Homeചർച്ചാവിഷയം

പാഠ്യപദ്ധതി പരിഷ്കരണം : നിവേദനവുമായി ‘മലയാളപ്പെണ്‍കൂട്ടം’

സ്ത്രീകള്‍ക്ക് സംവദിക്കാനും ആശയപ്രകാശനം നടത്തുവാനും നിരവധി വേദികള്‍ ഇന്ന് നമുക്കിടയിലുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളുടെ സംവാദസ്വഭാവവും പ്രചാരണസാധ്യതയും കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് സര്‍ഗാത്മകവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീ കൂട്ടായ്മകള്‍ കുറവാണ്. ഈയൊരു സാമൂഹ്യപശ്ചാത്തലത്തിലാണ് മലയാളപ്പെണ്‍കൂട്ടം രൂപം കൊള്ളുന്നത്.
2020 നവംബറിലെ ലോക്ഡൗണ്‍ അന്തരീക്ഷത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളിലൂടെയാണ് ഈ പെണ്‍സംഘം വളര്‍ന്നു വരുന്നത്. വാട്സപ്പ് ഗ്രൂപ്പില്‍ കൃത്യമായി പെണ്‍രാഷ്ട്രീയം പറയുന്ന എഴുതിത്തയ്യാറാക്കിയ ബൈലോയും പതിനഞ്ച് അംഗങ്ങളുള്ള അഡ്മിന്‍ ടീമും കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളിലുള്ളവരും കുടുംബാന്തരീക്ഷത്തിലുള്ളവരും വിദ്യാര്‍ത്ഥിനികളുമൊക്കെ ചേര്‍ന്ന് 240 അംഗങ്ങളുള്ള മെയിന്‍ ടീമും ചേര്‍ന്ന ഘടനയാണ് മലയാളപ്പെണ്‍കൂട്ടത്തിന്‍റേത്. ഇവരില്‍ എഴുത്തുകാരും സാമൂഹിക/ സാംസ്കാരിക പ്രവര്‍ത്തകരും അധ്യാപകരും ഡോക്ടര്‍മാരും നിയമജ്ഞരും മുതല്‍ അസംഘടിതമേഖലയിലെ തൊഴിലാളിസ്ത്രീകളും വിദ്യാര്‍ത്ഥിനികളും ഗവേഷകരുമൊക്കെ അംഗങ്ങളാണ്.
സ്ത്രീകളുടെ ആനന്ദത്തിന്‍റെയും സംവാദത്തിന്‍റെയും ഇടമായിരിക്കുമ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കല്‍ സംവിധാനങ്ങള്‍ ഭാഷയിലും കുടുംബത്തിലും തുടങ്ങി ഔദ്യോഗിക സംവിധാനങ്ങളിലടക്കം പ്രകടിപ്പിക്കുന്ന ലിംഗ- അനീതികളെ ചൂണ്ടിക്കാട്ടാനും പ്രതിരോധിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. രൂപീകൃതമായി കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഭരണഘടനാപരവും ജനാധിപത്യപരവും ആധുനികവുമായ ലിംഗനീതി കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുരോഗമനാത്മകമായ സംവാദസാധ്യതകള്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ മലയാളപ്പെണ്‍കൂട്ടത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ മാസങ്ങങ്ങളിലൊക്കെ ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിന്‍റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ലിംഗപദവിയുമായി ബന്ധപ്പെട്ട് വ്യത്യസ്തവിഷയങ്ങളില്‍ നാല് സംവാദങ്ങള്‍ നടത്തുകയുണ്ടായി. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ഫെമിനിസ്റ്റുകളിലെ അതികായയായ കമലാ ഭാസിന് ആദരമര്‍പ്പിച്ചു കൊണ്ട് സംഘടിച്ച അനുസ്മരണപരിപാടിയും കെ.അജിത, സുജ സൂസന്‍ ജോര്‍ജ്ജ്, പുഷ്പാവതി പൊയ്പ്പാടത്ത് തുടങ്ങി നിരവധി പ്രധാന സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് അവിസ്മരണീയമായിരുന്നു.
പത്രങ്ങളിലെ സ്ത്രീവിരുദ്ധ ഭാഷാപ്രയോങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേരള പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ലിംഗ വിവേചനപരമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചും പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ ലിംഗനീതിയ്ക്കും തുല്യതാബോധത്തിനും പ്രാധാന്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും മൂന്ന് വ്യത്യസ്ത നിവേദനങ്ങള്‍ അധികൃതരുടെ മുന്നിലേക്ക് എത്തിക്കാനും അവയ്ക്ക് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂലമായ തുടര്‍ നടപടികള്‍ ഉണ്ടാക്കി എടുക്കുവാനും മലയാളപ്പെണ്‍കൂട്ടത്തിന് ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.
ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് കേരളപാഠ്യപദ്ധതി അധികം വൈകാതെ തന്നെ നവീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ‘മലയാളപ്പെണ്‍കൂട്ടം’ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രിയ്ക്ക് എന്നിവര്‍ക്ക് ക്രിയാത്മകമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിക്കുകയുണ്ടായത്. ലിംഗനീതിയെക്കുറിച്ചുള്ള ആശയങ്ങളും അവബോധങ്ങളും മുമ്പത്തെക്കാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികകാലത്ത് കേരളത്തിലെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും പാഠപുസ്തകങ്ങളും ഏറ്റവും പുരോഗമനപരവും മാതൃകാപരവും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളും ലക്ഷ്യങ്ങളും പ്രതിഫലിക്കുന്നതും അവ നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ഉള്ളടക്കവും വിനിമയ പ്രക്രിയയും അടങ്ങിയതായിരിക്കണം എന്നതാണ് ഈ നിവേദനം മുന്നോട്ട് വെക്കുന്ന കാതലായ നിര്‍ദ്ദേശം.
സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന നിലവിലുള്ള ഉള്ളടക്കം ഒഴിവാക്കാനും ലിംഗരാഷ്ട്രീയാവബോധം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ കുട്ടികള്‍ ആര്‍ജ്ജിക്കാനും ഉതകുന്ന തരത്തിലുള്ള പതിനാറോളം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത് ലിംഗവിവേചനം പ്രകടമായി പ്രതിഫലിക്കുന്ന ഉള്ളടക്കമുള്ള നിലവിലെ പാഠ്യപദ്ധതിയെയും പാഠപുസ്തകങ്ങളെയും പഠനപ്രക്രിയയകളെയും വിദ്യാലയപ്രവര്‍ത്തനങ്ങളെയും അടിയന്തരമായി ഒരു ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കുക, പാഠ്യപദ്ധതിപരിഷ്കരണ ശില്പശാലകള്‍, പാഠപുസ്തകസമിതി എന്നിവയില്‍ നിലവിലുള്ള അമിതമായ പുരുഷപങ്കാളിത്തം ഒഴിവാക്കി തുല്യാനുപാതത്തിലുള്ള സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തുക, ഇത്തരം സമിതികളില്‍ ക്വിയര്‍ വ്യക്തികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, പാഠ്യപദ്ധതി/പാഠപുസ്തകം എന്നിവയുടെ മേല്‍നോട്ടത്തിനുള്ള വിദഗ്ധസമിതികളില്‍ കേരളത്തിലെ ലിംഗ രാഷ്ട്രീയവബോധമുള്ള അക്കാദമിക്കുകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും തുല്യപ്രാതിനിധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുക, അധ്യാപകര്‍ക്ക് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗുകള്‍ കൊടുക്കുക, ലിംഗാവബോധ പരിശീലനപദ്ധതി അധ്യാപകവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുക, തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്‍റെ പകര്‍പ്പ് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ററി അക്കാഡമിക് ജോയിന്‍റ് ഡയറക്ടര്‍ എന്നിവര്‍ക്കും നല്‍കുകയുണ്ടായി.
എല്ലാവരുടെ ഭാഗത്തു നിന്നും അനുകൂലമായ പിന്തുണയാണ് മലയാളപ്പെണ്‍കൂട്ടത്തിന് ലഭിച്ചത്. പ്രസ്തുത വിഷയത്തില്‍ പ്രയോഗികമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തു നിന്ന് ലഭിക്കുകയുണ്ടായി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ലിംഗനീതീബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ മലയാളപ്പെണ്‍കൂട്ടം സമര്‍പ്പിച്ച ഈ നിവേദനം കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പൊതുസമൂഹവും സംവാദവിധേയമാക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച നിവേദനത്തിന്‍റെ പൂര്‍ണരൂപം ഇതോടൊപ്പം ചേര്‍ക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പിലാവേണ്ട പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് ‘മലയാളപ്പെണ്‍കൂട്ടം’ കൂട്ടായ്മ നല്‍കുന്ന നിവേദനം

