പാകിസ്താനിലെ ഫാഷിസ്റ്റ് പട്ടാള ഭരണത്തിനെതിരെ കറുത്ത സാരിയുടുത്ത് 50,000 പേരുടെ നിറഞ്ഞ വേദിയില്‍ അതിക്രമിച്ചു കയറി ഇക്ബാല്‍ ബാനു പാടിയ ഹം ദേഖേംഗേ എന്ന ഉറുദു കവിത എന്തുകൊണ്ടാവും, ഏകദേശം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ നടപടികള്‍ വരുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഏറ്റുപാടുന്ന, പല ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായത്? എന്താവും അവിടെ അന്ത കാലവും ഇവിടെ ഇന്നും ഒരുപോലടിക്കുന്ന ആ അല?
അത് മര്‍ദ്ദിതരുടെ ഐക്യമാണ് എന്നാണ് തോന്നുന്നത്. പല ഭ്രംശങ്ങളും ദ്രംഷ്ടകളുമുള്ള, അങ്ങിനെയെളുപ്പം വിളക്കിച്ചേര്‍ക്കാന്‍ പറ്റാത്ത ഈ ഐക്യമുണ്ടായിക്കൊണ്ടിരിക്കുന്നത് പക്ഷേ, പാകിസ്താനിലെ അന്നത്തെ അതേ കാരണങ്ങള്‍ കൊണ്ടല്ല. ഹിന്ദു ബ്രാഹ്മണിസമെന്ന് ഒറ്റ വാക്കില്‍ പറയാവുന്ന, മുതലാളിത്തവും പിതൃമേധാവിത്തവും ജാതീയതയും വംശീയതയുമൊക്കെ ചേര്‍ന്ന സങ്കീര്‍ണമായ ഒരധികാര വ്യവസ്ഥയാണ് ഇന്നി വിടത്തെ ജനങ്ങള്‍ പല തോതുകളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചില വംശങ്ങളും ജാതികളും വംശഹത്യ തന്നെ നേരിടുന്നുണ്ടെങ്കില്‍ മറ്റു ചിലര്‍ നിത്യ ജീവിതത്തിലതനുഭവിക്കുന്നു. ഏബിള്‍ഡ്/ഹെറ്ററോസെക്ഷ്വല്‍/ബ്രാഹ്മണ പുരുഷനല്ലാത്ത എല്ലാവരും തന്നെ പല അളവുകളില്‍ ഈ അന്യവല്‍ക്കരണം അനുഭവിക്കുന്നു.
ഹിന്ദു ബ്രാഹ്മണിസം
സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പിലാക്കാന്‍ പോകുന്നത് കൊണ്ടാണ് ഇന്നു രാജ്യം മുഴുവന്‍ ഷഹീന്‍ ബാഗുകളുള്ളത്. എന്നാല്‍ ഈ നടപടികള്‍ പിന്‍വലിച്ചാല്‍ മാത്രം ഈ ഹിന്ദു ബ്രാഹ്മണിസ്റ്റ് ഫാഷിസത്തിന് മറുപടിയാവുമോ? ഡല്‍ഹിയില്‍ നിര്‍ദാക്ഷിണ്യം കൊല്ലപ്പെട്ട മുസ്ലിം സഹോദരരുടെ, ബലാല്‍ സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ ചോരയ്ക്കും കണ്ണീരിനും നീതിയാകുമോ? ഇന്നുയര്‍ന്നു വരേണ്ട ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം ഹിന്ദു ബ്രാഹ്മണിസം എങ്ങിനെ ഒരിന്ത്യന്‍ പ്രത്യയശാസ്ത്രമായി വളര്‍ന്നു എന്നും എങ്ങിനെ ചിന്നിക്കിടക്കുന്ന മര്‍ദ്ദിതര്‍ക്ക് അതിനെ കൂട്ടമായി നേരിടാം എന്നുമാണെന്ന് കരുതുന്നു. അതിന്‍റെ ചരിത്രപരമായ അടരുകളെ കൂട്ടമായി പഠിക്കുകയും അതിന്‍റെതന്നെ തന്ത്രങ്ങള്‍ എങ്ങിനെ അതിനെതിരെ ഉപയോഗിക്കാം എന്നു തീരുമാനമെടുക്കുകയും വേണം.
