കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ
മലയാളത്തിലെ ആദ്യകാല എഴുത്തുകാരികളില്‍ ഒരാളായി കണക്കാക്കാവുന്ന കെ.എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ 1877-ല്‍ ബ്രിട്ടീഷ് മലബാറിലെ കോട്ടയം താലൂക്കില്‍ കണ്ണാരത്തു മല്ലോളില് തറവാട്ടില്‍ ജനിച്ചു. പ്രഗല്ഭനായ അഭിഭാഷകന് കൊയ്യോടന്‍ കുന്നത്തു കണ്ണന് നമ്പിയാരായിരുന്നു അച്ഛന്. അമ്മ ലക്ഷ്മിയമ്മ. കുഞ്ഞിലക്ഷ്മിക്ക് വിദ്യാഭ്യാസം നല്കുന്നതില് അവരുടെ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പണ്ഡിതശ്രേഷ്ഠനായി വടക്കേമലബാറില്‍ അറിയപ്പെട്ടിരുന്ന കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പ് കാവ്യനാടകങ്ങളും അലങ്കാരങ്ങളും അവരെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ രചിച്ച സദാശിവ സ്തോത്രം ഓടാട്ടില്‍ കേശവമേനോന് പ്രസിദ്ധീകരിച്ചിരുന്ന സ്തവരണമാലികയില് പ്രസിദ്ധീകരിച്ചു.
പത്തൊമ്പതാമത്തെ വയസ്സില്‍ കുഞ്ഞിലക്ഷ്മിയമ്മയുടെ വിവാഹം നടന്നു, കിഴക്കേടത്ത് ചന്ത്രോത്തു കുഞ്ഞിയനന്തന് വലിയ നമ്പിയാര് ആയിരുന്നു ഭര്‍ത്താവ്. വിവാഹശേഷവും സംസ്കൃതപഠനം അവര്‍ നിര്‍ത്തിയില്ല. ആ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. കുടുംബങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കാരണം ബന്ധം അവസാനിപ്പിച്ച് കുഞ്ഞിലക്ഷ്മിയമ്മ പിന്നീട് അക്കാലത്തെ മൂപ്പനായിരുന്ന നീലകണ്ഠന് തിരുമുമ്പിനെ കല്യാണം കഴിച്ചു. ആദ്യവിവാഹത്തില്‍ ഒരു കുട്ടിയും രണ്ടാംവിവാഹത്തില്‍ രണ്ടു കുട്ടികളും കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മക്കുണ്ടായി. രണ്ടാമത്തെ വിവാഹത്തോടെയാണ് അവരുടെ പേര് കെട്ടിലമ്മ എന്നായത്. 1921-ല്‍ അവരുടെ ഭര്‍ത്താവും ഏറെ വൈകാതെ മകളുടെ ഭര്‍ത്താവും മരിച്ചു.
കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മയുടെ കൃതികളില്‍ സംസ്കൃതത്തിലുള്ള പ്രാര്ത്ഥനാഞ്ജലിയും മലയാളത്തിലുള്ള സാവിത്രീവൃത്തം കൈകൊട്ടിക്കളിപ്പാട്ടും കൗസല്യാദേവി, പുരാണചന്ദ്രിക എന്നീ കാവ്യങ്ങളും ഗോക്കണ്ണ പ്രതിഷ്ഠ, കടാകോട്ടുമാക്കം കിളിപ്പാട്ട് എന്നീ കൂട്ടുകവിതകളും എടുത്തുപറയേണ്ടവയാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ (കവനകൗമുദി), കേളന് (ആത്മപോഷിണി), ഏലക്കന് കോരന് (സമുദായ ദീപിക), ഒരു ഐതിഹ്യം (ശാരദ), ഒരത്ഭുതവൃത്തം (ദക്ഷിണദീപം) എന്നിവ കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ രചിച്ചതാണ്. 1947-ല്‍ അവര്‍ അന്തരിച്ചു.
കുട്ടിക്കുഞ്ഞുതങ്കച്ചി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മലയാളത്തിലെ എഴുത്തുകാരിയെന്ന നിലയില്‍ പരിഗണിക്കാവുന്ന അപൂര്‍വം സ്ത്രീകളിലൊരാളാണ് കുട്ടിക്കുഞ്ഞുതങ്കച്ചി (1820 ഫെബ്രുവരി 14-ന് ജനിച്ച അവര്‍ 1904 ഫെബ്രുവരി 13-നാണ് മരിച്ചത്). ഇരയിമ്മന്‍ തമ്പിയുടേയും ഇടക്കോട്ടു കാളിപ്പിള്ള തങ്കച്ചിയുടേയും മകളായ കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ യഥാര്‍ഥ പേര് ലക്ഷ്മിപ്പിള്ള എന്നായിരുന്നു. കുട്ടിക്കുഞ്ഞ് ഓമനപ്പേരായിരുന്നു. സംഗീതം, കാവ്യനാടകാലങ്കാരങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവ പഠിച്ച് വിദുഷിയായി.
ചേര്‍ത്തല വാരനാട്ടു കോവിലകത്ത് തമ്പാനായിരുന്നു ആദ്യ ഭര്‍ത്താവ്. 1851-ല്‍ അദ്ദേഹം മരിച്ചു. 1861-ല്‍ അവര്‍ കുഞ്ഞുണ്ണിതമ്പാനെ വിവാഹം കഴിച്ചു. സ്വാതിതിരുനാള്‍ മഹാരാജാവിനെയും ഇരയിമ്മന്തമ്പിയെയുംപോലെ മോഹിനിയാട്ടകൃതികള് എഴുതിയവരില്‍ പ്രമുഖയാണ് കുട്ടിക്കുഞ്ഞുതങ്കച്ചി. ചെറുപ്പത്തിലേ കാവ്യനാടകാലങ്കാരാദികളും പുരാണങ്ങളും പഠിച്ചും വായിച്ചും പരിചയിച്ച ഇവര്‍ക്ക് സംഗീതത്തിലും തര്‍ക്കത്തിലും വ്യാകരണത്തിലും ഒട്ടേറെ പാടവമുണ്ടായിരുന്നു. പിതാവ് ഇരയിമ്മന്തമ്പിയായിരുന്നു പ്രധാന ഗുരുനാഥന്. സംസ്കൃതത്തിലും മണിപ്രവാളത്തിലും അനേകം കൃതികള്‍ ഇവര്‍ രചിച്ചു. ആട്ടക്കഥകള്‍, തുള്ളല്‍ക്കഥകള്‍, കിളിപ്പാട്ടുകള്‍, തിരുവാതിരപ്പാട്ടുകള്‍, കുറത്തിപ്പാട്ടുകള്‍, സങ്കീര്‍ത്തനങ്ങള്‍, നാടകം തുടങ്ങി നിരവധി കൃതികള്‍ ഇവര്‍ രചിച്ചു (കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികള്‍ – കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1979). ഇവര്‍ എഴുതിയ ‘അജ്ഞാതവാസം’ നാടകം 1890-ല്‍ പ്രസിദ്ധീകരിച്ചു (ഭാസ്കരന്‍നായര്‍ വി., സമ്പാദകന്‍, കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികള്‍, 1979, കേരള സാഹിത്യ അക്കാദമി, തൃശൂര്‍).
അക്കാലത്ത് നാടകമെഴുതിയ മറ്റ് രചയിതാക്കളെപ്പോലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായിട്ടും അവരുടെ രചന മലയാളനാടകചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടില്ല” (സജിതാമഠത്തില്‍, മലയാളനാടക സ്ത്രീചരിത്രം, മാതൃഭൂമി ബുക്സ്, 2010, പേജ്49)
തോട്ടയ്ക്കാട്ട് ഇക്കാവമ്മ
ആദ്യകാല കവയിത്രിയും നാടക രചയിതാവുമായിരുന്നു തോട്ടയ്ക്കാട്ട് ഇക്കാവമ്മ. 1864-ല്‍ എറണാകുളത്ത് ജനിച്ച തോട്ടയ്ക്കാട്ട് ഇക്കാവമ്മ ചെറുപ്പത്തില്‍ത്തന്നെ പുരുഷാധിപത്യത്തെ പിന്തള്ളി സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും ധൈര്യം കാട്ടിയിരുന്നു. എറണാകുളത്തെ തോട്ടയ്ക്കാട്ടു വീട്ടില്‍ കുട്ടിപ്പാറു അമ്മയായിരുന്നു മാതാവ്. പിതാവ് ഇരിങ്ങാലക്കുട നന്തിക്കര വീട്ടില്‍ ചാത്തുപ്പണിക്കര്‍ ഇക്കാവമ്മയുടെ ആദ്യ ഗുരുവായി. കഥകളിനടനം, സംഗീതം, സാഹിത്യം, ശില്പശാസ്ത്രം എന്നിവയില്‍ പ്രാവീണ്യമുള്ളയാളുമായിരുന്നു ചാത്തുപ്പണിക്കര്‍. കണയന്നൂര്‍ താലൂക്കിലെ തഹസില്‍ മജിസ്ട്രേറ്റ് ആയിരുന്നു.
വെന്നിമല ഉഴുത്തിരവാരിയര്‍, അച്ചന്കണ്ടത്ത് വാസു നമ്പിയാര്, മാക്കോത്ത് കൃഷ്ണമേനോന് തുടങ്ങിയവര്‍ തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ ഗുരുനാഥന്മാര് ആയിരുന്നു. വ്യാകരണം, പഞ്ചാംഗഗണനം, കാവ്യനാടകാദികള്‍ എന്നിവ അവര്‍ പഠിച്ചെടുത്തു. 14 വയസ്സായപ്പോള്‍ കാരയ്ക്കാട്ട് നാരായണമേനോനുമായി അവരുടെ വിവാഹം നടന്നു. 1892-ല്‍ തൃശ്ശൂരില്‍ ടി.സി. അച്യുതമേനോന്റെ സംഗീതനൈഷധത്തിന്റെ അവതരണത്തില്‍ നളനായി ഇവര്‍ അഭിനയിച്ചു. ആദ്യമായി മലയാളനാടകത്തില്‍ അഭിനയിച്ച സ്ത്രീയായി ഇക്കാവമ്മയെ കണക്കാക്കാം (സജിതാമഠത്തില്‍, മലയാളനാടകചരിത്രം, 2010, പേജ് 50). സ്ത്രീകള്‍ക്ക് വഴങ്ങുന്ന മേഖലയാണ് സാഹിത്യമെന്ന് വാദിച്ച എഴുത്തുകാരിയായിരുന്നു ഇക്കാവമ്മ. ഇവരുടെ ‘സുഭദ്രാര്‍ജ്ജുനം’ നാടകം എടുത്തുപറയേണ്ടതാണ്. “അക്കാലത്തെ സ്വതന്ത്രഭാഷാനാടകങ്ങളുടെ ഇടയില്‍ സുഭദ്രാര്ജ്ജുനത്തിന് തികച്ചും അഭ്യര്‍ഹിതമായ സ്ഥാനത്തിനവകാശമുണ്ട്. മഹാകവി കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര് മാത്രമേ അതിനുമുമ്പ് അത്തരത്തിലുള്ള നാടകങ്ങള്‍ രചിച്ചിരുന്നുള്ളൂ. അതില്‍നിന്ന് വ്യത്യസ്തമായി പറയേണ്ടത് കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ‘അജ്ഞാതവാസ’ത്തെ മാത്രമാണ്. സ്ത്രീകള്‍ നിര്‍മ്മിച്ച നാടകങ്ങളില്‍ രണ്ടാമത്തേതാണ് സുഭദ്രാര്‍ജ്ജുനം. അത് 1891 ഒടുവില്‍ പ്രസിദ്ധീകൃതമായി (ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കേരളസാഹിത്യചരിത്രം, ഢീഹ.4 (1974) കേരള സര്‍വകലാശാല പ്രസിദ്ധീകരണവകുപ്പ്, പേജ് 681).
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സാഹിത്യരചനക്ക് സാധിക്കുമെന്ന് ഇക്കാവമ്മക്ക് ഉറപ്പുണ്ടായിരുന്നു. സ്ത്രീജാതിയില്‍ തുഞ്ചത്തെഴുത്തച്ഛനെന്ന സംജ്ഞക്ക് ഈ ഗ്രന്ഥകാരി അര്‍ഹയാണെന്ന് സി.പി. അച്യുതമേനോന് ‘വിദ്യാവിനോദിനി’ മാസികയില്‍ പരാമര്‍ശിച്ചിരുന്നു (തോട്ടയ്ക്കാട്ട് ഇക്കാവമ്മ, സുഭദ്രാര്‍ജ്ജുനം, ആദ്യപ്രതി (1891), പ്രൊഫ. പി. ശങ്കരന് നമ്പ്യാര്‍ ഫൗണ്ടേഷന്, തൃശ്ശൂര്‍ 2002).
അക്കാലത്തുതന്നെ സുഭദ്രാര്‍ജ്ജുനം പ്രശസ്ത പണ്ഡിതനായിരുന്ന കരമന കേശവശാസ്ത്രി സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അന്നത്തെ പ്രധാന മാസികകളും പത്രങ്ങളും ഈ നാടകത്തെക്കുറിച്ച് എഴുതിയിരുന്നു. സുഭദ്രാര്‍ജ്ജുനം വായിക്കുന്നവര്‍ക്ക് നാടകരചനയുടെ സങ്കേതം ഇക്കാവമ്മക്ക് അറിയാമായിരുന്നു എന്നുറപ്പാവും. തരംഗചലനങ്ങള്‍, അഭിനയം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്. സന്മാര്ഗോപദേശം ഓട്ടന്തുള്ളല്, രാസക്രീഡ കുറത്തിപ്പാട്ട്, പുരാണ ശ്രവണ മാഹാത്മ്യം കിളിപ്പാട്ട് (തര്‍ജമ), കല്ക്കിപുരാണം കിളിപ്പാട്ട്, നളചരിതം നാടകം, ആര്യശതകം തുടങ്ങി നിരവധി കൃതികള്‍ ഇക്കാവമ്മ രചിച്ചു. സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നു. തന്റെ സാഹിത്യരചനകളെ അതിനുള്ള പ്രതിരോധ ആയുധമാക്കി അവര്‍ മാറ്റി (എ. കൃഷ്ണകുമാരി, വനിതാപത്രപ്രവര്ത്തനം – ചരിത്രവും വര്‍ത്തമാനവും, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2010, പേജ് 43). അരുതരുതീ സഖ്യം സ്ത്രീകളോടൊട്ടുമാകാ’ എന്ന ‘കേരളനന്ദിനി’യില്‍ ഒരു സമസ്യക്ക് വന്ന പൂരണം സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്നതാണ് എന്ന് കണ്ട് ഇക്കാവമ്മ എഴുതി:
“അരുതരുതൊരുനാളും നിന്ദയീ സ്ത്രീജനത്തില്‍
പ്പുരുഷരിലഖിലര്ക്കും സല്ഗുണം സിദ്ധമാമോ?
