ജിയോ ബേബി സംവിധാനം ചെയ്ത് OTT പ്ലാറ്റ്ഫോമില്‍ റീലിസായ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള ‘ ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ്. സമീപകാലത്ത് റിലീസ് ചെയ്ത ‘ഥപ്പഡ് ‘, ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ തുടങ്ങിയ സിനിമകളും വിവാഹത്തിനു ശേഷം കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. കാലങ്ങളായി തുടരുന്ന ഇത്തരം സ്ത്രീ ജീവിത സംവാദങ്ങള്‍ക്കിടയിലാണ് ഭൂരിഭാഗം സ്ത്രീകളും അവരവര്‍ക്കു വേണ്ടിയല്ലാത്ത ജീവിതം ഇപ്പോഴും നയിച്ചുക്കൊണ്ടിരിക്കുന്നത്.
ഒരു സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കല്‍, അഥവാ, ഒരു സ്ത്രീയും പുരുഷനും അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക എന്നതാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ സഹകരണവും ഒരുമിച്ച് താമസിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടലും വിവാഹബന്ധത്തിലെ മൗലികമായ ആവശ്യമാണ്. ഇക്കാലത്ത് സ്ത്രീയും പുരുഷനും മാത്രമല്ല മറ്റു ലിംഗ സമൂഹങ്ങളും വിവാഹം ചെയ്ത് ജീവിക്കുന്നുണ്ട്. എന്നാല്‍ പൊതുസമൂഹം അതിനെ ഒരു മാതൃക കുടുംബമായി പരിഗണിക്കുന്നില്ല. ഒരു വിവാഹ ബന്ധത്തില്‍ ഒരു സ്ത്രീയ്ക്ക് അഥവാ സ്ത്രീയുടെ പദവിയിലുള്ളവര്‍ക്ക് വീടിനകത്തും പുറത്തും ശാരീരികമായും മാനസികമായും നിര്‍വചിക്കപ്പെടാത്ത ബാധ്യതകളും വിലക്കുകളും പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ലിംഗനീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലിംഗാധിഷ്ഠിതമായ വിവേചനം ഉന്മൂലനം ചെയ്യുക എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപരമായ ധര്‍മമാണ്. സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നമ്മുടെ ഭരണഘടനയുടെ ശില്പിയായ ഡോ.ബി.ആര്‍. അംബേദ്ക്കര്‍ ക്രിയാത്മകമായ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പദവികളില്‍ എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും അവര്‍ക്കു തുല്യപങ്കാളിത്തവും, അവരുടെ അന്തസ്സിനും അഭിമാനത്തിനും സുരക്ഷയും ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് വിപരീതമായ അവസ്ഥകളാണ് സ്ത്രീകള്‍ക്ക് പൊതു സമൂഹത്തിലും കുടുംബത്തിലും നേരിടേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് അനുകൂലമായ പ്രധാനപ്പെട്ട ചില കോടതി വിധികള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ശബരിമലയിലെ ആരാധനാ സ്വാതന്ത്ര്യവും വീട്ടുജോലിക്കുള്ള വേതനവും വിവാഹ പ്രായം ഉയര്‍ത്തലുമെല്ലാം സ്ത്രീ സമൂഹം വളരെയധികം പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ മനുസ്മൃതിയെ ഉദ്ധരിച്ചു കൊണ്ടുള്ള കോടതി വിധികളും കേള്‍ക്കുകയുണ്ടായി. പുരുഷാധിപത്യസമൂഹം സുപ്രീംകോടതി വിധികളെ പോലും വെല്ലുവിളിക്കുകയും സ്ത്രീകളെത്തന്നെ അവര്‍ക്കെതിരെ സംഘടിപ്പിച്ച് നിരന്തരം തടസ്സങ്ങളേര്‍പ്പെടുത്തുകയും അത്തരം വിധികള്‍ മരവിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. ഇത് പരമോന്നത നീതിപീഠത്തെപ്പോലും വെല്ലുവിളിക്കാനുള്ള ആണധികാരമെന്ന അപ്രമാദിത്വമാണ്.
