Homeചർച്ചാവിഷയം

ലിംഗപദവി മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍

പ്പോഴും അക്കാദമിക പേപ്പറുകളിലും പരീക്ഷാ പേപ്പറുകളിലും, ഒരു അത് പീഡിയാട്രിക്സ് ആയാലും ഫാര്‍മക്കോളജി ആയാലും ഉദാഹരണങ്ങള്‍ പറയുമ്പോള്‍ ‘അവന്‍’ അല്ലെങ്കില്‍ ‘ഹീ’ ആയിട്ടായിരിക്കും. ഗൈനക്കോളജിയില്‍ മാത്രമായിരിക്കും ഒരു പക്ഷേ ‘ഷീ’ ഉപയോഗിക്കുന്നത്. ഓരോ പ്രാവശ്യവും തിരുത്തുമ്പോഴും മറ്റുള്ളവരുടെ ചുണ്ടില്‍ പരിഹാസത്തിന്‍റെ പുഞ്ചിരിക്കോണുകള്‍ കാണാം. അടുത്ത തവണ മാറുമായിരിക്കും എന്ന് വെറുതേ സമാധാനിക്കും. കഴിഞ്ഞ 30 വര്‍മായെങ്കിലും കേരളത്തില്‍ നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അവിടെയും ഇവിടെയും ഏച്ചുകെട്ടലുകള്‍ പോലെ ചില മാറ്റങ്ങളുണ്ടാകുന്നു എന്ന് മാത്രം.
പൊതു വിദ്യാഭ്യാസത്തില്‍ പോയിട്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പോലും ജെന്‍ഡറും ലൈംഗികതയും കരിക്കുലത്തിന്‍റെ ഭാഗമല്ല എന്നത് ഇനിയും തുടരാനാവില്ല. കേരളത്തിലെ ചില യൂണിവേഴ്സിറ്റികള്‍ അദ്ധ്യാപകരുടെ തുടര്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. അത്രയും പോലും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടില്ല. സമഗ്രമായ ജെന്‍ഡര്‍ – സെക്ഷ്വാലിറ്റി വിദ്യാഭ്യാസം എന്നത് ഇന്ന് ലോകനിലവാരത്തില്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. യുനെസ്കോ 2018ല്‍ ഇറക്കിയ ടെക്നിക്കല്‍ ഗൈഡന്‍സ് ഇതിന് അടിസ്ഥാനമായി ഉപയോഗിക്കാവുന്നതാണ്. തിരുവനന്തപുരത്ത് അച്യുത മേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ ഡോ:സുന്ദരി രവീന്ദ്രന്‍റെ പഠനത്തിന്‍റെ ഭാഗമായി മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളിലെ സ്ത്രീവിവേചനപരമായ ഭാഗങ്ങള്‍ കണ്ടെത്തുകയും പകരം മിക്ക വിഷയങ്ങളിലും ജെന്‍റര്‍ സെന്‍സിറ്റീവ് ആയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മഹാരാഷ്ട്ര ഹെല്‍ത്ത് യൂണിവേഴ്സിറ്റി അവരുടെ കരിക്കുലത്തില്‍ ഈ വിഷയം ഉള്‍ക്കൊള്ളിച്ചു. ഇന്ത്യയില്‍ 2019ല്‍ മെഡിക്കല്‍ കരിക്കുലം കൂടുതല്‍ രോഗീസൗഹൃദവും വിദ്യാര്‍ത്ഥി സൗഹൃദവും ആയി മാറ്റുന്നതിന് കോമ്പിറ്റെന്‍സി ബേസ്ഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്ന തരത്തില്‍ സമഗ്രമായ മാറ്റം കൊണ്ട് വരികയുണ്ടായി. ജെന്‍ഡറിന് വേണ്ടി രണ്ട് മണിക്കൂര്‍ മാറ്റി വച്ചിട്ടുണ്ടെന്നല്ലാതെ ഇപ്പോഴുള്ള കരിക്കുലത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ച് ഓരോ വിഷയത്തിലും എങ്ങനെ ഇത് ഉള്‍ചേര്‍ക്കാമെന്നതിനെ ക്കുറിച്ച് കൃത്യമായി നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