സര്‍,
ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് കേരളപാഠ്യപദ്ധതി അധികം വൈകാതെ തന്നെ നവീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയെ ‘മലയാളപ്പെണ്‍കൂട്ടം’ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ലിംഗനീതിയെക്കുറിച്ചുള്ള ആശയങ്ങളും അവബോധങ്ങളും മുമ്പത്തെക്കാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികകാലത്ത് കേരളത്തിലെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും പാഠപുസ്തകങ്ങളും ഏറ്റവും പുരോഗമനപരവും മാതൃകാപരവും ആയിരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളും ലക്ഷ്യങ്ങളും പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും അവ നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ഉള്ളടക്കവും വിനിമയ പ്രക്രിയയും തെരഞ്ഞെടുക്കേണ്ടതുണ്ടെന്നും പാഠ്യപദ്ധതിയുടെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ടല്ലോ.എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14- വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും, ബോധനരീതികളിലും, വിദ്യാലയ അന്തരീക്ഷത്തിലും കാലാനുസൃതമായ ധാരാളം മാറ്റങ്ങള്‍ ഇനിയും വരുത്തേണ്ടതുണ്ട്. അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഈ കത്ത്. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കാനും ലിംഗരാഷ്ട്രീയാവബോധം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ കുട്ടികള്‍ ആര്‍ജ്ജിക്കാനും താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. കേരളത്തില്‍ നിലവിലുള്ളപാഠ്യപദ്ധതിയില്‍ പ്രീപ്രൈമറിതൊട്ട് ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളിലെ വിവിധ പാഠപുസ്തകങ്ങളും ബോധനപ്രക്രിയകളും തീര്‍ത്തും ലിംഗനിരപേക്ഷമായ തരത്തിലല്ല തയ്യാറാക്കിയിട്ടുള്ളത്. ലിംഗവിവേചനസ്വഭാവമുള്ള സമീപനം പലതരത്തില്‍ ഇവയില്‍ സൂക്ഷ്മമായും പ്രകടമായും ഉണ്ട്. കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍, ട്രാന്‍സ് വ്യക്തികള്‍ എന്നിവര്‍ വളരെക്കാലമായി അനുഭവിച്ചു വരുന്ന രണ്ടാംതരം സമീപനവും അനുദിനം കൂടിവരുന്ന ഹിംസാത്മകതയും മാറണമെങ്കില്‍ വിദ്യാഭ്യാസപദ്ധതിയുടെ അടിത്തട്ടുമുതല്‍ തന്നെ ലിംഗപദവീവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന സമീപനം ഉണ്ടാവേണ്ടതാണ്. അതിനാല്‍, നിലവിലുള്ള പാഠ്യപദ്ധതിയെയും പാഠപുസ്തകങ്ങളെയും പഠനപ്രക്രിയയകളെയും വിദ്യാലയപ്രവര്‍ത്തനങ്ങളെയും അടിയന്തരമായി ഒരു ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.

