ആധുനിക ജനത ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ കുറേ മാസങ്ങളായി നാം കടന്നുപോയികൊണ്ടിരിക്കുന്നത്. കോവിഡ്- 19 എന്ന നൂതനമായ രോഗാവസ്ഥ ജീവിതത്തിന്‍റെ സമസ്ത മേഖലകളേയും ബാധിച്ചു. അപ്രതീക്ഷിതമായ നിശ്ചലാവസ്ഥ എല്ലാ സാമൂഹിക, സാംസ്കാരിക രംഗങ്ങളേയും പിടിച്ചുലച്ചു. ഇക്കൂട്ടത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ അധികമൊന്നും ചര്‍ച്ച ചെയ്യാത്ത, സാധാരണക്കാര്‍ വലിയ പ്രശ്നമായി കണക്കാക്കുകയും ചെയ്തിട്ടില്ലാത്ത ഒരു മേഖലയായിരുന്നു കലാമേഖല. കാലാവതരണവും അഭ്യസനവും മാത്രം തൊഴില്‍ മേഖലയായിട്ടുള്ളവര്‍ ഏറ്റവും ദുരിതത്തിലായിപ്പോയ സാഹചര്യമായിരുന്നു കോവിഡ് ലോക്ക്ഡൗണ്‍ ദിനങ്ങളില്‍. വേദിയും കളരിയും മുടങ്ങിപ്പോയ കലാകാരന്മാര്‍, പട്ടിണിയിലായ അമേച്വര്‍ കലാ പ്രവര്‍ത്തകര്‍, വഴിമുട്ടിപ്പോയ പാരമ്പര്യ കലാകാരന്മാര്‍, എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടും. നാളെയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പല കലാപ്രവര്‍ത്തകരേയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ഇന്നും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യമാണ് കലാപ്രവര്‍ത്തകരുടെയും കലാരംഗത്തിന്‍റെയും സ്ഥിരതയും ഭാവിയും.
ഈയവസരത്തില്‍ ഒരു കൂട്ടം കലാപ്രവര്‍ത്തകര്‍, പ്രത്യേകിച്ച്, നൃത്തം സംഗീതം തുടങ്ങിയ അവതരണ കലകളെ കൈകാര്യം ചെയ്യുന്നവര്‍ താത്കാലികമായി കണ്ടെത്തിയ ഒരു ബദല്‍ വേദിയായിരുന്നു നവ മാധ്യമങ്ങള്‍. ലോക്ക്ഡൗണ്‍ തുടങ്ങി വളരെ പെട്ടെന്ന് തന്നെ യുവ കലാകാരന്മാരും കലാകാരികളും സോഷ്യല്‍ മീഡിയയില്‍ സജീവമായ അവസ്ഥ നാം കണ്ടു. അധികം വൈകാതെ മുതിര്‍ന്ന തലമുറയും ഇതേ പാതയിലെത്തി. സമൂഹമാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒരു പ്രധാന കലാമേഖല ക്ലാസിക്കല്‍ നൃത്തരംഗം ആയിരുന്നു. അവതരണങ്ങളായി, നൃത്തോത്സവങ്ങളായി, മത്സരങ്ങളായി, ചര്‍ച്ചകളായി, അഭിമുഖങ്ങളായി, പഠന കളരികളായി, ക്ളാസ്സുകളായി, അഭിപ്രായപ്രകടനങ്ങളായി നര്‍ത്തകീ നര്‍ത്തകന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകി. വിവിധ നിലവാരത്തിലുള്ള നൃത്ത പ്രകടനങ്ങള്‍ സ്ക്രീനില്‍ നിറഞ്ഞൊഴുകി. എന്നാല്‍ കാലഘട്ടത്തിന്‍റെ അനിവാര്യതയായി ഏവരും ഏറ്റെടുത്ത ഈ പുതു ഇടം, ഏതു രീതിയിലാണ് ക്ലാസ്സിക്കല്‍ കലാരംഗത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്നത്? പുതിയ ആസ്വാദകവൃന്ദം രൂപപ്പെടുന്നതിന് ഈ ഓണ്‍ലൈന്‍ വേദികള്‍ എങ്ങനെ കാരണമായി? നൃത്താസ്വാദനത്തെ ഏതു രീതിയിലാണ് ഈ പുത്തന്‍ രീതി സ്വാധീനിക്കുന്നത്? ക്ലാസ്സിക്കല്‍ നൃത്തത്തിന്‍റെ സൗന്ദര്യ സങ്കല്പങ്ങളെ ഇവ മാറ്റിയെഴുതുന്നുണ്ടോ? ഓണ്‍ലൈന്‍ വേദികളുടെ അനിവാര്യതയും, എന്നാല്‍ ഈ സാഹചര്യത്തില്‍ മനസ്സിലാക്കേണ്ട അരുതായ്മകളും എന്തൊക്കെയാണ്? എന്നിങ്ങനെ ഒരു കൂട്ടം ചോദ്യങ്ങള്‍ ഈ ‘ഓണ്‍ലൈന്‍ കാലഘട്ടത്തില്‍’ ഉയര്‍ന്നു വരുന്നുണ്ട്. അതോടൊപ്പം തന്നെ സാമൂഹികവും, സാമ്പത്തികവും സാംസ്കാരികവുമായ വീക്ഷണ കോണുകളിലൂടെയും ഈ സമകാലിക പ്രവണതകളെ അപഗ്രഥിക്കേണ്ടിയിരിക്കുന്നു. സമ്പന്നമായ കലാ സാംസ്കാരിക പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തിന്‍റെ ക്ലാസിക്കല്‍ കലാ ലോകത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഈ പുത്തനിടം ഏതു രീതിയില്‍ സ്വാധീനിക്കുന്നു എന്നത് കലാ പ്രയോക്താക്കളും ഗവേഷകരും ഗൗരവമായി അന്വേഷിക്കേണ്ട ഒരു വിഷയമായി മാറിയിരിക്കുന്നു. പുതിയതായി പിറവിയെടുക്കുന്ന ആസ്വാദനശീലങ്ങളും മാറി വരുന്ന മാധ്യമങ്ങളും, നിരൂപണ ശൈലികളുമെല്ലാം തുടര്‍ന്നുള്ള കലയുടെ വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കുന്നു എന്നതിനാലാണ് ഈ പഠനം പ്രസക്തമാവുന്നത്.
