ഇന്ത്യന്‍ ഭരണഘടനപ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഉഭയസമ്മതപ്രകാരം ലൈംഗികവേഴ്ച്ചയിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നത് ശരിയാണെങ്കിലും മതങ്ങളുടെ വീക്ഷണത്തില്‍ വിവാഹപൂര്‍വ്വ ലൈംഗികത നിഷിദ്ധമായി തന്നെ തുടരുന്നുണ്ട് എന്നതാണ് വസ്തുത. സെക്സ് പാപമാണ് എന്ന് പ്രത്യക്ഷമായി പഠിപ്പിക്കുന്നില്ലെങ്കിലും അതാണ് മതം വിവക്ഷിക്കുന്നത്. കഴുത്തില്‍ താലി ചാര്‍ത്തപ്പെടുന്ന നിമിഷം വരെ, പ്രത്യേകിച്ച് സ്ത്രീയെ സംബന്ധിച്ചിടത്തോളം, പാപം ആയ പ്രവൃത്തി വിവാഹകര്‍മ്മശേഷം കര്‍ത്തവ്യമായി മാറുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉളവാകാതിരിക്കുമോ എന്ന സന്ദേഹം ഉടലെടുക്കുന്നു.
മനുഷ്യ സമൂഹത്തിന്‍റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന, രാഹുല്‍ സാംകൃത്യായന്‍ രചിച്ച ”വോള്‍ഗ മുതല്‍ ഗംഗ വരെ” എന്ന പ്രശസ്ത പുസ്തകപ്രകാരം മനുഷ്യചരിത്രത്തിന്‍റെ ആരംഭത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ വ്യവസ്ഥയില്‍ സ്ത്രീ ആരില്‍നിന്ന് ഗര്‍ഭം ധരിക്കുന്നു എന്നത് അപ്രസക്തവും അജ്ഞാതവും ആകയാല്‍ പ്രസവിക്കുന്ന സ്ത്രീയെ തിരിച്ചറിയുന്ന സമൂഹവും, പിന്നീട് ശിശുവും, അവളെ അമ്മയായി അംഗീകരിക്കുന്നു. പിതാവ് ആരെന്ന് ആരും അറിഞ്ഞിരുന്നില്ല; അന്വേഷിച്ചിരുന്നുമില്ല. കുടുംബം എന്ന മനുഷ്യനിര്‍മ്മിതവ്യവസ്ഥ അന്ന് സ്ഥാപിക്കപ്പെടാതിരുന്നതിനാല്‍ ലൈംഗികവിഷയത്തില്‍ മൃഗസഹജമായ അഥവാ മനുഷ്യസഹജമായപ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് മുഖ്യമായി മതവും അതുവഴി സമൂഹവും കുടുംബവും ലൈംഗികതയ്ക്കു കടിഞ്ഞാണിട്ടുതുടങ്ങി.
പക്ഷേ ആദര്‍ശം പ്രസംഗിക്കുമെങ്കിലും ”വേലി തന്നെ വിളവു തിന്നുന്ന” ഗതികേടിലേക്ക് മതാധ്യക്ഷന്മാര്‍ കൂപ്പു കുത്തുന്ന കാഴ്ചയാണ് എവിടെയും കണ്ടുവരുന്നത്. രഹസ്യമായി കട്ടു തിന്നുന്ന അതിദയനീയ സ്ഥിതിവിശേഷം ഇപ്പോള്‍ പരസ്യമായി പോലും ചെയ്യാനും അതിനെ നിരാകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്തുകൊണ്ട് പുണ്യപരിവേഷത്തിന്‍റെ മൂടുപടം അണിഞ്ഞു തുടരാനും മുതിരുമ്പോള്‍, മതവിശ്വാസികള്‍ മൂക്കത്ത് വിരല്‍ വെച്ച് നിന്നുപോകുന്നു. മുക്രിയും പുരോഹിതനും സ്വാമിജിയും ബിഷപ്പും ഉള്‍പ്പെടെ, ആണധികാരത്തിന്‍റെ കൊടുമുടി കയറി ലൈംഗിക പീഡനവിരുതന്മാരായി വിധേയപ്പെട്ടു നില്ക്കുന്നവരെയും അല്ലാത്തവരെയും മൃഗീയമായി ചൂഷണം ചെയ്യുമ്പോള്‍ നിസ്സഹായരായി നോക്കി നിലക്കാനെ തരമുള്ളൂ.