കരുതുകിലതിമാത്രം ദുഷ്ടരത്രേ പുമാന്മാര്‍
വരനെ വിപിനദേശേ ഭൈമിതനോ ചതിച്ചു?
തന്‍കാര്യം കൈവരുത്താന്‍ ശിവ, ശിവാ
മടിയില്ലെത് ചെയ്വാനുമിന്നീ
വങ്കന്മാരോടു സഖ്യം പറക തരുണിമാര്ക്കെങ്ങനെ സംഭവിക്കും?”
അവരുടെ ഉള്ളിലെ സ്ത്രീചിന്തയെ പ്രതിഫലിപ്പിക്കുന്ന സുഭദ്രാര്ജ്ജുനത്തിലെ ഈ വരികള്‍ പ്രസിദ്ധമാണല്ലോ.
“മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ?
തേര് തെളിച്ചില്ലേ പണ്ടു സുഭദ്ര?
പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയ?
മല്ലാക്ഷീ മണിമാര്ക്കു പാടവമിവ
യ്ക്കെല്ലാം ഭവിച്ചീടുകില്
ചെല്ലേറും കവിതയ്ക്കു മാത്രമിവരാള-
ല്ലെന്നു വന്നീടുമോ?
ഇത്ര ശക്തമായി അക്കാലത്തുതന്നെ ഇക്കാവമ്മ എഴുതിയെന്നത് അവരിലെ സ്ത്രീശക്തി വെളിവാക്കുന്നു. സ്ത്രീശക്തിയുടെ വിജയത്തില്‍ അവര്‍ വിശ്വസിച്ചു. സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ അവര്‍ നിരന്തരം ശബ്ദമുയര്‍ത്തി. പുരുഷന്മാര് ചെയ്യുന്നതെന്തും സ്ത്രീക്കും ചെയ്യാനാവും എന്ന് അവര്‍ സ്വന്തംകൃതികളിലൂടെ തെളിയിച്ചു, അതിനെക്കുറിച്ച് നിരന്തരം സംസാരിച്ചു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇക്കാവമ്മയെ അതിരറ്റ് പ്രശംസിച്ചു. എന്നാല്‍ ഒരു സ്ത്രീക്ക് ഇത്ര അഹങ്കാരമോ എന്ന് ചിന്തിക്കാനായിരുന്നു മറ്റ് പലര്‍ക്കും താല്പര്യം. പ്രമാണികളായ പുരുഷന്മാരുടെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം തെല്ലും കൂസാതെ ഇക്കാവമ്മ മറുപടി കൊടുത്തു.
തരവത്ത് അമ്മാളുവമ്മ
എഴുത്തുകാരിയില്‍നിന്ന് പത്രപ്രവര്‍ത്തകയിലേക്കുള്ള മലയാളസ്ത്രീയുടെ വളര്‍ച്ചയില്‍ തരവത്ത് അമ്മാളുവമ്മയുടെ സ്ഥാനം വളരെ വലുതാണ്. മലയാളം, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷകളില്‍ അവര്‍ക്ക് വ്യുത്പത്തി ഉണ്ടായിരുന്നു. ടിപ്പുവിന്റെ ആക്രമണകാലത്ത് വടക്കേ മലബാറില്‍നിന്ന് പാലക്കാട്ട് അഭയംപ്രാപിച്ച തരവത്ത് ഭവനക്കാര്‍ വടക്കുംതറയിലാണ് താമസമാരംഭിച്ചത്. മലബാറില്‍ പലയിടത്തും മുന്‍സിഫായിരുന്ന കൊടുവായൂര്‍ ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍നായരുടേയും കുമ്മിണിയമ്മയുടേയും മകളായി 1873-ലാണ് അമ്മാളുഅമ്മ ജനിച്ചത്. 1936-ല്‍ അവര്‍ മരിച്ചു. ‘ലക്ഷ്മീഭായി’ മാസികയില്‍ തരവത്ത് അമ്മാളുഅമ്മ എഴുതിയ ‘സ്ത്രീകളുടെ സാഹിത്യവാസന’ എന്ന ലേഖനം ആ കാലത്ത് ഒരു സ്ത്രീഎഴുതിയതാണെന്ന് ഓര്‍ക്കുമ്പോള്‍ ആദരവുണ്ടാക്കും. ഇന്നുപോലും സ്ത്രീയെഴുത്തിനെ ഇത്ര ശക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്.
“സ്ത്രീകള്‍ക്ക് സാഹിത്യവാസനയുണ്ടോ എന്ന് ചിലര്‍ സംശയിച്ചുവരുന്നതായി അറിയുന്നു. എന്നാല്‍ സാഹിത്യവാസനയുടെ ഇരുപ്പുതന്നെ സ്ത്രീകളിലാണെന്നാണ് ഞാന്‍ പറയുന്നത്. സാഹിത്യത്തിന്റെ അധിഷ്ഠാനദേവത തന്നെ സ്ത്രീയായിരിക്കുന്നതിനാല് ഇതുപറയാന്‍ പ്രത്യേകം അവകാശം ഉണ്ടല്ലോ? സാക്ഷാല്‍ പരാശക്തിയുടെ അംശം ലേശം സകല സ്ത്രീജനങ്ങളിലുമുണ്ടെന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നു. അതിനാല്‍ സാഹിത്യത്തിന്റെ അധിഷ്ഠാനദേവതയും പരാശക്തിയുടെ ലേശം സ്ത്രീകളില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിവിശേഷത്തെ – പരമ്പരാസിദ്ധമായിരിക്കുന്ന ഈ സാഹിത്യവാസനയെ – നൂതനപരിഷ്കാര സമ്പ്രദായത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ജ്ഞാദീപത്തെ അവിദ്യയുടെ ആവരണത്തില്‍നിന്ന് യഥാര്‍ഥസംസ്കാരം നിമിത്തം വെളിപ്പെടുത്തുന്നതായാല് ശാണഘര്ഷത്താല് മാലിന്യം നീങ്ങി പ്രകാശിക്കുന്ന ദിവ്യരത്നംപോലെ അത് സ്ത്രീകളില്‍ പ്രകാശിക്കുന്നതായിരിക്കും. സാഹിത്യവാസനാബലം സ്ത്രീകള്‍ക്ക് സ്വതസിദ്ധമാണെന്ന് തെളിയിക്കുന്നവയായ അനവധി ദൃഷ്ടാന്തങ്ങള്‍ പുരാണങ്ങളിലുണ്ട്.”
ശക്തമായ ഈ എഴുത്ത് വേണ്ടവിധത്തില്‍ അംഗീകരിക്കപ്പെട്ടില്ല എന്നത് ഇവിടെ നിലനില്‍ക്കുന്ന സ്ത്രീയെഴുത്തിന്റെ തമസ്കരണത്തിന് യഥാര്‍ഥ ഉദാഹരണമാണ്. സംസ്കൃതം, തമിഴ്, സംഗീതം, ഗണിതം ഒക്കെ അവര്‍ പഠിച്ചു. അമ്മാളുഅമ്മ 1914-ല്‍ രചിച്ച ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം’ മലയാളത്തില്‍ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസര്‍പ്പകനോവല്‍ ആയി കണക്കാക്കുന്നു.
തിരുവിതാംകൂറില്‍നിന്ന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്കും കുടുംബത്തിനും അഭയംനല്കിയത് അമ്മാളുഅമ്മയായിരുന്നു. മദ്രാസില്‍ അരക്ഷിതസാഹചര്യത്തില് കഴിഞ്ഞിരുന്ന അവരെ പാലക്കാട് സ്വന്തം വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കാന്‍ അവര്‍ ധൈര്യം കാട്ടി. സ്വദേശാഭിമാനിയുടെ ഭാര്യ ബി. കല്യാണിയമ്മയുടെ ആത്മകഥയായ ‘വ്യാഴവട്ടസ്മരണകളി’ല്‍ ഇവരെക്കുറിച്ച് സ്നേഹപൂര്‍വ്വം എഴുതുന്നുണ്ട്. കൊച്ചി മഹാരാജാവ് ‘സാഹിത്യസഖി’ ബിരുദം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. കൊച്ചിരാജാവിന്റെ സാഹിത്യസഖി ബഹുമതി നിരസിച്ച ഏക എഴുത്തുകാരി (1119) യാണ് തരവത്ത് അമ്മാളുഅമ്മ.
1927-ലെ തൃശ്ശൂര്‍ സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ തരവത്ത് അമ്മാളുഅമ്മയായിരുന്നു അധ്യക്ഷ. രണ്ടുതവണ അവര്‍ സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചു.
ഇന്ത്യയിലെതന്നെ ആദ്യത്തെ സ്ത്രീവാരികയായ ‘ശ്രീമതി’യുടെ പത്രാധിപസമിതിയിലും തരവത്ത് അമ്മാളുവമ്മ ഉണ്ടായിരുന്നു. പതിനഞ്ചാം വയസ്സിലെ ആദ്യവിവാഹമുള്പ്പെടെ മൂന്നുതവണ അമ്മാളുവമ്മ വിവാഹംകഴിച്ചു (തരവത്ത് അമ്മാളുവമ്മ – മലയാളത്തിന്റെ അഗതാക്രിസ്റ്റി – അനസ് നസീര്ഖാന്), സാഹിത്യചക്രവാളം 2020, സെപ്റ്റംബര്‍).
പത്രപ്രവര്‍ത്തക, സാഹിത്യപരിഷത്ത് അധ്യക്ഷ, അനേകം സംസ്കൃത, ഇംഗ്ലീഷ് കൃതികളുടെ വിവര്‍ത്തക, നോവലിസ്റ്റ്, ബാലസാഹിത്യ രചയിതാവ്, യാത്രാവിവരണ എഴുത്തുകാരി എന്നിങ്ങനെ പല നിലകളില്‍ അവര്‍ സാഹിത്യപ്രവര്‍ത്തനം നടത്തി. ലീല (നോവല്‍), ഭക്തമാല (മൂന്നു ഭാഗങ്ങള്‍), ബുദ്ധചരിതം, ബാലബോധിനി, കോമളവല്ലി (നോവല്‍, രണ്ടു ഭാഗങ്ങള്‍), സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം, കൃഷ്ണഭക്തിചന്ദ്രിക, ബുദ്ധഗാഥാചന്ദ്രിക, ഒരു തീര്‍ത്ഥയാത്ര (യാത്രാവിവരണം), ശ്രീശങ്കരവിജയം, ശിവഭക്തിവിലാസം എന്നിവയാണ് പ്രധാന കൃതികള്‍. 1925-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘തീര്‍ത്ഥയാത്ര’ മലയാളത്തിലെ ആദ്യത്തെ സ്ത്രീയാത്രാവിവരണമായി കണക്കാക്കുന്നു. അനുജനായ ഡോ. ടി.എ. നായരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഗംഗയില്‍ നിക്ഷേപിക്കുന്നതിനായി പോയ യാത്രയുടെ വിവരണമാണിത്.
“മദിരാശിയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ജഗന്നാഥപുരി, കല്‍ക്കത്ത, ഗയ, കാശി, അലഹബാദ്, അയോധ്യ, രാമേശ്വരം എന്നീ സ്ഥലങ്ങള്‍ വിവരിക്കുന്നുണ്ടത്രെ (പെണ്‍യാത്രകള്‍, ഗീതാഞ്ജലീകൃഷ്ണന്, മാതൃഭൂമി ബുക്സ്, 2017, പേജ് 30).
ടി.സി. കല്യാണിയമ്മ
1904-ല്‍ കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ‘ശാരദ’യുടെ പ്രസാധികമാരില് പ്രധാനിയായിരുന്നു ടി.സി. കല്യാണിയമ്മ (1879-1956). പത്രപ്രവര്‍ത്തക, എഴുത്തുകാരി എന്നീ നിലകളില്‍ ഇവര്‍ പ്രാഗത്ഭ്യം തെളിയിച്ചു. തെക്കേ കുറുപ്പത്ത് നാരായണിയുടേയും വടവക്കോട് മിത്രന് ഭട്ടതിരിയുടേയും മകളായി തൃശ്ശൂര്‍ തെക്കേ കുറുപ്പത്താണ് ടി.സി. കല്യാണിയമ്മ ജനിച്ചത്. എട്ടാംക്ലാസുവരെ പഠിച്ചതിനുശേഷം വടക്കാഞ്ചേരി മാധ്യമപാഠശാലയിലെ പ്രധാന അധ്യാപകനായിരുന്ന വിശ്വനാഥഅയ്യരുടെ ശിക്ഷണത്തില്‍ കല്യാണിയമ്മ ഇംഗ്ലീഷ് പഠിച്ചു. പതിനേഴാമത്തെ വയസ്സില്‍ തോട്ടയ്ക്കാട്ട് കുഞ്ഞിക്കൃഷ്ണമേനോനെ വിവാഹം കഴിച്ചു. കുഞ്ഞിക്കൃഷ്ണമേനോന്‍ കല്യാണിയമ്മയെ വീണ്ടും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ അവര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനായി.
‘കല്യാണിക്കുട്ടിയമ്മത്രയം’ എന്നറിയപ്പെട്ടിരുന്ന ‘ശാരദ’യുടെ പ്രസാധികമാരില് പ്രധാനിയായിരുന്നു, ടി.സി. കല്യാണിയമ്മ. മറ്റു രണ്ടുപേര്‍ ബി. കല്യാണിയമ്മയും കെ. കല്യാണിക്കുട്ടിയമ്മയും ആയിരുന്നു. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങള്‍ ഇവര്‍ പരിഭാഷപ്പെടുത്തി. ‘ഈസോപ്പിന്റെ സാരോപദേശങ്ങള്‍’ ആണ് അത്തരത്തില്‍ ആദ്യപുസ്തകം.
