൈവന്നത്. എന്നാല്‍ മരുമക്കത്തായ വ്യവസ്ഥിതിയുടെ ഇല്ലായ്മയോടുകൂടി ആ പ്രാധാന്യം അവര്‍ക്ക് നഷ്ടപ്പെടുകയാണുണ്ടായത്. ഫലത്തില്‍ കേരള സംസ്ഥാനത്തില്‍ മരുമക്കത്തായ വ്യവസ്ഥിതി ആചരിച്ചുവരുന്നവരുടെ കാര്യത്തിലെങ്കിലും കൂട്ടുകുടുംബ സമ്പ്രദായ നിരോധന നിയമം വിപരീതഫലം ഉണ്ടാക്കുകയാണ് ഉണ്ടായത്. തല്‍ഫലമായി കഴിവും പ്രാപ്തിയും ഉള്ള സ്ത്രീകള്‍ അവരുടെ അധികാര അവകാശരാഹിത്യം കൊണ്ട് വിസ്മൃതമാവുകയാണ് ഉണ്ടായത്.
1976 ലെ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കല്‍ നിയമത്തിന്‍റെ കേരളത്തിലെ പ്രധാനമായും ഇരകളായി മാറിയത് ഇവിടെ മരുമക്കത്തായം പിന്തുടര്‍ന്നി രുന്ന പ്രധാനസമുദായമായ നായര്‍ സമുദായത്തിലെ സ്ത്രീകളാണ്. കാലാകാലങ്ങളായി അവര്‍ അനുഭവിച്ചു വന്ന മരുമക്കത്തായ വ്യവസ്ഥിതി പ്രകാരമുള്ള അപ്രമാദിത്യം അവസാനിക്കുകയും അവര്‍ തിരശീലയ്ക്ക് പിന്നിലേക്ക് വിടവാങ്ങുകയുമാണ് ഉണ്ടായത്. യഥാര്‍ത്ഥ ത്തില്‍ മേല്‍ നിയമ പ്രകാരം നായര്‍ വിഭാഗത്തിലും കൂടി പുരുഷന്മാരുടെ അപ്രമാദിത്യം തിരിച്ചുകൊണ്ടു വരികയാണ് ഉണ്ടായത്.
നല്ല നിലയില്‍ സ്ത്രീകളുടെ സാമൂഹ്യജീവിതാവസ്ഥ നിലനിര്‍ത്തിയിരുന്ന ഒരു ഭൂസ്വത്ത് കൈമാറ്റ വ്യവസ്ഥിതിയെ 1976 ലെ നിയമം മൂലം തകര്‍ക്കപ്പെടുകയാണുണ്ടായത്. നിയമ വ്യവസ്ഥിതി ഇത്തരത്തില്‍ പല രീതിയില്‍ സ്ത്രീവിരുദ്ധമായി നിലനിലല്‍ക്കുന്നത് കാണാവുന്നതാണ്. സ്ത്രീകള്‍ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ നിയമം കൊണ്ട് തന്നെ ഇല്ലാതാക്കിയതായാണ് ഇതിലൂടെ കാണാന്‍ കഴിയുക.

ഗ്രന്ഥസൂചിക

1. Agarwal Bina, A field of One’s Own, Gender and Land Rights in South Asia, 2008, Cambridge University Press India Pvt Ltd, New Delhi

2. Arunima G., There comes Pappa : Colonialism and the Transformation of Matriliny in Kerala, Malabar c.1850 – 1940, 2003 Orient Longman Private Limited New Delhi.

3. Uberoi , Patricia : Family, Kinship and Marriage in India, 1993, Oxford University Press, New Delhi

4. Manyne’s Hindu Law & Usage, 1986, 12th Edition, Bharath Law House, New Delhi.

5. Nambiar Karunakaran M., Commentary on the Kerala Joint Hindu Family System (Abolition ) Act, 2012, Swamy Law House, Ernakulam.

 

 

 

 

 

 

ഡയാന കെ.
കോഴിക്കോട് സര്‍വ്വകലാശാല
സ്ത്രീപഠന വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0