മത്സ്യോല്പാദന കയറ്റുമതിരംഗത്ത് ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പോഷകഗുണമുള്ള ഭക്ഷ്യവിഭവം എന്ന നിലയില്‍ ജനപ്രിയവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്നതുമായ ഒരു വിഭവമാണ് മത്സ്യം. രാജ്യത്തിന്‍റെ കിഴക്കും പടിഞ്ഞാറും തെക്കും കടലുകളാല്‍ ചുറ്റപ്പെട്ട രാജ്യം എന്ന നിലക്ക് മത്സ്യബന്ധനത്തിന് അനുയോജ്യമായതും സമൃദ്ധവും വ്യാപ്തി ഏറിയതും ആയ തീരദേശങ്ങളും ഇന്ത്യയുടെ വിഭവ ശേഷിയില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു ഘടകമാണ്. അതിനാല്‍ തന്നെ തീരപ്രദേശ മത്സ്യബന്ധന ഗ്രാമങ്ങളും അവിടെയുള്ള ജനങ്ങളുടെ ജീവിതത്തെ മനസ്സിലാക്കുകയെന്നതും പ്രധാനമാണ്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയില്‍ പ്രധാന പങ്കു വഹിക്കുന്ന മത്സ്യബന്ധന മേഖലയിലെ സ്ത്രീകളുടെ ജീവിത അതിജീവന അനുഭവങ്ങളെ മനസ്സിലാക്കുകയും അവലോകനം ചെയ്യുകയുമാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.
മറ്റുപരമ്പരാഗത തൊഴില്‍ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യത്തെയും അധ്വാനത്തെയും തട്ടിച്ചുനോക്കുമ്പോള്‍ കൂടുതല്‍ അധ്വാനമുള്ളതും സമയം ആവശ്യപ്പെടുന്നതുമായ തൊഴില്‍ ചെയ്യുന്ന വിഭാഗമാണ് മത്സ്യബന്ധന മേഖലയിലെ സ്ത്രീകള്‍ എന്ന് തന്നെ പറയേണ്ടിവരും. എങ്കിലും പുരുഷാധ്വാനത്തിന് നല്‍കുന്ന അമിത പ്രാധാന്യമാകാം സ്ത്രീകള്‍ എടുക്കുന്ന അദ്ധ്വാനം അദൃശ്യമാകുന്നതും സമൂഹത്തില്‍ പഠനങ്ങള്‍ക്ക് വിധേയമാകാതെ പോകുന്നതും.
പുരുഷാധിപത്യ സാമൂഹ്യ സങ്കല്പത്തില്‍ സ്ത്രീയുടെ സ്ഥാനം ഗാര്‍ഹിക മേഖലയാണെന്നും പ്രത്യുല്‍പാദനമാണ് സ്ത്രീയുടെ പ്രധാന ജോലി എന്നും മറ്റുമുള്ള ധാരണകള്‍ നിലനില്‍ക്കുന്നു. അവിടെ അന്നദാതാവ് പുരുഷനാണ്. ഫെഡറിക് ഏംഗല്‍സ് എഴുതിയ ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണം കൂടം’ എന്ന പുസ്തകത്തില്‍ സ്ത്രീകള്‍ ഉത്പാദന പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നാല്‍ മാത്രമേ അവരനുഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ അടിമത്വത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുകയുള്ളൂ എന്ന് പറയുന്നുണ്ട്.
പിന്നീട് ഫെമിനിസ്റ്റ് വിമര്‍ശകര്‍ ഇതിനെ വിമര്‍ശിക്കുകയും സ്ത്രീകള്‍ പ്രത്യേകിച്ച് ഏഷ്യന്‍ സ്ത്രീകള്‍ മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത്, കൃഷി തുടങ്ങിയ ഗാര്‍ഹിക ഉല്‍പാദന മേഖലയില്‍ ഉത്പാദനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്ത്രീകളുടെ ഉത്പാദന പ്രവര്‍ത്തനങ്ങളുടെ കര്‍ത്തവ്യം നിരാകരിക്കുന്ന അക്കാദമിക സൃഷ്ടികള്‍ പോലെ തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ് മത്സ്യബന്ധന മേഖലകളില്‍ ജീവിക്കുന്ന സമൂഹങ്ങളുടെ ചരിത്രം പോലും അവഗണിച്ചിരുന്ന സാമൂഹികശാസ്ത്രമേഖല. എവിടെയും എഴുതപ്പെടേണ്ട വിഭാഗമായി അടുത്തകാലത്തൊന്നും അംഗീകരിക്കപ്പെടാതെ കിടന്ന സമൂഹം കൂടിയാണ് മത്സ്യബന്ധന മേഖലയിലെ സമൂഹം.
