കേരളചരിത്രത്തില്‍ വളരെയധികം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയതും തെക്കന്‍ മലബാറിന്‍റെ ജനജീവിതത്തെ പാടെ മാറ്റിമറിച്ചതുമായ ആഭ്യന്തരവിപ്ലവമായിരുന്നു 1921 ലെ മാപ്പിള കലാപം എന്നു സാമ്രാജ്യത്വവാദികള്‍ നാമകരണം നടത്തിയ മലബാര്‍ സമരം/കലാപം അഥവാ മലബാര്‍ പോരാട്ടം. ഒരു സായുധവിപ്ലവം ഏതെല്ലാം തരത്തില്‍ ഒരു ചെറിയ പ്രദേശത്തെ ബാധിക്കുമോ അതിലും രൂക്ഷമായിരുന്നു തെക്കന്‍ മലബാറില്‍ ഇതിന്‍റെ പ്രതിധ്വനി അലയടിച്ചത്. ജന്മിത്വത്തിനും സാമ്രാജ്യത്വ അധിനിവേശം ശക്തികള്‍ക്കും എതിരെ 19ാംനൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തെക്കന്‍മലബാറിലെ ഒരു വിഭാഗം ജനത ആരംഭിച്ച പോരാട്ടങ്ങളുടെ അതിശക്തമായ രൂപമായിരുന്നു 1921ലെ സായുധവിപ്ലവം. വിപ്ലവകാരികളെ കലാപകാരികളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് നടപ്പിലാക്കിയ കിരാതമായ പട്ടാളഭരണം ഏകദേശം ആറ് മാസക്കാലത്തോളം നീണ്ടുനില്‍ക്കുകയും ഇത് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. കലാപ-കലാപാനന്തര മലബാറിലെ ജനജീവിതം ജാതിമതഭേദമെന്യേ ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നതിനു പകരം അധികൃതര്‍ ഈ പ്രദേശങ്ങളില്‍ അരാജകത്വവും ഭരണകൂട ഭീകരതയും സൃഷ്ടിക്കുകയായിരുന്നു.
കലാപം മൂലമുണ്ടായ ഭൗതിക നഷ്ടങ്ങളും അതിനെ തുടര്‍ന്ന് ബ്രിട്ടീഷ്ഗവണ്‍മെന്‍റ് നടപ്പിലാക്കിയ അടിച്ചമര്‍ത്തല്‍ നയവും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനപ്പുറമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും ഒപ്പം ബ്രിട്ടീഷ്പട്ടാളവും ഇവിടുത്തെ പാവപ്പെട്ട നിസ്സഹായരായ ജനതയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. കലിയും കാലനും തകര്‍ത്താടിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരുപാട് മനുഷ്യജന്മങ്ങളായിരുന്നു. അവരുടെ കൊച്ചുകൊച്ചു സ്വപ്നങ്ങളായിരുന്നു. കലാപകാലത്തും കാലാപാനന്തരകാലത്തും ഏറ്റവും കൂടുതല്‍ ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടിവന്നത് തെക്കന്‍ മലബാറിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയിരുന്നു. കലാപകാലത്ത് കലാപകാരികളാലും അനന്തരം ബ്രിട്ടീഷ് പട്ടാളത്താലും ഇവര്‍ വേട്ടയാടപ്പെടുകയായിരുന്നു. ചരിത്രം രേഖപ്പെടുത്തുവാന്‍ മടിച്ചു നിന്ന ഈ പെണ്‍ജീവിതത്തെ ചികഞ്ഞെടുക്കുന്നതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.
