അക്കാദമിക ഭാഷ എന്നാല്‍ ദുര്‍ഗ്രഹം, വളരെ കുറച്ചുപേര്‍ക്കു മാത്രം മനസ്സിലാകുന്നത്, അതിനാല്‍ വരേണ്യം, വര്‍ജ്യം എന്നൊരു എടുത്തുചാടിവിചാരം കേരളത്തിലെ പൊതുമണ്ഡലചര്‍ചകളില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഇന്നുണ്ട്. പൊതുവെ മൂലധനശക്തികളെ പിന്‍തുണച്ചുകൊണ്ട്, അവ നടത്തുന്ന, നടത്താന്‍ കോപ്പുകൂട്ടുന്ന പ്രകൃതിവിഭവകൊള്ളയെ പലവിധത്തില്‍ ന്യായീകരിച്ചുകൊണ്ട്, സൈബര്‍ ഇടങ്ങളില്‍ വിശേഷിച്ചും, നിറഞ്ഞുകവിയുന്ന ബൗദ്ധികഗുണ്ടകള്‍ക്ക് ആ ധാരണ വളരെ പ്രയോജനകരമാണ്. സത്യത്തില്‍ അക്കാദമിക ഭാഷ, അക്കാദമിക ഇടങ്ങളില്‍ മാത്രം പ്രയോഗിക്കപ്പെടുന്ന ഭാഷ എന്നൊന്ന് ഇല്ല. ജ്ഞാനനിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ പ്രതിഭാസങ്ങളെ വിവരിക്കാനും പ്രവണതകളെ അടയാളപ്പെടുത്താനും പ്രക്രിയകളെ വിശദീകരിക്കാനും മറ്റും വ്യക്തവും കൃത്യവുമായ ഭാഷ ആവശ്യമാണ്. സാമാന്യ-ദൈനംദിനഭാഷയുടെ അവ്യക്തതയും കൂടിക്കുഴയലും ഒഴിവാക്കിക്കൊണ്ടു മാത്രമേ ജ്ഞാനനിര്‍മ്മാണത്തിലേര്‍പ്പെടാന്‍ കഴിയൂ. അങ്ങനെയായതുകൊണ്ട് പലപ്പോഴും നാം സാമാന്യജീവിതത്തില്‍ പരിചയിച്ചതും, ദീര്‍ഘകാലത്തെ വിവിധരീതികളിലുള്ള ഉപയോഗം മൂലം അര്‍ത്ഥശോഷണം സംഭവിച്ചതുമായ സങ്കല്പനങ്ങളെ അക്കാദമിക ഇടങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടിവരുന്നു. മാത്രമല്ല, പലപ്പോഴും പ്രതിഭാസങ്ങളുടെ മാനങ്ങളെ സസൂക്ഷ്മം പഠിച്ചാല്‍ അവയ്ക്ക് പുതിയ പേരുകളും വിശേഷണങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ ഒരുപക്ഷേ കണ്ടെത്തുകയും ചെയ്യും അതായത്, പുതിയതും സാമാന്യ വായനക്കാര്‍ക്ക് അപരിചിതവുമായ സങ്കല്പനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞെന്നിരിക്കും. ജ്ഞാനനിര്‍മ്മാണം അക്കാദമിക ഇടങ്ങളില്‍ നടക്കുന്ന കാര്യമായതിനാല്‍ അവിടെ ഇപ്പറഞ്ഞതു പോലെ അപരിചിതപദങ്ങള്‍ ധാരാളം ഉപയോഗിക്കേണ്ടിവരുന്നു.
