പൗരത്വത്തിലൂടെ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന സ്ത്രീവാദം മുന്നോട്ടു വെക്കുന്നത് ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ ചട്ടക്കൂടിലൂന്നിയുള്ള ലിംഗഭേദ രാഷ്ട്രീയമാണ്. അങ്ങനെ ഉപാധികളില്ലാതെ വിമര്‍ശനാതീതമായി സമത്വത്തിനുവേണ്ടി വാദിക്കാന്‍ മാത്രം രേഖീയമായ ഒന്നാണോ പൗരത്വം? അതോ ലിംഗാധിഷ്ഠിത വിഷയിയെ നിര്‍മ്മിക്കുന്ന ഭരണക്രമമായി പൗരത്വത്തെ മനസ്സിലാക്കാമോ? ഭരണകൂടം നിയന്ത്രിക്കുന്ന പ്രധാന ജൈവ രാഷ്ട്രീയ ഇടങ്ങളായി സ്ത്രീശരീരങ്ങളെ പരിപാലിക്കാനും കയ്യാളാനും ഉതകുന്ന വ്യവസ്ഥയല്ലേ ജനാധിപത്യ ഘടനയിലെ പൗരത്വം? ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ പൗരത്വം ക്രമരാഹിത്യത്തിലൂടെ കടന്നുപോകുകയും അതുവഴി ഏകാധിപത്യ ഭരണകൂടങ്ങള്‍ ജാനാധിപത്യത്തിന്റെ കാവലാളായി നടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെ ലിംഗഭേദത്തെ രാഷ്ട്രീയ-നിയമ ആശയമായി മനസിലാക്കാം? ആരാണ് പൗരത്വത്തിന്റെ മാനങ്ങള്‍ നിശ്ചയിക്കുന്നത്? അധിനിവേശം, ജനാധിപത്യം, അതിന്റെ മറ്റൊരു രൂപമായ ഏകാധിപത്യ അധികാര ഘടന തുടങ്ങിയവയിലൂന്നിയ ഇന്ത്യയിലെ ലിംഗഭേദ വ്യവഹാരങ്ങളെ മറികടന്ന്, ലിംഗഭേദത്തെ ഭരണനിയന്ത്രണ ഉപകരണമായി കൂടി വായിക്കാനാണു ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
ലിംഗഭേദവും നിയമ വ്യവഹാരവും
സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടു കൊണ്ടുള്ള നിയമാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ സ്ത്രീവാദത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ സ്ത്രീ അവകാശങ്ങളുടെ സംരക്ഷണത്തിന്റെ തന്നെ അടിസ്ഥാനമായി ഭരണഘടനയെ പ്രതിഷ്ഠിച്ച ഒരു വംശാവലി ഈ കാര്യത്തില്‍ കാണാവുന്നതാണ്. ഇതിലൂടെ ആണ്‍കോയ്മയിലധിഷ്ഠിതമായ നിയമങ്ങളെ ചോദ്യം ചെയ്യുകയും ചെറിയൊരളവിലെങ്കിലും മാറ്റത്തിനു സാധ്യത നല്കുന്ന ഒരു ജീവസ്സുറ്റ രേഖയായി ഭരണഘടന വര്‍ത്തിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി (2015-2020) സുപ്രീം കോടതിയില്‍ ലിംഗഭേദത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ ആകര്‍ഷണീയമായ നിയമനടപടികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ലിംഗഭേദത്തെക്കുറിച്ചുള്ള മത സാമൂഹിക ആശയങ്ങളെ പുനര്‍വായിച്ചു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള അനുമതി, സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി പരിഗണിച്ചു കൊണ്ടുള്ള വിവാഹേതര ലൈംഗിക ബന്ധത്തെ സംബന്ധിച്ച വിധി, സ്ത്രീകളുടെ മതപരിവര്‍ത്തനത്തിനും സ്വന്തം ഇഷ്ടപ്രകാരം ഇണയെ തിരഞ്ഞെടുക്കാനുമുള്ള അവകാശങ്ങള്‍ വകവെച്ചു കൊടുത്തുകൊണ്ടുള്ള ഹാദിയ കേസിലെ തീര്‍പ്പ്, സ്വകാര്യതയെ പുനര്വായിച്ചുകൊണ്ടു സ്വര്ഗാനുരാഗത്തിനു