ഒരു സ്ത്രീയെ സംബന്ധിച്ച് അടുക്കള- കുടുംബം -ആര്‍ത്തവം – ലൈംഗികത- സമൂഹം എന്നിവ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന വിഷയങ്ങളാകുന്നു. സ്ത്രീകള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ശാരീരിക പ്രക്രിയയായ ആര്‍ത്തവം ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഒരു സാമൂഹിക വിഷയമായി മാറി കേരളം കൊടുമ്പിരി കൊണ്ട കാലത്തെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതിലൂടെ സ്ത്രീകള്‍ക്ക് അനുകൂലമായൊരു നിലപാട് ഉന്നയിക്കാന്‍ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ മുഖ്യധാര സിനിമകള്‍ പരിഗണിക്കാത്ത, വളരെക്കാലം കേരളത്തെ കലുഷമാക്കിയിരുന്ന, ചാരം മൂടിയ കനല്‍ക്കട്ട പോലെ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിന്‍റെ രാഷ്ട്രീയം ഒരു അടുക്കളക്കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നു. ഒരു പ്രത്യേക വിഷയം കൈകാര്യം ചെയ്തതുകൊണ്ടു മാത്രമല്ല ആഖ്യാനത്തിലെ പുതുമകള്‍ കൊണ്ടു കൂടിയാണ് ഒരു ചലച്ചിത്രം ശ്രദ്ധിക്കപ്പെടുന്നത്.ശാസ്ത്രത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത് എന്നത് ഉചിതവും സ്വാഗതം ചെയ്യപ്പെടേണ്ടതുമായ വസ്തുതയാകുന്നു. ശാസ്ത്ര പുരോഗതിയുടെ നാഴികക്കല്ലായ സിനിമ എന്ന ജനകീയകലാരൂപത്തെ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ പിറവിക്ക് കാരണമായ ശാസ്ത്രത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നത് സിനിമാചരിത്രത്തില്‍ നടാടെയാണ്. മാത്രമല്ല സിനിമയുടെ ഉള്ളടക്കവുമായി ബന്ധിപ്പിക്കാനുള്ള സംവിധാകന്‍റെ ബോധപൂര്‍വമായ ഒരു ശ്രമമായി അതിനെ കാണാവുന്നതാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം സ്ത്രീലൈംഗികതയാണ്. സെക്സ് ആണിനെ കേന്ദ്രീകരിച്ചുള്ളതും അവനു മാത്രം ആസ്വദിക്കാനുള്ളതുമായ ഒരു സംഗതിയായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ പുരുഷനും സ്ത്രീക്കും അത് വ്യത്യസ്തമാണെന്നും ലൈംഗികതയെക്കുറിച്ച് അവബോധവും സ്വതന്ത്ര സങ്കല്പവുമുള്ള സ്ത്രീയെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന പുരുഷന്‍റെ അസഹിഷ്ണുതയെയുമാണ് സിനിമയില്‍ കിടപ്പറ രംഗത്തിലൂടെ നിമിഷയും സുരാജും ചെയ്ത കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ദലിത്ആക്റ്റിവിസ്റ്റും കവിയുമായ മൃദുലദേവി പാളുവ (പറയ) ഭാഷയില്‍ എഴുതിയ ടൈറ്റില്‍ ഗാനമാണ്. ‘ഒരു കൊടം പാറ്’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ പി.കെ. റോസിക്കു ശേഷം അദൃശ്യമായി തുടരുന്ന ദലിത് സ്ത്രീ പ്രതിനിധാനമായി മൃദുല അടയാളപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പല പുതുമകളും ഉള്ളടക്കം ചെയ്ത് നിലവിലുള്ള സ്റ്റീരിയോടൈപ്പ് മാതൃകകളെ തകര്‍ക്കുന്ന ഒരു സിനിമയായിട്ടു വേണം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ‘ സിനിമയെ വിലയിരുത്തേണ്ടത്. എന്നാല്‍ കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീസ്വാതന്ത്ര്യം പ്രധാനപ്രമേയമായി ആവിഷ്കരിക്കപ്പെട്ട മറ്റു പല സിനിമകളില്‍ നിന്ന് ഈ സിനിമ അതിന്‍റെ പ്രമേയത്തില്‍ പതിവു രീതികളെ തന്നെ പിന്തുടരുകയാണ് ചെയ്യുന്നത്. മാത്രമല്ല ദൃശ്യവത്കരിക്കേണ്ടിയിരുന്ന ഇടങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാതിരിക്കാന്‍ കണിശമായി ശ്രദ്ധിക്കുന്നുമുണ്ട്.