”അവരും മനുഷ്യരല്ലേ” എന്ന ന്യായീകരണത്തൊഴിലാളികളുടെ പിന്താങ്ങലുകള്‍ എന്നെ അസ്വസ്ഥയാക്കുന്നത് എന്തുകൊണ്ടെന്നാല്‍ അവരില്‍ പലരും ‘ബ്രഹ്മചര്യ വ്രതം” പരസ്യമായി പ്രഖ്യാപിച്ച് ആ ജീവിതശൈലി സ്വയം തെരഞ്ഞെടുത്തവരാണ് എന്നതാണ്. മാത്രമല്ല, പ്രസംഗവും പ്രവൃത്തിയും അജഗജാന്തരമായതിനാല്‍ അവരുടെ ഇരട്ടത്താപ്പ് നയം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. “കാര്‍ന്നോമ്മാര്‍ക്ക് അടുപ്പിലും ആവാം; അനന്തിരവന്മാര്‍ക്ക് പറമ്പിലും ആയിക്കൂടാ” എന്ന കാര്‍ക്കശ്യനിയമം ജനാധിപത്യപരമല്ലാത്തതുകൊണ്ട് അസഹ്യവുമാണ്.
ഇത്തരുണത്തില്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാണ്. ബിഷപ്പ് ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയത് കന്യാസ്ത്രീയുമായുള്ള അദ്ദേഹത്തിന്‍റെ ലൈംഗികവേഴ്ച ഉഭയസമ്മതപ്രകാരം ആണെന്ന് കോടതി മനസ്സിലാക്കിയതുകൊണ്ടാണ്. അത് കന്യാസ്ത്രീ പരാതിപ്പെട്ടതുപോലെ ബലാല്‍സംഗം അല്ലെന്ന ബോദ്ധ്യത്തില്‍, ഭരണഘടന അനുശാസിക്കുന്നപ്രകാരം ബിഷപ്പ് കുറ്റക്കാരനല്ല എന്ന് കോടതി വിധി എഴുതിയതില്‍ തെറ്റ് പറയാനാകില്ല. ”ഇനി പന്ത് സഭയുടെ കോര്‍ട്ടില്‍” ആണ് എന്നാണ് വിശ്വാസികള്‍ക്ക് പറയാനുള്ളത്. ബ്രഹ്മചര്യം വാഗ്ദാനം ചെയ്ത ബിഷപ്പും കന്യാസ്ത്രീയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സഭയുടെ പ്രബോധനപ്രകാരം അത് വ്യഭിചാരമാണ്. വിശ്വാസികള്‍ വ്യഭിചാരം ചെയ്താല്‍ അത് മാരകപാപം ആണെന്ന് പഠിപ്പിക്കുന്ന സഭ ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് വിശ്വാസികളെ സഭയുടെ പുതിയ നിലപാടിനെപ്പറ്റി പ്രബുദ്ധരാക്കിയേ തീരൂ. കന്യകാത്വം നഷ്ടപ്പെട്ടത്തിനാല്‍ രണ്ടുപേര്‍ക്കും തല്‍സ്ഥിതി തുടരാന്‍ അവകാശം ഇല്ല എന്ന് സാമാന്യബുദ്ധിയാല്‍ മനസ്സിലാക്കുന്ന സാധാരണ വിശ്വാസികള്‍ സ്വേച്ഛാധിപത്യവ്യവസ്ഥയെ ചോദ്യം ചെയ്യാനാകാതെ അസ്വസ്ഥരായി അന്ധകാരത്തില്‍ അന്ധരായി നിലകൊള്ളുകയാണ്. അധികാരികള്‍ക്കും വിശ്വാസികള്‍ക്കും വെവ്വേറെ നീതി എന്നത് യേശുചരിത്രത്തില്‍ അസംബന്ധമാണ് എന്നതില്‍ രണ്ടുപക്ഷമില്ല. അവിടുന്ന് കരുണ കാണിക്കുന്നതും വിധിയില്‍ ഇളവ് നല്കുന്നതും താഴെതട്ടില്‍ ഉള്ളവര്‍ക്കാണ് എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്,
