ലോകത്ത് ഒരു ബില്യണിലധികം ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും ഡിസബിലിറ്റിയുമായി ജീവിക്കുന്നവരാണെന്നാണ് കണക്ക് അത് ചിലരില്‍ താല്‍ക്കാലികമാവാം; ചിലരില്‍ സ്ഥിരമാവാം. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളും അവകാശങ്ങളും ലഭ്യമാക്കപ്പെടുന്നുണ്ട് എന്നൊരു ചോദ്യമുയര്‍ന്നാല്‍ സംഖ്യ അധികമൊന്നും ഉയരില്ലെന്ന് ഉറപ്പാണ്. ഇവിടെ ഡിസബിലിറ്റി എന്ന പ്രയോഗം കൊണ്ട് വ്യക്തികളുടെ ശാരീരിക വൈകല്യങ്ങളെയല്ല അര്‍ഥമാക്കാന്‍ ശ്രമിക്കുന്നത്; മറിച്ച്, അത്തരം വൈകല്യങ്ങളെ അബ്നോര്‍മല്‍ ആയി കാണുന്നതില്‍ സമൂഹം വഹിക്കുന്ന പങ്കിനെയാണ്. ശാരീരിക-മാനസിക-ബൗദ്ധിക പരിമിതികളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘വൈകല്യം’ എന്ന പദത്തില്‍ നിന്നും ഡിസബിലിറ്റി എന്ന സാമൂഹികാശയത്തിലേക്ക് ഒരുപാട് അന്തരമുണ്ട്. മലയാളത്തില്‍ നിലവില്‍ ഡിസബിലിറ്റി എന്ന ഇംഗ്ലീഷ് വാക്കിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന പദങ്ങളില്ല. അതുകൊണ്ടു തന്നെ, ഡിസബിലിറ്റി എന്ന ആശയത്തെ വൈദ്യശാസ്ത്രപരമായ നിര്‍വചനങ്ങളില്‍ നിന്ന് അതിന്റെ സാമൂഹിക അര്‍ഥതലങ്ങളിലേക്ക് കൊണ്ടുവരാന്‍ നമുക്കിനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ അമേരിക്കയിലും ബ്രിട്ടനിലും നടന്ന ഡിസേബിള്‍ഡ് പൗരന്മാരുടെ നിയമപരവും സംഘടനാപരവുമായ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളുടെ ഫലമായി രൂപം പ്രാപിച്ച പഠനശാഖയാണ് ഡിസബിലിറ്റി സ്റ്റഡീസ്. അതിന്റെ തുടര്‍ച്ചയെന്നോണം ഒരു വ്യക്തിയുടെ വൈകല്യം എങ്ങനെ ഡിസബിലിറ്റി ആയി പരിണമിക്കുന്നു എന്നതിനെപ്പറ്റി ഒരുപാട് ഗവേഷണ ലേഖനങ്ങള്‍ എഴുതപ്പെട്ടു. ഈ പഠനമേഖലയുടെ ഉത്ഭവത്തോടെ ഡിസേബിള്‍ഡ് വ്യക്തികള്‍ക്കെതിരെയുള്ള അവഗണനകള്‍ക്കെതിരെ നാനാഭാഗത്തു നിന്നും സ്വരങ്ങളുയര്‍ന്നു. ആദ്യകാലങ്ങളില്‍, വൈകല്യം എന്നാല്‍ പകരുന്ന ഒരു രോഗമാണ് എന്ന തെറ്റിദ്ധാരണയുടെ ഫലമായി വൈകല്യങ്ങളുള്ളവരെ കുടുംബവും സമൂഹവും ഒഴിവാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതു സാധാരണമായിരുന്നു. കൂടാതെ, മുന്തലമുറയിപ്പെട്ടവരുടെ പാപഫലമായിട്ടോ പാരമ്പര്യമായിട്ടോ കിട്ടുന്നതാണ് വൈകല്യം എന്നായിരുന്നു അക്കാലത്ത് പൊതുധാരണ. തല്‍ഫലമായി, വൈകല്യത്തോടുള്ള സമീപനം മതവിശ്വാസങ്ങളിലും മന്ത്രവാദത്തിലും ദാനധര്‍മങ്ങളിലും ഊന്നിയതായിരുന്നു. ഇന്നും ഒരു കുട്ടി ഏതെങ്കിലും തരത്തിലുള്ള വൈകല്യവുമായി ജനിക്കുമ്പോഴോ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വൈകല്യം ഉണ്ടാകുമ്പോഴോ അതിനെ ഒരു ദുരന്തപൂര്‍ണമായ സംഗതി ആയിട്ടാണ് സമൂഹവും കുടുംബവും വീക്ഷിക്കുന്നത്.