ഓരോ സ്ത്രീയും വ്യത്യസ്തരാണ് എന്നതു പോലെ ഓരോ അടുക്കളയും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. അവിടെ പൊതുവായുള്ളത് ആണധികാരത്തിന്‍റെ കല്പനകളും വ്യവസ്ഥിതിയുടെ നിയമങ്ങളുമായിരിക്കും. പ്രധാന കഥയ്ക്ക് സമാന്തരമായി വരുന്ന മറ്റു കുടുംബങ്ങളിലെ അടുക്കളകളിലേക്ക് സിനിമ പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്. കുക്കറില്‍ ബിരിയാണിവയ്ക്കുന്ന ഭര്‍ത്താവുള്ള അടുക്കളയും ബ്രഡ് ടോസ്റ്റ് ചെയ്യുന്ന മകളുള്ള മോഡേണ്‍ അടുക്കളയും ചക്ക വെട്ടുന്ന അമ്മയുള്ള അടുക്കളയും ദൃശ്യവത്കരിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും വേലക്കാരിയായ ഉഷയുടെ അടുക്കള സ്ക്രീനില്‍ കാണിക്കുന്നില്ല. സിനിമയില്‍ ദലിത് പ്രതിനിധാനമായി വരുന്ന വേലക്കാരി ഉഷ(കബനി) പാളുവ ഭാഷയിലെഴുതിയ പാട്ട് നായര്‍ തറവാട്ടിലെ അടുക്കളപ്പണികള്‍ക്കിടയില്‍ മൂളുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അത് സ്വന്തം അടുക്കളയില്‍ നിന്നായിരുന്നുവെങ്കില്‍ ആ പാട്ടും ദൃശ്യവും ഒന്നു കൂടി ചേര്‍ന്നു നില്‍ക്കുമായിരുന്നു. അങ്ങനെയല്ലാതെയാകുമ്പോള്‍ ഒരു ദലിത് കുടുംബത്തിന്‍റെ അടുക്കള ദൃശ്യത്തിന്‍റെ സാധ്യതകള്‍ സിനിമയില്‍ തമസ്കരിക്കപ്പെടുന്നതായി കാണാം. എന്തു കൊണ്ടാവാം അത്തരമൊരു രംഗത്തിന്‍റെ സാധ്യതയെ സിനിമയില്‍ ഉപയോഗിക്കാതെ വിട്ടുകളയാന്‍ സംവിധായകനെ പ്രേരിപ്പിക്കുന്നത്? ഒരു പക്ഷേ അത് ‘ഭാരതീയവും മഹത്തായ’തുമായി പരിഗണിക്കുന്ന അടുക്കളകളുടെ ഗണത്തില്‍ പെടാത്തവയായതു കൊണ്ടാവാം. അല്ലെങ്കില്‍
ദാരിദ്ര്യവും ഇല്ലായ്മയും മാത്രമുള്ള, ആടും മാടും പട്ടിയും പൂച്ചയും കോഴിയും കാക്കയും കുട്ടിയും ഒരുപോലെ ഇടപഴകുന്ന, മാനുഷികവും പ്രകൃതിജന്യവുമായ ഭാവങ്ങളാല്‍ സമൃദ്ധമായ ഒരടുക്കളയുടെ സാധ്യതകളെ പുറത്തു നിര്‍ത്തുന്നതിലൂടെ