ലൈംഗികത മനുഷ്യസഹജമാണ് എന്ന് വാദിക്കുന്നവര്‍ക്കുപോലും ഉത്തരം മുട്ടുന്ന ചെയ്തികളാണ് മതങ്ങളിലെ ഉന്നതരില്‍ നിന്ന് വന്നു ഭവിക്കുന്നത്. ബാലപീഡനങ്ങള്‍, ലൈംഗികവൈകൃതങ്ങള്‍ എന്നിവ എല്ലാ മതവിഭാഗങ്ങളിലും നടമാടുന്നത് ലജ്ജാവഹമാണെന്ന് ആര്‍ക്കാണറിയാത്തത്! മദ്രസകളിലെ കുട്ടികള്‍, അള്‍ത്താരബാലന്മാര്‍, ആശ്രമനിവാസികള്‍ എന്നിവര്‍ പീഡനവിധേയരാകുമ്പോള്‍ “ചൊട്ടയിലെ ശീലം ചുടല വരെ” എന്നതിനാല്‍ ബാല്യത്തില്‍തന്നെ ഈ കൊച്ചുജീവിതങ്ങള്‍ കശക്കിയെറിയപ്പെടുകയാണ് എന്ന് ഈ നരാധന്‍മാര്‍ ഓര്‍ക്കാത്തതെന്താണ്? കുരുന്നുകള്‍ ആയിരിക്കുമ്പോള്‍ ജീവിതം നശിപ്പിയ്ക്കപ്പെട്ട അത്തരം യുവതീയുവാക്കളെ അറിയാവുന്നതിനാല്‍ അക്ഷന്തവ്യമായ അപരാധമാണ് ഈ പുണ്യവേഷധാരികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ.
കേരളത്തില്‍ പ്രത്യേകിച്ചും ലൈംഗികദാരിദ്ര്യമാണ് ലൈംഗിക ആക്രാന്തത്തിലേക്ക് നയിക്കുന്നത് എന്നത് ഒരു തിരിച്ചറിവാണ്. സെക്സ് വര്‍ക്കര്‍ എന്ന് അവകാശപ്പെടുന്ന നളിനി ജമീല സാക്ഷ്യപ്പെടുത്തുന്നത്, ”പല കുടുംബവ്യവസ്ഥയും ഇന്നും സുസ്ഥിരമായി നിലനില്ക്കുന്നത് അവരുടെ സംലഭ്യത കൊണ്ടാണ്” എന്നാണ്. രഹസ്യമായ വേഴ്ച ആഗ്രഹിക്കുന്ന ഭീരുക്കളായ മാന്യന്മാരുടെ കാര്യത്തില്‍ അത് ഏറെക്കുറെ ശരിയുമാണ്. ഇതില്‍ വൈദികരും മറ്റുമത ശ്രേഷ്ഠരും ഉണ്ടെന്ന സത്യം നളിനി തുറന്നു സമ്മതിക്കുന്നുണ്ട്. മുഹമ്മദ് നബി ഇക്കാരണങ്ങള്‍ കൊണ്ടാകാം നാലു തവണ കെട്ടാന്‍ അനുവദിച്ചതെന്നുവേണം കരുതാന്‍. വിധവകള്‍ക്കും നിരാലംബര്‍ക്കും അത്താണിയാകാന്‍ ആണ് പ്രവാചകന്‍ ഉദ്ദേശിച്ചതെങ്കിലും അത്ര വെടിപ്പായിട്ടല്ല ഇന്നത്തെ പ്രായോഗികമായ വസ്തുതകള്‍ എന്നത് ചുറ്റുപാടും നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകുന്നതാണ്.
വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുന്നത് എങ്ങനെ എന്നത് അടിയന്തിരമായി ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. കന്യകാത്വം, ശുദ്ധത എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിര്‍വ്വചനങ്ങളും നിരീക്ഷണങ്ങളും പുനര്‍വ്യാഖ്യാനിക്കപ്പെടേണ്ടത് ഇന്നിന്‍റെ അത്യാവശ്യമാണുതാനും. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളോട് കമലാ സുരയ്യ ഉദ്ബോധിപ്പിക്കുന്നത് ഭാവാത്മകമായ പരിഹാരം ആണ്. പേപ്പട്ടി കടിച്ചാല്‍ ഡെറ്റോള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ കുത്തിവെപ്പിനു വിധേയരാകുകയോ ചെയ്യുക; അല്ലാതെ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത് എന്നാണ് വിവേകമതിയായ അവര്‍ ആഹ്വാനം ചെയ്യുന്നത്. ‘പളുങ്കുപാത്രം തകര്‍ന്നുപോകുന്നു പുനര്‍നിര്‍മ്മിക്കാനാകാത്തവിധം’ എന്ന് പെണ്‍കുട്ടികളെ ഭയപ്പെടുത്തുന്ന മതങ്ങള്‍ ഓര്‍ക്കുക, ‘പളുങ്കുപാത്രം സൃഷ്ടിച്ച സ്രഷ്ടാവിന് അത് പഴയപടി മനോഹരമാക്കി പുനര്‍സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ട് എന്ന യാഥാര്‍ഥ്യം. ധീരരായ അതിജീവിതകള്‍ ശിരസ്സുയര്‍ത്തി പൊരുതുന്നതുപോലെ, ലജ്ജിക്കേണ്ടത് തെറ്റ് ചെയ്തവരാണെന്ന ബോധ്യത്തോടെ അത് ഉറക്കെ പ്രഖ്യാപിക്കുക രതിവൈകൃതങ്ങള്‍ ഇല്ലാതാകാന്‍ മതങ്ങള്‍ ഏറ്റവും ആദ്യം ബോധവല്‍ക്കരണം നടത്തേണ്ടത് ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും പിന്നീട് പെണ്‍കുട്ടികള്‍ക്കും ആണ്. ചെറുപ്പം മുതല്‍ പെണ്‍കുട്ടികളെ മനുഷ്യരായി കണ്ടു ബഹുമാനിക്കാന്‍ അവര്‍ പഠിക്കട്ടെ! അതിനെക്കാളുപരി ചൂഷണത്തിന് വിധേയരാകാതെ പ്രതികരിക്കാന്‍ അവര്‍ ധൈര്യമുള്ളവര്‍ ആകട്ടെ. യെസ് പറയാന്‍ അല്ല നോ എങ്ങനെ എപ്പോള്‍ പറയണം എന്നതിനാണ് മതപാഠശാലകളില്‍ യുവതയ്ക്ക് പരിശീലനം നല്കേണ്ടത്. അനുസരണയെക്കാളും അച്ചടക്കത്തേക്കാളും ഉപരിയായി ചോദ്യം ചെയ്യാനും പ്രതികരിക്കാനും അവര്‍ പ്രാപ്തരാകണം. “പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും സര്‍പ്പത്തെപ്പോലെ വിവേകികളും” ആകാനാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ആവശ്യപ്പെടുന്നത്. നമ്മില്‍പ്പലര്‍ക്കും നിഷ്ക്കളങ്കത വേണ്ടുവോളം ഉണ്ട്; എന്നാല്‍ സോളോമന്‍ രാജാവ് ആവശ്യപ്പെട്ട വിജ്ഞാനം സ്വായത്തമാക്കാന്‍ നമ്മുടെ യുവതയെ നമുക്ക് ഒരുക്കാം.
COMMENTS