മേലുള്ള നിയമ വിലക്ക് ഒഴിവാക്കി, ദുരഭിമാനക്കൊലയും ഖാപ് പഞ്ചായത്തുകളും കുറ്റകരമാക്കി, മുത്തലാഖ് അസാധുവാക്കി തുടങ്ങിയ കോടതി നടപടികള്‍ സ്ത്രീകളെ തുല്യപൗരരായി വീണ്ടെടുക്കുന്നതിനുള്ള നിയമാധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ വിജയമായി സ്ത്രീവാദികള്‍ കണക്കാക്കി. ചരിത്ര വിധികളായി രേഖപ്പെടുത്തിയ ഈ കോടതി വിധികളെല്ലാം തന്നെ അടിസ്ഥാനപരമായി സ്ത്രീകളെ തുല്യപൗരരായി പരിഗണിച്ചു കൊണ്ടുള്ളതാണെന്നു എസ്. കെ വര്മ്മചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്ത്രീവാദത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച ഇടം പൗരത്വമാണെന്ന് അവര്‍ വാദിക്കുന്നു. ഇത്തരത്തില്‍ സ്ത്രീവാദവും പൗരത്വവും ഇന്ന് ഇഴചേര്‍ന്ന് കിടക്കുകയാണ്. പക്ഷേ, സ്ത്രീകള്‍ക്ക് പൗരത്വം പൂര്‍ണ്ണാര്‍ത്ഥത്തില്‍ അവകാശപ്പെടാന്‍ കഴിയുന്നുണ്ടോ എന്നത് സ്ത്രീവാദം കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. സ്ത്രീവാദം എന്നത് പൗരത്വ അവകാശങ്ങളിലൂടെ സാധ്യമാകുന്ന പദ്ധതിയാണെന്നു വാദിക്കുന്നവര്‍, മറ്റു ചരിത്ര കാലഘട്ടത്തില്‍നിന്ന് ഭിന്നമായി സ്ത്രീകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ച സാര്‍വലൗകിക മാതൃകയായാണ് ആധുനികതയെ അടയാളപ്പെടുത്തുന്നത്. ആധുനിക സ്ത്രീവാദികള്‍ വോട്ടവകാശം, സ്വത്തവകാശം, തുല്യ വേതനത്തിനുള്ള അവകാശം തുടങ്ങിയ രാഷ്ട്രീയ സമത്വത്തിനു വേണ്ടിയുള്ള വാദങ്ങളിലൂടെയാണ് പൗരത്വം അവകാശപ്പെട്ടത്. സ്ത്രീ പ്രസ്ഥാനങ്ങളുടെ മുന്നേറ്റമെന്നത് സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ കൂടിയാണ്. ഇത്തരത്തിലുള്ള സ്ത്രീപക്ഷ ഇടപെടലുകളെ ഉദാര സ്ത്രീവാദമായി മനസ്സിലാക്കാം.
പക്ഷെ, ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പൗരത്വവും ലിംഗഭേദവും അത്ര എളുപ്പം കൂട്ടിച്ചേരില്ല എന്നാണ്. കാരണം പൗരത്വം അടിസ്ഥാനപരമായി സ്ത്രീകളെ ദേശീയ ഭരണകൂടത്തിന്റെ അതിര്‍വരമ്പുകളില്‍ തളയ്ക്കുന്ന ലിംഗാധിഷ്ഠിത ആശയമാണ്. ഈ പഠനങ്ങള്‍ ആധുനികതയുടെ ചട്ടക്കൂടില്‍ സ്ത്രീവാദങ്ങളുടെ പരിമിതി തുറന്നു കാട്ടുന്നുണ്ട്. ആദ്യമായി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ സാര്‍വലൗകിക വാദങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആധുനികതക്ക് തുടക്കമിട്ട ഫ്രഞ്ച് വിപ്ലവം ചില ചരിത്ര സത്യങ്ങള്‍ മറച്ചുവെക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് ദേശ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടത്. ഈ സാര്‍വലൗകിക വാദങ്ങള്‍ ദേശ രാഷ്ട്രത്തിന്റെ ഭൂഅതിര്ത്തികളിലൂടെ മാത്രമേ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. അതുകൊണ്ട് ആധുനിക പൗരത്വത്തില്‍ വൈരുധ്യം നിലനില്‍ക്കുന്നുണ്ട്.