അതുകൊണ്ടുതന്നെ മത്സ്യബന്ധന മേഖലയിലെ സ്ത്രീകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ആ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന മൊത്തം പ്രശ്നങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആകുന്നതല്ല. 1970കളുടെ അവസാനവും 80കളുടെ തുടക്കവും മത്സ്യബന്ധനക്കാര്‍ ഉയര്‍ത്തിയിരുന്ന സമരങ്ങളാല്‍ സജീവമായിരുന്നു. മത്സ്യബന്ധന മേഖലയിലെ വിഭാഗം എന്ന നിലയില്‍ ആകെക്കൂടി അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഉയര്‍ത്തി കാണിക്കുവാന്‍ ഇത്തരം സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ചില സമരങ്ങള്‍ ഒഴിച്ചാല്‍ മത്സ്യബന്ധന മേഖലയില്‍ സ്ത്രീകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക പ്രശ്നങ്ങളെ മനസ്സിലാക്കുവാനോ അതിനെ ഉയര്‍ത്തി കാണിക്കുന്ന സമരങ്ങളോ പഠനങ്ങളോ തന്നെ ഇനിയും നടന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. മത്സ്യബന്ധന മേഖലക്ക് പുറത്ത് താമസിച്ചിരുന്നവര്‍ ഈ മേഖലയിലുള്ളവരെ അറിവില്ലാത്തവരും സംസ്കാരം ഇല്ലാത്തവരും ആയിട്ടാണ് കണ്ടിരുന്നത്. ഈ ഒരു കാഴ്ചപ്പാടിന് കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുമായി ബന്ധമുണ്ട്. ജാതി സമൂഹം മത്സ്യ ബന്ധന സമൂഹങ്ങളെ കണ്ടിരുന്നത് അയിത്ത ജാതിക്കാരായിട്ടായിരുന്നു. കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ജീവിക്കുന്നവര്‍ മുക്കുവര്‍, അരയര്‍, നുളയര്‍, വാലന്‍, മുകയര്‍, മരക്കാര്‍ എന്നീ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഇതില്‍ തന്നെ മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ മുക്കുവര്‍ ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും, തെക്കന്‍ തിരുവിതാംകൂറിലെ മരക്കാരും മലബാര്‍ തീരദേശങ്ങളിലെ മാപ്പിള മത്സ്യബന്ധനക്കാര്‍ ഇസ്ലാം മത വിഭാഗത്തിലും പെടുന്നു.
പരമ്പരാഗത മത്സ്യബന്ധന സമൂഹം കടലിനെക്കുറിച്ചും കാലാവസ്ഥയെ കുറിച്ചും ജലജീവിലോകത്തെക്കുറിച്ചും ഉള്ള അറിവുകള്‍ കൊണ്ടും സമ്പന്നമാണ്. കടല്‍ അവര്‍ക്ക് ഉപജീവനവും ആവാസവ്യവസ്ഥിതിയും ആണ്. അതിനാല്‍ തന്നെ കടലിലെ മത്സ്യങ്ങളോടും മറ്റു ജീവിവര്‍ഗങ്ങളോടും കരുതലോടും കൂടിയാണ് അവര്‍ പെരുമാറിയിരുന്നത്. മത്സ്യബന്ധന സമൂഹം കടലിന്‍റെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരതയിലും വിശ്വസിച്ചിരുന്നുവെന്ന് കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടത്തിയ ഫീല്‍ഡ് പഠന അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ വികസന പദ്ധതികള്‍, തീരദേശ സംരക്ഷണ നിയമങ്ങള്‍, കാലാവസ്ഥ വ്യതിയാനം, മത്സ്യബന്ധന മേഖലയിലേക്കുള്ള വിദേശ കപ്പലുകളുടെ കടന്നുവരവ്, ട്രോളിംഗ് നിയമങ്ങള്‍, മത്സ്യബന്ധന മേഖലയുടെ വ്യവസായവല്‍ക്കരണം, നവ ഉദാരീകരണം, ആഗോളവല്‍ക്കരണം, ഡിമോണിറ്റൈസേഷന്‍ പല കാലങ്ങളായുള്ള കോളറ, വസൂരി, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനത്തിനും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.