സ്ത്രീ-പുരുഷ, നോര്‍മല്‍-അബ്നോര്‍മല്‍ ദ്വന്ദങ്ങളില്‍ അധിഷ്ഠിതമായ, പുരുഷ കേന്ദ്രീകൃതവും ഏബ്ലിസ്റ്റുമായ ഒരു സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധോദയം ഉണ്ടാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒരു കടമ്പയാണ്. ഓരോ വ്യക്തിയുടെയും കടമകളെപ്പറ്റി നമ്മള് തയാറാക്കി വച്ചിരിക്കുന്ന വാര്‍പ്പച്ചടി മാതൃകകളില്‍ പ്രധാനമായുള്ള വ്യവസ്ഥ അവന്/അവള് ശാരീരികമായും മാനസികമായും ‘എല്ലാം തികഞ്ഞ’ ഒരു വ്യക്തിയായിരിക്കണം എന്നതാണ്. സാധാരണത്വത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ സഹജീവികളെ ‘കഴിവുള്ളവന്(ള്‍)’/’കഴിവില്ലാത്തവന്(ള്‍)’ എന്നിങ്ങനെ തരംതിരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ജാതി, മതം, വംശം, ജെന്‍ഡര്‍, ലൈംഗികത, ദേശീയത, എബിലിറ്റി/ഡിസബിലിറ്റി തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങളെ വൈവിധ്യം എന്നതില്‍ കവിഞ്ഞ് വേര്‍തിരിവുകളായി കരുതുന്ന ഒരു ജനത കാലങ്ങളായി ഇത്തരം സാമൂഹിക വ്യവസ്ഥകള്‍ക്ക് അടിമപ്പെട്ടവരായിരിക്കും.
സമൂഹത്തിന്റെ പൊതുധാരണകളെ തൂത്തെറിഞ്ഞ്, കഠിനാധ്വാനവും ലഭ്യമായ വിഭവങ്ങളും കൊണ്ട് മറ്റാരെയും പോലെ ജീവിക്കാന്‍ പരിശ്രമിക്കുന്ന ഡിസേബിള്‍ഡ് വ്യക്തികളെ മഹത്വവല്കരിക്കാന് പലര്‍ക്കും താല്പര്യമേറെയാണ്. സമൂഹം കല്പ്പിച്ചു വെച്ചിരിക്കുന്ന ‘നോര്‍മല്‍’ വിശേഷണങ്ങളില്പ്പെടാതെ, നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതവിജയം നേടിയ ഡിസേബിള്‍ഡ് വ്യക്തികളെ ‘മാലാഖ’വല്ക്കരിക്കാനും പ്രചോദനത്തിന്റെ മൊത്തക്കച്ചവടക്കാരാക്കാനുമുള്ള പൊതുസമൂഹത്തിന്റെ ഉത്സാഹം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കൂടാതെ, അവരുടെ ജീവിതങ്ങളെ വിധിയും കണ്ണീരും കിനാവുമായി കൂട്ടി വായിക്കുന്നതും വര്‍ഷങ്ങളായി നോര്‍മലൈസ് ചെയ്തു കാണപ്പെടുന്ന ഒരു പ്രവണതയാണ്. മുഖ്യധാരാ മാധ്യമങ്ങളിലും പൊതുവായി കണ്ടു വരുന്ന ഇത്തരം ചിത്രീകരണങ്ങള്‍ ഡിസേബിള്‍ഡ് ശരീരങ്ങളെ വസ്തുവല്ക്കരിക്കുന്നതു വഴി അവര്‍ക്കു നേരെയുള്ള തുറിച്ചുനോട്ടങ്ങള്‍ കൂടുന്നതിനും കാരണമാകാറുണ്ട്.