ആധുനികത സാര്വലൗകികമാണെങ്കില് ദേശ രാഷ്ട്രം സവിശേഷമായാണ് നിലനില്‍ക്കുന്നത്. അതിനാലാണ് മേരി വോള്സ്റ്റാന്ഡിക്രഫ്ട് തന്റെ “സ്ത്രീ അവകാശങ്ങളുടെ സമര്‍ഥനം” എന്ന പുസ്തകത്തില്‍ ഫ്രാന്‍സിന്റെ മൂര്‍ത്ത യാഥാര്‍ഥ്യത്തില്‍ നിന്നാണ് സ്ത്രീകളെ ദേശരാഷ്ട്രങ്ങള്ക്കതീതമായ അമൂര്‍ത്ത വിഭാഗമായി അവര്‍ സ്ഥാനപ്പെടുത്തുന്നത്. ദേശരാഷ്ട്രത്തിലൂടെ സാധ്യമാകുന്ന സ്ത്രീ അവകാശങ്ങള്‍ക്കാണ് അവര്‍ വാദിച്ചത്.
രണ്ടാമതായി, സ്ത്രീവാദികള്‍ ആധുനിക പൗരത്വത്തിന്റെ വംശാവലി അനേഷിച്ചത് ഗ്രീക്ക് ജനാധിപത്യത്തിലും റോമന്‍ പുരോഗമന ചിന്താഗതിയിലുമാണ്. എന്നാല്‍ അവിടങ്ങളില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരډാരോ അല്ലെങ്കില്‍ പൗരത്വം നിഷേധിക്കപ്പെട്ടവരോ ആയിരുന്നു. ഗ്രീക്ക് രാഷ്ട്രത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിന് പുറത്തു നിര്‍ത്തപ്പെട്ടവരായിരുന്നു. കഴിവുറ്റ പുരുഷ ശരീരങ്ങള്‍ക്ക് മാത്രമാണ് ഭരണ ചട്ടക്കൂടില്‍ പൗരാവകാശം അര്‍ഹിക്കപ്പെട്ടവര്‍. സാര്‍വലൗകികതയുടെ മറവിലുള്ള ആധുനിക നിയമത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇത്തരം ആണ്‍കോയ്മയിലധിഷ്ഠിതമായ ആശയങ്ങളിലാണ്.
മൂന്നാമതായി, എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവകാശം ലഭിക്കുമെന്ന വാദം അംഗീകരിച്ചാല്‍ തന്നെ, ഏത് സ്ത്രീകളാണ് ഇതില്‍ ഉള്‍പ്പെടുക എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. പൗരത്വമെന്നത് ലിംഗാധിഷ്ഠിതമാകുമ്പോള് തന്നെ എല്ലാ ദേശ രാഷ്ട്രങ്ങളിലുമുള്ള അധീശ വിഭാഗത്തിന്റെ ആധിപത്യത്തിലൂന്നിയാണ് പൗരത്വത്തെ വായിക്കേണ്ടതെന്നു അന്തര്വിഭാഗീയതയെ (Intersectional) കുറിച്ചുള്ള വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ അന്തര്വിഭാഗീയത പരിഗണിക്കാതെയുള്ള ലിംഗഭേദ വ്യവഹാരങ്ങള്‍ പൗരത്വത്തിലൂടെ അവകാശങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സഹായിക്കുന്നത് വ്യത്യാസങ്ങളെ നിരാകരിക്കുന്ന ദേശീയ ഉദ്ഗ്രഥന അജണ്ടയെയാണ്.