കലാപം ആരംഭഘട്ടത്തില്‍ അധികാരവര്‍ഗ്ഗത്തിനെതിരായിരുന്നു തിരിഞ്ഞത്. ജന്മി-സാമ്രാജ്യത്വ അധികാരത്തിന്‍റെ കേന്ദ്രങ്ങളെല്ലാം പിടിച്ചെടുക്കുവാന്‍ അവര്‍ക്കായി. ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് രാജ് അവസാനിപ്പിച്ച് ഖിലാഫത്ത് രാജ് ആരംഭിക്കുവാന്‍ വരെ അവര്‍ക്കായി. പക്ഷേ രണ്ടാംഘട്ടമായപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറി. ബ്രിട്ടീഷ് പട്ടാളം അതിക്രൂരമായ രീതിയില്‍ ലഹള അടിച്ചമര്‍ത്തി. കലാപകാരികളെ പിടിക്കുന്നതിനായി അധികാരികള്‍ക്ക് ജന്മിമാരും അവരുടെ കാര്യസ്ഥന്മാരും ഒത്താശ ചെയ്തു. ഈ ഘട്ടത്തിലാണ് യഥാര്‍ത്ഥത്തില്‍ ദുരിതങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തിയത്. ഇതിന്‍റെ തിക്തഫലങ്ങള്‍ ഏറ്റവും രൂക്ഷമായ രീതിയില്‍ അനുഭവിച്ചതാവട്ടെ ഹിന്ദു മുസ്ലും വകഭേദമില്ലാതെ സ്ത്രീകളും കുട്ടികളും ആയിരുന്നു.
കലാപം അതിന്‍റെ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ തങ്ങളുടെ സ്വഗൃഹങ്ങള്‍ വിട്ട് ഹിന്ദുഭവനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും മറ്റു സ്ഥലങ്ങളില്‍ അഭയം തേടി. മലപ്പുറം പടിഞ്ഞാറ്റുംമുറിയിലെ പല പ്രമുഖ നായര്‍ തറവാടുകളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അവരുടെ ബന്ധുവീടുകളില്‍ അഭയം തേടിയതിനെക്കുറിച്ചും അക്കാലത്തെ ജീവിതത്തെക്കുറിച്ചും എല്ലാം തൊണ്ണൂറ്റിരണ്ടുകാരിയായ മീനാക്ഷിയമ്മ ഇന്നും ഓര്‍മ്മിച്ചു പറയുന്നു. ഏറനാട് താലൂക്കിലെ പല വീടുകളും അഗ്നിക്കിരയാക്കപ്പെട്ടു. പക്ഷേ, പാവപ്പെട്ട പല ഹിന്ദു കുടുംബങ്ങള്‍ക്കും പട്ടാളവും പോലീസും എത്തുന്നതുവരെ ഈ പ്രദേശങ്ങളില്‍ തന്നെ ഭീതിയോടെ കഴിയേണ്ടി വന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കലാപകാരികളേയും പോലീസിനേയും ഭയന്ന് ഇരുട്ടിന്‍റെ മറവില്‍ കോഴിക്കോട് പോലുള്ള പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തു. 1922 ഫെബ്രുവരി 19ന് ചേര്‍ന്ന മലബാര്‍ കലാപത്തില്‍ ദുരിതമനുഭവിച്ചവരുടെ ഒരു കോണ്‍ഫറന്‍സ് കോഴിക്കോട് സാമൂതിരിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്നതിന്‍റെ പ്രൊസീഡിങ്ങ്സില്‍ അര്‍ദ്ധനഗ്നരായവരും ഗര്‍ഭിണികളായവരും ആയ സ്ത്രീകള്‍ ഉള്‍പ്പെടെ തങ്ങളുടെ സകലസമ്പാദ്യങ്ങളും ഉപേക്ഷിച്ച് സാമൂതിരികോവിലകത്ത് അഭയം തേടിയതിന്‍റെ പരാമര്‍ശങ്ങള്‍ കാണാം. അക്രമണം ഭയന്ന് പല വീടുകളിലേയും സ്ത്രീകളും കുട്ടികളും കുറ്റിക്കാടുകളിലും മറ്റും അഭയം തേടിയിരുന്നു. പല സ്ത്രീകള്‍ക്കും മരണഭീതി കാരണം മാസം തികയാതെ കാടുകളില്‍ പ്രസവിക്കേണ്ടി വന്നു എന്ന് 1921 സെപ്തംബറിലെ ദി ലീഡര്‍ എന്ന പത്രത്തിലെ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഇതിലും ഭീകരമായ അവസ്ഥയായിരുന്നു ലഹളയില്‍ പങ്കെടുക്കാതിരുന്ന മുഹമ്മദീയരുടെ അവസ്ഥയും. അവര്‍ക്ക് കലാപകാരികളേയും പട്ടാളത്തേയും ഒപ്പം അവരുടെ ഹിന്ദുസഹോദരന്മാരും പേടിച്ചു കഴിയേണ്ടി വന്നു.
