ഗവേഷണ രംഗത്ത് ദീര്‍ഘകാലം മതിയായ അംഗീകാരമോ സ്ഥാനമോ വേതനമോ ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന വനിത, സ്ത്രീ ആയതിന്‍റെ പേരില്‍ മാത്രം അര്‍ഹതയുള്ള ജോലിയും സ്ഥാനമാനങ്ങളുമൊക്കെ നിഷേധിക്കപ്പെട്ടത് പല തവണ. മുഴുവന്‍ സമയ പ്രഫസര്‍ പദവി ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് 54 വയസ്സു വരെ. അണുഭൗതികത്തില്‍ വിസ്മയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച, 1963-ലെ ഊര്‍ജ്ജതന്ത്ര നൊബേല്‍ ജേതാവായ മരിയ ഗോപ്പെര്‍ട്ട് മേയര്‍ തന്നെ ഈ വനിത. മരിയയുടെ അന്‍പതാം ചരമവാര്‍ഷിക വേള കൂടിയാണിത്.
മരിയ ഗോപ്പെര്‍ട്ട് മേയര്‍
ജര്‍മ്മനിയിലെ ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയില്‍ പ്രഫസറായിരുന്ന ഫ്രീഡ്റിച് ഗോപ്പെര്‍ട്ടിന്‍റെയും മരിയ നീ വോള്‍ഫിന്‍റെയും മകളായി 1906-ല്‍ ജനിച്ച ആ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം അത്ര സുഗമമായിരുന്നില്ല. അക്കാലത്ത് അവിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ അത്രയും പരിമിതമായിരുന്നു. എങ്കിലും കഠിനമായി പരിശ്രമിച്ച് മരിയ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള പരീക്ഷ കടന്നുകൂടി 1924-ല്‍ ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി. വളരുമ്പോള്‍ ഒരു വീട്ടമ്മയായി ഒതുങ്ങിപ്പോവരുതെന്ന പിതാവിന്‍റെ വാക്കുകള്‍ ആ പെണ്‍കുട്ടിക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നു. മാക്സ് ബോണ്‍, വെര്‍ണര്‍ ഹെയ്സന്‍ബെര്‍ഗ് തുടങ്ങിയ വിഖ്യാത ശാസ്ത്രജ്ഞര്‍ അക്കാലത്ത് അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു. മരിയ ഗോപ്പെര്‍ട്ടിന് അദ്യം താല്പര്യം ഗണിതത്തില്‍ ആയിരുന്നെങ്കിലും തന്‍റെ മേഖല ഭൗതികശാസ്ത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പഠനവും ഗവേഷണവും ആ വഴിക്കായി. 1930-ല്‍ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു.
1963ല്‍ സ്വീഡനിലെ രാജാവ് ഗുസ്താഫ് ആറാമന്‍ അഡോള്‍ഫിനൊപ്പം മരിയ ഗോപ്പര്‍ട്ട് മേയര്‍ നൊബേല്‍ ചടങ്ങിലേക്ക് നടന്നു.
യോഗ്യതയുണ്ടായിട്ടും ഒരു സ്ഥിരം പ്രഫസര്‍ തസ്തിക മരിയക്ക് വര്‍ഷങ്ങളോളം ഒരാകാശ പുഷ്പമായിത്തന്നെ നിന്നു. തന്‍റെ ഭര്‍ത്താവായ ജോസഫ് മേയര്‍ ജോലി ചെയ്ത ജോണ്‍സ് ഹോപ്കിന്‍സ്, കൊളംബിയ, ചിക്കാഗോ സര്‍വ്വകലാശാലകളില്‍ ഒരു ഔദാര്യം പോലെ ഫെല്ലോ എന്ന പേരിലും റിസര്‍ച്ച് അസോസിയേറ്റ് എന്ന പേരിലുമൊക്കെ പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് ലഭിച്ചത്. പലപ്പോഴും വേതനം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അണുഭൗതികത്തില്‍ മരിയയുടെ പ്രാഗല്‍ഭ്യം തിരിച്ചറിഞ്ഞ യു.എസ്. ഗവണ്മെന്‍റ് അവരെ മാന്‍ഹാട്ടണ്‍ പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ ക്ഷണിച്ചു. പ്രോജക്റ്റില്‍ പങ്കാളിയാവുമ്പോഴും അണുബോംബ് വിതച്ചേക്കാവുന്ന ദുരന്തങ്ങള്‍ മരിയയെ വേട്ടയാടിക്കൊണ്ടിരുന്നു. പ്രോജക്റ്റില്‍ തന്‍റെ ഭാഗം പരാജയപ്പെട്ടതില്‍ മരിയ ആശ്വാസം കൊള്ളുകയാണുണ്ടായത്. യുദ്ധാനന്തരം ചിക്കാഗോ സര്‍വ്വകലാശാലയില്‍ അണുഭൗതിക ഗവേഷണത്തിനുള്ള അവസരം മരിയക്ക് ലഭിച്ചു. പക്ഷേ വേതനമുണ്ടായിരുന്നില്ല!
ന്യൂക്ലിയസ്സിനുള്ളില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയോണ്‍ പാളികളായിട്ടാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്ന ആശയം മരിയ മുന്ന്ട്ടു വച്ചു. ഉള്ളിയിലെ പാളികള്‍ പോലെ! ചില ഐസോടോപ്പുകളുടെ അസ്വാഭാവിക സ്ഥിരത സംബന്ധിച്ച ഗവേഷണങ്ങള്‍ക്കിടെ ചില നിശ്ചിത നമ്പര്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ന്യൂക്ലിയസ്സുകള്‍ക്ക് സ്ഥിരത കൂടുതലാണെന്നും മരിയ കണ്ടെത്തി. ന്യൂക്ലിയര്‍ ഫിസിക്സിലെ ഈ മാജിക് നമ്പര്‍ ഗവേഷണം ഒരു ജിഗ്സോ പസില്‍ പോലെയാണെന്ന് മരിയ തന്നെ പറഞ്ഞിട്ടുണ്ട്. തന്‍റെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി അവര്‍ അവതരിപ്പിച്ച ന്യൂക്ലിയാര്‍ ഷെല്‍ മോഡല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും 1960-ല്‍ മാത്രമാണ് മരിയക്ക് പ്രഫസറായി സ്ഥിര നിയമനം ലഭിച്ചത്! കലിഫോര്‍ണിയ സര്‍വ്വകലാശാല,സാന്‍ഡിയാഗോയില്‍ ആയിരുന്നു നിയമനം.
ഏതായാലും മരിയ ഗോപ്പര്‍ട്ട് മേയറിന്‍റെ ഗവേഷണ ഫലങ്ങള്‍ ലോകശ്രദ്ധ നേടുക തന്നെ ചെയ്തു. അവഗണനകളും കടുത്ത വിവേചനങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് മരിയ കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി 1963-ലെ ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം ആ ഗവേഷകയെ തേടിയെത്തി. ഗവേഷണത്തെ ജീവ വായുവായിക്കരുതിയ ആ ശാസ്ത്രജ്ഞ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1972 ഫെബ്രുവരി 20-ന് ഉണ്ടായ ഹൃദയാഘാതം ശാസ്ത്രത്തിലെ ആ വിസ്മയ വനിതയുടെ ജീവന്‍ കവര്‍ന്നു.
COMMENTS