നാലാമതായി, പൗരന്മാരെ കുടിയേറ്റക്കാരായും അഭയാര്ഥികളുമാക്കി പുറന്തള്ളുകയും ജനാധിപത്യം ഏകാധിപത്യമായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെയാണു ലിംഗാധിഷ്ഠിത പൗരത്വത്തെ സ്ഥാനപ്പെടുത്തേണ്ടത്? ഇന്ത്യയിലെ സി.എ.എ, എന്‍.ആര്.സി. തുടങ്ങിയ വിവേചന നിയമങ്ങളിലൂടെ സൃഷ്ടിക്ക
പ്പെടുന്ന കുടിയേറ്റക്കാരായ മുസ്ലിം സ്ത്രീ എന്ന പുതിയൊരു വിഭാഗത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
ലിംഗഭേദവും കൊളോണിയല്‍ ഭരണമനോഭാവവും
ആര്‍ക്ക് ഇന്ത്യന്‍ പൗരനാകാം എന്നതിന്റെ ചട്ടക്കൂട് നിര്‍മ്മിച്ചത് അധിനിവേശ ഭരണാധികാരികളും തദ്ദേശീയ വരേണ്യവര്‍ഗ്ഗവും തമ്മിലെ ചര്‍ച്ചയിലൂടെയാണ്. അപരിഷ്കൃതരെ പൗരډാരാക്കി മാറ്റുന്നതിന് അടിത്തറയിട്ടത് കൊളോണിയല്‍ നിയമങ്ങളാണ്. കൊളോണിയല്‍ പാരമ്പര്യം കണക്കിലെടുത്താല്‍ ഇന്ത്യ ഒരു ദേശ രാഷ്ട്രം എന്നതിനേക്കാള്‍ രാഷ്ട്ര ദേശമായിരുന്നു. ഉപേന്ദ്ര ബക്ഷി നിരീക്ഷിക്കുന്നത് പോലെ ഭരണം നടത്തേണ്ടത് ആരാണ് എന്ന സാധുതയില്‍ മാറ്റം സംഭവിച്ച കൊളോണിയല്‍ മര്‍ദ്ദനോപകരണത്തിന്റെ തുടര്‍ച്ച മാത്രമാണ് കോളനിയാനന്തര ഇന്ത്യന്‍ രാഷ്ട്രം. അതോടൊപ്പം ഇന്ത്യയിലെ ലിംഗഭേദ വ്യവഹാരങ്ങള്‍ ബ്രിട്ടീഷ് സ്ത്രീവാദികളുടെയും കൊളോണിയല്‍ ഭരണകൂടത്തിന്റെയും തദ്ദേശീയ വരേണ്യവര്‍ഗത്തിന്റെയും ചട്ടക്കൂടുകളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതു കൊണ്ട് തന്നെ കോളനിയാനന്തര ഇന്ത്യയിലെ ലിംഗാധിഷ്ഠിത പൗരത്വത്തെ കൂടുതല്‍ സങ്കീര്ണമാക്കുന്നുണ്ടെന്നു റോയ് ചൗധരി വാദിക്കുന്നു.
ഇന്ത്യയില്‍ ഒരു ആധുനിക വ്യവഹാരമെന്ന രീതിയില്‍ ലിംഗഭേദത്തിനു ഇന്ത്യന്‍ സ്ത്രീ പൗരത്വം കെട്ടിപ്പൊക്കിയിരിക്കുന്ന പൗരസ്ത്യ ബ്രാഹ്മണിക്കല്‍ ചായ്വുകളെ തള്ളിക്കളയുക സാധ്യമല്ല എന്ന് നിവേദിത മേനോന് സൂചിപ്പിക്കുന്നുണ്ട്. സ്ത്രീ വിമോചനം എന്നത് കോളനിവത്കരണത്തെ സാധൂകരിക്കാന്‍ വേണ്ടി കൊളോണിയല്‍ ഭരണകൂടം കോളനിവത്കൃത സമൂഹത്തിനെതിരെ ഉപയോഗിച്ചു.
ലിംഗഭേദത്തിന്റെ രൂപത്തില്‍ അവതരിച്ച വെളുത്ത രക്ഷകന് തവിട്ടു നിറമുള്ള പുരുഷന്മാരുടെ സ്വേച്ഛാധിപത്യത്തില്‍ നിന്നും തവിട്ടു നിറമുള്ള സ്ത്രീകളെ രക്ഷിക്കാനുള്ള കടമ ഉള്‍കൊണ്ട രൂപമായിരുന്നു. സതി നിര്‍ത്തലാക്കല്‍, ബാല വിവാഹനിരോധനം, വിധവാപുനര്‍വിവാഹം എന്നിവ ഇത്തരം ലിംഗഭേദ വ്യവഹാരങ്ങളുടെ ഭാഗമായിരുന്നു. അത് സതിയെ, ലിംഗഭേദ വ്യവഹാരങ്ങളിലൂടെ ക്രിമിനല്‍വത്കരിക്കുകയും സുരക്ഷവത്കരിക്കുകയുമാണ് ചെയ്തത്. വ്യത്യസ്ത സമുദായങ്ങളുടെ വ്യക്തി നിയമത്തിലൂടെ കൊളോണിയല്‍ ഭരണകൂടം സ്ത്രീകളെ മുന്‍നിര്‍ത്തിക്കൊണ്ടു നിയമ നിര്‍മ്മാണം നടത്തി. പിന്നീട് സ്വാതന്ത്രാനന്തര ഇന്ത്യന്‍ ഭരണകൂടം ഈ നിയമങ്ങള്‍ നിലനിര്‍ത്തി.