2. നമ്മുടെ വിദ്യാഭ്യാസരംഗം നിലവില്‍ എഴുപതു ശതമാനത്തിലധികം സ്ത്രീപങ്കാളിത്തമുള്ള ഒരു തൊഴില്‍മേഖലയാണെങ്കിലും പാഠ്യപദ്ധതിനവീകരണവുമായി ബന്ധപ്പെട്ട സമിതികളില്‍ നിലവില്‍ വെറും നാമമാത്രമായ സ്ത്രീപ്രാതിനിധ്യമാണുള്ളത്. അതിനാല്‍, പാഠ്യപദ്ധതിപരിഷ്കരണ ശില്പശാലകള്‍,പാഠപുസ്തകസമിതി എന്നിവയില്‍ നിലവിലുള്ള അമിതമായ പുരുഷപങ്കാളിത്തം ഒഴിവാക്കി തുല്യാനുപാതത്തിലുള്ള സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ കഴിയണം. അതോടൊപ്പം ഇത്തരം സമിതികളില്‍ ക്വിയര്‍(ഝൗലലൃ) വ്യക്തികളുടെ പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. പാഠ്യപദ്ധതി/പാഠപുസ്തകം എന്നിവയുടെ മേല്‍നോട്ടത്തിനുള്ള വിദഗ്ധസമിതികളില്‍ കേരളത്തിലെ ലിംഗ രാഷ്ട്രീയവബോധമുള്ള അക്കാദമിക്കുകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുകയും അവരുടെ തെരഞ്ഞെടുപ്പ് ലിംഗപരവും സാമൂഹ്യവുമായ തുല്യപ്രാതിനിധ്യത്തിന്‍റെ അടിസ്ഥാനത്തിലാവുകയും വേണം.

3. പാഠ്യപദ്ധതി നവീകരണത്തോടൊപ്പം വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട മറ്റൊരു പ്രവര്‍ത്തനം അധ്യാപകര്‍ക്കുള്ള ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെയും അതിന്‍റെ ലിംഗരാഷ്ട്രീയ സമീപനത്തെയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിനിമയം ചെയ്യാന്‍, ഈ വിഷയത്തില്‍ പ്രഗത്ഭരായ വ്യക്തികളുടെ പല ഘട്ടങ്ങളായുള്ള മികച്ച പരിശീലന പരിപാടികളിലൂടെ സാധ്യമാവേണ്ടതുണ്ട്. ഇത്തരമൊരു പരിശീലനപദ്ധതി നിര്‍ബന്ധമായും അധ്യാപകവിദ്യാഭ്യാസത്തിന്‍റെയും ഭാഗമാക്കണം.

4. കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ വളരെ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ആണ്‍മേല്‍ക്കോയ്മാമൂല്യങ്ങളെയും അതിന്‍റെ അടിസ്ഥാനത്തിലുള്ള പൊതുബോധത്തെയും അഭിമുഖീകരിക്കാനും പുന:പരിശോധിക്കാനും കഴിയേണ്ടതുണ്ട്. അതിന് ആധുനിക ജനാധിപത്യമൂല്യങ്ങളിലെ പ്രധാന ആശയമായ ലിംഗനീതിയെയും അതിന്‍റെ പഠനമേഖലയായ ലിംഗരാഷ്ട്രീയത്തെയും കുറിച്ചുള്ള അവബോധം രൂപീകരിക്കാനുതകുന്ന തരത്തില്‍ പാഠ്യപദ്ധതി സമീപനം മാറുകയും ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം,ഘടന എന്നിവ പരിഷ്കരിക്കപ്പെടുകയും വേണം.

5. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതും കാല്പനികവത്ക്കരിക്കുന്നതുമായ രചനകള്‍, അവരുടെ അധ്വാനം,സമയം സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികള്‍ പരിചയപ്പെടേണ്ടത്.അതിനുവേണ്ടി വളരെക്കാലമായി നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ/സാമൂഹിക/സാഹിത്യ ചരിത്രങ്ങളില്‍ നിന്നൊക്കെ തമസ്കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ കണ്ടെടുക്കുകയും സാഹിത്യ/ചരിത്ര പാഠങ്ങളില്‍ അവരെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം.മാത്രമല്ല സുരക്ഷയോ പരിരക്ഷയോ ആവശ്യമുള്ള പ്രത്യേകവിഭാഗം എന്നതിലപ്പുറം തുല്യനീതി സങ്കല്പം രൂപപ്പെടേണ്ടത് തുല്യ വ്യക്തികള്‍ എന്ന ആശയത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പാഠഭാഗങ്ങളുടെ ഉള്ളടക്കം ജാതി/മത/വംശ/ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കുമുപരിയായി തുല്യതയോടെ കുട്ടികളെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്.