ലോകമെമ്പാടുമുള്ള യുവജനതയെ കണക്കിലെടുത്താല്‍ ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്നതും ഏറ്റവുമധികം പാര്ശ്വവല്ക്കരിക്കപ്പെട്ടതുമായ ന്യൂനപക്ഷം ഡിസബിലിറ്റികളുള്ള യുവജനങ്ങളാണ് എന്നാണ് ഐക്യരാഷ്ട്ര സഭ (UN) പറയുന്നത്. അതില്‍ തന്നെ നല്ലൊരു ശതമാനവും വികസ്വര രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. യുവത്വം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ കാലഘട്ടമാണെന്നു പറയാറുണ്ട് ആരോഗ്യപരമായും സുഹൃത്തുക്കളുടെയും ബന്ധങ്ങളുടെയും കാര്യത്തിലുമൊക്കെ. എന്നാല്‍ ചുറ്റുപാടുകള്‍ ഡിസബിലിറ്റി-സൗഹൃദം അല്ലാത്തതു കൊണ്ടുമാത്രം തങ്ങളുടെ യുവത്വം ആസ്വാദ്യകരമാക്കാന്‍ കഴിയാത്തവരും സാമൂഹിക ജീവിതം നിഷേധിക്കപ്പെട്ടവരും നിരവധിയാണ്. ഒരു നോണ്‍-ഡിസേബിള്‍ഡ് വ്യക്തിക്ക് നേരിടേണ്ടി വരുന്നതിന്റെ പതിന്മടങ്ങു ബുദ്ധിമുട്ടുകള്‍ ഒരു ഡിസേബിള്‍ഡ് വ്യക്തിക്ക് നേരിടേണ്ടി വരുന്നുണ്ട് പ്രത്യേകിച്ചും തൊഴിലവസരങ്ങളുടെ കാര്യം വരുമ്പോള്‍. ഇന്ത്യയിലെ പൊതുമേഖലാ തൊഴില്‍ രംഗത്ത് 0.1 ശതമാനം മാത്രമാണ് ഡിസബിലിറ്റി ഉള്ളവരുടെ പ്രാതിനിധ്യം. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ഉള്ള ഒരു ഡിസേബിള്‍ഡ് വ്യക്തിക്ക് പോലും തൊഴില്മേധാവികള്ക്കു ഡിസബിലിറ്റിയെപ്പറ്റി കൃത്യമായ അവബോധമില്ലാത്തതു മൂലം അര്‍ഹതപ്പെട്ട ജോലി അപ്രാപ്യമാകുന്നത് പ്രതിഷേധാര്‍ഹമാണ്. അഭിമുഖത്തിനെത്തുന്ന ഡിസേബിള്‍ഡ് വ്യക്തികളെയും അവരുടെ യോഗ്യതകളെയും കണക്കിലെടുക്കുന്നതിനു പകരം അവരുടെ ശാരീരിക/മാനസിക അവസ്ഥകളിലേക്കു അനാവശ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവര്‍ക്ക് ആ ജോലികള്‍ ചെയ്യാനാവില്ല എന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നതു കൊണ്ടാണ്.