ഔപചാരികവും അനൗപചാരികവുമായ സംവദന രീതികള്‍ക്കെല്ലാം പുതിയൊരു മാനം കൊടുത്തുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളുടെ കടന്നു വരവ്. വളരെ പെട്ടെന്ന് തന്നെ ആധുനിക ജനതയ്ക്കുള്ളില്‍ സമൂഹ മാധ്യമങ്ങള്‍ സര്‍വ്വസാധാരണമായി തീര്‍ന്നു. അഭിപ്രായ പ്രകടനം അസാധ്യമാണെന്നും, കാണുന്നതും ശ്രവിക്കുന്നതുമായ വിഷയങ്ങളെ അപ്പാടെ സ്വീകരിക്കല്‍ മാത്രമാണ് മാര്‍ഗ്ഗമെന്നും കരുതിപോന്നിരുന്ന ഇലക്ട്രോണിക് പ്രക്ഷേപണ മാധ്യമ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ആര്‍ക്കും സംവദിക്കാവുന്ന, ഏതു വിഷയവും സംസാരിക്കാവുന്ന, പുതു സൗഹൃദങ്ങളെ കണ്ടെത്താവുന്ന, സിനിമ പോലുള്ള ജനകീയ രംഗങ്ങളിലെ പോലും വിശേഷങ്ങള്‍ ഞൊടിയിടയില്‍ അറിയാന്‍ കഴിയുന്ന, സര്‍വോപരി സമൂഹത്തില്‍ തങ്ങളെ സ്വയം പരിചയപ്പെടുത്താനും രേഖപ്പെടുത്താനുമുള്ള സാധ്യതകള്‍ തുറന്നു തരുന്ന ഒരു സാര്‍വ്വജനീയ മാദ്ധ്യമം എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങള്‍ ജനപ്രിയമാകുന്നത്. കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകളും ലഭ്യമായതോടെ ബഹുഭൂരിപക്ഷം ജനങ്ങളും വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന മാധ്യമങ്ങളില്‍ അംഗങ്ങളായി.
പബ്ലിസിറ്റി, മാര്‍ക്കറ്റിംഗ് തുടങ്ങി സോഷ്യല്‍ മീഡിയ മുന്നോട്ടു വയ്ക്കുന്ന സാധ്യതകള്‍ ഏറെയാണെങ്കിലും സാധാരണക്കാരില്‍ ഭൂരിഭാഗവും വിനോദോപാധി എന്ന നിലയിലും സമയം ചെലവിടാനുമായിട്ടാണ് സമൂഹമാധ്യമങ്ങളെ കൂടുതലായും ഉപയോഗിക്കുന്നത്. പ്രായോജകന്‍റെ സൃഷ്ടികള്‍ക്കും അവയുടെ വിനിമയത്തിനുമുള്ള വേദി തുറന്നു തരുന്ന Internet Based ആപ്ലിക്കേഷന്‍സ് ആണ് സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകള്‍. കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള മാധ്യമങ്ങളാണ് ഫേസ് ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും. Twitter, Linkedin പോലുള്ള മാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതലും അനൗപചാരിക പോസ്റ്റുകളാണ് ഇവയില്‍ കണ്ടുവരുന്നത്. ഇക്കാരണം കൊണ്ടും പോസ്റ്റുകളില്‍ കാര്യമായ മോണിറ്ററിങ് നടക്കുന്നില്ല എന്നതുകൊണ്ടും സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ ആധികാരികമായി ഇന്നും കണക്കാക്കിയിട്ടില്ല. എന്നാല്‍ ഉയര്‍ന്ന ജനപ്രീതിയും, സ്വയം പ്രകാശിതമാകാനുള്ള സാധ്യതയും സമൂഹ മാധ്യമങ്ങളെ ആധുനിക ജനതയുടെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കച്ചവട മാധ്യമമായും, പബ്ലിസിറ്റിയ്ക്കുള്ള ഉപാധിയായും ഒപ്പം ഇഷ്ട മേഖലകളിലെ സമകാലീനരുമായി നിത്യ സംവാദനത്തിനും വിവരങ്ങള്‍ ദ്രുതഗതിയില്‍ അറിയാനുള്ള മാര്‍ഗ്ഗവുമായിട്ടും സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തുന്നു.
ചെറിയൊരു കൂട്ടം ആസ്വാദകര്‍ക്കിടയില്‍ ഒതുങ്ങി നിന്നിരുന്ന ക്ലാസ്സിക്കല്‍ നൃത്തം പോലുള്ള കലാരൂപങ്ങളും കലാപ്രവര്‍ത്തകരും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന വരില്‍ മുന്‍നിരയിലുണ്ട്. പബ്ലിസിറ്റി, നിലനില്‍പ്പ്, അവസരങ്ങള്‍, രംഗത്തു നടക്കുന്ന പുത്തന്‍ വിവരങ്ങള്‍ അറിയുക, തന്‍റെ സാന്നിദ്ധ്യം രേഖപെടുത്തുക എന്നീ കാരണങ്ങള്‍ ഇക്കൂട്ടരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപൃതരാകാന്‍ പ്രേരിപ്പിച്ചു എന്ന് പറയാം.
ഓണ്‍ലൈന്‍ നൃത്തവേദി – കൊറോണ കാലത്ത്
നമ്മുടെ സാംസ്കാരിക രംഗത്ത് പാരമ്പര്യ കലകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. അനേക കാലത്തെ അക്ഷീണ പ്രയത്നം കൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഒന്നാണ് നൃത്തം, സംഗീതം മറ്റു ക്ലാസ്സിക്കല്‍ അവതരണ കലകള്‍ എന്നിവയിലെ പ്രാവീണ്യം. എത്രതന്നെ മികച്ച പ്രയോക്താവായാലും ആസ്വാദകരില്ലെങ്കില്‍ അവതരണ വേദിയില്ലെങ്കില്‍ കലാകാരനും ഇല്ല. അഭ്യസനത്തോടൊപ്പം തന്നെ ഇന്നത്തെ കലാകാരന്മാര്‍ സ്വയം കലാകാരനാവാന്‍ സന്നാഹപ്പെടുത്തുന്ന രീതികളെ കുറിച്ച് സ്റ്റീഫന്‍ വില്‍സണ്‍ രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ ക്രിയാത്മകതയില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ മറ്റു ചിലര്‍ ആഴത്തിലുള്ള അറിവിലേക്കും, ബന്ധപ്പെട്ട മറ്റു വിജ്ഞാന മേഖലകളിലേക്കും ശ്രദ്ധ കൊടുത്ത് അറിവ് നേടുന്നതില്‍ വ്യാപൃതരാവും. മറ്റൊരു കൂട്ടര്‍ കലാഭ്യാസനത്തിനൊപ്പം ആധുനിക സാങ്കേതിക മേഖലകളില്‍ കൂടി പ്രാവീണ്യം നേടുകയും അവയെ സ്വന്തം നിലനില്‍പ്പിനായി കഴിയും വിധം പ്രയോജനപെടുത്തുകയും ചെയ്യും. മറ്റു ചിലര്‍ മറ്റു സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നേരിട്ടിടപെടുകയും രാജ്യത്തിന്‍റെ സാംസ്കാരിക രംഗത്തിന്‍റെ ആകെയുള്ള വളര്‍ച്ചയില്‍ നേരിട്ട് ഭാഗമായി നിലനില്‍ക്കുകയും ചെയ്യുന്നു (2008). ഇവ കാണിച്ചു തരുന്നത് കലാപ്രവര്‍ത്തന രംഗം ആവശ്യപ്പെടുന്ന കൂടുതല്‍ ഉപാധികളെയാണ്. സമൂഹ ബന്ധങ്ങളുണ്ടാക്കുക, സാങ്കേതിക വിദ്യകളിലെ സാമാന്യ പരിജ്ഞാനം, അത്യാവശ്യമായ സാമൂഹ്യ രാഷ്ട്രീയ ബോധ്യങ്ങള്‍, ആഗോള തലത്തില്‍ സംവദിക്കാനുള്ള സാമര്‍ഥ്യം എന്നിവയെല്ലാം ഇന്നൊരു കലാകാരി, കലാകാരന്‍ ആയി തുടരുന്നതിന് അനിവാര്യ ഘടകങ്ങളാകുന്നു എന്ന് ചുരുക്കം. ഇതിന്‍റെ ഒരു ഭാഗം എന്ന നിലയിലാണ് നര്‍ത്തകിമാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ നോക്കി കാണേണ്ടത്. മഹാമാരിക്ക് മുന്‍പും സോഷ്യല്‍ മീഡിയയെ വേദിയാക്കി ഏതാനും നൃത്ത സംരഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു വേദികള്‍ നിശ്ചലമായ സാഹചര്യത്തില്‍ അത്യധികം ഊര്‍ജ്ജത്തോടെ സോഷ്യല്‍ മീഡിയയെ ഏക മാധ്യമമായി മാറ്റുകയാരിരുന്നു നര്‍ത്തകീനര്‍ത്തകന്മാര്‍!
ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തങ്ങളെ പൊതുവായി എടുത്താല്‍ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആണ് നര്‍ത്തകിമാര്‍ കൂടുതല്‍ വ്യാപൃതരായിരുന്നത് എന്ന് കാണാം. വീഡിയോകളായും പഠനക്ലാസ്കളായും യൂട്യുബിലും അവര്‍ സാന്നിധ്യമറിയിച്ചു. ഇവിടെ ശ്രദ്ധിക്കപ്പെടുന്ന ഒരു അവസ്ഥാവിശേഷം, പ്രായം, പരിചയം, അറിവ്, കഴിവ് എന്നിവയ്ക്കെല്ലാം അതീതമായൊരു ‘ഓപ്പണ്‍ പ്ലാറ്റഫോം’ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ ക്ലാസ്സിക്കല്‍ നൃത്തങ്ങള്‍ക്ക് വേദിയൊരുക്കിയത് എന്നാണ്. അവതരിപ്പിക്കാനും, ആസ്വദിക്കാനും അവസരങ്ങള്‍ കൂടുതലായി എന്നത്കൊണ്ടുതന്നെ ചില സൗന്ദര്യ ചോഷണങ്ങള്‍ക്കും ഈ സാഹചര്യം വഴിവെച്ചില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്.
വിര്‍ച്വല്‍ അവതരണ രീതികള്‍
ലോക്ക്ഡൌണ്‍ കാലത്ത് ഇന്‍സ്റ്റാഗ്രാം ഫേസ്ബുക് പേജുകളില്‍ നിറഞ്ഞു നിന്നത്, 2 മുതല്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോ പോസ്റ്റുകളും, ഒഫീഷ്യല്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ലൈവ് നൃത്താവതരണങ്ങളും ആയിരുന്നു. ഇവ പിന്നീട് വിവിധ സംഘടനകള്‍ ഏറ്റെടുത്തു ലൈവ് ആയോ, റെക്കോര്‍ഡ് ആയോ നടത്തുന്ന നൃത്ത ഫെസ്റ്റിവലുകളായി മാറി. മറ്റൊരു കൂട്ടര്‍ യൂട്യൂബിലാണ് വിഡിയോകളായും, ക്ലാസ്സുകളായും, ലൈവ് സ്ട്രീമിങ്ങുമായും എത്തിയത്. കലാസാംസ്കാരിക സംഘടനകളും, സോഷ്യല്‍മീഡിയ കൂട്ടായ്മകളും, കലാസ്ഥാപനങ്ങളും തുടങ്ങി ഏതാനും ക്ഷേത്രങ്ങള്‍ വരെ ഓണ്‍ലൈന്‍ നൃത്തോത്സവങ്ങള്‍ സംഘടിപ്പിച്ചു.
വിവിധ രീതിയില്‍ നൃത്തോത്സവങ്ങള്‍ ക്യൂറേറ്റ് ചെയ്യപ്പെട്ടു. പ്രശസ്തരും അപ്രശസ്തരുമായ നര്‍ത്തകീ-നര്‍ത്തകന്മാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. പ്രത്യേകം നൃത്തരൂപത്തെ മാത്രം ഉള്‍പ്പെടുത്തിയുള്ള അവതരണ സീരീസ്, പ്രത്യേക വിഷയത്തെ എടുത്തുകൊണ്ട്, വിവിധ നൃത്തരൂപങ്ങളെ ഉള്‍പ്പെടുത്തിയുള്ള സീരീസ്, സീനിയര്‍, ജൂനിയര്‍ ഫെസ്റ്റിവലുകള്‍, നൃത്താവതരണത്തിനു ശേഷം നര്‍ത്തകിയുമായുള്ള ചെറിയ സംവാദം, ഫേസ് ബുക്ക്, യൂട്യൂബ് തുടങ്ങി വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം സ്ട്രീമിങ് തുടങ്ങി സാധ്യമായ രീതികളിലെല്ലാം നൃത്തോത്സവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സാധാരണ ഡാന്‍സ് ഫെസ്റ്റിവലുകള്‍ കുറവായ മണ്‍സൂണ്‍ കാലഘട്ടത്തില്‍ ഇക്കൊല്ലം ഓണ്‍ലൈന്‍ നൃത്തോത്സവങ്ങള്‍ ഏറെയായിരുന്നു.