6. അതുപോലെ, പാഠപുസ്തകങ്ങള്‍ കുട്ടികളുടെ ശരീരം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയിലുള്ള സ്വയം നിര്‍ണ്ണയാവകാശം, സാമ്പത്തികസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുന്ന തരത്തില്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പോലെ തന്നെ പ്രധാനമാണ് അവയുടെ ചിത്രീകരണവും. വ്യവസ്ഥാപിത സ്ത്രീസങ്കല്പങ്ങളെ പുനസൃഷ്ടിക്കുന്നതോ,ശരീരം,മതം, ജാതി, നിറം,ഭാഷ,ദേശം പോലുള്ള വൈവിധ്യങ്ങളെ അധിക്ഷേപിക്കുന്നവയോ ആവരുത് പാഠപുസ്തകങ്ങളിലെ ചിത്രീകരണങ്ങള്‍.

7. ശരീരചലനങ്ങളെ നിയന്ത്രിക്കുന്നതോ ശരീരത്തെക്കുറിച്ചുള്ള ഭയങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതോ ആയ യൂണിഫോമുകള്‍ ആണ് നിലവില്‍ പെണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. അനായാസ ചലനത്തിന് സഹായകമായതും, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുതകുന്നതും വ്യക്തികള്‍ എന്ന നിലയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായ, ജെന്‍ഡര്‍ ന്യൂട്രലായ യൂണിഫോമുകള്‍ നടപ്പില്‍ വരുത്തണം. പ്രൈമറി ക്ലാസില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി ഇതിന് തുടക്കം കുറിക്കാവുന്നതാണ്.

8. പാഠ്യപദ്ധതി,വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍, അനുബന്ധമാര്‍ഗ്ഗരേഖകള്‍, പാഠപുസ്തകങ്ങള്‍ എന്നിവയ്ക്ക് പുറമേ വിദ്യാലയാന്തരീക്ഷത്തിലും അതിന്‍റെ ഭാഗമായ സ്കൂള്‍ ഡയറികളിലും മറ്റും യാതൊരു കാരണവശാലും ലിംഗവിവേചനമോ ലിംഗപരമായ ചായ്വോ പ്രകടമാവുന്ന ഭാഷാപ്രയോഗങ്ങള്‍ അനുവദിക്കാതിരിക്കാനുള്ള കര്‍ശനനടപടികള്‍ കൈക്കൊള്ളണം.

9. പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമായും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെ ക്കൂടി അഭിസംബോധന ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന തരത്തില്‍ പരിഷ്കരിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചും ഹെറ്ററോ/ ഹോമോ ലൈംഗികതയെക്കുറിച്ചുമുള്ള പാഠങ്ങള്‍ ജീവശാസ്ത്ര പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഇത് പഠിപ്പിക്കുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം കൊടുക്കുകയും ചെയ്യണം. ഇതോടൊപ്പം ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥരായ ആളുകളുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ കുട്ടികളിലെത്തിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാക്കണം.