ഈ പ്രക്രിയ എല്ലായ്പ്പോഴും വരേണ്യമായിക്കൊള്ളണമെന്നില്ല. അക്കാദമിക ഇടങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ക്കൂടുതല്‍ പേര്‍ക്കു ലഭിക്കുന്നതോടുകൂടി ഈ ഭാഷ വ്യാപകമാകുമെന്നു മാത്രമല്ല, അതു ജനാധിപത്യവത്ക്കരിക്കപ്പെടുകയും ചെയ്യും. അരികുവത്ക്കരിക്കപ്പെട്ട ശബ്ദങ്ങള്‍ അക്കാദമിക ഇടങ്ങളില്‍ കേട്ടുതുടങ്ങുന്നതോടെ കൂടുതല്‍ക്കൂടുതല്‍ അപരിചിതസങ്കല്പങ്ങള്‍ അവിടെയുണ്ടാകുമെന്നു തീര്‍ച്ചതന്നെ.
പൊതുവെ പറഞ്ഞാല്‍ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്ക് ആദ്യകാലത്തെങ്കിലും അക്കാദമിക ഭാഷയുടെ അന്യത്വം കാര്യമായ തടസ്സമായി അനുഭവപ്പെട്ടിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഫെമിനിസത്തെ സംബന്ധിച്ച ബൗദ്ധിക പ്രവര്‍ത്തനം വലിയപക്ഷം പുരുഷന്മാരായ ബുദ്ധിജീവികളാണ് നടത്തിയിരുന്നത്. സ്ത്രീവാദം എന്ന പദം വേണോ അതോ ഫെമിനിസം മതിയോ, സ്ത്രീ എന്നു പറയോമോ അതോ പെണ്‍ എന്നു പറയണോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചതും അവയ്ക്ക് ഉത്തരം കണ്ടെത്തുന്നതുമെല്ലാം ഇവിടുത്തെ ആദ്യകാല ഫെമിനിസ്റ്റ് ചര്‍ചകളുടെ ഭാഗമായിരുന്നു. കേരളീയ ലിംഗവത്കൃതജീവിതങ്ങളെ സൂക്ഷ്മമായി പഠിച്ച് അവയെ മനസ്സിലാക്കാന്‍ ഉതകുന്ന താത്വികഭാഷ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വളരെ താമസിച്ചു മാത്രമാണ് തുടങ്ങിയത്. അതിനു മുന്‍പ് ആംഗ്ളോ-അമേരിക്കന്‍ ഫെമിനിസ്റ്റ് സാമൂഹ്യ- സാഹിത്യസിദ്ധാന്തപരിസരങ്ങളില്‍ നിന്ന് (അവയിലൂടെ തുറന്നുകിട്ടിയ യൂറോപ്യന്‍ ഫെമിനിസ്റ്റ് ചിന്തയില്‍ നിന്നും) ലഭിച്ച സങ്കല്പനങ്ങളും സൈദ്ധാന്തിക ഉള്‍ക്കാഴ്ചകളും പ്രയോഗിക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