മറ്റൊരു സംഘടനയുടേയോ, സംഘാടകരുടെയോ നേതൃത്വമില്ലാതെ സ്വന്തം നൃത്താവതരണങ്ങളുമായി വേറൊരു വിഭാഗം മുന്നോട്ടെത്തി. തങ്ങളുടെ പേജില്‍ ഇഷ്ടമുള്ള വിധം നൃത്തം ചെയ്ത് യുവ പ്രതിഭകള്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടത്തില്‍ ‘മീഡിയോക്കര്‍’ എന്ന് വിളിക്കാവുന്ന ഇളമുറക്കാരായിരുന്നു അധികവും. ചില മുതിര്‍ന്ന നര്‍ത്തകിമാരും ആദ്യകാലങ്ങളില്‍ ഇത്തരം വിഡിയോകളുമായി എത്തിയിരുന്നു എങ്കിലും തുടരെ തുടരെയുള്ള പോസ്റ്റുകള്‍ ഉണ്ടായില്ല. മറിച്ച്, യൂട്യൂബ് ചാനലുകള്‍ക്കായി പ്രത്യേക കൊറിയോഗ്രാഫികളുമായി എത്തുകയുണ്ടായി. ഇവിടെ എടുത്തു പറയത്തക്ക ഒന്നായിരുന്നു, കൊറോണ പടരുന്ന സാഹചര്യത്തില്‍ നൃത്തത്തിലൂടെ ബോധവത്കരണം എന്ന നിലയില്‍ നര്‍ത്തകിമാര്‍ ഒറ്റയ്ക്കും കൂട്ടമായും ചെയ്ത ബോധവത്കരണ വീഡിയോകള്‍. നൃത്തശൈലിയ്ക്കും ചിട്ടകള്‍ക്കുമപ്പുറം വിഷയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു, ഇത്തരം പ്രൊഡക്ഷനുകള്‍ നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഇവ പലതും മുന്‍നിര മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സര്‍ക്കാരിന്‍റെ കോവിഡിനെതിരായുള്ള ക്യാമ്പയിനിന്‍റെ ഭാഗമായും ഇത്തരം ചില നൃത്താവതരണങ്ങള്‍ രചിക്കപ്പെട്ടു.
സാമൂഹ്യബോധവത്കരണ വീഡിയോകള്‍ മുതല്‍, പാരമ്പര്യ ഇനങ്ങളുടെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍, പരീക്ഷണാടിസ്ഥാനത്തിലുള്ള അവതരണങ്ങള്‍, എന്നിവയെക്കൂടാതെ, പ്രത്യേക സൗന്ദര്യാനുഭൂതിയൊന്നും പ്രകടമാക്കാത്ത വെറും പാട്ടിനൊപ്പമുള്ള ചലനങ്ങള്‍ എന്ന രീതിയിലുള്ള നൃത്തപ്രകടങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായി. ചുരുക്കി പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയറുകളായും പോസ്റ്റുകളായും നൃത്താവതരണങ്ങള്‍ നിറഞ്ഞു കൂടി. നൃത്താസ്വാദന കൂട്ടായ്മകളില്‍ നേരിട്ട് ഭാഗമല്ലാത്തവരിലേക്ക് പോലും നൃത്ത വീഡിയോകള്‍ ഷെയര്‍ ചെയ്തു എത്തി. മാത്രമല്ല, നൃത്തം ചെയ്യാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും, ചെയ്യുന്ന ശൈലിയോ, ഇടമോ, കൃതിയോ, വേഷമോ ഒന്നും തടസ്സമില്ലാതെ നൃത്തം ചെയ്യാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു. അതോടൊപ്പം നൃത്തോത്സവങ്ങള്‍ സ്ഥിരമായി സംഘടിപ്പിച്ചു കൊണ്ടിരുന്ന കലാസാംസ്കാരിക സംഘടനകള്‍ ആദ്യമാദ്യം മടിച്ചെങ്കിലും പിന്നീട് ഓണ്‍ലൈന്‍ നൃത്ത മേളകളുമായി മുന്നോട്ടു വന്നു. പക്ഷേ, പല രീതിയിലാണ് ഈ ഓണ്‍ലൈന്‍ നൃത്തങ്ങള്‍ പൊതുജനങ്ങളുടെയും രസികരുടെയും ആസ്വാദനത്തെ സ്വാധീനിച്ചത്. ക്ലാസ്സിക്കല്‍ നൃത്തങ്ങളും നര്‍ത്തകീനേതാക്കന്മാരും കുറേ ‘പോപ്പുലറൈസ്’ ചെയ്യപ്പെട്ടു, എങ്കിലും നല്ല ആസ്വാദന ശീലം വളര്‍ത്തിയെടുക്കാന്‍ ഇവ എത്രത്തോളം പ്രയോജനപ്പെട്ടു എന്നത് ചോദ്യമായി അവശേഷിക്കുന്നു. മാത്രമല്ല, ഇത്തരം ക്ഷിപ്ര പ്രശസ്തിയിലും, നിമിഷാവതരണങ്ങളിലും എത്രത്തോളം തൃപ്തരാണ് നൃത്തോപാസകര്‍?
ഓണ്‍ലൈന്‍ നൃത്താവതരണങ്ങളെ വായിക്കുമ്പോള്‍
നൃത്തം എന്നത് ഒരു ദൃശ്യ-ശ്രാവ്യ മാധ്യമമാണ്. ‘വേദി’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേകം അവതരണ ഇടങ്ങള്‍ക്കു വേണ്ടി ചിട്ടപ്പെട്ടവയാണ് നൃത്ത രൂപങ്ങള്‍. പാരമ്പര്യ ക്ലാസ്സിക്കല്‍ നൃത്തങ്ങളാണെങ്കില്‍ അവതരണ രീതിക്കും അഭ്യസനത്തിനും ശക്തമായ ചട്ടക്കൂടുകളുള്ളതും, ചില നിയമങ്ങളെ പിന്‍തുടര്‍ന്ന് പോരുന്നവയുമാണ്. ഇന്ത്യന്‍ കലകളുടെ ലാവണ്യതത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെല്ലാം തന്നെ അവതരണ ഇടത്തെക്കുറിച്ചും ആസ്വാദകനെക്കുറിച്ചുമെല്ലാം ആഴത്തില്‍ പ്രതിപാദിക്കുന്നുമുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് പുത്തന്‍ സാദ്ധ്യതകള്‍ തുറക്കപ്പെടുമ്പോള്‍ പാരമ്പര്യ കലകളും ചിട്ടകളിലും രീതികളിലും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അത് അത്യാവശ്യവുമായിരുന്നു. നൂതന സാങ്കേതിക വിദ്യകളുടേയും മാധ്യമങ്ങളുടേയും വളര്‍ച്ചയ്ക്കൊപ്പം അവയോടു ചേര്‍ന്ന് വളരാന്‍ പാരമ്പര്യ കലകള്‍ക്കും ഏറെക്കുറെ സാധ്യമായിരുന്നു. മാധ്യമരംഗത്തേക്ക് വരുമ്പോള്‍ ക്ലാസ്സിക്കല്‍ കലാരംഗത്തിലുള്ള അറിവില്ലായ്മ കാരണം ഇത്തരം കലകള്‍ മുന്‍നിരയിലേക്ക് എത്തിയിട്ടില്ല എന്നത് സത്യമാണ്. ഈയൊരു കുറവാണ് സമൂഹമാധ്യമങ്ങളുടെ വരവോടെ കലാപ്രവര്‍ത്തകര്‍ നികത്തിയത്. ഇതര കലാരൂപങ്ങളെ തട്ടിച്ചു നോക്കുമ്പോള്‍ നൃത്തരംഗത്തുള്ളവരായിരുന്നു സമൂഹ മാധ്യമത്തിലെ സാധ്യതകളെ ഏറ്റവും കൂടുതല്‍ പ്രയോജനപെടുത്തിയത് എന്ന് പറയാം. പങ്കാളിത്ത സ്വഭാവത്തോടെയുള്ള ഈ ഇടം ആസ്വാദനത്തിനും ചര്‍ച്ചകള്‍ക്കും എല്ലാം ഒരേ സമയം സാധ്യതകള്‍ നല്‍കി. അതുകൊണ്ടുതന്നെയായിരുന്നു മറ്റെല്ലാ വഴികളും താത്കാലികമായി അടഞ്ഞ സന്ദര്‍ഭത്തില്‍ നര്‍ത്തകീ നേതാക്കന്മാര്‍ സമൂഹമാദ്ധ്യമങ്ങളെ അഭയം പ്രാപിച്ചത്.