‘നമ്മുടെ അമ്മമഹാറാണി’ എന്ന പുസ്തകത്തെക്കുറിച്ച് കേരളകാളിദാസന്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന് എഴുതിയത് ഇങ്ങനെയായിരുന്നു: “അച്ചടിക്ക് മുമ്പായി ഈ പുസ്തകത്തെ ഞാന്‍ വളരെ സന്തോഷത്തോടെ വായിച്ചുനോക്കുകയും അല്പാല്പമായി ഓരോ ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കല്യാണിയമ്മയുടെ സരളമായ രീതിക്ക് ഭംഗിക്കുറവ് വന്നേക്കുമോ എന്ന ആശങ്കയില്‍ കാര്യമായ യാതൊരു മാറ്റവും ഞാന്‍ ചെയ്തിട്ടില്ല. ഇത്ര ശ്ലാഘ്യമായ വിധത്തില്‍ ഈ സാഹിത്യപരിശ്രമത്തെ നിറവേറ്റിയിരിക്കുന്ന കല്യാണിയമ്മയുടെ സാമര്‍ത്ഥ്യത്തെ കൊണ്ടാടി അനുമോദിക്കുന്നതില്‍ സകല കേരളീയരും എന്നോടുകൂടി ചേരുമെന്ന് ഞാന്‍ മനപ്പൂര്‍വമായി വിശ്വസിക്കുന്നു” (‘സുമംഗല’യില്‍വന്ന ലേഖനത്തില്‍നിന്ന്). ‘കഴുതയുടെ കഥ’, ‘ചില പഴയ കഥകള്‍, ‘കാദംബരി’, ‘വിഷവൃക്ഷം’ എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അവര്‍ എഴുതി. എഴുത്തിനൊപ്പം പ്രഭാഷണങ്ങള്‍ നടത്തുന്നതിലും അവര്‍ക്ക് കഴിവുണ്ടായിരുന്നു. സ്ത്രീസമാജങ്ങളില്‍ കല്യാണിയമ്മ താല്പര്യം കാട്ടി. ജാതിമത മാമൂലുകളെ എതിര്‍ത്ത് കല്യാണിയമ്മ ധാരാളം പ്രസംഗങ്ങള്‍ നടത്തി. സ്ത്രീസമൂഹത്തെ മുന്നോട്ടു കൊണ്ടുവരാന്‍ എഴുത്തിലൂടേയും പ്രസംഗങ്ങളിലൂടേയും അവര്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല.
ബി. കല്യാണിയമ്മ (1884-1959)
എഴുത്തുകാരി, പത്രപ്രവര്‍ത്തക, അധ്യാപിക, സാമൂഹികപരിഷ്കര്‍ത്താവ് എന്നുതുടങ്ങി പല നിലകളില്‍ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ ബി. കല്യാണിയമ്മ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ എന്ന നിലയിലും പ്രശസ്തയാണ്.
തിരുവനന്തപുരത്ത് കുതിരവട്ടം കുഴിവിളാകത്ത് വീട്ടില്‍ സുബ്ബയ്യര്‍ പോറ്റിയുടേയും ഭഗവതിഅമ്മയുടേയും മകളായിട്ടാണ് ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം വീടിനടുത്ത് നടത്തിയശേഷം തിരുവനന്തപുരം സനാനാ മിഷന് സ്കൂളില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ എഫ്.എ. (ഇന്നത്തെ പ്ലസ് ടു അല്ലെങ്കില്‍ പഴയ പ്രീ-ഡിഗ്രി കോഴ്സുകള്‍ക്ക് തുല്യമായത്) കോഴ്സിന് പഠിക്കുമ്പോള്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിവാഹം കഴിച്ചു. തുടര്‍ന്ന് പഠിച്ച് ബി.എ. ഡിഗ്രി നേടി. പിന്നീടവര്‍ എല്‍.ടിയും പാസായി.
സ്വദേശാഭിമാനിയുമായി കല്യാണിയമ്മയുടെ സൗഹൃദം ആരംഭിക്കുന്നത് ‘രസികരഞ്ജിനി’യില്‍ അവര്‍ എഴുതിയ ‘ലളിത’ എന്ന പരിഭാഷക്കഥ വായിച്ചാണ്. അതിലൂടെ അവര്‍ തമ്മില്‍ കത്തെഴുത്തുബന്ധം ആരംഭിച്ചു. അത് വിവാഹത്തിലെത്തി. എഴുത്തുകാരായ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അപൂര്‍വമായി കാണുന്ന ഒരു അസാധാരണബന്ധം അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. കല്യാണിക്കുട്ടിയമ്മയെ ഭാര്യയായി കാണുമ്പോഴും അവരുടെ പത്രപ്രവര്ത്തനരംഗത്തേയും എഴുത്തിന്റെ മേഖലയിലേയും കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനും സ്വദേശാഭിമാനി മടിച്ചില്ല. ഇത് മനോഹരമായ ഒരു ബന്ധമായി അവരുടെ ദാമ്പത്യത്തെ നിലനിര്‍ത്തി. സ്വദേശാഭിമാനിയുടെ നാടുകടത്തലിനുശേഷം ഇവര്‍ മദ്രാസിലും പാലക്കാട്ടും കണ്ണൂരിലുമൊക്കെ കല്യാണിയമ്മയും ഒപ്പം പോയി. 1912 പാലക്കാട്ട് തരവത്ത് അമ്മാളുവമ്മയുടെ വീട്ടില്‍ താമസിക്കാന്‍ അവസരം കിട്ടിയത് അവര്‍ തമ്മിലുള്ള ഗാഢമായ സൗഹൃദത്തിന് വഴിയൊരുക്കി. ‘ശാരദ’യുടെ പ്രസാധികമാരിലൊരാള് എന്ന നിലയില്‍ കല്യാണിയമ്മ പ്രഗല്ഭമായ പ്രവര്‍ത്തനമാണ് ചെയ്തിരുന്നത്. അധ്യാപികയായും അവര്‍ അപ്പോള്‍ പണിയെടുത്തിരുന്നു. സ്വദേശാഭിമാനിക്കൊപ്പം മദ്രാസില്‍ പോയപ്പോള്‍ അവര്‍ ജോലി രാജിവച്ചു. പിന്നീട് 1915-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ഗവ. സെക്കന്‍ഡറി ഗേള്‍സ് സ്കൂളില്‍ അദ്ധ്യാപികയായി അവര്‍ ജോലിക്കു ചേര്‍ന്നു. 1939-ല്‍ പെന്ഷന് ആയതിനുശേഷം കോഴിക്കോട് സ്ഥിരതാമസമാക്കുകയായിരുന്നു. ‘വ്യാഴവട്ടസ്മരണകള്‍’ എന്ന പുസ്തകം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായുള്ള ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.
‘വീട്ടിലും പുറത്തും’ എന്നപേരില്‍ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘അേ ഒീാല മിറ ഛൗശേെറല’ എന്ന നോവല്‍ അവര്‍ പരിഭാഷപ്പെടുത്തി.
കോട്ടക്കലില്‍ നടന്ന സാഹിത്യപരിഷത്തിന്റെ മൂന്നാമത് യോഗത്തില്‍ കല്യാണിയമ്മയായിരുന്നു അധ്യക്ഷ. തുടര്‍ന്നും പലവട്ടം അവര്‍ക്ക് അധ്യക്ഷസ്ഥാനം ലഭിച്ചുവെങ്കിലും അവര്‍ സ്വീകരിച്ചില്ല.
1919-ല്‍ കൊച്ചി മഹാരാജാവ് കല്യാണിയമ്മയുടെ സാഹിത്യസംഭാവനകളെ മാനിച്ച് ‘സാഹിത്യസഖി’ ബിരുദം നല്കാന് തീരുമാനിച്ചുവെങ്കിലും കല്യാണിയമ്മ അത് സ്വീകരിച്ചില്ല. വ്യക്തിത്വവും നിലപാടുകളോടുള്ള സ്ഥിരതയും അവരെ വ്യത്യസ്തയാക്കുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്. അദ്ദേഹം മരിക്കുന്നതുവരെ അവര്‍ തിരുവിതാംകൂറില്‍ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല.
കെ. കല്യാണിക്കുട്ടിയമ്മ
(മിസിസ്. സി. കുട്ടന് നായര്‍, 1905-1997)
ഗാന്ധിജിയുടെയും രവീന്ദ്രനാഥടാഗോറിന്റെയും പ്രസംഗങ്ങളില്‍ ആവേശംകൊണ്ട് മൂല്യവത്തായ ജീവിതത്തിനുവേണ്ടി പരിശ്രമിച്ച കല്യാണിക്കുട്ടിയമ്മ സാമൂഹികപ്രവര്‍ത്തക, അധ്യാപിക, വിദ്യാഭ്യാസപ്രവര്‍ത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനന നിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു കൊച്ചുകുട്ടിയമ്മയുടെ തൃശ്ശൂര്‍ മൂത്തേടത്ത് കൃഷ്ണമേനോന്റെയും മകളായ കല്യാണിക്കുട്ടിയമ്മയ്ക്ക് അക്കാലത്ത് മദ്രാസില്‍ പോയി ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അവസരം കിട്ടി. മക്കള്‍ക്ക് നല്കുന്ന ഏറ്റവും വിശേഷപ്പെട്ട സമ്പത്ത് വിദ്യയാകണമെന്ന് വിശ്വസിച്ചവരായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടിയായതുകൊണ്ട് വിവേചനം പാടില്ല എന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
മഹാത്മാഗാന്ധി, ആനി ബസന്റ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, വി.കെ. കൃഷ്ണമേനോന്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുമായുള്ള അടുത്തബന്ധം ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം നല്‍കിയെന്ന് അവര്‍ എഴുതിയിട്ടുണ്ട്.
അഖിലേന്ത്യാ സ്ത്രീജനസംഘടനയിലും വിദ്യാര്‍ത്ഥിസംഘടനയും പ്രവര്‍ത്തിച്ചിരുന്ന കെ. കല്യാണിക്കുട്ടിയമ്മ ദേശീയ-അന്തര്‍ദേശീയ വിദ്യാര്ത്ഥിസമ്മേളനങ്ങളിലും വനിതാസമ്മേളനങ്ങളിലും പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തും നിരവധി യാത്രകള്‍ നടത്തിയ എഴുത്തുകാരികൂടിയാണ് അവര്‍. പഠിച്ചിരുന്ന സ്കൂളില്‍ത്തന്നെ അധ്യാപികയായി ചേരാനും അവര്‍ക്ക് കഴിഞ്ഞു.
വിവാഹശേഷമാണ് സംഘടനാപ്രവര്‍ത്തനത്തിനും യാത്രകള്‍ക്കുമുള്ള സാധ്യതകള്‍ അവര്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത്. നല്ല പ്രാസംഗികയായിരുന്നു അവര്‍. 1929-ല്‍ ബോംബെയില്‍ നടന്ന മഹിളാസമ്മേളനത്തില്‍ വച്ച് അവര്‍ സരോജിനി നായിഡുവുമായി അടുത്ത പരിചയത്തിലായി. ഗാന്ധിജിയുമായി സംഭാഷണം നടത്താനും കല്യാണിക്കുട്ടിയമ്മയ്ക്ക് അവസരം കിട്ടിയിരുന്നു. 1935 മെയ് മാസത്തില്‍ ഇരുപതുപേരടങ്ങുന്ന ഒരു സംഘത്തില്‍ അംഗമായി അവര്‍ യൂറോപ്യന്‍ പര്യടനത്തിനു പോയി. ആ യാത്രയെക്കുറിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘മനോരമ’, ‘ഗോമതി’ എന്നിവയില്‍ കല്യാണിക്കുട്ടിയമ്മ എഴുതി. അത് പിന്നീട് ‘ഞാന്‍ കണ്ട യൂറോപ്പ്’ എന്ന പേരില്‍ യാത്രാവിവരണമായി പ്രസിദ്ധീകരിച്ചു. ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ എന്ന പുസ്തകം അവരുടെ ജീവിതരേഖയാണ്. മലയാളത്തിലെ സ്ത്രീആത്മകഥാസാഹിത്യത്തിലെ വ്യത്യസ്തമായ ഒരു പുസ്തകമാണ് ഇത്. മിസിസ്സ്. സി. കുട്ടന് നായര്‍ എന്ന പേരിലും അവര്‍ എഴുതുമായിരുന്നു. 1994-ല്‍ ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ എന്ന പുസ്തകത്തിന് അവര്‍ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു.
കെ. പത്മം (1926)
ഗുരുവായൂര്‍ നങ്ങാട്ടില് പുത്തന്‍വീട്ടില്‍ കുട്ടിക്കൃഷ്ണന് കുട്ടികൃഷ്ണമേനോന്റെയും കുഞ്ഞിലക്ഷ്മിയമ്മയുടെയും മകളായ കെ. പത്മം ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസ്സായി. കണ്ണൂരില്‍ റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായി. 1946-ല്‍ കെ. ദാമോദരനെ വിവാഹം കഴിച്ചു. 1965-ല്‍ കെ. ദാമോദരന്‍ രാജ്യസഭാംഗമായപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറ്റി. 1976-ല്‍ ഭത്താവിന്റെ മരണശേഷം നാട്ടില്‍ മടങ്ങിയെത്തി എഴുത്തും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു.
ഭര്‍ത്താവ് കെ. ദാമോദരനെ സഹായിച്ചുകൊണ്ടാണ് കെ. പത്മം പത്രപ്രവര്ത്തനരംഗത്തെത്തുന്നത്. 1950-കളില്‍ കെ. പത്മമായിരുന്നു ‘ന്യൂഏജി’?ലെ ലേഖനങ്ങള്‍ ‘നവയുഗ’ത്തിനുവേണ്ടി പരിഭാഷപ്പെടുത്തിയിരുന്നത്. ഗുരുവായൂര്‍ നഗരസഭയുടെ ആദ്യ കൗണ്‍സില്‍ അംഗമായിരുന്നു അവര്‍. തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ജനയുഗ’ത്തില്‍ വരുന്ന ലേഖനങ്ങളുടെ പ്രൂഫ് നോക്കുന്ന ജോലി അവര്‍ ചെയ്തിരുന്നു. സി. ഉണ്ണിരാജാ, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ രാഷ്ട്രീയലേഖനങ്ങളും പി.ആര്. നമ്പ്യാരുടെ അധ്യാപകപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ‘കേരളീയന്’ എഴുതിയിരുന്ന കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും അവര്‍ വായിച്ച് പ്രൂഫ് തിരുത്തിയിരുന്നു.
അമ്പാടി കാര്‍ത്ത്യായനിയമ്മ
1980-ല്‍ ‘ഗൃഹലക്ഷ്മി’ മാസികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ അമ്പാടി കാര്‍ത്ത്യായനിയമ്മ എഴുതി: “ഗൃഹലക്ഷ്മിക്ക് ഒരു പ്രത്യേക കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ട്. ഗൃഹത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും പ്രത്യക്ഷപ്പെടുന്ന അനാശാസ്യപ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളുടെ എണ്ണം വിരളമാണ്. സ്വതന്ത്രമായി ചിന്തിക്കാനും ആദര്‍ശനിഷ്ഠയോടെ പ്രവര്‍ത്തിക്കാനുമുള്ള ധൈര്യവും ആത്മവിശ്വാസവും സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് ‘ഗൃഹലക്ഷ്മി’യുടെ സമ്പര്‍ക്കം കാരണമാകണം.”
