Homeകവിത

മകളില്ലായ്മ

 

 

 

 

 

 

 

 

 

 

രവട്ടിനും അരിപ്പാത്രത്തിനും
ഇടയില്‍ കളഞ്ഞു പോയ
കമ്മല്‍ പിരിക്ക്
നഷ്ടമായ ടോര്‍ച്ചു വെട്ടം പോലെ
കണക്കെടുക്കുമ്പോള്‍ കാണാത്തത്
വേറെയും പലതുണ്ട്..
അരച്ചാണ്‍ മുടിയുടെ
മുറിക്കുന്നേരത്തെ പിടിവാശി..
കണങ്കാലുരഞ്ഞു പൊട്ടിച്ച
കൊലുസിന്‍റെ പൊട്ടിച്ചിരി…
പൊടിമൂലകളില്‍
ഉരുണ്ടു കൂടിയ തലനാരറപ്പ്..
കുളിമുറിച്ചുവരിലെ
ശിങ്കാര്‍ പശവട്ടങ്ങള്‍..
സന്ധ്യക്കും മുന്‍പേ പരക്കുന്ന
കരിമഷിച്ചേല്..
പാവാടച്ചന്തം, പാവക്കുട്ടിത്തം..
മകളില്ലായ്മയില്‍
ചിലതൊക്കെയുണ്ട്..
എത്ര കിണഞ്ഞാലും
അസ്ഥാനത്ത് തന്നെ ഒട്ടുന്ന
പൊട്ടിനെന്ന പോലെ,
ഒരു കണ്ണാടി വിടവ് ..
അരമോടിക്കുറവ്..
അങ്ങനെ എന്തൊക്കെയോ ചിലത്.

 

 

 

 

 

ശ്യാമ വാരിയര്‍
നെതര്‍ലാന്‍ഡ്സില്‍ നൃത്താധ്യാപികയും നടനം നൃത്തവിദ്യാലയത്തിന്‍റെ ഉടമയുമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദധാരിയായ ശ്യാമ കഴിഞ്ഞ 16 വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചു വരുന്നു.

COMMENTS

COMMENT WITH EMAIL: 0