പക്ഷേ, ഇവിടെ നൃത്താസ്വാദനത്തെ നേരിട്ട് സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. സാധാരണ ഗതിയിലെ രംഗാവതരണത്തില്‍ നിന്ന് വ്യത്യസ്തമായി, റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ എത്രത്തോളം സൗന്ദര്യമുള്ളതാവുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവതരണത്തിന്‍റെ ലാവണ്യാനുഭവം കാണികള്‍ക്ക് പ്രാപ്യമാവുന്നത്. അവതരണത്തിലെ ശുദ്ധതയോടൊപ്പം അവതരിപ്പിക്കുന്ന ഇടത്തെ പശ്ചാത്തലം, വേഷവുമായുള്ള ചേര്‍ച്ച, ക്യാമറ ക്വാളിറ്റി, ദൃശ്യം പകര്‍ത്തുന്ന രീതി, വെളിച്ചം, ഫ്രെയ്മിങ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇവിടെ പ്രധാനമാണ്. ശുഷ്ക നൃത്തത്തെ പോലും അല്പമൊക്കെ ദൃശ്യഭംഗിയുള്ളതാക്കാനും, നല്ല അവതരണത്തെ മോശപ്പെടുത്താനും ഇത്തരം ഘടകങ്ങള്‍ മതിയാകും. കൊറോണക്കാലത്തെ പല ഓണ്‍ലൈന്‍ നൃത്തങ്ങളിലും ഇവ ദൃശ്യമായിരുന്നു. ഫോണ്‍ക്യാമറകളിലെ റെക്കോര്‍ഡിങ്ങിലെ പോരായ്മകള്‍, വീടിനുള്ളിലെ ഇടുങ്ങിയ മുറികളിലോ, മുറ്റത്തോ, ഓപ്പണ്‍ ടെറസ്സുകളിലോ ചെയ്യുന്ന അവതരണങ്ങളില്‍ ഫ്രെയിമില്‍ നിന്ന് പുറത്തു പോകുന്ന കൈചലനങ്ങള്‍, മുഖത്ത് വേണ്ടത്ര വെളിച്ചമില്ലായ്മ, ഓഡിയോ വ്യക്തമല്ലായ്മ, പാട്ടിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന ചിലങ്കയുടെ ശബ്ദം തുടങ്ങി ധാരാളം ഘടകങ്ങള്‍ ആസ്വാദന ഭംഗത്തിന് കാരണമായി. എന്നാല്‍ പതുക്കെപതുക്കെ ഈ കുറവുകളെ മനസ്സിലാക്കി പരിഹരിച്ചു കൊണ്ട് നര്‍ത്തകീ നര്‍ത്തകിമാര്‍ സ്ക്രീനിലെത്തി. പലരും ഓണ്‍ലൈന്‍ നൃത്താവതരണത്തിനായി പ്രത്യേകം ഇടങ്ങള്‍ തയാറാക്കി. നൃത്തോത്സവങ്ങള്‍ ചിലത്, ലൈവില്‍ നിന്ന് മാറി റെക്കോര്‍ഡ് ചെയ്ത് സ്ക്രീന്‍ ചെയ്തു. റെക്കോര്‍ഡിങ്ങിനായി മേല്‍ത്തരം സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചു തുടങ്ങി. അങ്ങനെ നൃത്തോത്സവങ്ങള്‍ ഓണ്‍ലൈന്‍ വേദിയിലും പ്രൊഫഷണല്‍ ആയി മാറി തുടങ്ങി.
എന്നാല്‍ ഈ അവസരത്തില്‍ എടുത്തു പറയേണ്ട ഒരു വിഷയം പ്രയോക്താക്കള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്‍റെ വിഷയമാണ്. ആദ്യകാലങ്ങളില്‍ ഒരു നൃത്ത പരിപാടികളും നര്‍ത്തകിമാര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. ഇതേ വിഷയം പലയിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെ, അല്ലെങ്കില്‍ അവതരണത്തെ ഭംഗിയാക്കുന്നതില്‍ വരുന്ന സാമ്പത്തിക ചെലവിനെ കണക്കിലെടുത്തുകൊണ്ട് ചില സംഘാടകര്‍ ചെറിയ പ്രതിഫലം കൊടുക്കാന്‍ ആരംഭിച്ചു. കുറഞ്ഞ പക്ഷം റെക്കോര്‍ഡിങ്ങിനു വേണ്ട ചിലവെങ്കിലും നര്‍ത്തകിമാര്‍ക്ക് നല്‍കുക എന്ന നിലപാട് എടുത്തു. എന്നാല്‍ ഈ അവസരത്തിലും റെക്കോര്‍ഡിങ് ചെയ്യാതെ ലൈവ് പരിപാടികള്‍ നടത്തി പ്രതിഫലം കൂടാതെയുള്ള നൃത്തോത്സവങ്ങളും തുടര്‍ന്ന് കൊണ്ടിരുന്നു. ഇന്‍റര്‍നെറ്റ് കണക്ഷനിലെ പ്രശ്നം മൂലവും, മറ്റു പരിമിതികള്‍ മൂലവും ഇത്തരം പല അവതരണങ്ങളും വേണ്ടത്ര ഭംഗിയായതുമില്ല. ഓണ്‍ലൈന്‍ നൃത്താവതരണങ്ങളിലെ സൗന്ദര്യം വീഡിയോയുടെ ആകെയുള്ള അഴകിനെ അടിസ്ഥാനപ്പെടുത്തി ആസ്വാദകര്‍ അളന്നു തുടങ്ങി. മാത്രവുമല്ല, മറ്റേതു മേഖലയെയും പോലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരുന്ന നൃത്തരംഗത്തുള്ള പലര്‍ക്കും ഇത്തരം വേദികളില്‍ എത്തപ്പെടാന്‍ സാധിച്ചതുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ മാത്രമായി ഒതുങ്ങി.
