ഓര്‍മ്മയില്‍ ഇല്ലെങ്കിലും പറഞ്ഞു കേട്ടതു വച്ച് ഞാനാദ്യമായി കാണുന്ന സീരിയല്‍ ജ്വാലയായ് ആണ്. വൈകുന്നേരം പണിയെല്ലാം ഒതുക്കിയിട്ട് രണ്ടുപേരും ഒപ്പം ഞാനും ടി വിയ്ക്ക് മുന്നില്‍ എത്തുമായിരുന്നു. ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും സൂര്യയിലും കൈരളിയിലുമൊക്കെയായി എത്രയെത്ര സീരിയലുകള്‍. പലപ്പോഴും അച്ഛന്‍ എത്തുമ്പോ ഞാനും അമ്മയും അമ്മച്ചിയും അനിയത്തിയുമൊക്കെ സീരിയല്‍ നിര്‍ത്തി നാലുപാടും ഓടുമായിരുന്നു. വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഒരു സിനിമ പോലും ഒറ്റയിരുപ്പില്‍ കാണാന്‍ പറ്റാറില്ല.കറിക്കരിയുമ്പോ, കറി ഇളക്കുന്നതിന്‍റെയിടയ്ക്ക്, ചപ്പാത്തി പരത്തുമ്പോ ഒക്കെ അവിടെയും ഇവിടെയും കണ്ടാണ് സിനിമാ മോഹങ്ങളൊക്കെ തൃപ്തിപ്പെടുന്നത്. അതുകൊണ്ട് തന്നെ അര മണിക്കൂര്‍ സീരിയലിന് ഗാര്‍ഹിക പരിസരങ്ങളില്‍ സ്വീകാര്യതയുണ്ട്.കണ്ണീര്‍ സീരിയലുകളെന്നും മറ്റും കളിയാക്കുമ്പോള്‍ ആ സമയത്തു കൂടി എന്തെങ്കിലും പണി ചെയ്ത് സ്ത്രീകളുടെ അധ്വാനശേഷി പാഴായി പോകാതിരിക്കാന്‍ സമൂഹം കാണിക്കുന്ന ജാഗ്രതയാണ് മനസ്സില്‍ തെളിയുന്നത്. ക്രിക്കറ്റ് മാച്ചുകളുടെ കാലത്ത് പ്രധാനപ്പെട്ടതെല്ലാം മാറ്റി വച്ച് വീട്ടിലെ ആണുങ്ങള്‍ ക്രിക്കറ്റ് കാണുമ്പോ സീരിയല്‍ കാണുന്നത് വില കെട്ട പണിയായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേസമയം, ഈ വിലകെട്ട പരിപാടിക്കാകട്ടെ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും വിമര്‍ശനങ്ങളും ബാധകമല്ല. ഈ ചിന്തകളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് സീരിയല്‍ വിചാരങ്ങള്‍ ആരംഭിക്കുന്നത്.
സീരിയലിനെക്കുറിച്ച് യാതൊരു സംശയവുമില്ലാത്ത ഒന്നാമത്തെ വസ്തുത അത് സ്ത്രീകളുടെ മേഖലയാണെന്നാണ്. എങ്ങനെയാണ് അത് സ്ത്രീകളുടെ വിഷയമാകുന്നത്? ഒരു കലാ വ്യവസായം എന്ന നിലയില്‍ മുതല്‍മുടക്കുന്നതും ഒരുക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ ഭൂരിഭാഗം ആണുങ്ങളാണ്. അഭിനയിക്കുന്നതില്‍ ആണും പെണ്ണും ഏകദേശം ഒരുപോലെ . കഥ ആണിന്‍റേതാണ്, സംഭാഷണങ്ങള്‍ ആണിന്‍റേതാണ്.പിന്നെങ്ങനാണ് അത് സ്ത്രീയുടെ വിഷയമാകുന്നത്? രണ്ട് കാരണങ്ങളാണ്. ഒന്ന് ഇത് സ്ത്രീകളെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്, സ്ത്രീജനങ്ങള്‍ക്ക്, അമ്മമാര്‍ക്ക്, ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള അമ്മ പെങ്ങന്മാര്‍ക്ക് എന്നൊക്കെ പറഞ്ഞാണ് പരസ്യം വരുക. രണ്ട്, കഥയിലെ ഏറ്റവും വലിയ നന്മ മരവും തിന്മ മരവും സ്ത്രീകളായിരിക്കും. മലയാളത്തിലെ മിക്ക സീരിയലുകളിലും ആണുങ്ങള്‍ വെറുതേ ഫില്ലേഴ്സ് ആയി നില്‍ക്കുന്നതാണ് തോന്നുന്നത്. സ്വന്തമായി ഒരു നിലപാടുമില്ലാത്ത ഈ നന്മതിന്മ മരങ്ങള്‍ക്ക് ഒത്ത് പ്രതികരിക്കുന്നവര്‍. ആദാമിന്‍റെ സന്തതികള്‍.