കറുത്ത മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ബോധപൂര്‍വം അകറ്റി നിര്‍ത്തുന്ന, മലയാള സിനിമയുടെ ദലിത് വിരുദ്ധതയുടെ ജീര്‍ണ മുഖമാണ് വ്യക്തമാകുന്നത്. ഒരു ദലിത് അടുക്കളയില്‍ ഭക്ഷണാവശിഷ്ടവും സിങ്ക് ചോര്‍ന്ന വെള്ളവും ഭീകരമായ അശുദ്ധിയായിരിക്കില്ല. മണ്ണില്‍ കുഴികുത്തി കഞ്ഞി കുടിപ്പിച്ച വൃത്തിബോധമുള്ള സവര്‍ണ ഭവനങ്ങളില്‍ നിന്നും തീട്ടവും മൂത്രവുമെടുത്ത് തുരുമ്പിച്ച കൈകള്‍ അവിടെയുണ്ടാകാം.വളിച്ചതും പുളിച്ചതും കെട്ടതും കേടുള്ളതും ഉപയോഗിച്ച് കീറിയതും നിറം മങ്ങിയതും പൊട്ടിയതുമായതെല്ലാം പല വീടുകളില്‍ നിന്നും ഏറ്റുവാങ്ങുന്നവരാണവര്‍. സമ്പന്നര്‍ പുറന്തള്ളുന്ന എല്ലാതരം അവശിഷ്ടങ്ങളും ഏറ്റുവാങ്ങുന്ന ‘വേസ്റ്റ് ബിന്നു’കള്‍ അവര്‍ തന്നെയാണ്. ഇത്തരം കൊടുമകളിലൂടെ ശുദ്ധിയേത് അശുദ്ധിയേതെന്ന് വ്യവച്ഛേദിക്കാന്‍ കഴിയാത്ത രീതിയില്‍ അവര്‍ മാറ്റപ്പെട്ടു പോയിട്ടുണ്ടാകാം. ‘മഹത്തായ അടുക്കള ‘ എന്ന സിനിമയിലെ പ്രയോഗത്തിന്‍റെ പരിധിക്കു പുറത്തായിപ്പോകുന്നത് കൊണ്ടു കൂടിയാണ് സിനിമയില്‍ അത് മൂടിവെക്കുന്നത്. മഹത്തായ മറ്റേതു അടുക്കളയെയുമപേക്ഷിച്ച് കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ടു കൊണ്ട് പെരുമാറുന്ന മനുഷ്യരായിരിക്കും ആ അടുക്കളയിലുള്ളത്. എന്നാല്‍ മാറ്റിപ്പണിഞ്ഞ പല അടുക്കളകളും സിനിമയില്‍ കാണിക്കുന്നുണ്ട്. അപ്പോള്‍ അദൃശ്യമാക്കപ്പെട്ട അടുക്കളയില്‍ വേവുന്നതിനോട് മലയാള സിനിമയ്ക്ക് താല്പര്യമില്ല എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. മലയാള സിനിമയുടെ അകത്തളങ്ങളില്‍ എവിടെയോ വച്ച് തുടര്‍ച്ച നഷ്ടപ്പെട്ടു പോയ അദൃശ്യമാക്കേണ്ട ഒരിടമായി സിനിമ അതിനെ തന്ത്രപൂര്‍വ്വം മൂടിവയ്ക്കുന്നു.