മത്സ്യബന്ധനം അനുകൂല കാലഘട്ടത്തെ ആശ്രയിച്ചുള്ളതായതുകൊണ്ട് തന്നെ ഉപജീവനമാര്‍ഗത്തിനായി സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് അധ്വാനിക്കേണ്ടതായി വന്നു. ഏറെനേരം കടലില്‍ പോയി കാറ്റിനോടും തിരമാലകളോടും സാഹസികമായി മല്ലിട്ട് തീരത്തെത്തുന്ന മത്സ്യങ്ങള്‍ അതിവേഗം ചീഞ്ഞു പോകുന്നതിന് മുമ്പ് തന്നെ സമീപപ്രദേശങ്ങളിലും ഉള്‍നാടുകളിലും കൊണ്ടുപോയി വിറ്റിരുന്നത് സ്ത്രീകള്‍ ആയിരുന്നു. ഗാര്‍ഹിക വേലകള്‍ക്ക് പുറമെ ബാക്കി വരുന്ന മത്സ്യങ്ങള്‍ ഉണക്കിയും ചുണ്ണാമ്പ് അല്ലെങ്കില്‍ കുമ്മായം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനു ആവശ്യമായ കക്കത്തോടുകള്‍ പെറുക്കിയും കടലോരപാറകളില്‍ നിന്നും കക്കകളും കല്ലുപ്പുകളും ശേഖരിച്ചും ഉപ്പു നിര്‍മ്മാണത്തിനായി സഹായിച്ചും ഉണക്കമീന്‍ സൂക്ഷിക്കുന്നതിനും വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതുമായ പനയോല കൊണ്ടുണ്ടാക്കിയ ചമ്പ കെട്ടിയും ഓലമടഞ്ഞും കുടില്‍ വ്യവസായങ്ങള്‍ ആയ പലഹാരം നിര്‍മ്മാണം, അച്ചാര്‍നിര്‍മ്മാണം തുടങ്ങിയ പരിപാടികളില്‍ ഏര്‍പ്പെട്ടും, കുടുംബത്തെയും കുട്ടികളെയും പോറ്റാന്‍ വിദേശത്തും, മറ്റു വീടുകളിലും വീട്ടുവേലകള്‍ ചെയ്തുമാണിവര്‍ ഉപജീവനത്തിനായി പൊരുതിയിരുന്നത്.
കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും തീര്‍ത്തും നിരക്ഷരരായവരുമായ ഈ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ പല മാറ്റങ്ങള്‍ക്കും പലപ്പോഴും തൊഴില്‍ നഷ്ടത്തിനും പലതരത്തിലുള്ള വെല്ലുവിളികള്‍ക്കും ചരിത്രപരമായി വിധേയമായിട്ടുണ്ട്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കോളറയും വസൂരിയും പല കാലഘട്ടങ്ങളിലും പൊട്ടിപ്പുറപ്പെട്ട സമയങ്ങളിലെല്ലാം തന്നെ മത്സ്യവില്പന സ്ത്രീകള്‍ ചന്തകളില്‍ നിന്നും നിഷ്ഠൂരമായി ഓടിക്കപ്പെട്ടിരുന്നു.
പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നവരായും ദുര്‍ഗന്ധവാഹിനികളായി ഭരണകൂടവും സവര്‍ണ ജാതിക്കാരും അവരെ കുറ്റപ്പെടുത്തുകയും മത്സ്യ വില്പനയില്‍ നിന്ന് സ്ത്രീകള്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയില്‍ നിന്നും സമുദായങ്ങള്‍ ഉല്‍ഭവിക്കുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഇതിന്‍റെ ഫലമായി അരയ വിഭാഗത്തിലെ പരിഷ്കര്‍ത്താക്കളായ പുരുഷന്മാര്‍ അരയ സ്ത്രീകള്‍ മത്സ്യത്തൊഴിലില്‍ നിന്നും മാറി നില്‍ക്കണമെന്നും അവരുടെ തൊഴില്‍ സമുദായത്തിന് അപമാനം ഉണ്ടാക്കുന്നതാണ് എന്നും പറയുകയുണ്ടായി. അന്ന് അരയ സാമൂഹ്യപരിഷ്കര്‍ത്താവായ വേലുക്കുട്ടി അരയനാണ്, അവരുടെ ശരീരം വഹിക്കുന്നത് ദുര്‍ഗന്ധം അല്ലെന്നും പരാശര മഹര്‍ഷിയില്‍ കാമോദ്വീപനം ഉണ്ടാക്കിയ മത്സ്യഗന്ധിയുടെ സുഗന്ധമാണ് അതെന്നും പറഞ്ഞത്. എങ്കിലും, മത്സ്യവില്പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ നേരിട്ട ഇത്തരം പ്രശ്നങ്ങളാവാം ഇപ്പോഴും പ്രത്യേകിച്ച് കൊല്ലം, തിരുവനന്തപുരം തുടങ്ങിയ മേഖലയില്‍ അരയ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതിന് കാരണമെന്ന് ചെറിയതോതിലെങ്കിലും അനുമാനിക്കേണ്ടിയിരിക്കുന്നു. അരയ സമുദായ പരിഷ്കരണത്തിന്‍റെ ഭാഗമായി പലപ്പോഴും സ്ത്രീകള്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മത്സ്യവില്പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വിവേചനങ്ങള്‍ക്ക് വിധേയരായപ്പോള്‍ ശക്തമായി പ്രതികരിച്ചതിന് ഉദാഹരണമാണ് കെ.എസ്.ആര്‍.ടിസി. ബസ്സില്‍ മത്സ്യം കയറ്റി യാത്ര ചെയ്യാന്‍ അനുമതി നേടിയെടുത്തത്.
കാസര്‍കോട് നടത്തിയ ഫീല്‍ഡ് വര്‍ക്കറുടെ അനുഭവം തെളിയിക്കുന്നത് അവിടുത്തെ മത്സ്യ വില്പന സ്ത്രീകള്‍ ഇന്നും വിവേചനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു എന്നാണ്. ഹൈവേ നിര്‍മ്മാണം റോഡ് നിര്‍മ്മാണം, പാലം നിര്‍മ്മാണം തുടങ്ങിയവയുടെ ഭാഗമായി പരമ്പരാഗതമായി അവര്‍ ഉപയോഗിച്ചിരുന്ന വില്പന ഇടങ്ങളില്‍ നിന്നും ആളുകള്‍ എത്താത്ത ഇടങ്ങളിലേക്ക് ഇവര്‍ മാറ്റപ്പെടുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം.
റോഡരികില്‍ ഇരുന്ന് മത്സ്യം വില്‍ക്കുന്നതിന് ട്രാഫിക് പോലീസുകാര്‍ സ്ത്രീകളെ ആട്ടിയോടിക്കുന്നതും പതിവാണെന്ന് പല സ്ത്രീകളും പറയുകയുണ്ടായി. കാസര്‍ഗോട്ട് ഇപ്പോഴും പ്രൈവറ്റ് ബസുകളില്‍ മത്സ്യം കയറ്റി ഉള്‍നാടുകളിലേക്ക് കച്ചവടത്തിനായി യാത്ര ചെയ്യാന്‍ സമ്മതിക്കാത്തത് കാരണം വലിയ തുക കൊടുത്തു ഓട്ടോറിക്ഷയിലാണ് രണ്ടുമൂന്നു സ്ത്രീകള്‍ കച്ചവടത്തിന് പോകുന്നത്. കോവിഡിന് ശേഷം മറ്റു സമുദായങ്ങളില്‍ ഉള്ളവര്‍ ഈ രംഗത്തേക്ക് പ്രവേശിച്ചത് കാരണം ഉള്‍നാടുകളില്‍ വില്‍പ്പന മത്സരം കൂടിയെന്നും സ്കൂട്ടറില്‍ കച്ചവടം നടത്തുന്ന പുരുഷന്മാര്‍ കാരണം റോഡ് കച്ചവടം കുറഞ്ഞുവരുന്നുവെന്നും സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കു വെച്ചു.