കേരളത്തിലെ ഒരു വലിയ വിഭാഗം സ്ത്രീജനങ്ങളുടേയും ഗാര്‍ഹികാവസ്ഥകള്‍ പരസ്പരം പൊരുത്തമുള്ളതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.തൊഴിലുറപ്പിന് പോകുന്ന സ്ത്രീയായാലും വീട്ടുജോലിയ്ക്ക് പോകുന്ന സ്ത്രീയായാലും സര്‍ക്കാര്‍ ജീവനക്കാരിയായ സ്ത്രീയായാലും പല സാമ്പത്തിക സാഹചര്യങ്ങള്‍ക്കുള്ളിലും ഏകദേശം ഒരേ ജീവിതമാണ് ഇവര്‍ നയിക്കുന്നത്, ഒരേ ജോലികള്‍, ഒരേ ആശങ്കകള്‍ .ഇത് തുല്യതയുടെ വിഷയമല്ല, മറിച്ച് കേരളത്തിന്‍റെ ആണധികാര വ്യവസ്ഥ പല തരം നവോത്ഥാനങ്ങള്‍ക്കിടയിലൂടെ ശക്തമായി പണിതെടുത്ത് പ്രചരിപ്പിക്കുക്കുന്നതാണ്.പല മതങ്ങള്‍, പലജാതികള്‍, പല സാമ്പത്തിക ശ്രേണികള്‍ ഇതിലെല്ലാം ഒരേപോലെ കീഴാളമായി സ്ത്രീയവസ്ഥയെ കാണുന്നത് ചില്ലറ കാര്യമല്ലല്ലോ. ഒരു നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത സ്ത്രീയ്ക്കും ഡോക്ട്രേറ്റുള്ള സ്ത്രീയ്ക്കും ഒരുപോലെ ചിന്തിക്കാന്‍ സാധിക്കുന്നത് അത്ഭുതം തോന്നുന്ന കാര്യമാണ്.ഒരു അമ്പലത്തിലേയ്ക്കോ പള്ളിയിലേയ്ക്കോ ധ്യാനകേന്ദ്രത്തിലേയ്ക്കോ കൗണ്‍സിലിംഗ് സെന്‍ററിലേയ്ക്കോ പോവുക, അവിടെയെത്തുന്ന സ്ത്രീകളുടെ പ്രധാന ആവശ്യങ്ങള്‍ പരാതികള്‍ കേള്‍ക്കുക, ഒരു സാധാരണ മലയാളിയെന്ന നിലയില്‍ ചിലതെനിക്ക് ലിസ്റ്റ് ചെയ്യാന്‍ പറ്റും.
* എന്‍റെ 24 + മകന്‍റെ/ മകളുടെ കല്യാണം നടക്കുന്നില്ല
* ഭര്‍ത്താവിന്‍റെ അമിത കുടി/ ലഹരി ഉപയോഗം,
* മകള്‍/ മകന്‍ ILTS പാസാകണം
* ജോലി കിട്ടണം (മിക്കവാറും ) എനിക്കല്ലാ, എന്‍റെ മോന്, മോള്‍ക്ക്
* എനിക്ക്, എന്‍റെ മകന്, എന്‍റെ മോള്‍ക്ക് കുട്ടികളുണ്ടാകുന്നില്ല
ഭര്‍ത്താവിന്‍റെ കടം തീരാന്‍ കരഞ്ഞു നിലവിളിച്ചു പ്രാര്‍ത്ഥിക്കുന്ന, മോളെ കെട്ടിച്ചതിന്‍റെ കടം തീരാന്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന അമ്മമാരെ ഞാന്‍ പള്ളികളില്‍ കണ്ടിട്ടുണ്ട്. എങ്ങനെയാണ് കേരളത്തിലെ ഒരു വലിയ കൂട്ടം സ്ത്രീകളുടെ ആഗ്രഹങ്ങള്‍ ഇങ്ങനെയാകുന്നത്.ഇതില്‍ വലിയ റോള്‍ സീരിയലുകള്‍ക്കുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തിലെ കുടുംബങ്ങള്‍ അതതിന്‍റെ ഘടനയില്‍ തന്നെ സ്ത്രീവിരുദ്ധമായിത്തുടരുന്നത് എടുത്തു കാണാം മലയാള സീരിയലില്‍. മലയാള സിനിമ പഴയ തഴക്കങ്ങളൊക്കെ ഒരു പരിധി വരെ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും മലയാള സീരിയലുകളില്‍ ഈ മാറ്റം സംഭവിക്കുന്നില്ല. ആരൊക്കെയോ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നിലനിര്‍ത്തിക്കൊണ്ട് പോകുന്നതു പോലെ.