മഹത്തായ ഭാരതീയ ‘അടുക്കളക്കെട്ടി’നുള്ളില്‍ നായികയും വേലക്കാരിയും ഒന്നിച്ച് ജോലി തീര്‍ക്കുന്ന ഒരു രംഗമുണ്ട്. ഒരു നായര്‍ സ്ത്രീയും ദലിത് സ്ത്രീയും തമ്മില്‍ അധികാരത്തിന്‍റെ ആജ്ഞാപനസ്വരമില്ലാതെ പരസ്പര ധാരണയോടെ സംസാരിക്കുകയും സ്വാനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നതു കാണാം. ഇത്തമൊരു രംഗം മാറിയ കാലത്തിലുണ്ടായ ഗാര്‍ഹിക – ഗാര്‍ഹികേതര ബന്ധങ്ങള്‍ ആശയവിനിമയം ചെയ്യുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദലിതയായ വേലക്കാരിയോടൊപ്പംനിന്നു പണിയുന്ന, വേലക്കാരിയെ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന, ആജ്ഞാപിക്കാതെ അഭിനന്ദിക്കുന്ന, സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ‘ചേച്ചി ‘ എന്നു സംബോധന ചെയ്യുന്ന, (മുതിര്‍ന്നവരെ കുഞ്ഞുകുട്ടികളെക്കൊണ്ടു പോലും പേരു വിളിപ്പിക്കുന്ന സംസ്കാരമാണ് സവര്‍ണ സമ്പന്നതയുടെത്) ‘എത്ര പണം വേണമെങ്കിലും എടുത്തോളു’ എന്നു പറയാവുന്ന വിശ്വാസ്യത പ്രകടിപ്പിക്കുന്ന ഈ കഥാപാത്രം പുതിയ കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ടു കൊണ്ട് സൃഷ്ടിച്ചെടുത്തതാണ്. സ്വന്തം അടുക്കള കൂടാതെ പല അടുക്കളകള്‍ കൈകാര്യം ചെയ്യുകയും തന്‍റെ ഇച്ഛക്കനുസരിച്ച് പ്രവൃത്തിക്കുകയും കാലത്തിനനുസരിച്ച് ജീവിക്കാന്‍ പഠിക്കുകയും ചെയ്ത കര്‍ത്തൃത്വ ബോധമുള്ള ഉഷ എന്ന കഥാപാത്രത്തിലേക്ക് സിനിമ ക്യാമറ കൂടുതല്‍ ഫോക്കസ് ചെയ്യുന്നില്ലെന്നും കാണാം. ‘എനിക്ക് ആര്‍ത്തവമുള്ള കാര്യം ആരു നോക്കാന്‍ ‘ എന്നു പറയുമ്പോള്‍ ‘ചേച്ചി പൊളിയാണല്ലോ ‘ എന്ന നായികയുടെ സാക്ഷ്യപ്പെടുത്തലോടെ ആ കഥാപാത്രത്തെ രംഗത്തില്‍ നിന്നും മുറിച്ചു കളയുകയാണ് ചെയ്യുന്നത്. അങ്ങനെ മഹത്തായ ഭാരതീയ അടുക്കള കളില്‍ ചില വിഭവങ്ങള്‍ ഇന്നും വേവാതെ പോകുന്നുണ്ട്.
സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളുടെ അനുഭവങ്ങളെ ഏകീകൃതമായ സ്ത്രീ അനുഭവങ്ങളായി കാണാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പൊതു സ്ത്രീ സംവര്‍ഗമെന്നൊന്നില്ല. ബ്രാഹ്മണ പ്രത്യയശാസ്ത്രം മുഴുവന്‍ സ്ത്രീകളെയും ജാതിയുടെ പേരില്‍ ചിതറിപ്പിക്കുകയാണ് ചെയ്തിരുന്നത്.
