പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയായ നിധിനമോളെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ലിംഗനീതി കോളേജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രസ്താവിക്കുകയുണ്ടായി. ക്യാമ്പസുകളില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യത്തിനും ഇടപെടലുകള്‍ക്കും ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്കും കൂടുതല്‍ ദൃശ്യതയുണ്ടായതായി പൊതുവേ വിലയിരുത്താവുന്ന ഒരു സാഹചര്യമുള്ളപ്പോഴാണ് അതിനോടൊപ്പം തന്നെ ആണധികാരപ്രകടനങ്ങളും വിവേചനങ്ങളും ക്രൂരമായ അതിക്രമങ്ങളും നിലനില്‍ക്കുന്നു എന്നതും അംഗീകരിക്കേണ്ടി വരുന്നത്. മറ്റ് പൊതു ഇടങ്ങളെക്കാള്‍ ജനാധിപത്യത്തിന്‍റെയും തുല്യതയിലേക്കുള്ള മുന്നേറ്റങ്ങളുടെയും സാധ്യതകളും സംവാദങ്ങളും ഏറ്റവും നിലനില്‍ക്കുന്ന ഇടങ്ങളായി മാത്രമല്ല മറ്റ് പൊതു ഇടങ്ങളിലേക്ക് പുരോഗമന ആശയങ്ങളേയും പ്രയോഗങ്ങളേയും പ്രസരിപ്പിക്കുന്ന ഇടങ്ങളായിരിക്കാന്‍ കൂടി വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയേണ്ടതാണ്. പ്രത്യേകിച്ചും അതിന്‍റെ ഉയര്‍ന്ന തലമായ കോളേജ് വിദ്യാഭ്യാസമേഖലയില്‍. എന്നാല്‍ ഇത്തരം ഇടങ്ങളും അടഞ്ഞ ഇടങ്ങളായി നില നില്‍ക്കുകയും മറ്റ് പൊതു ,സ്വകാര്യ ഇടങ്ങളുടെ യാഥാസ്ഥിതിക നില പിന്‍പറ്റുകയും ചെയ്യുന്നത് നിരാശയുണ്ടാക്കുന്നു. വായനയുടെയും നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അറിവന്വേഷണങ്ങളുടെയും നിഗമനങ്ങളുടെയുമൊക്കെ ഇടങ്ങളായി വികസിക്കേണ്ട കലാലയ അന്തരീക്ഷം മുന്‍വിധികളുടെയും ശീലങ്ങളുടെയും യാഥാസ്ഥിതിക ധാരണകളുടെയും മാറ്റമില്ലാത്ത ഇടങ്ങളായി നില്‍ക്കുന്നു എന്നത് പരിഹരിക്കപ്പെടേണ്ടതാണ്. അതിനാല്‍ തന്നെ ലിംഗനീതിയുടെയും തുല്യതയുടെയും അന്തരീക്ഷം കലാലയത്തിനുള്ളില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുന്നതിനായി കരിക്കുലം എങ്ങനെ പരിഷ്ക്കരിക്കാം എന്ന് ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്.
കോത്താരി കമ്മീഷന്‍റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇന്ദിരാഗാന്ധി 1968 ലാണ് ആദ്യ ദേശീയ വിദ്യാഭ്യാസ നയം (National Policy on Education) പ്രഖ്യാപിക്കുന്നത്. 1986 ലെ പുതു ദേശീയ വിദ്യാഭാസ നയം (എന്‍.ഇ.പി 1986) അസമത്വങ്ങളെ തുടച്ചു നീക്കുന്നതിനും വിദ്യാഭ്യാസത്തിന് തുല്യ അവസരങ്ങളുണ്ടാക്കുന്നതിനും പ്രാധാന്യം കൊടുത്തു. ഈ ഘട്ടത്തില്‍ തന്നെ തുല്യതയ്ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസം എന്‍.ഇ.പിയുടെ പ്രധാന ലക്ഷ്യമാണ്. സ്ത്രീയുടെ ജീവിതാവസ്ഥയില്‍ മാറ്റം വരുത്തുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തിലൂന്നിയ ഈ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു സ്ത്രീ സാക്ഷരത വര്‍ദ്ധിപ്പിക്കുക ,വിമന്‍സ് സ്റ്റഡീസ് പ്രോത്സാഹിപ്പിക്കുക , സാങ്കേതിക / തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പിക്കുക എന്നിവ . ഈ ലക്ഷ്യങ്ങളില്‍ മുന്നേറിയിട്ടുണ്ട് എന്ന് പൊതുവെ പറയാമെങ്കിലും തുല്യതയിലേക്ക് ഇനിയും ദൂരമേറെയുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുള്ള മുന്നേറ്റം തൊഴിലിടങ്ങളിലെ തുല്യ പ്രാതിനിധ്യമായോ പൊതു ഇടങ്ങളിലെ തുല്യാവസരങ്ങളോ ഇടപെടലുകളോ ആയോ ഇനിയും മാറിയിട്ടില്ല. ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളില്‍ തന്നെ തുല്യ ഇടപെടലുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമുള്ള അവസരം പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിട്ടുമില്ല.