പ്രായപൂര്‍ത്തിയായ ഡിസേബിള്‍ഡ് വ്യക്തികളെ ചെറിയ കുട്ടികളോട് ഉപമിക്കുന്നത് പലപ്പോഴും നേരില്‍ കണ്ടിട്ടും അനുഭവിച്ചിട്ടുമുള്ള ഒരു വസ്തുതയാണ്. ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് മുതിര്‍ന്നവരെ പോലെ ചിന്തിക്കാനും പെരുമാറാനുമാവില്ല എന്ന മുന്‍വിധിയോടെ അവരെ സമീപിക്കുന്നത് കൊണ്ടാണ് അവരെ ശിശുവല്ക്കരിക്കാന് തോന്നുന്നത്. അവര്‍ക്കും തനതായ വ്യക്തിത്വവും നിലപാടുകളുമുണ്ടെന്നു നമ്മുടെ സമൂഹം ഇനി എന്നു തിരിച്ചറിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് മേല്‍ രക്ഷാകര്‍തൃത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അവരോടുള്ള അനുകമ്പയുടെയോ സഹാനുഭൂതിയുടെയോ ഭാഗമാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഡിസേബിള്‍ഡ് സമൂഹത്തിനു ഒന്നാകെ മറ്റൊരാളുടെ ആശ്രയമില്ലാതെ ജീവിതം സാധ്യമല്ല എന്നൊരു വീക്ഷണം ധാരാളം ആളുകളുടെ മനസ്സില്‍ പതിഞ്ഞു പോയിട്ടുണ്ട്. കൂടാതെ, ഡിസബിലിറ്റി ഉളളവര്‍ വിശേഷിച്ചും വികസനപരമായി ഡിസേബിള്‍ഡ് ആയവര്‍, ബൗദ്ധികമായി ഡിസേബിള്‍ഡ് ആയവര്‍ കാഴ്ചയില്‍ ഒരുപോലെയാണെന്ന തെറ്റായ ധാരണ ഇപ്പോഴും ചിലര്‍ക്കിടയിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ മാറിപ്പോകാന്‍ തക്ക രൂപസാദൃശ്യമോ മറ്റു സമാനതകളോ ഇല്ലാതിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും ഉള്ള ഡിസേബിള്‍ഡ് വ്യക്തികളെയും അവരുടെ സ്വത്വങ്ങളേയും മാനിക്കാതെ മറ്റൊരാളുമായി സാദൃശ്യപ്പെടുത്തുന്നത്?
ബാഹ്യമായി പ്രകടമല്ലാത്ത ഡിസബിലിറ്റികളും ഉണ്ടെന്നുള്ളത് പൊതു സമൂഹത്തിലെ പലരും ഇന്നും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വസ്തുതയാണ്. ഡിസബിലിറ്റി എന്നു കേള്‍ക്കുമ്പോള്‍ ഒരു നോണ്‍-ഡിസേബിള്‍ഡ് വ്യക്തിയുടെ മനസ്സിലേക്കെത്തുന്ന ആദ്യത്തെ ചിത്രം, പ്രഥമ ദൃഷ്ടിയില് വൈകല്യങ്ങള്‍ പ്രകടമായ ഒരു ശരീരത്തിന്റേതാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നാല്‍ എല്ലാ ഡിസബിലിറ്റികളും ദൃശ്യമല്ല. ഒറ്റനോട്ടത്തില്‍ ഡിസേബിള്‍ഡ് ജനത എന്നത് ഒരു ജനവിഭാഗം ആണെങ്കില്‍പ്പോലും അത് വൈവിധ്യമാര്‍ന്നതാണ്. ഒരുപാട് വൈവിധ്യം നിറഞ്ഞ വിഭാഗങ്ങള്‍ അതിനുള്ളിലുണ്ട്. ഒരേ ഡിസബിലിറ്റി ഉള്ള രണ്ടു വ്യക്തികളുടെ ജീവിതം പോലും രണ്ടു തരത്തിലാകും; രണ്ടു പേരുടെയും അനുഭവങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഡിസബിലിറ്റികളുള്ള എല്ലാവരെയും ഒരേ അളവുകോല്‍ വെച്ച് അളക്കുക പ്രയാസമാണ്.