ഈ പ്രത്യയശാസ്ത്രം അബോധത്തില്‍ സ്വീകരിച്ച സെമിറ്റിക് മതങ്ങളും അതു തന്നെ ചെയ്തു. അതുകൊണ്ടു തന്നെ സ്ത്രീ അനുഭവങ്ങള്‍ ഒരിക്കലും സമാനമല്ല. ജാതി-മത-വര്‍ണ-വര്‍ഗ വ്യത്യാസങ്ങള്‍ക്കുള്ളിലാണ് ഓരോ അവളും ജീവിക്കുന്നത്. ഓരോ വീടും അവളെ ഓരോ തരത്തിലാണ് പരുവപ്പെടുത്തുന്നത്. ഒരു കുടുംബത്തിനുള്ളില്‍ സ്വന്തം പദവിയും സ്ഥാനവും നിര്‍ണയിച്ചെടുക്കാന്‍ എളുപ്പം കഴിയും. എന്നാല്‍ അവിടം പുതുക്കിപ്പണിയുകയും തനിക്കു കൂടി സാധ്യതയുള്ള ഇത്തിരി ഇടമുണ്ടാക്കുകയും ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വയം തിരിച്ചറിവുണ്ടാകുന്നതുവരെ ഒരു കുടുംബിനി എന്നതില്‍ ആനന്ദമടഞ്ഞ് ജീവിക്കുന്നവര്‍ സ്വയം ബോധമുണര്‍ന്നു കഴിഞ്ഞാല്‍പ്പിന്നെ കുതറാന്‍ തുടങ്ങുന്നു. ചിലര്‍ക്കൊന്നും മരണം വരെ കണ്ണു തെളിയാറുമില്ല എന്നതാണ് വാസ്തവം.
പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ പല സാഹചര്യങ്ങളിലും സമാന അനുഭവസ്ഥരാണെങ്കില്‍ പോലും അവര്‍ തമ്മില്‍ സമരസപ്പെടുന്നത് അപൂര്‍വ്വമാണെന്നു കാണാം. ഇതിന് കാരണമാകുന്നത് സ്ത്രീകളില്‍ അബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതി- മത-സമ്പന്ന- സവര്‍ണ ബോധമാണ്. എന്നാല്‍ പുരുഷന്‍മാര്‍ തമ്മില്‍ അപരിചിതരാണെങ്കില്‍ പോലും ഒന്നിച്ച് വസിക്കാനോ യാത്ര പോകാനോ ഭക്ഷണം പങ്കിടാനോ മടിക്കുന്നില്ല എന്നു കാണാം. പൊതു ഇടങ്ങളില്‍ ചായയും ചാരായവും പായയും പായാരവും അവര്‍ ആരുമായും പങ്കിടുന്നുണ്ട്. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ മറ്റൊരു തരത്തിലാണ് ആണുങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ നിലനില്‍ക്കുന്ന മത/ ജാതി പൗരോഹിത്യ നിയമങ്ങള്‍ കുടുംബത്തിനുള്ളിലും പുറത്തും തനിക്ക് തോന്നുന്ന സമയത്ത് ലംഘിക്കാനും പുതുക്കാനും അനുവര്‍ത്തിക്കാനും പുരുഷന് കഴിയുന്നുണ്ട്. സമ്പത്ത്, ഉയര്‍ന്ന പദവി, വിദ്യാഭ്യാസം തുടങ്ങിയവ പുരുഷനെ സംബന്ധിച്ചിടത്തോളം സഹവസിക്കാനും സൗഹൃദം പങ്കിടുന്നതിനുമുള്ള അനുകൂല