10. കായിക വിനോദങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്ന പ്രവണത സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ശാരീരിക ആരോഗ്യവും കായികക്ഷമതയും ആത്മവിശ്വാസവും സംഘബോധവും വളര്‍ത്താനുതകുന്ന കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും ആയോധനമുറകള്‍ ശീലിക്കാനുമുള്ള സൗകര്യം നിര്‍ബന്ധമായും സ്കൂളുകളില്‍ ഏര്‍പ്പെടുത്തുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ചേര്‍ന്നു തന്നെ ഇത്തരം വിനോദങ്ങളിലും പരിശീലനങ്ങളിലും ഏര്‍പ്പെടാനുള്ള അവസരം സ്കൂളുകളില്‍ ഉണ്ടാവേണ്ടതാണ്. സംഘം ചേര്‍ന്ന് കളികളിലേര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ ശരീരം മാത്രമല്ലെന്ന ബോധം ആണ്‍കുട്ടികള്‍ക്കും ശരീരവുമായി ബന്ധപ്പെട്ട അപകര്‍ഷതയില്‍ നിന്നുള്ള മോചനം പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നു. കായികവിനോദങ്ങളില്‍ പെണ്‍കുട്ടികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവുകയും അതിനുള്ള ബോധവല്‍ക്കരണം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുകയും ചെയ്യണം. നിലവില്‍ ആഴ്ച്ചയില്‍ ഒരിക്കലുള്ള പി.ടി. പീരിയഡുകള്‍ പോലും പല സ്കൂളുകളിലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഇത് അടിയന്തിരമായി പരിഹരിക്കപ്പെടുകയും എല്ലാ ദിവസവും നിശ്ചിതസമയം കായിക വിനോദങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്യണം.

11. കുട്ടികള്‍ നേരിടുന്ന ശാരീരികാതിക്രമങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും അവരുടെ മാനസിക ശാരീരിക ആരോഗ്യം ശ്രദ്ധിക്കുന്നതിനുമായി സ്കൂളുകളില്‍ കൗണ്‍സിലര്‍/ സൈക്കോളജിസ്റ്റുകള്‍ തസ്തികകള്‍ ഉണ്ടാവുകയും അവയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ തന്നെ നിയമിക്കപ്പെടുകയും വേണം.ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ ഫലപ്രദമായ തരത്തില്‍ത്തന്നെ നിര്‍ബന്ധമായും ലഭ്യമാക്കണം.

12. ചൂഷണങ്ങളെ നിയമപരമായി നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവകാശാധിഷ്ഠിത വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തി കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും ഇന്ത്യന്‍ നിയമവ്യവസ്ഥയെ പ്പറ്റിയുമുള്ള സാമാന്യാവബോധം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയണം. കുട്ടികളില്‍ നിയമവിജ്ഞാനം എത്തിക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കണം. ഹൈസ്കൂള്‍ക്ലാസ് മുതല്‍ പോക്സോ നിയമത്തെക്കുറിച്ചും സാമൂഹ്യപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം.

13. കുട്ടികളുമായി ഏറ്റവും അധികം ഇടപെടുന്നവര്‍ എന്ന നിലയില്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ററി തലം വരെയുള്ള എല്ലാ അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാര്‍, വാഹനഡ്രൈവര്‍, പാചകത്തൊഴിലാളികള്‍ അടക്കമുള്ള എല്ലാ അനധ്യാപകര്‍ക്കും ജെന്‍ഡര്‍ സെന്‍സിറ്റീവ് അവബോധവും പോക്സോ നിയമത്തെക്കുറിച്ചുള്ള സാമാന്യധാരണയും നല്‍കാന്‍ കഴിയണം. പരിശീലനങ്ങള്‍ എല്ലാവര്‍ക്കും കിട്ടി എന്ന് ഉറപ്പാക്കുകയും എല്ലാ വര്‍ഷവും അതിന് തുടര്‍ച്ചയുണ്ടാക്കുകയും വേണം.

14. ബഹുസ്വരവും മിശ്രിത സ്വഭാവമുള്ളതുമായ ഒരു സമൂഹത്തില്‍ ഇടപഴകി ജീവിച്ചാണ് കുട്ടികള്‍ വ്യക്തിത്വമാര്‍ജ്ജിക്കേണ്ടത്.അതിനാല്‍ മതം/ജാതി/ലിംഗം തുടങ്ങി പലതരത്തില്‍ കുട്ടികളെ വര്‍ഗ്ഗീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കേണ്ടതുണ്ട്. പ്രത്യേക കാറ്റഗറിയിലുള്ള ഗേള്‍സ്/ ബോയ്സ് സ്കൂളുകള്‍ നിര്‍ത്തലാക്കി അവ മിക്സഡ് സ്കൂളുകള്‍ ആക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം.