കലാപത്തില്‍ നേരിട്ട് പങ്കാളികളായിട്ടില്ലെങ്കിലും മുസ്ലിംസ്ത്രീകള്‍ നേരിട്ട പങ്കാളികളായിട്ടില്ലെങ്കുലം മുസ്ലിംസ്ത്രീകള്‍ നേരിട്ട ദുരിതങ്ങള്‍ വര്‍ണ്ണനാതീതമായിരുന്നു. ഇതിനേറ്റവും വലിയ ഉദാഹരണാമായിരുന്നു കാക്കനാട്ടു ചാലില്‍ താമസിക്കും ആയിഷ ഉമ്മ്മ (പാണ്ടിക്കാട്ട് അംശം) യുടേയും മക്കളുടേയും ജീവിതം. കലാപകാരികള്‍ക്കു സഹായം നല്‍കി എന്നതിന്‍റെ പേരിലാണ് ആയിഷ ഉമ്മയേയും മൂന്ന് മക്കളേയും ജയിലിലടച്ചത്. കുട്ടികളെ ജയിലില്‍ നിന്ന് വിട്ടയക്കുവാന്‍ തയ്യാറായിരുന്നിട്ടും കൊണ്ടുപോകുവാന്‍ ഇടമില്ലാത്തതിന്‍റെ പേരില്‍ ആയിഷ ഉമ്മയുടെ പതിമൂന്നു വയസ്സായ മകനേയും പതിനഞ്ചും പത്തും വയസ്സായ പെണ്‍മക്കളെയും ജയില്‍ തന്നെ നിര്‍ത്തുകയായിരുന്നു. ഇതുപോലെ തന്നെ ധാരാളം ചെറിയ കുട്ടികളേയും ജുവനൈല്‍ കോര്‍ട്ടുകളിലേക്ക് അയച്ചിരുന്നു. കലാപകാരികളോടൊപ്പം ചേര്‍ന്നു എന്നതിന്‍റെ പേരിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്തത്. ഇതിന് ഉദാഹരണമായിരുന്നു കടവത്ത് ഉമ്മറിന്‍റെയും പി. മമ്മദിന്‍റെയും ജീവിതം. പട്ടാളവും പോലീസും മാപ്പിളസ്ത്രീകളേയും കുട്ടികളേയും പുരുഷന്മാരേയും ഒരേ പോലെ വേട്ടയാടുകയായിരുന്നു. പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയോ ജയിലിലടക്കുകയോ ചെയ്യപ്പെട്ടു. പട്ടാളം വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീടുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുകളില്‍ കാണാം.