അക്കാദമിക്-പുരോഗമന വേദികളില്‍ ഡിസബിലിറ്റി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും അക്കാദമിക്ക് ഇതര സാമൂഹിക തലങ്ങളിലേക്ക് ഇറങ്ങി വരുമ്പോള്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ വിസ്മരിക്കപ്പെട്ടു പോകുന്ന ഒരു വിഷയമാണ് അക്സസിബിലിറ്റി അഥവാ അഭിഗമ്യമായ സൗകര്യങ്ങള്‍. ഡിസബിലിറ്റികളുടെ വ്യത്യസ്തതയും തീവ്രതയും അനുസരിച്ച് ഓരോ വ്യക്തിയുടെയും അക്സസിബിലിറ്റി ആവശ്യങ്ങളും വ്യത്യസ്തങ്ങള്‍ ആകും. പ്രധാനമായും പാരിസ്ഥിതിക തടസ്സങ്ങളാണ് ശാരീരികമായ വൈകല്യങ്ങള്‍ ഉള്ള വ്യക്തികളെ ഡിസേബിള്‍ഡ് ആക്കുന്നത്. അവ അവരെ സാമൂഹികവും സാംസ്കാരികവും കായികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൂര്‍ണമായോ ഭാഗികമായോ തടയുന്നു. വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്ക് പടിക്കെട്ടുകള്‍, ഇടുങ്ങിയ വാതിലുകള്‍ തുടങ്ങിയവയാണ് പ്രധാനമായും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു വീല്‍ചെയര്‍ ഉപയോക്താവിന് വീല്‍ചെയര്‍ സൗഹൃദപരമായ കെട്ടിടങ്ങള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ റാംപ്, ലിഫ്റ്റ് എന്നിവ ആവശ്യമായി വരുമ്പോള്‍ കാഴ്ചപരിമിതികളുള്ള വ്യക്തികള്‍ക്ക് സുഗമമായ സഞ്ചാരത്തിന് ടാക്ടൈല്‍ ടൈലുകളാണ് ആവശ്യം. കുടുംബാംഗങ്ങള്‍ക്കോ മറ്റു പിയര്‍ ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്കോ ആംഗ്യഭാഷ അന്യമായതുമൂലം അവരുമായുള്ള സമ്പര്‍ക്കവും ബന്ധുത്വവും പരിമിതമായ കേള്‍വിപരിമിതികളുള്ള വ്യക്തികളുണ്ട്. കേള്‍വിപരിമിതികളുള്ള വ്യക്തികള്‍ക്കിടയില്‍ തന്നെ പല അവസ്ഥകളുള്ളവരുണ്ട് – സഹായ സാങ്കേതികവിദ്യയുടെ (Assistive Technology) സഹായത്തോടെ വാചികമായ പുനരധിവാസം ആവശ്യമുള്ളവര്‍, ചുണ്ടുകള്‍ വായിക്കുന്നവര്‍, ആംഗ്യഭാഷ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. കോവിഡ് കാലഘട്ടത്തില്‍ മാസ്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കിയപ്പോള്‍ ആശയവിനിമയത്തിന് ചുണ്ടുകളെ ആശ്രയിക്കുന്നവര്‍ തീര്‍ത്തും ബുദ്ധിമുട്ടി. അതേ സമയം, ഡെഫ്ബ്ലൈന്ഡ് വ്യക്തികള്‍ (ഒരേസമയം കാഴ്ചപരിമിതിയും കേള്‍വിപരിമിതിയും ഉള്ള വ്യക്തികള്‍) സ്പര്ശനത്തില്കൂടിയാണ് സംഭാഷണം നടത്തുന്നത്. എല്ലാവരും ശാരീരിക അകലം പാലിച്ച കോവിഡ് കാലത്ത് ഏറ്റവുമധികം ഒറ്റപ്പെടല്‍ അനുഭവിച്ച മറ്റൊരു ഡിസബിലിറ്റി വിഭാഗം അവരായിരുന്നു.