2015ല്‍ ഇന്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഇറക്കിയ ഉത്തരവില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ല്‍ പറഞ്ഞിട്ടുള്ള ലിംഗ പദവീസമത്വം ഉറപ്പാക്കുന്നതിനായും സ്കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളെ /സ്ത്രീകളെ ബഹുമാനത്തോടെയും തുല്യതയോടെയും കാണുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനായും ആണ്‍/പെണ്‍ ലീഡര്‍മാരെ ജെന്‍ഡര്‍ ചാമ്പ്യന്‍സായി നിയമിക്കണമെന്ന് പറയുന്നു. ലിംഗ പദവീ പരമായ തുല്യത സൃഷ്ടിക്കുന്നതിനായി ഈ ജെന്‍റര്‍ ചാമ്പ്യന്‍സ് മുന്‍കൈ എടുക്കണമെന്നും ഇവരുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിക്കണമെന്നും, പോലീസ്, നിയമ സംവിധാനങ്ങളെക്കുറിച്ച് ഇവരിലൂടെ അറിവു പകരുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഈ ജെന്‍റര്‍ ചാമ്പ്യന്മാരുടെ ഉത്തരവാദിത്ത്വങ്ങളും അവരെ തെരഞ്ഞെടുക്കേണ്ട വിധവുമെല്ലാം ഉത്തരവില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പ്രയോഗത്തില്‍ വന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും ലിംഗപദവീ സംവേദനത്തിനുമായി 2015ലെ യുജിസി റെഗുലേഷന്‍ പ്രകാരം യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റികളും സ്പെഷല്‍ സെല്ലുകളും രൂപീകരിക്കാന്‍ യു.ജി.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും പരാതിവരുമ്പോള്‍ അപ്പപ്പോള്‍ രൂപീകൃതമാകുന്ന കമ്മിറ്റികളാണ് പല കോളേജുകളിലുമുള്ളത്. എന്‍.എ.എ.സി ഗ്രേഡിംഗിനു വേണ്ടിയുള്ള കടലാസ് കമ്മിറ്റികളാണ് പല കലാലയങ്ങളിലും ഇത്തരം കമ്മിറ്റികള്‍ . കമ്മിറ്റികള്‍ കാര്യക്ഷമമായ ഇടങ്ങളില്‍ തന്നെ പരാതികള്‍ വരുമ്പോള്‍ നേരിടുക എന്നതല്ലാതെ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്ല. കഴിഞ്ഞ 2 വര്‍ഷമായി കേരളത്തിലെ മുഴുവന്‍ ആര്‍ട്സ് ആന്‍റ് സയന്‍സസ് കോളേജിലും ‘ജീവനി’ എന്ന പേരില്‍ സൈക്കോളജി അപ്രന്‍റീസ് നിയമനം നടക്കുന്നുണ്ട് . വിദ്യാര്‍ത്ഥിനികള്‍ വീട്ടിലോ കലാലയങ്ങളിലോ നേരിടുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ പങ്ക് വെക്കാനും പരിഹരിക്കാനുമുള്ള സാധ്യതകള്‍ ഇതിലൂടെയും തുറന്നു വെക്കപ്പെടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതും പല കലാലയങ്ങളിലും ഫലപ്രദമായി തീര്‍ന്നിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ബൗദ്ധികവുമായ ആരോഗ്യവും വളര്‍ച്ചയും സ്ത്രീ സൗഹൃദാന്തരീക്ഷവും ലക്ഷ്യമിട്ടു കൊണ്ടുള്ള പല പദ്ധതികളും നിലവിലുണ്ടെങ്കിലും ഇവയൊന്നും ലിംഗപദവീ തുല്യതയുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഉതകുന്നില്ല എന്ന് പറയേണ്ടി വരുന്നു. അക്രമ സ്വഭാവമുള്ള ആണിന്‍റെയും വിനീതവിധേയ സ്വഭാവമുള്ള പെണ്ണിന്‍റെയും സ്റ്റീരിയോടൈപ്പുകള്‍ പ്രബല മാതൃകയായി നില്‍ക്കുന്ന സമൂഹത്തിന്‍റെ മാറാത്ത പരിച്ഛേദങ്ങളായി നിര്‍ഭാഗ്യവശാല്‍ ക്യാമ്പസുകളും നിലനില്‍ക്കുന്നു. മാറ്റം ഉണ്ടായിട്ടേയില്ല എന്നല്ല. അറിവിന്‍റെ ഉല്പാദന വിതരണ കേന്ദ്രമായി വിഭാവനം ചെയ്യപ്പെടുന്ന സര്‍വ്വകലാശാലകള്‍ യാഥാസ്ഥിതിക