ഫെമോനാഷണലിസം
കൊളോണിയല്‍ പാരമ്പര്യത്തിനുപരി, ദേശത്തിലൂടെ സാര്‍വലൗകികത അവകാശപ്പെടാനാകുന്ന ആധുനികത
യുടെ സംക്ഷിപ്ത രൂപമായാണ് ഇന്ത്യയില്‍ പൗരത്വത്തെ കാണുന്നത്. ജാതി, മത, ലിംഗ, വര്‍ഗ ഭേദമന്യേ ഇന്ത്യന്‍ ഭൂപ്രദേശത്തുള്ള എല്ലാവര്‍ക്കുമായിട്ടാണ് ഇന്ത്യന്‍ പൗരത്വം ഘോഷിക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായായിരിക്കും പൗരത്വവുമായി ബന്ധപ്പെട്ട സാര്‍വലൗകികമായ പ്രഖ്യാപനം ഉണ്ടായത്. എങ്കിലും ഈ പൗരത്വം ലിംഗാധിഷ്ഠിതമായിരുന്നു. 1955ലെ ആദ്യത്തെ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇതു ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിച്ചു. അതിലൂടെ ഇന്ത്യന്‍ പൗരനായ പിതാവിലൂടെ മാത്രം പൗരത്വം കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തിനു മാറ്റം വന്നു.
ലിംഗാധിഷ്ഠിത പൗരത്വം വ്യക്തിനിയമങ്ങളില്‍ പ്രകടമായി കാണാവുന്നതാണ്. ഭരണഘടനാ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഇതു പരിഹരിക്കാന്‍ ശ്രമിച്ച ആദ്യകാല ചിന്തകരില്‍ ഒരാള്‍ അംബേദ്കര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദു കോഡ് ബില്‍ ഒരു സ്ത്രീപക്ഷ ബില്ലായിരുന്നു. സാമ്പ്രദായിക ഹിന്ദു കോഡില്‍ ഇല്ലാതിരുന്ന സ്വത്തവകാശം, വിവാഹമോചനാവകാശം, മിശ്ര വിവാഹത്തിനുള്ള സ്വാതന്ത്ര്യം എന്നിവ അതിലുള്‍പ്പെട്ട കാര്യങ്ങളാണ്. പക്ഷെ, ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും പകരം, 1955-56 കാലങ്ങളിലായി ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം, ഹിന്ദു ന്യൂനപക്ഷ രക്ഷാകര്‍തൃത്വ നിയമം, ഹിന്ദുദത്തു-വ്യവഹാര നിയമം എന്നീ നാല് ബില്ലുകളായി ഇത് നടപ്പിലായി. അര്‍ച്ചന പരാഷാര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ ഹിന്ദു വ്യക്തിനിയമ നവീകരണത്തെ തുടര്‍ന്ന് ദേശീയതാ ചട്ടക്കൂടില്‍ നിന്ന് ഇതര സമുദായങ്ങളുടെ വ്യക്തിനിയമങ്ങളെ മനഃപൂര്‍വം മാറ്റുന്നതിനായി ഏകീകൃത സിവില്‍ കോഡിനായി ആവശ്യം ഉയരാന്‍ തുടങ്ങി. ഹിന്ദു – ഇതര സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ അളക്കാനുള്ള സ്ത്രീപക്ഷ മാനദണ്ഡമായി ഹിന്ദു കോഡ് മിക്കപ്പോഴും സ്ഥാപിക്കപ്പെട്ടതായി ഫ്ളാവിയ ആഗ്നസ് നിരീക്ഷിക്കുന്നുണ്ട്. പുരോഗമന ഹിന്ദു നിയമത്തിനു വിപരീതമായി, ജീവനാംശം ആവശ്യപ്പെട്ടു
കൊണ്ടുള്ള ഷാബാനു കേസും, മുത്തലാഖ് അസാധുവാക്കാനുള്ള ഷെയറാ ബാനു കേസും മുസ്ലിം സമുദായത്തിലെ ആണ്കോയ്മയെ സത്തവത്കരിച്ചു. ദേശീയതാ വ്യവഹാരങ്ങളില്‍ മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷ സ്ത്രീകളുടെയും അവകാശങ്ങളെ മുന്‍നിര്‍ത്തിയുള്ള ഭരണമനോഭാവ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടു. ഇത് ഒരു തരത്തില്‍ ഫെമോനാഷണലിസമായി വായിക്കാവുന്നതാണ്.