മലയാളി ഫെമിനിസത്തിന് അതിന്‍റേതായ ജ്ഞാനനിര്‍മ്മാണം ആവശ്യമാണെന്ന് വിശ്വസിച്ചവരില്‍ ഒരാളായിരുന്നു ഞാന്‍. എന്നാല്‍ കൃത്യതയിലും വ്യക്തതയിലും ഊന്നിയ ഭാഷ, നമ്മുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഫലപ്രദമായവിധം വിവരിക്കുന്ന സങ്കല്പനങ്ങള്‍, വേണമെന്ന ഞങ്ങളുടെ നിര്‍ബന്ധം ആണധികാരത്തെ എടുത്തുപയോഗിക്കാനുള്ള ശ്രമമായിരിക്കാമെന്ന സംശയം ഇവിടുത്തെ തലമൂത്ത ഫെമിനിസ്റ്റുകളില്‍ ചിലര്‍ക്കെങ്കിലും കാര്യമായി ഉണ്ടായിരുന്നു. പൊതുവെ അക്കാദമികഭാഷയോടുള്ള (മേല്‍വിവരിച്ച) സംശയത്തിന്‍റെ ഒരു വകഭേദമായിരുന്നു ഇത്. ഞങ്ങളുടെയിടയില്‍ കേരളത്തിനു പുറത്തുള്ള കേന്ദ്രസര്‍വകലാശാലകളില്‍ കേരളത്തെപ്പറ്റി ഗവേഷണം നടത്തിയിരുന്ന ഫെമിനിസ്റ്റുകളെ മറ്റു ഫെമിനിസ്റ്റുകളുടെ ഈ സംശയം കാര്യമായി ബാധിച്ചിരുന്നില്ല കാരണം ഈയിടങ്ങളില്‍ ഫെമിനിസത്തിന് കാര്യമായ ഇടം നല്‍കിയ സ്ഥലങ്ങള്‍ ഈ സര്‍വകലാശാലകള്‍ തന്നെയായിരുന്നു. കേരളത്തില്‍ അതല്ലായിരുന്നു സ്ഥിതി. ഈ സംശയങ്ങള്‍ മൂലം മലയാളി ഫെമിനിസത്തിന്‍റേതായ സങ്കല്പനങ്ങളെയും സിദ്ധാന്തവത്ക്കരണത്തെയും പറ്റിയുള്ള ചര്‍ച താഴ്ന്ന സ്ഥായിയില്‍ മാത്രം നടന്നുകൊണ്ടിരുന്ന കാലത്തു തന്നെ വ്യത്യസ്ത സൈദ്ധാന്തികഭാഷകളില്‍ സംസാരിക്കുന്ന ഫെമിനിസ്റ്റുകള്‍ തമ്മില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങളും, പരസ്യമായ, അസുഖകരങ്ങളായ, തര്‍ക്കങ്ങളും ഉണ്ടായി. ഉദാഹരണത്തിന്, സോഷ്യലിസ്റ്റ് ഫെമിനിസത്തിന്‍റെ ഭാഷയില്‍ ഫെമിനിസത്തെ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം ആഗോള ഏജന്‍സികളുടെ നവലിബറല്‍ ഫെമിനിസ്റ്റ് ഭാഷ അരോചകമായിരുന്നു.
ഏജന്‍സി, ലൈംഗികത്തൊഴില്‍ മുതലായ സങ്കല്പനങ്ങള്‍ ആഗോളകുത്തകകളുടെ ഗൂഢാലോചനയുടെ ഫലങ്ങളാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അവരെ സംബന്ധിച്ചിടത്തോളം ആ സങ്കല്പനങ്ങളെ കേരളചരിത്രത്തില്‍ത്തന്നെ ഏറ്റവും ഹിംസാത്മകമായ വിധത്തില്‍ തമസ്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ തങ്ങളുടേതായ രീതിയില്‍ പുനര്‍വ്യാഖ്യാനം ചെയ്യാന്‍ നടത്തിയ ശ്രമം അദൃശ്യമായിരുന്നു.