സമൂഹത്തിന്‍റെ ജെന്‍റര്‍ മുന്‍വിധികളില്‍ നിന്ന് ഏറെയൊന്നും മുന്നേറിയിട്ടില്ല എന്നാണ്. ശരീരഭാഷ, വസ്ത്രധാരണം, ജെന്‍റര്‍ റോളുകള്‍ എന്നിവയിലെല്ലാം ഈ മുന്‍വിധികള്‍ പ്രവര്‍ത്തിക്കുന്നത് ക്യാമ്പസുകളിലും കാണാം . ഇത് ആണിനെയും പെണ്ണിനെയും എന്ന പോലെ ക്യാമ്പസുകളിലെ ലിംഗ / ലൈംഗിക ന്യൂനപക്ഷങ്ങളേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അധ്യാപകരും സിലബസുമെല്ലാം ലിംഗപദവീപരമായ ഇത്തരം മുന്‍വിധികളെ നിലനിര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
യാഥാസ്ഥിതിക സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് അത് തന്നെ ശീലിച്ച് വളര്‍ന്നു വരുന്ന കുട്ടികള്‍ ലിംഗപദവി സംബന്ധമായി നില നില്‍ക്കുന്ന മുന്‍വിധിയോടു കൂടിയ ആശയങ്ങളും പ്രയോഗങ്ങളും സ്കൂളുകളില്‍ നിന്നും ശീലമാക്കിയാല്‍ കോളേജ് തലത്തില്‍ അവരെ മാറ്റി മറിച്ചെടുക്കുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ലിംഗനീതി സംബന്ധമായി സ്കൂളുകളില്‍ നിന്ന് തന്നെ കിട്ടേണ്ട പാഠങ്ങളുടെ തുടര്‍ച്ചയായിരിക്കണം കലാലയങ്ങളിലെ അനുബന്ധ ലിംഗനീതി പാഠങ്ങളും. കലാലയാന്തരീക്ഷത്തിന്‍റെ അകത്തും പുറത്തും തുല്യ പദവിയുള്ള വ്യക്തികളായി ഇടപെടാന്‍ ഇത് പെണ്‍കുട്ടികളെ പര്യാപ്തരാക്കണം. ഇതിനായുള്ള മാനസികവും ശാരീരികവും ബൗദ്ധികവുമായ വികാസം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന വിധമാകണം കലാലയാന്തരീക്ഷവും പാഠ്യപദ്ധതിയും. പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്തതു കൊണ്ടു മാത്രം നടപ്പിക്കാന്‍ സാധിക്കുന്ന ഒന്നല്ല ഇത്. മാറിയ / മാറാന്‍ സന്നദ്ധരായ പെണ്‍കുട്ടികളെയും മാറാത്ത / മാറാന്‍ സന്നദ്ധരല്ലാത്ത ആണ്‍കുട്ടികളെയുമാണ് ഇപ്പോള്‍ പൊതുവേ കാണുന്നത്. സമൂഹത്തില്‍ അധികാര പദവിയുടെ സൗകര്യങ്ങളനുഭവിക്കുന്ന ഏത് വിഭാഗം മനുഷ്യരിലും അത് അതേപടി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുണ്ടാവുക സ്വാഭാവികമാണ്. അതേ സമയം ഏത് വ്യവസ്ഥയിലും അതിന്‍റെ ദോഷങ്ങളും നഷ്ടങ്ങളും അനുഭവിക്കേണ്ടി വരുന്ന മനുഷ്യര്‍ മാറ്റത്തിനായി നിലകൊള്ളുകയും ചെയ്യും. പിതൃമേധാവിത്വത്തിന്‍റെ സംരക്ഷകരായിരിക്കുന്ന സ്ത്രീകള്‍ പോലും തങ്ങളുടെ സുരക്ഷിതത്വത്തേയും സാമൂഹ്യ പദവിയേയും മുന്‍നിര്‍ത്തിയുള്ള ഭയങ്ങളാല്‍ കൂടിയാണ് തല്‍സ്ഥിതി തുടരാനാഗ്രഹിക്കുന്നത്. തങ്ങളുടെ സ്വതന്ത്രവും തുല്യ നിലയിലുള്ളതുമായ ഇടപെടലുകള്‍ സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന അവസ്ഥയില്‍ മാറ്റത്തിന് അവര്‍ മടിക്കുകയുമില്ല. പിതൃമേധാവിത്വം സൃഷ്ടിച്ചെടുക്കുന്ന ആണ്‍ പെണ്‍ മാതൃകകളേക്കുറിച്ചും അധികാരം സ്വത്വ രൂപീകരണത്തില്‍ എങ്ങനെ ഇടപെടുന്നു എന്നതിനെക്കുറിച്ചും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിലാക്കേണ്ടതുണ്ട്. സ്കൂളുകളില്‍ നല്‍കുന്ന ലളിത പാഠങ്ങളുടെയും പ്രയോഗങ്ങളുടെയും തുടര്‍ച്ചയില്‍ കൂടുതല്‍ ഗഹനമായ പാഠങ്ങളിലേക്കും ലിംഗ പദവീപരമായ തുല്യത ലക്ഷ്യമാക്കുന്ന പ്രയോഗങ്ങളിലേക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ എത്തേണ്ടതുണ്ട്.