ഇന്ത്യയില്‍ മതേതര നിയമങ്ങള്‍ക്കുപരിയായി, ക്രൈസ്തവ, മുസ്ലിം, ജൂത, പാഴ്സി വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ വ്യക്തിനിയമങ്ങളുണ്ട്. ഇത് വ്യക്തികളുടെ മേല്‍ ‘വര്‍ഗീയമായ’ പൗരത്വം അടിച്ചേല്പിക്കുന്നുണ്ട്. ശബ്നം തേജാനി ചൂണ്ടിക്കാട്ടുന്നത് പോലെ ഇന്ത്യന്‍ പൗരډാര്‍, മതം ജാതി തുടങ്ങിയ ഒന്നിലധികം അസ്തിത്വങ്ങളുള്ളവരാണ്. ദേശരാഷ്ട്രത്തിന്റെ രൂപീകരണം പൗരത്വത്തെ അടിസ്ഥാനപരമായി അധീശ ഭൂരിപക്ഷത്തിന്റെ ആധിപത്യമുള്ളതാക്കി. എന്നാല്‍ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദേശീയതാ വ്യവഹാരങ്ങളിലൂടെയാണ് ഈ കൃത്രിമമായ ഭൂരിപക്ഷം വിവക്ഷിക്കപ്പെട്ടത്. അംബേദ്കര്‍ ഇതിനെ ‘അജൈവ’ വര്‍ഗീയ ഭൂരിപക്ഷം എന്നാണ് വിളിച്ചത്. യാഥാര്‍ഥ്യത്തില്‍ അത് ജാതി സമൂഹങ്ങള്‍ മാത്രമായിരുന്നു. ഏകീകരണത്തിന്റെ കാതല്‍ എപ്പോഴും അധീശ ഭൂരിപക്ഷ ദേശീയത വ്യവഹാരമായിരുന്നു. അത് ഏതു നിയമവ്യവസ്ഥയുടെയും അളവുകോലായി ഹിന്ദു വിഭാഗത്തെ (പുരോഗമനവും ആധുനികതയും കൈവരിച്ചതുമായ) പ്രതിഷ്ഠിച്ചതായി പാര്‍ത്ഥ എസ് ഘോഷ് വായിക്കുന്നുണ്ട്.
മതേതര രാഷ്ട്രത്തിലെ നിയമ വ്യവഹാരങ്ങള്‍ നേരത്തെ തന്നെ മതാചാചാരങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ അര്‍ത്ഥത്തില്‍ പുതിയൊരു മാനമാണുണ്ടായത്. കോടതി വ്യവഹാരങ്ങളിലൂടെ (മിക്കപ്പോഴും ഹിന്ദു ഉന്നത കുലജാതരായ ന്യായാധിപന്മാരിലൂടെ) എന്തൊക്കെയാണ് മതപരമായതെന്നും മതേതരമായതെന്നും വിവക്ഷിക്കാനുള്ള മേല്‍ക്കൈ മതേതരത്വത്തിനു കൈവന്നിരുന്നു. എങ്കിലും, നിരവധി വിശകലനങ്ങളിലൂടെ സത്താപരമായ ആചാരങ്ങളുടെ ചട്ടക്കൂടിനുപരിയായി സമത്വത്തിലൂന്നിയുള്ള നിയമ വ്യവഹാരമാണ് ഇന്ന് നിലനില്‍ക്കുന്നത്. സത്താപരമായ ആചാരങ്ങളെ അത്തരത്തില്‍ മനസ്സിലാക്കുന്നതില്‍ ലിംഗഭേദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമാണ്. സമത്വത്തിലൂന്നിയുള്ള ആശയങ്ങളാകട്ടെ ദേശീയ ഏകീകരണ വ്യവഹാരങ്ങളുടെ ഭാഗമായാണ് പലപ്പോഴും ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത്. ഏകീകൃത സിവില്‍ കോഡ്, മുത്തലാഖിന്റെ ക്രിമിനല്‍വത്ക്കരണം എന്നിവയില്‍ ഇത് കാണാവുന്നതാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ തീര്‍ത്തും ആണ്‍കോയ്മയിലധിഷ്ഠിതമായ വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുത്താനുള്ള സ്ത്രീപക്ഷ പദ്ധതിയായാണ് ഏകീകൃത സിവില്‍ കോഡ് എന്ന ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത്. തവിട്ടുസ്ത്രീകളെ സ്വതന്ത്രരാക്കാന്‍ കൊളോണിയല്‍ ഭരണ കൂടം നടത്തിയ ശ്രമങ്ങള്‍ക്ക് സമാനമായി, ലിംഗാധിഷ്ഠിത പൗരത്വത്തിനു പുതിയ മാനങ്ങള്‍ ഇതിലൂടെ നിര്‍മ്മിക്കപ്പെടുന്നുണ്ട്. അങ്ങനെ മുസ്ലിം സ്ത്രീയെ ആണ്‍കോയ്മയുടെ ഇരയായി മാത്രം ചിത്രീകരിച്ചു മുസ്ലിം പുരുഷന്മാരെ ക്രിമിനല്‍ കുറ്റവാളികളാക്കിക്കൊണ്ടു ഫെമോനാഷണലിസം എന്ന പദ്ധതി വികസിപ്പിക്കുകയാണ് ചെയ്യുന്നത്.