ഘടകങ്ങളാണെങ്കില്‍ സ്ത്രീകളില്‍ ഇവയൊന്നും അത്ര കണ്ട് സജീവമാകുന്നില്ല. പുരുഷന് അനുകൂലമാകുന്ന നടപ്പു വ്യവസ്ഥിതി സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീയ്ക്കാണ് എന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം. ഓരോ കുടുംബവും അതത് മതവും ജാതിയും പുലര്‍ത്തുന്ന പാരമ്പര്യ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരാനും പുതിയ തലമുറയിലേക്ക് അവ കൈമാറ്റം ചെയ്യാനും വൃത്തിയും ശുദ്ധിയും ഉറപ്പിക്കാനും സ്വന്തം കുലമഹിമയില്‍ അഭിമാനിക്കാനും ആളെയറിഞ്ഞ് ഇടപഴകാനും സ്ത്രീയോട് നിരന്തരം ആവശ്യപ്പെടുന്നു. അങ്ങനെ സ്ത്രീ അറിഞ്ഞോ അറിയാതെയോ ഒരേ സമയം ഈ വ്യവസ്ഥയുടെ ഇരയും സംരക്ഷകയുമായി നിലനില്‍ക്കുന്നു. നിയമങ്ങളെ വെല്ലുവിളിച്ച് തന്‍റേടത്തോടെ തന്‍റെ ഇടം കണ്ടെന്നുന്നവരെ കുടുംബത്തില്‍പ്പിറക്കാത്തവള്‍,വെടി, കുലട, ഫെമിനിച്ചി തുടങ്ങിയ പദങ്ങളെറിഞ്ഞ് വീഴ്ത്താന്‍ ശ്രമിക്കുന്നു. അതിനെ മറികടന്ന് വ്യവസ്ഥിതിക്കു പുറത്തെത്തുന്ന സ്ത്രീകളെ ഏറ്റവും കൂടുതല്‍ ഭത്സിക്കുന്നത് പെണ്ണുങ്ങള്‍ തന്നെയാണ്. ആണധികാരം ചവിട്ടിക്കുഴച്ചു പരുവപ്പെടുത്തിയ കുലാചാരങ്ങള്‍ മുറ തെറ്റാതെ പാലിക്കുന്ന, ഈ വ്യവസ്ഥിതിയുടെ ക്രമം തകരാതിരിക്കാന്‍ ഏതു യുദ്ധമുഖത്തേക്കുമിറങ്ങാന്‍ തയ്യാറായ കുലസ്ത്രീകളാണ് അണുവിട മാറ്റത്തിനെ പോലും എതിര്‍ക്കുന്നത്. പാട്രിയാര്‍ക്കി സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അവരറിയാതെ അവരെക്കൊണ്ട് തന്നെ വ്യവസ്ഥിതി അടച്ചുറപ്പിക്കുന്നുവെന്നും പറയുമ്പോള്‍ ഇപ്പോഴും പലര്‍ക്കും അത് മനസ്സിലാകാത്തതിന്‍റെ യാഥാര്‍ത്ഥ്യം അതാണ്. ഹിന്ദുസ്ത്രീകള്‍ ഹിന്ദുമതത്തിലെ കവാടങ്ങളാണെന്നുംപാതിവ്രത്യം എന്നത് ഹിന്ദുസ്ത്രീയുടെ പര്‍ദ്ദയാണെന്നും ജാതിക്കുശുമ്പ് സവര്‍ണ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നുമുള്ള ഉമ ചക്രവര്‍ത്തിയുടെ നിരീക്ഷണം ഇതുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യേണ്ട വസ്തുതയാണ്.