2007 ല്‍ രൂപീകൃതമായ കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് 2009-10 ല്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ (കേരള യൂണിവേഴ്സിറ്റിയില്‍ 2010 ല്‍ )ക്രഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റം ഏര്‍പ്പെടുത്തിയതിന്‍റെ ഭാഗമായി നടന്ന സിലബസ് പരിഷ്ക്കരണത്തില്‍ ലിംഗപദവി, ജാതി, പരിസ്ഥിതി, ഭരണഘടന തുടങ്ങിയ വിഷയങ്ങള്‍ക്ക് സിലബസില്‍ കൂടുതല്‍ പ്രാധാന്യം കിട്ടി. ഇത് ഈ വിഷയങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകുന്നതിന് സഹായകരമായിട്ടുണ്ട്. എങ്കിലും എല്ലാ യൂണിവേഴ്സിറ്റികളിലും എല്ലാ വിഷയങ്ങളിലും ഈ സിലബസ് പരിഷ്ക്കരണം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയാന്‍ സാധിക്കില്ല. സര്‍വ്വകലാശാലകളിലെ സിലബസ് നിശ്ചയിക്കുന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളുടെ രാഷ്ട്രീയവും തുല്യതയെക്കുറിച്ചുള്ള നിലപാടുകളും വരെ വിദ്യാര്‍ത്ഥികളുടെ ഭാവി നിശ്ചയിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
നിലവിലെ ബിരുദ പഠനത്തില്‍ മെയിന്‍ വിഷയത്തോടൊപ്പം ഇംഗ്ലീഷും മലയാളവും കോമണ്‍ കോഴ്സായി പഠിപ്പിക്കുന്നുണ്ട് .കേവല ഭാഷാ പഠനം മാത്രമല്ല ഇത്. ഭാവനകളെ രൂപപ്പെടുത്തുന്നതിലും സാംസ്കാരിക നിര്‍മ്മിതികളെ ഉറപ്പിച്ചെടുക്കുന്നതിലും സാഹിത്യ പാഠങ്ങള്‍ പങ്ക് വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കുന്ന സാഹിത്യ പാഠങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ സാഹിത്യ മണ്ഡലത്തിലെ സ്ഥാനമോ സ്വീകാര്യതയോ സൗന്ദര്യാത്മകതയോ മാത്രം മാനദണ്ഡമായി സ്വീകരിക്കുന്നത് ഉചിതമായിരിക്കില്ല. ഉദാഹരണത്തിന് ഡിഗ്രി കോമണ്‍ കോഴ്സ് മലയാളത്തിന്‍റെയും മലയാളം മെയിനിന്‍റെയും സിലബസില്‍ പ്രാചീന കവിത്രയത്തിലൊരാള്‍ എന്ന നിലയില്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാളം മെയിന്‍ സിലബസില്‍ മുന്‍ വര്‍ഷങ്ങളില്‍ കൃഷ്ണഗാഥയിലെ ഹേമന്തലീല എന്ന ഭാഗം പഠിക്കാനുണ്ടായിരുന്നു ( 2019ലെ സിലബസ് പരിഷ്ക്കരണത്തില്‍ ഇത് മാറ്റി മറ്റൊരു ഭാഗം ചേര്‍ത്തു ). ഹേമന്ത ലീല എന്ന ഭാഗത്ത് തങ്ങളുടെ ചേല അപഹരിച്ച കൃഷ്ണനോട് ചേല തരാന്‍ യാചിച്ച് നില്‍ക്കുന്ന ഗോപികമാരുടെ ചിത്രം വളരെ വിശദമായി ചെറുശ്ശേരി അവതരിപ്പിക്കുന്നുണ്ട്. കൈകൂപ്പി നിന്നാല്‍ ചേലതരാമെന്ന് കൃഷ്ണന്‍ പറഞ്ഞതു പ്രകാരം, നഗ്നരായ ഗോപികമാര്‍ കണ്ണടച്ച് ഒറ്റക്കൈകൊണ്ട് ശരീരം മറച്ച് മറുകൈ മാത്രം കൂപ്പി നില്‍ക്കുമ്പോള്‍ രണ്ടു കൈ കൊണ്ടും വന്ദിക്കണമെന്ന് പറയുന്ന കൃഷ്ണനെയും ലജ്ജയാല്‍ വലഞ്ഞ ഗോപികമാരെയും ആസ്വദിച്ചവതരിപ്പിക്കുകയാണ് ചെറുശ്ശേരി ഈ ഭാഗത്ത്.
‘പാതി വിരിഞ്ഞൊരു പൂക്കളില്‍ തേനുണ്ടു
പാരം വിളങ്ങുന്ന വണ്ടുതന്‍റെ
ലീലയെപ്പൂണ്ടു പുളച്ചുതുടങ്ങീത –
ന്നീലക്കാര്‍വര്‍ണ്ണന്തന്‍ കണ്ണു രണ്ടും
നാരിമാര്‍പാണികള്‍ നാഭിക്കല്‍ ചെല്ലുമ്പോള്‍
‘കൂറകള്‍ വാങ്ങുവി’ നെന്നു ചൊന്നാന്‍.