സി.എഫ് ആന്ഡ്രൂസ് തന്‍റെ കലാപബാധിതപ്രദേശങ്ങളിലൂടെയുള്ള യാത്രക്കിടെ ഭീതിയാല്‍ മാനസികവിഭ്രാന്തി വന്നതും ബയണറ്റിനാല്‍ ഉപദ്രവിക്കപ്പെട്ടതും മുറിവേല്‍ക്കപ്പെട്ടതുമായ കൊച്ചുകുട്ടികളെയും കണ്ടതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംസ്ത്രീകള്‍ കൂട്ടത്തോടെ മാനഭംഗത്തിനിരയാക്കപ്പെട്ടതിനെക്കുറിച്ചും പരാമര്‍ശറങ്ങള്‍ കാണാം. തിരൂരങ്ങാടിയില്‍ നിന്നും പോലീസിന്‍റെ ക്രൂരതകളാല്‍ കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ മടിയില്‍ ഇരുത്തി ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയതിനെ കുറിച്ചുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ കത്തിലെ പരാമര്‍ശം ബ്രിട്ടീഷ് രഹസ്യരേഖകളില്‍ കാണാം. പട്ടാളഭരണത്തിന്‍റെ ഭാഗമായി തെക്കന്‍ മലബാറിലെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇതിനാല്‍ താലൂക്ക് പരിധിക്കപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അഥവാ പോകണമെങ്കില്‍ സബ്മജിസ്ട്രേറ്റിന്‍റെ കത്ത് വേണമായിരുന്നു. ഇവരുടെ സഞ്ചാരം തടയുന്നതിനായി റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും പോലീസുകാര്‍ കാവലുണ്ടായിരുന്നു. മാര്‍ഷ്യല്‍ ലൊ പ്രകാരം മനുഷ്യാവകാശങ്ങളെല്ലാം ഭരണാധികാരിയായി നിയമിതനാവുന്ന പട്ടാളമേധാവിയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിനു വിധേയമായിരിക്കും. ഈ സാഹചര്യത്തില്‍ ഈ താലൂക്കുകളില്‍ നടക്കുന്നത് എന്ത് എന്ന് പുറത്തുള്ള ആര്‍ക്കും അറിയില്ലായിരുന്നു. പത്രങ്ങള്‍ സത്യസന്ധമായി പ്രസിദ്ധപ്പെടുത്തുന്നതിന് സാധ്യമല്ലായിരുന്നു. ഇതിനാല്‍ തന്നെ പുരുഷന്മാരില്ലാത്ത വീടുകളില്‍ പട്ടാളത്തിന് ഏതുനേരവും കയറി എന്തു ദ്രോഹവും ചെയ്യാനാകുമായിരുന്നു.
പോലീസിനേയും പട്ടാളത്തേയും ഭയന്ന് മാപ്പിളസ്ത്രീകളും കുട്ടികളും തെക്കന്‍ മലബാറിലെ കലാപബാധിതപ്രദേശങ്ങളില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. പലരും കാടുകയറി പാറപൊത്തുകളിലും മറ്റും അഭയം തേടി പനംപൊടിയും കാട്ടുകായ്കനികളും തിന്ന് ദിനങ്ങള്‍ തള്ളി നീക്കി. പുറംലോകത്തിന് അജ്ഞാതമായ ഒരു ജീവിതം നയിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി.
മാപ്പിളസ്ത്രീകളേയും കുട്ടികളേയും പട്ടാളഭരണ പ്രദേശത്തു നിന്ന് പുറത്തു കൊണ്ടുവരുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അബ്ദുറഹ്മാന്‍ സാഹിബ് ഒക്ടോബര്‍ ആദ്യവാരത്തില്‍ മലബാര്‍ കലക്ടര്‍ക്കെഴുതി. മറുപടി കിട്ടാതായപ്പോള്‍ ഒക്ടോബര്‍ 13ന് വീണ്ടും എഴുതി. കോഴിക്കോട് പുരാവസ്തു വകുപ്പ് രേഖകളില്‍ ഈ കത്ത് നടപടിയൊന്നും എടുക്കേണ്ട എന്ന കലക്ടറുടെ ഉത്തരവോടുക കൂടി ലഭ്യമാണ്. കലക്ടര്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മാപ്പിളസ്ത്രീകളുടേയും കുട്ടികളുടേയും ദയനീയ നില വിവരിച്ചുകൊണ്ട് ഹിന്ദുവിലേക്കും ബോംബെ ക്രോണിക്കിളിലേക്കും അബ്ദുറഹ്മാന്‍ കത്തുകളെഴുതി. ഈ രണ്ടു പത്രങ്ങളിലും കത്ത് പ്രസിദ്ധപ്പെടുത്തി. മലബാര്‍ കലക്ടര്‍ക്ക് താന്‍ ഇതിനെക്കുറിച്ചെഴുതിയതിന് മറുപടി പോലും ലഭിച്ചില്ലെന്ന് അതില്‍ അബ്ദുറഹ്മാന്‍ എഴുതിയിരുന്നു.