നമ്മുടെ നാട്ടില്‍ പൊതുവേ സാധാരണക്കാരുടെ ഇടയില്‍ ലിംഗവിവേചനത്തെക്കുറിച്ചുള്ള അവബോധം ഉയര്‍ന്നിട്ടുണ്ടെന്നു കാണാം. ലിംഗനീതിയെ പിന്തുണക്കുന്ന ഏതാനും നിയമങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. ഡൊമസ്റ്റിക് വയലന്‍സ് പ്രിവെന്‍ഷന്‍ ആക്ട്, പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് അറ്റ് വര്‍ക്ക്പ്ലസ് ആക്ട് എന്നിവയൊക്കെ അനുസരിച്ച് ചില സ്ത്രീകളെങ്കിലും പരാതി നല്‍കാനൊക്കെ മുന്നോട്ടു വരുന്നുണ്ട്. ഇതില്‍ പല സന്ദര്‍ഭങ്ങളിലും മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുമൊക്കെ ആവശ്യമായി വരും. സ്ത്രീകളുടെ ശരീരത്തിന്‍റെ മേലുള്ള സ്വയം നിര്‍ണ്ണയാവകാശം, അബോര്‍ഷന്‍, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളിലും പിതൃമേധാവിത്വപരമായ രക്ഷാകര്‍തൃ മനോഭാവമാണ് നിലനില്‍ക്കുന്നത്. ഇതുമൂലം പലപ്പോഴും സ്ത്രീകള്‍ക്ക് അവരുടെ അവകാശമെന്ന നിലക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതേപ്പറ്റി പരിശീലനം നല്‍കുകയും അവരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ മാത്രമേ ഈ സ്ഥിതി മാറുകയുള്ളൂ. ലൈംഗികപീഡനത്തിന് വിധേയയായി വരുന്ന പെണ്‍കുട്ടിയേയോ സ്ത്രീയേയോ നിയമത്തിന്‍റെ ഭാഗമായി ആരോഗ്യ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ അടുത്ത കാലത്ത് സ്ത്രീസൗഹാര്‍ദ്ദപരമായി മാറ്റി എഴുതുകയുണ്ടായി. ആരോഗ്യ വിദഗ്ദ്ധരും സ്ത്രീപ്രവര്‍ത്തകരും ചേര്‍ന്ന് വളരെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇതിന് അന്തിമ രൂപം നല്‍കിയത്. പക്ഷേ, ഇത് നടപ്പില്‍ വരുത്തുമ്പോള്‍ അതിന്‍റെ കാതല്‍ ഉള്‍ക്കൊണ്ട് പ്രയോഗിക്കണമെങ്കില്‍ അവര്‍ക്കെല്ലാം വേണ്ട പരിശീലനം നല്‍കണം. ജെന്‍ഡര്‍ വിവേചനത്തെപ്പറ്റി അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയില്ലെങ്കില്‍ ഇത് ഏച്ചുകെട്ടല്‍ പോലെ ആവുകയേ ഉള്ളൂ.
ജെന്‍ഡറുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് ലൈംഗികസ്വത്വം, ലൈംഗികചായ്വ് എന്നിവയെല്ലാം. കേരളത്തില്‍ 2015 മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നിലവിലുണ്ട്. ആരോഗ്യസ്ഥാപനങ്ങളില്‍ അവരോടുള്ള വിവേചനം ഇല്ലാതാക്കാനും വേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്ന് പോളിസിയില്‍ പറഞ്ഞിട്ടുണ്ട്. അതും ഫലപ്രദമാകണമെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസം മുതല്‍ പരിശീലിക്കേണ്ടതുണ്ട്. ട്രാന്‍സ്ജെന്‍റര്‍ വ്യക്തികള്‍ സ്വഭാവ വൈകല്യമുള്ളവരാണെന്നും, അത് മാറ്റിയെടുക്കേണ്ടതാണെന്നും ഒക്കെയുള്ള അബദ്ധധാരണകളാണ് ഇപ്പോഴും ചില ടെക്സ്റ്റ് ബുക്കുകളില്‍ ഒക്കെയുള്ളത്. 2018 ല്‍ ഇന്ത്യയില്‍ സ്വവര്‍ഗ്ഗരതി കുറ്റകരമല്ലാതാക്കി. എങ്കിലും മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളില്‍ ഇപ്പോഴും അത് പഴയതു പോലെ പ്രകൃതിവിരുദ്ധമായും കുറ്റകരമായും ചിത്രീകരിച്ചിരിക്കുന്നു. ലെസ്ബിയന്‍ സ്ത്രീകള്‍ നിംഫോമാനിയാക്കുകളും അസൂയാലുക്കളുമാണെന്നൊക്കെ തികച്ചും അശാസ്ത്രീയമായും മനുഷ്യത്വവിരുദ്ധമായുമാണ് ചില പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ക്വിയര്‍ വ്യക്തികള്‍ കൂടി അടങ്ങുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യവും അടിയന്തിരമായി കരിക്കുലത്തില്‍ ജെന്‍റര്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നു. ഈയടുത്ത കാലത്ത് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ പിന്തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍, ഒരു അഡ്വൈസറി ഇറക്കിയിട്ടുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു. “ക്ലിനിക്കല്‍ രോഗവിവരങ്ങള്‍ ശേഖരിക്കുന്നതിനെപ്പറ്റിയോ രോഗികളെ പരിശോധിക്കുന്നതിനെപ്പറ്റിയോ വാക്കുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയോ പഠിപ്പിക്കുന്നിടത്ത് ജെന്‍ഡറോ സമാനമായ വിഷയങ്ങളോ വരുന്നുണ്ടെങ്കില്‍, അത് എല്‍.