അമ്പാടി കാര്‍ത്ത്യായനിഅമ്മയുടെ ലേഖനങ്ങളിലൊക്കെ നിറഞ്ഞുതന്നത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു. വിദ്യാഭ്യാസപരിഷ്കരണം, സ്വതന്ത്ര ഭാരതത്തിലെ സ്ത്രീകള്‍, ബാലസാഹിത്യനിര്മാണം തുടങ്ങി നിരവധി വിഷയങ്ങള്‍ അവര്‍ എഴുത്തിന് കാരണങ്ങളാക്കി.
ഗ്രാമീണ വിദ്യാലയത്തില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കാര്‍ത്ത്യായനിയമ്മ ഏഴാം ക്ലാസുവരെ എറണാകുളത്തെ ബന്ധുവീട്ടില്‍ താമസിച്ച് പഠിച്ചു. മലയാളഭാഷയിലുള്ള കാര്‍ത്ത്യായനിഅമ്മയുടെ പ്രാവീണ്യംകണ്ട് സന്തോഷിച്ച് ടി.സി. കല്യാണിയമ്മ നിരവധി സമ്മാനങ്ങള്‍ നല്കി. കോണ്‍വെന്റില്‍ ചേര്‍ന്ന് തുടര്‍പഠനം നിര്‍വ്വഹിച്ച അവര്‍ ഇംഗ്ലീഷ് ഭാഷയിലും വ്യുത്പത്തി നേടി. ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നാണ് അവര്‍ ഇന്റര്‍ മീഡിയറ്റിനു പഠിച്ചത്. തുടര്‍പഠനത്തിന് മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ പോയി. പഠിത്തത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും പ്രതിഭ തെളിയിച്ച കാര്‍ത്ത്യായനിയമ്മയ്ക്ക് സരോജിനിനായിഡു, ഹരീന്ദ്രനാഥ് ചതോപാധ്യായ, ഡോ. കസിന്‍സ് തുടങ്ങിയ നിരവധി പ്രതിഭകളുമായി നേരിട്ട് സംവദിക്കാന്‍ അവസരം കിട്ടി. രവീന്ദ്രനാഥ ടാഗോര്‍ കവിത ചൊല്ലുന്നതും മഹാത്മാഗാന്ധി പ്രസംഗിക്കുന്നതും അവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. മദ്രാസില്‍നിന്ന് പഠനം കഴിഞ്ഞെത്തിയ അവര്‍ എറണാകുളത്തെ സര്‍ക്കാര്‍ ബാലികാവിദ്യാലയത്തില് പ്രധാനാധ്യാപികയായി. കൊച്ചിയിലെ ആദ്യത്തെ ബി.എ. ബിരുദധാരിണി എന്ന നിലയില്‍ വിദ്യാലയസമാജങ്ങളിലും മറ്റും പ്രസംഗിക്കാന്‍ അവസരം കിട്ടിയത് അവരെ മലയാളവുമായി കൂടുതല്‍ അടുപ്പിച്ചു. ഇടപ്പള്ളിയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രഥമസമ്മേളനത്തില്‍ ഇടപ്പള്ളി രാജാവിന്റെ ക്ഷണമനുസരിച്ച് ‘സ്ത്രീകളും സാഹിത്യവും’ എന്ന വിഷയത്തില്‍ പ്രസംഗിച്ചു. തിരുവനന്തപുരത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ക്ഷണപ്രകാരം കാര്‍ത്ത്യായനിയമ്മ പങ്കെടുക്കുകയും അധ്യക്ഷം വഹിച്ച് സംസാരിക്കുകയും ചെയ്തു. സാഹിത്യപരിഷത്തിന്റെ നിര്‍വാഹകസമിതി അംഗമായും ഉപാധ്യക്ഷയായും അവര്‍ പ്രവര്‍ത്തിച്ചു. സാഹിത്യ അക്കാദമിയുടെ നിര്‍വാഹകസമിതി അംഗമായും ഉപാധ്യക്ഷയായും ആയി. അവര്‍ മഹാകവി ജി.യുടെ അധ്യക്ഷതയില്‍ ബാലസാഹിത്യനിര്മാണത്തിന് ഒരു ഉപസമിതിയെ ഉണ്ടാക്കിയിരുന്നു. ‘ബാലവാണി’ എന്ന പേരില്‍ മൂന്നുപുസ്തകങ്ങള്‍ കാര്‍ത്ത്യായനിയമ്മ ഇക്കാലത്ത് എഴുതി. പല പ്രധാന കൃതികളും ഇംഗ്ലീഷില്‍നിന്ന് അവര്‍ പരിഭാഷപ്പെടുത്തി.
എ.വി. കുട്ടിമാളുഅമ്മ (1905 – 1985)
പ്രമുഖ സ്വാതന്ത്ര്യസമര നേതാവായ എ.വി. കുട്ടിമാളുഅമ്മ ശാന്തിനികേതനില്‍ പോയി പഠനം നടത്തിയ അപൂര്‍വ്വം സ്ത്രീകളില്‍ പെടുന്നു. നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി കുട്ടിമാളുഅമ്മ ജയില്‍വാസം അനുഷ്ഠിക്കുകയുണ്ടായി. 1932, 40, 43 വര്‍ഷങ്ങളിലായി അഞ്ചുവര്‍ഷം അവര്‍ക്ക് ജയില്‍വാസം നേരിടേണ്ടിവന്നു.
പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തില്‍ പെരുമ്പിലാവില്‍ ഗോവിന്ദമേനോന്റെയും അമ്മുഅമ്മയുടേയും മൂത്ത മകളായിരുന്നു കുട്ടിമാളുഅമ്മ. കോഴിപ്പുറത്ത് മാധവമേനോനെയാണ് വിവാഹം കഴിച്ചത്. ഗാന്ധിജിയുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. സമരരംഗത്ത് മാത്രമല്ല നിയമസഭാപ്രവര്ത്തനങ്ങളിലും അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അവിഭക്ത മദിരാശി അസംബ്ലിയില്‍ അംഗമായിരുന്ന കാലത്ത് സഭയ്ക്കകത്ത് അവര്‍ നടത്തിയ ഇടപെടലുകള്‍ രാജാജി, കാമരാജ് തുടങ്ങിയ നേതാക്കളെവരെ ആകര്‍ഷിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങി നിരവധി ദേശീയ നേതാക്കളുമായി അവര്‍ക്ക് ഉറ്റബന്ധമുണ്ടായിരുന്നു. എ.ഐ.സി.സി. അംഗമായിരുന്ന കുട്ടിമാളുഅമ്മ സാമൂഹികസേവനരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് അനാഥമന്ദിരത്തിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു അവര്‍.
ഹരിജനക്ഷേമം, അയിത്തോച്ചാടനം, വിധവാപുനര്‍വിവാഹം, മിശ്രവിവാഹം, ഖാദിപ്രചരണം, മദ്യവര്‍ജനം തുടങ്ങി നിരവധി രംഗങ്ങളില്‍ അവരുടെ സേവനം വിലപ്പെട്ടതായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് കുട്ടിമാളുഅമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ‘മാതൃഭൂമി’യുടെ ഡയറക്ടറായിരുന്നു അവര്‍. ഭര്‍ത്താവിന്റെ ഒപ്പം ‘മാതൃഭൂമി’ പത്രത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുംവേണ്ടി അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. 1947 ജൂലായിലാണ് അവര്‍ ‘മാതൃഭൂമി’ ഡയറക്ടറായത്. ഇടക്കാലത്ത് കുറച്ചുനാള്‍ മാറിനിന്നതിനുശേഷം വീണ്ടും 1965-ല്‍ വീണ്ടും ഡയറക്ടറായി ചേര്‍ന്നു. 1936 മുതല്‍ 1946 വരെ മദിരാശി നിയമസഭാംഗമായും 1952 വരെ മദിരാശി യൂണിവേഴ്സിറ്റി സെനറ്റംഗമായും പ്രവര്‍ത്തിച്ചു. കുട്ടിമാളുഅമ്മ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മലയാളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, 1955 മുതല്‍ നാലുവര്‍ഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.
എം ഹലീമാബീവി (1918-2000)
ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു പത്രപ്രവര്‍ത്തക -ഹലീമാബീവിയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല. സ്ത്രീകള്‍ക്ക് സ്വതവേ സംഭവിക്കുന്ന ചരിത്രനിരാസം ഹലീമാബീവിയുടെ കാര്യത്തില്‍ ശക്തവും ക്രൂരമായിരുന്നു. ഇരുപതാമത്തെ വയസ്സില്‍ (1938) ‘മുസ്ലിംവനിത’ എന്ന മാസികയിലൂടെ പ്രസാധനരംഗത്തേക്കും പത്രപ്രവര്‍ത്തനരംഗത്തേക്കും എത്തിയ ഹലീമാബീവി ‘മുസ്ലിംവനിത’യെ കൂടാതെ ‘വനിത’, ‘ഭാരതചന്ദ്രിക’, ‘ആധുനികവനിത’ തുടങ്ങി നാലു മാസികകള്‍ പ്രസിദ്ധീകരിച്ചു. മതവും ശാസ്ത്രവും രാഷ്ട്രീയവും ലളിതകലകളും നിത്യജീവിതവും സിനിമയും ഉള്‍പ്പെടെ ജീവിതത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.
അടൂരില്‍ പീര്‍മുഹമ്മദിന്റെയും മൈതീന്‍ ബീവിയുടെയും മകളായി ജനിച്ച ഹലീമാബീവിക്ക് വളരെ ചെറുപ്പത്തിലേ പിതാവിന്റെ മരണം സംഭവിച്ചു. അമ്മ മൈതീന്ബീവിയുടെ ഇച്ഛാശക്തിയും ധൈര്യവും ചിന്താശേഷിയും ഹലീമാബീവിയെ വ്യത്യസ്തയാക്കി. മൈതീന്‍ബീവി മകള്‍ക്ക് വിദ്യാഭ്യാസം നല്കി. അക്കാലത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധാരണമായിരുന്നില്ല. വിവാഹത്തോടെയാണ് ഹലീമാബീവിക്ക് പത്രപ്രവര്‍ത്തനരംഗത്ത് എത്താന്‍ കഴിയുന്നത്. ഭര്‍ത്താവ് കെ.എം. മുഹമ്മദ് മൗലവി തിരുവല്ല സ്കൂളില്‍ അറബി അധ്യാപകനായിരുന്നു. വക്കം മൗലവിയുടെ ശിഷ്യനായിരുന്ന മുഹമ്മദ് മൗലവി ഹലീമാബീവിക്ക് നവോത്ഥാനാശയങ്ങള്‍ പകര്ന്നുനല്കി. തന്റെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം അല്‍മനാര്‍, അന്‍സാരി തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളിലും സുവനീറുകളിലും ഹലീമാബീവി ലേഖനങ്ങളെഴുതി. പത്രാധിപ, പ്രസാധക എന്നീ നിലകള്‍ക്കൊപ്പം രാഷ്ട്രീയത്തിലും അവര്‍ സജീവയായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ ജയില്‍ശിക്ഷവരെ അവര്‍ക്ക് നേരിടേണ്ടിവന്നു. തിരുവല്ലയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നു അവര്‍.
വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഗതാഗതസംവിധാനങ്ങളോ സുഗമമല്ലാതിരുന്ന ഒരു കാലത്ത് നാടെങ്ങും നടന്ന് അവര്‍ പത്രപ്രവര്‍ത്തന-രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത്രയേറെ സജീവമായിരുന്ന ഹലീമാബീവി കേരളത്തിലെ മാധ്യമചരിത്രത്തിലോ രാഷ്ട്രീയചരിത്രത്തിലോ എന്തിന് മുസ്ലിംചരിത്രത്തിലോ പോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നൂറ, നൂര്ജഹാന് എന്ന രണ്ട് പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് ചൈതന്യവത്തായ ആ ജീവിതത്തെക്കുറിച്ച് വിശദമായ അറിവ് നല്‍കുന്നത്. ‘പത്രാധിപ’ എന്ന പേരില്‍ അവര്‍ പ്രസിദ്ധീകരിച്ച ഹലീമാബീവിയുടെ ജീവിതരേഖ (2020) ആവേശോജ്ജ്വലമായ ഒരു സ്ത്രീജീവിതത്തെ അനാവരണം ചെയ്യുന്നു.
മാനേജിങ് എഡിറ്റര്സ്ഥാനത്തിനൊപ്പം പ്രിന്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതികജോലികളിലും ഹലീമാബീവി ശ്രദ്ധ ചെലുത്തിയിരുന്നുവെന്ന് ഈ പുസ്തകത്തിലൂടെ അറിയാനാവുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ‘മുസ്ലിംവനിത’യെ വലച്ചു. ഒപ്പം യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്റെ കടുത്ത എതിര്‍പ്പും നേരിടേണ്ടിവന്നു.
എങ്ങനെയാണ് അക്കാലത്ത് പിടിച്ചുനില്ക്കാന് ശ്രമിച്ചതെന്ന് ഹലീമാബീവി എഴുതിയിട്ടുണ്ട്.
“മുസ്ലിംവനിത’യുടെ ആറുലക്കം പുറത്തുവന്നപ്പോഴേക്കും അതിന്റെ നേര്‍ക്കുള്ള സന്ധിയില്ലാസമരം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. അപ്പോഴാണ് അഭിവന്ദ്യനായ കെ.എം. മൗലവി സാഹിബ് ഞങ്ങളുടെ ഓഫീസില്‍ വരികയും ഒന്നോ രണ്ടോ ദിവസത്തെ താമസത്തിനിടയ്ക്ക് മാസികയുടെ മുന്നോട്ടുള്ള നടത്തിപ്പില്‍ ചില നയപരിപാടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുകയുംചെയ്തു. മതസംബന്ധമായ തര്ക്കവിഷയങ്ങളില്നിന്നും ‘മുസ്ലിംവനിത’ ഒഴിഞ്ഞുമാറി. ‘മുസ്ലിംവനിത’ മുഖേന തിരുവിതാംകൂറിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ വിപ്ലവകരമായ ഒരു ചിന്താസരണി രൂപംകൊണ്ടു എന്ന് അനന്തരഫലങ്ങള്‍ മുഖേന എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്” (അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം, അല്‍മനാര്‍ വിശേഷാല്‍പ്രതി, 1959).
1944ല്‍ ‘ഭാരതചന്ദ്രിക’ എന്ന മാസിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് ‘മുസ്ലിംവനിത’യ്ക്കുശേഷം ഹലീമാബീവി പ്രസാധനരംഗത്തെത്തുന്നത്.