കേരളത്തിലെ പ്രേക്ഷകരുടെ വ്യാപകമായ കാഴ്ചാ ശീലങ്ങള്‍ മലയാള സീരിയല്‍ കൊണ്ട് മാത്രം തൃപ്തിപ്പെടുന്നതല്ല. കൊറിയന്‍ പോലുള്ള വിദേശഭാഷാ സീരിയലുകള്‍, ഹിന്ദി തമിഴ് സീരിയലുകള്‍ എന്നിങ്ങനെ പലതും ഇവിടെ കയറി ഇറങ്ങുന്നുണ്ട്.മലയാള സീരിയലുകളില്‍ ഇവയുടെ സ്വാധീനം കാണാം. ഉച്ച സമയങ്ങളില്‍ സൂര്യാ ടിവിയിലും മറ്റും മലയാളം ഡബ് ചെയ്ത തമിഴ് സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാറുണ്ടായിരുന്നു.പല തമിഴ് സീരിയലുകളുടേയും കഥ സ്വീകരിച്ച് മലയാള സീരിയലുകള്‍ തുടങ്ങിയിട്ടുണ്ട്. ഹിന്ദി സീരിയലുകള്‍ കാണുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. ഹിന്ദി സീരിയലുകള്‍ കണ്ട് ഹിന്ദി പഠിച്ചവര്‍. തമിഴ്, മലയാളം സീരിയലുകളെ സംബന്ധിച്ച് ഹിന്ദി സീരിയല്‍ ഒരു ആഡംബരക്കാഴ്ചയാണ്. വലിയ കൊട്ടാരം പോലുള്ള വീടുകള്‍, ആവശ്യത്തിലധികം അണിഞ്ഞൊരുക്കിയ സുന്ദരിമാര്‍, സാധാരണക്കാരെപ്പോഴും അത്ഭുതപ്പെടുന്ന തരം ഗുലുമാലുകള്‍.. ഇങ്ങനെ ഹിന്ദി സീരിയലുകള്‍ സൃഷ്ടിക്കുന്ന വലയം ചില്ലറയൊന്നുമല്ല, മലയാള സീരിയലില്‍ വരെ അവ സ്വാധീനം ചെലുത്തുന്നുണ്ട്.ഒരു കാലം വരെ മലയാള സീരിയലിലെ ശക്തനും സമ്പന്നനുമായ നായകന്‍ ഒന്നുകില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരിക്കാം. ഡോക്ടറോ മറ്റ് സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരോ ആകാം. ഇന്ന് മലയാളത്തിലുള്ള നായകന്‍മാര്‍ മിക്കവരും വന്‍ ബിസിനസ് ടൈക്കൂണുകളാണ്. ഈയടുത്തായി ശ്രദ്ധിച്ചു തുടങ്ങിയ മറ്റൊരു കാര്യം,ഇന്നത്തെ മലയാള സീരിയലുകളില്‍ മിക്കതും ഒരു ഹൈന്ദവകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് നില്‍ക്കുന്നത്.ഈ സീരിയലുകളിലൊക്കെ അമിത പ്രാധാന്യം മതത്തിനും മതാചാരങ്ങള്‍ക്കും കൈവരുന്നുണ്ട്. ഹിന്ദിയില്‍ ഉത്തമമരുമകളുടെ പ്രധാന ജോലി എന്തെങ്കിലും പൂജ നടത്തുകയായിരിക്കും. കേരളത്തിലും ഇപ്പോള്‍ പതിവില്ലാത്തതിലധികം പൂജ തുടങ്ങിയിട്ടുണ്ട്. വന്‍ ബിസിനസ് ടൈക്കൂണിന്‍റെ വീട്ടില്‍ അമ്മയ്ക്കും ഭാര്യയ്ക്കും പൂജ നടത്തലാണ് പ്രധാന ഹോബി.കൂടാതെ, ഫാമിലി ഡോക്ടറിനെപ്പോലെ ഒരു ഫാമിലി പൂജാരിയുമുണ്ട് ഇതിനിടയ്ക്ക്. ദൈവവിശ്വാസം നായകന് തീരെയുണ്ടാവാറില്ല. പിന്നെ ഭാര്യ വേണം ഭര്‍ത്താവിനെ ദൈവ വിശ്വാസിയാക്കി മാറ്റാന്‍ .