കേവലമൊരു നായര്‍ത്തറവാടിന്‍റെ അടുക്കളയില്‍ നടക്കുന്ന സംഭവമെന്നതില്‍ കവിഞ്ഞ് ശബരിമലയിലെ യുവതി പ്രവേശത്തിന്‍റെ ചരിത്ര വഴികളിലേക്കൊന്നും സിനിമയുടെ ശ്രദ്ധ തിരിയുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ച ജേര്‍ണലിസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന സ്വാമിമാരെയും നാമജപക്കാരെയും മതവാദികളെയും കാണിക്കുന്നുമുണ്ട്. 2018 സെപ്തംബര്‍ 29 നാണ് സുപ്രീം കോടതി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം നല്‍കുന്നത്. ഈ വിധിക്കുശേഷമുണ്ടായ ആദ്യത്തെ യുവതി പ്രവേശമായിരുന്നു 2019 ജനുവരി 2 ന് ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവരിലൂടെ യാഥാര്‍ത്ഥ്യമായത്. തുടര്‍ന്ന് നിരവധി യുവതികള്‍ മലചവിട്ടാനായെത്തുകയും വിശ്വാസികളെന്ന പേരില്‍ തമ്പടിച്ചു കൂടിയ കുല പുരുഷ/ സ്ത്രീകളുടെ ആക്രമണങ്ങളാല്‍ മടങ്ങുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ശബരിമല വിഷയത്തില്‍ കോടതിവിധിയോട് അനുകൂലമായി പ്രതികരിച്ച സ്ത്രീകളെ ആക്രമിച്ചത് അവരുടെ ജാതിയെ അടിസ്ഥാനമാക്കിയായിരുന്നു . ദലിത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അനുഭവമല്ല ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് തെളിവു സഹിതം പറഞ്ഞു പൊതുചര്‍ച്ചകളില്‍ പങ്കെടുത്ത പ്രബലസമുദായ ബലമുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്നത്. സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും പുരോഗമനപ്രസ്ഥാനങ്ങളും കോടതി വിധിയെ സ്വാഗതം ചെയ്യുകയും യുവതീപ്രവേശനത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തെങ്കിലും; സംഘപരിവാര്‍, എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ യാഥാസ്ഥിതികപക്ഷം വിധിയെ നിരാകരിക്കുകയും അവരുടെ നേതൃത്വത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
പാട്രിയാര്‍ക്കി അടിച്ചേല്‍പ്പിച്ച സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകള്‍ നടത്തുന്ന കുതറലുകള്‍ മുമ്പും സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്.
കുടുംബത്തില്‍ നിന്നിറങ്ങി പോകുന്ന സ്ത്രീകള്‍ സിനിമയിലും സാഹിത്യത്തിലും പലതരത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഇറങ്ങിപ്പോയവരെല്ലാം ഇപ്പോഴെവിടെയാണുള്ളത്? അവരുടെ പരാജയ കഥകളല്ലാതെ വിജയകഥകള്‍ സമൂഹം അറിയാതെ പോകുന്നത് എന്തായിരിക്കാം? കറുത്തവരെ നിഷേധിക്കുന്ന, ജാതി അറിഞ്ഞാല്‍ പുറത്താക്കുന്ന, കൂലി കുറയ്ക്കുന്ന, മലയാള സിനിമയില്‍ ഏതു കാലത്താണ് ദലിതര്‍ക്ക് പ്രവേശന പാസ് ലഭിച്ച് അന്തസ്സോടെ തൊഴില്‍ ചെയ്യാനാവുന്നത്? ലോകസിനിമകളില്‍ ജാതി- മത – വംശ- ലിംഗ ഭേദമന്യേ സ്ത്രീകള്‍ എല്ലാ മേഖലങ്ങളിലും സ്വാഭാവികമായി കടന്നു വരുമ്പോള്‍ ഇപ്പോഴും ആര്‍ത്തവം, അയിത്തം, ജാതി, ലിംഗം എന്നിവയെക്കുറിച്ച് പറഞ്ഞിരിക്കുന്ന നമ്മള്‍ ഏതു കാലത്താണ് ജീവിക്കുന്നത്? മലയാള സിനിമയുടെ അടുക്കളയില്‍ എന്തെല്ലാമാണ് വേവാതെ പോകുന്നത് ?
ഡോ. ലിസ പുൽപ്പറമ്പിൽ
പാലക്കാട് ഗവ. മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ അധ്യാപിക. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്. ‘അധ്വാനവും ഉടലും ആഖ്യാനവും ‘ ( സ്ലേറ്റ് അൺസീൻ പബ്ലിക്കേഷൻ), ‘ ദലിത് ഫെമിനിസം സിദ്ധാന്തവും പ്രയോഗവും ‘ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
COMMENTS