ബ്രാഹ്മണരുടെ അറിവഹങ്കാരം ചരിത്രപരമായിത്തന്നെ പ്രസിദ്ധമാണ്. ബ്രാഹ്മണാധിനിവേശ കാലത്ത് തങ്ങള്‍ക്ക് എല്ലാമറിയാം എന്ന് തര്‍ക്കിച്ച് തദ്ദേശീയരുടെ മേല്‍ അറിവധികാരം സ്ഥാപിക്കുകയും ഓരോ നാട്ടിലും പ്രത്യേക സ്ഥാനങ്ങള്‍ നേടിയെടുക്കുകയും ചെയ്തു ഇവര്‍. തങ്ങളുടെ അറിവുകള്‍ മികച്ചതാണെന്നു കരുതുക മാത്രമല്ല, തദ്ദേശീയരുടെ അറിവുകള്‍ ശരിയാണെന്നു കണ്ടാല്‍ സ്വാംശീകരിക്കുകയും തങ്ങള്‍ക്ക് പ്രിയം തോന്നാത്തതിനെ പുച്ഛിക്കുകയും ചെയ്താണ് ഇവരിതൊക്കെ നേടിയത്.
കൊളോണിയല്‍ കാലത്ത് കൊളോണിയല്‍ അധികാരികളുടെ തോക്കും മറ്ററിവുകളും കണ്ട് അല്‍ഭുതപ്പെടുകയും അവര്‍ക്ക് കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തവരാണ് ബ്രാഹ്മണ സമൂഹം. തിരിച്ച് ബ്രിട്ടീഷുകാര്‍ ചെയ്ത ഉപകാരമാണ് പല ധര്‍മ്മങ്ങളില്‍ ഒന്നു മാത്രമായിരുന്ന മനുസ്മൃതിയെ ഹിന്ദു വ്യക്തിനിയമത്തിന്‍റെ അടിസ്ഥാനമാക്കിയതും സംസ്കൃതത്തില്‍ എഴുതപ്പെട്ടവയെ മാത്രം വൈവിദ്ധ്യമായ ജീവിതരീതികളിലും വിശ്വാസങ്ങളിലുമൊക്കെ ജീവിച്ച ബഹുസ്വരതയുടെ സ്വത്വവും അടയാളപ്പെടുത്തലുമായി മനസ്സിലാക്കിയതും. ബ്രിട്ടീഷുകാരുടെ ഭരണസംവിധാനത്തില്‍ ബ്രാഹ്മണര്‍ക്ക് കയറിപ്പറ്റാന്‍ ബുദ്ധിമുട്ടുണ്ടായില്ല; നാട്ടിലെ ഭൂമിക്കും സമ്പത്തിനും ഏകാധികാരികളായി അടയാളപ്പെടുത്തപ്പെടുന്നതില്‍ പ്രയാസമുണ്ടായില്ല.
സ്വാതന്ത്യസമര നേതൃത്വങ്ങളിലും പലയിടത്തും ഈ ബ്രാഹ്മണ മേല്‍ക്കോയ്മ ഈ സമൂഹം അനുഭവിച്ചു, പല അധികാര സ്ഥാനങ്ങളിലും എളുപ്പം കയറിയിരുന്നത് അവരാണ്. സ്വാതന്ത്ര്യാനന്തരകാലത്തും ഇത് നിലനിര്‍ത്താനും വളര്‍ത്താനുമൊക്കെ ഇവര്‍ക്കു സാധിച്ചു. ഇന്ന് ഈ ബ്രാഹ്മണാധികാരം സാംസ്കാരിക, രാഷ്ട്രീയ ശക്തിയായി മാറി ഇന്ത്യ മുഴുവന്‍ വിഴുങ്ങാന്‍ പാകത്തില്‍ വേരുറച്ചതിന്‍റെ നേര്‍സാക്ഷ്യമായിട്ടാണ് ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമത്തെയും മനസ്സിലാക്കാവുന്നത്.