ഈ ഉത്തരേന്ത്യന്‍ ഹിന്ദി സീരിയലുകളിലെ അബദ്ധങ്ങള്‍ എത്ര എളുപ്പത്തിലാണ് മലയാളികള്‍ ആസ്വദിക്കുന്നതെന്ന് അതിശയിക്കേണ്ടിയിരിക്കുന്നു. അതില്‍ വലിയ പങ്ക് ഇത് സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. മറ്റൊരു രസകരമായ കാര്യം എന്താന്ന് വച്ചാല്‍ പ്രധാനപ്പെട്ട ചില സംഗതികളെപ്പറ്റി ഈ സീരിയലുകള്‍ പുലര്‍ത്തുന്ന മൗനമാണ്. ഉദാഹരണം ജാതിയാണ്.കേരളത്തിലെ സ്ഥിരം ശീലം പോലെ ജാതി ഇവിടെ നിലനില്‍ക്കുന്നേയില്ലന്ന് തോന്നിപ്പിക്കുമെങ്കിലും ജാതി അടിയില്‍ പ്രവര്‍ത്തിക്കുന്നത് കാണാം. മറ്റൊന്ന് ഫെമിനിസം പറയുന്നുവെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഉള്ള പങ്കാണ്. ഫെമിനിസത്തെ സംബന്ധിച്ച് എത്രയധികം തെറ്റിദ്ധാരണകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. നായികയെ കാണുമ്പോള്‍, നായികയുടെ പോരാട്ടം കാണുമ്പോ ഫെമിനിസം ആണെന്ന് നമ്മള്‍ കരുതുകയും നായകനിലും അമ്മായിയമ്മയിലും എത്തുമ്പോ ആ ധാരണ തകരുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സീരിയലുകളുടെ ഏവും വലിയ ശത്രു ഫെമിനിസമാണെന്ന് എപ്പോഴും തോന്നിട്ടുണ്ട്, തിരിച്ചും. ഈയടുത്ത് മലയാളത്തിലെ ഒരു ജനപ്രിയ സീരിയലിനെ അനലൈസ് ചെയ്ത ഒരു യൂട്യൂബര്‍ എങ്ങനെയാണ് അടിസ്ഥാന ആവശ്യങ്ങളുന്നയിക്കുന്ന സ്ത്രീകള്‍ വില്ലത്തികളായി മലയാളിയുടെ പൊതുബോധത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് എന്ന് അത്ഭുതപ്പെടുന്നുണ്ട്.ജാതി ലിംഗം മതം രാഷ്ട്രീയം തുടങ്ങിയവ സംബന്ധിച്ച പ്രശ്നങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നും മുന്നോട്ട് വയ്ക്കുന്നതേയില്ല. ആളുകളെ ഒരാലസ്യത്തില്‍ തുടര്‍ന്ന് പോകാന്‍ അനുവദിക്കുകയും തങ്ങള്‍ നേരിടുന്ന അനീതികള്‍ കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. സീരിയലുകള്‍ പോലെ തന്നെ ആളുകളെ സ്വാധീനിക്കുന്ന ധാരാളം റിയാലിറ്റി ഷോകളും കോമഡി ഷോകളും പ്രചാരത്തിലുണ്ട്.ഇവയെല്ലാം ചേര്‍ന്നാണ് കേരളത്തിലെ ഒരു ഭൂരിഭാഗം ജനത്തെ പല തരത്തില്‍ സ്വാധീനിക്കുന്നത്. നിങ്ങളനുഭവിക്കുന്ന അനീതികളെ പുഞ്ചിരിയോടെ സഹിക്കുവാനും ക്ഷമിക്കുവാനും അകപ്പെട്ടുപോയ ജീവിതാവസ്ഥകളില്‍ സംതൃപ്തിയോടെ കുടുങ്ങിക്കിടക്കാനും നമ്മുടെ മാതൃകാ കഥാപാത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ചുറ്റുമുള്ള സംഭവങ്ങള്‍, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ഇതിനിടയിലും കണ്ണുമൂടിക്കെട്ടി സ്വര്‍ഗ്ഗസുന്ദരജീവിതം ഭാവന ചെയ്ത് ജീവിക്കാന്‍ സീരിയലുകള്‍ നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
മിഷല്‍ മരിയ ജോണ്‍സണ്‍
ഗവേഷക, കോട്ടയം
COMMENTS