ലിംഗാധിഷ്ഠിത കുടിയേറ്റക്കാര്‍ എന്നത് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍. ആര്. സി) കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നീ വിഭാഗങ്ങളെ കുറിച്ച് സാമ്പ്രദായികമായ വായനകളെ പുനഃ പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍, ഇതിനെ ഭരണഘടനാ വിരുദ്ധമായാണ് അധീശ വായനകള്‍ ചൂണ്ടിക്കാട്ടിയത്. യുക്തിക്കു നിരക്കാത്ത രീതിയില്‍ പൗരത്വത്തില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 4ന്റെ ലംഘനമാണെന്ന് അവര്‍ വാദിക്കുന്നു.
നിയമ നിര്‍മ്മാണത്തില്‍ വിവേചനം നടത്തിയിട്ടും വീണ്ടും ഭരണഘടനയുടെയും നിയമത്തിന്റെയും ഭാഷയിലാണ് സംവാദങ്ങള്‍ നടക്കുന്നത്. 2019 ലെ പൗരത്വഭേദഗതി നിയമത്തില്‍, മുസ്ലിംകള് ഭൂരി പക്ഷമുള്ള അയല്‍രാജ്യങ്ങളില്‍, വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ മുസ്ലിംകള് ഒഴികെയുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക. ഇതോടൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രകാരം ഒരാള്‍ക്ക് പൗരനായി തുടരുന്നതിനായി പൗരത്വം തെളിയിക്കേണ്ട സ്ഥിതി വിശേഷത്തിലേക്കു നയിക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണകൂടം ഇത്തരമൊരു വലിയ ജൈവ രാഷ്ട്രീയ പദ്ധതി വഴി രേഖകള്‍ ഇല്ലാത്തവരെ തടങ്കല്‍ പാളയത്തിലേക്കയക്കാനും നിയമ പരിരക്ഷയില്ലാത്ത കുടിയേറ്റക്കാരായി അടയാളപ്പെടുത്തി പുറന്തള്ളാനും പോകുന്നത്. പ്രത്യേക ആവശ്യത്തിനായി പുറത്ത് നിന്ന് വന്ന വിദേശി എന്ന പഴയ രീതിയിലല്ല, മറിച്ചു ദേശത്തിനകത്ത് ജീവിക്കുന്ന പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലാത്തവരെയാണ് കുടിയേറ്റക്കാരായി വിവക്ഷിക്കുന്നത്. ഇവരെ പൗരത്വത്തെ നിര്‍ണയിക്കുന്ന നാല് മണ്ഡലങ്ങളില്‍ (രാഷ്ട്രീയം, സാമ്പത്തികം, നിയമം, ഭൂപ്രദേശം) നിന്നും പുറന്തള്ളുന്നു.