കോവിഡിന് ശേഷം പണമില്ലാത്തത് കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വട്ടിപലിശക്കാരോട് കടം വാങ്ങിയാണ് തിരുവനന്തപുരത്തും കാസര്‍ഗോഡുമുള്ള മത്സ്യ വില്പന നടത്തുന്ന സ്ത്രീകള്‍ കച്ചവടത്തിന് നില്‍ക്കുന്നത്. അല്ലാത്തവര്‍ പ്രത്യേകിച്ച് കാസര്‍ഗോഡ് ഉള്ളവര്‍ മംഗലാപുരത്തു നിന്നും മറ്റും മത്സ്യം കൊണ്ടുവരുന്ന കയറ്റുമതി മുതലാളിമാരില്‍ നിന്നും മത്സ്യം വില്‍പ്പനക്കു വാങ്ങി മുന്‍ നിശ്ചയിച്ച തുക മത്സ്യം വിറ്റ ശേഷം മുതലാളിമാരെ ഏല്‍പ്പിക്കുന്നു. ഇതില്‍ പലപ്പോഴും ലാഭമുണ്ടാകാം നഷ്ടമുണ്ടാകാം. ഇങ്ങനെ മത്സ്യ വില്പന നടക്കാത്ത സമയത്ത് ചീഞ്ഞ മത്സ്യം വീട്ടിലെ തെങ്ങിന് വളമായി ഇട്ടുകൊടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി ചില സ്ത്രീകള്‍ പറയുകയുണ്ടായി. അഭിമുഖം നടത്തിയ സ്ത്രീകള്‍ എല്ലാം തന്നെ ഭാരിച്ച കടബാധ്യതയും കുടുംബ ബാധ്യതയും ഉള്ളവരാണ്. വിധവകളും ഭര്‍ത്താക്കന്മാര്‍ കിടപ്പിലായവരും വിവാഹമോചിതരും ഇവരില്‍പ്പെടുന്നു. വീട്ടുവാടക, വെള്ളം, കറന്‍റ്, ഗ്യാസ്, കുട്ടികളുടെ വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ വിവാഹം, ഭാരിച്ച സ്ത്രീധനം, രോഗം തുടങ്ങിയ എല്ലാവിധ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളും സ്ത്രീകള്‍ ചെയ്തു വരുന്നുണ്ട്.
വികസനവും കാലാവസ്ഥാ വ്യതിയാനവും മൂലം തീരശോഷണം സംഭവിച്ച കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെട്ട സ്ത്രീകള്‍ തിരുവനന്തപുരത്തും കാസര്‍ഗോഡും ധാരാളമായി ഉണ്ട്. കാസര്‍ഗോഡ് സുനാമിക്ക് ശേഷം സുനാമി കോളനിയിലേക്കു താമസം മാറിയ സ്ത്രീകള്‍ മീന്‍ ഉണക്കുന്നതിനും മറ്റും കഷ്ടപ്പെടുന്നവരാണെന്ന് പറയുകയുണ്ടായി. വിഴിഞ്ഞത്ത് തുറമുഖ വികസനത്തിന്‍റെ ഭാഗമായി തലമുറകളായി അധ്വാനിച്ച് വാങ്ങിയ മണ്ണും കഷ്ടപ്പെട്ട് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കടലെടുത്ത് പോകുന്നത് നിസ്സഹായരായി കാണേണ്ടി വന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്. തിരുവനന്തപുരത്തെ വിഴിഞ്ഞം മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലെടുക്കുന്ന പല സ്ത്രീകളും ചര്‍ച്ചും സര്‍ക്കാരും സ്ഥാപിച്ച താല്‍ക്കാലിക ക്യാമ്പുകളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ്. ഇങ്ങനെ കാലാവസ്ഥ, വികസനം, ഇടനിലക്കാര്‍, പലിശക്കാര്‍, ഈ മേഖലയിലേക്ക് പുതുതായി കടന്നുവന്ന കച്ചവടക്കാര്‍ തുടങ്ങി പല മേഖലകളില്‍ നിന്നും മത്സ്യ വില്പന നടത്തുന്ന സ്ത്രീകള്‍ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ഇവര്‍ നേരിടുന്ന വെല്ലുവിളികളെ നേരിടുന്ന മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ എല്ലാം തന്നെ വലിയ പരാജയമാണെന്ന് കാണാം.