ഡിസേബിള്‍ഡ് വ്യക്തികളെ സംബന്ധിച്ച് നേരിട്ടുള്ള ഇടപെടല്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വെബ് അക്സസിബിലിറ്റി/ഡിജിറ്റല്‍ അക്സസിബിലിറ്റി. ഉദാഹരണമായി, ഓണ്‍ലൈന്‍ ലേഖനങ്ങള്‍ക്കു ചുവടെ ചിത്രങ്ങളുണ്ടെങ്കില്‍ അവയുടെ വിവരണം കൂടി ചേര്‍ക്കുന്നത് അവ സ്ക്രീന്‍ റീഡര്‍/ടെക്സ്റ്റ്-ടു-സ്പീച്ച് സോഫ്ട്വെയറുകള് വഴി കാഴ്ചപരിമിതികളുള്ള വ്യക്തികള്‍ക്ക് പ്രാപ്യമാക്കാന്‍ സഹായിക്കുന്നു. ഇതു വഴി കമ്പ്യൂട്ടര്‍/മൊബൈല്‍ ഡിസ്പ്ലേയില്‍ കാണുന്ന എഴുത്തുകളും ചിത്രങ്ങളും സംഭാഷണമോ ബ്രെയ്ലി ഔട്ട്പുട്ടോ ആയി കാഴ്ചപരിമിതികളുള്ള വ്യക്തികളിലേക്കു എത്തുന്നു. ഞാനുള്‍പ്പെടെ, ശ്രവണപരിമിത സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രാപ്യമാകാന്‍ സബ്ടൈറ്റിലുകളോ ആംഗ്യഭാഷാ പരിഭാഷകരോ ആവശ്യമായി വരുന്നു. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാര്‍ത്തകളിലും സിനിമകളിലും മറ്റു വിനോദപ്രകടനങ്ങളിലുമുള്ള ശബ്ദസന്ദേശങ്ങള്‍ അപ്രാപ്യമായതു മൂലം ശ്രവണപരിമിതര്‍ക്ക് അവ ആസ്വദിക്കാന്‍ കഴിയാതെ വരുന്നുണ്ട്. കൃത്യസമയത്ത് വിവരകൈമാറ്റം നടക്കുന്നതിലെ അപര്യാപ്തതയും ശ്രവണപരിമിതരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, ട്രെയിനുകളുടെ സമയമാറ്റം, പ്ലാറ്റ്ഫോം മാറുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവ ഓഡിയോ അറിയിപ്പുകളായി പരസ്യപ്പെടുത്തുന്നത് അറിയാതെ ട്രെയിന്‍ നഷ്ടമായവരുടെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാനിടയായിട്ടുണ്ട്. റെയില്‍വേ അറിയിപ്പുകള് ശ്രവ്യസംബന്ധിയായി പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം തന്നെ അതിന്റെ ദൃശ്യാവിഷ്കാരവും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
എന്നെപ്പോലെ വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഡിസേബിള്‍ഡ് ആയവര്‍ക്ക് ജന്മനാ ഡിസബിള്‍ഡ് ആയവരെക്കാളും പ്രിവിലേജുകള്‍ ഭാഷാസമ്പാദനത്തിന്റെയും നോണ്‍-ഡിസബിള്‍ഡ് ആളുകളുമായുള്ള വ്യക്തിബന്ധങ്ങളുടെയും ഒക്കെ കാര്യത്തില്‍ ഉണ്ടെന്നത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇത് എല്ലാ ഡിസേബിള്‍ഡ് വിഭാഗങ്ങളിലുള്ളവര്‍ക്കും ബാധകമാണ്. ജന്മനാ ഡിസേബിള്‍ഡ് ആയ ആളുകളെക്കാളും കൂടുതല്‍ ജീവിതാനുഭവങ്ങളും മെച്ചപ്പെട്ട സാഹചര്യങ്ങളും വൈകി ഡിസേബിള്‍ഡ് ആയവര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. എന്നിരുന്നാലും, തങ്ങള്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വേര്‍തിരിവുകള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത, ഡിസബിലിറ്റി അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്ത ആളുകളും നമുക്ക് ചുറ്റുമുണ്ട്. പല ഡിസബിലിറ്റി വിഭാഗങ്ങളിലും ആന്തരികവല്‍ക്കരിച്ച ഏബ്ലിസം ( (internalised ableism)) സര്‍വസാധാരണമാണ്. ഡിസബിലിറ്റി മൂലമുള്ള വിവേചനം ഒട്ടുമേ ഇല്ലെന്നുള്ള വിശ്വാസം കാലങ്ങളായി നിര്‍ബാധം പിന്തുടരുന്നവരുണ്ട്. തങ്ങള്‍ക്കു ലഭിക്കുന്ന സഹതാപവും സഹായ വാഗ്ദാനങ്ങളും കണ്ട് “ഇത്രയുമെങ്കിലും ലഭിക്കുന്നുണ്ടല്ലോ, ഇതൊക്കെ മതി’ എന്ന് നിശ്വസിക്കുന്നവരുണ്ട്. ഡിസബിലിറ്റി