‘പാണികള്‍ കാട്ടാതെ നിങ്ങളിങ്ങാരുമേ
കൂറകള്‍ നല്കു ചൊല്ലെങ്ങനെ ഞാന്‍?’
കൈകളെക്കാട്ടിന ബാലികമാരെല്ലാം
‘വൈകൊല്ല’ യെന്നപ്പൊളൊന്നു ചൊന്നാന്‍.”
എന്നിങ്ങനെ നീളുന്ന ഈ പാഠഭാഗത്തെ വര്‍ണ്ണനകള്‍ പഠിപ്പിക്കുമ്പോള്‍ അതിലെ ആണ്‍നോട്ടങ്ങളെക്കുറിച്ചും സ്ത്രീയെ സുന്ദര ശരീരമായി നിര്‍മ്മിച്ചെടുക്കുന്നതില്‍ സാഹിത്യവും സാഹിത്യേ തരവുമായ ഭാവനകള്‍ക്കുള്ള പങ്കിനെയും കുറിച്ച് ടീച്ചര്‍ക്ക് വിശദീകരിക്കുകയോ വിശദീകരിക്കാതിരിക്കുകയോ ചെയ്യാം .ചെറുശ്ശേരിയുടെ വര്‍ണ്ണനാ പാടവം വിശദീകരിക്കുക എന്നോ ഗോപികമാരുടെ പരിഭ്രമങ്ങള്‍ വിവരിക്കുക എന്നോ ഉള്ള ചോദ്യത്തിന് വിദ്യാര്‍ത്ഥി ഈ വിവരണങ്ങളൊക്കെ പഠിച്ച് ഉത്തരം എഴുതേണ്ടതായും വരും. ഇത്തരം സാഹചര്യങ്ങളില്‍ ഭാവനകളില്‍ പ്രവര്‍ത്തിക്കുന്ന അധികാരങ്ങളെയും മേല്‍നോട്ടങ്ങളെയും ശരീരത്തിന്‍റെയും സ്വത്വത്തിന്‍റെയും രൂപീകരണത്തില്‍ ഇവ വഹിക്കുന്ന പങ്കിനേയും കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു മാത്രമേ ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാവൂ. പാഠപുസ്തകങ്ങള്‍ക്കു പുറത്തെ ലോകത്തുള്ള കാഴ്ച്ചകളിലും കേള്‍വികളിലും അധിക വായനകളിലും ഇത്തരം വിശകലനങ്ങള്‍ വിദ്യാര്‍ത്ഥികളെ വഴി നടത്തും.
ലൈംഗികതയെ സംബന്ധിച്ച ലിഖിതവും അലിഖിതവുമായ പല ഭാവനകള്‍ ചേര്‍ന്ന് രൂപപ്പെടുന്നതാണ് ആണിന്‍റെയും പെണ്ണിന്‍റെയും ലൈംഗികതാ സംബന്ധമായ അറിവുകള്‍ . ആണ്‍ കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ വീടിനു പുറത്തുള്ള ലോകവുമായി ഇടപെടുകയും ലൈംഗികതയേയും ആണത്തത്തെയും കുറിച്ചുള്ള പറച്ചിലുകളും വിശ്വാസങ്ങളും സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട് . അന്ധവിശ്വാസങ്ങളും അധികാരങ്ങളും കൂടിച്ചേര്‍ന്നു കിടക്കുന്ന ഈ ലൈംഗിക അറിവുകളില്‍ ശാസ്ത്രീയതയുടെയും യാഥാര്‍ത്ഥ്യത്തിന്‍റെയും വെളിച്ചം കടത്തിവിട്ട് ഇതിനെ തിരുത്തേണ്ടതുണ്ട്. പുരുഷന്‍റെ ആസ്വാദന വസ്തുവായി സ്ത്രീ ശരീരത്തെയും സ്ത്രീ ശരീരത്തില്‍ നിലനില്‍ക്കുന്ന ഒന്നായി ലൈംഗികതയേയും അവതരിപ്പിക്കുന്ന പാഠങ്ങള്‍ വിമര്‍ശനാത്മകമായി പഠിപ്പിക്കുന്നതോടൊപ്പം പരസ്പര താല്പര്യത്തോടെയും സമ്മതത്തോടെയുമുള്ള കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ മനസ്സിലാക്കുന്നതിന് സഹായകരമായ പാഠങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേണം. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോഴെ സദാചാര വാളുമായി ചാടിയിറങ്ങുന്നവരും പരിഹസിക്കുന്നവരുമായ ഒരു വിഭാഗത്തെ സംബന്ധിച്ച് ലൈംഗിക വിദ്യാഭ്യാസമെന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കല്‍ മാത്രമാണ്. സ്കൂളുകളില്‍ തന്നെ തുടങ്ങേണ്ട ലൈംഗിക വിദ്യാഭ്യാസം കോളേജുകളില്‍ ലൈംഗികതയെ സംബന്ധിച്ച പല നിലപാടുകളും വിമര്‍ശനാത്മക പഠനങ്ങളും ഉള്‍പ്പെടുത്തി തുടരേണ്ടതുണ്ട്.