‘ഭാരതചന്ദ്രിക’ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി. സാഹിത്യവും ഇതില്‍ പ്രാമുഖ്യംനേടി. മാനേജിങ് എഡിറ്ററും പത്രാധിപയും ഹലീമാബീവി തന്നെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, വക്കം അബ്ദുല്‍ ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ പത്രാധിപസമിതിയില്‍ ഉണ്ടായിരുന്നു. പുതിയ എഴുത്തുകാരുടെ ഒരു കളരിയായിരുന്നു ‘ഭാരതചന്ദ്രിക’യെന്ന് ഹലീമാബീവി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായിരുന്നു ‘ഭാരതചന്ദ്രിക’ ഗൗരവമായി ചര്‍ച്ച ചെയ്തിരുന്നത്.
1948-ല്‍ ‘ഭാരതചന്ദ്രിക’ ദിനപത്രമായി മാറി. ഇതിനിടെ പത്രം നടത്താനായി ഹലീമാബീവിയും കുടുംബവും തിരുവല്ലയില്‍നിന്നും പെരുമ്പാവൂരേക്ക് താമസം മാറ്റി. എങ്കിലും 1952-ല്‍ സാമ്പത്തികപ്രശ്നങ്ങള്‍ കാരണം പത്രം പൂട്ടേണ്ടിവന്നു. ‘ഭാരതചന്ദ്രിക’യ്ക്കൊപ്പം ‘വനിത’ എന്നൊരു മാസിക കൂടി ഹലീമാബീവി പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യം, സ്ത്രീജീവിതം, കുടുംബം, ലോകവിശേഷങ്ങള്‍, കഥകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കൈകാര്യം ചെയ്തിരുന്നു. ഭാരതചന്ദ്രിക ബുക്സ്റ്റാള്‍, ആസാദ് മെമ്മോറിയല്‍ പ്രസ് തുടങ്ങിയ സ്ഥാപനങ്ങളും അവര്‍ നടത്തിയിരുന്നു.
1970-ല്‍ ‘ആധുനികവനിത’ എന്ന ഒരു പ്രസിദ്ധീകരണം ഹലീമാബീവി തുടങ്ങി. മികച്ച കെട്ടും മട്ടും ഇതിന്റെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ച ഉപരിപ്ലവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനപ്പുറം സ്ത്രീജീവിതവുമായി ബന്ധപ്പെട്ട ആഴമുള്ള സാമൂഹിക-സാംസ്കാരിക വിഷയങ്ങളില്‍ കൈകാര്യം ചെയ്തിരുന്നു. സ്ത്രീകളായിരുന്നു എഴുത്തുകാരില്‍ ഭൂരിപക്ഷവും. വ്യത്യസ്തതകളും ആര്ജ്ജവത്വവുമുണ്ടായിരുന്ന ഈ മാസികയും സാമ്പത്തികഞെരുക്കത്തില്പെട്ട് ഏറെനാള്‍ കഴിയുംമുമ്പ് നിര്‍ത്തിവെക്കേണ്ടിവന്നു.
കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം വനിതാസമ്മേളനം നടന്നത് ഹലീമാബീവിയുടെ (1938) നേതൃത്വത്തിലായിരുന്നു. ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ച് നല്കി ഹലീമാബീവി ധൈര്യംകാണിച്ചു. അവര്‍ സര് സി.പി.യുടെ നോട്ടപ്പുള്ളിയായി മാറി. അവരെ നേരിട്ട് വിളിച്ചുവരുത്തി ‘രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തിയാല്‍ ജോലി കൊടുക്കാ’മെന്ന് സി.പി. പറഞ്ഞു. ‘സ്വാതന്ത്ര്യം ബലികൊടുക്കാനില്ല’ എന്നുപറഞ്ഞ് ഹലീമാബീവി അത് നിരസിച്ചു (ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ). തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന ഹലീമാബീവി തിരുവല്ല മുനിസിപ്പാലിറ്റിയില്‍ അഞ്ചുവര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുന്ന ആദ്യ മുസ്ലിംവനിതയും അവരായിരുന്നു.
അമ്നിശിവറാം
പത്രപ്രവര്‍ത്തനരംഗത്തേക്ക് മൂവാറ്റുപുഴ കോഴയ്ക്കാട്ടുതോട്ടത്തില് വര്‍ക്കി മത്തായിയുടെ മക്കള്‍ അമ്മിണി എത്തുമ്പോള്‍ മുന്ധാരണകളൊന്നുമില്ലായിരുന്നു. 1952-ല്‍ ബോംബെയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ഫ്രീ പ്രസ് ജേണലി’ല്‍ സബ് എഡിറ്ററായി അവര്‍ എത്തുമ്പോള്‍ അത് ഒരു ‘ആണ്‍ലോകം’ ആയിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍നിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയ അമ്മിണിക്ക് മുത്തച്ഛന്റെ വാക്കുകളായിരുന്നു എന്നും ഓര്‍മ്മയില്‍. “ഒരു വ്യക്തിയില്‍നിന്ന് ആര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്ത രത്നമാണ് വിദ്യാഭ്യാസം.”
തിരുവനന്തപുരത്ത് ടീച്ചേഴ്സ് ട്രെയിനിങ്ങിന് ചേരാന്‍ പോയ അമ്മിണിയെ സഹോദരി ബോംബെയ്ക്ക് ക്ഷണിച്ചു. അവിടെയെത്തിയപ്പോള്‍ കുടുംബസുഹൃത്ത് എം.യു. മാത്യു ‘ഫ്രീ പ്രസ് ജേണലി’ലെ ല്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആയിരുന്ന എ.ബി. നായര്‍ വഴി അമ്മിണിക്ക് അവിടെ ജോലി വാങ്ങിക്കൊടുത്തു.
“എനിക്ക് പത്രപ്രവര്‍ത്തനം എന്താണെന്ന് അറിയില്ലായിരുന്നു. മാത്യു അങ്കിള്‍ പറഞ്ഞു, “കോമ്പോസിഷനുകളും പ്രിന്റുകളും കറക്ട് ചെയ്യലുമാണ് ജോലി.” അമ്മിണി ചേരുന്ന കാലത്ത് ‘അവരായിരിക്കും ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പത്രപ്രവര്‍ത്തക’ എന്ന് പി.കെ. രവീന്ദ്രനാഥ് അമ്മിണിയുടെ ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ പറഞ്ഞിരിക്കുന്നു. ‘ഫ്രീ പ്രസ് ജേണലി’ല്‍ ചേരാനെത്തുമ്പോള് എഡിറ്റര്‍ എം. ശിവറാം പറഞ്ഞത് ആത്മകഥയില്‍ അമ്മിണി ഓര്‍ക്കുന്നത് ഇങ്ങനെയാണ്:
“ഞങ്ങളുടെ ഡെസ്കില്‍ ഒരു സ്ത്രീ ഇതുവരെ ജോലി ചെയ്തിട്ടില്ല. പുരുഷന്മാര് പല ഷിഫ്റ്റിലാണ് ഇവിടെ പണിയെടുക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കട്ടെ. നിങ്ങള്‍ ചരിത്രം മാറ്റിയെഴുതുകയാണ്.”
പി.ടി.ഐ., യു.എന്‍.ഐ. ടെലിപ്രിന്റര്‍ വാര്‍ത്തകള്‍ അവര്‍ക്ക് മുന്നില്‍ കുന്നുകൂടി. ഓരോന്നായി എഡിറ്റ് ചെയ്ത് മുകളിലുള്ളവരെ കാണിച്ചു. നിരന്തരമായി അവയൊക്കെ ചവറ്റുകുട്ടയില്‍ പോയി. നിരാശ തോന്നിയെങ്കിലും അതൊക്കെ പരിശീലനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അമ്മിണി പിന്‍മാറാതെനിന്നു.
ടി.ജെ.എസ്. ജോര്‍ജ്, എം. ശിവറാം, പി.കെ. രവീന്ദ്രനാഥ്, ബാല്‍താക്കറെ തുടങ്ങി നിരവധി പ്രമുഖര്‍ അവിടെ അമ്മിണിയുടെ സഹപ്രവര്‍ത്തകരായിരുന്നു. ആദ്യകാലത്ത് സഹപ്രവര്‍ത്തകരോടൊത്ത് കോഫി കുടിക്കാന്‍ പോകാന്‍പോലും പേടിയായിരുന്നുവെന്ന് അമ്മിണി അവരുടെ ‘മൈ ടൗണ്‍, മൈ പീപ്പിള്‍’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. പിന്നീട് അവരോടൊപ്പം സൗഹൃദത്തിലാകാനും പത്രപ്രവര്‍ത്തനത്തിന്റെ ആവേശം പങ്കുവെക്കാനും അവര്‍ക്ക് കഴിഞ്ഞു.
സ്വന്തം ജീവിതത്തില്‍നിന്നുള്ള അനുഭവങ്ങള്‍ എഴുതിക്കൊണ്ടാണ് അവര്‍ യഥാര്‍ഥ ജോലിയിലേക്ക് പ്രവേശിച്ചത്. ‘മൈ മദര്‍ ഈസ് മൈ ഡ്രീം’ എന്ന ആദ്യലേഖനം കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മയെ സ്വപ്നത്തില്‍ കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് ‘ഫ്രീ പ്രസ് ജേണലി’ലും വീക്കിലി മാഗസിനായ ‘ഭാരത് ജ്യോതി’ (റ്റി.ജെ.എസ്. ജോര്‍ജിനായിരുന്നു ഇതിന്റെ ചാര്‍ജ്) യിലും അമ്മിണി നിരന്തരം എഴുതാന്‍ തുടങ്ങി. സിനിമാഷൂട്ടിംഗുകള്, അവിടുത്തെ വിശേഷങ്ങള്‍ എന്നിവ അവരുടെ എഴുത്തുവിഷയങ്ങളായി മാറി.
‘ഫ്രീ പ്രസ് ജേര്‍ണലി’ല്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന കെ. ശിവറാമുമായുള്ള വിവാഹശേഷം (1957) അമ്മിണി ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ വീട്ടമ്മയായി മാറി. വ്യത്യസ്ത ഷിഫ്റ്റുകള്‍ കുടുംബജീവിതത്തില്‍ വിരഹം സൃഷ്ടിച്ചപ്പോള്‍ ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് വീട്ടമ്മയാകാന്‍ ആവശ്യപ്പെട്ടുവെന്നും പൂര്‍ണ്ണമനസ്സോടെ താനത് ചെയ്തുവെന്നും അവര്‍ ആത്മകഥ (പേജ് 229) യില്‍ എഴുതിയിട്ടുണ്ട്. തന്റെ രാജിക്കത്ത് ഭര്‍ത്താവ് തന്നെ എഴുതി അദ്ദേഹം തന്നെ ഒപ്പിട്ട് പത്രമോഫീസില്‍ നല്‍കിയതിനെക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്.
“ഞാന്‍ ഒട്ടും സങ്കടപ്പെടില്ല. എനിക്ക് വീട്ടില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. പോരാഞ്ഞിട്ട് എന്റെ ആദ്യത്തെ കുഞ്ഞ് വരാറായിരുന്നു.”
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കുട്ടികള്‍ വലുതായിക്കഴിഞ്ഞ് 1974-ല്‍ അവര്‍ കൊച്ചിയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനരംഗത്ത് തിരിച്ചെത്തി. വിമന്‍സ് പേജ്, സിനിമ, ചരിത്രം, ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തു. സിനിമാറിപ്പോര്ട്ടിങ്ങിനുവേണ്ടി അവര്‍ ധാരാളം യാത്ര ചെയ്തു. ബഹദൂര്‍, കമലഹാസന്, പ്രേംനസീര്‍, അടൂര്‍ഭാസി, ഉമ്മര്‍, ജനാര്ദ്ദനന്, ജയന്, ഷീല തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരെ കാണാനും അഭിമുഖം നടത്താന്‍ കഴിഞ്ഞതിലെ സന്തോഷം അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവ് ശിവറാമിന് അഹമ്മദാബാദിലേക്ക് മാറ്റമായതോടെ അവര്‍ വീണ്ടും പത്രപ്രവര്‍ത്തനരംഗം വിട്ടു. ‘അമ്നി ശിവറാം’ എന്ന പേരിലാണ് വിവാഹശേഷം അവര്‍ എഴുതിയിരുന്നത്. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിലും മലയാളമനോരമയിലും മാതൃഭൂമിയിലും അവര്‍ എഴുതുമായിരുന്നു. അവസാനകാലത്ത് അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ അമ്നിശിവറാം 2020-ല്‍ അന്തരിച്ചു. പത്രത്തിന്റെ ഒന്നാംപേജില്‍ സോപ്പ് പൊടിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ‘ഫ്രീ പ്രസ് ജേര്‍ണലി’ലെ പത്രപ്രവര്‍ത്തകര്‍ രാജിവച്ചപ്പോള്‍ അമ്മിണിയും ഒപ്പംചേര്‍ന്നു.
യശോദ ടീച്ചര്‍
മലയാളത്തിലെ ആദ്യം ‘സ്വന്തം ലേഖിക’ ആയിരുന്നു യശോദ ടീച്ചര്‍. പലതുകൊണ്ടും ദേശചരിത്രത്തില്‍ ഇടംപിടിച്ച ഒരു വനിതയാണ് അവര്‍. വടക്കന്‍ മലബാറിലെ സ്വാതന്ത്ര്യസമരസേനാനി, അധ്യാപിക, പത്രപ്രവര്‍ത്തക. കമ്യൂണിസ്റ്റ് നേതാവ് വനിതാനേതാവ് ഇങ്ങനെ പലതരത്തില്‍ അവരെ വിശേഷിപ്പിക്കാം. കല്യാശ്ശേരി ഹയര്‍സെക്കന്‍ഡറി എലിമെന്ററി സ്കൂളില്‍ ഏക വിദ്യാര്‍ഥിയായിട്ടാണ് അവര്‍ എട്ടാംതരത്തില്‍ ചേര്‍ന്നത്. 1933-35 കാലഘട്ടത്തില്‍ അധ്യാപകപരിശീലനം പൂര്‍ത്തിയാക്കുകയും 1976 വരെ അധ്യാപക ജോലി ചെയ്യുകയും ചെയ്തു. ടി.സി. നാരായണന് നമ്പ്യാര്‍, പി.ആര്. നമ്പ്യാര്‍, പി. രാമനുണ്ണി എന്നിവരോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം നടത്തി. 1952-ല്‍ കമ്യൂണിസ്റ്റ് നേതാവും സഹപ്രവര്‍ത്തകനുമായ കാന്തലോട്ട് കുഞ്ഞമ്പുവിനെ വിവാഹംകഴിച്ചു.