ഇത് കലക്ടറെ ചൊടിപ്പിച്ചു. പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ അബ്ദുറഹിമാന്‍റെ കത്ത് മാര്‍ഷ്യല്‍ലൊ നിലവിലുള്ള മാര്‍ഷ്യല്‍ ലോ നിലവിലുള്ള പ്രദേശങ്ങളിലെ സ്ഥിതി കളെക്കുറിച്ച് വ്യാജ പ്രചരണം നടത്തി എന്ന പേരില്‍ കലക്ടര്‍ അബ്ദുറഹിമാനെ തിരെ കേസെടുത്തു . ഇതിന്‍റെ വിചാരണക്കിടയില്‍ അബ്ദുറഹ്മാന്‍ തനിക്ക് എഴുതിയതായി പറയുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കലക്ടര്‍ വാദിച്ചു . ലോഡ്ജ് എന്ന ഉത്തരവിനു ചുവട്ടില്‍ കലക്ടര്‍ ഇ.എഫ്. തോമസിന്‍റെ ഒപ്പോടുകൂടി അബ്ദുറഹ്മാന്‍റെ കത്ത് ഇന്നും പുരാവസ്തു വകുപ്പിന്‍റെ ഫയലിലുള്ളത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പച്ച കളവിന് സ്മാരകമായി എടുത്തു വയ്ക്കാവുന്നതാണ് എന്ന് എം. ഗംഗാധരന്‍ ഓര്‍മ്മപ്പെടുത്തുന്നു. മാപ്പിള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു കഷ്ടപ്പാടും ഇല്ലെന്ന് തിരൂരങ്ങാടിക്കാരിയായ ഒരു മാപ്പിളവൃദ്ധ കോടതിയില്‍ തെളിവ് നല്‍കിയത്രെ. എന്നാല്‍ യാഥാര്‍ഥ്യം അതിഭീകരം ആയിരുന്നു . എവിടെയും ദുരിതരുടെ ദീന സ്വരങ്ങള്‍ അലയടിച്ചു. അനാഥരെയും അഗതികളെയും വിധവകളെയും കൊണ്ട് നിറഞ്ഞ വിജന ഗ്രാമങ്ങള്‍ തെക്കന്‍ മലബാറിലെവിടേയും കാണാമായിരുന്നു . പ്രായപൂര്‍ത്തി ആകുന്നതിനു മുന്‍പേ പതിനഞ്ചുകാരന്‍റെ മണവാട്ടിയായി തൃക്കലങ്ങോട് എത്തിയ പാത്തുക്കുടി താത്തയുടെ ഓര്‍മ്മകള്‍ വാഗണ്‍ ട്രാജഡി സ്മരണികയില്‍ പ്രതിപാദിക്കുന്നുണ്ട്. പത്താം ദിവസം 15 കാരനായ അലവിക്കുട്ടി കൗതുകം മൂലം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും നിലമ്പൂര്‍ കോവിലകത്തെ ലക്ഷ്യംവെച്ച് തൃക്കലങ്ങോട് വഴി കടന്നു പോയപ്പോള്‍ അവരോടൊപ്പം ചേര്‍ന്നു എന്നാല്‍ എടവണ്ണയില്‍ വെച്ച് ഒരു ബന്ധു കണ്ടതിനാല്‍ തിരിച്ചു കൊണ്ടു പോന്നു . പക്ഷേ ജന്മിമാരുടെ ശിങ്കിടികള്‍ അധികാരികള്‍ക്ക് നല്‍കിയ പേരുകളില്‍ അലവിക്കുട്ടി ഇടം പിടിക്കുകയും പട്ടാള നായാട്ടില്‍ പിടിക്കപ്പെടുകയും അന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തു .