നര്‍ത്തകീ- നര്‍ത്തകന്‍മാരുടെ ഭാഗത്തു നിന്ന് നോക്കിയാല്‍, സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം അറിയിക്കുക എന്നത് ഒരു അത്യാവശ്യമാകുന്നു. മറ്റുള്ളവര്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ പിന്‍തള്ളപ്പെട്ടു പോകാതിരിക്കാന്‍ അവര്‍ കൂടുതല്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. അവസരങ്ങള്‍ക്ക് പിന്നാലെ പാഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ നൃത്തത്തെ ഏറെ പ്രോത്സാഹിപ്പിക്കാത്ത മുന്‍നിര നര്‍ത്തകിമാരും ഉണ്ടായിരുന്നു. നൃത്തം ആസ്വദിക്കപ്പെടുന്നത് അരമണിക്കൂറില്‍ താഴെ വരുന്ന, ഒരു ചെറിയ സ്ക്രീനില്‍ കാണുന്ന ഈ പ്രകടനങ്ങളില്‍ കൂടെയല്ല. ‘എല്ലാം പഴയ പടി ആയി നൃത്ത വേദികള്‍ ഉണരുമ്പോള്‍ മതി അവതരണം’ എന്ന് തീരുമാനിച്ച നര്‍ത്തകിമാരും കുറവല്ല. ഇക്കൂട്ടര്‍ പലരും ധാരാളം സംഭാഷണ പരമ്പരകളിലും അഭിമിഖ്യങ്ങളിലും സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു. അക്കാദമിക് സ്വഭാവമുള്ള ചര്‍ച്ചകളും, എന്നാല്‍ പറഞ്ഞും കേട്ടും പഴകിയ പല വിഷയങ്ങളേയും പിന്നീടും ആവര്‍ത്തിച്ചു പറഞ്ഞു വിരസമാക്കിയ ചര്‍ച്ചകളും, സംഭാഷണങ്ങളും ഓണ്‍ലൈനില്‍ നിറഞ്ഞു നിന്നു.
ഓണ്‍ലൈന്‍ അവസരങ്ങള്‍ തേടുന്ന പ്രയോക്താക്കളെ മുതലെടുക്കുന്ന വിധത്തിലുള്ള നൃത്തോത്സവങ്ങളും ഏറെയുണ്ടായി. ആദ്യമാദ്യം പ്രാക്ടീസ് വേഷങ്ങളില്‍ നൃത്ത പരിപാടികള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് കോസ്റ്റ്യൂമോട് കൂടി നൃത്തം ചെയ്യാന്‍ പല സംഘാടകരും ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ റെക്കോര്‍ഡിങ് ആവശ്യപ്പെടുകയും എന്നാല്‍ അതിനുള്ള സാമ്പത്തികം നല്‍കാതിരിക്കുകയും ചെയ്ത അനുഭവങ്ങള്‍ നര്‍ത്തകിമാര്‍ തന്നെ പങ്കു വെച്ചിരുന്നു. സ്വത്വ പ്രകടനത്തിന് അവസരം ഇല്ലാതിരുന്ന കലാകാരന്‍മാരെ ചൂഷണം ചെയ്യുന്ന രീതിയില്‍ പണം ആവശ്യപ്പെട്ടു കൊണ്ട് സംഘടിപ്പിച്ച നൃത്തമേളകളും ഉണ്ടായി എന്നത് ദുഃഖകരം തന്നെ. സ്പോണ്സര്‍ഷിപ്പുകള്‍ ലഭിക്കുന്നില്ല എന്ന മറുപടിയാണ് പ്രധാനമായും സംഘാടകരും നല്‍കുന്നത്. ഈ അവസരത്തില്‍ ധൃതിപ്പെട്ട് ഇത്രത്തോളം നൃത്തോത്സവങ്ങള്‍ വേണ്ടിയിരുന്നോ എന്ന രീതിയില്‍ മുതിര്‍ന്ന കലാകാരന്‍മാരും നിരൂപകന്മാരും സോഷ്യല്‍ മീഡിയയിലൂടെ തന്നെ അഭിപ്രായപെട്ടിരുന്നു. കാണികര്‍ക്ക് ആശ്വാസത്തോടെ ആസ്വദിക്കാനുള്ള സമയം പോലും ഇല്ലാത്ത രീതിയിലായിരുന്നു നൃത്തോത്സവങ്ങളുടെ കുത്തൊഴുക്ക്. പിന്നീട് കാണാനുള്ള സാഹചര്യം ഉണ്ട് എന്നത് ഇവിടെ ഒരാശ്വാസമാണ്. എന്നാല്‍ ക്രിയാത്മകമായി ചെലവഴിക്കേണ്ട സമയം കൂടുതലും സമൂഹ മാധ്യമങ്ങളില്‍ ചെലവഴിച്ചുകൊണ്ടിരുന്നു പലരും. ഉപരിപ്ലവമായ ആസ്വാദനവും, കമെന്‍റുകളിലൂടെയുള്ള ഫീഡ്ബാക്കും, കൂടി വന്ന വ്യൂവര്‍ഷിപ്പും ഒരു അതിശയോക്തി ജനിപ്പിച്ചു എന്നല്ലാതെ കലയുടെ അടിസ്ഥാന സൗന്ദര്യാംശങ്ങളെ സ്പര്‍ശിച്ചു കൊണ്ടുള്ള ആസ്വാദനകള്‍ തുലോം കുറവായിരുന്നു ഓണ്‍ലൈന്‍ വേദികളില്‍. അതേസമയം കുറേ വാഴ്ത്തിപ്പാടലുകളും, ഇകഴ്ത്തലുകളും ഓണ്‍ലൈന്‍ കാണികളില്‍ നിന്നുണ്ടായി. വര്‍ഷങ്ങളായി കലാനിരൂപണ രംഗത്ത് തുടരുന്ന പലരും ആദ്യകാലങ്ങളില്‍ നിശ്ശബ്ദരായിരുന്നുവെങ്കിലും പതുക്കെ ഓണ്‍ലൈന്‍ ആസ്വാദനകുറിപ്പുകളുമായി മുന്നോട്ടു വന്നു. ഇവിടെ അതിശയിപ്പിക്കുന്ന ഒരു വസ്തുത പുതിയ ഒരു കൂട്ടം ‘ഡാന്‍സ് ക്രിട്ടിക്കുകള്‍’ ഈയവസരത്തില്‍ പിറവിയെടുത്തു എന്നുള്ളതാണ്. ഏതാനും ഓണ്‍ലൈന്‍ അവതരണങ്ങള്‍ കുത്തിപ്പിടിച്ചിരുന്ന് കണ്ടും, ചെറിയ കാലം കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ കലാ പ്രവര്‍ത്തകരുമായി സൗഹൃദം കൂടിയും പരിമിത ജ്ഞാനത്തില്‍ നിന്ന് നിരൂപണങ്ങള്‍ എഴുതിക്കൂട്ടിയ പുത്തന്‍ എഴുത്തുകാര്‍ ചിലരെയെങ്കിലും ചിരിപ്പിച്ചു. തങ്ങളുടെ വ്യക്തിഗത താല്പര്യങ്ങള്‍ പ്രകടിപ്പിക്കുകയും ഒപ്പം കേട്ട് തഴകിച്ച ചില വസ്തുതകള്‍ പിന്നേയും പറഞ്ഞതൊഴിച്ച് മറ്റൊരു മികവും ഇക്കൂട്ടരുടെ കലാവിമര്‍ശനത്തില്‍ കാണാനായില്ല. എന്നാല്‍ ഇവയ്ക്ക് കയ്യടിക്കാനും, അവര്‍ക്കായി വഴിയൊരുക്കാനും നര്‍ത്തകിമാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കലാപ്രവര്‍ത്തകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലെ ക്ഷിപ്രപ്രശസ്തി ഒരു ഹരമായി മാറിയിരിക്കുന്നു എന്നതിന് തെളിവായിരുന്നു ഈ പ്രവണതകള്‍. ഏതാണ് ആധികാരിക ശബ്ദങ്ങള്‍, ഏതൊക്കെയാണ് വെറും ഉപരിപ്ലവങ്ങള്‍ എന്ന് തിരിച്ചറിയുന്നതില്‍ മുതിര്‍ന്ന കലാകാരന്മാര്‍ പോലും പരാജയപ്പെട്ടു പോകുന്നു. എന്നാല്‍ അവയ്ക്കിടയില്‍ വളരെ ആഴത്തിലുള്ള നിരൂപണങ്ങളും നൃത്തത്തിന്‍റെ സൗന്ദര്യ- സിദ്ധാന്ത വശങ്ങളെക്കുറിച്ചുള്ള ആധികാരികമായ ചര്‍ച്ചകളും, കലയെ മറ്റു സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭിപ്രായപ്രകടനകള്‍ക്കും ഇതേ സമൂഹ മാധ്യമങ്ങള്‍ തന്നെ വേദിയായി.