പിന്മുറ തെളിയിക്കാന്‍ ആവശ്യപ്പെടുന്ന എന്‍.ആര്.സിയുടെ നടപടിക്രമങ്ങള്‍ ലിംഗാധിഷ്ഠിതമാണ്. അറ്റു പ്രദേശങ്ങളിലേക്ക് വിവാഹം ചെയ്തു പോയ സ്ത്രീകള്‍, സ്വന്തം പേര് മാറ്റിയവര്‍, ഒറ്റ രക്ഷിതാവ് മാത്രമുള്ളവര്‍, അനാഥര്‍ തുടങ്ങിയവര്‍ക്ക് പിډുറ തെളിയിക്കാന്‍ മതിയായ രേഖകള്‍ കൈവശമില്ലാത്തവരാണ്. എന്‍.ആര്. സിയും സി.എ.എയും കൂടി ചേരുമ്പോള്‍ മുസ്ലിങ്ങള്‍ മാത്രമായിക്കും പുറന്തള്ളപ്പെടുന്ന വിഭാഗം. അതാകട്ടെ ഏറ്റവും മോശമായി ബാധിക്കുന്നത് മുസ്ലിം സ്ത്രീകളെയായിരിക്കും. ഇന്ത്യയ്ക്ക് പുറത്തുനിന്ന് വരുന്നവരുടെ (പ്രത്യേകിച്ചും ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ) സാന്നിധ്യത്തെയും അനിയന്ത്രിതമായ വ്യാപനത്തെയും കുറിച്ചുള്ള ഭയമാണ് എന്‍.ആര് സിയെ പിന്തുണക്കുന്നവര്‍ അത് നടപ്പിലാക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാര്‍ശ്വവത്കൃത ന്യൂനപക്ഷത്തിനെതിരെയുള്ള ജൈവരാഷ്ട്രീയ ഭരണത്തിന്റെ പുതിയ രീതിയായി ഇതിനെ വായിക്കാം. പ്രത്യുത്പാദനം, ജനസംഖ്യ പെരുപ്പം തുടങ്ങിയവ ദേശരാഷ്ട്രത്തിന്റെ ഉന്നമനത്തിനു വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ലിംഗഭേദ വ്യവഹാരങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. പരിഷ്കൃതരും ഉയര്‍ന്ന വംശജരുമായ സവര്‍ണ്ണ ഹിന്ദുക്കളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളെന്ന വാദമാണ് ഇതിന്റെ മര്‍മ്മം. വിവേചനപരമായ നിയമ നടപടി ക്രമങ്ങളിലൂടെ പ്രത്യുത്പാദകര് മാത്രമായോ അല്ലെങ്കില്‍ അതിലും മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന കുടിയേറ്റക്കാരായ സ്ത്രീകളായിരിക്കും ഈ ജൈവരാഷ്ട്രീയത്തിന്റെ പ്രധാന ഇരകള്‍. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര്. എന്നിവ കേവലം വിവേചനപരമായ നിയമങ്ങള്‍ മാത്രമല്ല. അതിലൂടെ ആധുനിക യൂജെനിക് (ഋഡഏഋചകഇ) വ്യവഹാരങ്ങളിലൂടെ ജനസംഖ്യയെ നിയന്ത്രിക്കുകയും അടിമത്ത
ത്തിലും അടിച്ചമര്‍ത്തലിലും അധിഷ്ടിതമായ തൊഴില്‍ ശക്തിയും പൗരډാരുടെതിനു തുല്യമായ രാഷ്ട്രരഹിത വിഭാഗത്തെയും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത് രാഷ്ട്രത്തിന്റെ ബോഡി സ്കേപ്പില്‍ (യീറ്യ രെമുല) നിന്നും മുസ്ലിം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയുള്ള ശരീരങ്ങളെ തുടച്ചു നീക്കുന്ന പ്രക്രിയ കൂടിയാണ്. സാറാ ഫാരിസ് ചൂണ്ടിക്കാട്ടിയത് പോലെ ഇത് പുതിയ കാര്യമല്ല. കൊളോണിയല്‍ ഭരണകൂടമോ മതേതര രാഷ്ട്രമോ അല്ലെങ്കില്‍ ഏകാധിപത്യ ഭരണക്രമമോ ഇവയില്‍ ഏതായാലും മുസ്ലിം സ്ത്രീയുടെ ശരീരവും അവ നിയന്ത്രിക്കാനും മെരുക്കാനുമുള്ള നിരവധി വഴികളുമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.
നോയല്‍ മറിയം ജോര്‍ജ്
ഗവേഷക, പൊളിറ്റിക്കല്‍
സയന്‍സ് വിഭാഗം
ഹൈദരാബാദ്
കേന്ദ്ര സര്‍വ്വകലാശാല
COMMENTS