സ്വന്തം പിതാവിന്‍റെ അഭ്യര്‍ത്ഥന മാനിക്കാതെ നീണ്ട 12 വര്‍ഷം ഭര്‍ത്താവിനായി കാത്തിരുന്നു. അലവിക്കുട്ടി തിരിച്ചെത്തിയപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു . എന്നാലും ഒരു രണ്ടാം പുതുക്കം പാത്തുമ്മക്കുട്ടിക്കും അലവിക്കുട്ടിക്കും നീണ്ട 12 വര്‍ഷത്തിനുശേഷം സാധ്യമായി . ഈ നീണ്ട വര്‍ഷങ്ങള്‍ രണ്ടുപേരും അനുഭവിച്ച പീഡനങ്ങള്‍ക്ക് കണക്കില്ല. എന്നിട്ടും തന്‍റെ കൂട്ടുകാരികളുടേ തുമായി തട്ടിച്ചു നോക്കുമ്പോള്‍ തന്‍റെ ദുഃഖം വളരെ നിസാരമാണ് എന്നാണ് പാത്തുക്കുട്ടിയുടെ ഗദ്ഗതം. പതിനഞ്ചാം വയസ്സില്‍ വിധവയായ ഖദീജക്കുട്ടി, വെള്ളക്കാരന്‍ സാഹിബിന്‍റെ കുട്ടിയെ ഗര്‍ഭിക്കേണ്ടി വന്ന മാളു എന്ന ആമിനക്കുട്ടി , എട്ടുമക്കളില്‍ നാലെണ്ണവും വെടി കൊണ്ട് വീഴുന്നതിന് ദൃക്സാക്ഷിയായ പാത്തുമ്മയുടെ അവസ്ഥ ഇതെല്ലാം അതിദാരുണമായിരുന്നു. ഇത്തരത്തില്‍ അറിയപ്പെടാത്ത നിരാലംബരായ ജീവന് ഭീഷണിയായി കഴിഞ്ഞ എത്രയോ സ്ത്രീജനങ്ങള്‍ തെക്കന്‍ മലബാറിലെ ഉള്‍നാടുകളില്‍ ജീവിതം ഹോമിച്ച് തീര്‍ത്തിരുന്നു . ഈ അവസ്ഥയെക്കുറിച്ച് എസ് .കെ. പൊറ്റക്കാടും കൂട്ടുകാരും എഴുതിയ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു .കൃഷി നശിച്ചു, തൊഴില്‍ സ്തംഭിച്ചു, അഭയാര്‍ഥികള്‍ പെരുകി, നാട്ടിന്‍പുറങ്ങള്‍ കഷ്ടപ്പാടിന്‍റ തപ്ത ഭൂമിയായി .ആയിരക്കണക്കിനു മാപ്പിള സ്ത്രീകളും കുട്ടികളും അലഞ്ഞുനടന്നു .സ്ത്രീകള്‍ സമരരംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും ആണുങ്ങള്‍ക്ക് അവര്‍ കൂട്ടത്തോടെ പിന്തുണ നല്‍കി പോന്നു .ലഹളയുടെ തിക്തഫലങ്ങള്‍ ഏറ്റവും അഗാധമായ അനുഭവിക്കേണ്ടിവന്നത് അവര്‍ക്കായിരുന്നു .മാപ്പിളമാരില്‍ നിന്നും ഹിന്ദുക്കള്‍ക്കുണ്ടായ കഠിനമായ യാതനകള്‍ ആണ് മാപ്പിള സ്ത്രീകള്‍ക്ക് പട്ടാളക്കാരില്‍ നിന്ന് നേരിട്ടത് . ഇങ്ങനെ വിപ്ലവത്തിന്‍റെ ഇരകളായവര്‍ അനേകം .എത്ര ആണുങ്ങള്‍ കൊല്ലപ്പെട്ടു അത്രയും വിധവകളും അനാഥകളും സൃഷ്ടിക്കപ്പെടുകയായിരുന്നു. എത്രയോ യത്തീംഖാനകള്‍ സൃഷ്ടിക്കപ്പെട്ടു. ജയിലില്‍ കിടക്കുന്നവരെക്കാള്‍ ഇരട്ടി അബലകളും അഗതികളും ജന്മമെടുത്തിരുന്നു . ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ജെ.ഡി.ടി അനാഥ ശാല.
ഡോ.ശ്രീവിദ്യ
അസിസ്റ്റന്‍റ് പ്രൊഫസര്‍
ചരിത്ര വിഭാഗം, ഗവ. കോളേജ്, മലപ്പുറം
COMMENTS