ദേശാഭിമാനി പത്രത്തിന്റെ ലേഖികയായിരുന്നു അവര്‍. കണ്ടക്കൈ സമരപോരാളി കുഞ്ഞാക്കമ്മയുടെയും കാവുമ്പായി സമരത്തിന്റെ വീരവനിത ചെറിയമ്മയുടെയും ചെറുത്തുനില്‍പ്പിന്റെ കഥകള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന കയ്യൂര്‍ സഖാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്ത ഏകവനിതയായിരുന്നു യശോദ ടീച്ചര്‍. വിവിധ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, സ്ത്രീകളുടെ വിവിധ വിഷയങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയൊക്കെ അവര്‍ ‘ദേശാഭിമാനി’ പത്രത്തിനുവേണ്ടി എഴുതി.
കെ. തങ്കം മേനോന് (1924)
മലയാള ദിനപത്രങ്ങളിലെ ആദ്യ ന്യൂസ് എഡിറ്ററായിരുന്നു തങ്കം മേനോന്. കോഴിക്കോട് ബിലാത്തിക്കുളത്തെ കോലിയത്ത് വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും പുന്നയൂര്‍കുളത്തെ ടി.വി. കൃഷ്ണമേനോന്റെയും മകളായിരുന്നു കെ. തങ്കം മേനോന്. ബി.എ. ഓണേഴ്സ് ബിരുദമെടുത്ത് തൃശ്ശൂര്‍ സെന്റ് ഫിലോമിനാസ് കോളേജിലും ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജിലും അധ്യാപികയായി ജോലി നോക്കി.
1952-ലാണ് കെ. തങ്കം മേനോന് ‘മാതൃഭൂമി’യില്‍ സബ് എഡിറ്ററായി ചേരുന്നത്. അക്കാലത്ത് പത്രപ്രവര്‍ത്തനരംഗത്ത് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ‘മാതൃഭൂമി’ പത്രത്തിലും ആഴ്ചപ്പതിപ്പിലും സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ അവര്‍ എഴുതിയിരുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല നിര്‍വ്വഹിച്ചുകൊണ്ട് കഴിവ് തെളിയിച്ച അവര്‍ ശ്രീശാരദാസംഘം, രാമകൃഷ്ണമിഷന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
1973-ല്‍ കുറച്ചുകാലം അവര്‍ ‘മാതൃഭൂമി’യുടെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. മലയാള ദിനപത്രത്തിലെ ആദ്യത്തെ ന്യൂസ് എഡിറ്ററാണ് തങ്കം മേനോന്. 1976-ല്‍ അസിസ്റ്റന്റ് എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. ഉറച്ച ദേശീയപാതയും ഗാന്ധിഭക്തയുമായിരുന്ന തങ്കം മേനോന് പഠിക്കുന്ന കാലംമുതല്‍ ഖാദിവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കെ.പി. കേശവമേനോന്റെ ഗ്രന്ഥരചനകളില്‍ ഇവരുടെ സഹായം നിര്‍ണായകമായിരുന്നു.
കല്‍ക്കത്തയിലെ രാമകൃഷ്ണമിഷന്‍ സ്ഥാപനങ്ങളും കാശി, ഗയ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് പുന്നയൂര്കുളത്തേക്ക് മടങ്ങുന്ന വഴിയില്‍ മദ്രാസില്‍ വച്ച് തങ്കം മേനോന് നിര്യാതയായി. മലയാളപത്രങ്ങളില്‍ ആദ്യകാലത്ത് എഡിറ്റോറിയല്‍ എഴുതാന്‍ അവസരം ലഭിച്ച വനിതയായിരുന്നു തങ്കം മേനോന്.
പാര്‍വ്വതി അയ്യപ്പന്
തൃശ്ശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരിയില്‍ ജഡ്ജിയായിരുന്ന ഇ.കെ. അയ്യക്കുട്ടിയുടെ മകളായി ജനിച്ച പാര്‍വ്വതി അയ്യപ്പന് കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. മദ്രാസ് ക്വീന്‍ മേരീസ് കോളേജ്, ലേഡി വെല്ലിംഗ്ടണ്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി തൃശ്ശൂര്‍ വിവേകോദയം സ്കൂളില്‍ അധ്യാപികയായി. ശ്രീലങ്കയിലും അധ്യാപികയായി ജോലി ചെയ്തു. ബുദ്ധമതം കേരളത്തില്‍ പ്രചാരം നേടിക്കൊണ്ടിരുന്ന കാലത്ത് അതിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണമാണ് പാര്‍വ്വതി അയ്യപ്പനെ ശ്രീലങ്കയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.
പാര്‍വ്വതി അയ്യപ്പന്റെ ജീവിതത്തില്‍ സഹോദരന് അയ്യപ്പനുമായുള്ള സൗഹൃദം വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. 1930-ലാണ് വിവാഹം നടന്നത്. ആദര്‍ശപരവും ലാളിത്യവും ആയിരുന്നു ലളിതവുമായിരുന്നു വിവാഹം. പക്ഷെ ജാതിക്കെതിരെയുള്ള സഹോദരന് അയ്യപ്പന്റെ പ്രതിഷേധം സ്വവിവാഹത്തില് സ്വീകരിക്കാത്തത് ചര്‍ച്ചകള്‍ കാരണമായി. ‘സഹോദരന്’ പത്രത്തിന്റെ വരിക്കാര്‍ പലരും പിന്‍വാങ്ങി. പിന്നീട് സാമൂഹികസേവനരംഗത്ത് സഹോദരന് അയ്യപ്പനും പാര്‍വ്വതിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാരണം അവര്‍ സമൂഹത്തിന് പ്രിയങ്കരരായി. സാമൂഹിക പ്രവര്‍ത്തനരംഗത്ത് അവര്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുപോലെതന്നെ പത്രപ്രവര്‍ത്തനരംഗത്ത് പാര്‍വ്വതി നല്കിയ സംഭാവനകളും എടുത്തുപറയേണ്ടിയിരിക്കുന്നു. ‘സ്ത്രീ’ എന്നൊരു മാസിക അവരുടെ പത്രാധിപത്യത്തില്‍ പുറത്തുവന്നിരുന്നു. പാര്വ്വതീഅയ്യപ്പന്റെ പത്രക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. വളരെ കുറച്ചുനാള്‍ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ എങ്കിലും ‘സ്ത്രീ’ പ്രത്യേകതകളുള്ള ഒരു വനിതാമാസികയായിരുന്നു.
അന്നാചാണ്ടി (1905-1996)
“ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഞാന്‍ പടവെട്ടി വളരെയധികം സാഹസങ്ങള്‍ ചെയ്തു. അവര്‍ക്ക് ഞാന്‍ ഒരു പുതിയ പാത വെട്ടിത്തുറക്കുകയും ചെയ്തു.” ഇന്ത്യയിലെ ആദ്യത്തെ വനിത ജഡ്ജി അന്നാചാണ്ടി സ്വന്തം ജീവിതത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. പത്രപ്രവര്‍ത്തക എന്ന നിലയിലും അവര്‍ കഴിവ് തെളിയിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനുപുറമെ ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാ ജഡ്ജിയും അന്നാചാണ്ടിയാണെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തില്‍ നിയമബിരുദം നേടിയ ആദ്യത്തെ വനിതയാണവര്‍. കേരളത്തിലെ ആദ്യത്തെ സ്ത്രീവാദി എന്ന നിലയിലും അവര്‍ അറിയപ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ വാരികയായ ‘ശ്രീമതി’യുടെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും ഗവണ്മെന്റിനെയും ബോധവല്‍ക്കരിക്കുക, ഗൃഹഭരണത്തിലും ശിശുപരിചരണത്തിലും വിദ്യാഭ്യാസകാര്യങ്ങളിലും അറിവ് പകരുക, ഇന്ത്യയിലെയും വിദേശത്തെയും സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക ഇവയൊക്കെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ‘ശ്രീമതി’യുടെ അമരത്ത് അന്നാചാണ്ടിയ്ക്കൊപ്പം തരവത്ത് അമ്മാളുഅമ്മയും മറ്റും ഉണ്ടായിരുന്നു. വക്കീല്‍ പണി അവസാനിപ്പിച്ച് മുന്‍സിഫ് ആയി ചാര്‍ജ് എടുക്കുന്നതുവരെ അവര്‍ ‘ശ്രീമതി’യുടെ പ്രസിദ്ധീകരണരംഗത്ത് തുടര്‍ന്നു. അഖിലഭാരത വനിതാസംഘടനയുടെ തിരുവിതാംകൂര്‍ ശാഖയില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നു. നാടകരംഗത്തും അവര്‍ തന്റെ സാന്നിധ്യം തെളിയിച്ചിരുന്നു. ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ശ്രീചിത്തിരതിരുനാളിന്റെ ആട്ടതിരുനാളിന് അവതരിപ്പിച്ച നാടകത്തില്‍ പ്രധാനവേഷം അന്നാചാണ്ടി അവതരിപ്പിച്ചു. അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീവേഷങ്ങള് അവതരിപ്പിച്ചിരുന്നത്. അമ്മമഹാറാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്നാചാണ്ടി നാടകത്തില്‍ അഭിനയിച്ചത്.
1938-ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുന്‍സിഫായി അന്നാചാണ്ടി നിയമിതയായി. 1945-ല്‍ സെഷന്‍സ് ജഡ്ജിയായും 1948-ല്‍ സബ് ജഡ്ജിയായും അവര്‍ക്ക് നിയമനം കിട്ടി. 1959-ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി.
ആനി തയ്യില്‍ (1918-1993)
തിരു-കൊച്ചി നിയമസഭാംഗം, പത്രപ്രവര്‍ത്തക, എഴുത്തുകാരി, രാഷ്ട്രീയ സാമൂഹിക സേവനരംഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അഭിഭാഷക – ആനി തയ്യില്‍ കേരള ചരിത്രത്തില്‍ പല നിലകളില്‍ തിളങ്ങിനില്ക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചെങ്ങലൂര്‍ കാട്ടുമാന്‍ വീട്ടില്‍ ജോസഫിന്റെയും മേരിയുടെയും മകളായി ജനിച്ചു. ബി.എ. പഠനം കഴിഞ്ഞ് നിയമബിരുദവും നേടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. 1948-ല്‍ തൃശ്ശൂരില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗമായിരുന്നു (1946-1947).
പത്രപ്രവര്‍ത്തനരംഗത്ത് ‘പ്രജാമിത്രം’ എന്ന സായാഹ്നപത്രം നടത്തിയാണ് അവര്‍ കഴിവ് തെളിയിച്ചത്. ‘വനിത’യുടെ എഡിറ്റര്‍ പദവിയും അവര്‍ വഹിച്ചു. ജോസഫ് മുണ്ടശ്ശേരിയോടൊപ്പം ചേര്‍ന്നാണ് അവര്‍ ‘പ്രജാമിത്രം’ നടത്തിയത്. ‘പ്രജാമിത്രം’ എഡിറ്റര്‍ എന്ന നിലയില്‍ അവര്‍ക്കെതിരെ ധാരാളം മാനനഷ്ടക്കേസുകളുണ്ടായി. പലപ്പോഴും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി. അതിനെക്കുറിച്ച് അവര്‍ തന്റെ ‘ഇടങ്ങഴിയിലെ കുരിശ്’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
“1948-ലും കൊച്ചിയില്‍ ഇലക്ഷന് നടന്നു. അന്നും ഞാനൊരു സ്ഥാനാര്‍ത്ഥിയായിരുന്നു. തൃശ്ശൂര്‍ തന്നെ. അത്തവണയും ജയിച്ചു. അപ്പോഴേക്കും ഞാന്‍ കുറേക്കൂടി തന്റേടിയായി. അക്കാലത്താണ് ഞാന്‍ പത്രം തുടങ്ങിയത് – പ്രജാമിത്രം. പത്രത്തില്‍ റിപ്പോര്ട്ടെഴുതാന്പോലും കഴിവില്ലാതിരുന്ന എന്നെ ഒരു പത്രപ്രവര്ത്തകയാക്കിയതിന് എനിക്ക് അദ്ദേഹത്തോട് (ജോസഫ് മുണ്ടശ്ശേരി) കടപ്പാടുണ്ട്. പത്രം സാമ്പത്തികമായി പരാജയപ്പെട്ടു എന്നത് ശരി തന്നെ. പക്ഷേ എഴുതാന്‍ എന്റെ കൈക്ക് വശം കിട്ടി എന്നുള്ളതാണിതിലെ നേട്ടം. പത്രപ്രവര്ത്തനരംഗത്തെപ്പറ്റിയും ഒരു പ്രത്യേക ശൈലി സ്വന്തമാക്കിയെടുക്കാനൊത്ത കാര്യത്തിലും എനിക്കദ്ദേഹത്തോടുള്ള കടപ്പാട് ഞാന്‍ മറക്കില്ല. തന്ന നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍ ഞാന്‍ ശരിക്ക് ശ്രമിക്കുകതന്നെ ചെയ്തു. എഴുതാനിരിക്കുമ്പോള്‍ ഒരിക്കലും ഞാനത് മറക്കാതെ ഫലിപ്പിച്ചെടുക്കാന്‍ നോക്കിയിട്ടുണ്ട്. ഒന്ന് കിട്ടിയത് കൊണ്ടായില്ലല്ലോ. നടപ്പിലാക്കണമെന്നുള്ള എന്റെ സ്ഥിരോത്സാഹം കൊണ്ടാണതെനിക്ക് കുറെയെങ്കിലും നേടിയെടുക്കാന്‍ ഒത്തതും.”
എഴുത്തുകാരി എന്ന നിലയിലും അവര്‍ കഴിവ് തെളിയിച്ചു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. 78 ഓളം പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. നോവലുകള്‍, ജീവചരിത്രങ്ങള്‍, ലോക ക്ലാസിക്കുകളുടെ വിവര്‍ത്തനങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി പല വിഭാഗങ്ങളില്‍ അവര്‍ പുസ്തകങ്ങള്‍ എഴുതി. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിക്കാനും എഴുതാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനത്തെക്കുറിച്ച് അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു.