ജീവശാസ്ത്രത്തോടും ചരിത്രത്തോടും സാംസ്കാരത്തോടും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ലൈംഗികതാപഠനങ്ങള്‍ കോളേജുകളില്‍ മറ്റ് വിഷയങ്ങളുടെ ഭാഗമായോ പ്രത്യേക വിഷയമായോ ചേര്‍ക്കണം. സംസ്കൃത നാടകകൃത്തായ ഭാസന്‍റെ കൃതികളും ബിരുദതലത്തിലെ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തി കാണാറുണ്ട്. ബ്രാഹ്മണരെ ദൈവങ്ങളായി കാണുന്ന, പല ജാതി മനുഷ്യര്‍ക്കും പല നിയമങ്ങളും ശിക്ഷാവിധികളും അംഗീകരിക്കുന്ന , ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാടുകളുള്ള ഇത്തരം കൃതികള്‍ പഠിപ്പിക്കുമ്പോഴും ആ കാലഘട്ടത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പാഠങ്ങളും വിശകലനങ്ങളും അതോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ പൊതു വിജ്ഞാനവും സാമൂഹ്യബോധവും വര്‍ദ്ധിക്കാനുതകുന്നതും വിമര്‍ശനാത്മക പഠനങ്ങളും വിശകലനങ്ങളും നടത്താന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്നതുമായ പാഠങ്ങളും ജാതി, മത, ലിംഗ, വര്‍ണ്ണ വര്‍ഗ്ഗ അധികാരങ്ങളെക്കുറിച്ചും അവയുടെ സ്ഥൂലവും സൂക്ഷ്മവുമായ പ്രയോഗങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്നതും ജനാധിപത്യത്തിന്‍റെയും തുല്യനീതിയുടെയും സമത്വത്തിന്‍റെയും ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉറപ്പിക്കാനുതകുന്നതുമായ പാഠഭാഗങ്ങള്‍ നിലവിലെ കോമണ്‍ കോമണ്‍ കോഴ്സ് പാഠഭാഗങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ ഒരു പ്രത്യേക പേപ്പറായി തന്നെ എല്ലാ ബിരുദ വിദ്യാര്‍ത്ഥികളും പഠിക്കുന്ന നിലയില്‍ കോളേജ് തല സിലബസില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണം.
പൊതു ഇടങ്ങള്‍ പുരുഷന്‍റെയും ഗാര്‍ഹിക ഇടങ്ങള്‍ സ്ത്രീയുടേതുമായിരിക്കുന്നത് ഉചിതമായി കരുതുന്ന പൊതുബോധം കലാലയാന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അച്ചടക്കമുള്ള ക്ലാസ്സുകളില്‍ അടങ്ങിയിരുന്ന് പഠിക്കുന്ന പെണ്‍കുട്ടികളാണ് അവിടെ മാതൃകാ വിദ്യാര്‍ത്ഥിനികള്‍ .ആണ്‍കുട്ടികളുടെ അച്ചടക്കമില്ലായ്മകള്‍ വിദ്യാലയങ്ങളില്‍ കുറേയൊക്കെ അനുവദനീയമാണ്. ബ്രാഹ്മണാധിപത്യ സാമൂഹ്യ സംവിധാനത്തില്‍ പല ജാതികള്‍ക്ക് പല ശിക്ഷകളുണ്ടായിരുന്നതിന് സമാനമായി ലിംഗാധികാര സംബന്ധമായ ഇത്തരം ന്യായവിധികളെയും കാണേണ്ടതുണ്ട്. ആണ്‍കുട്ടിയില്‍ നിന്നും പെണ്‍കുട്ടിയില്‍ നിന്നും സംഭവിക്കുന്ന ഒരേ അച്ചടക്കമില്ലായ്മകളില്‍ പെണ്‍കുട്ടികള്‍ കൂടുതലായി ശിക്ഷിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്യാതിരിക്കുമ്പോഴും പെണ്‍കുട്ടികളില്‍ നിന്ന് അനുസരണം മാത്രം പ്രതീക്ഷിക്കുന്ന വിധത്തിലുള്ള മിതമായ, അത്ര ദൃശ്യമല്ലാത്ത അധികാരപ്രയോഗങ്ങള്‍ വിടര്‍ന്നു വികസിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നുണ്ട്. അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ട്.