ജി.ബി.ടി.ക്യു.ഐ.എ+ കമ്മ്യൂണിറ്റിക്ക് അപമാനകരമോ വിഷമകരമോ ആകുന്ന തരത്തില്‍ ചെയ്യാന്‍ പാടില്ലെന്ന് മെഡിക്കല്‍ യൂണിവേഴ്സിറ്റികളും കോളേജുകളും ഉറപ്പാക്കണം.”
കമ്മ്യൂണിറ്റി മെഡിസിന്‍ ടെക്സ്റ്റ് ബുക്കിലെ (പാര്‍ക്ക് &പാര്‍ക്ക് 25ാംമത് എഡിഷന്‍) ചില ഉദാഹരണങ്ങള്‍ പറയാം. ഒരു അദ്ധ്യായത്തിന്‍റെ ടൈറ്റില്‍ തന്നെ ‘മാന്‍ ആന്‍റ് മെഡിസിന്‍’ എന്നാണ്. മനുഷ്യന്‍ എന്ന് പറയുമ്പോള്‍ അത് ‘പുരുഷന്‍” ആണ് എന്ന നമ്മുടെ ഉള്ളിലെ ബോധം മൂലമാണ് ഇങ്ങനെ വരുന്നത്. അത് ബോധപൂര്‍വ്വം മാറ്റാന്‍ ശ്രമിച്ചാലേ മാറുകയുള്ളൂ. ലൈംഗികരോഗങ്ങള്‍ ഉണ്ടാകാനുള്ള റിസ്കിനെ കുറിച്ച് പറയുമ്പോള്‍ അതിനുള്ള കാരണങ്ങളില്‍ ചിലതായി സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ഉയരുന്ന വിവാഹപ്രായവും എടുത്ത് പറയുന്നു. കുടുംബത്തെ കുറിച്ച് പറയുമ്പോള്‍ അതിലെ ലിംഗവിഭജനത്തെ അങ്ങനെ തന്നെ ഊട്ടി ഉറപ്പിക്കുന്ന വിവരണങ്ങളാണുള്ളത്. സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയും വീട് മാനേജ് ചെയ്യുകയും, പുരുഷന്മാര്‍ അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുന്നു എന്നൊക്കെ പറയുകയും ലിംഗസമത്വത്തെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ തടി കുറക്കാന്‍ ഉപദേശം നല്‍കുമ്പോള്‍, അത് ഹൃദ്രോഗമുണ്ടാക്കും എന്ന് പറയുന്നതിനേക്കാള്‍, തടി കുറയുമ്പോള്‍ നിങ്ങളുടെ വശ്യത കൂടും എന്ന് പറഞ്ഞാല്‍ അവരത് സ്വീകരിക്കും എന്നൊക്കെയുള്ള വിവേചനപരവും മുന്‍ വിധിയോടു കൂടിയതുമായ വിവരണങ്ങളുമുണ്ട്.
ഇതേ പോലെ ഓരോ വിഷയത്തിലുമുള്ള ടെക്സ്റ്റ് ബുക്കുകള്‍ പരിശോധിച്ച് അവ മാറ്റി എഴുതേണ്ടതുണ്ട്. ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം, ഗര്‍ഭനിരോധനം, അബോര്‍ഷന്‍ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ ഒരു വശത്ത് ആരോഗ്യവും, അതേ സമയം ലിംഗവിവേചനവുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ വിഷയങ്ങള്‍ മനസ്സിലാക്കുന്നിടത്ത് ജെന്‍റര്‍ അവബോധം കൂടിയേ കഴിയൂ. വിവിധ രോഗങ്ങള്‍ വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളില്‍ എത്രത്തോളം ഉണ്ടെന്നും അവ എങ്ങനെ ആ വിഭാഗത്തെ ബാധിക്കുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തില്‍ നില നില്‍ക്കുന്ന ജെന്‍ററിനെ സംബന്ധിച്ച വാര്‍പ്പ് മാതൃകകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ആധികാരികത നല്‍കുന്നു. ലിംഗ ലൈംഗിക പരിവര്‍ത്തനം നടക്കുന്ന സമൂഹത്തില്‍ അതിന്‍റെ പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.

 

 

 

 

 

ഡോ: ജയശ്രീ എ.കെ.
പ്രൊഫ. കമ്മ്യൂണിറ്റി മെഡിസിന്‍
ഗവ. മെഡിക്കല്‍ കോളേജ്
കണ്ണൂര്‍

COMMENTS

COMMENT WITH EMAIL: 0