15. ഒരു ജനാധിപത്യ സംവിധാനത്തില്‍ അതിന്‍റെ ഭരണഘടനയിലാണ് കുട്ടികള്‍/പൗരന്മാര്‍ ആദ്യവും ആത്യന്തികവുമായി വിശ്വാസമര്‍പ്പിക്കേണ്ടത് എന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയിലെ ചിലഭാഗങ്ങള്‍ വായിച്ചു കൊണ്ട് സ്കൂളുകളിലെ ഓരോ ദിവസവും ആരംഭിക്കാവുന്നതാണ്. മതപരമായ പ്രാര്‍ത്ഥനകള്‍ പൂര്‍ണമായും സ്കൂളില്‍നിന്ന് ഒഴിവാക്കപ്പെടണം. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ആശയങ്ങള്‍ ചെറിയ ക്ലാസ്സുകള്‍ മുതല്‍ കുട്ടികളിലേക്കെത്തുന്ന വിധത്തില്‍ ഭരണഘടന പ്രധാന പാഠഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെടുകയും വേണം.മതപാഠങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തുകയും മതപരമായ ഉള്ളടക്കങ്ങള്‍, ജാതി സമ്പ്രദായം തുടങ്ങിയവയെ അനുകരണീയ മാതൃകകളായി അവതരിപ്പിക്കുന്ന സാഹിത്യപാഠങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയും വേണം. മതപ്രാര്‍ത്ഥനകള്‍ ,മതപരമായ സംബോധനകള്‍ തുടങ്ങിയവയും വിദ്യാലയങ്ങളില്‍ അനുവദിക്കരുത്. വിദ്യാലയങ്ങളുടെ പേരുകളോടൊപ്പമുള്ള മതപരവും ജാതീയവുമായ വിശേഷണങ്ങള്‍ നിര്‍ത്തലാക്കുക. പ്രത്യേകിച്ചും സര്‍ക്കാര്‍/എയിഡഡ് സ്കൂളുകള്‍ (ഉദാ: ഹിന്ദു സ്കൂള്‍ ,മുസ്ലിം സ്കൂള്‍, മാപ്പിള സ്കൂള്‍ തുടങ്ങിയവ)

16. ചുരുക്കത്തില്‍, പ്രാഥമികമായും ആത്യന്തികമായും മനുഷ്യന്‍/ പൗരന്‍ എന്നീ പദങ്ങളെയും ആശയങ്ങളെയും ലിംഗപദവീവ്യത്യാസമോ അധികാരപദവീവ്യത്യാസമോ ഇല്ലാതെ പൊതുലിംഗപദവി എന്ന നിലയില്‍ത്തന്നെ നിര്‍ബന്ധമായും കണക്കിലെടുത്തുകൊണ്ട്, എല്ലാ മനുഷ്യര്‍ക്കും വിവേചനരഹിതമായി വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വിനിയോഗിക്കാവുന്നതുമായ സമൂഹം സാധ്യമാക്കാനുതകുന്ന തരത്തിലുള്ള ഒരു പാഠ്യപദ്ധതിയാണ് നടപ്പിലാവേണ്ടത്.

ഇന്ത്യന്‍ ഭരണഘടന ഓരോ വ്യക്തിക്കും ഉറപ്പുതരുന്ന തുല്യതയ്ക്കുള്ള അവകാശത്തെ മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കിയിട്ടുള്ള ഈ നിര്‍ദ്ദേശങ്ങള്‍ കേരളസര്‍ക്കാരും പൊതുവിദ്യാഭ്യാസവകുപ്പും താത്പര്യപൂര്‍വ്വം പരിഗണിക്കുകയും, അനുകൂലവും ജനാധിപത്യപരവുമായ നടപടികള്‍ പെട്ടെന്നു തന്നെ കൈക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.

വിശ്വാസപൂര്‍വ്വം
‘മലയാളപ്പെണ്‍കൂട്ടം’ എന്ന കേരളത്തിലെ പെണ്‍കൂട്ടായ്മയ്ക്ക് വേണ്ടി

 

 

വി.എം.സുജിലാറാണി
ഹയര്‍സെക്കന്‍ഡറി അധ്യാപിക
എറണാകുളം

COMMENTS

COMMENT WITH EMAIL: 0