എന്നാല്‍ നവലിബറല്‍ ഫെമിനിസത്തിന്‍റെ സാങ്കേതികഭാഷ മറ്റൊരു വഴിക്ക് ഭരണകൂടവഴിക്ക് എത്തിയപ്പോള്‍ അവര്‍ക്ക് അതത്ര അരോചകമായില്ല. അതായത്, ശാക്തീകരണം എന്ന സങ്കല്പത്തെ സ്ത്രീകളെ ജനാധിപത്യത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള മുഖ്യമാര്‍ഗമായി പ്രക്ഷേപിക്കപ്പെട്ടപ്പോള്‍ അത് വിമോചനം എന്ന ഫെമിനിസ്റ്റ് രാഷ്ട്രീയലക്ഷ്യത്തെ മൂലയ്ക്കിരുത്തിയെങ്കിലും അതിന്‍റെ നവലിബറല്‍ മാനങ്ങളെ തിരിച്ചറിഞ്ഞു വിമര്‍ശിക്കാന്‍ അധികമാരും കൂട്ടാക്കിയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭയടക്കമുള്ള സംവിധാനങ്ങളില്‍ നിന്നുതന്നെ പ്രവഹിച്ചു തുടങ്ങിയിരുന്ന നവലിബറല്‍ ഫെമിനിസഭാഷ ഇവിടുത്തെ വ്യവസ്ഥാപിത ലൈംഗികതാധാരണകളെ അട്ടിമറിക്കുമെന്നു തോന്നിപ്പോള്‍, ആ ഭാഷ അതിനായി ഉപയോഗിക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം തമസ്കരിക്കപ്പെട്ട, സ്ത്രീവിഭാഗമായതുകൊണ്ട്, അത് ഇവിടുത്തെ ഫെമിനിസ്റ്റുകള്‍ക്കു വര്‍ജ്യമായി. എന്നാല്‍ ആഗോളമുതലാളിത്ത നവലിബറലിസത്തിന്‍റേതു തന്നെയായ സ്ത്രീശാക്തീകരണഭാഷ ഭരണകൂടത്തില്‍ നിന്നു പുറപ്പെട്ടപ്പോള്‍ അത് ഫെമിനിസ്റ്റുകളടക്കമുള്ള മലയാളി പുരോഗമനവാദികള്‍ക്ക് സ്വീകാര്യമായി. ഇതിനിടയില്‍, തദ്ദേശീയസമൂഹത്തെ പഠിച്ചുകൊണ്ട് നമ്മുടേതായ സൈദ്ധാന്തികഭാഷയും സങ്കല്പനങ്ങളും സൃഷ്ടിക്കാനുള്ള ശ്രമം തീരെ പ്രധാനമല്ലാതെയായി. ഈ ചര്‍ചകള്‍ക്കു ശേഷം അനേകം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇന്ന് മലയാളിഫെമിനിസത്തിന് അതിന്‍റേതായ ജ്ഞാനഭാഷയും സങ്കല്പനങ്ങളുമുണ്ടെന്ന് തീര്‍ചയായും പറയാം.
അതായത്, ഇന്നത്തെ പ്രശ്നം ഇല്ലായ്മയുടേതല്ല. അതുപോലെ മനസിലാവായ്കയുടെ പ്രശ്നവും പണ്ടത്തെയത്ര രൂക്ഷമല്ല. മറിച്ച്, ഇന്നുള്ള ഫെമിനിസ്റ്റ് ഭാഷയുടെ ഉള്‍ക്കൊള്ളല്‍ശേഷി എങ്ങനെ വിപുലമാക്കാം, മലയാളി ഫെമിനിസത്തിന്‍റെ ഭാഷയെ മുഖ്യധാരാ ഇടത് അതിന്‍റെ സ്വന്തം താത്പര്യങ്ങള്‍ക്കായി സ്വീകരിക്കുകയും എന്നാല്‍ ഒരു രാഷ്ട്രീയമെന്ന നിലയ്ക്ക് ഫെമിനിസത്തെ പൂര്‍വാധികം അരികുവത്ക്കരിക്കുകയും ചെയ്യുന്ന അവസ്ഥയെ എങ്ങനെ നേരിടാം, എന്നൊക്കെയുള്ള പ്രശ്നങ്ങളാണ് മുന്നില്‍. എന്നാല്‍ ഫെമിനിസ്റ്റ് ആഖ്യാനങ്ങളെ ജനാധിപത്യവത്ക്കരിക്കാനുള്ള പരിശ്രമം അവസാനമില്ലാത്ത ഒന്നത്രെ. സ്ത്രീകള്‍ എന്ന സംവര്‍ഗത്തിന്‍റെ സങ്കീര്‍ണതകളുടെ ആന്തരിക അസമത്വങ്ങളും അംഗീകരിക്കപ്പെട്ടതോടുകൂടി ഫെമിനിസത്തിന്‍റെ ഭാഷയുടെ സങ്കീര്‍ണതയും ഏറാനാണിട.
ജെ.ദേവിക
പ്രൊഫസര്‍, സി. എഡി.എസ്.
COMMENTS