കുറേ വര്‍ഷങ്ങളായി കോളേജില്‍ അതിഥി അധ്യാപികയായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ കഴിവുള്ള പല പെണ്‍കുട്ടികളും ആത്മവിശ്വാസക്കുറവുകൊണ്ട് പല കാര്യങ്ങളിലും പിന്‍വലിയുന്നത് കാണാനിടയായിട്ടുണ്ട്. കുറച്ചു നാള്‍ മുമ്പ് കോളേജില്‍ നടത്തിയ ഒരു പ്രസംഗ മത്സരത്തില്‍ കുട്ടികളുടെ പ്രാതിനിധ്യം കുറവായതുകൊണ്ട് പല കുട്ടികളെയും വിളിച്ചു കൊണ്ടുവന്നു പങ്കെടുപ്പിക്കുകയുണ്ടായി. ആണ്‍ കുട്ടികള്‍ എണ്ണത്തില്‍ കുറവായ ക്യാമ്പസില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധികം നിര്‍ബന്ധിക്കാതെ തന്നെ അവരെത്തി. പെണ്‍കുട്ടികളെ അവിടെ എത്തുന്നതിനായും പങ്കെടുക്കുന്നതിനായും കൂടുതല്‍ നിര്‍ബന്ധിക്കേണ്ടി വന്നു. എന്നാല്‍ സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ നന്നായി സംസാരിച്ചതും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആ മത്സരത്തില്‍ നേടിയെടുത്തതും പെണ്‍കുട്ടികളാണ്. സ്കൂളുകളില്‍ തന്നെ സാഹിത്യ സമാജങ്ങളിലും മറ്റും കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മുതിരുന്നതോടെ പെണ്‍കുട്ടികള്‍ സ്വശരീരവുമായി ബന്ധപ്പെട്ട അനേകം അബദ്ധ ധാരണകളില്‍ പെടുന്നു. ലജ്ജാശീലരായ പെണ്‍ മാതൃകകളും ഒതുക്കത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും അടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും കൂടിച്ചേര്‍ന്ന് അവരെ സ്വയം ഉള്‍വലിയുന്നവരാക്കുന്നു. ഇതില്‍ നിന്ന് പുറത്തു വന്ന് ശരീര ഭയങ്ങളില്‍ നിന്ന് മോചിതരാകുന്നതിനും ആരോഗ്യമുള്ള ശരീരവും ആരോഗ്യകരമായ ആണ്‍ പെണ്‍ ബന്ധങ്ങളും നിര്‍മ്മിച്ചെടുക്കുന്നതിനും കോളേജുകളിലും കായിക വിനോദങ്ങള്‍ക്ക് അവസരമുണ്ടാകണം. സമൂഹം പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന് കൊടുക്കുന്ന അധിക പരിഗണനകള്‍ കൊണ്ട് ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധയുള്ളവരായും പെണ്‍കുട്ടികള്‍ മാറുന്നുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ഭാവി ജീവിതത്തില്‍ അവര്‍ക്ക് സൗന്ദര്യത്തെക്കാള്‍ പ്രയോജനകരമായിത്തീരുക എന്നതിനാല്‍ കായിക വിനോദങ്ങള്‍ക്കും വ്യായാമങ്ങള്‍ക്കുമായി ആഴ്ച്ചയില്‍ ഒരു പീരിഡ് എങ്കിലും നീക്കിവെക്കണം. നിലവില്‍ കോളേജുകളിലെല്ലാം തന്നെ വലിയ പ്ലേ ഗ്രൗണ്ടുകള്‍ ഉണ്ടെങ്കിലും സ്പോര്‍ട്സ് കോട്ടയില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികള്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
മനസ്സിന്‍റെയും ശരീരത്തിന്‍റെയും മേല്‍ നിയന്ത്രണം ശീലിപ്പിക്കുന്ന വ്യായാമമുറകള്‍ ആണ്‍കുട്ടികള്‍ക്കും അത്യാവശ്യമാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സിനിമയില്‍ പറയുന്നതു പോലെ വീട്ടില്‍ മാത്രമല്ല, സമൂഹത്തിലും ഇംപെര്‍ഫെക്ട് ആയിരിക്കാന്‍ ആണിന് സ്വാതന്ത്ര്യമുണ്ട്.
വീട്ടില്‍ മാത്രമല്ല പലപ്പോഴും പുറം ലോകത്തും തങ്ങളുടെ വികാരവിചാരങ്ങളെ മറ്റുള്ളവര്‍ക്ക് ഉപദ്രവമോ പ്രയാസമോ ഉണ്ടാകുമോ എന്ന ചിന്തയോ പരിഗണനയോ ഇല്ലാതെ തുറന്നു വിടാന്‍ ആണിന് മടിയില്ല . അത് പൊതുവേ അനുവദിച്ചു കൊടുക്കുന്ന വ്യവസ്ഥയാണ് നമ്മുടേത്. അതു കൊണ്ടു തന്നെ അപരനെക്കുറിച്ചുള്ള കരുതലും കരുണയുമുള്ള മനുഷ്യരാവാന്‍ മാനസികവും ശാരീരികവുമായ പരിശീലനങ്ങള്‍ കൂടുതല്‍ ആവശ്യമുള്ളത് ആണ്‍കുട്ടികള്‍ക്കാണ്.
വിവാഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള രീതികളില്‍ പെണ്‍കുട്ടിയുടെ സൗന്ദര്യത്തിന് പ്രഥമ പരിഗണന കിട്ടുന്ന സാഹചര്യമാണ് ഉള്ളത്. പരസ്യങ്ങള്‍ ഇതിനെ ബലപ്പെടുത്തുന്നു. വിവാഹത്തിന്‍റെ ഒരു ദിവസം രാജകുമാരിയെപ്പോലെ പ്രത്യക്ഷപ്പെടുക എന്നത് പെണ്‍കുട്ടികള്‍ക്ക് ലക്ഷ്യവും സ്വപ്നവുമായിത്തീരുന്ന സാഹചര്യമുണ്ട്. സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ക്കെതിരായി ക്യാമ്പസില്‍ ഇപ്പോള്‍ പ്രചാരണം നടക്കുന്നതായി കാണുന്നുണ്ട്. പണം കൊടുക്കുന്നതിന് പകരം അത്രയും സ്വര്‍ണ്ണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാമെന്ന് ചിന്തിച്ചാല്‍ ഈ പ്രശ്നം അവസാനിക്കുന്നില്ല. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാതിരിക്കുക എന്ന് തീരുമാനിക്കുന്നതിന്‍റെ അടിസ്ഥാനം സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കലായിരിക്കണം. എന്‍റെ ഇഷ്ടങ്ങള്‍, എന്‍റെ താല്പര്യങ്ങള്‍ എന്നൊക്കെയുള്ള ചിന്തകള്‍ മാത്രമല്ല ഞാന്‍ എന്ന ചിന്ത പോലും സ്ത്രീയെ സംബന്ധിച്ച് അഹങ്കാരമായി കണക്കാക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തതയുള്ള ,സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളുമുള്ള വ്യക്തികളായിത്തീരുക എന്നത് ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യമുണ്ട്. സിനിമയിലെ പ്രണയരംഗങ്ങളുടെ കാല്പനിക സൗന്ദര്യം മാത്രമായിട്ടല്ലാതെ വിദ്യാര്‍ത്ഥികള്‍ ജീവിതത്തെ മനസ്സിലാക്കേണ്ടതുണ്ട്. വിവാഹം, കുടുംബം ,സന്താനോത്പാദനം ,സന്താനനിയന്ത്രണം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് അറിവുണ്ടാകണം. ശാരീരിക മാനസിക പീഡനങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് അവര്‍ മനസ്സിലാക്കണം. നിയമസഹായം തേടേണ്ടതെങ്ങനെ എന്ന പ്രായോഗിക അറിവ് അവര്‍ക്ക് ലഭിക്കണം. ഇക്കാര്യങ്ങളില്‍ അവര്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കാന്‍ കോളേജ് അന്തരീക്ഷത്തിന് കഴിയണം.
ക്ലാസ്സ് മുറികള്‍ക്കുള്ളിലും പുറത്തും ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ഏല്‍പ്പിച്ചു കൊടുക്കാറുള്ളത് ആണ്‍കുട്ടികള്‍ക്കാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയെടുത്താലെ വിദ്യാര്‍ത്ഥിസംഘടനകളിലും അക്കാദമി കേതര മേഖലകളിലും നേതൃസ്ഥാനത്തേക്ക് വരാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയൂ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെയര്‍പേഴ്സണ്‍ സ്ഥാനത്തൊക്കെ പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ടെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും ആണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം ക്യാമ്പസുകളില്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലും ഈ സ്ഥിതിക്ക് മാറ്റമില്ല. ക്ലാസ് മുറികള്‍ക്കുള്ളിലെ ഉത്തരവാദിത്തങ്ങള്‍ മാത്രമാണ് പൊതുവേ പെണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നത്. പലവിധമായ കഴിവുകളുള്ള ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെ കലാലയങ്ങളിലുണ്ട്. നാളെ ചെന്നു കയറേണ്ട വീടുകളെ മെച്ചപ്പെട്ട നിലയില്‍ അലങ്കരിച്ചു വെക്കേണ്ടവരല്ല ഈ പെണ്‍കുട്ടികള്‍ . അതിനായുള്ള പരിശീലനക്കളരികളോ അതുവരെ സമയം കളയാനുള്ള ഇടങ്ങളോ അല്ല കോളേജുകള്‍. നല്ല വ്യക്തികളും നല്ല സാമൂഹ്യ ജീവികളുമായി വിദ്യാര്‍ത്ഥികളെ മാറ്റാനുതകുന്ന നിലയില്‍ പാഠപുസ്തകങ്ങളും കലാലയാന്തരീക്ഷവും മാറ്റിയെടുക്കേണ്ടതാണ്. ലിംഗനീതി കരിക്കുലത്തിന്‍റെ ഭാഗമാക്കുക എന്നത് അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും.
നിഷി ജോര്‍ജ്ജ്
കവി, അധ്യാപിക
കാലടി സംസ്കൃസര്‍വ്വകലാശാല, പയ്യന്നൂര്‍
COMMENTS