വി. പാറുക്കുട്ടിയമ്മ (1923-2013)
ലൈബ്രേറിയനായി ‘മാതൃഭൂമി’യില്‍ ചേര്‍ന്ന് പത്രപ്രവര്‍ത്തകയായ വി. പാറുക്കുട്ടിയമ്മ പത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വനിതയാണ്. 1968 മുതല്‍ 1981 വരെയാണ് അവര്‍ ‘മാതൃഭൂമി’യില്‍ പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രവര്‍ത്തക, ആധ്യാപിക, പത്രപ്രവര്‍ത്തക, പ്രഭാഷക തുടങ്ങി നിരവധി തലങ്ങളില്‍ മലബാറിലെ പൊതുജീവിതത്തില്‍ പ്രസക്തയായിരുന്നു പാറുക്കുട്ടിയമ്മ. കോഴിക്കോട്ടെ നെച്ചൂളി അച്യുതന് നായരുടെയും മലപ്പുറം അരിയല്ലൂര്‍ വടക്കുംതാന്നി ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായിരുന്നു കോഴിക്കോട് ബി.എം. സ്കൂളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയമ്മ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുംനിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബി.എഡും നേടി. അധ്യാപികയായി ബി.എം സ്കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊതുരംഗത്തും സജീവയായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം സഹായിച്ചു.
23 കൊല്ലം അധ്യാപികയായി ജോലിയെടുത്തശേഷമാണ് അവര്‍ ‘മാതൃഭൂമി’യില്‍ എത്തുന്നത്. കെ.പി. കേശവമേനോന്, എന്‍.വി. കൃഷ്ണവാര്യര്‍, കെ. ദാമോദരന്‍, കെ. ഉദയഭാനു തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി അവര്‍ പറഞ്ഞിട്ടുണ്ട്.
‘മാതൃഭൂമി’ ദിനപത്രത്തിലെ ആദ്യ ന്യൂസ് എഡിറ്ററായിരുന്ന കെ. തങ്കത്തോടൊപ്പം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവര്‍ പഠിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ശക്തമായ ലേഖനങ്ങളും എഡിറ്റോറിയലുകളും അവര്‍ ‘മാതൃഭൂമി’യില്‍ എഴുതിയിരുന്നു. മലയാള ദിനപത്രങ്ങളില്‍ എഡിറ്റോറിയലുകള്‍ എഴുതാന്‍ അവസരം കിട്ടിയ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ വി. പാറുക്കുട്ടിയമ്മയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്.
രാഷ്ട്രീയരംഗത്ത് ആത്മബലത്തോടെ അവര്‍ പ്രവര്‍ത്തിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ നിരവധി തവണ അവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയത് വി. പാറുക്കുട്ടിയമ്മയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. കെ.പി.സി.സി., മഹിളാകോണ്‍ഗ്രസ് എന്നിവയില്‍ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ ഏറെ നാള് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ജീവിതം മുഴുവന്‍ ഖദര്‍ മാത്രം ഉപയോഗിച്ചിട്ടുള്ള പാറുക്കുട്ടിയമ്മ 65 കൊല്ലത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.
തന്റെ പത്രപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച് വി. പാറുക്കുട്ടിയമ്മ പറയുന്നത് “1923-ലാണ് ‘മാതൃഭൂമി’ ആരംഭിച്ചത്. ഞാന്‍ ജനിച്ചതും 1923- ലാണ്. ഞാന്‍ കുട്ടിയായിരുന്ന കാലത്ത് വീട്ടില്‍ സ്ഥിരമായി പത്രം വരുത്തിയിരുന്നില്ല. പീടികയില്‍നിന്നും സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പത്രക്കഷണങ്ങള് സൂക്ഷിച്ചുവച്ച് സ്ഥിരമായി വായിക്കുമായിരുന്നു. ഞാന്‍ അധ്യാപികയായിരുന്ന കാലത്ത് കടം വാങ്ങിയാണ് പത്രം വായിച്ചിരുന്നത്. അന്നുമുതല്‍ തന്നെ ‘മാതൃഭൂമി’യുമായി നേരിട്ടല്ലെങ്കിലും അസാമാന്യമായ ഒരു സൗഹൃദബന്ധമുണ്ടായിരുന്നു. വാസ്തവത്തില്‍ ‘മാതൃഭൂമി’യാണ് എന്റെ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് പറയാം. ‘മാതൃഭൂമി’യുടെ സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം എന്റെയും ജീവിതദര്‍ശനമായി. ‘മാതൃഭൂമി’യുടെ ആദര്‍ശപുരുഷന്‍ എന്റെയും സമാരാധ്യനായ ജീവിതഗുരു മഹാത്മാഗാന്ധിയായിരുന്നു.
“മാതൃഭൂമി ആഴ്ചപ്പതിപ്പ് സാഹിത്യപരമായ താല്പര്യങ്ങള് വളര്‍ത്താനും മലയാളഭാഷയുടെ മാഹാത്മ്യം മനസ്സിലാക്കാനും അന്നത്തെ യുവതലമുറയെ സഹായിച്ചു. അതില്‍ ഭാഗഭാക്കാകാന്‍ എനിക്ക് കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു (കെ. കൃഷ്ണകുമാരി, വനിതാപത്രപ്രവര്ത്തനം – ചരിത്രവും വര്‍ത്തമാനവും. കേരളസാഹിത്യഅക്കാദമി, മാര്‍ച്ച് 2010, പേജ് 94-95).
മാതൃഭൂമിയുടെ പില്ക്കാല നിലപാടുകളില്‍ പ്രതിഷേധിച്ച് വി. പാറുക്കുട്ടിയമ്മ രാജിവച്ച് പോകുകയായിരുന്നുവെന്ന് കെ. കൃഷ്ണകുമാരി (പേജ് 95) അവരുടെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
തുളസി ഭാസ്കരന്
‘ദേശാഭിമാനി’ പത്രത്തിലെ ആദ്യ പത്രപ്രവര്‍ത്തകയാണ് തുളസി ഭാസ്കരന്. സബ് എഡിറ്ററായി 1984-ല്‍ ചേര്‍ന്ന തുളസി ഭാസ്കരന് ‘ദേശാഭിമാനി’യിലെ ആദ്യത്തെ ന്യൂസ് എഡിറ്റര്‍ കൂടിയാണ്. തിരുവനന്തപുരത്ത് മരുതംകുഴിയില്‍ കൃഷ്ണന് നായരുടെയും നെടുമങ്ങാട് സ്വദേശി സരോജിനിയമ്മയുടെയും മകള്‍. കരമന എന്‍.എസ്.എസ്. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച അവര്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിലേക്കെത്തി. 1977-ല്‍ ‘ചിന്ത’യിലാണ് ആദ്യം ജോയിന്‍ ചെയ്തത്. പ്രൂഫ്റീഡിങ്ങില് തുടങ്ങിയെങ്കിലും പരിഭാഷ, എഡിറ്റിംഗ് മേഖലകളില്‍ തുളസി പ്രാവീണ്യം നേടി. 1988-ല്‍ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റില്‍ എത്തിയ തുളസി വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. ‘ദേശാഭിമാനി’യുടെ ‘അനന്തപുരി കാഴ്ച’ എന്ന പുള്ഔട്ടിന്റെ ചുമതല അവര്‍ക്കായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് സെന്‍ട്രല്‍ ഡെസ്കിന്റെ ചുമതല ലഭിച്ച തുളസി മികവുറ്റ രീതിയില്‍ ആ ദിവസത്തെ പത്രങ്ങള്‍ ഇറക്കി. ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ ‘സ്ത്രീ’ പതിപ്പ് അവരുടെ മേല്‍നോട്ടത്തിലാണ് ഇറങ്ങിയിരുന്നത്. സ്ത്രീവിഷയങ്ങളെ ആഴത്തില്‍ സമീപിച്ചിരുന്ന ‘സ്ത്രീ’ പതിപ്പ് അത്തരത്തില്‍ ആദ്യത്തേതായിരുന്നു.
“ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും എന്നും പത്രം ഇറക്കാന്‍ ഞാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്ക് എത്ര കഴിവുണ്ടെങ്കിലും വളര്ന്നുവരാനനുവദിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത് -പ്രത്യേകിച്ചും പത്രപ്രവര്‍ത്തനരംഗം. പ്രസംഗിക്കുന്നതിനേക്കാള്‍ പ്രവൃത്തിയിലൂടെ കഴിവ് തെളിയിക്കുകയാണ് പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്” എന്ന് തുളസിഭാസ്കരന് അഭിപ്രായപ്പെട്ടിട്ടുണ്ട് (കെ. കൃഷ്ണകുമാരി 2010, പേജ് 98).
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ‘കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രത്തിന്റെ രൂപരേഖ’, ശിവശര്‍മയുടെ ‘സുസ്മരണകള്’, ‘ആഗ്നേയസ്മരണകള്’, സരോജ് മുഖര്‍ജിയുടെ ‘സ്ത്രീവിമോചനപ്രസ്ഥാനം’ തുടങ്ങി നിരവധി പുസ്തകങ്ങള്‍ അവര്‍ പരിഭാഷപ്പെടുത്തി. ഭര്‍ത്താവ് സി. ഭാസ്കരനുമൊത്ത് ഇ.കെ. നായനാരെക്കുറിച്ച് ‘സ്നേഹിച്ച് മതിവരാതെ’ എന്നൊരു പുസ്തകവും അവര്‍ രചിച്ചു.
ഡോ. പി.ബി. ലല്‍കാര്‍
പത്രപ്രവര്‍ത്തനത്തോടുള്ള അഭിനിവേശംമൂലം പത്രപ്രവര്‍ത്തനമേഖലയിലും അക്കാദമിക് രംഗത്തും കഴിവ് തെളിയിക്കാന്‍ കഴിഞ്ഞ വനിതയാണ് ഡോ. പി.ബി. ലല്‍കാര്‍. 1979-ല്‍ ‘മാതൃഭൂമി’യുടെ വനിതാമാസികയായ ‘ഗൃഹലക്ഷ്മി’ മാസികയില്‍ ചേര്‍ന്ന ലല്‍കാര്‍ 1980-ല്‍ത്തന്നെ ‘ഗൃഹലക്ഷ്മി’യുടെ സ്വതന്ത്രചുമതല ഏറ്റെടുത്തു. പാലക്കാട് സ്വദേശിയായ ലല്‍കാര്‍ മലയാളത്തിലും പത്രപ്രവര്‍ത്തനത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ‘കഴിഞ്ഞ 50 വര്‍ഷക്കാലത്ത് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു’ എന്ന വിഷയത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണപ്രബന്ധം ഈ മേഖലയിലെ ആദ്യത്തേതും വിശദവുമായ ഒരു പഠനമാണ്.
1979-ല്‍ ‘ലല്‍കാര്‍’ എന്നൊരു ഹിന്ദി മാസിക അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാസികയ്ക്കുവേണ്ടി അവര്‍ നിരവധി മലയാളകവിതകള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ‘ഗൃഹലക്ഷ്മി’യില്‍ പ്രവര്‍ത്തിച്ച കാലത്ത് അടിസ്ഥാനമേഖലയിലെ നിരവധി സ്ത്രീകളെ അവര്‍ അവതരിപ്പിച്ചു. മത്സ്യതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, ഇഷ്ടിക ഫാക്ടറി തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം ‘മാതൃഭൂമി’യുടെ പ്രത്യേക പതിപ്പിറക്കാന്‍ പ്രശസ്ത പത്രപ്രവര്ത്തകന് വേണുക്കുറുപ്പിനെ സഹായിക്കാന്‍ അവസരം ലഭിച്ചത് ലല്‍കാറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. 1995-ല്‍ മാതൃഭൂമി വാരാന്ത്യത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്ന ലല്‍കാര്‍ 1999-ല്‍ ദിനപത്രത്തിലേക്ക് മാറി, ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. സൂഫിസം, കുട്ടികളെ നല്ലവരാക്കാന്, വീട്ടമ്മമാര്‍ക്കൊരു ഗൈഡ്, ഉത്തരേന്ത്യന്‍ പാചകവിധികള്‍, ദക്ഷിണേന്ത്യയിലെ 108 ക്ഷേത്രങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ലീലാമേനോന് (1932-2018)
ഇംഗ്ലീഷ് പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിവനിത – ലീലാമേനോനെക്കുറിച്ച് ആദ്യം പറയാവുന്നത് അതാണ്. 1978-ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ സബ് എഡിറ്ററായി തുടങ്ങി ‘ജന്മഭൂമി’യുടെ ചീഫ് എഡിറ്ററായിവരെ ഉയര്‍ന്ന ലീലാമേനോന് ദി ഹിന്ദു, ഔട്ട്ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി എഴുതിയിട്ടുണ്ട്. നിരവധി ശ്രദ്ധേയമായ സ്റ്റോറികള്‍ അവര്‍ ചെയ്തിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ സമൂഹങ്ങളെപ്പറ്റി ലീലാമേനോന് ധാരാളം എഴുതി.
രാഷ്ട്രീയ റിപ്പോര്‍ട്ടിങ് സ്ത്രീകള്‍ക്ക് വഴങ്ങുന്നതല്ല എന്ന ധാരണ അവര്‍ തിരുത്തിയെഴുതി. തങ്കമണി സംഭവം, നാദാപുരം സംഭവം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന് വാദിച്ച് മേരി റോയ് സുപ്രീംകോടതിയില്‍ കേസ് കൊടുത്തത്, ഒളിച്ചോടുന്ന കന്യാസ്ത്രീകള്‍, 1988-ല്‍ പാലക്കാട്ട് സ്ത്രീധനം നല്കാനില്ലാത്തതിനാല് തൂങ്ങിമരിച്ചതിനെക്കുറിച്ച് ഒക്കെ അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ അഭിമുഖം ആദ്യമായി എഴുതിയത് ലീലാമേനോന് ആയിരുന്നു. 1982-ല്‍ കൊച്ചി ഇന്ത്യന്‍ എക്സ്പ്രസില്‍ സബ് എഡിറ്ററായി കേരളത്തിലേക്കെത്തിയ ലീലാമേനോന് 1990 വരെ കോട്ടയത്ത് ബ്യൂറോചീഫ് ആയി തുടര്‍ന്നു. കേരള മിസ്ഡേ ടൈം, കോര്‍പ്പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു.
ലീലാമേനോന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിലമ്പൂരിലെ അരുവിക്കോട് ഗ്രാമം ടെറാക്കോട്ട ഗ്രാമമായി പരിണമിച്ചത്. കേരളത്തിന്റെ ലൈംഗിക തലസ്ഥാനം എന്ന പേരുണ്ടായിരുന്ന ആ ഗ്രാമത്തെ ലീലാമേനോന്റെ റിപ്പോര്‍ട്ടിലൂടെ പോലീസുകാരും മനുഷ്യസ്നേഹികളും ഇടപെട്ട് ടെറാക്കോട്ടാ ഗ്രാമമാക്കി മാറ്റുകയായിരുന്നു.
ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിയ കാലത്ത് സ്ത്രീയായതുകൊണ്ട് നൈറ്റ് ഡ്യൂട്ടി ചെയ്യണ്ട എന്ന് എഡിറ്ററുടെ തീരുമാനത്തെ അവര്‍ ശക്തിയായി എതിര്‍ത്തു. “വളരെയേറെ ശ്രമപ്പെട്ടതിനുശേഷമാണ് രണ്ടു മുതല്‍ എട്ടു വരെയുള്ള ഷിഫ്റ്റെങ്കിലും കിട്ടിയത്. സ്ത്രീ 10-5 ഡ്യൂട്ടിയിലിടുന്നതായിരുന്നു അന്നത്തെ രീതി. അക്കാലത്ത് ഉച്ചവരെയുള്ള സമയം പാഴാക്കാതെ ഞാന്‍ ഫീച്ചറുകള്‍ ചെയ്തുകൊണ്ടേയിരുന്നു” എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നതിനെക്കുറിച്ചും അവര്‍ക്ക് തന്റേതായ രീതിയുണ്ടായിരുന്നു.
“എല്ലാ പ്രതിസന്ധികളില്‍നിന്നും ഞാന്‍ രക്ഷപ്പെടുന്നത് മുന്നോട്ടുമാത്രം നോക്കുക എന്ന സ്വഭാവത്തിലൂടെയാണ്. കാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത് എന്റെ രോഗത്തെക്കുറിച്ചായിരുന്നില്ല. രോഗക്കിടക്കയില്‍നിന്ന് എഴുന്നേറ്റ് ഞാന്‍ ചെയ്യാന്‍ പോകുന്ന ‘സ്റ്റോറി’കളെക്കുറിച്ചായിരുന്നു. ആറുമാസമാണ് ഡോക്ടര്‍ എനിക്ക് പറഞ്ഞിരുന്ന ജീവിത കാലാവധി. പക്ഷേ അതിനപ്പുറത്തേക്കും ജീവിതം എന്നെ കാത്തുകിടന്നിരുന്നു. എത്ര സ്റ്റോറികളാണ് ഞാന്‍ ചെയ്യാന്‍ വേണ്ടി കാത്തിരിക്കുന്നത് എന്നാണ് എപ്പോഴും എന്റെ ചിന്ത” (സ്റ്റേറ്റ് ലൈന്‍, കെ.എ. ബീന, ഗീതാബക്ഷി, കറന്റ് ബുക്സ്, തൃശ്ശൂര്‍ 2010, പേജ് 148).
ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷത്തെക്കുറിച്ച് അവര്‍ ഈ പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“എന്നെ ഞാനാക്കിയ എന്റെ സ്ഥാപനത്തില്‍നിന്നും രാജിവച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ തളര്‍ന്നുപോയി. എന്റെ ഉറ്റസുഹൃത്തും ആത്മധൈര്യം നല്കിയ മാര്ഗ്ഗദര്ശയും ഒക്കെയായിരുന്നു ഭര്‍ത്താവ് ഭാസ്കരന് മരിച്ച ശൂന്യതയെയും കാന്‍സര്‍ രോഗത്തെയുമൊക്കെ ഞാന്‍ തരണം ചെയ്തത് ഇന്ത്യന്‍ എക്സ്പ്രസിലെ പത്രപ്രവര്‍ത്തനം വഴിയായിരുന്നു. എന്നാല്‍ എം.കെ. ദാസ് റിട്ടയര്‍ ചെയ്ത് എന്‍. മാധവന്‍കുട്ടി എഡിറ്ററായതോടെ ഞാന്‍ പല തരത്തിലും അവഗണിക്കപ്പെട്ടു. എന്റെ ലേഖനങ്ങള്‍ക്ക് പലപ്പോഴും പ്രാധാന്യമില്ലാതെയായി. പലതും പ്രസിദ്ധീകരിക്കാതെ മാറ്റിവയ്ക്കപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ്സന്റെ സി.എം.ഡി. മനോജ് സന്താലിയയോട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹമെന്നോട് സണ്‍ഡേ മാഗസിനിലേക്ക് മാറിക്കൊള്ളാന്‍ പറഞ്ഞു. അതിനുള്ള അപേക്ഷയുമായി മാധവന്‍കുട്ടിയെ കണ്ടപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് എനിക്കുണ്ടായത്. അപേക്ഷ വായിച്ച് മാധവന്‍കുട്ടിയുടെ മുഖം ചുവന്നു. പേശികള്‍ വലിഞ്ഞുമുറുകി.
“ഹു ആര് യു റ്റു മീറ്റ് ദ സി എം ഡി? ഹീ ഈസ് മൈ സി എം ഡി, നോട്ട് യുവര്‍ സി എം ഡി” എന്ന് ആക്രോശിച്ച അപേക്ഷ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞുപറഞ്ഞു:
“ഡോണ്ട് പ്ലേ വിത്ത് കുട്ടി. കുട്ടി ഈസ് ഡെയ്ഞ്ചറസ്.”
ആ നിമിഷം രാജിക്കത്തെഴുതി ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ പടിയിറങ്ങി. പുരുഷാധിപത്യത്തിന്റെ ഇര എന്ന മട്ടില്‍ പത്രപ്രവര്‍ത്തന ലോകത്ത് എന്റെ രാജി കണക്കാക്കപ്പെട്ടു. പലരും എഴുതുകയും ചെയ്തു” (സ്റ്റേറ്റ് ലൈന്‍, പേജ് 48-49).
‘നിലയ്ക്കാത്ത സിംഫണി’ എന്ന അവരുടെ ആത്മകഥ അവരുടെ പൊരുതലിന്റെ കഥകൂടിയാണ്.
ഉദയ് താരാ നായര്‍ (1947)
സിനിമാപത്രപ്രവര്ത്തനരംഗത്താണ് തിരുവനന്തപുരം സ്വദേശിയായ ഉദയ് താരാ നായര്‍ കഴിവ് തെളിയിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് കമ്മീഷണറായിരുന്ന എസ്. അയ്യപ്പന്‍പിള്ളയുടെയും ജബലാബായിയുടേയും മകള്‍ ഉദയ് താര തിരുവനന്തപുരത്തും മുംബൈയിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1967-ല്‍ ‘സ്ക്രീന്‍’ വാരികയിലാണ് ഉദയ് താര തുടക്കം കുറിക്കുന്നത്. അമിതാഭ് ബച്ചന് എന്ന പുതുമുഖ നടന്റെ അഭിമുഖം ഉദയ് താരയാണ് ആദ്യം നല്‍കിയത്.
ചലച്ചിത്ര പത്രപ്രവര്ത്തനരംഗത്തെത്തിയതിനെക്കുറിച്ച് ഉദയ് താരാ പറയുന്നത് ഇങ്ങനെയാണ്:
“പത്രപ്രവര്‍ത്തകയാകണം എന്ന് തീവ്രമായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ബോംബെയിലെ റാം നാരായണ്‍ റൂയി കോളേജില്‍ ഡിഗ്രി പഠിച്ചു കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ട്രെയിനി ജേണലിസ്റ്റുകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. എന്റെ കൊച്ചച്ഛന് എസ്.എസ്. പിള്ള അന്ന് ‘സ്ക്രീനി’ന്റെ പത്രാധിപരാണ്. കൊച്ചച്ഛന് ഇടപെടില്ല എന്ന് ഉറപ്പിച്ചുപറഞ്ഞു. ഭാഗ്യത്തിന് മെറിറ്റില്‍ത്തന്നെ സെലക്ഷന് കിട്ടി. അതിപ്രശസ്തനായ ഫ്രാങ്ക് മൊറെയ്സ് ആണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപര്‍.
ഡെയ്ലി ആയതുകൊണ്ട് രാത്രി ഫിഫ്റ്റ് ഒഴിവാക്കാനാവുമായിരുന്നില്ല. അറുപതുകളുടെ മധ്യത്തിലാണ്. അര്‍ധരാത്രി നേരത്ത് പെണ്‍കുട്ടികള്‍ യാത്രചെയ്യുന്നത് സാധാരണമല്ല. അച്ഛന്റെയും അമ്മയുടെയും പേടി കണക്കിലെടുത്ത് ഇന്ത്യന്‍ എക്സ്പ്രസ്സ് സിനിമാപ്രസിദ്ധീകരണമായ ‘സ്ക്രീനി’ലേക്ക് മാറുകയായിരുന്നു. ഹിന്ദി ചലച്ചിത്രലോകത്തെ നാലു തലമുറയുമായി ഉദയ് താരയുടെ സൗഹൃദം വ്യാപിച്ചുകിടക്കുന്നു. ദിലീപ്കുമാറിന്റെ ജീവിതകഥ ‘ദി സബ്സ്റ്റന്‍സ് ആന്‍ഡ് ദി ഷാഡോ’ അവരാണ് എഴുതിയത്. അമിതാഭ് ബച്ചന്, നര്‍ഗീസ്, നൂതന്, സൈറാബാനു, ജയാഭാദുരി, രേഖ, അശോക്കുമാര് തുടങ്ങി ഷാറൂഖ്ഖാന്‍ തലമുറവരെ അവരുടെ കൂട്ടുകാരാണ്. തെന്നിന്ത്യന്‍ സിനിമാലോകവും ഉദയ്താരയ്ക്ക് അന്യമല്ല. “ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ലോക്കൗട്ട് നടന്നപ്പോള്‍ രാംനാഥ് ഗോയങ്ക ‘സ്ക്രീന്‍’ മദിരാശിക്ക് കൊണ്ടുപോയി. അങ്ങനെയാണ് ഞാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് എത്തിയത്.”
റിപ്പോര്‍ട്ടിങ് മാത്രമല്ല എഡിറ്റിങ്ങും ഫോട്ടോഗ്രാഫിയും മേക്കപ്പുമൊക്കെ ഉദയ് താര ‘സ്ക്രീനി’ല്‍ വച്ച് പഠിച്ചു. 1988-ല്‍ അവര്‍ ‘സ്ക്രീന്‍’ പത്രാധിപരായി. കാമ്പും കഴമ്പും കാര്യബോധവുമുള്ള നിഷ്പക്ഷവും ക്രിയാത്മകവുമായ പത്രപ്രവര്ത്തനശൈലിയാണ് ഞങ്ങള്‍ സ്വീകരിച്ചിരുന്നത്. സിനിമാവാരികകള്‍ക്ക് പിടിച്ചുനില്ക്കാന് തരംതാണ രീതികളൊന്നും ആവശ്യമില്ല എന്ന് ഞങ്ങള്‍ തെളിയിച്ചു” എന്ന് അവര്‍ പറയുന്നു.
1995-ല്‍ ‘സ്ക്രീന്‍’ ചലച്ചിത്ര അവാര്‍ഡുകള്‍ ആരംഭിച്ചത് ഉദയ് താരയുടെ ചുമതലയിലായിരുന്നു.
1996-ല്‍ ‘സ്ക്രീന്‍’ പുതിയ കച്ചവടതന്ത്രങ്ങളിലൂടെ കടന്നുപോയപ്പോള്‍ അവര്‍ രാജിവച്ചു പോയി. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ‘സ്ക്രീനി’ലെത്തി. ഇതിനിടെ തകര്‍ന്നുപോയ ‘സ്ക്രീനി’നെ കെട്ടിലും മട്ടിലും സര്‍ക്കുലേഷനിലും നന്നാക്കിയെടുത്തു.
‘സ്ക്രീന്‍’ വിട്ട് കുറെനാള്‍ സഹാറാ ടൈംസിന്റെ എന്റര്ടെയ്ന്മെന്റ് പേജിന്റെ ചുമതല അവര്‍ നിര്‍വ്വഹിച്ചിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ എക്സിക്യൂട്ടീവായ വി.പി. നായര്‍ ആണ് അവരുടെ ഭര്‍ത്താവ്. മകള്‍ വസന്ത്മാലിനി.
ഉടന്‍ പ്രസിദ്ധീകൃതമാവുന്ന കെ .എ. ബീനയുടെ ‘മലയാളപെണ്മാധ്യമചരിത്രം’ എന്ന പുസ്തകത്തില്‍ നിന്ന്.
സഹായകഗ്രന്ഥങ്ങള്‍
1. Changes in the status of women as reflected in women’s magazines of Kerala during the past fifty years.. Thesis submitted by P B Balakrishna Lalkar January.1992 University of Kerala
2. മലയാളത്തിലെ സ്ത്രീ മാസികകളുടെ ഉള്ളടക്കം..അന്നും ഇന്നും.. ഒരു വിശകലനം..
പി.ബി.ലല്‍കാര്‍
(മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്പതുവര്‍ഷം.1947-1997)കേരളം പ്രസ് അക്കാദമി, കൊച്ചി.
3. മലയാള സ്ത്രീ മാസികകള്‍.. ചരിത്രവും ഭാവുകത്വ പരിണാമവും, ഡോ.സംഗീത തിരുവള് പി പി, ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാംസ്കൃട്ട്, കാലടി, 2019
4. വനിതാപത്രപ്രവര്ത്തനം, ചരിത്രവും വര്‍ത്തമാനവും, കൃഷ്ണകുമാരി എ., കേരളം സാഹിത്യ അക്കാഡമി, തൃശൂര്‍, 2010
5. കല്പനയുടെ മാറ്റൊലി, ദേവിക.ജെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. തിരുവനന്തപുരം, 2011
6. ആദ്യകാലമാസികകള്‍, പ്രിയദര്ശന്.ജി കേരളം സാഹിത്യ അക്കാദമി, തൃശൂര്‍, 2007
7. മണ്മറഞ്ഞ മലയാള മാസികകള്‍, പ്രിയദര്ശന് ജി. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം,കോട്ടയം, 2011
8. കേരള പത്രപ്രവര്‍ത്തന ചരിത്രം, പുതുപ്പള്ളി രാഘവന്, കേരളം സാഹിത്യ അക്കാദമി, തൃശൂര്‍,1985
9. പത്രാധിപ, എം.ഹലീമാബീവിയുടെ ജീവിതം നൂറ, നൂര്ജഹാന്, ബുക്കഫേ, കോട്ടയ്ക്കല്‍ 2020
10. ഡേറ്റ് ലൈന്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍ കെ.എ.ബീന, ഗീതാബക്ഷി, കറന്റ് ബുക്സ്, തൃശൂര്‍, 2010
11.My town, my people, Amni Shivaram Published by the author 2007
12.Women and Journalism in the colonial India Thesis submitted by Rekha.P Sree Shankaracharya university, Kalady, 2016
13. പള്ളിപ്പാട്ടു കുഞ്ഞു കൃഷ്ണന്റെ സമ്പൂര്‍ണ്ണ കൃതികള്‍(ഒന്നാം ഭാഗം) പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണന് ശതാബ്ദി ആഘോഷകമ്മിറ്റി, 2005.
COMMENTS