സമൂഹത്തിന്റെ അവകാശ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ (ഉദാ: പെന്ഷന് തുക ഉയര്‍ത്തല്‍, ലിഫ്റ്റ്/റാമ്പ് നിര്‍മാണം, അപേക്ഷയിന്മേലുള്ള നടപടി ത്വരിതപ്പെടുത്തല്‍) സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ അതിനെ ഔദാര്യമെന്നോണം ചിത്രീകരിച്ച് അധികാരികള്‍ക്ക് സ്തുതി പാടുന്ന രീതിയും നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒന്നാണ്. സര്‍ക്കാര്‍ അതിന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഇവയൊക്കെയും ഡിസേബിള്‍ഡ് വ്യക്തികളുടെ മൗലികാവകാശങ്ങളാണെന്നും മനസ്സിലാക്കാനുള്ള ബോധവല്‍ക്കരണം പലര്ക്കുമിനിയും ലഭിച്ചിട്ടില്ല. തങ്ങളുടെ ‘കുറവുകളും’ ‘പരിമിതികളും’ മൂലം തങ്ങള്‍ മറ്റാളുകളെക്കാളും ഒരു പടി താഴെയാണെന്ന അപകര്‍ഷതാബോധം കാത്തുസൂക്ഷിക്കുന്നവരുമേറെ. ഇതേ കാരണം കൊണ്ടുതന്നെ, സ്വന്തം ഡിസബിലിറ്റി സ്വത്വം തുറന്നു പറയാനോ അംഗീകരിക്കാനോ തയാറാകാതെ ബുദ്ധിമുട്ടുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരെ അവരായി അംഗീകരിക്കുന്ന കുടുംബവും സമൂഹവും ഇല്ലാത്തതു മൂലം അവര്‍ പോലും അറിയാതെ അവരുടെ ദൈനംദിന ജീവിതത്തില്‍ ഏബ്ലിയിസം അവര്‍ സ്വാംശീകരിച്ചിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളും ചില ഘടകങ്ങളാണ്. അതായത്, ഓരോരുത്തരുടെയും ജീവിത നിലവാരവും അനുഭവങ്ങളും വ്യത്യസ്തമായതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന സാമൂഹിക പരിജ്ഞാനം ഒരുപോലെയല്ല.
ഡിസേബിള്‍ഡ് വ്യക്തികളുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ നോണ്‍-ഡിസേബിള്‍ഡ് സമൂഹത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഡിസേബിള്‍ഡ് വ്യക്തികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഡിസബിലിറ്റി അലൈകളും (ally) സഖ്യം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് പോരാട്ടങ്ങള്‍ക്ക് ശക്തി പകരും. സാമൂഹികമായ അവഗണനകളും വിവേചനവും നേരിടുന്ന, പ്രിവിലേജുകള്‍ ഇല്ലാത്ത, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ഏതൊരാളെയും ഒരു അലൈ ആയി കണക്കാക്കാം. താരതമ്യേന കൂടുതല്‍ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരു നോണ്‍-ഡിസേബിള്‍ഡ് വ്യക്തിക്ക് പല രീതികളില്‍ ഒരു ഡിസബിലിറ്റി അലൈ ആകാന്‍ സാധിക്കും. ഡിസബിള്‍ഡ് ആയ ഒരാള്‍ തന്റെ അനുഭവങ്ങളോ കടന്നു പോയ ബുദ്ധിമുട്ടുകളോ വെളിപ്പെടുത്തുമ്പോള്‍ ആ വ്യക്തിയുടെ ജീവിതയാഥാര്‍ഥ്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് ആ വ്യക്തി ഡിസേബിള്‍ഡ് അല്ല എന്നു വരുത്തിത്തീര്ക്കാതിരിക്കുക. ഒരു വ്യക്തിയുടെ സ്വത്വം ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പായതിനാല്‍ മറ്റൊരാള്‍ക്ക് അതിനെ ചോദ്യം ചെയ്യാനാവില്ല. സ്വന്തം ചുറ്റുപാടുകളില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക തടസ്സങ്ങള്‍ നീക്കാന്‍ ഇടപെടുന്നതിലൂടെയും ഡിസബിലിറ്റി സമൂഹത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിലൂടെയും നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ഡിസബിലിറ്റി അലൈഷിപ്പില് (allyship) പങ്കാളികളാകാം.
COMMENTS