ഉദാഹരണത്തിന് വികസന പദ്ധതികള്‍ക്കോ മറ്റോ സ്ഥലം പരിഗണിക്കപ്പെടുമ്പോള്‍ തീരദേശങ്ങളെ കയ്യടുക്കുക എന്നത് ഒരു സര്‍ക്കാര്‍ പദ്ധതിയായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദരിദ്രര്‍, ശബ്ദമില്ലാത്തവര്‍, വിവരമില്ലാത്തവര്‍ എന്നീ ഗണത്തില്‍ പെടുത്തിയാണ് മത്സ്യമേഖലയില്‍ ഉള്ളവരെ കുടിയൊഴിപ്പിക്കുന്നത്. മറ്റു മേഖലകളില്‍ കുടി ഒഴിപ്പിക്കപ്പെടുന്ന മധ്യവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള വിലപേശല്‍ ഇല്ലായ്മ കാരണം കിടപ്പാടം ഇല്ലാതെ വഴിയാധാരമായി പോകുന്ന ധാരാളം പേര്‍ തീരദേശങ്ങളില്‍ ഇന്നും കാണാവുന്ന യാഥാര്‍ത്ഥ്യമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തങ്ങള്‍ ഈ മാര്‍ക്കറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് ധാരണയുണ്ടെന്നും തൊഴിലിടം നഷ്ടമാകുന്ന സ്ത്രീകള്‍ക്ക് ഒന്നുംതന്നെ യാതൊരുവിധ നഷ്ടപരിഹാരവും കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും ഇതുവരെയും ലഭിച്ചില്ലെന്നും പല സ്ത്രീകളും വിഴിഞ്ഞം മത്സ്യ മാര്‍ക്കറ്റില്‍ നിന്നും ആശങ്ക പങ്കുവെക്കുകയുണ്ടായി.
അടുത്തകാലത്തായി കാസര്‍ഗോഡും വിഴിഞ്ഞത്തും എല്ലാം മോഡേണ്‍ മത്സ്യ മാര്‍ക്കറ്റുകള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്ത്രീകളും പുറത്തിരുന്നാണ് മഴയത്തും വെയിലത്തും മത്സ്യ വില്പന നടത്തുന്നത്. ഇതിന് കാരണമായി അവര്‍ പറയുന്നത് കെട്ടിടത്തിനകത്ത് ഉള്ള ഉയര്‍ന്ന ശബ്ദം, ടൈലുകള്‍ ഒട്ടിച്ച നിലത്ത് വീണുണ്ടാകുന്ന അപകടങ്ങള്‍, വൃത്തി ഇല്ലായ്മ, അസഹ്യമായ നാറ്റം,ആവശ്യക്കാരുടെ കുറവ് തുടങ്ങിയവയാണ്. പുറത്തിരുന്നാല്‍ ആളുകള്‍ വന്നു വേഗം മീന്‍ വിറ്റു തീര്‍ക്കാം, എന്നാല്‍ അകത്തിരുന്നാല്‍ മീന്‍ വിറ്റ് തീര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറയുകയുണ്ടായി.