നൈമിഷികമായ ഓണ്‍ലൈന്‍ അവസരങ്ങള്‍ക്ക് പിന്നില്‍ പായുമ്പോള്‍ ഔചിത്യവും കലയോട്, ആസ്വാദകരോട് കലാകാരിയ്ക്ക്/ കലാകാരന് ഉള്ള ധര്‍മ്മവും മറന്നുകൊണ്ടുള്ള പ്രകടനങ്ങള്‍ സ്ക്രീനില്‍ ധാരാളമാകുന്നു. സമയം ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഒരു പരിമിതിയും അതേ സമയം സാധ്യതയുമാണ്. ഒരു പരിധിക്കപ്പുറം നീണ്ട് നില്‍ക്കുന്ന ‘content’ അത് വീഡിയോ ആയാലും എഴുത്ത് ആയാലും ഓണ്‍ലൈന്‍ മാധ്യമത്തിന് ചേര്‍ന്നതല്ല. അതുകൊണ്ടു തന്നെ ശ്രദ്ധാപൂര്‍വ്വമുള്ള എഡിറ്റിംഗ് ഇവിടെ അത്യാവധ്യമാണ്. എന്നാല്‍ എത്ര നീളമുള്ള ദൃശ്യവും ഡോക്യുമെന്‍റായി കാലാകാലം നിലനില്‍ക്കും എന്നത് ഒരു സാധ്യത കൂടിയാണ്. നൃത്താവതരണം സമയാനുസൃതമായി ചുരുക്കുമ്പോള്‍ ചെറിയ സമയം കൊണ്ട് കാണികളെ അതിശയിപ്പിക്കും വിധം ഒരു ഭാഗം അവതരിപ്പിക്കുക എന്നതാണ് ഇവിടെ കണ്ടു വന്ന ഒരു പ്രവണത. പലപ്പോഴും നൃത്തം അലസമായ ഒരു പ്രവൃത്തിയായി മാറി. ഇരുന്നു കൊണ്ട് അഭിനയിക്കല്‍ മാത്രമായി. അല്ലെങ്കില്‍ അതിദ്രുതഗതിയിലുള്ള ഒരു ‘ജതി’ പ്രകടനം മാത്രമായി. ഇത്രയും മതിയായിരുന്നു ഒരു കൂട്ടം കാണികള്‍ മതിമറക്കാന്‍. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ആസ്വാദനശീലം വളര്‍ന്നു വന്നാല്‍ അത് കാലാനുസാരിയായി വികസിതമാകേണ്ടുന്ന നൃത്തപഠനങ്ങളെയും നൃത്താസ്വാദനത്തെയും ഒരു പടി പിറകിലേക്ക് വലിക്കുകയല്ലേ എന്ന് നര്‍ത്തകീ- നര്‍ത്തകന്മാരും കലാപണ്ഡിതരും തിരിച്ചറിയേണ്ടതാണ്. ഇതേ വിഷയം അല്പം കൂടി ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
സിനിമ പോലുള്ള ‘പോപ്പുലര്‍ മാധ്യമങ്ങള്‍’ ക്കൊപ്പമുള്ള അല്ലെങ്കില്‍ അതേ രീതിയിലുള്ള വളര്‍ച്ചയോ പ്രശസ്തിയോ അല്ല ക്ലാസ്സിക്കല്‍ കലാരംഗം ആവശ്യപ്പെടുന്നത്. കുറച്ചു നാള്‍ നൃത്ത വേദികള്‍ ഇല്ലാതാവുമ്പോള്‍ ആ സമയം കൂടുതല്‍ ക്രിയാത്മകമാകാനും പഠനം മുറിക്കാതെ കൊണ്ടുപോകാനും പുതു തലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവരെ ആ രീതിയില്‍ മുന്നോട്ടു നയിക്കാന്‍ മുതിര്‍ന്ന തലമുറ മുഞ്ഞിട്ടിറങ്ങുകയും വേണം. ഏറെക്കാലത്തെ സാധനയോടെ ഗുരുമുഖത്തു നിന്ന് അഭ്യസിച്ചു തെളിയേണ്ട കലകള്‍ യൂട്യൂബ് പഠനത്തിലൂടെ മുന്നോട്ടു പോകുമോ അതോ പുറകോട്ടു പോകുമോ? അഭ്യസനത്തിനുള്ള ഏക മാര്‍ഗ്ഗം ഇന്ന് ഓണ്‍ലൈന്‍ മാധ്യമം തന്നെയായാണ്. എന്നാല്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി എല്ലാം സൗജന്യമായി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുമ്പോള്‍ തെറ്റായ രീതിയില്‍ കലയെ മനസ്സിലാക്കുന്ന ഒരു തലമുറ വളര്‍ന്നു വന്നേക്കാം. അത് അപകടം തന്നെയാണ്. അവരെ തിരുത്താന്‍ ആധികാരിക ശബ്ദങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വെറും ‘superficial’ ആര്‍ട്ടിസ്റ്റുകള്‍ മാത്രമായി പോകും. നല്ലതും മോശമായതും തിരിച്ചറിയാനുള്ള കഴിവ് പോലും ഇല്ലാതെയാകും.