ലോകം മുഴുവനും അതിക്രൂരമായ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഉണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് തോക്കാണ്, വെടിമരുന്നാണ്. വാളിന്‍റെയോ അമ്പിന്‍റെയോ പോലെ തടുക്കാനോ തടയാനോ കഴിയാത്ത, അങ്ങോട്ട് ഒരു യുക്തിയും സ്വീകരിക്കാത്ത ഏറ്റവും മനുഷ്യത്വരഹിതമായ ആയുധമാണത്. അതുകൊണ്ടുതന്നെയാണ് ഇന്ന് വംശഹത്യയ്ക്കായി തെരുവില്‍ ഇറങ്ങുന്നവര്‍ ഗോലി മാറോ സാലോം കോ
എന്നലറുന്നത്
മര്‍ദ്ദിതരുടെ ഐക്യം
കാലാകാലങ്ങളായി മര്‍ദ്ദിതരെ വിഭജിച്ചു ഭരിക്കുന്നത് ബ്രാഹ്മണിസത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തന്ത്രമാണ്. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആഫ്സ്പ തുടങ്ങിയ ക്രൂരമായ നിയമങ്ങള്‍ നടപ്പിലാക്കപ്പെട്ടപ്പോള്‍ ബാക്കി ഇന്ത്യാക്കാരൊന്നും പ്രതികരിച്ചില്ല. കാലാകാലങ്ങളായി ദലിതരും ആദിവാസികളും വംശഹത്യ ചെയ്യപ്പെട്ടപ്പോഴും വിഭവരഹിതരാക്കപ്പെട്ടപ്പോഴും ഒരു ജനവികാരവുമുണര്‍ന്നില്ല. മുസ്ലിങ്ങള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന അന്യവല്‍ക്കരണവും വംശഹത്യകളും കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ക്കായി. പല തുറകളിലുള്ള സ്ത്രീകള്‍ അനുഭവിച്ച വിവേചനങ്ങളെ ഒരു വ്യവസ്ഥയുടെ പ്രശ്നമായി മനസ്സിലാക്കാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായി. ലിംഗ ലിംഗത്വ ന്യൂനപക്ഷങ്ങളുടെ വംശഹത്യയെ ലക്ഷ്യമാക്കിയ ട്രാന്‍സ് ബില്ല് വന്നിട്ട് ആരും ഒന്നും പറഞ്ഞില്ല.
ഇത്തവണത്തെ മോദി ഭരണത്തിലും കഴിഞ്ഞ ഭരണത്തിലും നടപ്പിലാക്കപ്പെട്ട വിവേകരഹിതമായ നോട്ടുനിരോധനം മുതല്‍ അയോദ്ധ്യാവിധി വരെ നമ്മള്‍ മിണ്ടാതിരുന്നു. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ നടപടികള്‍, ആസാമിലും കാശ്മീരിലും ഇപ്പോള്‍ ഡല്‍ഹിയിലും നടപ്പിലാക്കപ്പെട്ട വംശീയ ക്രൂരതകള്‍ ഇന്ന് മര്‍ദ്ദിത ഐക്യം എന്ന അവസാനത്തെ സമവാക്യത്തിലെത്തിച്ചിരിക്കുകയാണ്. മുസ്ലീം, ആദിവാസി സ്ത്രീകള്‍ നയിക്കുന്ന സമരങ്ങള്‍; അങ്ങിനെ ഒരിക്കലും സമരമുഖങ്ങളിലില്ലാതിരുന്നവര്‍ ഇന്ന് വീടുകളില്‍ സ്വസ്ഥതയില്ലാതെ തെരുവുകളില്‍ കിടന്നുറങ്ങുന്നു.
ഇത് ശരിക്കും രണ്ടാം സ്വാതന്ത്ര്യ സമരമായി മാറണമെങ്കില്‍, മര്‍ദ്ദിതരുടെ രാജ്യം വരണമെന്ന് നമ്മള്‍ കൂട്ടമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ചരിത്രത്തിലൊരിക്കലുമില്ലാതിരുന്ന തുറസ്സ് അവളവളിലും പരസ്പരവും ഉണ്ടാക്കേണ്ട കാലമാണ്. അതിന് പല അതിരുകളും ഭേദിക്കാനുള്ള ഊര്‍ജമുണ്ടെങ്കില്‍ മാത്രമേ ഹിന്ദു ബ്രാഹ്മണിസ്റ്റ് ഫാഷിസത്തെസ്പര്‍ശിക്കാന്‍ നമുക്കാകൂ. പ്രത്യാശയോടെ.
*ഫൈസ് അഹമ്മദ് ഫൈസിന്‍റെ ഹം ദേഖേംഗെ; എന്ന കവിതയുടെ ഷമീന ബീഗത്തിന്‍റെ പരിഭാഷയില്‍ നിന്ന്.
ഗാര്‍ഗി ഹരിതകം എഴുത്തുകാരി,
രാഷ്ട്രീയ പ്രവര്‍ത്തക ,The Land of Lamp Bearers എന്ന നോവലിന്‍റെ രചയിതാവ്
COMMENTS