രണ്ടു മാര്‍ക്കറ്റുകളിലും ടോയ്ലറ്റ് സൗകര്യം ശോചനീയമായ നിലയിലായിരുന്നു ആരും ശുചിയാക്കാത്ത ശൗചാലയം അസഹനീയമായ ദുര്‍ഗന്ധം കൊണ്ട് മാര്‍ക്കറ്റിനു പുറമെയുള്ള തുറസായ ഇടത്താണ് തങ്ങള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതെന്ന് കാസര്‍ഗോഡുള്ള സ്ത്രീകള്‍ പറഞ്ഞു. വിഴിഞ്ഞത്ത് ആണെങ്കില്‍ ചര്‍ച്ചിന്‍റെ ഉടമസ്ഥതയിലുള്ള ശൗചാലയം പണം കൊടുത്താണ് സ്ത്രീകള്‍ ഉപയോഗിക്കുന്നത്. പലരും ഇത്തരം പ്രശ്നങ്ങള്‍ കാരണം വീട്ടില്‍ പോയാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ഇത് കാരണം മൂത്രാശയ സംബന്ധമായ രോഗങ്ങളും മറ്റും തങ്ങളെ ബാധിക്കുന്നുവെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ ഇരുന്നുള്ള കച്ചവട രീതി ആയതുകൊണ്ട് അധികനേരം ഇരിക്കേണ്ടി വരുന്നതും പാദത്തിനും ശരീരത്തിനും വേദനയും നീരിറക്കത്തിനും കാരണമാവാറുണ്ട്. സമയത്തിന് ആഹാരം കഴിക്കാന്‍ മാര്‍ക്കറ്റുകളില്‍ നിന്നും കച്ചവട സമയങ്ങളിലും പറ്റാത്തതു കാരണം പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഇവരില്‍ അധികമാണ്. എല്ലാവരും മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായിരുന്നു എന്നതുകൊണ്ടുതന്നെ കോവിഡ് കാലഘട്ടത്തില്‍ കുറഞ്ഞ ധനസഹായവും ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കാര്‍ഡ് വഴി ലഭിച്ചതുകൊണ്ടും കുറെയൊക്കെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു എന്ന് പറഞ്ഞു. എങ്കിലും വീട്ടില്‍ ആഹാരം പാകം ചെയ്യാനും കഴിക്കാന്‍ ഒന്നും തന്നെ ഇല്ലാത്ത ദിവസങ്ങളും ഉണ്ടായിരുന്നെന്നു ഇവര്‍ ഓര്‍ക്കുന്നു.
കേരള മാതൃക വികസന വാദങ്ങള്‍ മുഴങ്ങിക്കേല്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ തീരദേശ ജനതയും അവരുടെ ജീവിതവും തൊഴിലും ദിനംപ്രതി വിവേചനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പാത്രമാകുന്നു എന്ന് തെളിയിക്കുന്നതായിരുന്നു തീരദേശ ജനതയെപ്പറ്റി ഞാന്‍ നടത്തിയ പഠനാനുഭവങ്ങള്‍ എല്ലാം തന്നെ. തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തെ സന്തുലിതമാക്കുകയും കൂടാതെ ദാരിദ്ര്യം, വിവേചനം, അരികുവല്‍ക്കരണം എന്നിവയില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്ന പദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഈ പഠന കുറിപ്പ് ഉപസംഹരിക്കുന്നു
സൂചിക
മാത്യു എര്‍ത്തയില്‍ (2002) ‘കേരളത്തിലെ മത്സ്യ തൊഴിലാളി പ്രസ്ഥാനം: സാമൂഹിക ശാസ്ത്രപരമായ ഒരു വിശകലനം”, ഡി സി ബുക്സ്, കോട്ടയം
കല്പന റാം (1992) ‘ മുക്കുവര്‍ വുമന്‍: ജെന്‍റര്‍, ഹെജിമോണി, ആന്‍ഡ് കാപിറ്റലിസ്റ്റ് ട്രന്‍സ്ഫ്ഫോര്‍മേഷന്‍ ഇന്‍ സൗത്ത് ഇന്ത്യന്‍ ഫിഷിംഗ് കമ്മ്യൂണിറ്റി, കാളി ഫോര്‍ വുമണ്‍, ന്യൂഡല്‍ഹി
ഹമീദ സി. കെ. ധ2015പ’മുതലാളിത്ത ഉല്പാദന പ്രക്രിയയും മത്സ്യതൊഴിലാളി സമരങ്ങളും”, ബോധി കോമണ്‍സ്, മേയ് 19
http://bodhicommons.org/index.php/article/fisherfolk-struggle-and-capitalist-production
ഹമീദ സി. കെ. ധ2021പ’മത്സ്യ തൊഴിലാളികളുടെ അരികുവല്‍ക്കരണം ചരിത്രത്തിലൂടെ”, എഡി. സിദ്ദിക്ക് റാബിയത്ത്,കടലിനെ വെല്ലുവിളിച്ചു. മുന്നേറുന്നവര്‍ക്ക് കര നല്‍കുന്നത്: കടലാളരുടെ ജീവനവും അതിജീവനവും, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
COMMENTS