ഇന്നത്തെ ഓണ്‍ലൈന്‍ വേദികളില്‍ കൂടുതല്‍ പേര്‍ കാണുന്നത്, അല്ലെങ്കില്‍ കൂടുതല്‍ കമന്‍റ്സ് ഉള്ളതാണ് കൂടുതല്‍ മികച്ചത് എന്നൊരു മിഥ്യാധാരണ സാധാരണക്കാര്‍ക്കിടയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഏറ്റവുമധിക സമയം സോഷ്യല്‍ മീഡിയയില്‍ സാന്നിദ്ധ്യമറിയിക്കുന്നവരാണ് ഇന്നത്തെ താരങ്ങള്‍. ഈ താരമൂല്യം നാളെ മറ്റൊരാളിലേക്ക് മാറിപ്പോയേക്കാം. ഇതുപോലുള്ള താരമൂല്യങ്ങളില്‍ അധിഷ്ഠിതമായ വളര്‍ച്ചയാണോ ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍ക്ക് ആവശ്യം? പത്രം ടെലിവിഷന്‍ തുടങ്ങിയ മുന്‍നിര മാധ്യമങ്ങള്‍ നൃത്തം പോലുള്ള സാംസ്കാരിക മേഖലകള്‍ക്ക് വേണ്ടത്ര ഇടം നല്‍കുന്നില്ല എന്നതും ഈ സമൂഹ മാധ്യമങ്ങളിലെ അതിപ്രസരങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആധികാരിക ഇടമായി ഇനിയും സോഷ്യല്‍ മീഡിയയെ അംഗീകരിച്ചു കൂടാ.
കാലത്തിന്‍റെ ആവശ്യമെന്ന നിലയില്‍, കല ജീവിതമായവര്‍ക്ക് സോഷ്യല്‍ മീഡിയ ഒരാശ്വാസമായി. ഈയവസരത്തില്‍, വരുമാനം മുടങ്ങിപ്പോയ വലിയൊരു വിഭാഗം കലാപ്രവര്‍ത്തകര്‍ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ തങ്ങളുടെ ജീവിതം തിരികെ പിടിക്കുന്നു. (അതിനുള്ള അവസരം ഇല്ലാത്തവരും ഏറെ). അപൂര്‍വ്വം ചില പ്രതിഭകള്‍ ഈയവസരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അതിനപ്പുറം സോഷ്യല്‍ മീഡിയ എന്നും അതില്‍ മുഴുകുന്നവരുടെ, അതില്‍ ‘അപ്ഡേറ്റഡ്’ ആയവരുടെ മാത്രം മാധ്യമമാണ്. യഥാര്‍ത്ഥ പ്രതിഭകള്‍ എത്രത്തോളം ഇതിലൂടെ ഉയര്‍ന്നു വരുന്നുണ്ട്, അല്ലെങ്കില്‍ അംഗീകരിക്കപെടുന്നുണ്ട് എന്നത് സംശയമാണ്. പ്രകടനകള്‍ ആസ്വദിക്കപ്പെടുന്നതും കയ്യടികളും പൂച്ചെണ്ടുകളും കമാറന്‍റുകളായി വരുന്നതിന് താത്കാലിക പ്രസക്തി മാത്രം. നൃത്തവും നര്‍ത്തകിയും അലസമായി കാണാവുന്ന- വെറും വിനോദ മാധ്യമവും ഉപഭോഗ വസ്തുവും ആണെന്ന നിലയിലേക്ക് എത്തപെടാതെ നോക്കേണ്ടത് കലാരംഗത്ത് ജീവിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. സോഷ്യല്‍ മീഡിയ എന്ന പുതു മാധ്യമം ഒഴിവാക്കപ്പെടേണ്ടതല്ല. എന്നാല്‍ ഇത് മാത്രമല്ല ലോകം എന്നൊരു തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക. സമയത്തേയും സാദ്ധ്യതകളെയും കഴിവതും ക്രിയാത്മകമായി ഉപയോഗിക്കുക. നല്ല നാളേയ്ക്ക് വേണ്ടി പ്രയത്നിക്കുക. ഓളങ്ങളില്‍ മുങ്ങിപ്പോകാതെ വേണ്ടതെന്ത്, വേണ്ടാത്തതെന്ത്, അത്യാവശ്യമേത്, അനാവശ്യമേത് എന്ന് തിരിച്ചറിയുക. ഒപ്പം നൃത്ത മേഖലയില്‍ നിലയുറപ്പിച്ചവര്‍ സാധ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ കലയേയും ജീവിതത്തേയും സുരക്ഷിതമാക്കുക. പരസ്പരം സഹായഹസ്തങ്ങളാവുക. അറിവുകള്‍ പങ്കുവെയ്ക്കുക. കാലത്തേയും, മാധ്യമത്തേയും അതില്‍ ഒളിഞ്ഞിരിക്കുന്ന സാദ്ധ്യതകളെയും ചതികളേയും മനസ്സിലാക്കുക. കാലത്തിന്‍റെ ഒഴുക്കില്‍ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു പോവുക. കലയുടെ ലാവണ്യചോഷണത്തിന് സ്വയം കാരണമാവാതിരിക്കുക. ഉപജീവനവും കലയുടെ ഉജ്ജീവനവും ആകട്ടെ പ്രധാന ലക്ഷ്യം.
Reference:
Wilson, Stephen. ‘Beyond the Digital: Preparing Artists to Work at the Frontiers of Techno-culture’ , from Educating Artists for the Future: Learning at the Intersections of Art, Science, Technology, and Culture, Alexenberg, Mel. U.K. Intellect Books, 2008, 29-35.
Bench, Harmony. ‘Screen Dance 2.0: Social dance- media, Participations’, Journal of Audience and Reception Studies. Vol 5, Issue (2), 2010, 183-214.
Dutt, Devina. ‘Coronavirus Outbreak: Will Indian Classical World’s Move Online Prompt Offline Paradigm Shift, Re-imagining of Future?’ Firstpost. 22 Apr. 2020.
Meller, Georgina. ‘Social Media: the New Spotlight for Dancers’ , The Imperial Society of Teachers of Dancing (ISTD), https:// www.istd.org/ membership/membership-reosurces/social-media-the-new-spotlight-for-dancers/. Accessed on 10 May 2020.
Kang, Chen & Wayne, ‘Art in the Age of Social Media: Interaction Behavior Analysis of Instagram Art Accounts’, Informatics, 2019, 6. 52. 10.3390/informatics 6040052.
ജേണലിസം വിഭാഗം അദ്ധ്യാപിക, സെന്‍റ് അലോഷ്യസ് കോളേജ്, മംഗലാപുരം. (മോഹിനിയാട്ടം നര്‍ത്തകി).
COMMENTS